അവൾക്കൊപ്പം ~ രചന: ഹഫി ഹഫ്സൽ
“സാറേ .. ആ കൊച്ചു ചോദിച്ചിട്ടൊന്നും പറയുന്നില്ല .. ഏതോ നല്ല വീട്ടിലെ കൊച്ചാണെന്നു തോന്നുന്നു ”
” എന്റെ ലീലേ… ഇതൊക്കെ ഇവളുമാരുടെ മേക്ക് അപ്പ് അല്ലെ .. ചായം പൂശി പാതി രാത്രി ഇറങ്ങിക്കോളും . നേരം വെളുക്കുമ്പോൾ വല്ല കുളത്തിലോ മാവിലോ ചത്ത് കിടന്നാൽ പിന്നെ നമ്മൾ അതിന്റെ പിറകെ പോകണം.. നാശങ്ങൾ ”
പോലീസ് സ്റ്റേഷന്റെ മൂലയിൽ തല താഴ്ത്തിയിരിക്കുന്ന പെൺ കുട്ടിയെ നോക്കി പുച്ഛത്തോടെ ഗോവിന്ദൻ സാറും ലീല മേഡവും സംസാരിക്കുന്നതിനിടെയാണ് എന്റെ ശ്രദ്ധ ആ മൂലയിലേക്ക് പതിയുന്നത് . തല താഴ്ത്തി ഇരിക്കുന്നതിനിടെ അവൾ വിതുമ്പുന്നതായും കാണാം . കൂടെ അരികിലായി അർദ്ധ ബോധാവസ്ഥ പോലെ മറ്റു മൂന്ന് പെൺ കുട്ടികളും ഉണ്ട് .
” സാറേ .. എന്താ പ്രശ്നം ?…. എന്താണ് കേസ് ”
സ്റ്റേഷനിൽ എനിക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഉണ്ട് . എല്ലാവരും പരിചയക്കാർ ആണ് . സ്റ്റേഷൻ സമീപത്തുള്ള തട്ടുകട നടത്തുന്നതിനിടെ രാത്രി അവർക്ക് വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഞാനാണ് . ഇന്നും അത് പോലെ ഭക്ഷണവുമായി വന്നതാണ് .
” അതൊരു നാറ്റ കേസാണ് ബാബു ….ഒരു രഹസ്യ വിവരം കിട്ടി ഞങ്ങൾ കുറച്ച് പിള്ളേരെ പൊക്കി . മരുന്ന് കേസ് ആണ് . ബർത്ത് ഡേ ആഘോഷിച്ചതാണത്രേ .ഒരു കേക്കൊക്കെ മുറിച്ചു , മധുരം പങ്ക് വെച്ചായിരുന്നു നമ്മളൊക്കെ ആഘോഷിച്ചിരുന്നത് . അതിപ്പോ ഈ വക കാര്യങ്ങളിലേയ്ക്ക് മാറി. അവരുടെ ഇടയിലുണ്ടായിരുന്നതാണ് ഇവളും . ഇവളെ കണ്ടപ്പോൾ അവരും പരുങ്ങി . അവരുടെ കൂടെ ഉള്ളതല്ല എന്ന് അവർ പറയുന്നു . ഇവൾ ആണെങ്കിൽ കമാ എന്നൊരക്ഷരവും മിണ്ടുന്നില്ല . കരച്ചിൽ തന്നെ .”
”ഹാ പറയട്ടെ .. രാവിലെ ജോർജ് സാർ വന്നിട്ട് എഫ് ഐ ആർ എഴുതിയാൽ മതിയെന്നാണ് പറഞ്ഞത് . ബാക്കി സാറ് നോക്കിക്കോളും . താനാ കട്ടൻ കാപ്പി അവർക്ക് കൊടുക്ക് . എല്ലാത്തിന്റെയും മുഖമൊന്നു തെളിയട്ടെ . ഇപ്പോഴും അന്യഗ്രഹത്തിലൂടെ ടൂർ പോകുന്നത് പോലെയാണ് പലരുടെയും ബോധം . സെല്ലിനകത്തുള്ളവർക്കല്ല ആ പെൺ കുട്ടികൾക്ക് മാത്രം കൊടുത്താൽ മതി . ”
ഗോവിന്ദൻ സാർ ദീർഘ ശ്വാസത്തിനിടെ ആരെയൊക്കെയോ പഴിച്ചു കൊണ്ട് തന്റെ ജോലിയിൽ മുഴുകി . ഞാൻ ഓരോരോരുത്തർക്കും കാപ്പി കൊടുത്തു അവസാനം തല താഴ്ത്തി വിതുമ്പി കരയുന്ന അവളുടെ അടുക്കലെത്തി .
