അത് ഞെട്ടലോടെ ആയിരുന്നു കേട്ടത്. കോളേജിൽ പഠിക്കാൻ പോകുന്ന പെണ്ണിന്…

അവിഹിതം ~ രചന: മഹാ ദേവൻ

“ങ്ങള് കേട്ടില്ലേ മൻഷ്യ, അപ്രത്തെ ആ ആട്ടക്കാരിപ്പെണ്ണ് ഛർദിച്ചൂത്രേ, ”

ജോലി കഴിഞ്ഞ് കേറി വന്ന നേരം ഒരു ചായ പോലും തരാതെ പിടിച്ചിരുത്തി പറയുന്ന കാര്യം കേട്ടപ്പോൾ കെട്യോളെ ഭിത്തിയിൽ ചേർത്തുനിർത്തി കുശുമ്പ്കുത്തി വീർത്ത ആ തുടുത്ത കവിൾ നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും രണ്ട് കൈ കൂട്ടിയടിച്ചാൽ അല്ലെ സൗണ്ട് കേൾക്കൂ എന്ന തത്വം മനസ്സിൽ കരുതി ” അത് കഴിച്ചത് വയറ്റിൽ പിടിക്കാത്തതിന്റെ ആവും ” എന്ന് നിസാരമട്ടിൽ പറഞ്ഞ് പിടിച്ചിരുത്തിയിടത്തു നിന്നും പതിയെ എണീക്കാൻ ശ്രമിക്കുമ്പോൾ അവൾ കയ്യിലെ പിടിവിടാതെ കിട്ടിയതിൽ അല്പം വെള്ളം കൂട്ടി പറയുന്നുണ്ടായിരുന്നു
” എന്റെ പൊന്ന് മൻഷ്യ.. അത് കഴിച്ചത് വയറ്റിൽ പിടിക്കാഞ്ഞിട്ടല്ല…കഴിക്കുന്നതിനു മുന്നേ ആരോ വയറ്റിൽ പിടിപ്പിച്ചതിന്റെ ആണ് ” എന്ന്.

അത് ഞെട്ടലോടെ ആയിരുന്നു കേട്ടത്.
കോളേജിൽ പഠിക്കാൻ പോകുന്ന പെണ്ണിന് വ യറ്റിലുണ്ടെന്ന് അറിയുമ്പോൾ ഉള്ള ആ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. എന്നാൽ ഇവൾക്ക് ഇത് കൊട്ടിഘോഷിക്കാൻ കിട്ടിയ ഒരു അപൂര്വ്വവാർത്തയായിരിക്കുമെന്ന് ചിന്തിച്ചപ്പോൾ ദിവാകരൻ മുഷിപ്പോടെ പറയുന്നുണ്ടായിരുന്നു

” എന്റെ പൊന്നു സരസു… സംഭവിച്ചത് എന്തോ ആയിക്കോട്ടെ. നീ അത് വലിയ വാർത്തയാക്കി നാട് നീളെ കൊട്ടിഘോഷിക്കാൻ നിൽക്കണ്ട. നീയും ഒരു അമ്മയാണ്.. അപ്പുറത്ത്‌ ഇപ്പോൾ എന്തായിരിക്കും അവരുടെ ഒക്കെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.. ആാ അവസ്ഥയിൽ കൂടെ നിന്ന്സമാധാനിപ്പിക്കേണ്ടതിനു പകരം എരിതീയിൽ എണ്ണ കോരി ഒഴിക്കരുത്. ” എന്ന്.

അയാളിലെ സഹതാപം നിറഞ്ഞ വർത്താനം അത്ര പിടിക്കാത്ത പോലെ അവൾ മുഖം കോട്ടി തിരിയുമ്പോൾ ” നീ പോയി ഒരു ചായ ഉണ്ടാക്ക് ” എന്നും പറഞ്ഞ് ദിവാകരൻ എഴുന്നേൽക്കുമ്പോൾ അവൾ കെട്ടിയോനെ കനപ്പിച്ചൊന്ന് നോക്കി പിറുപിറുക്കാൻ തുടങ്ങി,

