പണ്ട് വൃന്ദയും കൂട്ടുകാരികളും എല്ലാം അടുത്തുതന്നെയിരുന്നാണ് സംസാരിച്ചിരുന്നത്. ഇപ്പൊ അവർ തീർത്തും അന്യരായി മാറിക്കൊണ്ടേ ഇരിക്കുന്നു…

എന്റെ കൊച്ചു വീടിന്റെ വലിപ്പം

രചന: R Muraleedharan Pillai

കയ്യെടുക്കു കൊച്ചേ! നീ ഇപ്പോഴും കൊച്ചു കുഞ്ഞാണോ? പത്തു പതിനേഴു വയസ്സായില്ലേ? ഒരു കണ്ണുപൊത്തിക്കളി!

‘ഉം, എന്തുവാച്ഛാ!’ അവളുടെ കൈപ്പത്തികൾ ഇപ്പോഴും അച്ഛന്റെ കണ്ണുകൾ പൊതിഞ്ഞിരിക്കയാണ്.

‘വൃന്ദാ…പോയി പുസ്തകമെടുത്തു വായിക്കൂ! പെൺപിള്ളേർ പ്രായമായാൽ അച്ഛന്മാരോടുപോലും തെല്ല് അകലം പാലിക്കണം കേട്ടോ? പെണ്ണാന്നുള്ള തിരിച്ചറിവ് വേണ്ടേ നിനക്ക്?’ വീണ മൊഴിഞ്ഞു.

ആദർശ്, വൃന്ദയുടെ മുടിയിൽ മെല്ലെ തലോടി. ‘എന്റെ മോളു പോയി പുസ്തകമെടുത്തു വായിക്ക്…’

‘അപ്പൊ എനിക്കിനി അച്ഛന്റെ കണ്ണു പൊത്തിക്കളിക്കാൻ കഴിയില്ലേ?’ അവൾ മനസില്ലാമനസ്സോടെ അവിടെ നിന്നും മാറി.

ലിവിങ്ങ് റൂമിനോട് ചേർന്നുള്ള ഒരു കൊച്ചു സ്ഥലം. അവൾ പോയി അവിടെ അവളുടെ കസേരയിൽ ഇരുന്നു. അവളുടെ കൊച്ചു ടേബിളിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഒരെണ്ണം എടുത്തു മുന്നിൽ തുറന്നുവച്ചു. വിഹാന്റെ ചുണ്ടിൽ ചിരി! അവന്റെ ടേബിൾ വൃന്ദയുടെ ടേബിളിനോട് ചേർത്തിട്ടിരിക്കയാണ്. ആ കൊച്ചു സ്ഥലമാണ് അവരുടെ രണ്ടുപേരുടെയും സ്റ്റഡി.

‘നീ എന്തിനാടാ ചിരിക്കൂന്നേ?’

‘എനിക്കു ചിരിച്ചൂടേ?’

‘വേണ്ട, അങ്ങനിപ്പോച്ചിരിക്കണ്ട.’

‘ആഹാ…ഞാൻ ചിരിക്കും…’

‘വിഹാന്റെ പൊട്ടിച്ചിരി വീണ്ടും ഉയർന്നു. കളിയാക്കിച്ചിരി. അവളുടെ പന്ത്രണ്ടുവയസ്സുകാരൻ അനുജൻ!’

അച്ഛാ…അച്ഛാ…ഇവൻ കളിയാക്കി ചിരിക്കുന്ന കണ്ടോ?’ ആദർശ് ലിവിങ്ങ് റൂമിൽനിന്നും വിഹാനെ കടുപ്പിച്ചു നോക്കി. അവന്റെ ചിരി നിന്നു.

കണ്ണോടു കണ്ണു മുട്ടിയാൽ കീരിയും പാമ്പുമാണല്ലോ ഇവർ! ഇവർ അപ്പുറത്തെ ജയലക്ഷ്മിയുടെ മക്കളെ കണ്ടു പഠിക്കണം. എന്ത് ഐക്യമാണ് അവരുടെ ഇടയിൽ? അവർ ഒന്നിച്ചു നടന്നുപോന്ന കാണാൻ തന്നെ ഒരു ചേലാണ്.’ വീണ അരിശത്തോടെ പുലമ്പി.

‘വെളിയിലിറങ്ങിയാൽ നമ്മുടെ മക്കളും അങ്ങനെ തന്നെ.’ ആദർശ് മന്ത്രിച്ചു.

‘അതും ശരിയാ. എല്ലാത്തിന്റെയും സ്വഭാവം വീട്ടിലൊന്നും, വെളിയിലിറങ്ങിയാൽ മറ്റൊന്നും അല്ലേ?’ വീണക്ക് ബോധോദയം ഉണ്ടായി. വീണയും ആദർശും, പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെയും നോക്കി ഇരുന്നു. ആദർശ് ശ്വാസം ഒന്നെടുത്തു വിട്ടു.

