വീണ്ടും കാണുമ്പോൾ
രചന: സുമയ്യ ബീഗം TA
അത്യാവശ്യത്തിനായി ടൗണിൽ പോയി ആവശ്യമുള്ള സാധനങ്ങളും അച്ഛനുള്ള മരുന്നും വാങ്ങിവരവേ അവിചാരിതമായി ആ ചന്ദനക്കുറി ശ്രെദ്ധയിൽ പെട്ടത്. കണ്ണുകൾ പിൻവലിച്ചു സ്വയം ഒളിക്കാൻ ശ്രെമിക്കവേ ആ കണ്ണുകൾ എന്നെ തേടിയെത്തി.
വർഷങ്ങൾ കഥപറഞ്ഞ, ആരെയോ ഇപ്പോഴും കാത്തിരിക്കുന്ന എന്റെ മിഴികൾ തോറ്റുകൊടുത്തു പിൻവലിക്കാനാവാതെ. മുഖത്തോടു വീണ മുടിച്ചുരുൾ പുറംകൈകൊണ്ടു മാടിയൊതുക്കാൻ എന്ന വാജ്യേനെ തൊട്ടടുത്ത പൂക്കടയിലെ റോസാപൂക്കളിലേക്കു നോക്കി ഒന്നുമറിയാത്ത ഭാവത്തിൽ നിന്നപ്പോൾ തൊട്ടുപുറകിൽ ആരോ.
സൈനാ…
പ്രത്യേകിച്ച് ഒരു ഭാവവും മനപ്പൂർവം വരുത്താതെ ഒരല്പം മുഷിപ്പ് കലർത്തി തിരിഞ്ഞു നോക്കിയപ്പോൾ ജീവന്റെ ജീവനായി ഖൽബിൽ കൊണ്ടുനടന്ന മുഖം പ്രാകൃതമായി.
സദാ കള്ളച്ചിരി ചുണ്ടിലും കുസൃതി കണ്ണുകളിലും ഒളിപ്പിച്ചു ചന്ദനകുറിയിൽ കുങ്കുമം ചാലിച്ചു തിരുനെറ്റിയിൽ വരച്ചു എന്നെ മോഹിപ്പിച്ചവൻ. ഒരിക്കലും പിടിതരാതെ കൊതിപ്പിച്ചു കടന്നവൻ. അടുക്കുന്തോറും അകന്നവൻ, അകലാൻ ശ്രെമിച്ചപ്പോൾ തന്നിലേക്കടുപ്പിച്ചു തള്ളിക്കളഞ്ഞവൻ.
ഓർമകൾക്ക് കടിഞ്ഞാൺ ഇട്ടു. വീണ്ടും ആ സ്വരം. സൈന നിനക്ക് സുഖമല്ലേ.?
ആ ചോദ്യം കേട്ടപ്പോൾ മനസ്സിൽ അണഞ്ഞു കിടന്ന കനലുകൾ ആളിക്കത്തി കൊല്ലൻ ആലയിൽ പഴുപ്പിച്ച ലോഹത്തിന്റെ മൂർച്ചയിൽ വാക്കുകൾ ഞാൻ പോലുമറിയാതെ എന്നിൽ നിന്നും ഗർവോടെ തീക്ഷണമായി.
അതെ സുഖാണ് സന്തോഷായിരിക്കുന്നു. നിങ്ങളെക്കാൾ സുന്ദരനും യോഗ്യനുമായ ഭർത്താവിനും മക്കൾക്കുമൊപ്പം സുഖം സ്വസ്ഥം.
ഒരിക്കൽ ആ കണ്ണുകളിലേക്കു നോക്കാൻ ശക്തിയില്ലാതെ കരിമഷിക്കണ്ണുകൾ പിടഞ്ഞിരുന്നു. ആ സാമീപ്യത്തിൽ കവിളുകൾ നാണത്തിൽ തുടുത്തിരുന്നു. ചുണ്ടുകൾ വിറകൊണ്ടിരുന്നു. അതൊക്കെ പണ്ട് ഓറഞ്ച് പട്ടുപാവാടയിൽ കസവിന്റെ തട്ടത്തിൽ ,ആ പതിനേഴുകാരിയിൽ പ്രണയം പൂത്തുലഞ്ഞു.
ഓ! എത്ര കിനാക്കൾ ?ശ്വസിക്കുന്ന ശ്വാസത്തിലും, ഓരോ ചങ്കിടിപ്പിലും അവൻ മാത്രമായിരുന്നു വര്ഷങ്ങളോളം. എന്നിട്ടും…
ഒരു പെണ്ണ് ഒരാണിനെ ഇങ്ങനെ ആരാധിച്ചിട്ടുണ്ടാകുമോ സ്വന്തമല്ലാത്ത അവനായി മൈലാഞ്ചി അണിഞ്ഞു കിനാക്കൾ കണ്ടു പല രാവുകൾ ഉറങ്ങാതിരുന്നിട്ടുണ്ടാവുമോ ?