” ഓഹ്, ഞാൻ ഇത് പറഞ്ഞപ്പോൾ അപ്രതോരോട് ന്താ സഹതാപം. ആ തൊലി വെളുത്ത ഉണ്ണിയാർച്ചയുടെ മട്ടും ഭാവവും കണ്ടപ്പോഴേ തോന്നിയതാ ങ്ങനെ ഒക്കെ വരൂന്ന്. അതെങ്ങനാ… വാർക്കപ്പണിക്ക് പോയവൻ ഒന്ന് കണ്ണ് കാണിച്ചപ്പോൾ ഇറങ്ങിപ്പോന്ന തള്ളയുടെ അല്ലെ വിത്ത്. അതന്നെ.. വിത്തുഗുണം പത്തുഗുണം. ന്നിട്ടോ അവളുടെ കെട്ടിയോൻ ആരെയോ കൈമണിയടിച്ചു ഗൾഫിൽ പോയി പത്തു കാശ് ഉണ്ടാക്കിയപ്പോൾ പിന്നെ അവൾക്ക് കണ്ണിൽ കുരു. നമ്മളെ ഒക്കെ ഒരു പുച്ഛം. അത് മാത്രമല്ല, ആ കോളേജ്കുമാരിക്ക് ഇച്ചിരി എളക്കം കൂടുതലാ.. സ്കൂൾ പോകുമ്പോഴേ ബസ്സ് ഡ്രൈവറുടെ പ്രേമലേഖനം വാങ്ങിയവളാ.. പിന്നെ ആരെ കണ്ടാലും ഇളിച്ചുകാട്ടികൊണിയും. അപ്പോൾ പിന്നെ ഇതുപോലെ ഒക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ”

അവർക്ക് പത്തു കാശ് ഉണ്ടായത് മുതൽ തുടങ്ങിയ കുശുമ്പിന്റെ വിത്താണ് ഇപ്പോൾ ഇവളുടെ മനസ്സിൽ പൊട്ടിമുളക്കുന്നതെന്ന് മനസ്സിലായപ്പോൾ ദിവാകരൻ സരസ്വതിയെ രൂക്ഷമായൊന്ന് നോക്കി.

” ദേ, സരസു.. മറ്റൊരുത്തൻ നന്നായികാണുമ്പോൾ പല പെണ്ണുങ്ങൾക്കും ഉള്ള സ്വഭാവമാണിത്. ജന്മനാ കിട്ടിയ ഈ കഴിവ് കുത്തിപ്പറിച്ചു കളയാൻ പറ്റില്ലല്ലോ. നീ പറഞ്ഞ പോലെ വിത്ത് ഗുണം പത്തുഗുണം.. ഈ കാര്യത്തിൽ നിന്റ തള്ളേം മോശമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ കഴിയുന്നു നിങ്ങൾക്ക്.. മറ്റൊരുത്തൻ മനസ്സാൽ വീണ് കിടക്കുമ്പോൾ ഓടിക്കയറി നിറുകയിൽ ചവിട്ടി ഇങ്ങനെ സന്തോഷിക്കാൻ? ആ പെങ്കൊച്ചിനെ നിന്നെപ്പോലെ തന്നെ അറിയുന്ന ആളാ ഞാനും.. അതിനെ കുറിച്ച് നീ പറഞ്ഞ പോലെ ഒന്നും ഞാൻ ഇതുവരെ കേട്ടിട്ടില്ല.. ആരും അറിയാത്ത കാര്യമൊക്കെ ഇങ്ങനെ ഗണിച്ചുണ്ടാക്കിയിട്ട് നിനക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത്..ഇപ്പോൾ ആ കുട്ടിക്ക് ഒരു അബദ്ധം പറ്റിയെങ്കിൽ
ഈ അവസ്ഥയിൽ തളർന്നു നില്കുന്ന ആ കുടുബത്തിന് ഒരു കൈത്താങ്ങായി നിൽക്കുകയാണ് വേണ്ടത്. അല്ലാതെ….. ”

വാക്കുകൾ പാതിയിൽ നിർത്തി സരസ്വതിയെ രൂക്ഷമായി നോക്കികൊണ്ട് ദിവാകരൻ അകത്തേക്ക് പോകുമ്പോൾ അവൾ പുച്ഛത്തോടെ ചിറികോട്ടിക്കൊണ്ട് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു

” നമ്മളെന്തേലും പറഞ്ഞാൽ അത് കുറ്റം..ഞാൻ ആരുടേം കുറ്റോം കുറവും കണ്ടുപിടിക്കാൻ നിൽക്കാറില്ലേ.. എനിക്കിപ്പോ അതല്ലേ പണി ” എന്ന്.

