അവന്മാർ എങ്ങാനും കണ്ടാൽ ദേ ഇട്ടിരിക്കുന്ന ഈ ഷാൾ പോലും ബാക്കി ഉണ്ടാവത്തില്ല…

കാശിത്തുമ്പ ~ രചന: ദേവ സൂര്യ

“”ചാവാൻ ആണേൽ നല്ല മുരിക്കിൻ കൊമ്പ് കിട്ടത്തില്ലേ കൊച്ചേ തൂങ്ങാൻ…എന്തിനാ ഈ വൃത്തികെട്ട കൊക്കയൊക്കെ തപ്പി പിടിച്ച് വരുന്നേ… “”

മുന്നിലെ ഗർത്തത്തിലേക്ക് സർവ്വശക്തിയുമെടുത്ത് ചാടാൻ നിന്നപ്പോളാണ് പിന്നിൽ നിന്ന് ബലിഷ്ഠമായ കൈകൾ വയറിന് മീതെ വലിഞ്ഞു മുറുക്കിയത്.. പിടപ്പോടെ നോക്കുമ്പോൾ ആയിരുന്നു ആ വാക്കുകൾ ചെവിയിൽ പതിച്ചത്…

“”വിട്… വിട് എന്നെ… എനിക്കിനി ജീവിക്കണ്ട.മരിക്കാൻ എങ്കിലും ഒന്ന് സമ്മതിച്ചാൽ മതി.. അതിനും വിടില്ലേ… “”

അവനിൽ നിന്ന് കുതറി കൊണ്ട് പറയുമ്പോളും അവളെ പിടിച്ച കൈകൾക്ക് മുറുക്കം കൂടി വരുന്നതവൾ അറിഞ്ഞിരുന്നു..പിടിവലികൾക്കൊടുവിൽ തളർന്നവന്റെ നെഞ്ചിലേക്ക് ചായുമ്പോളും അവളെ പിടിച്ചിരുന്ന കൈകളുടെ സുരക്ഷിതത്വം അവളറിഞ്ഞിരുന്നു…

“”മേനോൻ മാഷിന്റെ മോൾ തുമ്പി.. ഇത്രയും വലിയൊരു ബുദ്ധിമോശം കാണിക്കുമെന്ന് അറിഞ്ഞില്ല ഞാൻ… “”

ചെവിയിൽ പതിഞ്ഞ നിശ്വാസത്തിനു പിടപ്പോടെ അവൾ പിടിച്ചിരിക്കുന്ന കൈകളുടെ ഉടമയെ നോക്കി…

“”കാശിയേട്ടൻ… “”

ചുണ്ടുകൾ നിശബ്തമായി മന്ത്രിച്ചു… താൻ എന്നും പോകാറുള്ള ബസ്സിലെ ഡ്രൈവർ… കൂടെയുള്ള ശാലിനിയാണ് കാശിനാഥൻ എന്നാണ് പേര് എന്ന് പറഞ്ഞു തന്നത്… അവളുടെ അയൽവാസി ആണ് കക്ഷി…എന്നും കയറുമ്പോൾ തങ്ങൾക്കായി ചെറുനോട്ടം തരാറുണ്ട് കക്ഷി…ശാലിനിയെ അറിയാവുന്നത് കൊണ്ട് അവൾ തിരികെ പുഞ്ചിരിക്കും… പക്ഷെ തനിക്ക് ആ പുഞ്ചിരി പോലും വിലക്കിയിരുന്നു അവർ… ചിന്തിച്ചപ്പോൾ വീണ്ടും കണ്ണുകൾ പെയ്തിറങ്ങി…

“”എന്തിനാ കൊച്ചേ ഇങ്ങോട്ട് വന്നത്…ചുറ്റും കണ്ണ് വിറക്കും കാടാണ്… പിന്നെ ഈ നേരമായാൽ കള്ള് കുടിയന്മാർ നിറയെ ഉള്ള സ്ഥലമാ ഇത്… അവന്മാർ എങ്ങാനും കണ്ടാൽ ദേ ഇട്ടിരിക്കുന്ന ഈ ഷാൾ പോലും ബാക്കി ഉണ്ടാവത്തില്ല…””

