നിൻ ചാരെ ~ രചന: ദേവ സൂര്യ
മുഖത്തേക്ക് ചിന്നിച്ചിതറിയ മഴത്തുള്ളികളാണ് അവനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത്….. പതിയെ ചുറ്റുമൊന്നു മിഴിവുറ്റി…… മഴ ചിണുങ്ങി പൊഴിയുന്നുണ്ട്……
പാഞ്ഞോടുന്ന ബസ്സിനോട് മത്സരിച്ചു മരങ്ങളും പിന്നിലേക്ക് ഓടിയൊളിക്കുന്നു…. തുരുമ്പ് പിടിച്ച കമ്പിയിൽ കൈകൾ ചേർത്ത് തല ചരിച്ചു ചാഞ്ഞിരുന്ന് പുറത്തേക്ക് മിഴികൾ പായിച്ചു……..
“”മാമ്പള്ളി……. മാമ്പള്ളി””………
കണ്ടക്ടറുടെ നിലവിളിയിൽ ദൃതിയോടെ ഞെട്ടിപ്പിടന്നെഴുന്നേറ്റു…. ബസ്സിൽ നിന്നിറങ്ങുമ്പോളും മനസ്സിൽ ഒരു അഞ്ചു വയസ്സുകാരൻ വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തുവാൻ കാട്ടുന്ന വ്യഗ്രതയോടെ തുള്ളിച്ചാടുന്നുണ്ടായിരുന്നു…
പാടത്തിനു കുറുകെയുള്ള കാവിയിൽ പൊതിഞ്ഞ ചെമ്മൺ പാതയിലൂടെ നടക്കുമ്പോളും അറിയാതെ കാലിടറുന്ന പോലെ…… ദൂരെ നിന്നെവിടെന്നോ പുള്ളുവൻ പാട്ട് ഒഴുകിയെത്തുന്നു…….
തിറ കെട്ടി എതിരെ വരുന്നവരെ ഒരുവേള അത്ഭുതത്തോടെ നോക്കി….. വർഷം ഏറെയായിരിക്കുന്നു….. മനം കുളിരും ഇത്തരം കാഴ്ചകളൊക്കെ കണ്ടിട്ട്……..തിറ കെട്ടി പോകുന്നവർക്ക് പിന്നാലെ കൗതുകത്തോടെ മുട്ടറ്റം നീളുന്ന വള്ളി ട്രൗസറിട്ട….. ആ പീക്കിരിയെ കണ്ടപ്പോൾ തന്റെ കണ്ണിലും ഒരു അഞ്ചുവയസ്സുകാരൻ തെളിഞ്ഞു വന്നു…… ഓർമകളിൽ നിന്നെവിടെന്നോ ഒരു പത്തുവയസ്സുകാരൻ നിഷ്കളങ്കമായി പുഞ്ചിരി തൂകിനിൽക്കുന്നു..അതിന് പ്രതിഫലനമെന്നോണം തന്റെ ചുണ്ടിലും ഒരിളം പുഞ്ചിരിവിരിഞ്ഞു….
“””കൗതുകത്തോടെ മേശമേലിരുന്ന ചില്ല്ഗോളത്തിലെ മഞ്ചാടിമണികളിൽ കണ്ണുകളുടക്കി….. ചുറ്റുമാരുമില്ല എന്ന് തീർച്ചപ്പെടുത്തി പമ്മി പമ്മി കൈയ്യെത്തിച്ചു അവയെടുത്തു തിരിച്ചും മറിച്ചും നോക്കുന്ന അഞ്ചു വയസ്സുകാരൻ “””……
ഡാാ……..അലർച്ച കേട്ടമാത്രയിൽ ഞെട്ടലോടെ കൈയിലിരുന്ന ചില്ല്ഗോളം താഴെ വീണ് ചിന്നിച്ചിതറി…..ആ കണ്ണുകളിൽ ദേഷ്യത്തിനപ്പുറം സങ്കടായിരുന്നു കാണാൻ കഴിഞ്ഞത്……. ഓടി വന്ന് മുട്ടുകുത്തിയിരുന്ന് ചില്ലുകൾക്കിടയിൽ നിന്നും മഞ്ചാടി പെറുക്കുന്നവനെ ആശ്ചര്യത്തോടെ നോക്കി നിന്നു……ആ കണ്ണുകളിൽ നിന്ന് ഇടയ്ക്കിടയ്ക്ക് മിഴിനീർ തുള്ളിതുളുമ്പുന്നുണ്ട്….അടുത്തേക്കായി വരുന്ന കാൽപ്പെരുമാറ്റം ഇരുവരിലും ഭീതിയുണർത്തിയിരുന്നു……….