തന്നോട് തന്നെ തോന്നുന്ന പുച്ഛത്തെ അടക്കി എന്തേലും ചോദിക്കാനായി മാത്രം ചോദിച്ചു.
അഭിഷേകിന് സുഖമല്ലേ ? അറിയണം എന്നൊരു ആഗ്രഹമില്ലാത്ത ചോദ്യത്തിന് അതെ ഭാവത്തിൽ അയാൾ മറുപടി തന്നു.
സുഖം.
പിന്നെ ഒന്നും ചോദിക്കാൻ ഇല്ലാത്തതിനാൽ എന്നാൽ ശെരി പോവട്ടെ എന്ന് പറഞ്ഞു മുമ്പോട്ടു നടക്കാൻ തുനിഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു സ്വരമിടറി. അതൊരു പിടിവള്ളിയാക്കി അയാൾ. അല്ലേലും പുരുഷന്മാർ എന്നും സ്ത്രീകളുടെ ദൗര്ബല്യങ്ങളിൽ ശക്തിയാർജിക്കാൻ മിടുക്കരാണ്.
എന്നോട് ദേഷ്യമുണ്ടോ ?
മുഖമടച്ചു ഒന്നുകൊടുത്തു ആ കഴുത്തിൽ ഞെക്കിപിടിച്ചു പട്ടി എന്നോട് തന്നെ ചോദിക്കണോ ഇത് എന്ന് തിരിച്ചു ചോദിക്കാൻ എന്നിലെ പെണ്ണ് വെമ്പി എങ്കിലും അതിലപ്പുറം ഒരു ഭാര്യ, അമ്മ എന്ന എന്റെ ജീവിതകുപ്പായങ്ങളിൽ ഒതുങ്ങി ഞാൻ മൗനം പാലിച്ചു.
എനിക്കറിയാം നിനക്ക് എന്നെ എന്തിഷ്ടമാരുന്നു എന്ന്. നിന്നോളം ഒരു പെണ്ണും എന്നെ സ്നേഹിച്ചിട്ടില്ല.
നിർത്തു അഭി എനിക്കൊന്നും കേൾക്കണ്ട. എന്റെ മനസ്സിൽ നിങ്ങളുടെ ഓർമ പോലും ഇല്ല. ഇനിയുണ്ടാവുകയും ഇല്ല. പിന്നെന്തിനാണ് ആവശ്യമില്ലാത്തതൊക്ക ചികയുന്നതു. അറിവില്ലാത്ത പ്രായത്തിലെ ഒരു തമാശ പിന്നെ ഓർക്കുമ്പോൾ ചിരിക്കാം അല്ലാതെ അതിലപ്പുറം ഒന്നുമില്ല.
ശെരിയാണ് നിന്നെ ശല്യപ്പെടുത്താൻ പറഞ്ഞതല്ല. പക്ഷേ എന്നെങ്കിലും നിന്നോട് മനസ്സ് തുറന്നില്ലെങ്കിൽ എനിക്കു സമാധാനം ഉണ്ടാവില്ല.
എന്നെ നിനക്ക് അറിയാമാരുന്നല്ലോ ?നീ ഉൾപ്പടെ പല പെൺകുട്ടികളും എന്നെ സ്നേഹിച്ചിട്ടുണ്ട്. ചിലരൊക്കെ എന്റെയും നേരമ്പോക്കുകൾ ആയിരുന്നു. എന്നിട്ടും എല്ലാം അറിഞ്ഞിട്ടും നീ വര്ഷങ്ങളോളം എന്നെ ഭ്രാന്തമായി സ്നേഹിച്ചു, ഒരിക്കൽ പോലും നമ്മൾ ഇങ്ങനെ നേരിട്ട് സംസാരിച്ചിട്ടില്ല. പ്രണയിച്ചു നടന്നിട്ടില്ല എന്നിട്ടും. നിന്നെ നഷ്ടപെടുത്തിയതും വേണ്ടാന്ന് വെച്ചതും ഞാൻ തന്നെയാണ്. ശപിക്കരുത്.
ഇല്ല അഭി തെറ്റ് എന്റേത് മാത്രമാണ് പക്ഷേ വര്ഷങ്ങളോളം ഒരു ചിരിയിൽ എന്നെ സ്വപ്നങ്ങൾ കാണിപ്പിച്ചു മോഹിപ്പിച്ചപ്പോൾ ഒരു തവണ പോലും നീ നിനക്കിഷ്ടമല്ല എന്നൊരു വാക്കും പറഞ്ഞില്ല. അവിടാരുന്നു ഞാൻ തോറ്റു പോയത്.