” ഇതാ .. കട്ടൻ കാപ്പി …. ”
അവൾ തല താഴ്ത്തി തന്നെ ഇരിക്കുകയാണ് .
” എടീ …. കൊച്ചേ …. മര്യാദക്ക് അത് വാങ്ങി കുടിച്ചോണം …. ഇവിടെ തല കറങ്ങി വീണാൽ കൊണ്ട് പോകാനൊന്നും ഞങ്ങൾക്ക് സമയമില്ല ”
ലീല മാഡത്തിന്റെ ആക്രോശം കേട്ട് ഭയന്നാകണം അവൾ തല ഉയർത്തി ഗ്ലാസ് വാങ്ങി .
” നീ ….. നിന്റെ വീട് അമ്പലപ്പടിയിൽ അല്ലേ…… ”
ഗ്ലാസിൽ ചുണ്ടടുപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി എന്നെ കണ്ട അവൾ തല ഉയർത്തി അതേയെന്നു മൂളി .
” എന്നെ ഓർക്കുന്നുണ്ടോ ? ” അവൾ എന്നെ തന്നെ അൽപ നേരം നോക്കി കൊണ്ട് തെല്ലൊന്നാലോചിച്ച ശേഷം ഇല്ല എന്നർത്ഥത്തിൽ തലയാട്ടി .
” നിനക്കിവളെ പരിചയമുണ്ടോ ? ” ഗോവിന്ദൻ സാർ അപ്പോഴേക്കും ഞങ്ങൾക്കരികിൽ എത്തിയിരുന്നു .
” പരിചയമുണ്ടോ എന്ന് ചോദിച്ചാൽ ….ഹാ അറിയും അങ്ങനെ മറക്കാൻ പറ്റില്ല എനിക്ക് …. ”
” എങ്ങനെ അറിയും ? ” ഗോവിന്ദൻ സാർ തസ്‌നി പൊലീസുകാരനായി ചോദ്യങ്ങളുടെ ഭാണ്ഡം തുറന്നു തുടങ്ങി .അവളും ആകാംക്ഷയോടെ എന്നെ തന്നെ നോക്കുകയാണ് .
” സാർ … അത് ഞാൻ …. ”
” താൻ പറയെടോ … ”
” ഞാൻ ഈ കുട്ടിയെ കല്യാണം ആലോചിച്ചു ചെന്നിരുന്നു ”
” ഹാ അത്രേ ഒള്ളോ ? …. എന്നിട്ട് ? ”
ഞാൻ ഒരിക്കൽ കൂടി ആ ഓർമ്മകൾ എന്റെ മനസ്സിലേക്ക് ക്ഷണിച്ചു വരുത്തി . അപ്പോഴും അവൾ ആരാ ഞാനെന്നറിയാതെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു .
ഒരുപാട് കല്യാണാലോചനകളുമായി നടന്നു തളർന്ന സമയമായിരുന്നു അത് . എന്നെ ഉൾകൊള്ളുന്ന ഒരു പെൺ കുട്ടി ആകണമെന്ന സങ്കല്പം മാത്രാമായിരുന്നു വിവാഹാലോചനയുമായി ഞാൻ ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ . പഠിക്കാൻ ഞാൻ മോശമായിരുന്നില്ല . പക്ഷെ സ്കൂൾ എനിക്കെപ്പോഴും ഭയപ്പെടുത്തുന്ന ഓർമകളാണ് തന്നിട്ടുള്ളത് . നിരവധി തവണ സുധാകരൻ മാഷിൽ നിന്നും ലൈംഗിക പീഡനങ്ങൾ ഏറ്റു വാങ്ങിയ ഞാൻ ഭീഷണി ഭയന്ന് ആരോടും ഈ കാര്യമൊന്നും പറഞ്ഞില്ല. നിരന്തരം പീഡനങ്ങൾക്കൊടുവിൽ മാഷ് കോട്ടേജിലേക്കു വിളിച്ച ഒരു നാൾ പേടിച്ചാണെങ്കിലും അത് ധിക്കരിച്ചതിന് പിറ്റേ ദിവസം ഓരോ കാരണം ഉണ്ടാക്കി എന്നെ മാഷ് തല്ലിയതിനു ശേഷം ഭയമായിരുന്നു .സ്കൂളിലേക്കെന്നു പറഞ്ഞിറങ്ങി ക്ലാസ്സിൽ കയറാതെ അലഞ്ഞു തിരിഞ്ഞു നടന്ന എന്നെ കയ്യോടെ നാട്ടുകാർ പിടിച്ചതും വീട്ടിൽ മാഷ് തന്ന അടിയടയാളത്തിനു മേലെ പുതിയ അടയാളങ്ങൾ കൂടി വരുമ്പോഴും ആരും ചോദിച്ചില്ല . എനിക്ക് മാർക് കുറിച്ചിട്ടു മാർക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ്സിൽ കയറുന്നില്ല എന്ന കഥ മാഷ് അതിനോടകം അവിടെ പരത്തിയിരുന്നു. വീട്ടിൽ നിന്നും കടുത്ത ശാരീരിക പീഡനം സഹിക്കാനാവാതെ പുസ്തകങ്ങൾ കത്തിച്ചു കളഞ്ഞു അലമുറയിട്ടു എന്നെ നോക്കി നാട്ടുകാരിൽ ഒരാൾ പറഞ്ഞു . ” ചെക്കന് ഭ്രാന്താണ് ” വൈകാതെ നാടെല്ലാം അതെ പല്ലവി ഏറ്റു പിടിച്ചു .
കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്കൂളിൽ എത്തിയപ്പോൾ മറ്റു കുട്ടികളുടെ അകൽച്ച എന്നെ അസ്വസ്ഥനാക്കി . ഏത് നിമിഷവും സമനില തെറ്റാവുന്നയാളായി എന്നെ ചിത്രീകരിച്ചു . സാധാരണ കുട്ടികൾക്കിടയിൽ അടിയും പിടിയുമെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു . കാരണം ഒരു ഭ്രാന്തന്റെ പ്രകടനമായേ ആളുകൾ അങ്ങനെ കാണുകയുള്ളു . വർഷങ്ങൾ അങ്ങനെ കടന്നു പോയി . മാനസിക നില തെറ്റിയവന് ഒന്നുറക്കെ ചിരിക്കാനോ , കരയാനോ ദേഷ്യം പ്രകടിപ്പിക്കാനോ നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടത് സമൂഹത്തിൽ നില നിൽക്കാൻ ആവശ്യമാണെന്നു കണ്ടറിഞ്ഞു ഞാൻ എന്നിൽ പല നിയന്ത്രങ്ങളും കൊണ്ട് വന്നു .
അങ്ങനെയിരിക്കെ കുറെ കല്യാണാലോചനകൾ ഈ പറഞ്ഞ പല കാര്യങ്ങളുടെയും പേരിൽ മുടങ്ങി ഇരിക്കുമ്പോഴാണ് ബ്രോക്കർ മുഖേന അവളെ കാണാൻ ചെല്ലുന്നത് . പ്രതീക്ഷയോടെ ചായയും കൊണ്ട് വരുന്ന പെൺ കുട്ടിയെ കാത്തിരിക്കുമ്പോഴാണ് ദ്രുതഗതിയിൽ വെറും കയ്യോടെ അവൾ ഞങ്ങളുടെ മുൻപിലേക്ക് വരുന്നത് . അവളുടെ മുഖം ദേഷ്യം കൊണ്ട് തുടിക്കുന്നുണ്ടായിരുന്നു.