ഒന്ന് ചിന്തിക്കുന്നതിനു മുൻപ് തന്നെ തട്ടുമ്പുറത്തു സൂക്ഷിച്ചിരുന്ന ചൂരലിന്റെ മധുരം താൻ നുകർന്നിരുന്നു……
“”””തല്ലല്ലേ അച്ഛാ…… അവനല്ല ചെയ്തേ… ഞാനാ….. തന്നെ പിടിച്ചു മാറ്റി കൊണ്ട് പറയുന്നവനെ ഒന്നും മനസ്സിലാവാതെ താൻ നോക്കി നിന്നു….. തന്നെ നോക്കി കണ്ണുചിമ്മും മുൻപേ….. ആ പത്തുവസ്സുകാരനും ചൂരൽ മാധുര്യമറിഞ്ഞിരുന്നു””””……
“”””തരുന്ന സമ്മാനം സൂക്ഷിക്കാൻ ഒരു മനസ്സുണ്ടാവണേൽ ആദ്യം തരുന്നവർക്കു ഒരു വിലകല്പിക്കണം കേട്ടോടാ….എരണംകെട്ടവനെ “”””…….ആഞ്ഞടിക്കുന്നതിനിടയിലും അച്ഛനിൽ നിന്നേറ്റ പരുഷമായ വാക്കുകൾ നിറമിഴിയാലേ കേൾക്കുന്ന കുഞ്ഞേട്ടനോട് സഹതാപവും… സ്നേഹവും തോന്നി…… ഒപ്പം തന്നെ കുറ്റബോധത്തിന്റെ കണികയും ആ അഞ്ചുവയസ്സുകാരനിൽ വന്ന് നിറഞ്ഞിരുന്നു……..
എന്നും തനിക്കു വേണ്ടി വഴക്ക് കേട്ടിരുന്നതും തല്ല് വാങ്ങിയിരുന്നതും കുഞ്ഞേട്ടനായിരുന്നു. തങ്ങളും വള്ളിനിക്കറിട്ട നടന്നിരുന്ന കാലം മുതൽക്കേ തോന്നിത്തുടങ്ങിയതാണ് മനസ്സിൽ ചില സംശയങ്ങൾ…….
“””എന്താണ് കുഞ്ഞേട്ടനോടെ അച്ഛനിത്ര ദേഷ്യം…… നല്ല മാർക്ക് വാങ്ങിയാലോ… കലോത്സവത്തിന് നല്ല സമ്മാനം കിട്ടിയാലോ…. ഓടിവന്ന് അച്ഛനോടും അമ്മയോടും പറയുമ്പോൾ സന്തോഷത്തോടെ കുഞ്ഞേട്ടന്റെ കൈകളിൽ തൂങ്ങുന്നതിനിടയിലും ഇടംകണ്ണിട്ടു ഇരുവരെയും നോക്കുമായിരുന്നു ഞാൻ……നിറകണ്ണോടെ കുഞ്ഞേട്ടനെയോർത്തു പുഞ്ചിരി തൂവിനിൽക്കുകയാണമ്മയെങ്കിൽ…. ഗൗരവം എന്ന സ്ഥായിഭാവമായിരിക്കും അച്ഛനിൽ “””…….