പിറ്റേ ദിവസം രാവിലെ കുളിയും കഴിഞ്ഞു കഞ്ഞിക്കു മുന്നിൽ ഇരിക്കുമ്പോൾ ആയിരുന്നു പുറത്താരോ വന്നതായി തോന്നിയത്. കുടിക്കുന്ന കഞ്ഞി പാതിയിൽ നിർത്തി ദിവാകരൻ എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ഉമ്മറത്തു നിന്നും വേം ഓടിവന്ന സരസ്വതി ശബ്ദം താഴ്ത്തി ” ദേ , വന്നിട്ടുണ്ട് അടുത്ത പിരിവുമായി മെമ്പറും ഒന്ന് രണ്ട് വാലുകളൂം. കൂടെ ആ മാഷും ഉണ്ട്. ഇനി എന്തിന്റെ പേരിലാവോ രാവിലെ പിരിവുമായി ഇറങ്ങിയേക്കുന്നത്.. ഇനി അവിടെ പോയി ഇളിച്ചുകാണിച്ചു കയ്യിലുള്ളത് എടുത്ത് കൊടുക്കാൻ നിൽക്കണ്ട. കേട്ടലോ ”

അവൾ ചെവിയിലോതിയ കാര്യം അപ്പുറത്തെ ചെവിയിലൂടെ പുറത്തേക്ക് തള്ളി അവളെ അപ്പാടെ അവഗണിച്ചുകൊണ്ട് ദിവാകരൻ പുറത്തേക്ക് നടക്കുമ്പോൾ പുറത്ത് കാത്തുനിൽക്കുകയായിരുന്നു മാഷും മെമ്പറും.

” മാഷേ, അകത്തേക്ക് വരൂ ” എന്നും പറഞ്ഞ് അവരെ അകത്തേക്ക് ക്ഷണിക്കുമ്പോൾ അകത്തെ സോഫയിലേക്ക് ഇരുന്ന മാഷ് മുഖത്തൊരു ചിരി വരുത്തി.

” അപ്പോ ദിവാകരാ… ഞങ്ങൾ വന്നത് എന്തിനാണെന്ന് വെച്ചാ…. സംഭവം ഒക്കെ അറിഞ്ഞ് കാണുമല്ലോ.. അടുത്ത വീട് ആകുമ്പോൾ അറിയാതിരിക്കില്ലല്ലോ ” എന്ന് മുഖവുരയോടെ മാഷ് പറഞ്ഞുതുടങ്ങുമ്പോൾ ചുവര് ചാരി ചെവി കൂർപ്പിച്ചു നില്കുന്ന സരസ്വതി ഇടക്ക് കേറി ഇച്ചിരി പുച്ഛം കലർത്തി പറയുന്നുണ്ടായിരുന്നു

” ഓഹ്.. ഞങ്ങളെറിഞ്ഞു മാഷേ.. കണ്ട ആണുങ്ങള്ക്ക് മുന്നിൽ ആടികുഴയുമ്പോൾ ആലോചിക്കണം വയറു വീർക്കുന്നത് പെണ്ണിന്റ ആണെന്ന്. പിന്നീട് ഒളിക്കാനും മറയ്ക്കാനും കഴിയില്ല എന്നൊക്കെ. ഇനി പറഞ്ഞിട്ടെന്താ… ഏത് കോന്തന്റെ കൂടെ ആണോ കിടന്നേ, അവനെ കണ്ടെത്തി പിടിച്ചു കെട്ടിക്കാൻ നോക്ക്. പോയ മാനം തിരിച്ചു കിട്ടില്ലേലും വയറ്റിലുള്ളതിനു പേരിന് ഒരു തന്ത ഉണ്ടാകുമല്ലോ. ” എന്ന്.

