പക്ഷെ അറിയാതെ അറിയാതെ മനസ്സ് അവളിലേക് അടുക്കുകയാരുന്നു…

പ്രണയച്ചുവപ്പ് ~ രചന: സുമയ്യ ബീഗം TA

പ്രണയത്തിന്റെ മൂർത്തീഭാവമാണ് അസ്തമയസൂര്യൻ, ഓരോ ചെങ്കതിരിലും കാ മബാണങ്ങൾ അത് സന്ധ്യയെന്ന കാമുകിയെ ചുംബിച്ചു ചുവപ്പിച്ചു.

എത്ര സായന്തനങ്ങളിൽ അവളുടെ കൈകോർത്തു ഈ മണൽത്തരികളിലൂടെ അന്തമായ ആഴിയിലേക്കു ഇമകൾ പായിച്ചു നടന്നിട്ടുണ്ട്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

ഇവിടെ വെച്ചാണ് ഈ പാറക്കൂട്ടങ്ങൾക്കിടയിൽ വെച്ചാണ് ആദ്യമായി ആ കവിളിൽ എന്റെ കൈകൾ പതിഞ്ഞത്. കഴുത്തിനു കുത്തിപ്പിടിച്ചു പുറകോട്ടു തള്ളുമ്പോൾ മരണം തന്റെ ദീർഘമായ കരങ്ങളിലേക്ക് അവളെന്നെ അമൂല്യ സൗന്ദര്യത്തെ ആവാഹിക്കാൻ വെമ്പി നിന്നത് അറിഞ്ഞുകൊണ്ട് തന്നെ.

പെണ്ണെന്നാൽ ചതി, വഞ്ചന, നെറികേട് തുടങ്ങി പദങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ചുവന്ന സാരിയിൽ ചുവപ്പ് കുങ്കുമ കുറിയിൽ ചൊടികളിലെ , കവിളിലെ ചെമപ്പിൽ അവളൊരു പ്രണയതീയായി കരളിൽ കേറി സിരകളെ ഉണർത്തി. അതെ എഞ്ചിനീയറിംഗ് കഴിഞ്ഞു ആദ്യമായി ജോലിക്കു ചേർന്ന കമ്പനിയിലെ റിസെപ്ഷനിസ്റ് ആദ്യ കാഴ്ചയിൽ തന്നെ ഒരു ആവേശമായി. പ്രായത്തിന്റെ ഇളക്കം അതിലും കവിഞ്ഞൊരു ഇഷ്ടം അതിലില്ല എന്ന് അന്ന് മനസിലായില്ല അതിൽ തുടങ്ങിയ ശനിദശ ഈ പുരുഷായുസ്സ് മൊത്തം അനുഭവിച്ചു.

വളരെ പെട്ടന്ന് തന്നെ വേണിയുമായി അടുത്തു. രണ്ടുപേരും നാട്ടിൻപുറങ്ങളിൽ നിന്നും നഗരത്തെ മോഹിച്ചെത്തിയവർ. ചിന്തകളിലും ഇഷ്ടങ്ങളിലും ഒരു മനസാണെന്നറിഞ്ഞപ്പോൾ സൗഹൃദം പ്രണയമായി.

ആദ്യം തൊട്ടു അവളുടെ ശരീരത്തോടുള്ള അഭിനിവേശം ഏതൊക്കെയോ കുളിരുള്ള രാത്രികളിൽ ഒരു ഫ്ലാറ്റിന്റെ ഇരുളിൽ അവളോടൊപ്പം പങ്കിട്ടു.

പക്ഷെ അറിയാതെ അറിയാതെ മനസ്സ് അവളിലേക് അടുക്കുകയാരുന്നു. അവളില്ലാതെ പ്രപഞ്ചം പോലും സ്പന്ദിക്കില്ല എന്നൊരു തോന്നൽ അതാണ് വിവാഹമെന്നൊരു മോഹം വളർത്തിയത്. അപ്പോഴേക്കും കത്തുന്ന അവളുടെ കണ്ണുകളേക്കാൾ അതിനുള്ളിലെ ശാന്തമായ ഹൃദയത്തെ ആരാധിക്കാൻ തുടങ്ങിയിരുന്നു.