അവന്റെ വാക്കുകൾ കേട്ടതും അവളിൽ പുച്ഛച്ചിരി ഉണർന്നു…

“”ഇപ്പോളും ഞാൻ പിഴച്ചവൾ തന്നെയാണ് മാഷേ… അവറ്റോൾ പിച്ചി ചീന്തിയില്ലേലും ഞാൻ പിഴച്ചവൾ തന്നെയാ… “”

അവളുടെ സ്വരമിടറി… കണ്ണുകൾ നിറഞ്ഞൊഴുകി…നെഞ്ച് വിലങ്ങി…

“”മ്മ്മ്മ്… അറിഞ്ഞിരുന്നു… ആ ജഗൻ എന്തൊക്കെയോ കവലയിൽ നിന്ന് പറയുന്നത് കേട്ടു… “”

അവന്റെ സ്വരം ശാന്തമായിരുന്നു…

അവൾ പതിയെ അടുത്തുള്ള പാറമേൽ ഇരുന്നു…അരികിലായി അവനും…മുൻപിലെ കൂരിരുട്ടിന്‌ ഭംഗി നൽകും പോലെ..മിന്നാമിനുങ്ങുകൾ പാറി നടക്കുന്നുണ്ട്..ചീവീടുകൾ കാടിനോട് കൊഞ്ചും പോലെ ചിലമ്പിക്കുന്ന ശബ്‌ദം അവിടമാകെ നിറഞ്ഞിരുന്നു…

“”ആ വീട്ടിൽന്ന് എങ്ങോട്ടെങ്കിലും പൊക്കൂടെ തനിക്ക്.. ഇല്ലേൽ അവർ നിന്നെ ആർക്കേലും വിൽക്കും… “”

“”എന്നെ വിറ്റതാ അവർ എന്നോ…എന്റെ മനസ്സ് വിറ്റതാ….എന്റെ ശരീരം വിറ്റതാ…അറിയുവോ മാഷിന്….ഇന്ന് അയാൾ എന്നെ തേടി വന്നു…എന്നെ വിലക്ക് വാങ്ങിയവൻ…അയാളാണ് പറഞ്ഞത് ഇന്ന് താൻ അയാളുടെ അടിമയാണ് എന്ന്….അയാൾക്ക് വഴങ്ങുന്നതിനും നല്ലത്…മരണമെന്ന കാമുകന് വഴങ്ങി കൊടുക്കുന്നതാ…””

അവളുടെ സ്വരം ദൃഢമായിരുന്നു…അവൻ ഒരുവേള അവളെ നോക്കി…ആ പെയ്യാൻ വെമ്പിയ മിഴികളിൽ പടർന്ന കണ്മഷി വരെ വിതുമ്പുന്ന പോലെ തോന്നി…..

“”വളയം പിടിക്കുന്നവന് പ്രണയിക്കാൻ അറിയുവോ എന്നൊന്നും അറിയില്ല….ന്നാലും ചോദിക്കുവാ വരുന്നോ എന്റെ കൂടെ…””

അവൾ പിടപ്പോടെ അവനെയൊന്ന് നോക്കി..ശേഷം പുഞ്ചിരിയോടെ വേണ്ട എന്ന് തലയാട്ടി….

“”വളയം പിടിക്കാൻ അറിയുന്നവന് പ്രണയിക്കാൻ അറിയാം എന്ന് തോന്നുന്ന അന്ന് പറഞ്ഞേക്കണം….കൂടെ കൂട്ടാൻ ഒരുത്തൻ ഇവിടുണ്ട്…””

വീടിന് മുൻപിൽ കൊണ്ടാക്കി കൊടുത്തു പോകാൻ ഒരുങ്ങുന്നതിനു തൊട്ട് മുൻപ് അവൻ അവളെയൊന്ന് നോക്കി…പിന്നിൽ നിന്ന് കേട്ട വാക്കുകൾക്ക് അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു….

