വിവാഹം കഴിഞ്ഞു കൊല്ലം ആറായി. ഇതിനിടയിൽ ഞങ്ങൾ ഒന്നിച്ചിടപഴകിയത് പല വർഷങ്ങളിലായി….

ആൻസി അവനെ കാത്തിരുന്നു. സംഭവിച്ചത്….

രചന: R Muraleedharan Pillai

ചേട്ടൻ ഇതു മറന്നൂ! നേസൽ സ്പ്രേയുമായി ആൻസി ഓടിവന്നു.

‘ഓ! ഞാൻ അതു മറന്നു. ഏതായാലും നീ ഓർത്തല്ലോ? നന്നായി.’ ആൻസിയുടെ കയ്യിൽ നിന്നും സ്പ്രേ വാങ്ങി അവൻ ഹാൻഡ് ബാഗിൽ വച്ചു.

‘സമയം അതിക്രമിക്കുന്നു, അല്ലേ ചേട്ടാ… ഒരു മൂന്നു മണിക്കൂറെങ്കിലും മുന്നേ എയർപ്പോർട്ടിൽ എത്തണമെന്നല്ലേ നമ്മൾ ളുദ്ദേശിച്ചേ? ഇപ്പൊത്തന്നെ സമയം ഒന്നര കഴിഞ്ഞു. മരക്കൊമ്പിൽ പക്ഷികൾ ചിറകടിക്കുന്ന ശബ്ദം ഞാൻ കേട്ടു. നേരം പുലരാൻ പോകുന്ന ഒരു ഫീൽ.

അല്ലാ… കൃത്യം നാലരക്കു തന്നെയല്ലേ ചേട്ടാ ഫ്ലൈറ്റ്?’

‘അതേ, നാലരക്കുതന്നെയാണ് ഫ്ലൈറ്റ്. നീ ആ ടാക്സിക്കാരനെ ഒന്നുകൂടി വിളിക്ക്!’

ആൻസി ജനാലയുടെ കർട്ടൻ വശത്തേക്കുമാറ്റി വെളിയിലേക്കു നോക്കി. അങ്ങകലെ ഇരുട്ടിനെ ഭേദിച്ച് സ്ട്രീറ്റ് ലൈറ്റ് ജ്വലിച്ചു. സസ്യലോകം ഇരുട്ടുമൂടി നിൽക്കുന്നു. പാതിരാത്രികഴിഞ്ഞുള്ള അന്തരീക്ഷം. ഭൂമി അതിന്റെ പാതയിൽ വെളിച്ചത്തിലേക്ക് എത്താനുള്ള തത്രപ്പാടിലാണ്. ഭൂമീദേവിയുടെ പദസര ചിലമ്പൊലി വിദൂരതയിൽ കേൾക്കപോലെ. അതെ, നിത്യ പ്രണയിനിയുടെ സൂര്യനെത്തേടിയുള്ള ഓട്ടപ്പാച്ചിൽ. അകന്നും, അടുത്തും, ഇരുട്ടിലൊളിച്ചും വെളിച്ചത്തിൽ വന്നും ആ പ്രണയം അനന്തമായി ഭവതി കാത്തുസൂക്ഷിക്കുന്നു. റോഡ് സൈഡിലെ മരങ്ങൾ നിഴൽപോലെ കാണാം. ഇളം കുളിർകാറ്റ് മുറിക്കകത്തേക്ക് ഇടതോരാതെ വീശി. കർട്ടൻ പടപടാ അടക്കുന്നുണ്ട്. അവൾ മൊബൈലിൽ നമ്പർ കുത്തി, ലൗഡിൽ ഇട്ടു. ദൂരെ ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു വരുന്നു. അവൾ അവരുടെ ഗേറ്റിന്റെ വശം ഊഹിച്ചെടുത്തു. വാഹനം റോഡിൽനിന്നും തിരിഞ്ഞ് തുറന്നിട്ടിരുന്ന ഗേറ്റ് പ്രകാശിപ്പിച്ച് അകത്തേക്കു കടക്കുന്നു.

ഇനിഷ്യൽ അന്നൗൺസ്മെന്റ് കഴിഞ്ഞ് ഫോൺ അവളുടെ കയ്യിലിരുന്നു റിങ്ങ് ചെയ്യാൻ തുടങ്ങി. വാഹനം നിന്നു.

