ഒരു മാസം ആവുന്നേയുള്ളു ശാലിനി ഈ വീട്ടിൽ ജോലിക്കു വന്നു തുടങ്ങിയിട്ട്…

ശാലിനി ~ രചന: സൗമ്യ ദിലീപ്

അമ്പലത്തിലെ പാട്ടു കേട്ടാണ് ശാലിനി ഉണർന്നത്. നേരം പുലർന്നിരിക്കുന്നു. എന്നിടുന്നൊക്കെയോ കോഴി കൂവുന്ന ശബ്ദം. മുടി വാരി നെറുകയിൽ കെട്ടിവച്ച് കൈകൾ കൂപ്പി കണ്ണടച്ച് അവൾ ഒരു നിമിഷം പ്രാർത്ഥിച്ചു. ശേഷം അലസമായി കിടന്നിരുന്ന സാരി തലപ്പ് എടുത്ത് അരയിൽ കുത്തി. അടുക്കളയിലേക്ക് നടന്നു. അടുപ്പിലെ ചാരം വാരി. പട്ടയും ഓലക്കീറും കൊണ്ട് തീ കത്തിച്ചു. കലത്തിൽ വെള്ളം കോരി നിറച്ച് അടുപ്പിൽ വച്ചു. നാഴി കൊണ്ട് അരി അളന്നെടുത്തു. കലത്തിൽ ബാക്കി വന്ന അരിയിലേക്ക് നോക്കി. ഒരു പിടി കാണും. ഇന്ന് അരി വാങ്ങിയില്ലെങ്കിൽ എൻ്റെ മക്കൾ പട്ടിണിയാവും. ഒരു തുള്ളി കണ്ണീർ അരിയിലേക്കു വീണു. ശാലിനി എഴുന്നേറ്റ് അരി കഴുകി അടുപ്പത്ത് ഇട്ടു. മുറ്റത്തു കിടന്ന തേങ്ങ വെട്ടുകത്തി കൊണ്ട് പൊതിച്ചെടുത്തു. ഉടച്ച് ആ വെള്ളം കുടിച്ചു. തേങ്ങ ചിരവി 2 മുളക് അടുപ്പിൽ ചുട്ടെടുത്ത് ഉപ്പും പുളിയും കൂട്ടി ഒരു ചമ്മന്തിയരച്ചു. തൊട്ടടുത്ത അടുപ്പിൽ ചായയ്ക്ക് വെള്ളം വച്ച് മക്കളെ വിളിച്ചു.

3 മക്കളാണ് ശാലിനിക്ക്. മൂത്തയാൾ സവിത, 7-ാം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടാമത്തവൾ ശിവന്യ, അഞ്ചാം ക്ലാസിൽ. ഏറ്റവും താഴെ സുദേവ് രണ്ടാം ക്ലാസിൽ. മൂന്നു പേരെയും വിളിച്ചെണീപ്പിച്ച് പല്ലു തേക്കാൻ ഉമിക്കരിയും കൊടുത്ത് ശാലിനി വെള്ളം കോരി കുളിമുറിയിൽ കൊണ്ടു വച്ചു.സവിത കുളിക്കാൻ കയറി. അപ്പോഴേക്കും സുദേവ് കിണറ്റിൻ കരയിൽ കുളി കഴിഞ്ഞിരുന്നു. സവിതക്കു ശേഷം ശിവന്യയും കുളി കഴിഞ്ഞ് വന്നു. മൂന്നു പേർക്കും ഓരോ ക്ലാസ് ചായ കൊടുത്ത് കഞ്ഞി വിളമ്പിവച്ച് ശാലിനി കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മക്കു കുടിക്കാനുള്ള കഞ്ഞി സവിത എടുത്തു വച്ചിരുന്നു. കഞ്ഞി കുടിച്ച് മക്കൾക്കുള്ളത് പാത്രത്തിലാക്കി വച്ച് ശാലിനി പോകാനായി ഇറങ്ങി.

ഐ.ടി. പ്രൊഫഷണൽസ് ആയ വിനീതിൻ്റേയും, ദൃശ്യയുടേയും വീട്ടിലാണ് ശാലിനി ജോലിക്കു പോകുന്നത്. അവരുടെ 6 മാസം പ്രായമുള്ള മകനെ നോക്കാനും പിന്നെ അടുക്കളപ്പണിയും. ശാലിനി ചെന്നപ്പോൾ വിനീതും ദൃശ്യയും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. ഇരുവരും ശാലിനിയെ നോക്കി പുഞ്ചിരിച്ചു. അവൾ നേരെ അടുക്കളയിൽ കയറി തലേന്നത്തെ പാത്രങ്ങൾ കഴുകാൻ തുടങ്ങി. കുഞ്ഞിനുള്ള പാലൊക്കെ കാച്ചി വച്ചപ്പോഴേക്കും ദൃശ്യ ഇറങ്ങാറായി. “മാഡം, എനിക്കൊരു കാര്യം പറയാനുണ്ട് “

“ഉം, എന്താ?”