ഒരിക്കൽ മേലെ അമ്പലത്തിൽ പകൽപ്പൂരം കാണാനായി പോയപ്പോൾ കുഞ്ഞേട്ടന്റെ കൈയ്യും പിടിച്ച് കൗതുകത്തോടെ ആപ്പിള് ബലൂണും മരംകേറി കുരങ്ങും നോക്കി നിൽക്കെ…. അച്ഛൻ ഒരുകൂട്ടം കവർ കുഞ്ഞേട്ടനായി നീട്ടി…… അന്നാദ്യമായിഅച്ഛനിൽ കുഞ്ഞേട്ടനോടായി ഒരു പുഞ്ചിരി വിരിയുന്നത് കൗതുകത്തോടെ താൻ കണ്ടു…….
താൻ ആഗ്രഹിച്ചതൊക്കെ കവറിനുള്ളിൽ കണ്ടതിന്റെ സന്തോഷത്തിനിടയിലും ചില്ലുഗോളത്തിലെ മഞ്ചാടിമണികളെ കൗതുകത്തോടെ കുലുക്കി നോക്കുന്ന കുഞ്ഞേട്ടനെ താൻ നോക്കി നിന്നിരുന്നു….. അച്ഛനിൽ നിന്നും കുഞ്ഞേട്ടന് കിട്ടിയ സമ്മാനമാണ് അതെന്ന് അറിവില്ലാത്ത പ്രായത്തിലും തനിക്ക് മനസ്സിലായിരുന്നു….. ആ മനസ്സിനൊപ്പം തന്റെ മനസ്സും സന്തോഷത്താൽ പെയ്തിരുന്നു….. ആ സന്തോഷമാണ് താൻ കാരണം കുഞ്ഞേട്ടന് നഷ്ടപെട്ടത്…… ഭൂതം നിധി കാക്കും പോലെ കുഞ്ഞേട്ടൻ കൊണ്ടു നടന്ന ചില്ലുഗോളം ഒരുനിമിഷം കൊണ്ട് തകർത്തു എന്നത് തന്റെ തലയെ അന്ന് ഭ്രാന്ത് പിടിപ്പിച്ചിരുന്നു…..
പന്ത് കളിക്കാൻ പോകുമ്പോഴും… സന്ധ്യക്ക് വിളക്ക് വക്കുന്നതിനിത്തിരി വൈകിയാൽ അന്ന് കുഞ്ഞേട്ടന് ചൂരൽ കഷായമായിരുന്നു….. അതെ സമയം താൻ കൊല്ലപരീക്ഷക്കു രണ്ട് വിഷയത്തിന് തോറ്റപ്പോൾ….. “””സാരമില്ല ശ്രമിക്ക്””…..എന്ന് ഗൗരവത്തോടെ പറഞ്ഞിറങ്ങി പോയ അച്ഛനിന്നും തനിക്ക് അത്ഭുതമാണ്…..
ഡിഗ്രി ഫസ്റ്റ് റാങ്കും…. കോളേജ് ടോപ്പേറും ആയിരുന്ന കുഞ്ഞേട്ടനോട് വീട്ടിലേയും പാടത്തേയും കൃഷിപ്പണി നോക്കിനടന്നാൽ മതിയെന്ന് അച്ഛൻ കല്പിക്കുമ്പോൾ കുഞ്ഞേട്ടനുണ്ടാവേണ്ടിയിരുന്ന നീരസം തനിക്കായിരുന്നു….. എന്നാൽ വിനീതനായി ചെറുപുഞ്ചിരിയോടെ അനുസരിച്ച കുഞ്ഞേട്ടനെ അവിശ്വസിനീയതയോടെയാണ്.. താൻ നോക്കി നിന്നത്…….
അതേസമയം.. പ്ലസ് ടു കഴിഞ്ഞപാടെ പി. എസ്. സി കോച്ചിങ്ങിനു വിട്ട് ഒരു ജോലി സമ്പാതിക്കാൻ തനിക്ക് കൂട്ടുനിന്നതും… ഉത്സാഹം കാണിച്ചതും…തന്നെകാളേറെ വാശികാണിച്ചതും ആ കൃഷിപ്പണിക്കാരൻ തന്നെയായിരുന്നു……
ചിന്തകൾ ഓർമ്മയുടെ വാതിൽ തുറന്ന് തിരച്ചിൽ നടത്തിയപ്പോളേക്കും……അറിയാതെ ഏറെ ദൂരം താൻ പിന്നിട്ടിരുന്നു….
