കുറുക്കൻ ~ രചന: ഷിജു കല്ലുങ്കൻ
“ദേ റോയിച്ചാ ഒരു കാര്യം നേരെ അങ്ങോട്ട് പറഞ്ഞേക്കാം…. ഇനി മേലാൽ നീ എന്റെ റിയമോൾടെ പിന്നാലെ നടക്കരുത്…”
മുഖത്തടിച്ചതു പോലെ ടോമി പറഞ്ഞു. റോയിച്ചന്റെ മുഖം വിളറി വെളുത്തു പോയി.
ഞായറാഴ്ച പള്ളിയിൽ കഴിഞ്ഞ് ആളുകൾ കൂട്ടത്തോടെ ഇറങ്ങി വരുന്ന സമയമാണ്. പള്ളിയിൽ വരുമ്പോൾ മാത്രമാണ് റിയയെ ഒന്നു കാണാൻ പറ്റുക. ഫോണിലൂടെ സംസാരിക്കുമെങ്കിലും നേരിൽ കണ്ടു സംസാരിക്കുമ്പോൾ ഒരു സുഖം. പള്ളിയിൽ കഴിഞ്ഞ് മിക്കവാറും ദിവസങ്ങളിൽ പതിവുള്ളതാണ് അല്പനേരത്തെ കിന്നാരം പറച്ചിൽ. അതും കഴിഞ്ഞു വന്നു പെട്ടതോ നേരെ അവളുടെ പപ്പയുടെ മുന്നിൽ.
വീട്ടുകാർ തമ്മിൽ വാക്കൊന്നും പറഞ്ഞിട്ടില്ലെങ്കിലും എല്ലാവർക്കും അറിയാം റിയ റോയിക്കുള്ളതാണെന്ന്.
ഇപ്പോൾ പെട്ടെന്ന് റിയയുടെ അപ്പൻ ടോമി അങ്ങനെ പറഞ്ഞപ്പോൾ റോയിച്ചന് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല.
അവൻ ടോമിയുടെ പിന്നാലെ കൊച്ചുവർക്കിയുടെ ചായക്കടയിലേക്ക് കയറിച്ചെന്നു.
” ടോമിപ്പപ്പ അതെന്നാ അങ്ങനെ പറഞ്ഞേ..? ഞങ്ങള് തമ്മില് ഇഷ്ടം ആണെന്ന് എല്ലാർക്കും അറിയാവുന്നതല്ലേ..? “
ചെറുപ്പം മുതലേ കണ്ടു വളർന്നതുകൊണ്ട് സ്വന്തം അപ്പൻ കുര്യച്ചനെ പപ്പാ എന്നും ടോമിയെ ടോമിപ്പപ്പ എന്നുമാണ് റോയിച്ചൻ വിളിച്ചിരുന്നത്.
“ചതിയൻമാരുടെ കുടുംബത്തിലേക്ക് വിടാൻ എന്റെ വീട്ടിൽ പെണ്ണില്ലെടാ..മനസ്സിലായോ?”
ടോമിയുടെ ഒച്ച ഉയർന്നു. കടയിലുണ്ടായിരുന്നവരും പള്ളിയിൽ കഴിഞ്ഞു പോയിക്കൊണ്ടിരുന്നവരും ചാകര കിട്ടിയ സന്തോഷത്തോടെ ചുറ്റും കൂടി.
“എന്റപ്പനും ടോമിപ്പപ്പയും തമ്മിലുള്ള പ്രശ്നത്തിലേക്ക് ഞങ്ങളെ എന്തിനാ വെറുതെ വലിച്ചിഴക്കുന്നത്?” റോയിച്ചന് സങ്കടം വരുന്നുണ്ടായിരുന്നു.