“അതു പിന്നെ, എനിക്ക് കുറച്ചു കാശ് വേണം.ശമ്പളത്തിൽ നിന്നും പിടിച്ചോളൂ.”

“നോക്കട്ടെ” ഒരൊഴുക്കൻ മട്ടിൽ പറഞ്ഞ് മോനെ ശാലിനിയുടെ കൈയിൽ ഏൽപ്പിച്ച് ദൃശ്യയും വിനീതും ഇറങ്ങി. കുഞ്ഞിൻ്റെ കാര്യങ്ങളും വീട്ടിലെ മറ്റു കാര്യങ്ങളുമായി ശാലിനി തിരക്കിലായി.

✨✨✨✨✨✨✨✨✨✨✨✨

ഒരു മാസം ആവുന്നേയുള്ളു ശാലിനി ഈ വീട്ടിൽ ജോലിക്കു വന്നു തുടങ്ങിയിട്ട്. ഭർത്താവ് ദിനേശൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.ഇത്ര നാൾ സ്വന്തം സഹോദരനാണ് ശാലിനിയേയും മക്കളേയും നോക്കിയിരുന്നത്. ഇക്കാരണത്താൽ അദ്ദേഹത്തിൻ്റെ വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ടായി. അവസാനം ശാലിനി തന്നെയാണ് ജോലിക്കു പോയിക്കോളാം എന്ന് ചേട്ടനോട് പറഞ്ഞത്. എങ്കിലും ചേട്ടൻ ഇടക്കിടെ വരുമായിരുന്നു. പക്ഷേ ഇനിയും ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നു തോന്നിയതു കൊണ്ട് ശാലിനി ചേട്ടൻ്റെ കൈയിൽ നിന്നും പൈസയൊന്നും വാങ്ങാറില്ലായിരുന്നു.

ഓരോന്നാലോചിച്ച് ഉച്ചയായി. കുഞ്ഞിനെ ഉറക്കി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേൾക്കുന്നത്. കൈ കഴുകി വാതിൽ തുറന്നപ്പോൾ സാറാണ്. വാതിലടച്ച് അടുക്കളയിൽ ചെന്ന് ബാക്കി ജോലികൾ തീർക്കുന്നതിനിടയിലാണ് പുറകിലൂടെ ഒരാൾ വന്ന് അരക്കെട്ടിൽ പിടിച്ചത്. ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ സാർ മുന്നിൽ നിൽക്കുന്നു.കൈയിൽ കുറച്ച് കാശുമുണ്ട്. “ഇതു വച്ചോ, നിനക്കെന്തോ ആവശ്യമുണ്ടെന്നു പറഞ്ഞില്ലേ.ഞാൻ പൈസ തന്ന കാര്യം ദൃശ്യ അറിയണ്ട. പകരം നീ എൻ്റെ കൂടെ കുറച്ചു സമയം ഇരുന്നാ മതി.” ഒരു വഷളൻ ചിരിയോടെ പറഞ്ഞയാൾ എന്നിലേക്ക് കൂടുതൽ ചേർന്നു നിന്നു. മനസിലപ്പോൾ വെറുപ്പോ ദേഷ്യമോ സങ്കടമോ അങ്ങനെ ഒരായിരം വികാരങ്ങൾ പിറവിയെടുത്തു. തീ പൊള്ളലേറ്റ പോലെ അയാളെ തള്ളിമാറ്റി ഞാൻ വീട്ടിലേക്കോടി. മക്കൾ വന്നിട്ടുണ്ടായിരുന്നില്ല. ദിനേശേട്ടൻ്റെ ഫോട്ടോ നോക്കി ഒരു പാട് കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മക്കൾ വന്നു. അവർക്കുള്ള ചായകൊടുത്തു. നാളെ എന്തു ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുന്ന നേരത്താണ് പടിക്കൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. എഴുന്നേറ്റു ചെന്നു നോക്കും മുൻപേ ബൂട്ടിട്ട കാലുകൾ വീടിനകത്തു കയറിയിരുന്നു. ഒന്നും ചോദിക്കുകയും പറയുകയും ചെയ്യാതെ എന്നെയവർ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. മക്കൾ അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാരിലൊരാളോട് പോലീസുകാർ പറയുന്ന കേട്ടു ഞാൻ വേലക്കു നിക്കുന്ന വീട്ടിലെ പൈസ മോഷ്ടിച്ചെന്ന്. കാതിൽ കേട്ട പച്ചകള്ളം വിശ്വസിക്കാനാകാതെ പ്രജ്ഞയറ്റവളെ പോലെ ഞാനാ ജീപ്പിൽ ഇരുന്നു. കരഞ്ഞു കൊണ്ടോടി വരുന്ന മക്കളെ നിറഞ്ഞ കണ്ണിനു മുൻപിൽ ഒരു നിഴലായ് ഞാൻ കണ്ടു. എന്നേയും വഹിച്ചു കൊണ്ട് ജീപ്പ് സ്റ്റേഷനിലെത്തി. എന്നെ ചോദ്യം ചെയ്യലായിരുന്നു അടുത്ത പടി. പണം എവിടെ ഒളിപ്പിച്ചെന്നും ചോദിച്ച്. ഒരു പാട് മർദനമേറ്റ് ചോര പൊടിയുന്നുണ്ടായിരുന്നു. നാവ് വരണ്ടിരുന്നു. ഒരക്ഷരം ഉരിയാടാനോ നിവർന്നു നിൽക്കാനോ പോലും ഞാൻ അശക്തയായിരുന്നു. എന്നിൽ നിന്നും മറുപടി കിട്ടാതെ പോലീസ് കാർ പോയി. ഇരുട്ടിന് കനം കൂടി വന്നു. എൻ്റെ മക്കളെ കുറിച്ചുള്ള ആധിയിൽ ചുമരും ചാരി ഞാനിരുന്നു. ഒരു മുരടനക്കം കേട്ട് തലപൊക്കി നോക്കിയപ്പോൾ അതയാളാണ്. ഞാൻ പൈസ മോഷ്ടിച്ചന്നു പറഞ്ഞ പോലീസു കാരൻ . കൂടെ എൻ്റെ മുതലാളിയും ഉണ്ടായിരുന്നു. എന്നെ നോക്കി പുച്ഛത്തോടെ ഒന്നു ചിരിച്ചിട്ട് അയാൾ പോലീസുകാരനോട് എന്തൊക്കെയോ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അയാൾ പോയി. ഞാനാ ചുമരിൽ ചാരിയിരുന്നു.

