രണ്ടു ദിവസം കഴിയുമ്പോൾ മുറിക്കാതെ മാറ്റിവെച്ചിരുന്ന ചക്കകളിൽ നിന്നും കൊതിപ്പിക്കുന്ന മണം വരും…

ഇത്ര മധുരിക്കുമോ ചക്ക ~ രചന: സുമയ്യ ബീഗം TA

കുമ്പിൾ, കുമ്പിൾ അപ്പം, ചക്ക അപ്പം എന്നൊക്കെ പേരുകളിൽ പരിചയമുള്ള ഒരു വിഭവം ഉണ്ടല്ലൊ ?ഈ ചക്ക സീസണിൽ അതുണ്ടാക്കാത്ത വീടുകളും വിരളം. ചക്കവിഭവങ്ങളിൽ എനിക്കേറെ ഇഷ്ടമുള്ള ഈ കുമ്പിൾ അപ്പം ഇത്ര രുചികരമായി എന്നും നാവിൽ നിൽക്കുന്നത് അതുതരുന്ന ഓർമകളുടെ സൗരഭ്യം കൊണ്ടും കൂടിയാണ്. കുമ്പിളപ്പം എന്റെ അമ്മച്ചിയെ ഓർമപ്പെടുത്തുന്നു പിന്നെ ഞാൻ വളർന്ന ചുറ്റുപാടുകൾ, പ്രിയ കൂട്ടുകാർ, ഒരുമനസോടെ ജീവിച്ച അയൽക്കാർ അങ്ങനെ പ്രിയപെട്ടതെല്ലാം…

കുമ്പിളിന്റെ കഥ തുടങ്ങുക രാവിലെ പണിയെല്ലാം ഒതുക്കി അടുക്കള വാതിലിൽ നിന്നുള്ള ലൈലമാമിയുടെ ഷാനിബ എന്നുള്ള വിളിയിൽ നിന്നാണ്. എന്നാ മാമിയെ എന്നുള്ള അമ്മച്ചിയുടെ മറുപടിയിൽ ആ പ്രദേശം തന്നെ പ്രകമ്പനം കൊള്ളും. ഇതുകേൾക്കുമ്പോൾ താഴയായി താമസിക്കുന്ന ഡാഡി മമ്മി യോട് പറയും ശോശാമ്മോ ഷാനിബ ആരോടോ രാവിലെ രഹസ്യം പറയുന്നെന്നു.

കിഴക്കുള്ള ഏതാണ്ട് ഭൂമിയുടെ അങ്ങേയറ്റം എന്നുപറയാവുന്ന ഒരു പ്രദേശത്തെ കാടും മലയും തോടും കണ്ടുവളർന്ന നമ്മുടെ അമ്മച്ചിക്ക് ഫോര്മാലിറ്റികളോടു പുച്ഛം ആണെന്നുമാത്രമല്ല അങ്ങനൊന്നും സംസാരിക്കാനും അറിയില്ല. തനി നാട്ടിൻപുറത്തുകാരിയുടെ ശബ്ദവും ഏതാണ്ട് ലൗഡ് സ്‌പീക്കറിലെ മമ്മൂട്ടിയുടെ പോലെ.

ഷാനിബ വാ നമ്മുക്ക് ചിന്നമ്മച്ചേച്ചിയുടെ പ്ലാവിന്ന് രണ്ടു ചക്കയിടാം മൊത്തം വിളഞ്ഞു കിടക്കുകല്ലേ ?ഇതുകേക്കേണ്ട താമസം തോട്ടി കെട്ടി അമ്മച്ചി മുമ്പിലും ലൈലമാമി, സൂറാമാമി, സാലിച്ചേച്ചി, ശോശാമ്മ മമ്മി എന്നിവർ വാലായും പ്ലാവിൻചോട്ടിലേക്കു വെച്ചുപിടിക്കും. കിഴക്കത്തി ആയതുകൊണ്ട് അമ്മച്ചി മിടുക്കിയാണ് ഏതു പൊക്കത്തിൽ നിന്നും ചക്ക വലിച്ചിട്ടോളും.