“ഓ…. അങ്ങേര് നിന്റപ്പൻ തന്നെ ആണല്ലോ അല്ലേ… എന്നാ പോയി അങ്ങേരോട് പറയടാ ചെക്കന് കെട്ടാൻ പ്രായമായി, പെണ്ണിനെ അന്വേഷിച്ചു തരാൻ…”
” ഞാനും റിയയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ടോമിപ്പപ്പക്കും അറിയാവുന്നതല്ലേ…? “
” ഓഹോ…. ആയിരുന്നോ.. ദേ ഇപ്പൊ പറയുന്നു എനിക്ക് അറിയില്ലായിരുന്നു…ദാ ഇനിയങ്ങോട്ട് അറിയത്തും ഇല്ല….നീ എന്നാ ചെയ്യും..? “
റോയിച്ചൻ മറുപടി പറയുന്നതിനു മുന്നേ പുറത്തു നിന്ന് വിളി വന്നു.
“പൂയ്…. ടോമിച്ചോ… ദേ നമ്മടെ ആൾക്കാരെത്തി…”
ഒടക്കു സുനി!
നാട്ടിൽ നടക്കുന്ന സർവ്വ മംഗളകാര്യങ്ങൾക്കും എങ്ങനെയെങ്കിലും ഒടക്ക് വച്ചു മുടക്കാനുള്ള കഴിവുകൊണ്ട് നാട്ടുകാർ സുനിക്ക് ചാർത്തിക്കൊടുത്ത പേരാണ് ഒടക്കു സുനി!
എല്ലാരുടെയും ശ്രദ്ധ സുനിയുടെ നേർക്കായി.
സുനിയുടെ തൊട്ടു പിന്നിലായ് ഒരു ബ്ലാക്ക് കളർ എം ജി ഹെക്ടർ പതിയെ വന്നു നിന്നു.
ടോമി വീണ്ടും റോയിച്ചന്റെ നേർക്കു തിരിഞ്ഞു.
“എന്റെ മോളെ കെട്ടാൻ പോകുന്നവനാ ആ വണ്ടിയേൽ ഇരിക്കുന്നേ…. ഇപ്പൊ നെനക്ക് മനസ്സിലായല്ലോ ടോമി വെറും വാക്ക് പറയത്തില്ലെന്ന്…”
ഹെക്ടറിന്റെ ഫ്രണ്ട്സൈഡ് ഗ്ലാസ് താഴ്ത്തി കൈ ഉയർത്തിക്കാട്ടിയ സുന്ദരനായ ചെറുപ്പക്കാരനെ റോയിച്ചൻ കണ്ടു.
ജിൻസ്!
“ഈ പയ്യൻ രാവിലെ പള്ളിയിൽ ഉണ്ടാരുന്നല്ലോ… ഏതാ അവൻ?” ചായക്കടയിലിരുന്ന ആരോ ചോദിച്ചു.
“അതു നമ്മടെ ഒറ്റക്കാലൻ തങ്കച്ചന്റെ പെങ്ങടെ മോൻ അല്ലേ…. പാവം തന്തേം തള്ളേം ഇല്ല.. ഇവൻ വിദേശത്ത് എവിടെയോ ആണ്… ” കൊച്ചുവർക്കിയാണ് മറുപടി പറഞ്ഞത്.
ജിൻസിനെ തിരിച്ചു കൈ പൊക്കിക്കാട്ടിയിട്ട് ടോമി തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു പോയി. പിന്നാലെ ഹെക്ടറിൽ കയറി ഒടക്കു സുനിയും.
എന്തു ചെയ്യണമെന്നറിയാതെ അൽപനേരം പരുങ്ങി നിന്നിട്ട് റോയിച്ചൻ നേരെ വീട്ടിലേക്ക് ഓടി.
കുര്യച്ചൻ പള്ളിയിൽ കഴിഞ്ഞു വന്നിട്ട് ഒന്നുമറിയാതെ അപ്പവും പോത്തിറച്ചിയും വെട്ടി വിഴുങ്ങുകയായിരുന്നു. കുര്യച്ചന് അല്പം ഷുഗറിന്റെ അസുഖം ഉണ്ട്, വിശന്ന് ഒത്തിരി നേരം പിടിച്ചു നിൽക്കാനാവില്ല. കാലത്തേ പള്ളിയിൽ പോയാലും അവസാനത്തെ പ്രാർത്ഥന മുഴുമിപ്പിക്കാൻ നിൽക്കാതെ ‘ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞു കൂടാ’ എന്ന് പള്ളി നട ഇറങ്ങിക്കൊണ്ട് വിളിച്ചു പറഞ്ഞിട്ട് ഒറ്റ ഓട്ടം ആണ്. വീട്ടിലെത്തി, വയറ്റിലേക്ക് വല്ലതും ചെല്ലുന്നതു വരെ ഒടുക്കത്തെ ആക്രാന്തം ആയിരിക്കും.
