രചന: രോഹിണി ശിവ
നീ ഇങ്ങനെ കരഞ്ഞു ഇന്നത്തെ രാത്രിയുടെ മൂഡ് കളയരുത്….. ഇങ്ങ് വന്നേ…..!!!
അയാൾ അവളെ അരികിലേക്ക് ചേർത്തു നിർത്തി … അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…..
” ദേ അപ്പു എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ…. ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കാൻ ആണെങ്കിൽ എന്റെ സ്വഭാവം മാറും… എന്നും ഇത് തന്നെ ആണല്ലോ… ആകെ മൂന്ന് ആഴ്ചയൊള്ളു… അതിനിടയിലാ അവളുടെ ഒരു കരച്ചിൽ… ”
” കഴിഞ്ഞ ഒരാഴ്ച ആയി ഓരോ കാരണങ്ങൾ പറഞ്ഞു എന്റെ കുഞ്ഞിനെ ഒന്ന് അടുത്ത് കിടത്തി ഉറക്കാൻ പോലും ബാലു സമ്മതിക്കുന്നില്ല…. ഇന്നെങ്കിലും സച്ചുനെ നമുക്ക് ഈ മുറിയിൽ കിടത്താം…… അങ്ങനെ എങ്കിലും അവൻ എന്നോട് ഒന്ന് സംസാരിക്കട്ടെ… എന്റെ അരികിൽ ഒന്ന് കിടക്കട്ടെ …. ”
അയാളുടെ മുഖം മാറി…. എന്നാലും അത് പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു …. ” ഞാൻ വിളിച്ചാൽ അവൻ വരണ്ടേ… !! നിന്നെ കാണുന്നത് തന്നെ കുഞ്ഞിന് പേടിയാ … പിന്നെ എങ്ങനാ…. ഹ…. !! ഇന്ന് ഇങ്ങനെ പോട്ടെ… നാളെ ഞാൻ അവനെ ഇവിടെ കൊണ്ടു കിടത്താം…. അവൻ കുഞ്ഞല്ലേ കാര്യങ്ങൾ മനസ്സിലാക്കാൻ സമയം എടുക്കും… അടിച്ച് ഏൽപ്പിക്കാൻ കഴിയുന്ന കാര്യം ഒന്നുമല്ലല്ലോ… പിന്നെ നീ പോകുന്നതിനു മുന്നേ എല്ലാം ശരിയാക്കാം…. ” വികാരത്തിന്റെ കൊടുംകാറ്റായി അയാൾ അവളെ പൊതിഞ്ഞു…
” ഞാൻ ഇനി തിരികെ പോകണോ… ഇവിടെ എന്തേലും ജോലി…???
” എന്താ അപ്പു ഇത്… ഇവിടെ ജോലി കിട്ടിട്ട് എന്ത് ശമ്പളം കിട്ടാനാ…??? നീ പോകണം… കുറച്ച് കാലം കൂടെ പിടിച്ചു നിന്നെ പറ്റു….. ഇപ്പോൾ നീ ഇങ്ങ് വാ….. “” പിടിച്ചു വാങ്ങിയ രാത്രിയുടെ ഓർമയിൽ അയാൾ നന്നായി ഉറങ്ങി…..
എന്നാൽ അവൾക്ക് ഉറങ്ങാനെ കഴിഞ്ഞില്ല… ഇന്ന് മാത്രമല്ല കഴിഞ്ഞ ഒരാഴ്ച ആയി തന്റെ ഉറക്കം കെടുത്തുന്ന സംഭവങ്ങൾ മാത്രമേ ഇവിടെ നടക്കുന്നോള്ളൂ…..