” ഇനി .. എന്റെ സമ്മതമില്ലാതെ എന്നെ പെണ്ണ് കാണിക്കാനായി ആരെയെങ്കിലും കൊണ്ട് വന്നാൽ …. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഞാൻ പരാതി കൊടുക്കും ”
ഒറ്റ ശ്വാസത്തിൽ ബ്രോക്കർ അബുവിനോട് അവളെങ്ങനെ പറഞ്ഞു അകത്തേക്ക് അതെ വേഗതയിൽ തന്നെ തിരിച്ചു പോയി . അവളുടെ വീട്ടുകാർ എന്തോ ഞങ്ങളോട് പറയാൻ ശ്രമിക്കുമ്പോൾ പോലീസ് പേടി കാരണം അതൊന്നും കേൾക്കാതെ ഞങ്ങൾ അവിടം വിട്ടിരുന്നു . മറ്റൊരു ബന്ധം കാണും അവൾക്കെന്നു ബ്രോക്കർ പറഞ്ഞൊഴിഞ്ഞെങ്കിലും എല്ലാ അനുഭവങ്ങളുടെയും പശ്ച്ചാത്തലത്തിൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു . ഇനി ഞാൻ പെണ്ണ് കാണാൻ പോകില്ല . കല്യാണം നടക്കുമ്പോൾ നടക്കട്ടെ.
ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ സ്റ്റേഷന്റെ മൂലയിൽ ഇരിക്കുന്ന അവളെ നോക്കി . അവളെ എന്നെ തന്നെ നോക്കുകയായിരുന്നു .
” അപ്പൊ ചുമ്മാതല്ല … നിന്റെ ആലോചന വേണ്ടെന്നു പറഞ്ഞത് . പെണ്ണിന് മറ്റു ബിസിനസ്സ് ഒക്കെ ഉണ്ടല്ലോ .. ഗോവിന്ദൻ സാർ അല്പം പരിഹാസവും പുച്ഛവും കലർന്ന തരത്തിൽ അവളെ ചിരിച്ചു കൊണ്ട് പറഞ്ഞു .
” അല്ല .. സാർ … ഞാനങ്ങനെ ഒരു പെൺ കുട്ടിയല്ല …. ”
” ലീലേ … കൊച്ചു വായ തുറന്നുട്ടോ ….” ഗോവിന്ദൻ സാർ വനിതാ പോലീസ്‌കാരി ലീലയെ വിളിച്ചു വരുത്തി .
” സാറേ … ഞാൻ എന്നാ പോട്ടെ .. കടയിലാ പയ്യൻ മാത്രേ ഉള്ളൂ ”….
” ഒന്ന് നിൽക്കൂ ….. ” സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞതും അവൾ പിറകിൽ നിന്നും വിളിച്ചു .
” നിങ്ങൾ എന്നെ തെറ്റി ധരിച്ചിരിക്കയാണ് … ഞാൻ നിങ്ങളെയും .. സത്യമായും ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ഒരു പെൺ കുട്ടിയല്ല …. എനിക്കോര്മയുണ്ട് നിങ്ങൾ വീട്ടിൽ വന്നത് . പക്ഷെ നിങ്ങളുടെ മുഖം ഓർമ്മയില്ല . ബ്രോക്കർ അബുവിനെ അറിയാം ”
” നിങ്ങൾ പെർഫ്യും ഷോപ്പിൽ പോകാറില്ലേ ?… ഒരു പാട് മണങ്ങളുടെ സാമ്പിൾ കടക്കാരൻ നിങ്ങൾക്ക് അടിച്ചു കാണിച്ചു തരും . അവസാനം ഒന്നിന്റെയും മണം നിങ്ങൾക്ക് തിരിച്ചറിയാനാവാതെ പോകുമ്പോൾ കടക്കാരൻ കുറച്ച് കാപ്പി കുരു മണപ്പിക്കും . അത് കഴിഞ്ഞു നിങ്ങൾ വീണ്ടും പെർഫ്യും മണത്തു നോക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ ഗന്ധം കിട്ടും .. ഇല്ലേ?… ”
