മകൾ ~ രചന: സുമയ്യ ബീഗം TA
പ്രമുഖ ഹോസ്പിറ്റലിലെ ഗൈനക്ക് വാർഡിൽ യൂ ട്രസ്സ് നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന് അഡ്മിറ്റ് ചെയ്തിരിക്കുന്ന ഭാര്യ സിസിലിക്ക് കൂട്ട് നിൽക്കുകയാണ് ഭർത്താവ് ബെന്നിച്ചൻ. രണ്ടു നഴ്സുമാർ സിസിലിയുടെ പ്രഷറും ഹാർട്ട് ബീറ്റ് ഒക്കെ പരിശോധിക്കുന്നു.
തൊട്ടടുത്തു കിടക്കുന്ന കസേരയിൽ ഇരുന്നു ഒരു വാരിക മറിച്ചുനോക്കുന്ന ബെന്നിച്ചന്റെ കണ്ണുകൾ അപ്പുറത്തെ ബെഡിൽ ഇരിക്കുന്ന യുവാവിന്റെ കണ്ണുകളുമായി ഇടഞ്ഞു. ചെറു പുഞ്ചിരി നൽകാനൊരുങ്ങവേ ഏകദേശം മുപ്പത്തെട്ട് വയസു തോന്നുന്ന ആ സുമുഖൻ മുഖം തിരിച്ചു. അയാൾ ആകെ അസ്വസ്ഥനാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. പെട്ടന്നങ്ങോട്ടു അയാളുടെ അമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ കടന്നുവരികയും മകനോട് പരുഷമായി സംസാരിക്കുന്നതും അയാൾ ദേഷ്യപ്പെട്ടു പുറത്തേക്കു നടക്കുന്നതും കണ്ടു.
മോനെ എന്ന് വിളിച്ചു ആ പാവം സ്ത്രീ അയാൾക്ക് പുറകെ പോകുന്ന കണ്ടപ്പോൾ എന്തോ ഒരു വല്ലായ്ക. കാരണം എന്തെന്നറിയെങ്കിലും ചില കാര്യങ്ങൾ ഒരുപാടു നമ്മെ ചിന്തിപ്പിക്കും. വായന തുടരവേ കേട്ടു, സിസ്റ്റര്മാരുടെ സംസാരം.
ഓ ഇന്നത്തെ കാലത്ത് ഇങ്ങനത്തെയും മനുഷ്യരുണ്ടോ ? രണ്ടുപേരിൽ പൊക്കമുള്ള നേഴ്സ് കൂട്ടുകാരിയോട് ഇയാള് പോയ വഴി നോക്കി പറയുകയാണ്.
ഭയങ്കരം ചേച്ചി, അയാൾക്ക് മൂന്നാമത്തെ കുഞ്ഞും പെണ്ണായതു നമ്മുടെ കുറ്റമാണോ ?
എന്തൊരു മുരടനാണ്. പെൺകുഞ്ഞു ആണെന്നറിഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്തു പോലും നോക്കിയില്ല.
നല്ല കാര്യായി ആ പെണ്ണിന് പനി കൂടി മെഡിസിൻ വാങ്ങാൻ കുറിച്ചുകൊടുത്തപ്പോൾ ഒരു കാരണവുമില്ലാതെ അത്രേം പേരുടെ മുമ്പിൽ എന്നോട് തട്ടിക്കേറി. അതുകണ്ട എല്ലാ മനുഷ്യരും ഇയാളെ തന്നെ ശ്രെദ്ധിക്കുകാരുന്നു.
ഇത്രയും പറഞ്ഞു സിസിലിയുടെ വിവരങ്ങൾ ചാർട്ടിലാക്കി നഴ്‌സ്‌മാർ മറഞ്ഞപ്പോൾ കാര്യങ്ങൾ ഏതാണ്ട് ബെന്നിച്ചനു ക്ലിക്കി.
അപ്പോൾ അതാണ് കാരണം ഭാര്യ മൂന്നാമതും പ്രസവിച്ചത് പെൺകുഞ്ഞു ബെന്നിച്ചൻ സിസിലിയോടായി പറഞ്ഞു . ബെന്നിച്ചന്റെ ചുണ്ടിൽ ഒരു ചെറു ചിരി, അതുകണ്ട സിസിലി ആ കൈകളിൽ മെല്ലെ ഒന്നു തൊട്ടു മയങ്ങാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ഇരുന്ന ബെഡിൽ പ്രായമുള്ള ഒരു സ്ത്രീയും പൂമ്പാറ്റപോലുള്ള രണ്ടു പെണ്കുഞ്ഞുങ്ങളും എത്തി. ആ സ്ത്രീയിൽ നിന്നും ആ ചെറുപ്പക്കാരന്റെ പേര് അലക്സ് എന്നാണെന്നും ഈ സ്ത്രീയുടെ മകൾ ആനിയുടെ ഭർത്താവാണെന്നും ആനി ഒരുമണിക്കൂർ മുമ്പ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി ലേബർ റൂമിൽ ഒബ്സർവേഷനിൽ ആണെന്നും അറിഞ്ഞു.