ഒരുമിച്ചു ജീവിക്കാം എന്നുപറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. കുപ്പിവളകൾ ചിതറുന്ന പോലൂള്ള ചിരിയിൽ എന്റെ കാതുകൾ പൊള്ളി. നിന്നെപോലൊരു പ്രാരാബ്ധക്കാരൻ തുച്ഛവരുമാനക്കാരനൊപ്പം അരിഷ്ടിച്ചു ജീവിക്കാൻ എന്നെപ്പോലൊരു പെണ്ണിനെ ക്ഷണിക്കാൻ നാണമില്ലേ ?അങ്ങനൊരു എഗ്രിമെന്റും നമ്മൾ തമ്മിൽ ഉണ്ടായിരുന്നില്ലലോ എന്നവൾ നിസാരമായി ചോദിച്ചു.

ശെരിയാണ് ലോൺ എടുത്തു പഠിത്തം പൂർത്തിയാക്കി കുടുംബത്തിന്റെ ആകെ ഒരാശ്രയമാണ് താൻ എന്ന കാര്യം മറന്നുകിടന്നതവൾ പൊടിതട്ടിയെടുത്തു. അവൾ എന്ന മായികലോകത്തിൽ ഓർക്കാതിരുന്ന കൂലിപ്പണിക്കാരനായ അച്ഛൻ ആഴ്ചകളായി സ്വരമൊന്നു കേൾക്കാൻ കാത്തിരിക്കുന്ന അമ്മ ആകെകൂടിയുള്ള കുഞ്ഞുപെങ്ങൾ എല്ലാം അവളോർപ്പിച്ചു.

വെറുമൊരു റിസെപ്ഷനിസ്റ് അല്ലവൾ നഴ്സിംഗ് കഴിഞ്ഞു പാർട്ട്‌ ടൈം ആയി IELTS പഠിക്കുന്നതിനൊപ്പം പോക്കറ്റ് മണിക്കായി ഈ ഐ ടി കമ്പനിയിൽ വരുന്ന അവളുടെ ലക്ഷ്യം ഉയരങ്ങളാണ് എല്ലാം ആദ്യമേ തന്നെ പറഞ്ഞിട്ടും മോഹിച്ചത് തെറ്റാണ്.

ശരീരം തന്നവൾ മനസും ജീവിതവും തരത്തില്ല എന്ന് ഉറപ്പിച്ചപ്പോൾ മനസിലായി കഴിഞ്ഞ മാസങ്ങളിൽ കിട്ടിയ സാലറിയുടെ ഭൂരിഭാഗം പലകാരണങ്ങൾ പറഞ്ഞു അവൾ അടിച്ചുമാറ്റുകയാരുന്നു എന്ന സത്യം. അവക്ക് വേണ്ടത് പണമായിരുന്നു.

തന്റെ ശല്യം ഇനി ഉണ്ടാവാതിരിക്കാൻ ഓഫീസിലെ ജോലി വേണ്ടാന്ന് വെച്ചവൾ റിസൈൻ ചെയ്ത അന്ന് അവസാനമായി വന്നതാണ് ഈ കടപ്പുറത്തു യാത്ര പറയാൻ അതും എന്റെ നിർബന്ധം. അവസാന മിനിറ്റിലും അവളെ നഷ്ടപ്പെടാൻ പറ്റില്ല എന്ന് മനസ്സ് പറഞ്ഞപ്പോൾ അതിനായി വാദിച്ചപ്പോൾ ആ വാക്കേറ്റതിന്റെ അവസാനം ഈ കൈകൾ കൊണ്ടാണവളെ പാറയുടെ മുകളിൽ നിന്നും കടലിനു കൊടുത്തത് . ഭ്രാന്തായിരുന്നു അവൾ എരിച്ച പ്രണയത്തിന്റെ കനലുകൾ ആളിക്കത്തുകയാരുന്നു.