നേരം നന്നായി വെളുത്തിരുന്നു എന്നെ ഒരാൾ തട്ടി വിളിക്കുമ്പോൾ . ശരീരമാകെ അസഹ്യമായ വേദന. പതിയെ കണ്ണു തുറന്നു.നോക്കിയപ്പോൾ വനിതാ പോലീസാണ്. എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. സാറിനു ദയ തോന്നി വിട്ടതാണത്രെ.ഒപ്പം ഒരുപദേശവും, ഇനി മേലിൽ മോഷ്ടിക്കരുതെന്ന്. അവരെ ഒന്നു നോക്കി ഇറങ്ങി നടന്നു. ശരീരമാകെ വേദനിക്കുന്നു. നടക്കാൻ കഴിയുന്നില്ല. എങ്കിലും വേച്ചു വേച്ച് നടന്നു. കുടിക്കാൻ ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ……

ചുറ്റിനും നോക്കി. വഴിയരികിൽ നിന്ന പഞ്ചായത്തു പൈപ്പിൽ നിന്നും കുറച്ചു വെള്ളം ആർത്തിയോടെ കുടിച്ചു. മുഖം കഴുകി. ആകെ ഒരാശ്വാസം തോന്നി. വീണ്ടും നടന്നു. കവലയിലെത്തിയപ്പോൾ ചുറ്റുമുള്ള കടകളിലെ ആൾക്കാരൊക്കെ തന്നെ നോക്കുന്നു. മുഖങ്ങളിലെ ഭാവം. പേടിയോ, അറപ്പോ, അതോ കൗതുകമോ? വേർതിരിച്ചറിയാനാവാത്ത വിധം സമ്മിശ്ര ഭാവങ്ങളാണ് ഓരോ മുഖത്തും. ഒന്നും കാണാത്ത പോലെ നടന്നു.