സിസിലി കൗതകത്തോടെ ആ പെൺകുഞ്ഞുങ്ങളെ തന്നെ നോക്കിയിരുന്നു ആരും നോക്കി പോകും അത്രയ്ക്ക് സുന്ദരിമാരാണ് മൂത്തയാൾക്കു ഏഴുവയസ്സും രണ്ടാമത്തെയാൾക്കു നാലുവയസ്സും പ്രായം തോന്നും.
ബെന്നിച്ചനു അത്ഭുതം തോന്നിയത് ആ കുഞ്ഞുമുഖങ്ങളിൽ പോലും നിഴലിക്കുന്ന സങ്കടം കണ്ടാണ്. ഒരു പുതു പിറവി ഉണ്ടായിട്ടും ആ വല്യമ്മക്കും ചേച്ചിമാർക്കും യാതൊരു സന്തോഷവുമില്ല. എന്തോ അരുതാത്തതു സംഭവിച്ചപോലെ. പപ്പയുടെ ദേഷ്യം ആ കുഞ്ഞു മനസുകളെ ഒരുപാടു ഉലച്ചിരിക്കുന്നു.
വൈകുന്നേരത്തോടെ ആനിയെയും കുഞ്ഞിനേയും വാർഡിലേക്ക് മാറ്റി. ആ സമയത്തൊക്കെ അയാൾ യാതൊരു താല്പര്യവും ഇല്ലാത്തമട്ടിൽ ഓരോ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു. ഒരുവേള പോലും അയാൾ ഭാര്യയോട് സംസാരിക്കുകയോ കുഞ്ഞിനെ നോക്കിയിരിക്കുന്നതോ കണ്ടില്ല.
ബെന്നിച്ചനു നെഞ്ചിലെവിടെയോ സഹിക്കാൻ പറ്റാത്തൊരു നോവ് തോന്നി . ആനിയെന്ന വെളുത്തു മെലിഞ്ഞ ആ പെണ്ണ്, അയാളുടെ ഭാര്യ നിശബ്ദം കരയുകയാണ് . പ്രസവിച്ച ഉടൻ പെണ്ണുങ്ങൾ ഇത്രയും വേദനിച്ചു കേട്ടുകേൾവിപോലും ബെന്നിച്ചനുണ്ടായിരുന്നില്ല. ഓരോ പിറവിയും ആനന്ദത്തിന്റേതായിരുന്നു ആഘോഷത്തിന്റെയും.
ഓരോന്നോർക്കവേ ഡാഡി എന്ന വിളികേട്ടു ബെന്നിച്ചൻ തിരിയുമ്പോൾ ചിരിയോടെ റോയ്, കൂടെ എല്ലാരുമുണ്ട്.
സംസാരവും മറ്റും കേട്ടു അലക്സ് നോക്കുമ്പോൾ കണ്ടു, അപ്പുറത്തെ ബെഡിൽ വിസിറ്റേഴ്‌സ് ആയി മൂന്നു ചെറുപ്പക്കാരും അവരുടെ ഭാര്യമാർ എന്നുതോന്നിക്കുന്ന മൂന്നു പെണ്ണുങ്ങളും.ബെന്നിച്ചൻ ആനിയുടെ അമ്മച്ചിക്ക് അവരെ പരിചയപ്പെടുത്തി. ഇത് മൂത്ത മകൻ റോയ് മറ്റേതു രണ്ടാമൻ ജെറിൻ ഇത് മൂന്നാമത്തെയാൾ കെവിൻ.
ഇത്രയും ആയപ്പോൾ അലക്സ് അവിടുന്നെഴുന്നേറ്റു. അയാളുടെ ആൺമക്കൾ മമ്മയുടെ സുഖവിവരങ്ങളും, എപ്പോൾ റൂം ശെരിയാകും എന്നൊക്കെ ഉത്കണ്ഠയോടെ അന്വേഷിക്കുന്നു. മൂന്നാമത്തവൻ ഫയലുമായി ഫർമസിയിൽ പോകാനൊരുങ്ങുന്നു മരുന്ന് വാങ്ങാൻ.
അലക്സ് തന്നോട് തന്നെ പറയുക ആയിരുന്നു ആ മൂപ്പിൻസിന്റെ ഒക്കെ ഒരു യോഗം. മൂന്നാണ്മക്കൾ. ഉള്ളവന് ദൈവം വീണ്ടും വീണ്ടും കൊടുക്കും . നമുക്കൊക്കെ കുടുംബം നിലനിർത്താൻ പോലും ഒന്നിനെ തന്നില്ല.