എല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ എത്രയോ പോയി മറഞ്ഞു. ഇരുപതു വർഷം മുമ്പുള്ള ഹരി ഇന്നില്ല. മാതാപിതാക്കളില്ല കൂടപ്പിറപ്പില്ല ഒറ്റയാൻ. ജയിലിൽ നിന്നിറങ്ങിയതിൽ പിന്നെ നാട്ടിലോട്ട് പോകാൻ തോന്നിയില്ല. കാത്തിരിക്കാൻ അവിടാരുമില്ല ഒരു വിഷക്കുപ്പിയിൽ അവരങ്ങു പോയി എല്ലാം അറിഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും മകൻ തല്ലികെടുത്തിയതറിഞ്ഞു ചങ്കുപൊട്ടി.

കുറെ നാൾ തെരുവിൽ അലഞ്ഞു, ഭ്രാന്തനെപ്പോലെ. അവിടുന്നാണ് സേവ്യർ അച്ഛൻ കണ്ടെത്തി താടിയും മുടിയും വെട്ടി മനുഷ്യക്കോലമാക്കിയത്. എങ്കിലും ചിലപ്പോളൊക്കെ നുരയും പതയും വന്ന പെങ്ങളുടെ മുഖത്തെ തുറിച്ച കണ്ണുകൾ എന്നോടൊത്തിരി ചോദ്യങ്ങൾ ചോദിക്കും.

എന്തിനായിരുന്നു ഏട്ടാ ?

എന്ത് നേടി ?

എത്ര രാത്രികളിൽ അച്ഛനുപണിയില്ലാതെ പട്ടിണി കിടന്നുറങ്ങിയവരാണ് നമ്മൾ ഏട്ടനെ കൊണ്ടു നമ്മുടെ കുടുംബത്തെ രക്ഷപെടുത്താൻ പറ്റുമായിരുന്നിട്ടും എല്ലാം മറന്നില്ലേ ?

ആകെയുണ്ടായിരുന്ന വീടുപോലും പണയപ്പെടുത്തി പഠിപ്പിച്ച അച്ഛനെ മറന്നല്ലോ ഏട്ടാ ?

ഒരു ഓണത്തിനുപോലും നല്ലൊരു തുണി ഉടുക്കാൻ നിറച്ചുണ്ണാൻ നിവർത്തിയില്ലാഞ്ഞ അമ്മയെ കാണാതെ പോയില്ലേ ?

എന്തിനായിരുന്നു ?ഏതോ ഒരു പെണ്ണിനുവേണ്ടി ഒരു കുടുംബം നശിപ്പിച്ചില്ലേ ?

ചോദ്യങ്ങൾ പ്രവഹിക്കുമ്പോൾ തലപെരുക്കും പൊട്ടി ചിതറുന്ന പോലെ, ഉറക്കെ അലറി എഴുന്നേൽകുമ്പോൾ സേവ്യർ അച്ഛൻ നെറുകിൽ തലോടും ഡോക്ടർ തന്ന മരുന്നുകൾ മുടങ്ങാതെ കഴിപ്പിക്കും.

ഇപ്പോൾ ഒക്കെയും ഭേദമായി. അമ്പതുകളിൽ എത്തി പ്രായം. അച്ഛന്റെ ഡ്രൈവറായി വഴിതെറ്റിയ കൗമാരക്കാർക്കും യുവാക്കൾക്കുമുള്ള അച്ഛന്റെ കൗൺസിലിംഗ് ക്ലാസ്സുകളിൽ സഹായിയായി ഓരോ ദിനവും കടന്നുപോകുന്നു.

………………………….

ഹരി, നീ സ്വപ്നം കാണുക ക്ലാസ്സ്‌ കഴിഞ്ഞു വാ പോകാം.

സേവ്യർ അച്ഛനാണ്. കടപ്പുറത്തെ കുടിലുകളിളെ കുട്ടികൾക്ക് ഇവിടുത്തെ പള്ളിയിൽ വെച്ചുള്ള ക്ലാസും കഴിഞ്ഞു പോകാൻ വിളിക്കുന്നു.

ആ നന്മയുടെ പ്രകാശത്തിനൊപ്പം ഇരുൾ വീഴുന്ന കരയിലൂടെ നടന്നുനീങ്ങുമ്പോൾ പാദങ്ങൾ ഇടറു ന്നില്ലായിരുന്നു…