വീടിനടുത്തെ ഇടവഴിയിലോട്ടു കയറുമ്പോൾ ഒരു കാർ തൻ്റെ നേരെ വരുന്നതു കണ്ടു. അതിലയാളായിരുന്നു. എന്നെ കള്ളിയാക്കിയവൻ. ഒന്നും മിണ്ടാതെ മുന്നോട്ടു നടന്ന എൻ്റെ മുന്നിൽ കയറി നിന്ന് അയാൾ വീണ്ടും കാശ് എൻ്റെ നേരെ നീട്ടി. എന്നിട്ട് വഷളച്ചിരിയോടെ പറഞ്ഞു ഒന്നൊരുങ്ങി നിൽക്ക് ഞാൻ വരാം എന്ന്. എതിർത്താൽ അറിയാമല്ലോ എന്നൊരു താക്കീതും തന്ന് എൻ്റെ കൈയിലോട്ട് കാശും വച്ച് തന്ന് അയാൾ പോയി. ചുരുട്ടി പിടിച്ച നോട്ടു കെട്ടുമായി ഞാൻ വീട്ടിലേക്കു നടന്നു. അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിരിക്കുകയായിരുന്നു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവണം അപ്പുറത്തെ വീട്ടിൽ നിന്ന് മക്കൾ ഓടി വന്നു. മൂന്നു പേരും വന്നെന്നെ കെട്ടിപ്പിടിച്ചു. ഞാനും അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. വേച്ചു വേച്ച് അടുക്കള യിലേക്ക് നടന്നു. ബാക്കിയുണ്ടായിരുന്ന ഒരു പിടി അരിയെടുത്ത് കഞ്ഞി വച്ചു. മക്കൾക്കു കൊടുത്തു. അവർ കഴിക്കുന്നതും നോക്കി ഇരുന്നു. അവരുടെ വിശപ്പടങ്ങിയ നിർവൃതിയിൽ ഞാൻ ചിരിച്ചു. അവരും എന്നെ നോക്കി പുഞ്ചിരിച്ചു. 10 നിമിഷം കഴിഞ്ഞില്ല, ആദ്യം പിടഞ്ഞു വീണത് ഇളയ മോനായിരുന്നു. അവനു പിന്നാലെ രണ്ടാമത്തെ മകൾ.ഏറ്റവും ഒടുവിൽ മൂത്ത മകൾ.അവരീ ഭൂമിയിൽ വന്ന ക്രമത്തിനു വിപരീതമായി ഓരോരുത്തരായി പിടഞ്ഞു തീർന്നു. സമയം പാഴാക്കിയില്ല. നന്നായി തേച്ചു കുളിച്ചു. ദിനേശേട്ടൻ വിവാഹം കഴിക്കുമ്പോൾ ഉടുത്തിരുന്ന പുടവ തന്നെ ഉടുത്തു. കണ്ണിൽ മഷിയെഴുതി. ചുവന്ന വട്ടപ്പൊട്ട് വച്ചു. അയാൾക്കു വേണ്ടി കാത്തിരുന്നു. അധികം വൈകുന്നതിനു മുൻപേ അയാൾ വന്നു. വാതിൽ തുറന്ന എന്നെ കണ്ടയാൾ മിഴിച്ചു നിന്നു. “നീ ഇത്ര സുന്ദരിയാരുന്നോ?” വഷളൻ ചിരിയുമായി നടന്നടുക്കുന്ന അയാളെ ഞാൻ ഇരു കൈയും വിടർത്തി സ്വീകരിച്ചു. അയാളെ ശ്വാസം മുട്ടുമാറ് കെട്ടിപ്പിടിച്ചു. വികാരത്തള്ളിച്ചയിൽ എന്നിലേക്കലിയാൻ നിന്ന അയാളുടെ കഴുത്തിൽ കൈയിലൊളിപ്പിച്ച കത്തി കൊണ്ട് ഞാൻ വരഞ്ഞു.

ആ…….എന്നൊരാക്രോശത്തോടെ പിറകിലേക്കയാൾ മലച്ചു വീണു. വീണു കിടന്ന അയാളുടെ നെഞ്ചിൽ ഞാൻ പിന്നെയും ആഞ്ഞു കുത്തി. ഒരുപാടു പ്രാവശ്യം.പിടഞ്ഞു പിടഞ്ഞാപ്രാണൻ നിലക്കുന്ന വരെ ഞാൻ എൻ്റെ കലി അവനിൽ തീർത്തു. അവനെനിക്കു തന്ന നോട്ടുകെട്ടുകൾ അവൻ്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു. ഒടുവിൽ എൻ്റെ മക്കൾ കുടിച്ചു ബാക്കി വച്ചു പോയ കഞ്ഞിയെടുത്ത് ഞാനും കുടിച്ചു. നിമിഷങ്ങൾക്കകം എൻ്റെ തലകറങ്ങി, കാഴ്ച മങ്ങി, ഞാൻ പിറകിലേക്കു മലച്ചു. പിന്നേ തോ നിമിഷത്തിൽ എൻ്റെ പ്രാണൻ എന്നെ വിട്ടകന്നു. ദൂരെ ഞാൻ കണ്ടു എന്നെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ടവരെ…………