എന്താ?’ വീണ അവനെ നോക്കി.

അല്ല, ഞാൻ ആലോചിക്കയായിരുന്നു. നമ്മുടെ ഈ കൊച്ചു വീട്! നമ്മളെല്ലാം എപ്പോഴും ഇവിടെ അടുത്തടുത്തു തന്നെയുണ്ട്. അല്ലേ വീണാ?’ ആദർശ് വീണയെനോക്കി പുഞ്ചിരിച്ചു.

‘അതൊരു സത്യമാണ് ചേട്ടാ. ഇവിടെ എവിടിരുന്നാലും നമ്മൾ അന്ന്യോന്ന്യം കാണും.’

‘അതെ. നീ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പാത്രങ്ങളുടെ കിലുക്കവും, കറികളുടെ മണവും ഞാനും കുട്ടികളും എവിടിരുന്നാലും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണല്ലോ നെയ്യപ്പമുണ്ടാക്കുമ്പോൾ പുസ്തകമടച്ചുവച്ചു രണ്ടുംകൂടി നിന്റെ പുറകെ കൂടുന്നത്! എന്റെ വായിലെ വെള്ളം ദിനപത്രവും നോക്കി ഞാൻ ഇറക്കുന്നുണ്ടാകും.’

ലിവിങ്ങ് മുറിയും, കിടക്കമുറികളും, സ്റ്റഡി സ്ഥലവും, അടുക്കളയും, എല്ലാം അടുത്തടുത്തു തന്നെ. തൊട്ടു തൊട്ട്. എപ്പോഴും അച്ഛനും, അമ്മയും കുട്ടികളും കണ്ടും കേട്ടും കഴിഞ്ഞുകൂടുന്നു. ചിന്തകൾ വന്നും പോയും ഇരിക്കുന്ന മനുഷ്യജന്മം.

‘വീണാ, നമ്മളീ കാശെല്ലാം കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ മതിയോ? നമുക്കൊരു മോഡേൺ വീടങ്ങു വച്ചാലോ?’

കുറെ കാലംകൊണ്ട് ഞാനും അതാണലോചിക്കുന്നേ. പണം കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുമ്പോൾ കാലം നിമിഷങ്ങളായാണ് നമ്മളിൽനിന്നും അടർന്നുവീഴുന്നത്. നമ്മളും ഇല്ലാതാകും. ഒരു വീട് വെക്കാം ചേട്ടാ…’

‘എന്നാ ഇനി വച്ചു താമസിപ്പിക്കണ്ട. നിന്റെ വസ്തുക്കൾ വിറ്റ രണ്ടു കോടിയോളം ബാങ്കിലുണ്ട്. എനിക്കും കുറെ വസ്തുക്കൾ വേണേ വിൽക്കാനുണ്ട്. ഒരു വലിയ വീടുതന്നെ ആയിക്കോട്ടേ. ജീവിതം ഒന്നല്ലേയുള്ളൂ ജീവിച്ചു തീർക്കാൻ ഇടക്കുവച്ചു പെട്ടന്നു പൊലിഞ്ഞില്ലങ്കിൽ!’ നല്ല ഒരു ആർക്കിടെക്ട് വീടിനു പടം വരച്ചു. അയ്യായിരത്തി നൂറ്റമ്പതു സ്കോയർ ഫീറ്റ്! കൊള്ളാം, നടക്കട്ടേ പണി.

—————––—–——

ഗൃഹപ്രവേശം ശുഭ മുഹൂർത്തത്തിൽ മംഗളമായി നടന്നു. വീടിനകത്തു ക്രിക്കറ്റുകളിക്കാൻ സ്ഥലസൗകര്യം. സിമെന്റിന്റെയും, പെയിന്റിന്റെയും, വാർണിഷിന്റെയും ഒത്തൊരുമിച്ച മണം അവിടെങ്ങും തളംകെട്ടി നിന്നു. ഒരു വല്ലാത്ത അനുഭവം. ജനാലകളിൽക്കൂടിയുള്ള സൂര്യരശ്മിയുടെ കടന്നുകയറ്റം, ടൈലുകളുടെ തിളക്കം, വിശാലത, എല്ലാടവും സ്പേസ്…ഹാൾ എന്നുള്ള കൺസെപ്റ്റേ അടിമുടി മാറിയിരിക്കുന്നു. ഒരു സ്വപ്ന ലോകം! മുകളിലെ നിലയിൽ വൃന്ദയും, വിഹാനും ബെഡ്റൂമുകൾ തിരക്കി ഓടി നടന്നു. ഏതു വേണം സ്വന്തമാക്കാൻ? അവസാനം അവർ തിരഞ്ഞെടുത്തു. വളരെ അകലങ്ങളിലുള്ള മുറികൾ! വീണയും ആദർശും ഗ്രൗണ്ട് ഫ്ലോറിലെ ഒരു ബെഡ്‌റൂം അവർക്കാക്കി. അവരുടെ ജീവിതം മാറുകയായിരുന്നു. അവർ അത് അറിഞ്ഞു തുടങ്ങുന്നേയുള്ളൂ…