നിരാശയോടെ പുറത്തെ ഉദ്യാനത്തിനടുത്തു തൂണിൽ ചാരിനിൽക്കവേ ഒരു കാൽപ്പെരുമാറ്റം. ആനിയുടെ അമ്മച്ചി പേര് പറയുന്ന കേട്ടു അലക്സ് മനസിലാക്കിയിരുന്നു അടുത്ത ബെഡിലെ ഭർത്താവിന്റെ പേര്, ബെന്നിച്ചൻ.
എന്താ അലക്സ് ഇവിടിങ്ങനെ നില്കുന്നത്. ഒരു കുഞ്ഞു ഉണ്ടായിട്ടും അടുത്ത ബെഡിലുള്ളവർക്കൊന്നും ഒരു മിടായി പോലും തരാതെ മുങ്ങിയതാണോ ?
അലക്സ് ഒരു വിഷാദ ചിരി ചിരിച്ചെന്നു വരുത്തി. എന്താണ് ചേട്ടൻ എന്നെ കളിയാക്കുക ആണോ ?ഒരു ആൺകുഞ്ഞിനെ ഒത്തിരി സ്വപ്നം കണ്ടതാ. അതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം മൂന്നാണ്മക്കൾ ഉള്ള നിങ്ങൾക്ക് ഒരു ആൺകുഞ്ഞുപോലും ഇല്ലാത്തവരുടെ വേദന ഒരിക്കലും മനസിലാവില്ല.
ഇതുകേട്ട് ബെന്നിച്ചൻ പൊട്ടി ചിരിച്ചു. അലക്സിനോട് ആരാ പറഞ്ഞത് എനിക്ക് ആൺമക്കൾ ആണെന്നു. ഞാൻ പരിചയപ്പെടുത്തിയത് കേട്ടാണോ?അവരെ ഞാൻ മരുമക്കൾ എന്ന് ആരോടും പറയില്ല മക്കൾ എന്നേ പറയു. അവരും എനിക്കു എന്റെ പെണ്മക്കളെപോലെ തന്നെ.
അപ്പോൾ ചേട്ടന് പെണ്കുട്ടികളാണോ ?
അതേല്ലോ മൂന്നു പെണ്മക്കൾ. പക്ഷേ മൂന്നാമതും സിസിലി ഒരു പെൺകുഞ്ഞിനെ തന്നപ്പോൾ ആ നെറുകിൽ അമർത്തി ഒന്നു മുത്തി ആ കുഞ്ഞിനെ മാറോടു ചേർക്കാൻ ആണ് എനിക്കു തോന്നിയത്.
മൂന്നുപേരെയും എന്നെകൊണ്ട് പറ്റാവുന്ന അത്രയും ഞാൻ പഠിപ്പിച്ചു.സിസിലി പ്രസവിച്ചെങ്കിലും എന്റെ നെഞ്ചിലെ ചൂടിൽ വളർന്നവർ. ഇന്നും മമ്മയെക്കാൾ അവർക്കിഷ്ടം ഡാഡി ആണ്. അങ്ങനാണ് സിസിലി അവരെ പഠിപ്പിച്ചത്. ടാക്സി ഓടിച്ചും ടൈല് പണിക്കും പോയി രണ്ടുപേരെ എൻജിനീയർമാരാക്കി കല്യാണപ്രായമായപ്പോൾ അതെ പോലുള്ള രണ്ടു എൻജിനീയമാർ തന്നെ അവരെ മിന്നുചാർത്തി. ഇളയവൾക്കു സാമൂഹ്യ പ്രവർത്തക ആകണമെന്ന് പറഞ്ഞപ്പോൾ b. S. W പഠിപ്പിച്ചു അവളെ കല്യാണം കഴിച്ചത് ഒരു അഡ്വക്കേറ്റ് ആണ്. ഒന്നും ചോദിച്ചില്ല കണ്ടിഷ്ടപ്പെട്ടു ആലോചിച്ചു വരുകയാരുന്നു. അവനിപ്പോ അവളെ MSW പഠിപ്പിക്കുന്നു.
മൂന്നുപേരും സുഖമായി ജീവിക്കുന്നു. മൂന്നു പെണ്മക്കളെ തന്ന ദൈവത്തോട് എനിക്ക് നന്ദിയെ ഉള്ളൂ. പെണ്മക്കൾ അച്ഛനെ സ്നേഹിക്കുന്നപോലെ മറ്റാരും സ്നേഹിക്കില്ല.
ഇത്രയും കേട്ടപ്പോൾ അലക്സിനൊരു വീണ്ടുവിചാരം വന്നപോലെ അത്ഭുതത്തോടെ ബെന്നിച്ചനെ നോക്കി.