‘ഹാലോ! ഞാൻ എത്തിക്കഴിഞ്ഞു.’

‘ശരി. ഞങ്ങൾ വെയ്റ്റ് ചെയ്യുകയാണ്.’ കാർ മുറ്റത്തെത്തി. ഹെഡ് ലൈറ്റ്, പൂച്ചട്ടികളിലെ ചെടികളിൽ പ്രകാശം വർഷിച്ചു കെട്ടടങ്ങി.

‘ടാക്സി വന്നു ചേട്ടാ…’

ആദർശ്, തടിച്ച സ്യൂട്ട്കേസ് ഉരുട്ടി വന്നു. അവൻ അവളെ നെഞ്ചോടൊതുക്കി അവളുടെ ചുണ്ടിലും കവിൾത്തടങ്ങളിലും ഞെരിച്ചു ചുംബിച്ചു. അവളുടെ മിഴികളിലേക്കു അൽപ്പനേരം നോക്കി നിന്നു. വീണ്ടും ചുടു ശ്വാസത്തിൽ അവളെ മുക്കി ചുംബിച്ചു. അവന്റെ തൊണ്ടയിലെ ഗദ്ഗദം അവൾ കേട്ടു. നെഞ്ചിൽ ചോര പൊടിഞ്ഞ വാത്സല്യ ത്വര. അവന്റെ നെഞ്ചിൽ നിന്നും കടന്നുപോന്ന നെടുവീർപ്പിന്റെ അളവ് അവളുടെ നെഞ്ചു പിടപ്പിച്ചു.

‘ഞാൻ ഇറങ്ങുവാ മോളേ…’

അവൻ കോവണിപ്പടികളിൽ സ്യൂട്ട്കേസ് ഉരുട്ടിയും നിരക്കിയും ഗ്രൗണ്ട് ഫ്ലോറിൽ എത്തി. അവൾ അവന്റെ ബ്രീഫ് കേസും പിടിച്ചു പുറകെ എത്തി.

‘ശരി. കതകടച്ചോളൂ…’

‘ചേട്ടൻ പോയി വാ…’ അവൾ കൈ വീശി. ഉപ്പുരസം തൊണ്ടയിൽ തീണ്ടി.

ഡ്രൈവർ സ്യൂട്ട്കേസ് ഡിക്കിയിൽ കയറ്റി വച്ചു. ആദർശ് കാറിൽ കയറി ദയനീയമായി തിരിഞ്ഞു നോക്കി. കാർ ഗേറ്റ് കടന്നു റോഡിൽ കയറുന്നത് അവൾ നോക്കി നിന്നു.

‘ഇനി ഒരു കൊല്ലം കാത്തിരുന്നേ എനിക്ക് എന്റെ ചേട്ടനെ കാണാൻ കഴിയൂ. പലപ്പോഴും എന്നെ ദുബായിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.’

ഒത്തിരി രാവും പകലും കടന്നുപോയി. കാലചക്രത്തിന്റെ തിരിയൽ പണത്തിനുവേണ്ടി എണ്ണിക്കൊടുക്കുന്ന സ്വകാര്യ നിമിഷങ്ങൾ. ആസ്വദിക്കാൻ കാത്തിരുന്ന ആ യുവ നിമിഷങ്ങൾ പണത്തിനുവേണ്ടി ബലിയർപ്പിച്ചെ മതിയാവൂ. പണത്തിനു പണം തന്നെ വേണം. ജീവിക്കണ്ടേ? വിവാഹം കഴിഞ്ഞു കൊല്ലം ആറായി. ഇതിനിടയിൽ ഞങ്ങൾ ഒന്നിച്ചിടപഴകിയത് പല വർഷങ്ങളിലായി കേവലം അഞ്ചുമാസത്തോളം അടുപ്പിച്ചുണ്ടാവും. ഞങ്ങടെ ചോരയും, മജ്ജയും തുടിക്കുന്ന ഈ നിമിഷങ്ങൾ ജീവിതത്തിൽ നിന്നും അടർന്നു മാറുകയാണ്. അത് എന്നേക്കുമായി നഷ്ടപ്പെടുകയാണ്. ഞങ്ങൾക്ക് കിട്ടുന്ന ഈ കേവലം സ്വകാര്യ നിമിഷങ്ങളും നശിപ്പിച്ചു പുകയാക്കുന്ന കുറെ ബന്ധുക്കളും മിത്രങ്ങളും.