ഇഷ്ടമില്ല എന്ന് പറയാൻ പറ്റാത്തൊരു ഇഷ്ടം അതെന്നും നിന്നോട് ഉണ്ടായിരുന്നു സൈന. ഇത്രയേറെ ഭ്രാന്തമായി നീ സ്നേഹിച്ചപ്പോഴും ഒരു വിരൽത്തുമ്പിൽ തൊട്ടുപോലും ഞാൻ നിന്നെ കളങ്കപ്പെടുത്തിയില്ല. എന്റെ നേരമ്പോക്കുകളിൽ ഒന്നായി കണ്ടു പ്രേമിച്ചു കൊണ്ടുനടന്നു ജീവിതം കളഞ്ഞില്ല. എന്നേക്കാൾ നല്ലൊരാൾ, നല്ലൊരു ജീവിതം നിനക്ക് ഉണ്ടാവണം എന്ന് ഞാനും കൊതിച്ചിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അതും പ്രണയമാണ്.
ഒന്ന് പോ അഭി ആത്മാർത്ഥത ഇല്ലാത്ത അഭിനയം നിർത്തു. ഒരു സിനിമാതാരത്തിന്റെ രൂപ സാദൃശ്യം ഉള്ള നിന്റെ ആരാധികമാരുടെ എണ്ണം ഓരോ ദിവസവും കൂടുമ്പോഴും ഞാൻ എന്നെ മറന്നു നിന്റെ പുറകെ നടന്നിട്ടില്ല. നീ ഒന്ന് ഞൊടിച്ചാൽ നിന്റെ പുറകെ വരുന്നവളുമാരുടെ ലിസ്റ്റിൽ ഞാൻ ഇല്ലാരുന്നു. ശരീരം കൊണ്ടല്ല മനസ്സ് കൊണ്ടു സ്നേഹിച്ച എന്നെ അത്ര പെട്ടന്ന് എന്നല്ല ഒരു താലിച്ചരടില്ലാതെ തൊടാൻ പോലും നിനക്ക് കഴിയുമായിരുന്നില്ല അതാണ് സത്യം.
സൈന അങ്ങനൊരു താലിച്ചരടിൽ തളച്ചു ഞാൻ നിന്നെ എങ്കിൽ നമ്മുടെ ജീവിതം എത്ര ദുരന്തമായേനെ. നല്ലൊരു ജോലി പോലുമില്ലാത്ത ഞാൻ നിന്റെ ഭാവി കൂടി നശിപ്പിച്ചേനെ. ഇപ്പോൾ നിന്റെ മുഖത്തെ ഈ പ്രസാദം അത് നിലയ്ക്കാത്ത കണ്ണീര് മാത്രം ആയേനെ. അതിലുപരി ഒരു ഹിന്ദു ചെക്കന് നിന്റെ വാപ്പയോ വീട്ടുകാരോ നിന്നെ തരുമായിരുന്നില്ല ഒരിക്കലും.
അഭി ഇതൊക്കെ എപ്പോഴേ പറഞ്ഞു തീർത്തതാണ് ഞാൻ എന്നോട് തന്നെ. സമയം ഒരുപാടായി ഞാൻ പോകുന്നു…
ആ പിന്നെ അഭി, ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ചത് കൊണ്ടല്ല എന്റെ ഇഷ്ടം അഭിനയം അല്ലാത്തതുകൊണ്ട് മാത്രം ഇപ്പോഴും ഞാൻ നിങ്ങളെപ്പറ്റി എല്ലാം അറിയുന്നുണ്ട്. മദ്യപാനവും ഭർത്താവില്ലാത്ത ആ സ്ത്രീയുടെ വീട്ടിലെ കിടപ്പും മതിയാക്കി ഇനിയെങ്കിലും ജീവിച്ചുകൂടെ മനുഷ്യനെ പോലെ. കണ്മുന്നിൽ നശിക്കുന്നത് കാണാൻ ശക്തി ഇല്ലാത്തതു കൊണ്ടാണ്. ഉപദേശിക്കുകയല്ല. നല്ല പ്രായത്തിൽ ഒരുപാടു ആഘോഷിച്ച നിന്റെ ജീവിതം ഒരുപാഴ്മരമായി നിലംപൊത്തുന്നതിനു മുമ്പ് ഒരു ദിവസം എങ്കിലും ഒരു മനുഷ്യനായി ജീവിച്ചുകൂടെ.
പൊഴിഞ്ഞ കണ്ണീർ തുടച്ചവൾ മറഞ്ഞപ്പോൾ അയാൾ അറിഞ്ഞു പ്രണയത്തിന്റെ നോവും ആഴവും. ആ നെഞ്ചും ആദ്യമായി പിടഞ്ഞു കിട്ടാതെ പോയ അറിയാതെ പോയ അവളെയോർത്തു…