റോയിച്ചൻ വന്നു കേറിയ പാടേ കുര്യച്ചന്റെ മുന്നിലിരുന്ന പോത്തിറച്ചി പ്ലേറ്റോടെ എടുത്ത് ഒരേര്. കണ്ണു തള്ളിപ്പോയി കുര്യച്ചന്.
പ്ലേറ്റ് ഭിത്തിയിൽ ഇടിച്ചു വീണ ശബ്ദം കേട്ട് ത്രേസ്യാമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു.
“എന്നാതാടീ…പള്ളീ പോയേച്ചും വരുന്ന വഴിക്ക് നെന്റെ ചെറുക്കന്റെ മേത്തു വല്ല ലെഗിയോനും കേറിയോ..?”
വെളുത്ത ബനിയനിൽ കൂടി ഒലിച്ചിറങ്ങിയ ഇറച്ചിച്ചാറു കൈകൊണ്ടു വടിച്ചു നക്കിക്കൊണ്ട് കുര്യച്ചൻ എഴുന്നേറ്റു.
“ലെഗിയോൻ കേറിയേക്കുന്നത് എനിക്കല്ല പപ്പക്കാ….. കാശ്, കാശ് എന്ന ആർത്തി മൂത്തിട്ട് നാട്ടുകാരേ മുഴുവൻ വെറുപ്പിച്ചു, ദേ ഇപ്പൊ ബാക്കിയൊള്ളോന്റെ കല്യാണോം മൊടക്കി….ഇപ്പൊ ഇരിക്കപ്പൊറുതി ആയിക്കാണുമല്ലോ? “
“ദേ എടാ ചെറുക്കാ നീ കാര്യം എന്നതാന്നു തെളിച്ചു പറ… ഒന്നേ ഒള്ളല്ലോ എന്നോർത്തു ഇച്ചിരി കൂടുതലങ്ങു ലാളിച്ചിട്ടുണ്ടേ…. എന്നും വച്ച് ഒത്തിരിയങ്ങു കേറി വെളഞ്ഞാ എന്റെ തനി കൊണം നീ കാണും കേട്ടോ…”
കുര്യച്ചനു ദേഷ്യം വന്നു തുടങ്ങിയിരിന്നു.
” ഇനിയെന്നാ കാണാനാ…. കൊറേ നാളായില്ലേ കാണാൻ തൊടങ്ങീട്ട് ” റോയിച്ചനും വിട്ടു കൊടുത്തില്ല.
“നക്കിക്കുര്യച്ചൻ എന്നു നാട്ടുകാര് വിളിക്കുന്നതേ നീയും നിന്റെ തള്ളേം കെട്ടിട്ടുള്ളു… ആ സ്വഭാവം എന്നെക്കൊണ്ട് എടുപ്പിക്കാതെ കാര്യം പറയടാ…….”
റോയിച്ചൻ ഉണ്ടായ സംഭവം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ത്രേസ്യാമ്മ മൂക്കത്തു വിരൽവച്ചു.
“എന്നാലും ആ ടോമി എന്നാ പണിയാന്നെ ഈ കാണിക്കുന്നത്…വെറുതെ നമ്മടെ കൊച്ചിനെ പറഞ്ഞു മോഹിപ്പിച്ചിട്ട് ഇപ്പൊ പറ്റിക്കാൻ നോക്കുന്നോ?”