ഏകദേശം അരമണിക്കൂർ കഴിയുമ്പോൾ ഈ പെൺപട നാലഞ്ചു ചക്കയുമായി സാലിച്ചേച്ചിയുടെ മുറ്റത്തു ഒത്തുകൂടും പിന്നൊരു അരങ്ങാണ്. ഒരു കോടാലി എടുത്തു അമ്മച്ചി ചക്ക പലകഷണങ്ങളായി മുറിച്ചിടുമ്പോൾ കത്തി എടുത്തു മറ്റുള്ളവർ അത് ചെറു തുണ്ടികളാക്കും. പിന്നെ എല്ലാരും കൂടി ചക്കച്ചുള അടത്താൻ തുടങ്ങുകയായി. അടത്തുന്നതിൽ കൂടുതൽ ചുള വായിലേക്ക് പോകുന്നത് നോക്കി കണ്ണും തള്ളി ഞങ്ങൾ കൊച്ചുപട്ടാളം ചുറ്റിലും. അപ്പോഴേക്കും ചക്ക ഭ്രാന്തികളുടെ ക്ഷീണം മാറ്റാൻ സാലിച്ചേച്ചി സ്ട്രോങ്ങ്‌ കട്ടനുമായെത്തും.

പിന്നെ വീതം വെപ്പാണ്. പൊന്നു തൂക്കുന്നതിലും കൃത്യമായി പകുക്കും. അപ്പോഴേക്കും ശോശാമ്മ ചേച്ചി വക സ്ഥിരം ഡയലോഗ് എന്റെ ഷാനിബ എനിക്കിതു വേവിക്കാൻ കഴിയത്തില്ല ഷാനിബ എന്റെ പങ്കും കൂടി അങ്ങെടുത്തോ വേവിക്കുമ്പോൾ ഇത്തിരി എനിക്കു തന്നാൽ മതി. എലി പുന്നെല്ലു കണ്ടപോലെ അമ്മച്ചി ഹാപ്പി അതും കൂടി പാത്രത്തിലാക്കി വീട്ടിലേക്കു.

പിന്നെ അതൊരുക്കി അരിഞ്ഞു തേങ്ങ ചതച്ചു പുഴുങ്ങി ഒരു പാത്രത്തിൽ നിറച്ചെടുത്തു കഴിക്കാനിരിക്കുമ്പോൾ ആ മുഖം കണ്ടാൽ രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ മട്ടാണ്. കഴിക്കാൻ ഞങ്ങൾ മക്കളെ വിളിക്കുമ്പോൾ ആദ്യം നമ്മൾ കുറച്ചു ജാടയിട്ട് വേണ്ട എന്ന് പറയുമെങ്കിലും മീൻകറി കൂട്ടിയുള്ള ആ പിടിപ്പിരു കാണുമ്പോൾ ഏതു സായിപ്പിനും തോന്നും ഈ ചക്ക പുഴുക്ക് തിന്നാൻ. ഞാനും അനിയനും കൂടി ആ പത്രത്തിന്റെ സൈഡ് പിടിച്ചു കഴിപ്പ് തുടങ്ങും.

രണ്ടു ദിവസം കഴിയുമ്പോൾ മുറിക്കാതെ മാറ്റിവെച്ചിരുന്ന ചക്കകളിൽ നിന്നും കൊതിപ്പിക്കുന്ന മണം വരും. ചക്ക പഴുത്തു. ഒന്ന് മുറിച്ചു തായോ എന്ന് പുറകെ നടന്നാൽ പുള്ളിക്കാരി വല്യ മൈൻഡ് ചെയ്യില്ല കാരണം അമ്മച്ചിക്ക് ചക്ക പഴത്തോട് ആക്രാന്തം ഇല്ല. പക്ഷെ ഈ മണം എനിക്ക് സഹിക്കാൻ പറ്റില്ല. ഒത്തിരി ശല്യപെടുത്തുമ്പോൾ അവസാനം അമ്മച്ചി അത് മുറിക്കും പിന്നെ എന്റെ ആവശ്യം കുമ്പിൾ അപ്പമാണ്.