ബെന്നിച്ചൻ തുടർന്നു.
അലക്സ്, നിങ്ങൾ സർക്കാരിന്റെ ആരോഗ്യ പരസ്യങ്ങൾ കാണാറില്ലേ ജനിക്കുന്ന കുഞ്ഞു ആണൊ പെണ്ണോ എന്ന് തീരുമാനിക്കുക പുരുഷനിലെ y chromosome ആണ് അതിൽ സ്ത്രീക്ക് പങ്കില്ല. അങ്ങനെ നോക്കുകയാണെങ്കി ൽ ഒരു ആൺകുഞ്ഞിനെ തരാത്ത നിങ്ങളെ ആനിയല്ലേ വെറുക്കേണ്ടത് ?
എന്നിട്ടും എത്രത്തോളം നിങ്ങൾ ഇന്നവളെ വേദനിപ്പിച്ചു ?ആ വിഷമം കേറിയാവും നിങ്ങളുടെ ഭാര്യക്ക് temparature ഹൈ ആയതു.
എനിക്കെന്റെ ആനിയോടല്ല ബെന്നിച്ചായ മൊത്തത്തിൽ ദേഷ്യരുന്നു. കുടുംബം നിലനിർത്താൻപോലും ഒരു മകൻ ഇല്ലല്ലോ എന്നോർത്തപ്പോൾ ?
അലക്സ് വിഡ്ഢിത്തം പറയാതെ ഇന്ന് രാവ് വെളുക്കുമ്പോൾ ഞാനോ നിങ്ങളുമോ എന്നുറപ്പില്ലാത്ത ഈ കൊച്ചുജീവിതത്തിൽ എന്തിനാണ് ഇതിനൊക്കെ അമിത പ്രാധാന്യം കൊടുക്കുന്നത്. ഒരു ഭൂകമ്പമോ സുനാമിയോ വന്നാൽ ഈ പ്രദേശം പോലും നാമാവശേഷമാകും.
അതൊക്കെ വിട്. നിങ്ങൾ നിങ്ങളുടെ മാലാഖ കുഞ്ഞിനെപ്പറ്റിയും ആനിയെപ്പറ്റിയും ചിന്തിക്കു. അവരെ സ്നേഹിക്കു നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം അവർക്കു വേണ്ടി ചെയ്തുകൊടുക്കു.
ഇത്രയും പറഞ്ഞു നടന്നുമറഞ്ഞ ബെന്നിച്ചനെ നോക്കി നിന്ന അലക്സിന്റെ കണ്ണുകൾ കണ്ണീരാൽ മൂടി. അതിൽ പല ഫ്രെയിമുകളിൽ മണവാട്ടിയായി ആനി വന്ന ദിവസം, ആദ്യരാത്രി, മൂത്തമോളുടെ ജനനം ഉൾപ്പടെ സ്വർഗ്ഗതുല്യമായ ദിവസങ്ങൾ,രണ്ടാമത്തെ മോൾ ഉണ്ടായതോടെ തനിക്കു വന്ന മാറ്റം, കുഞ്ഞുങ്ങളുടെ അകൽച്ച, മൂന്നാമതും ഗർഭിണി ആയപ്പോൾ ആനിയുടെ കണ്ണിൽ കണ്ട ഭയം എല്ലാം മിന്നി മാഞ്ഞു.
കണ്ണീർ കവിളിലേക്കു ഒഴുകവേ അലക്സ് താഴെ ക്യാന്റീനിൽ ചെന്നു രണ്ടു വല്യ പാക്കറ്റ് മിടായി വാങ്ങി നേരെ ബെന്നിച്ചന്റെ അടുത്ത് ചെന്നു കെട്ടിപിടിച്ചു മധുരം നൽകി.
ഇതെല്ലാം കണ്ടു അത്ഭുതത്തോടെ നോക്കിയിരിക്കുന്ന ആനിയെ ചേർത്തുപിടിച്ചു മുത്തി. കുഞ്ഞിനെ വാരിയെടുത്ത് ദേഹത്തോട് ചേർത്തു. ഒരുകൈ കൊണ്ടു മാറിനിന്ന മൂത്ത മക്കളെ ചേർത്തണച്ചു. ആനിയുടെ അമ്മച്ചി സന്തോഷത്തോടെ അലക്സ് ഏല്പിച്ച മിടായി വാർഡിൽ എല്ലാർക്കും നൽകുമ്പോൾ എല്ലാ മുഖങ്ങളും വിടർന്നു.
ബെന്നിച്ചനും സിസിലിയും കർത്താവിനു നന്ദിപറഞ്ഞു പരസ്പരം പുഞ്ചിരിച്ചു.