” അല്ല മെമ്പറേയും കൂട്ടി മാഷ് രാവിലെ എല്ലാ വീട്ടിലും കേറി സന്തോഷവാർത്ത അറിയിക്കാൻ വന്നതാണോ ” എന്ന് കൂടി ചോദിച്ച അവളോട് അത് കേട്ടപാടെ ദിവാകരന് പെരുവിരൽ മുതൽ ദേഷ്യം ഇരച്ചുക്കയറുന്നുണ്ടായിരുന്നു. എവിടെ , എങ്ങനെ സംസാരിക്കണം എന്ന പോലും അറിയാത്ത ഇതിനെ ഒക്കെ എന്ത് ചെയ്യണം എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അയാൾ അവളെ രൂക്ഷമായി നോക്കി.
വീട്ടിൽ ആള് ഇരിക്കുമ്പോൾ ഒരു സീൻ ഉണ്ടാക്കേണ്ടെന്ന് കരുതി പിന്നെ സംയമനം പാലിച്ചുകൊണ്ട് അയാൾ മാഷോട് പറയുന്നുണ്ടായിരുന്നു ” അറിഞ്ഞു മാഷേ, ഞാൻ അങ്ങോട്ടൊന്ന് ഇറങ്ങാൻ നിൽക്കുവായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ അവരെ സമാധാനിപ്പിക്കേണ്ടത് ഞങ്ങളൊക്കെ അല്ലെ.. ” എന്ന്.

അത് കേട്ട് മാഷ് ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് സമാധാനംപോലെ ഒന്ന് പുഞ്ചിരിച്ചു.

” ശരിയാണ് ദിവാകരാ… ഇപ്പോൾ അയാളെ സഹായിക്കാൻ നിങ്ങൾക്കേ പറ്റൂ..എല്ലാവരും എന്നും കാണേണ്ടവർ അല്ലെ. പിന്നെ ഇടക്ക് കേറി വിടുവായത്തരം പറഞ്ഞതാണെങ്കിലും സരസ്വതി പറഞ്ഞതിലും കാര്യമുണ്ട്. ഒരു പെൺകുട്ടിക്ക് വയറിലുണ്ടാക്കിയവനെ കൊണ്ട് തന്നെ കെട്ടിച്ച് ഈ വിഷയം തൽക്കാലം സോൾവ് ചെയ്യാൻ കഴിയും. അതല്ലേ ഇനി പറ്റൂ… സരസ്വതി പറഞ്ഞപോലെ ഒളിക്കാനും മറയ്ക്കാനും കഴിയുന്ന ഒന്നല്ലല്ലോ ഗർഭം. പറ്റേണ്ടത് പറ്റി. ഇനി കൂടുതൽ ആളുകൾ അറിയുന്നതിന് മുന്നേ അത് ഒന്ന് ഒതുക്കിതീർക്കണം. അതിനാണ് ഞാൻ ഇപ്പോൾ വന്നതും ”

മാഷ് ഒരു പ്രതീക്ഷയോടെ ദിവാകരനെ നോക്കുമ്പോൾ അയാൾ മാഷുടെ വാക്കുകൾ അംഗീകരിക്കുംപോലെ പറയുന്നുണ്ടായിരുന്നു ” ശരിയാണ് മാഷേ,, മാഷിപ്പോൾ പറഞ്ഞത് വളരെ ശരിയാണ്… കുട്ടികൾക്ക് ഒരു അബദ്ധം പറ്റി.. അതിപ്പോ നാലാള് അറിയുംമുന്നേ ഒതുക്കി തീർക്കുന്നത് തന്നെയാ നല്ലത്. അവളോട് ചോദിച്ചോ ആള് ആരാന്ന്. എന്നാൽ ഇപ്പോൾ തന്നെ നമുക്ക് അവിടം വരെ പോയി സംസാരിക്കാം. ഒരു പെണ്ണിന്റ ജീവിതം അല്ലെ… ഞാൻ വരാം മാഷേ ” എന്ന്.