” ഇതു തന്നെയല്ലേ പപ്പാ ടോമിപ്പപ്പായോടും കാണിച്ചത്… അങ്ങേരു പകരത്തിനു പകരം പണിതു… പോയപ്പോ ആർക്കു പോയി….കുഞ്ഞുന്നാളു മൊതല് സ്നേഹിച്ചതാ ഞങ്ങള്….പപ്പാ എന്നാ ചെയ്യാൻ പോകുന്നതെന്നെനിക്കറിയണ്ട, ഒരു കാര്യം ഞാനങ്ങു പറഞ്ഞേക്കാം…..റിയ ഇല്ലാതെ ഞാൻ ജീവിച്ചിരിക്കുകേല… “
റോയിച്ചൻ ഉറഞ്ഞു തുള്ളിക്കൊണ്ട് സ്വന്തം റൂമിൽക്കയറി വാതിൽ വലിച്ചടച്ചു.
“ദേ മനുഷ്യാ…. ആണും പെണ്ണുമായിട്ട് ഒരെണ്ണമേ ഒള്ളൂ… ആ ചെറുക്കൻ വല്ല കടുംകൈയ്യും കാണിച്ചാപ്പിന്നെ നമ്മള് ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല… ഞാൻ പറഞ്ഞില്ലെന്നു വേണ്ട.”
ത്രേസ്യാമ്മ മോന്തയും വീർപ്പിച്ചു ചാടിത്തുള്ളി അടുക്കളയിലേക്കു പോയി. പെരക്കകത്തു ചിതറികിടക്കുന്ന ഇറച്ചിക്കഷണങ്ങളെ നോക്കി ഇതികർത്തവ്യമൂഢനായി കുര്യച്ചൻ ഇരുന്നു.
” ഇതിപ്പോ നീ ചോമെന്നേക്കാളും വെല്ല്യ കുരിശായല്ലോ കർത്താവേ… ഇനിയിപ്പോ എന്നാ ചെയ്യും? ” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
നല്ല സുഹൃത്തുക്കളായിരുന്നു കുര്യച്ചനും ടോമിയും. മക്കൾ തമ്മിൽ ഇഷ്ടത്തിലായതോടെ കുടുംബങ്ങൾ തമ്മിലും വളരെ ലോഹ്യത്തിലായിരുന്നു.
ആറു മാസങ്ങൾക്കു മുൻപ് കുര്യച്ചന്റെ പറമ്പിനോട് തൊട്ടു ചേർന്നുകിടക്കുന്ന കുറച്ചു നിലം വില്പനയ്ക്കു വന്നു. അതു വാങ്ങണമെന്ന് കുര്യച്ചനു വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു.
സ്വന്തം സമ്പാദ്യം മുഴുവൻ കൂട്ടി നോക്കിയിട്ടും പത്തു ലക്ഷം രൂപയുടെ കുറവ്. ടോമിയുടെ കയ്യിലാണെങ്കിൽ നീക്കിബാക്കി ഒന്നും ഇല്ല. ഉള്ള പറമ്പിലെ ആദായം കൊണ്ട് രണ്ടു പെണ്മക്കളുടെയും പഠിപ്പിനും വീട്ടുചിലവിനും അറ്റപ്പറ്റെ ഒപ്പിച്ചു പോകുന്നു.
എങ്ങനെ അത്രയും പൈസ ഉണ്ടാകുമെന്ന് രണ്ടാളും കൂടിയിരുന്ന് ആലോചിച്ചു. അപ്പോൾ ടോമിയാണ് പണം പലിശക്ക് കൊടുക്കുന്ന തങ്കച്ചന്റെ കാര്യം എടുത്തിട്ടത്.
ഒരു അപകടത്തിൽ പെങ്ങളും അളിയനും മരിച്ച് ഒരു കാലും നഷ്ടപ്പെട്ടുപോയ ഒറ്റക്കാലൻ തങ്കച്ചൻ. അയാളുടെ പെങ്ങടെ ഒരേ ഒരു മകൻ അയർലൻഡിൽ ആണ് ജോലി ചെയ്യുന്നത്. അവന്റെ സമ്പാദ്യം ചെറിയ പലിശക്ക് നാട്ടുകാർക്ക് കൊടുത്ത് കിട്ടുന്ന പലിശ പൈസ കൊണ്ടാണ് തങ്കച്ചൻ ജീവിച്ചു പോകുന്നത്.