കുഞ്ഞു ജനിക്കാനുള്ള സമയവും ഏതാണ്ട് നഷ്ടത്തിന്റെ വക്കിലായി. അമ്മായി അമ്മക്ക് ചേട്ടൻ വരുന്ന സമയം എന്നെക്കൊണ്ട് എന്തെങ്കിലും വൃതം എടുപ്പിക്കണം. എന്തെങ്കിലും എവിടുന്നെങ്കിലും തിരഞ്ഞെടുത്തു കൊണ്ടുവരും. എന്റെയും ചേട്ടന്റെയും ഇടയ്ക്കു കയറി നിൽക്കുക അവർക്കൊരു ഹരമാണ്. മാനസികമാണോന്നുപോലുംതോന്നിയിട്ടുണ്ട്. സന്താനലബ്ദിക്ക് വൃതം അനുഷ്ഠിക്കണംപോലും! ആരോടും പറയാനൊക്കാത്ത മാനസിക പിരിമുറുക്കമാണ് അനുഭവിക്കേണ്ടി വരുന്നത്. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ എപ്പോഴും ഈശ്വരഭക്തിയോടുകൂടി ജീവിക്കണമെന്നാ പറയുന്നത്. എട്ടു മക്കളുള്ള എന്റെ അമ്മായിയമ്മയോട് മറുത്തൊന്നും പറയാനും ഒക്കില്ല.

ഒരു ശനിയാഴ്ച!

ആകാശം പെട്ടന്നു മേഘാവൃതമായി. കറുത്ത മേഘ കീറുകൾ ആകാശത്ത് ഇഴഞ്ഞു നീങ്ങി. അവ സൂര്യനെ മറച്ചു കടന്നുപോയി. പെട്ടന്നുള്ള ഇടിയും മിന്നലും ഇടമുറിയാത്ത മഴയും! ആൻസി തണുത്തു വിറച്ചു. അവൾ രാത്രി ഭക്ഷണം കഴിച്ചു നേരുത്തേ പോയി കിടന്നു. അവൾ ആദർശിനെക്കുറിച്ചു ഗാഢമായി ചിന്തിച്ചു കിടന്നു. ‘ചേട്ടനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ?! അവൾ ആഗ്രഹിച്ചു. നല്ല തണുപ്പ്. അവൾ മൂടിപ്പൊതച്ചു കിടന്നു. അവൾ നല്ല ഉറക്കത്തിലാണ്ടു. സ്വപ്നലോകം അവളെ കടത്തിക്കോണ്ടുപോയി.

സ്വപ്നം!

‘ആൻസി! മോളേ ഇതു ഞാനാ…നിന്റെ ചേട്ടൻ!

ആദർശ് കിടക്കയിൽ വന്നിരുന്നത് അവൾ അറിഞ്ഞില്ല.

‘വാ മോളെ, എന്നോട് ചേർന്നിരിക്ക്…’ അവൾ അവന്റെ നെഞ്ചിൽ ഒതുങ്ങികിടന്നു.

‘ചേട്ടൻ എപ്പോഴാ വന്നത്?’

‘ദാ ഇപ്പൊ. ഇപ്പോഴിങ്ങോട്ടു വന്നതേയുള്ളൂ…’ എന്റെ ആൻസി! നിന്നെ എനിക്കെത്ര മിസ് ആയെന്നറിയാമോ? ദുബായിലെ തണുപ്പിലും ചൂടിലും ഞാൻ നട്ടം തിരിയുമ്പോൾ നിന്നെ ഓർക്കാത്ത നിമിഷങ്ങളില്ല.

—————————

അവൾ ഉണർന്നപ്പോൾ രാവിലെ സമയം ഏഴു കഴിഞ്ഞു. കിടക്കയിൽ ആദർശില്ല. കഴിഞ്ഞ രാത്രി അവൻ തന്ന സുഖവും സന്തോഷവും ഒരു വല്ലാത്ത അനുഭവം ആയിരുന്നു. യാഥാർഥ്യമായി തോന്നുകയാണ്. മുഖം കഴുകുന്നതിനു മുന്നേ അവൾ ആദർശിനെ ഫോണിൽ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ഫോൺ സ്വിച്ചഡ് ഓഫ്!