ഒരു ദിവസം അതിരാവിലെ ആദർശ് ഒരു കപ്പു ചായ കയ്യിൽ പിടിച്ച് ഡ്രൈവ് വേയിൽ വന്നു നിന്നു. വീടും മതിൽക്കെട്ടിനും ഇടയിൽ തറയോടുകൾ പാകിയിരിക്കുന്നു. അലംകൃതമായി ചെടിച്ചട്ടികളും, ചെടികളും പൂക്കളും….എല്ലാടവും വിജനമായിരുന്നു. അവൻ ശ്വാസം ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു. എന്റെ സ്ഥലം തന്നെയോ ഇത്? ആ പഴയ കൊച്ചു വീട് മനസിന്റെ ഏതോ കോണിൽനിന്നും മറനീക്കി എത്തി. ആ പഴയ വീടിന്റെ ഉമ്മറത്തിരിക്കുന്നപോലെ സങ്കൽപ്പിച്ചു. അവൻ പഴയ ദിനങ്ങൾ ഓർക്കുകയാണ്…….പ്രഭാതം മഞ്ഞുകണങ്ങളിൽ വിരിയുമ്പോ, ആ കൊച്ചു വീടിന്റെ മുറ്റത്തെ കൊച്ചു മാവിൻകൊമ്പുകളിൽനിന്നും കേൾക്കാം ആ കിളി നാദം. അവ ചിറകിട്ടടിക്കുമ്പോഴുണ്ടാകുന്ന ഇലത്താളം. ആ പക്ഷികളും നമ്മെ അറിയാൻ ആഗ്രഹിക്കുന്നുണ്ടാവും. വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന ആ ഗോതമ്പുമണികൾ എത്ര കൊതിയോടെയാണ് അവ മുറ്റത്തെ മണലിൽനിന്നും കൊത്തിപ്പെറുക്കുന്നത്? മുറ്റത്തെ നേർത്ത മണലിലെ ഈർക്കിൽ വരകൾ! ഭവാനിയമ്മ പരപരാ വെളുക്കുമ്പോഴേ വന്നു മുറ്റമടിച്ചു പോയിട്ടുണ്ടാകും. ഈ ഗ്രാമത്തിൽ ജനിച്ചു, ഈ ഗ്രാമത്തിൽ വളർന്നു വയസ്സായ, ഭവാനിയമ്മ. നീലക്കരയൻ സെറ്റും മുണ്ടും ധരിച്ച്‌, മാറും വയറും മറയ്ക്കാൻ ഒരു ഈരെഴയൻ തോർത്തും… എണ്ണയിൽ കുതിർത്ത അക്ഷരങ്ങൾപോലെയാണ് അവർ വാക്കുകൾ ഉച്ഛരിക്കുന്നത്. ഗ്രാമത്തിന്റെ എളിയ ഉച്ഛാരണ ശൈലി, വ്യഞ്ജനാക്ഷരങ്ങൾക്കും സ്വരാക്ഷരങ്ങളുടെ നറുമ. ഇലകൾ താളമടിച്ചു, കുളിർകാറ്റിന്റെ തലോടൽ….എല്ലാം പൊയ്മറഞ്ഞു. അവൻ കപ്പുംകൊണ്ടു വീടിനകത്തേക്ക് തിരിയെ കയറി.

‘ചേട്ടൻ എവിടെയായിരുന്നു? കണ്ണുനിറഞ്ഞിരിക്കുന്നല്ലോ?’

ഹേ, ഒന്നുമില്ല വീണാ. പഴയകാലം ഒന്നോർത്തിരുന്നു പോയി. കുഞ്ഞുങ്ങൾ എവിടെ?’

അവർ മുകളിലെവിടേലും കാണും.’

‘ഉം, മുകളിലെവിടേലും!’ അവൻ അവനോടായി മന്ത്രിച്ചു.

വൃന്ദയെയും, വിഹാനെയും കണ്ടിട്ടു കാലം ഒരുപാടായപോലെ. അവർ, അവർക്കു, മുകളിലെ നിലയിൽ പ്രത്യേകം ടി.വിക്കുവേണ്ടിശഠിച്ചു. വാങ്ങിക്കൊടുത്തു.ഇപ്പൊ അവർക്ക് ബ്രേക്ക് ഫാസ്റ്റും, ലഞ്ചുമൊക്കെ മുകളിലെ നിലയിൽ കൊണ്ടുപോയി കൊടുക്കണമെന്നാ നിർബന്ധം. മുകളിൽ നിന്നും കാലൊച്ച.