ടോമിയുടെ വാക്കിന്മേൽ മാത്രം വിശ്വസിച്ചു കൊണ്ട് അത്രയും വലിയൊരു തുക തങ്കച്ചൻ കുര്യച്ചന് വായ്പയായി നൽകി. നിലം രജിസ്റ്റർ ആക്കിയാൽ ഉടനെ ആധാരം ബാങ്കിൽ വച്ചിട്ട് പണം തിരിച്ചു കൊടുത്തു കൊള്ളാം എന്നായിരുന്നു വാക്ക്.
തങ്കച്ചന്റെ കഷ്ടകാലത്തിന് ആരോ അയാളുടെ പണമിടപാടുകൾ സർക്കാരിന് ഒറ്റി. നിയമപരമല്ലാത്ത പണമിടപാടുകൾ നടത്തിയതിനു അയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു മാസത്തെ ജയിൽ വാസത്തിനു ശേഷം തിരിച്ചെത്തി തന്റെ പണം തിരികെചോദിച്ച തങ്കച്ചനെ കുര്യച്ചൻ കൈ മലർത്തിക്കാണിച്ചു. നിയമപരമായി തന്റെ കയ്യിൽ നിന്ന് പണം തിരികെ വാങ്ങാൻ തങ്കച്ചന് കഴിയില്ലെന്ന് കുര്യച്ചന് നന്നായി അറിയാമായിരുന്നു.
എങ്ങനെയെങ്കിലും പണം തിരിച്ചു മേടിച്ചു കൊടുക്കാൻ ടോമി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും താൻ അങ്ങനൊരു പണം വാങ്ങിയിട്ടേയില്ല എന്നായിരുന്നു കുര്യച്ചന്റെ നിലപാട്.
അതോടെ ടോമിയും കുര്യച്ചനും തമ്മിൽ തെറ്റി. പത്തു ലക്ഷം രൂപയുടെ ബാധ്യത ഇപ്പോൾ പാവം ടോമിയുടെ തലയിൽ ആയി. അതിന്റെ പ്രതിഫലനം ആയിരുന്നു ഇന്ന് നടന്ന സംഭവങ്ങൾ.
ടോമി വീട്ടിൽ എത്തുമ്പോഴേക്കും ലിസിയും പിള്ളേരും പള്ളിയിൽ കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ചെന്നപാടെ അയാൾ പറഞ്ഞു.
“ഇപ്പൊ ഡ്രസ്സ് മാറാൻ നിക്കണ്ട മക്കളേ… വിരുന്നുകാർ ഉണ്ട് “
“ആരാ പപ്പാ…?” ടോമിയുടെ ഇളയമകൾ ലിയ മുടി കൈകൊണ്ടു പിന്നിലേക്ക് വലിച്ചു കെട്ടിക്കൊണ്ട് ഓടിവന്നു.
അവളെ ശ്രദ്ധിക്കാതെ അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
” മോളേ റിയാ… “
കയ്യിൽ ഒരു ഗ്ലാസ് പാൽകാപ്പിയുമായി റിയയും ഒപ്പം ടോമിയുടെ ഭാര്യ ലിസിയും അടുക്കളയിൽ നിന്ന് തല നീട്ടി.
“മോളേ… നിന്നെക്കാണാൻ ഒരു ചെറുക്കൻ വരുന്നുണ്ട്….പറഞ്ഞു വരുമ്പോ ആളെ നീ അറിയും… എന്നാലും മുന്നേ ഒരു വാക്കു പറയണ്ടേ …”
” എന്നെക്കാണാനോ…എന്തിന് ? റിയക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“മോളെ നീയും റോയിച്ചനും തമ്മിലുള്ള ഇഷ്ടമൊക്കെ പപ്പക്കും അറിയാം. പക്ഷേ കുര്യച്ചൻ പപ്പയോടു കാണിച്ച നെറികേട് മോൾക്കും അറിയാലോ.. എന്റെ മോള് ആ ബന്ധമങ്ങു മറന്നേക്ക്…. ഈ ചെറുക്കൻ വിദേശത്താ, പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവന് അഞ്ചു പൈസ സ്ത്രീധനം വേണ്ട…..” ടോമി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“കുര്യച്ചൻ നെറികേട് കാണിച്ചതിന് പാവം റോയിച്ചൻ എന്തു പിഴച്ചു പപ്പാ….?” സ്തംഭിച്ചു നാവിറങ്ങിപ്പോയ പോലെ നിന്നിരുന്ന റിയയെ സഹായിക്കാൻ ലിയ മുന്നോട്ടു വന്നു.