പാചകത്തിൽ പരസ്പരം സീരിയലിലെ ദീപ്തിയുടെ കെട്ടിയോൻ സൂരജിനേക്കാൾ സമർത്ഥയായ അമ്മച്ചി പക്ഷേ സ്ലോ കുക്കിങ്ങിന്റെ ആളാണ്. പാചകം ഒരു കലയാണ് എന്ന മട്ടിൽ പതിയെ ആസ്വദിച്ചു കലാപരമായി ചെയ്യുമ്പോൾ സമയം അങ്ങ് ആഫ്രിക്ക കടക്കും. എന്റെ നിർബന്ധത്തിനു വഴങ്ങി കുമ്പിൾ ഉണ്ടാക്കാമെന്ന് ഏൽക്കുമ്പോൾ വഷണ ഇല, എന്നുപറയുന്ന നല്ല മണമുള്ള ഒരു തരം ഇല ഞാൻ പറമ്പുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരും.

രാത്രി അത്താഴത്തിനു ശേഷം സർവ പണിയും കഴിഞ്ഞു സമാദാനപരമായാണ് ഈ ദൗത്യം അമ്മച്ചി ഏറ്റെടുക്കുക. ഇലകൾ ഒക്കെ കഴുകി വൃത്തിയാക്കി അതിൽ കുത്താനുള്ള ഈർക്കിലി ഒക്കെ ഞാൻ എടുത്തു റെഡി ആക്കിവെക്കും. വരിക്ക ചക്ക കുരുകളഞ്ഞു അരിഞ്ഞു വേവിച്ചു വെച്ചതിൽ ശർക്കര പാനി, അരിപ്പൊടി, ഏലക്കായും ജീരകവും വറുത്തു പൊടിച്ചതും കൂട്ടി നന്നായി കുഴച്ചു കുമ്പിളുനുള്ള കൂട്ട് റെഡിയാക്കി ഇലയിൽ നിറച്ചു ഈർക്കിലി കുത്തും. ഒരു വല്യ മുറത്തിലാണ് കുമ്പിളുകൾ നിരത്തി വെക്കുക. അപ്പചെമ്പു എടുത്തു വെള്ളം തിളപ്പിച്ചു അതിന്റെ തട്ടിൽ കുമ്പിളുകൾ ശെരിക്കും ആവികേറത്തക്ക വിധം അടുക്കി അടച്ചുവെക്കും. താമസിയാതെ വീടുമൊത്തം കുമ്പിളിന്റെ മദിപ്പിക്കുന്ന കൊതിപ്പിക്കുന്ന മണം. ആഹാ ആ ഓർമ്മ തന്നെ നാവിൽ കപ്പലോടിക്കും.