അതും പറഞ്ഞയാൾ എഴുനേൽക്കാൻ തുടങ്ങുമ്പോൾ അപ്പുറത്ത് നിൽക്കുന്ന സരസ്വതി പോണ്ടെന്ന് കണ്ണുകളാൽ പറയുന്നത് അവഗണിച്ചു അയാൾ…

അത് കണ്ടപ്പോൾ ദിവാകരനോടുള്ള ദേഷ്യം അവൾ വന്നവർക്ക് നേരെ വാക്കാൽ തീർക്കാൻ തുടങ്ങി.

” എന്റെ പൊന്ന് മാഷേ, പെണ്ണ് കണ്ടവന്റ കൂടെ കിടന്ന് ഗർഭം ആയതിനു ഇതിയാനെ എന്തിനാ വിളിച്ചോണ്ട് പോകുന്നത്.. ഇതുപോലുള്ള നാറ്റകേസിനൊക്കെ മാഷും മെമ്പറും ശിങ്കിടികളും ഒക്കെ പോയാൽ മതി. വെറുതെ ഇങ്ങേരുടെ പണി മിനക്കെടുത്താതെ ” എന്ന്.

അത് കേട്ട് മാഷ് കണ്ണട ഒന്ന് നേരെയാക്കികൊണ്ട് സരസ്വതിയെ ഒന്ന് നോക്കി. പിന്നെ എല്ലാവരുംകേൾക്കാൻ എന്നോണം മാഷ് പറഞ്ഞു

“സരസ്വതി വിഷമിക്കണ്ട.. ഈ നാറ്റക്കേസിന് ദിവാകരനെ വിളിക്കാൻ വന്നതല്ല ഞങ്ങൾ. പെണ്ണ് കൂടെ കിടന്നവനെ ചൂണ്ടിക്കാട്ടിയപ്പോൾ അത് നിങ്ങളുടെ മോൻ ആയിരുന്നു. അതുകൊണ്ട് ഈ പറഞ്ഞ നാറ്റക്കേസ് നാലാളറിയും മുന്നേ ഒതുക്കിതീർക്കാൻ ആണ് ഞങ്ങൾ വന്നത്. അവനെ വിളിച്ചപ്പോൾ അവനും സമ്മതിച്ചു. ഇനി നിങ്ങളുമായി ഒരു തീരുമാനത്തിൽ എത്താൻ ആണ് വന്നത്. സരസ്വതി പറഞ്ഞപോലെ ഒളിക്കാനും മറയ്ക്കാനും കഴിയുന്നതല്ലല്ലോ ഗർഭം.. ” എന്ന്.

പാവം സരസ്വതി…. മാഷ് പറയുന്നത് കേട്ട് പിരിവെട്ടി നിൽകുമ്പോൾ കുറച്ചു മുന്നേ പറഞ്ഞ കാര്യങ്ങൾ മനസ്സിലൂടെ ഒന്ന് പാഞ്ഞുപോയി…

” ആ കോളേജ്കുമാരിക്ക് ഇച്ചിരി എളക്കം കൂടുതലാ.. സ്കൂൾ പോകുമ്പോഴേ ബസ്സ് ഡ്രൈവറുടെ പ്രേമലേഖനം വാങ്ങിയവളാ..പിന്നെ ആരെ കണ്ടാലും ഇളിച്ചുകാട്ടികൊണിയും. അപ്പോൾ പിന്നെ ഇതുപോലെ ഒക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ”

” അല്ല ദിവാകരൻ ഒന്നും പറഞ്ഞില്ല ”

മാഷ് പിന്നെയും അവരെ നോക്കുമ്പോൾ ഇടിവെട്ടി നിൽക്കുന്ന സരസ്വതി ഇടക്കെപ്പോഴോ ഗതികേട് പോലെ പറയുന്നുണ്ടായിരുന്നു

” അല്ലേലും ആ കൊച്ചു പാവമാ…പിള്ളേർക്ക് ഒരു അബദ്ധം പറ്റിയതാകും.. പ്രായം അതല്ലേ.. പാവം ആ കുട്ടി ” എന്ന്………