“മോളേ…ഇപ്പൊ തർക്കിച്ചു നിൽക്കാനൊന്നും സമയമില്ല…. ദാ അവരിപ്പൊ എത്തും. പിന്നെ എന്റെ മക്കൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റും എന്നു മാത്രമാ പപ്പാ ഓരോ നിമിഷവും ചിന്തിക്കുന്നത്… അത് മക്കൾക്ക് അറിയാലോ..”
അയാൾ പറയുന്നത് നൂറു ശതമാനം സത്യമാണെന്ന് റിയക്കും ലിയക്കും അറിയാമായിരുന്നു.
“എന്നെക്കൊണ്ട് സാധിക്കുന്നതിൽ ഏറ്റവും വലിയ കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്…. ഇതിനേക്കാൾ വലുതായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ പിന്നെ നിങ്ങളുടെ ഇഷ്ടം….”
ആരെങ്കിലും കൂടുതൽ എന്തെങ്കിലും പറയുന്നതിനു മുന്നേ ജിൻസിന്റെ ബ്ലാക്ക് ഹെക്ടർ ടോമിയുടെ കൊച്ചു വീടിന്റെ മുന്നിലെ റോഡരുകിൽ വന്നു നിന്നു.
“ലിസിയെയ് നീയിത്തിരി ചായ തിളപ്പിക്ക് ” ഭാര്യയോട് പറഞ്ഞിട്ട് ടോമി വെളിയിലേക്കു നടന്നു.
ജിൻസിനോടൊപ്പം തങ്കച്ചനും ഒടക്കു സുനിയുമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. അവരെ അകത്തേക്ക് കയറ്റിയിരുത്തിയിട്ട് ടോമി അടുക്കളയിലേക്ക് ചെന്നു.
അപ്പോഴും ചലനമറ്റു നിൽക്കുകയായിരുന്നു റിയ. ടോമി ലിയയുടെ നേരെ നോക്കി.
“മോളേ നീ ചായ എടുത്തോണ്ട് വാ… ചേച്ചി കൂടെ വന്നോളും… റിയാ ഇതു മനസമ്മതം ഒന്നുമല്ലല്ലോ… പെണ്ണുകാണൽ അല്ലേ… മോളു വാ..”
ചായയുമായി വന്ന രണ്ടുമക്കളെയും ടോമി ജിൻസിനു പരിചയപ്പെടുത്തി.
“രണ്ടു കൂട്ടർക്കും പരസ്പരം അറിയാമെങ്കിലും പെണ്ണുകാണൽ എന്നൊരു നാട്ടുനടപ്പുണ്ടല്ലോ….” ഒടക്ക് സുനി എന്തോ വലിയ തമാശ പറഞ്ഞതുപോലെ പൊട്ടിച്ചിരിച്ചു.
അത്യാവശ്യം കുശലന്വേഷണങ്ങൾക്ക് ശേഷം പെൺകുട്ടികൾ അകത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ജിൻസ് ടോമിയോട് പറഞ്ഞു.
“ഉള്ള കാര്യം വളച്ചുകെട്ടില്ലാതെ പറയാം…. എനിക്ക് പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. എല്ലാവർക്കും സമ്മതമാണെങ്കിൽ അടുത്ത ശനിയാഴ്ച മനസമ്മതം, പിന്നത്തെ ഞായറാഴ്ച കെട്ട് “
“അടുത്ത ആഴ്ചയോ…?” ടോമി അമ്പരന്നു പോയി.