മൗനം തളം കെട്ടി കിടക്കുന്ന ആ മുറിയിൽ വന്നു കിടക്കുമ്പോൾ….മനസ് നിറയെ ഭീതിയായിരുന്നു..ഇനിയും അയാൾ വരുമോ എന്ന്…കണ്ണുകൾ ഇറുകെ മൂടിയപ്പോൾ മനസ്സിൽ പോയ കാലം തെളിഞ്ഞു വന്നു…

അച്ഛനും അമ്മയും അടങ്ങുന്ന തന്റെ കുടുംബം എത്ര സന്തോഷകരമായിരുന്നു…
തന്റെ പത്താം വയസ്സിൽ…അമ്മയുടെ മരണത്തോടൊപ്പം തന്നെ നോക്കാൻ വേണ്ടി അച്ഛന് വീട്ടുകാർ കണ്ടെത്തി കൊടുത്ത രണ്ടാനമ്മ…ആദ്യമാദ്യം നല്ല സ്വഭാവം ആയിരുന്നു അവർക്ക്…പിന്നീട് എപ്പോളാണ് അവർക്ക് തന്നോട് വെറുപ്പായത്??…

തനിക്ക് അനിയത്തി ആയി ഒരാൾ കൂടെ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആയിരിക്കും…അല്ലെങ്കിൽ ചിലപ്പോൾ അച്ഛന് തന്നോട് ഏറെയിഷ്ടം എന്ന് തോന്നി തുടങ്ങിയപ്പോളൊ….പക്ഷെ അത് ഇത്രത്തോളം വെറുപ്പ് നിറച്ചിരുന്നുവോ…

തന്നോട് ഇത്രയും ദേഷ്യം ഉണ്ടായിരുന്നുവോ??…ഇന്ന് അച്ഛന്റെ മരണശേഷം….അവരല്ലേ തന്നെ നോക്കേണ്ടത്…സ്വന്തം മകളെ പോലെ ചേർത്ത് പിടിക്കേണ്ടത്…ആ അവർ തന്നെ സ്വന്തം അനിയന് തന്നെ കാഴ്ച വെക്കുന്നു….
ചിന്തകൾക്കൊടുവിൽ കണ്ണുനീർ തലയിണയെ നനയിച്ചു…

ശരീരത്തിലൂടെ എന്തോ ഇഴയുന്നതറിഞ്ഞതും പിടപ്പോടെ കണ്ണുകൾ വലിച്ചു തുറന്നു…അയാൾ…ജഗൻ….അയാൾ പോയിരുന്നില്ലെ??…സ്വയം ചോദിച്ചു. സർവ്വശക്തിയുമെടുത്ത് ആഞ്ഞു തള്ളി…കയ്യിൽ കിട്ടിയത് ഒക്കെയെടുത്ത് അയാൾക്ക് നേരെയെറിഞ്ഞു….അയാളുടെ പൊട്ടിച്ചിരി കാതുകളെ കീറിമുറിക്കുന്ന പോലെ…കണ്ണിൽ പെട്ടത്…മൂർച്ചയേറിയ ബ്ലേഡ് ആയിരുന്നു….തന്നെ ചേർത്തണച്ചതും….കണ്ണുകൾ ഇറുകെ മൂടി…തലങ്ങും വിലങ്ങും വരഞ്ഞു….കയ്യിൽ രക്തത്തിന്റെ കൊഴുപ്പ് അറിഞ്ഞപ്പോൾ ആണ് കണ്ണുകൾ ഭീതിയോടെ തുറന്നത്….

“”എന്നിട്ട്??….””