പടിപുരവാതിൽ കടക്കുമ്പോഴേ കണ്ടു…..മുറ്റത്തു നാട്ടുവളർത്തിയ പയർവള്ളികളോട് എന്തൊക്കെയോ പിറുപിറുക്കുന്ന കുഞ്ഞേട്ടനെ…ഇട്ടിരിക്കുന്ന ബനിയനിൽ അങ്ങിങ്ങായി പടർന്ന ചളിപാടുകൾ…. ഒരു കാവിമുണ്ട് മടക്കികുത്തിയാണ് നിൽപ്പ്….. മേലാകെ വിയർപ്പ് തുള്ളികളാൽ പ്രകാശിക്കുന്നു…. തിരിഞ്ഞു നോക്കി തന്നെ കാൺകെ ആ കണ്ണുകൾ വിടർന്നു….. തലയിൽ കെട്ടിയ തോർത്തുമുണ്ട് അഴിച്ചു മുഖമാകെ തുടച്ചുകൊണ്ട് വരുന്നു……
ഓടിച്ചെന്ന് ആ മാറിലേക്ക് ഇറുകിപ്പുണരുമ്പോൾ ഉള്ളിലേക്ക് ഇരിച്ചു കയറുന്ന വിയർപ്പിന്റെ സുഗന്ധം… ആവേശത്തോടെ മൂക്കിനുള്ളിലേക്കു ആഞ്ഞു വലിച്ചു കേറ്റി…….
“””ന്താ കുട്ടാ…. ഈ കാട്ടണെ…. ദേഹം അപ്പടി അഴുക്കാ…… നാറുന്നുണ്ടാവും ന്നെ””….തന്നെ പിടിച്ചു മാറ്റുന്ന കൈകളെ വീണ്ടും പുണർന്നു നിന്നു…….
രാവിലെയെത്തുംന്ന് പറഞ്ഞിട്ടെന്താടാ കുട്ടാ വൈകിയേ…..നീയാകെ ക്ഷീണിച്ചല്ലോ….. അവിടൊന്നും തിന്നാൻ കിട്ടുന്നില്ലെ നിനക്ക്…നീ ഉച്ചക്ക് എന്തേലും കഴിച്ചിരുന്നോ???…. വന്നേ ഊണ് കഴിക്കാം……അമ്മ എന്തൊക്കെയോ ഇണ്ടാക്കി വച്ചിരിക്കുണു….. ഉണ്ണിയപ്പമോ അച്ചപ്പമോ ന്തൊക്കെയോ…… നീ വന്നേ…. .തന്നെ പിടിച്ച് ഒറ്റശ്വാസത്തിൽ പറയുന്ന കുഞ്ഞേട്ടനെ കൗതുകത്തോടെ നോക്കി നിന്നു……..
“”ഹാ……. ഏട്ടനും അനിയനും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞൂച്ചാൽ ഇങ്ങട് കേറി വന്നേ””……. ശബ്‌ദം കേട്ട് നോക്കിയപ്പോൾ ഏട്ടത്തിയാണ്……സാരിത്തുമ്പ് ഇടുപ്പിൽ തിരുകി നേരെ തങ്ങൾക്കടുത്തേക്കായി വരുന്നു….. തന്റെ തോളിലെ ബാഗ് വാങ്ങി… മുഖമാകെ പരതി നോക്കുന്നു…….
“””ന്താടാ കുട്ടാ…… മുഖമാകെ വല്ലതിരിക്കുന്നെ….. ആകെ കോലം കേട്ടു ചെക്കൻ!!!……
പരാതി പറഞ്ഞ് തന്നേം ചേർത്ത് നടക്കുന്ന ഏട്ടത്തിയെ കാൺകെ അറിയാതെ മനസ്സ് പറയുന്നു ഏട്ടന് കിട്ടിയ ഭാഗ്യങ്ങളിൽ വിലപ്പെട്ടതാണ് ഏട്ടത്തിയെന്ന്..തനിക്ക് കിട്ടാതെ പോയ പെങ്ങളുടെ സ്നേഹം പകർന്നു തരുന്നവൾ….. അമ്മയെപ്പോലെ ലാളിക്കുന്നവൾ “””…….