” നിങ്ങൾക്കറിയോ… ഞാനും അങ്ങനെ ഒരു കാപ്പി കുരു പോലെ ആയിരുന്നു . അല്ല ആണ് . പഠിക്കുന്ന കാലത്തേയുണ്ട് നിറത്തിന്റെയും ഉയരത്തിന്റെയുമൊക്കെ പേരിൽ കളിയാക്കലുകൾ അവഗണകൾ . ഒപ്പന കളിക്കുമ്പോൾ ചന്തമില്ലാത്തതിന്റെ പേരിൽ മണവാട്ടി ആയി തിരഞ്ഞെടുത്തതിൽ നിന്നും പുറത്താക്കിയതും ഒടുവിൽ പിൻ നിരയിൽ ഒതുങ്ങി നിന്ന് മാത്രം കളിക്കേണ്ടി വന്നതും . അങ്ങനെ ഒരു പാട് അനുഭവങ്ങൾ . അങ്ങനെ കല്യാണാലോചനയിലും അത്തരം അനുഭവങ്ങൾ ആവർത്തിച്ചു . ”
” ഒരു ദിവസം ഞാൻ എന്റെ കാത് കൊണ്ട് കേട്ടിട്ടുണ്ട് ബ്രോക്കർ അബു ആരോടോ പറയുന്നത് … ഈ കുട്ടിയെ കാണിച്ചു .. ഇതിനെ കാണിച്ചു വേറെ ആരെ കാണിച്ചാലും പയ്യന്മാർക്ക് ഇഷ്ടമാകുമെന്ന് ” അവളുടെ വിതുമ്പലിന്റെ ശ്കതി കൂടി .
” ഇപ്പൊ പറ അത്തറ് കടയിലെ കാപ്പി കുരു പോലെ തന്നെ അല്ലെ ഞാനും … അതിനു വേറെ ഒന്നും ചെയ്യാനില്ല . എനിക്കെന്താ എന്റെ സ്വപ്‌നങ്ങൾ ഇല്ലേ …. ആഗ്രഹങ്ങൾ ഇല്ലേ … ഇങ്ങനെ കമ്പാരിസൺ നടത്താൻ ഞാൻ നിന്ന് കൊടുക്കണോ …. അതിനാണ് ഞാൻ അയാളോട് അങ്ങനെ പറഞ്ഞത് … അല്ലാതെ നിങ്ങൾ ആയത് കൊണ്ടല്ല … നിങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല ..ഞാൻ നിങ്ങളുടെ മുഖം പോലും ശ്രദ്ധിച്ചില്ല. ”
അവളുടെ ശബ്ദമിടറി . മുഖം കൈ കൊണ്ട് മറച്ചു പുറം തിരിഞ്ഞു നിന്ന് ചുമരിന്റെ നെഞ്ചിൽ നെറ്റി ചേർത്ത് വിതുമ്പി . ലീല മാഡം അവളെ അവരുടെ ചുമലിലേക്കടുപ്പിച്ചു ആശ്വസിപ്പിച്ചു ഒരമ്മയെ പോലെ .
” അങ്ങനെ എന്റെ കല്യാണം ഉറപ്പിച്ചു . കല്യാണ വിവരം നാടൊട്ടുക്കും അറിഞ്ഞതിനു ശേഷമാണ് ഞാൻ അറിയുന്നത് . ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത , സംസാരിച്ചിട്ടില്ലാത്ത ഒരു രണ്ടാം കെട്ടു കാരനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചു വിട്ടു എനിക്ക് താഴെയുള്ളവരുടെ കല്യാണം നടത്താനാണ് വീട്ടുകാരുടെ നീക്കം എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത് . മരിക്കാൻ എനിക്ക് ധൈര്യമില്ല . ആ ധൈര്യം മതി ജീവിക്കാൻ എന്ന് കരുതുന്നവളാണ് ഞാൻ . വീട് വിട്ടിറങ്ങിയതാണ് . കൂട്ടുകാരിയുടെ അടുക്കലെത്തി അവളെ പോലെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ കരുതിയാണ് അവിടെ എത്തിയത് . പക്ഷെ അവൾ ചെയ്യുന്ന ജോലി ചെയ്തു എനിക്ക് ജീവിക്കേണ്ട സാർ … ആരും കാണാതെ അവരുടെ കണ്ണ് വെട്ടിച്ചു എങ്ങനെയോ തുറന്നു വെച്ച ആ ഗോടൗണിനകത്ത് ഞാൻ കയറിപ്പെട്ടതും പിന്നെ ഇവരുടെ കൂടെ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നതും . അല്ലാതെ എനിക്ക് ഇവരുമായൊന്നും ഒരു ബന്ധവുമില്ല സാർ … ഞാൻ പറയുന്നത് സത്യമാണ് .