തുമ്പിയുടെ അടുത്തിരുന്ന ആ അമ്മ അവളെ നോക്കി വേദനയോടെ ചോദിച്ചു….
അവരുടെ ചോദ്യം കേൾക്കെ പുഞ്ചിരിയോടെ അവൾ അവരെ നോക്കി…

“”22 ആം വയസ്സിൽ ഒരുത്തനെ ഈ തുമ്പി കൊന്നു….കോടതി ജീവപര്യന്തം നൽകി അവൾക്ക്….ദാ ഇവിടെ ഇങ്ങനെ ഇരുന്ന് നിങ്ങളോട് അവളുടെ കഥ പറയുന്നു…നാളെ ശിക്ഷ കഴിഞ്ഞു ഇറങ്ങാൻ നിൽക്കുന്നു…””

അവളുടെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.

“”നാളെ ഇറങ്ങിയാൽ എങ്ങോട്ടാ മോളെ നീ പോവുക…””

ആദിയുടെയുള്ള അവരുടെ ചോദ്യത്തിന് ചെറുപുഞ്ചിരി മാത്രം മറുപടിയായി കൊടുത്തു…അറിയില്ല എങ്ങോട്ട് പോകുമെന്ന് അറിയില്ല….അവളുടെ കണ്ണുകൾ ഈറനണിഞ്ഞു….

“”ഈശ്വരൻ ഉണ്ട് എന്റെ കുട്ടിക്ക്…””

ആ അമ്മ ചേർത്ത് പിടിച്ചപ്പോൾ…കണ്ണുകൾ നീറി….തന്റെ അമ്മയുടെ സ്നേഹം തന്നത് അത്രെയും സമൂഹം കുറ്റക്കാർ എന്ന് ചുമത്തിയ ഇവരാണ്….രക്തബന്ധം ഇല്ലെങ്കിലും എന്നും ചേർത്ത് പിടിച്ചവർ…

വിലങ്ങണിയിച്ചു കൊണ്ട് വന്നപ്പോൾ ധരിച്ചിരുന്ന ആ മുഷിഞ്ഞ ചുരിദാർ അണിഞ്ഞു പുറത്തിറങ്ങുമ്പോൾ…ചുറ്റും ആകെ മാറിയത് പോലെ….താൻ മറ്റേതോ ലോകത്ത് എത്തിയ പോലെ…കണ്ണുകൾ നാല് പാടും പരതിയപ്പോൾ…ദൂരെ ഒരു നോക്ക് കണ്ടു…വളയം പിടിക്കാൻ പഠിച്ച ആ കൈകളുടെ ഉടമയെ…പിടച്ചിലോടെ നോക്കിയപ്പോൾ…ആ ചുണ്ടിൽ പ്രണയം തുളുമ്പും പുഞ്ചിരിയും കണ്ടു….

“”അതേ….വളയം പിടിക്കാൻ അറിയുന്നവൻ പ്രണയിക്കാനും പഠിച്ചിരിക്കുന്നു എന്നപോലെ….””

“”വാ….””

തന്റെ കൈകളിൽ പിടിച്ചു മുൻപോട്ട് നടക്കുമ്പോൾ…താനും യാന്ത്രികമായി കൂടെ ചെന്നു….മറുത്തൊന്നും പറയാൻ നാവ് വഴങ്ങാത്ത പോലെ….

“”വളയം പിടിക്കുന്നവനാണ് എന്ന് കരുതി…സ്വന്തം പെണ്ണിനെ പോറ്റാൻ കഴിയാത്തവൻ ഒന്നുമല്ല കേട്ടോ ഞാൻ…ഇനി ചോദ്യത്തിന്റെ ആവശ്യമില്ല എന്ന് തോന്നി….അതാ ഒന്നും ചോദിക്കാതെ ഈ താലി കഴുത്തിൽ ചാർത്തുന്നത്…””

അമ്പലനടക്കൽ കൊണ്ട് വണ്ടി നിർത്തി…ഭഗവാന്റെ മുന്നിൽ വച്ചു അനുവാദം പോലും ചോദിക്കാതെ കെട്ടിത്തരുന്ന താലി ചരടിന് മറുപടിയായി കണ്ണുകൾ ചോർന്നൊലിച്ചു….ചുണ്ടിൽ വിറയലോടെ ചെറുപുഞ്ചിരി വിരിഞ്ഞു….