പിറ്റേന്ന് രാവിലെയാണ് ഇത് കഴിക്കേണ്ടത്, നേരം വെളുക്കുമ്പോൾ ചായയുടെ കൂടെ ഈ കുമ്പിൾ ഇലയുടെ മണം മൊത്തം ചേർന്ന ഒരു കുമ്പിൾ അപ്പം. കാലം മാറി. പഴയ അയലോക്കങ്ങൾ ഒക്കെ അകലങ്ങളിലായി പുതിയ ആൾക്കാർ വന്നു. പ്ലാവുകൾ ഒക്കെ വെട്ടി വീടുകൾ നിരന്നു. എങ്കിലും എവിടേലും ചക്ക വിളഞ്ഞു എന്നുകേട്ടാൽ അമ്മച്ചിക്കു ഇപ്പോഴും സ്വസ്ഥത കേടാണ്. മുറിച്ചു മാറ്റപ്പെടാത്ത പ്ലാവുകൾ ഇപ്പോഴും കായ്ക്കുന്നുണ്ടാവും എന്നാലും സാലിച്ചേച്ചിയും ശോശാമ്മ മമ്മിയും ലൈലമാമിയും സൂറാമ്മച്ചിയും ഇല്ലാത്തതുകൊണ്ട് ഈ ചക്ക കാലത്തിനൊരു സുഖം പോരാ. ഇട്ടാവട്ട സ്ഥലത്തു അല്ലലില്ലാത്ത വളർന്ന ഞാൻ അമ്മച്ചിയുടെ ആഗ്രഹം പോലെ അത്യാവശ്യം പറമ്പും പ്ലാവും മാവും ഉള്ള നാട്ടിലെ വീട്ടിലെ മരുമകളായി. എല്ലാ വർഷവും കായ്ക്കുന്ന പ്ലാവുകൾ ഓർമകളുമായി കണ്ണുകൾ നിറയ്കുമ്പോൾ പഴുത്ത ചക്ക അടത്തി ഞാൻ കുമ്പിൾ ഉണ്ടാക്കും. കുമ്പിളപ്പം തിന്നാൻ ഉള്ള കൊതി മാത്രമല്ല കുമ്പിൾ ഇല എടുക്കുമ്പോൾ തൊട്ടു പഴയ ഓർമ്മകൾ ഓടിയെത്തും അതിൽ പ്രിയപെട്ടവരുണ്ട്. എന്റെയും ഒരേ ഒരു ആങ്ങളയുടെയും കുട്ടികാലമുണ്ട്. പഴയ കാലത്തിന്റെ പ്രൗഡിയുണ്ട് ഇല്ലായ്മയുടെ തേങ്ങലുണ്ട്.

……. ….. …..

എന്താണ് അമ്മി കുമ്പിൾ അപ്പം വായിൽ വെച്ച് കുന്തം പോലിരിക്കുന്നത് ?അഞ്ചു വയസുകാരി മകളുടെ ചോദ്യത്തിൽ ഞെട്ടി ഉണരവെ ഭൂതകാലം ഓടിയൊളിച്ചു. പ്രായം അഞ്ചു കഴിഞ്ഞതേ ഉള്ളുവെങ്കിലും അവടെ നാക്കു അത്തച്ചിയുടെ മരിച്ചുപോയ അമ്മായേ ഓർപ്പിക്കും. അത്രയ്ക്ക് നീളമുണ്ട്‌.

അമ്മി അമ്മിയുടെ കുട്ടിക്കാലം ഓർത്തുപോയെന്നു പറഞ്ഞപ്പോൾ അവൾക്കു അപ്പോൾ കേക്കണം. ഇന്ന് കഥയും കേട്ടിരുന്നാൽ നാളത്തെ അവളുടെ മലയാളം പരീക്ഷ ചക്ക തലയിൽ വീണപോലാകും അതോണ്ട് ഇല്ലാത്ത ദേഷ്യം അഭിനയിച്ചു പോയി പഠിക്കടി എന്ന് പറഞ്ഞു എഴുനേറ്റുപോയപ്പോൾ പുറകിൽ നിന്നും അവടെ പിറുപിറുക്കൽ വിത്തുഗുണം പതിനഞ്ചു ഗുണമെന്നു. സാദാ ഉള്ള ഗുണത്തിന്റെ കൂടെ അഞ്ചു ദുർഗുണം അവൾ വക എനിക്ക് സ്പെഷ്യൽ.

ഈ പുള്ളോരേ ആരാണോ ഈ പഴചൊല്ലൊക്കെ പഠിപ്പിച്ചു തല തിരിച്ചു വിടുന്നത്…?