” അപ്പോ കല്യാണം ? ” ലീല മേഡം ഏതോ സീരിയൽ കഥയുടെ അടുത്ത എപ്പിസോഡ് എന്താകുമെന്ന് തിരക്കുന്ന ലാഘവത്തോടെ അവളോട് ചോദിച്ചു .
” ദുരഭിമാനം കാക്കാൻ ആകണം പാവം എന്റെ അനിയത്തി… അവൾ എനിക്ക് പകരം ………… അങ്ങനെയാണ് ഞാൻ അറിഞ്ഞത് . ” അവളുടെ വാക്കുകൾ മുറിഞ്ഞു .
” ആഹാ …അപ്പോ ഇന്നായിരുന്നിലല്ലേ ആ കല്യാണം ?… ”
” അതേ ”
” എവിടേക്കായിരുന്നു കല്യാണം ? ”
” ഇവിടെ അടുത്ത് പള്ളിക്കരയിൽ ”
” ആഹാ .. അപ്പോ നമ്മുടെ സ്റ്റേഷൻ പരിധിയിൽ ആണല്ലോ സാറേ … നമുക്ക് പണി ആകും … അല്ലെ സാറേ … ”
ലീല മേഡത്തിന്റെ സംശയം കേട്ടത് കൊണ്ടാണോ എന്തോ ഗോവിന്ദൻ സാർ അൽപ നേരം ആ മുറിക്കകം ഉലാത്തി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ആലോചിച്ചു ഞങ്ങളുടെ അടുക്കലെത്തി ….
” ലീലേ …. ആ കൊച്ചിനോട് ഒന്ന് മുഖം കഴുകി വരാൻ പറ … വിഷമിക്കണ്ടാന്നു പറ .. ”
ലീല മാഡം അവളെയും കൊണ്ട് അപ്പുറത്തെ ശുചിമുറിയുടെ ഭാഗത്തേക്ക് പോയപ്പോൾ ഗോവിന്ദൻ സാർ എനിക്കരികിൽ വന്നു .
” എടോ .. താൻ പോയി … ഒരു ഗ്ലാസ് കുടിക്കാൻ വല്ലതും എടുത്തോണ്ട് വാ … കടിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതും ….. ”
ഗോവിന്ദൻ സാറിന്റെ ആവശ്യം കേട്ടു ഞാൻ കടയിലേക്ക് നടക്കുമ്പോൾ പിറകിൽ നിന്നും വീണ്ടും അതെ ശബ്ദം ….
” അതേയ് …. നീ തന്നെ വരണം …. പയ്യനെ അയക്കേണ്ട ”
അൽപ സമയത്തിനകം ഞാൻ സ്പെഷ്യൽ കോഫീയുമായി സ്റ്റേഷൻ മുറിയിലേക്ക് കടക്കുമ്പോൾ വിസിറ്റേഴ്സ് ഭാഗത്ത് രണ്ടു കസേരയിൽ ഒന്നിൽ അല്പം ആത്മ വിശ്വാസത്തോടെ അവൾ ഇരിക്കുന്നു .
” ഡാ … നീ അത് അവൾക്ക് കൊണ്ട് പോയി കൊടുക്ക് … ” ഞാൻ സാർ പറഞ്ഞത് പോലെ അവളുടെ അടുക്കലെത്തി ഗ്ലാസ് നീട്ടി .