“”മേനോൻ മാഷിന്റെ മോളെ മനസ്സിനുള്ളിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കൊറേ ആയി…മുൻപിൽ വന്നു നിന്ന് പറയാൻ ധൈര്യം ഇല്ലായിരുന്നു….അന്ന് രാത്രി എന്തോ പെട്ടെന്ന് തോന്നിയ ധൈര്യത്തില കൂടെ കൂട്ടിക്കോട്ടെ ന്ന് ചോദിച്ചത്….ആ ധൈര്യത്തില ഇത്രയും വർഷം കാത്തിരുന്നതും….ആ ധൈര്യത്തിലാ ഇപ്പൊ കാശിയുടെ പെണ്ണാക്കിയതും….””

വിളക്ക് കൊടുത്തു വലത് കാൽ വച്ച് കയറുമ്പോൾ…മറ്റെവിടെയോ നോക്കി പറയുന്നവനെ കൗതുകത്തോടെ നോക്കി….ചുണ്ടിൽ ആ മുഖം കാൺകെ വിറയൽ ഇല്ലാതെ ആദ്യമായി പുഞ്ചിരി വിരിഞ്ഞു…പ്രണയത്തിന്റെ ഗന്ധമുള്ള പുഞ്ചിരി….

“”ഇപ്പൊ പറയ്….വളയം പിടിക്കാൻ മാത്രം അറിയുന്നവന് പ്രണയിക്കാൻ
അറിയുവോ??…””

ആദ്യരാത്രിയുടെ അകമ്പടികൾ ഒന്നുമില്ലാത്ത മുറിയിലേക്ക് ചെന്നപ്പോൾ കൈകൾ മാറോട് പിണച്ചു കെട്ടി കുസൃതിയോടെ ചോദിച്ചു….

“”വളയം പിടിക്കുന്നവന് പ്രണയിക്കാൻ മാത്രല്ല….ജീവൻ കളഞ്ഞും സ്നേഹിക്കാൻ അറിയും എന്ന് ആ രാത്രിയെ എനിക്ക് മനസ്സിലായിരുന്നു…..””

സംശയത്തോടുള്ള അവന്റെ നോട്ടം കാൺകെ അവൾ പുഞ്ചിരിയോടെ അവന്റെ അരികിലേക്കായി ചെന്നു…കൈകൾ രണ്ടും കൊണ്ട് കുസൃതിയോടെ മീശ പിരിച്ചു വച്ചു…

“”മേനോൻ മാഷിന്റെ മോൾക്കും ഒരു പ്രണയം ഉണ്ടായിരുന്നു മാഷേ….വളയം പിടിക്കാൻ മാത്രം അറിയുന്ന ഒരുത്തനെ അവൾക്കും ഇഷ്ട്ടമായിരുന്നു….പറയാൻ പേടിയുള്ള….ശബ്‌ദമില്ലാത്ത…പുഞ്ചിരി ഇല്ലാത്ത…ചെറുനോട്ടം കൊണ്ട് മാത്രമുള്ള പ്രണയം….””

അവളുടെ വാക്കുകൾക്ക് വിശ്വാസം വരാത്ത പോലെ അവളെ നോക്കി….

“ഈ വളയം പിടിക്കുന്നവനെ അത്രയേറെ ഇഷ്ട്ടമാണ് എനിക്ക്….നിശാഗന്ധി രാത്രിയെ പ്രണയിക്കും പോലെ….താമരപെണ്ണ് സൂര്യനെ പ്രണയിക്കും പോലെ…””

അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് പറയുമ്പോൾ…ദൂരെ നിന്നെവിടെ നിന്നോ…രാകുളിർ കാറ്റ് വീശിയിരുന്നു….ഇരുവരെയും നോക്കി പുഞ്ചിരി തൂക്കിയിരുന്നു…..

അവസാനിച്ചു