വീണാ, എന്താ അവിടെ?’

വൃന്ദയുടെ കൂട്ടുകാരികൾ വന്നിരുന്നു. അവർ പോകാനിറങ്ങുവായിരിക്കും.’

ദൂരെ ധൃതികൂട്ടുന്ന കാലുകൾ അവർ കണ്ടു. കോവണിയിറങ്ങി മുറ്റത്തേക്ക് പോകയാണ് അവർ. പണ്ട് വൃന്ദയും കൂട്ടുകാരികളും എല്ലാം അടുത്തുതന്നെയിരുന്നാണ് സംസാരിച്ചിരുന്നത്. ഇപ്പൊ അവർ തീർത്തും അന്യരായി മാറിക്കൊണ്ടേ ഇരിക്കുന്നു. അവർ പോയിക്കഴിഞ്ഞു. വൃന്ദ ബൈ പറഞ്ഞു തിരിച്ചു വരുന്നുണ്ട്.

മോളേ ഇങ്ങു വാ…’ ആദർശ് വിളിച്ചു. അവൾ സ്മാർട്ട്ഫോണിൽ മിഴികൽപതിപ്പിച്ചു വരുന്നുണ്ട്. മോള് ഇവിടെ ഇരിക്ക്.’

എന്തുവാ അച്ഛാ…ഞാൻ ഒരു ഗെയിം കളിക്കുകയാണ് അച്ഛാ…’ അവൾ നിന്നില്ല. അവൾ പോയി.

‘അവൾ എന്റെ കണ്ണൊന്നു പൊത്തിയിരുന്നെങ്കിൽ!’ ആദർശ് തീക്ഷ്ണമായി ആഗ്രഹിച്ചു. ഇനി അതുണ്ടാവില്ല. അവൾ മാറിക്കഴിഞ്ഞു.

ചേട്ടൻ അവളുടെ ശബ്ദം ശ്രദ്ധിച്ചോ?

ങ്ഹാ…അതേ…അവളുടെ ശബ്ദത്തിനു മാറ്റമുണ്ട്. ഞാൻ കുറെ നാളായി ശ്രദ്ധിച്ചിരുന്നു.’

വിഹാന്റെയും ശബ്ദവും, ശൈലിയും മാറിക്കഴിഞ്ഞു. നമ്മുടെ ഈ വലിയ വീടിനനുസരിച്ച് അവർ ശബ്ദവും ശൈലിയും മാറ്റുകയാണ്. സുഹൃത്തുക്കളുടെ സ്വാധീനം!’ ആദർശ് പിന്നെ ചിന്തിക്കുകയായിരുന്നു…വലിപ്പം അകൽച്ചയിലും അകലത്തിലുംചെന്നു പതിക്കുന്നു…അത് ഏതു തലത്തിലായാലും ശരി…സ്മാൾ ഈസ് ബ്യുട്ടിഫുൾ! അതെത്രയോ ശരി!’ അല്ല, വീണാ. നമ്മുടെ ആ കൊച്ചു വീടിന്റെ മാഹാത്മ്യം ഞാൻ ഇപ്പൊ മനസ്സിലാക്കുന്നു. ആ കൊച്ചു വീടിന്റെ വലിപ്പം

നമുക്ക് ആ കൊച്ചു വീട് മതിയായിരുന്നു, ചേട്ടാ. നമ്മൾ കണ്ടു വളർന്നതും അനുഭവിച്ചറിഞ്ഞതുമായ ആ കൊച്ചു വീട്.

നോക്കൂ വീണാ…നമ്മുടെ മനസ്സിനും ശരീരത്തിനും അപ്പുറം നമുക്ക് ഒരു സമ്പാദ്യവും ഉണ്ടാവില്ല. എന്തൊക്കെ ഉണ്ടായാലും അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഉണ്ടാക്കുന്ന ഒരു ക്വാളിറ്റേറ്റിവ് ഗുണമാണ് നമ്മുടെ സമ്പാദ്യം. അതിന്റെ ക്വാളിറ്റി കുറഞ്ഞാൽ സമ്പാദ്യം കുറഞ്ഞെന്നർത്ഥം. ഇവിടെ അതാണ് ഉണ്ടായിരിക്കുന്നത്. നമ്മുടെ കൊച്ചു വീടിന്റെ വലിപ്പം നാം ഇപ്പൊ മനസ്സിലാക്കുന്നു.’

അതേ, ചേട്ടാ…ഞാൻ നൂറു ശതമാനവും ചേട്ടന്റെ കൂടെയാണ്….