“അതിപ്പോ എനിക്ക് ആകെ ലീവുള്ളത് 45 ദിവസമാണേ…. കെട്ടുകഴിഞ്ഞാൽ പത്തു പതിനഞ്ചു ദിവസമെങ്കിലും ഭാര്യയുടെ കൂടെ നിൽക്കണ്ടേ.? “
“ഇത്രയും ഇടി പിടീന്ന് ഒരു കല്യാണം എന്നൊക്കെപ്പറഞ്ഞാ…” അതുവരെ മിണ്ടാതെ നിന്ന ലിസി ടോമിയെ നോക്കി.
“ചിലവിന്റെ കാര്യവും ഒരുക്കങ്ങളും എനിക്ക് വിട്ടേക്ക്…. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ആലോചിച്ച് ഇന്നു തന്നെ പറയണം…. എനിക്ക് ആലോചിക്കാൻ തങ്കച്ചായൻ അല്ലാതെ ആരുമില്ല ” ജിൻസ് എഴുന്നേറ്റു.
അവർ പോയിക്കഴിഞ്ഞപ്പോൾ ടോമി ഭാര്യയുടെയും മക്കളുടെയും അടുത്തു ചെന്നു.
“മോളേ….. എന്താണ് നിന്റെ അഭിപ്രായം?”
“പപ്പാ.. എന്നെ ഒരാൾ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് റോയിച്ചൻ ആയിരിക്കും എനിക്ക് ആ ഒരൊറ്റ തീരുമാനമേയുള്ളു.”
റിയയുടെ വാക്കുകൾ കേട്ടുകൊണ്ടാണ് ഒടക്ക് സുനി പുരക്കകത്തേക്ക് തിരിച്ചു കയറി വന്നത്.
“എന്റെ പൊന്നു മോളേ… ഈ ചെറുക്കന്റെ മുന്നിൽ മ്മ്‌ടെ റോയിയൊക്കെ വെറും അശു അല്ലേ അശു…. മോള് ഇവനെ അങ്ങ് കെട്ടിക്കോ..” അയാൾ പറഞ്ഞു.
“അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ തന്റെ വീട്ടിൽ പെമ്പിള്ളേർ ഉണ്ടോന്ന് നോക്കടോ..” റിയ ചീറി.
സംഗതി പന്തിയല്ലെന്നു കണ്ട് ഒടക്ക് കളം കാലിയാക്കി.
” എന്നാ എന്റെ മോളു കേട്ടോ… പപ്പ ഇതങ്ങു നടത്താൻ തീരുമാനിച്ചു. എന്റെ തീരുമാനത്തിന് ഈ വീട്ടിൽ എന്തെങ്കിലും വിലയുണ്ടോയെന്ന് ഞാനൊന്ന് നോക്കട്ടെ. “
ടോമി തന്റെ തീരുമാനം തീർത്തു പറഞ്ഞു.
ലിസിയും പെൺമക്കളും എത്രയൊക്കെ പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്ന് അണുവിട പിന്നോട്ടു പോകാൻ ടോമി തയ്യാറായില്ല. അയാൾ മനസമ്മതത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോയി.
എല്ലാ വിവരങ്ങളും റിയ ഫോൺ വിളിച്ച് റോയിച്ചനെ അറിയിക്കുന്നുണ്ടായിരുന്നു. അവൻ വീട്ടിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കി. എന്തു ചെയ്യണമെന്നറിയാതെ കുര്യച്ചൻ നട്ടം തിരിഞ്ഞു. അവസാനം അയാളുടെ കുരുട്ടു ബുദ്ധിയിൽ ഒരു പേര് തെളിഞ്ഞു. ഒടക്ക് സുനി!
ഒരു ഹണി ബീ ഫുള്ളും 500 രൂപയും പോക്കറ്റിൽ എത്തിയപ്പോൾ സുനി ടോമിയെ ഒറ്റി. റിയ ആട്ടി ഇറക്കി വിട്ടതിന്റെ കലിപ്പും ഒരു ശുഭകാര്യം മുടക്കാൻ പറ്റുന്നതിന്റെ സന്തോഷവും ചേർന്നപ്പോൾ സുനി കുര്യച്ചന് ഉപായം പറഞ്ഞു കൊടുത്തു.
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….