“”””അമ്മേ… കുട്ടൻ വന്നു ട്ടോ…… “””ഏടത്തീടെ വിളിച്ചു കൂവൽ കേൾക്കെ അറിയാതെ തന്നിൽ അമ്പരപ്പ് വന്നു നിറഞ്ഞു….. പണ്ടൊക്കെ വീട്ടിൽ ഒച്ചയുയർത്തി സംസാരിച്ചാൽ കിട്ടുമായിരുന്നു വേണ്ടുവോളം ചൂരൽ കഷായം…. ഇന്നത്തെ ഈ മാറ്റം തന്നെ തെല്ലാശ്ചര്യപെടുത്തി…..
അമ്മയുടെ പരിഭവവും ലാളനയും ഏൽക്കുമ്പോളും തന്റെ കണ്ണുകൾ ആ ഇരുണ്ട മുറിക്കകത്തായിരുന്നു…….
നേരെ മുറി ലക്ഷ്യം വച്ച് നടന്നു….. കട്ടിലിൽ ജനലിനപ്പുറത്തേക്കു നോക്കി കിടക്കുന്ന അച്ഛനെ കാൺകെ അറിയാതെ ഉള്ളം വിങ്ങി……. ഭാര്യയെയും മക്കളെയും വിറപ്പിച്ചു മുൾമുനയിൽ നിർത്തിയ രാഘവൻ മാഷിന് ഇന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണമെങ്കിൽ അവർ മനസ്സ് വക്കണം…….. അറിയാതെ കണ്ണ് നിറഞ്ഞു തൂവി…….
അച്ഛനോട് ചേർന്നിരുന്നു ആ കൈകൾ കവരുമ്പോൾ ഒരു പുഞ്ചിരി തനിക്കായി നീട്ടി..ന്തൊക്കെയോ ചോദിക്കുന്നുണ്ട്… പക്ഷെ തനിക്കൊന്നും മനസ്സിലാവുന്നില്ല…. ഒരുദിവസം രാവിലെ എണീക്കാൻ നേരം വീണുപോയതാ…..
“””പക്ഷാഘാതം “””…. അതിന് ശേഷം ഇങ്ങനെയാ….. എന്തൊക്കെയായാലും അച്ഛന്റെ ഭാഷ ഇന്നിവിടെ ഒരാൾക്കേ മനസ്സിലാവൂ……””കുഞ്ഞേട്ടന് “””!!!……
കൊണ്ടുവന്ന ബാഗ് തുറന്ന് അത് ആ കൈകളിലേക്ക് വെക്കുമ്പോൾ ആ കണ്ണുകളിൽ താൻ ഒരു നീർത്തിളക്കം കാണുന്നുണ്ടായിരുന്നു….. ആ ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു…വിതുമ്പുന്നുണ്ടായിരുന്നു……..മൗനമായി….വളരെ മൗനമായി….
രാത്രി അത്താഴം കഴിക്കാൻ നേരവും കുഞ്ഞേട്ടൻ അച്ഛന് കഞ്ഞി കോരിക്കൊടുക്കുന്ന തിരക്കിലായിരുന്നു….തന്റെ നോട്ടം മുറിയിലേക്ക് നീളുന്നത് കണ്ടിട്ടാവണം ഏട്ടത്തി പറഞ്ഞു തുടങ്ങി….
“”കുട്ടൻ കഴിക്ക്…. ഏട്ടൻ അച്ഛന് കൊടുത്തിട്ടേ കഴിക്കുള്ളു… അച്ഛനാണേൽ ഏട്ടൻ കൊടുത്താലേ കഴിക്കൂ….. ന്റേം അമ്മേടേം കൈയ്യിന്ന് ഒരിറക്ക് കഴിക്കില്ല””… ഏടത്തീടെ വാക്കുകൾ നോവിനിടയിലും എവിടെയോ ഒരു കുളിരുണർത്തി……
“””””അച്ഛനാണേൽ ഏട്ടൻ കൊടുത്താലേ കഴിക്കൂ “”””…..വീണ്ടും ആ വാക്കുകൾ ഹൃദയത്തിൽ പ്രതിധ്വനിച്ചു…..കുളിരണിയിച്ചു……….