” ഹാ .. ലീലേ … ഇങ്ങു പോര് … പണ്ട് മുടങ്ങി പോയ പെണ്ണ് കാണൽ ഇപ്പോൾ നടക്കട്ടെ .. അന്ന് സ്റ്റേഷനിൽ പോയി പറയുമെന്ന് പറഞ്ഞത് അച്ചിട്ടായി എന്ന് കരുതിയാൽ മതി …. രണ്ട് പേരും പരസ്പരം സംസാരിക്കട്ടെ … അതിന്റെ ചൂടാറും മുൻപ് നിങ്ങൾ ഒരു തീരുമാനത്തിൽ എത്തുമെന്നാണ് എന്റെ വിശ്വാസം .. വേറെ ഒന്നും നിങ്ങൾ പേടിക്കണ്ട …ഞാൻ ഏറ്റു ”
ഗോവിന്ദൻ സാറും ലീല മേഡവും അവിടെ നിന്നും മാറുമ്പോൾ അവളുടെ മുഖത്ത് ആദ്യമായി ഞാൻ നാണം കണ്ടു . ആ നാണത്തിൽ ഒളിപ്പിച്ചു വെച്ച അവളുടെ മറുപടിയും ഞാൻ വായിച്ചു . ഞാൻ കൊണ്ട് വന്ന അതെ സ്പെഷ്യൽ കോഫീ നാണത്തോടെ അവൾ എനിക്കായി നീട്ടുമ്പോൾ ഗോവിന്ദൻ സാറും ഒന്ന് രണ്ട് പോലീസുകാരും ദൃതിയിൽ പുറത്തേക്കു പോകുന്നത് കണ്ടു .
” വേണ്ട നീ കുടിക്ക് അത് ഒരു സ്പെഷ്യൽ കോഫീ ആണ്.. കുടിച്ചിട്ട് പറ എങ്ങനെയുണ്ടെന്നു “
അവൾ ഒരു കവിൾ എടുത്തു പതുക്കെ തൊണ്ടയിലൂടെ അകത്തേക്കിറക്കുമ്പോൾ രുചി ആസ്വദിച്ചു കൊണ്ട് അവൾ അറിയാതെ കണ്ണുകൾ അടച്ചു തലയൊന്നാട്ടി “”
“” എങ്ങനെയുണ്ട്?”
” ഒരു രക്ഷേം ഇല്ലാ.. “
” അതാണ് ഇപ്പോ മനസ്സിലായോ?.. നീ നേരത്തെ പറഞ്ഞ ഒന്നിനും കൊള്ളാത്ത കാപ്പി കുരു എന്ന് പറഞ്ഞു ആക്ഷേപിച്ചില്ലേ.. ശരിക്കും എത്ര തരം കോഫീ ഉണ്ടെന്ന് നിനക്കറിയോ.. അതും വളരെ വില കൂടിയതും.. കോപി ലുവാക് എന്നൊരു കോഫി ഉണ്ട് . അറിയോ നിനക്ക്. ഒരു ജീവിയെ കൊണ്ട് കാപ്പി കുരു കഴിപ്പിച്ചു,അതിന്റെ വിസർജ്യത്തിൽ നിന്നും ലഭിക്കുന്ന കാപ്പി കുരുവിൽ നിന്നുണ്ടാക്കുന്ന കോപി ലുവാക്കിനു ഏതാണ്ട് 100 ഗ്രാമിന് നമ്മുടെ മുപ്പത്തിനായിരം രൂപ വരുമെന്നാണ് കെട്ടിട്ടുള്ളത്. ആരുടെ കയ്യിൽ എന്നതല്ല, അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചാണ് എന്തിന്റെയും രുചിയും സൗന്ദര്യവും. എനിക്ക് നന്നായി അറിയാമത്.. ആർക്കും വേണ്ടാത്ത ഈ കാപ്പി കുരു കൊണ്ട് ഞാൻ രുചികരമായ ജീവിതം കെട്ടി പടുത്തോട്ടെ . “
അവൾ ചിരിയിൽ അവളുടെ സമ്മതം അറിയിക്കുമ്പോൾ സ്റ്റേഷനിലെ വയർലെസ് സെറ്റിൽ ഗോവിന്ദൻ സാറും മറ്റു സാറന്മാരും പുറത്ത് പോയതിനു കാരണമായ ആ വയർലെസ് സന്ദേശം അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.
” പള്ളിക്കരയിൽ നവ വധു ആദ്യ രാത്രിയിൽ ആത്മഹത്യ ചെയ്തു ”