പകലും രാത്രി മുഴുവനും, അവൾ തുടർച്ചയായി വിളിച്ചു. ഫോൺ എടുക്കുന്നില്ല. ശല്യപ്പെടുത്തേണ്ട എന്നു ആദ്യം വിചാരിച്ചെങ്കിലും അവൾ അവന്റെ സുഹൃത്തിനെ വിളിക്കേണ്ടി വന്നു. അന്വേഷിച്ചു തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. വൈകിട്ടോടെ സുഹൃത്ത് വിളിച്ചു. അപകടം!

‘അൻസിസംയമനം പാലിക്കണം! സംഭവിച്ചതെന്തെന്നു ഞാൻ പറയാം. നാലു പേർ സഞ്ചരിച്ച കാർ ട്രാക്ക് തെറ്റി ഇടിച്ചു തകർന്നു. ഡെഡ് ബോഡീസ് തിരിച്ചറിയാൻ വയ്യാത്ത വിധം വികൃതമായി. മൂന്നു ബോഡീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ശേഷിച്ച ഒരെണ്ണത്തിനു വേണ്ടി ആരും മുന്നോട്ടു വന്നില്ല. ആദർശിന്റെ അതേ വാച്ച്, അതേ ഷൂസ്, അതേ മാല, അവൻ ധരിക്കാറുള്ള ടി ഷർട്ട്! അത് ആദർശിന്റെ തന്നെയാണെന്ന് തോന്നുന്നു. കൂടുതൽ വിവരം പിന്നീട് അറിയിക്കാം. പിടിച്ചു നിൽക്കുക!’ ആദർശിന്റെ സുഹൃത്ത് ഫോൺ വച്ചു.

ആൻസി മാനസികമായി തകർന്നു. കാത്തിരുന്നു, കാത്തിരുന്നു, അടുക്കൽ എത്താറായ ആദർശിനെ അവൾക്കു കയ്യകലത്തിൽ നഷ്ടപ്പെട്ടപോലെ തോന്നി. കഴിഞ്ഞുപോയ കാലം ഒരു സ്വപ്നത്തിലെന്നോണം ആയിത്തീരുകയായിരുന്നു. ആദർശിന്റെ വിഡിയോകൾ ഇട്ടും ഫോട്ടോകൾ നോക്കിയും അവൾ കാലം കഴിച്ചുകൂട്ടാൻ തുടങ്ങി….

ആദർശ് ഇല്ലാതെയായിട്ട് കൊല്ലം മൂന്നു കഴിഞ്ഞു. അവൾ പലപ്പോഴും ഒരു നെടുവീർപ്പോടെ സ്വയം മന്ത്രിച്ചു. ‘ഇനി കാത്തിരിക്കേണ്ട അല്ലെ?’ തിരിയെ വരുന്നതിനെ മാത്രം കാത്തിരുന്നാൽ മതിയല്ലോ? പക്ഷേ, അവൾ അവനുവേണ്ടി കാത്തിരുന്നു. ഒരു മനസമാധാനം. വരില്ലാ എന്ന് ഉള്ളു മന്ത്രിക്കുമ്പോൾ അതിനെ വാക്കുകൊണ്ട് അലറി അടിച്ചമർത്താനുള്ള ഒരു പ്രവണത! അവനെ ഒരു പ്രാവശ്യംകൂടി ഒന്നു കണ്ടിരുന്നേൽ? ഒന്നു തൊട്ടിരുന്നേൽ? അവൾ ഒരുരാത്രി ഉറങ്ങാൻ കിടന്നപ്പോ അവളുടെ ചിന്ത വിചിത്രമായി. തല ച്ചോറിളകിമറിയുന്ന തരം ചിന്ത. ഒരെത്തും പിടിയുമില്ലാതെ…അവൾ ഉറങ്ങി.സ്വപ്നം അവളുടെ തലച്ചോറിൽ വന്നിറങ്ങി.

‘മോളെ ആൻസി! എന്നെ ഓർത്ത് നിന്റെ മനസ്സ് ശരിക്കും നൊന്തു അല്ലെ?’