ഭർത്താവിന്റെയും കുടുംബത്തിന്റെയും ഇഷ്ടവും ആഗ്രഹവും നിറവേറ്റാൻ തന്റെ ജീവിതം ഹോമിച്ചപ്പോൾ നഷ്ടങ്ങൾ തനിക് മാത്രം ആയിരുന്നല്ലോ….മൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് എത്തിയത് ഒരാഴ്ച മുന്നേ ആണ്…. എത്ര വേദനയോടെയാണ് എല്ലാരേയും വിട്ട് താൻ പോയത്… അതിൽ ഏറ്റവും പ്രിയപ്പെട്ടതും ഇവിടെ ഉപേഷിക്കേണ്ടി വന്നില്ലേ…. ‘തന്റെ പൊന്ന് മകനെ….!! ‘ചുട്ടു പൊള്ളുന്ന മണലിൽ ചുട്ടു പൊള്ളുന്ന ഹൃദയത്തോടെ രാപകൽ ഇല്ലാതെ കഷ്ടപെടുമ്പോളും മനസ്സ് നിറയെ ” അമ്മേ ” എന്നുള്ള വിളി ആയിരുന്നു… ഒരിക്കലും കേട്ടിട്ടില്ലാത്ത തന്റെ മകന്റെ വിളി…. കുടുംബത്തിന്റെ രക്ഷക ആവാൻ തീരുമാനിച്ചു ഉറപ്പിച്ചു രോഗികൾക്കിടയിൽ നട്ടം തിരിയുമ്പോളും ” അമ്മേ ” എന്നൊരു വിളിക്കായി താൻ കാതോർത്തു…
പത്തു മാസം ചുമന്നു പ്രസവിച്ചു മൂന്ന് മാസം തികഞ്ഞില്ല പെട്ടന്നാണ് ജോലി ശരിയായത്….അതും സൗദിയിൽ…. പോകുന്നില്ലായെന്നു കാല് പിടിച്ചു അപേക്ഷിച്ചു…. ആരും ചെവി കൊണ്ടില്ല…. കൈ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് വരാൻ പറ്റുമെന്നു പോലും അറിയാതെ അന്യ നാട്ടിലേക്ക് ചേക്കേറാതിരിക്കാൻ ആവുന്നതേ നോക്കി…. കഴിഞ്ഞില്ല….. കുഞ്ഞിനെ ആര് നോക്കും എന്ന ചോദ്യത്തിന് മറുപടി ആയി ” അവന്റെ അച്ഛനായ ഞാൻ ഇല്ലേ…. പിന്നെ എന്റെ ചേച്ചി ഇല്ലേ…. അവർക്കാണങ്കിൽ കുട്ടികളും ഇല്ല സച്ചുനെ അവർ പൊന്നു പോലെ നോക്കും .. ” എന്ന മറുപടിയും കിട്ടി….. ഹൃദയം പിളരുന്ന വേദനയിൽ യാത്ര ആയപ്പോളും മനസ്സിൽ ആ കുഞ്ഞ് കാൽ പതിഞ്ഞിരുന്നു…. വേർപാടിന്റെ വേദനയിൽ പല രാത്രികളിലും പൊട്ടി കരഞ്ഞു…. തന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ…. കാത്തിരുന്നു കിട്ടിയ അവന്റെ തന്റെ നെഞ്ചോട് ചേർത്ത് ഉറക്കുവാൻ… താരാട്ട് പാടുവാൻ…. വിഡിയോ കോൾ ചെയ്യുമ്പോൾ തന്റെ പിഞ്ചോമന ചിരിക്കുന്നതും കൈ കൂട്ടി അടിക്കുന്നതും കണ്ട് ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് ഓടി പോയാല്ലോ എന്ന് പോലും തോന്നി….. എന്നാൽ തന്റെ മനസ്സ് മാറുമെന്ന് പേടിച്ചിട്ടാവണം ബാലു ഓരോന്നായി തടഞ്ഞു …. ഫോൺ ചെയ്യുമ്പോൾ പോലും കുഞ്ഞിനെ കാണിക്കാൻ പോലും മടിച്ചു…. എന്നിട്ടും താൻ തളർന്നില്ല…. കുടുംബത്തിന്റെ കുറച്ച് കടങ്ങളും തന്റെയും കുഞ്ഞിന്റെയും ഭാവി ഭദ്രമാകുന്നതിനുള്ള കാശ് സമ്പാദിക്കാൻ നെട്ടോട്ടം ഓടി…. ഉറക്കമില്ലാതെ പണി എടുത്തു… ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ ഓരോ കാശും കൂട്ടി വെച്ചു… ഒന്നര വർഷം കൊണ്ടു കടം തീർത്തു… ബാക്കി കാലം ഭാവിലേക്ക് എന്തേലും കരുതാൻ കഷ്ടപ്പെട്ടു….. താൻ അയച്ചു കൊടുക്കുന്ന പൈസ ബാലു നാട്ടിൽ പൊടിച്ചു കളയുന്നതിനെ പറ്റി പല തവണ അറിഞ്ഞു….. ആരോടും ഒന്നും ചോദിച്ചില്ല…. മനസ്സിൽ ഒരേ ഒരു ലക്ഷ്യം മാത്രം….. എങ്ങനെയും ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടു തന്റെ കുഞ്ഞുമായി സുഖമായി ജീവിക്കണം….
മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് വരാൻ മൂന്ന് ആഴ്ചത്തേക്കുള്ള അവധി കിട്ടി…. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല…. തിരിച്ചു വരാതിരിക്കാൻ എല്ലാവരുടെയും സമ്മതം മേടിക്കാൻ പോലും തീരുമാനിച്ചു….. മൂന്ന് മാസം ആയപ്പോൾ കണ്ടതാണ് തന്റെ കുഞ്ഞിനെ….. ഓടി ചെന്ന് കെട്ടി പുണരാൻ ആ കുഞ്ഞ് കവിളിൽ ഒരുപാട് മുത്തം കൊടുക്കാൻ ഇതുവരെ കൊടുക്കാൻ കഴിയാത്ത ഈ അമ്മയുടെ സ്നേഹം വാരി കോരി കൊടുക്കാൻ എത്രയും പെട്ടന്ന് നാട്ടിൽ എത്താൻ കൊതിച്ചു…. തന്റെ കുഞ്ഞിനുള്ള ഒരുപാട് സമ്മാനങ്ങളുമായി ഫ്ലൈറ്റ് കേറുമ്പോൾ എയർപോർട്ടിൽ തന്നെ കാത്തിരിക്കുന്ന ” അമ്മേ ” എന്നുള്ള വിളിക്കായി കാതോർത്തിരിരുന്നു…എന്നാൽ പ്രതീഷിച്ചപോലെ ഒന്നും സംഭവിച്ചില്ല….. എന്റെ കുഞ്ഞ് എന്നെ തിരിച്ചറിഞ്ഞില്ല…. ” അമ്മേ ” എന്ന് വിളിച്ചില്ല…. അപരിചിതയെ പോലെ അവൻ എന്നെ ഉറ്റു നോക്കി…. വേറെ ആരെയോ കണ്ടപോലെ പേടിയോടെ നോക്കി…. തന്റെ കൈകളിൽ പോലും വരാൻ വിസമ്മതിച്ചു….”അവൻ കുഞ്ഞല്ലേ…. നമുക്ക് പറഞ്ഞു മനസ്സിലാക്കാമെന്നേ…. ” ആശ്വാസ വാക്കുകൾ പല സ്ഥലത്തും നിന്നും ഒഴുകി എത്തി…. എന്നാൽ സച്ചു എന്റെ അരികിലേക്ക് വരാൻ പോലും കൂട്ടാക്കിയില്ല…..
അതിലും സങ്കടം ഉണ്ടായത് താൻ ഇത്രയും നാളും കാത്തിരുന്ന ആ വിളി ” അമ്മേ” ന്നുള്ള കൊഞ്ചൽ ആർന്ന ആ വിളി സച്ചു ബാലുവിന്റെ ചേച്ചിയെ വിളിക്കുമ്പോൾ ആണ്…. അവർ അവനെ കെട്ടി പിടിച്ചു ഉമ്മ വെച്ചു സ്നേഹിച്ചു ആഹാരം വാരി കൊടുത്ത്…. സ്വന്തം കുഞ്ഞ് അമ്മേന്ന് മറ്റൊരാളെ വിളിക്കുമ്പോൾ തന്റെ ഹൃദയം തകർന്നു.. താൻ കൊടുക്കണ്ട സ്നേഹവും കരുതലും മറ്റൊരാൾ കൊടുക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു…
ദിവസങ്ങൾ മാറി മറിഞ്ഞു … സച്ചു തന്നിലേക്ക് അടുക്കുന്നതേയില്ല…”ഈ ആന്റി എന്തിനാ നമ്മുടെ വീട്ടിൽ നിൽക്കുന്നേ…. ഇതാരാ അമ്മേ…. ഇവർ എന്തിനാ എന്നെ എടുക്കുന്നേ… അമ്മേ… ഈ ആന്റി….. ” തന്റെ കൈകൾ തട്ടി മാറ്റി അവൻ പൊട്ടി കരഞ്ഞു … വാശി പിടിച്ചു.. താൻ അടുക്കാൻ ശ്രമിക്കുംതോറും സച്ചു കുതരി മാറി….
ബാലുവിന്റെ ചേച്ചിയുടെ താരാട്ടിലും ചൂടിലും അവൻ ആശ്വാസം കാണുന്നത് നിറകണ്ണുകളോടെ നോക്കി കാണുവാൻ മാത്രമേ അവൾക്ക് ആയിരുന്നൊള്ളു…തനിക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു… സ്വന്തം കുട്ടിയെ ഒന്ന് തഴുകാൻ പോലും കഴിയാത്ത അമ്മ .. ഈ അമ്മയുടെ വിരലുകൾ കുട്ടിക്ക് മുള്ളുകൾ ആയി….
” ഇത് സച്ചുന്റെ അമ്മയല്ലേ… നീ പേടിക്കാതെ ചെല്ല് മോനെ… ” എന്നുള്ള വാക്കുകളിൽ കുഞ്ഞ് അലറി കരഞ്ഞു…. ” എന്റെ അമ്മ ഇതല്ല….. എനിക്ക് ഇവരെ പേടിയാ….. എന്നെ ഇവർ എടുക്കണ്ട…. ” അവൻ നിലവിളിച്ചു….
വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു… എന്നിട്ടും ” അമ്മേ “നുള്ള വിളി മാത്രം അകലെ ആയി….. !! ഒന്ന് കോരി എടുക്കാൻ പോലും തന്റെ മകൻ നിന്ന് തരുന്നില്ല…..
മൂന്ന് ആഴ്ചത്തെ അവധി കഴിഞ്ഞു ആർക്കോ വേണ്ടി വീണ്ടും തിരിച്ചു പോകുമ്പോൾ അകലെ എവിടെയോ അവൾ ആ വിളി കേട്ടു… ഇതുവരെ തനിക് കേൾക്കാൻ കഴിയാത്ത ആ വിളി…..
“””” അമ്മേ…. “”
ഒരുപാട് പ്രവാസികളായ അമ്മമാർക്കായി…..