ആദ്യ പ്രണയം അഥവാ ഫസ്റ്റ് ലവ്
രചന: Meera Saraswathi
ഒന്നാം ക്ലാസ് തൊട്ട് ആറു വരെ ഞാൻ പഠിച്ചത് നമ്മടെ നാട്ടിലെ സ്വന്തം ഗവണ്മെന്റ് സ്കൂളിൽ ആയിരുന്നു. ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടവും അത് തന്നെ.. അപ്പൊ അനിഭവിച്ച സ്വാതന്ത്ര്യവും രസവുമൊന്നും പിന്നെ അനുഭവിച്ചിട്ടുമില്ല..
എൽ പി സ്കൂളിൽ പഠിക്കുന്ന സമയങ്ങളിൽ റോഡരികിൽ ഒരുപാട് വഴിക്കച്ചവടക്കാർ ഉണ്ടാകും. മിക്കവാറും നമ്മൾ അണ്ണാച്ചിയെന്ന് വിളിക്കുന്ന തമിഴർ. അന്ന് ബംഗാളികളുടെ ഗൾഫായിരുന്നില്ല കേരളം, തമിഴരുടെതായിരുന്നു.. ചില്ലുപെട്ടിയും തോളിൽ തൂക്കിയെടുത്തു കയ്യിൽ എപ്പോഴും മുഴക്കികൊണ്ടുമിരിക്കുന്ന മണിയുമേന്തിയ പുല്ലുമിട്ടായിക്കാരനും സൈക്കിളിൽ ഐസുപെട്ടിയുമായി വരുന്ന ഐസുകാരനും ചെറിയ തോതിൽ വളയും മോതിരവും കമ്മലും ഒക്കെ റോഡിലെ ചാക്കിൽ നിരത്തി വെച്ചു വില്പന നടത്തുന്നവരും ദൈവത്തിന്റെയും സിനമതാരങ്ങളുടെയും ഫോട്ടോകൾ വില്കുന്നയാൾക്കാരുമൊക്കെ റോഡരികിലെ പതിവ് കാഴ്ചയായിരുന്നു.. പണ്ടേ പുല്ലുമിട്ടായിയും പാലൈസും കോലൈസുമൊക്കെ നമ്മൾക്കൊരു വീക്നെസ് ആയിരുന്നു. കച്ചറ വെള്ളം കൊണ്ടാ ഐസ് ഇണ്ടാക്കുന്നെ, ആരുടെയോ ഐസിൽ ചത്ത തവളേടെ കാൽ ഇണ്ടാർന്നു ഇങ്ങനുള്ള കിംവദതികളൊന്നും നമ്മുടെ വീക്നെസ്സിനെ തടയാൻ പോന്നതായിരുന്നില്ല.. ലഞ്ച് ബ്രേക്കിന് വീട്ടിൽ നിന്നും വരുമ്പോ ഉപ്പാപ്പനോട് കെഞ്ചി 50 പൈസ സ്വന്തമാക്കിയിട്ടുണ്ടാകും.. ആ പൈസ കൊണ്ട് വാങ്ങിക്കുന്ന ഐസും നുണഞ്ഞുഞങ്ങളങ്ങനെ സൊറപറഞ്ഞു സ്കൂളിലേക്ക് നടക്കും. എന്തൊരു രസായര്ന്നുന്നോ..
അങ്ങനൊരു നട്ടുച്ചയ്ക്കായിരുന്നു ഓനെ ആദ്യായിട്ട് കണ്ടത്.. നട്ടുച്ചക്ക് ഐസും വാങ്ങി തിരിഞ്ഞു നടക്കാനൊരുങ്ങവേ അവന്റെ സുന്ദരമായ ചിരിയും കുഞ്ഞു മീശയും കണ്ടപ്പോൾ ഒരു നിമിഷം ആലോചിച്ചു നിന്നു. അങ്ങനൊരാളെ കണ്ടതായിട്ടു ഓർക്കുന്നേയില്ല.
“അതാരാണെ??’’
അടുത്തു ഐസും നുണഞ്ഞു നിൽക്കുന്ന ഫസിയോട് ചോദിച്ചു..
“കുഞ്ചാക്കോബോബൻ.. പുത്യ സിൽമാ നടനാ’’
നല്ല മൊഞ്ചുണ്ട് പേരിലാണേൽ ഒരു വറൈറ്റിയും ഇണ്ട്.. ‘ഓൻ മുസ്ലിം ആകുവോ ബാബുന്ന് മുസ്ലിങ്ങൾക്കും പേരുണ്ടല്ലോ.. എന്നാലും ഈ കുഞ്ചാക്കൊന്ന് പറഞ്ഞാ ഏത് ജാത്യാണാവോ..’