‘ഹായ് എന്റെ ചേട്ടാ? ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ?’

‘ഉം, ഉണ്ടായിരുന്നു. നിന്റെ കണ്ണ് നിറയുന്നത് നോക്കി നിന്നതാണ് ഞാൻ.’

‘കൂട്ട് കൂടത്തില്ല. എന്നെ കരയിപ്പിച്ചില്ലേ?’

ഞാൻ മോടെ കിടക്കയിൽ ഇരുന്നോട്ടെ?’

വന്നിരിക്കു ചേട്ടാ…’

അവൾ അവന്റെ മടിയിൽ തലചായ്ച്ചു കിടന്ന് അവന്റെ മിഴികളിലേക്കു നോക്കി.
അവൾ പെട്ടന്ന് ചാടി എണീറ്റു. ‘ആരാണ് നിങ്ങൾ? നിങ്ങൾ എന്റെ ചേട്ടനല്ല. നിങ്ങൾക്ക് എങ്ങനെ തോന്നി എന്റെ മുറിയിൽ കയറി വരാൻ?’

‘മിണ്ടിപ്പോകരുത്! നിന്റെ ആദർശ് മരിച്ചു. ഇപ്പൊ നീ എന്റേതാണ്. എന്റേത് മാത്രം!’

അവൾ ഞെട്ടി ഉണർന്നു. ഹോ, സ്വപ്നമായിരുന്നു! വോൾക്ലോക്കിൽ ആറടിക്കുന്നു. വീണ്ടും ക്ലോക്കിൽ ശബ്ദം മുഴങ്ങുന്നപോലെ. ഹേയ്, അത് ക്ലോക്കിലല്ല. താഴെ ആരോ കാളിങ്ങ് ബെൽ അടിക്കയാണ്. അവൾ കോവണിപ്പടികൾ ഇറങ്ങി താഴെയെത്തി. കതകു തുറന്നു. ആദർശ്! അവൾ അലറിക്കൊണ്ട് മേലേക്കോടി.

അവിടെ നിക്കൂ! ഇതു ഞാൻ തന്നെ. നിന്റെ ചേട്ടൻ!’ അവൾ വിയർത്തു. തല കറങ്ങി നിലത്തുവീണു. ബോധം തിരികെ വന്നപ്പോൾ അവൾ ആദർശിന്റെ മടിയിൽ തലവച്ചു കിടക്കുകയാണ്. മുറിയിൽ ബന്ധുക്കളും, നാട്ടുകാരും. അവൾ എല്ലാവരെയും മാറി, മാറി, അമ്പരന്നു നോക്കി.

സന്തോഷവതിയാകൂ. നിനക്ക് നിന്റെ ഭർത്താവിനെ തിരിച്ചു കിട്ടി.

സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഇനി നിനക്ക്. നാല് പേർ മരിച്ച അപകട സമയത്ത് ആദർശ് വളരെ ദൂരെ ഒരു യാത്രയിലായിരുന്നു. യാദൃശ്ചികമായി അദ്ദേഹം യാത്ര ചെയ്ത കാർ ഒരു അപകടത്തിൽ പെട്ടു. ഓർമ്മ നഷ്ടപ്പെട്ടു. ഓർമ്മ തിരിയെ കിട്ടിയപ്പോഴേ നിന്നെ കാണാൻ വരുകയായിരുന്നു. വിവരം നേരുത്തേ അറിയിക്കുന്നത് പന്തിയല്ലെന്നു തോന്നി. കാരണം അതൊരു കോളിളക്കം ശ്രിഷ്ടിച്ചാലോ എന്ന് ആദർശ് ഭയന്നിരുന്നു. അവൾ ആദർശിന്റെ മിഴികളിലേക്കു നോക്കി കിടന്നു. അതെ മോളേ, ഇത് യാഥാർഥ്യമാണ്. നീ എന്റെ മടിയിൽ തലചായ്ച്ചു കിടക്കയാണ്.

ചേട്ടാ! എന്റെ ചേട്ടാ!! ചേട്ടനെ കാണാനും ഒന്ന് തൊടാനും ഞാൻ എന്ത് ആഗ്രഹിച്ചിരുന്നൂ എന്നറിയാമോ? ഒരിക്കലും നടക്കില്ല എന്ന് തീർത്ത് അറിയാമായിട്ടും ഞാൻ ആ ആഗ്രഹം കൊണ്ടു നടന്നു.