രാത്രി കിടക്കാൻ നേരവും മനസ്സിൽ എന്തോ ഒരു കുറ്റബോധം വന്ന് നിറയുന്ന പോലെ……തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും… ഉറക്കം വരുന്നില്ല…..പതിയെ എണീറ്റ് ഉമ്മറത്തേക്ക് നടന്നു…….
മുറ്റത്തെ തമസ്സിലേക്കുറ്റുനോക്കുമ്പോൾ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നു…..
രണ്ട് വർഷങ്ങൾ….. രണ്ട് വർഷമായി താൻ വീടുപേക്ഷിച്ചു സ്ഥലം മാറി പോയിട്ട്… വീണ്ടും ഇങ്ങോട്ടേക്ക് തന്നെ സ്ഥലമാറ്റം കിട്ടുമെന്ന് വിചാരിച്ചതല്ല……. പ്രാർത്ഥനകൾക്കൊക്കെ ഫലം കണ്ടിരിക്കുന്നു….
ഉള്ളിലെവിടെയോ വീണ്ടും ഒരു സമാധാനം വന്ന് നിറയുന്നതറിഞ്ഞു…….എന്നാലും മനസ്സിലെന്തോ ഒന്ന്……പക്ഷെ അറിയുന്നില്ല… എന്താണതെന്നു……മനസ്സിലെ കനത്തിന്റെ പൊരുൾ തേടി സഞ്ചരിക്കുമ്പോളാണ് അച്ഛന്റെ മുറിക്കകത്തു വെളിച്ചം ശ്രദ്ധിച്ചത്…….
ചെറുസംശയത്തോടെ അങ്ങോട്ടേക്ക് അറിയാതെ കാലുകൾ ചലിച്ചു……വാതികൾ പടിക്കൽ നിന്നും കണ്ട കാഴ്ച ആ വിങ്ങലിനെ ശമിപ്പിക്കാൻ ഒത്തവണ്ണമായിരുന്നു…….
“””അച്ഛന്റെ കൈകളിൽ താൻ രാവിലെ ഏല്പിച്ച ചില്ലുഗോളം….. അതിന്റെ മുകളിലായി കൈ പൊതിഞ്ഞുപിടിച്ചിരിക്കുന്നു കുഞ്ഞേട്ടൻ “”… ഇരുവരും കണ്ണുകളാൽ വാചാലരാവുന്നു….മിഴിനീർ മുത്തുകൾ മൗനം വെടിയുന്നു……
വിതുമ്പുന്ന അച്ഛന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിഞ്ഞുകിടക്കുന്നു…..
“””വിജയിച്ചവന്റെ പുഞ്ചിരി “””…….
കാർക്കശ്യത്തിലൂടെയും ഗൗരവത്തിലൂടെയും മൗനമായി സ്നേഹം തന്റെ മക്കളെ പഠിപ്പിച്ചു വിജയിച്ച ഒരു അധ്യാപകന്റെ പുഞ്ചിരി !!!!..
അപ്പോളും ചില്ലുഗോളത്തിനുള്ളിലെ മഞ്ചാടിമുത്തുകൾ തന്നെ നോക്കി കളിപറയുന്നു…
“””കണ്ടോടാ….എത്ര ദേഷ്യപ്പെട്ടാലും വഴക്കുപറഞ്ഞാലും അച്ഛനെന്നും….നിന്നെക്കാളേറെ ഇഷ്ടം കുഞ്ഞേട്ടനെയാ..നിന്റെ കുഞ്ഞേട്ടനെ “”””…..
അവസാനിച്ചു
ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്കായി ഒരു വാക്ക് കുറിക്കണേ 😊