ഇങ്ങനെയായി പിന്നീടുള്ള ചിന്തകൾ.. ചുരുക്കത്തിൽ നമ്മളോനെ പ്രേമിക്കാൻ തൊടങ്ങിന്ന്.. അങ്ങനെയിരിക്കെയാണ് നമ്മളാ നഗ്ന സത്യം മനസ്സിലാക്കിയത്.. എനിക്ക് മാത്രല്ല ഫസിക്കും ഫെരിക്കും ഓനോട് പ്രേമമാണ്.. ഒരു ഒമ്പതു വയസ്സുകാരിയുടെ കുഞ്ഞു പ്രണയത്തിലെ ആദ്യത്തെ നോവ്..
അന്നത്തെ കുട്ട്യോൾടെ പ്രധാന ഹോബി തീപ്പെട്ടിച്ചിത്ര ശേഖരണം സ്റ്റാമ്പ് ശേഖരണം വാപ്പ ഗൾഫിലുള്ള പിള്ളേരുണ്ടെങ്കിൽ നാണയ ശേഖരണം എന്നിവയൊക്കെയായിരുന്നു. നമ്മള് മൂന്നുപേരും കൂടി പുതിയൊരു ഹോബി തുടങ്ങി.. നടന്മാരുടെ ഫോട്ടോകൾ വെച്ചുള്ള പോസ്റ്റ് കാർഡുകൾ വഴിയരികിൽ വില്പനയ്ക്ക് ഉണ്ടാകാറുണ്ട്. അതിൽ ചാക്കോച്ചന്റേയും ശാലിനിയുടെയും ചിത്രങ്ങൾ അടങ്ങിയ കാർഡുകൾ തിരഞ്ഞുപിടിച്ച വാങ്ങാൻ തുടങ്ങി.. അതൊരു കുഞ്ഞു ആൽബത്തിൽ സൂക്ഷിക്കുന്നതായി പിന്നെയുള്ള ഹോബി..
അങ്ങനെ കോലൈസും പാലൈസുമൊക്കെ പതിയെ പതിയെ ത്യജിച്ചു..പിന്നീടുള്ള പോക്കറ്റ് മണികളൊക്കെ ചാക്കോച്ചന്റെ ഫോട്ടോയ്ക്കുള്ളതായിരുന്നു.. രണ്ടുർപ്യയായിരുന്നു ഒരു ഫോട്ടോയ്ക്ക്.. മൂന്ന് പേരും കൂടി ദിവസവും എങ്ങനേലും രണ്ടുരൂപ സമ്പാദിച്ചു ഫോട്ടോശേഖരിച്ചു പോന്നു.. ആൽബം ഇടയ്ക്കിടെ മറിച്ചു നോക്കി നിർവൃതിയടഞ്ഞു, എങ്കിലും എങ്ങനേലും അനിയത്തിപ്രാവ് കാണണം എന്നത് എന്റെയൊരു ഇമ്മിണി വലിയൊരു ആഗ്രഹമായി. ദിവസവും പത്രത്തിലെ ചാനൽ പരിപാടികൾ അരിച്ചുപെറുക്കും .. അങ്ങനെ അനിയത്തിപ്രാവ് ഏഷ്യാനെറ്റിന്റെ മൂവി കോളത്തിൽ വന്നു..
നമ്മളങ്ങനെ അനിയത്തിപ്രാവ് കാണാനുള്ള പ്ലാനുകളെല്ലാം നടത്തി.. വീട്ടിൽ ടീവി ഇല്ലാത്തതിനാൽ ഫസിന്റെ വീട്ടിൽ നിന്നു വേണം കാണാൻ.. ഇതൊന്നും ചെറിയോരു കാണേണ്ടതല്ലാ പോയി കളിച്ചേ എന്നും പറഞ്ഞു നമ്മള് പിള്ളേരെ ഇക്കാക്കമാരും മാമന്മാരുമൊക്കെ നൈസ് ആയിട്ട് ഓടിച്ചു..
നമ്മളോടാ അവരുടെ കളി. കളിക്കാനാണെന്നും പറഞ്ഞു അവളുടെ വീടിന്റെ മുകളിലെ നിലയിൽ നമ്മൾ മൂന്നും കയറിപറ്റി.. ആരും കാണാതെ സ്റ്റയർക്കസിന്റെ പുറകിൽ ഇരുന്നു.. അവിടെയാകുമ്പോ നമ്മളെ ആരും കാണുകയുമില്ല സുഖായിട്ടു മൂവി കാണാനും പറ്റും. അന്നു മൂവി കണ്ടു കഴിഞ്ഞപ്പോൾ ചാക്കോച്ചനോടുള്ള പ്രണയവും കൂടി.. ചാക്കോച്ചന്റെ സിനിമകളൊക്കെ ടീവിയിൽ വന്നാൽ പിന്നീട് വിടാതെ കാണും.