അതിന് അദ്ദേഹം വന്നല്ലോ?!’ കൂട്ടത്തിൽ ആരോ പറഞ്ഞു.

‘അപ്പൊ പറമ്പിൽ അടക്കിയത് ആരെയായിരിക്കും ചേട്ടാ…?’

‘നീ ആരെയും അടക്കിയിട്ടില്ല. അല്ലേ കൂടെ വാ, നിന്നെ ഞാൻ നീ പറയുന്ന ആ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോകാം. അവിടേക്കു പോകാൻ അവൾ ഭയന്ന് വിറച്ചു. പക്ഷേ ആദർശ് അവളെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോയി.

‘എവിടെ?’ അവൻ ചോദിച്ചു.

ഇവിടെയായിരുന്നു ചേട്ടാ. ദാ ഇവിടെ!’

ഇവിടെ ഒന്നും കാണുന്നില്ലല്ലോ?!’ അവളുടെ ചേച്ചി ഓടി വരുന്നു.

നീ മരുന്നു കഴിച്ചില്ലാ?’

എനിക്ക് ഇപ്പൊ എല്ലാം ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് ചേച്ചീ. എനിക്കിനി മരുന്നു വേണ്ട.’

എന്തായാലും നീ ഇപ്പൊ ഇത് കഴിക്ക്. ഒന്നുകൂടി ഡോക്ടറെ കണ്ടിട്ട് നിർത്താം.’

അൻസിയുടെ ചേച്ചി ആദർശിനോട് സംഭവിച്ചതെല്ലാം പറയാൻ തുടങ്ങി.

ആദർശ് ഒരു ആക്‌സിഡന്റിൽ പെട്ടന്നുള്ള കാര്യം ആദർശിന്റെ സുഹൃത്ത് അവളോട് വിളിച്ചു പറഞ്ഞു. അവൾക്ക് സമനില തെറ്റി. പിറ്റേ ദിവസം അയാൾ വീണ്ടും വിളിച്ചു. ഞാൻ ആണ് ഫോൺ എടുത്തത്. ആദർശ് മരിച്ചിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ മാനസികനില തെറ്റിയ ആൻസി, ആദർശ് മരിച്ചു എന്നുതന്നെ വിശ്വസിച്ചു. അവൾ പറമ്പിലെവിടെയും നടന്നു. ഹാ ഇവിടെയാ എന്റെ ചേട്ടനെ അടക്കിയത്! ദാ ഇവിടെ!’ വരുന്നവരോടും പോന്നവരോടും അവൾ അങ്ങനെ പറയാൻ തുടങ്ങി. അവളെ ഒരു മാനസികാരോഗ്യ വിദക്തനെ കാണിച്ചു. അങ്ങനെയാണ് അവൾ ഇപ്പൊ ഈ മരുന്ന് കഴിക്കുന്നത്.’

പിറ്റേന്ന് തന്നെ അൻസിയെയുംകൊണ്ട് ആദർശ് ഡോക്ടറെ കണ്ടു.

‘പെട്ടന്നു മനസ്സിനുണ്ടായ ആഘാതം! ഇനി മരുന്ന് കുറച്ചു, കുറച്ചു, നിശ്ശേഷം നിർത്താൻ കഴിയും. പക്ഷേ സാവകാശമേ അതിനു കഴിയൂ.’ ഡോക്ടർ പറഞ്ഞു.

അവരുടെ പഴയകാലം താമസിയാതെ തിരിയെ എത്തി. ആൻസി തന്റെ മാനസികാരോഗ്യം പൂർണ്ണമായും വീണ്ടെടുത്തു..

ചേട്ടൻ ഇനി എന്നാ ദുബായിലേക്ക് പോന്നത്?’

‘അടുത്ത മാസം പതിനൊന്നാം തീയതി.

‘അപ്പൊ ചേട്ടനെ എനിക്ക് വീണ്ടും മിസ് ആവും അല്ലേ?’

‘ഇല്ല മിസ് ആവില്ല. ദാ നമ്മുടെ രണ്ടുപേരുടെയും ടിക്കെട്സ്!’