അങ്ങനെ കുറച്ചു കാലം കഴിഞ്ഞു നാട്ടിലെ ടൈലറിങ് കടയിൽ പോയപ്പോൾ ഒരു സിനിമ മാസിക കണ്ടു.. ചാക്കോച്ചനായിരുന്നു മുഖചിത്രം.. കൗതുകത്തോടെ എടുത്തു നോക്കിയപ്പോഴാണ് അതിന്റെ തലക്കെട്ട് ശ്രദ്ധയിൽ പെട്ടത്. കുഞ്ചാക്കോബോബൻ വിവാഹിതനാകാൻ പോകുന്നുവെന്ന്. തലകറങ്ങുന്നത് പോലെ തോന്നിപ്പോയി.. അന്നെങ്ങാനും പ്രിയാചാക്കോച്ചനെ കയ്യിൽ കിട്ടിയാൽ തച്ചു വലിച്ചു നീട്ടിപ്പരതി ചുമരിൽ ഒട്ടിച്ചേനെ.. അത്രയ്ക്ക് കലിപ്പായിരുന്നു അവരോട്.. അതോടെ നമ്മളെ ആദ്യ പ്രണയം മരിച്ചു വീണു..
പതിയെ പതിയെ ആരും പിന്നെ ശേഖരിച്ചു വെച്ച ആല്ബങ്ങളൊന്നും നോക്കാതെയായി. ചാക്കോച്ചന്റെ സിനിമയുടെ എണ്ണവും കുറഞ്ഞു വന്നു.. പിന്നെ ചക്കോച്ചനെ സിനിമകളിലൊന്നും കാണാതായപ്പോൾ ഒക്കെയും മറന്നു..
കാലം പിന്നെയും കടന്നുപോയി.. കൗമാരക്കാരിയുടെ പ്രണയ ചിന്തകളും മാറിയും മറിഞ്ഞുമിരുന്നു.. അങ്ങനെ ഫെരിയുടെ കല്യാണം വന്നെത്തി. കല്യാണം പ്രമാണിച്ചു വീടു വൃത്തിയാക്കിയിടുന്നതിനിടയിൽ കത്തിക്കാനായി നീക്കിവെച്ച കടലാസുകളുടെയും പുസ്തകങ്ങളുടെയും ഇടയിൽ ചാക്കോച്ചന്റെ ഫോട്ടോകൾ നിറച്ച ആൽബങ്ങൾ എത്തിനോക്കുന്നത് കണ്ടു. അപ്പോഴേക്കും അവയോടുള്ള ആവേശമൊക്കെ അവസാനിച്ചിരുന്നു..
അനിയത്തിപ്രാവ് ഇറങ്ങിയ നാളുകളിൽ കേരളത്തിലെ യുവതികൾക്ക് ചാക്കോച്ചൻ ഒരു ഹരം തന്നെയായിരുന്നു. എന്നെപ്പോലുള്ള കൊച്ചു പെൺകുട്ടികൾ വരെ ചക്കോച്ചനെ പ്രണയിച്ചിരുന്നുകാണും..
മിക്ക പെങ്കുട്ട്യോൾക്കും കാണും ഇങ്ങനൊരു കുഞ്ഞു പ്രണയം അല്ലെ..ചിലപ്പോൾ നമ്മൾ കണ്ട സിനിമയിലെ നടൻമാർ അല്ലെങ്കിൽ ആ കഥാപാത്രം അങ്ങനെ. ന്റെ ഷുട്ട്‌സിനു ഇഷ്ടം നമ്മളെ കൊഹ്‌ലിയെ ആണ്..ടീവിയിൽ വരുന്ന പരസ്യം കണ്ടിട്ടാകാനാണ് ചാൻസ്.. പക്ഷെ എന്നെപോലെയൊന്നും അല്ല, അവൾക് അനുഷ്കയെയും ഇഷ്ടാണ്..യൂട്യൂബിൽ അവരുടെ കല്യാണത്തിന്റെ വീഡിയോ കാണണം എന്നും പറഞ്ഞു വന്നു എന്റെയടുക്കൽ..
നിങ്ങൾക്കും ഉണ്ടാകില്ലേ ഇങ്ങനുള്ള ഓർമ്മകൾ? ഒക്കെ ഓർക്കാനൊരു രസം അല്ലെ?!!