സ്വപ്നക്കൂട് ~ അനഘ “പാർവ്വതി”
അമ്മാ….
ഉം…
അമ്മാ…..
എന്തുവാ പെണ്ണേ..ചുമ്മാ നിലവിളിക്കുന്നത്.
അതേ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..
എന്താ ഒരു കള്ളത്തരം…. മം………
അതമ്മാ ഈ പ്രണയത്തെ പറ്റി അമ്മേടെ അഭിപ്രായം എന്താ…
നല്ല അഭിപ്രായം.
അതല്ല.
അതല്ലേ..
ദേ കളിക്കല്ലേ സുചീ…ഒന്നു വിശദമായി പറ.
ഹഹഹ…
എന്തിനാ ഈ ചിരിക്കുന്നേ…പറയാൻ വയ്യേ പറയണ്ടാ.. ഞാൻ പോവാ..ഞാൻ അച്ഛൻ വരുമ്പോ ചോദിച്ചോളാം…ഹും.
ഹഹഹ…
ഇത്ര ചിരിക്കാൻ മാത്രം ഒന്നുമില്ല.
അതല്ല….ഞാൻ വേറെ പലതും ഒന്നാലോചിച്ചതാ.
നമ്പർ 1 : നീ എന്നെ സുചീന്ന് വിളിച്ചപോലെ ഞാൻ ഈ പ്രായത്തിൽ നിൻ്റെ അമ്മമ്മേ വിളിച്ചാ… എൻ്റെ കൃഷ്ണാ….
നമ്പർ 2 : ഈ ചോദ്യം ഞാൻ ചോദിച്ചാലോ….പോട്ടെ നീ ഞാൻ പറഞ്ഞില്ലെൽ അച്ഛനോട് ചോദിക്കുമെന്ന് പറഞ്ഞു. ഞാനൊക്കെ അച്ഛനെ കണ്ടാ മാറിനടക്കും.
ദതാണ് മോളേ അമ്മേ.. ജനറേഷൻ ഗ്യാപ്പ്.അല്ല അമ്മ അമ്മമ്മയോട് ഇതുപോലെ ചോദിച്ചിട്ടില്ല??
മോളേ ആ ഗ്യാപ്പിൻ്റെ മുഴുവൻ ക്രെഡിറ്റും ഞങ്ങടെ തലമുറക്കാ.ഞങ്ങൾ നിങ്ങളോടുള്ള സമീപനം മയപ്പെടുത്തി. ചിലപ്പോ തോന്നും അങ്ങനെ തന്നെ മതിയാരുന്നെന്ന്.
അതു കള. ചോദിച്ചതിന് ഉത്തരം താ. Don’t you have such talks with your mom??
സുചിത്ര പുഞ്ചിരിച്ചു.
ശെരിക്കും അമ്മാ!!
അങ്ങനെ ചോദിക്കാൻ തന്നെ വിമ്മിഷ്ടമാ.പക്ഷേ ഒരിക്കൽ ഒരവസരം വന്നു.
എന്നിട്ട്…..
ഡിഗ്രി പഠിക്കുന്ന കാലം. പഠിക്കാൻ പോവും തിരിച്ചുവരും.ഇടക്ക് അമ്പലത്തിൽ പോവും.ഇതിന് പുറത്തൊരു ലോകമില്ല.അപ്പുറത്തുള്ള വീടുകളിൽ പോലും വിടില്ല. ഋതുമതിയായ പെൺകുട്ടികൾ എന്തോ നിധിപോലെ ആണ്. പൊതിഞ്ഞുപിടിച്ച് വെക്കും. ഏതേലും ആൺകുട്ട്യോട് മിണ്ടണത് കണ്ടാൽ ആരേലും വീട്ടിൽ വിവരമെത്തിക്കും. നാടുമുഴുവൻ പറയുകേം ചെയ്യും ” എൻ്റെ സുമേച്ചി… ആ രാഘവൻ മാഷിൻ്റെ മോളിന്നലെ ഒരു പയ്യനോട് വഴിൽ നിന്ന് മിണ്ടുന്നു. എന്നെ കണ്ടപ്പോ രണ്ടിനും ഒരു കള്ള ലക്ഷണം. എന്താണോ എന്തോ. ഞാൻ പറഞ്ഞൂന്ന് ആരോടും പറയല്ലേ.ഒരു പെൺകുട്ടിയല്ലേ”.
ഹഹഹ… But അമ്മാ ആ കലാരൂപം ഇപ്പോഴും ഇല്ലേ. ഹൈടെക് ആയിന്നു മാത്രം. Fb യിലോ ഇൻസ്റ്റെലോ ബോയ്സിൻ്റെ കൂടെ ഒരു പിക് ഇട്ടാൽ നെക്സ്റ്റ് ഡേ അമ്മ ഓഫീസിൽ ചെല്ലുമ്പോ ചോദിക്കില്ലെ “അല്ല സുചി ആമി മോൾ വല്യ കുട്ടിയായി അല്ലേ. കുഞ്ഞാരുന്നപ്പോ കണ്ടതാ. കല്യാണം ഒക്കെ നോക്കാറായോ. അല്ല ഏതാ ആ പയ്യൻ ഇന്നലെ fb യിൽ കണ്ടത്.” അതിലേറ്റവും രസം വിദ്യാഭ്യാസം ഒരു കാര്യമല്ല. മാത്രമല്ല നമ്മൾ കരുതും സ്ത്രീകൾ മാത്രമാണ് ഇങ്ങനെന്ന്. പക്ഷേ പുരുഷന്മാർ ഭാര്യമാരെ കാണിച്ചു അവരെ കൊണ്ട് ചോദിപ്പിക്കും.
നീ കൊള്ളാല്ലോ ആമി. ഇത്രേം വിവരം നിനക്കൊണ്ടാരുന്നോ.
പോ അമ്മേ. താടിക്ക് കൈയ്യും വെച്ചിരിക്കാതെ ബാക്കി പറ…
ആ…… അങ്ങനെ ഡിഗ്രി കാലം.ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴി. എൻ്റെ ക്ലാസ്സിലെ ഹരിത.വി ടെ ചേട്ടൻ മുന്നിൽ വന്നു നിന്നു. അന്നാ നാട്ടിൽ കാർ സ്വന്തമായുള്ള ഒരേ ഒരു കുടുംബം അവരാ.എന്നേ കണ്ടിഷ്ടമായി പോലും. ഞാനാകെ പേടിച്ചു.പോവാൻ നിന്ന എൻ്റെ കയ്യിൽ കേറി പിടിച്ചു.
അട പാവി…… എന്നിട്ട്…
എന്നിട്ടെന്താ കൈ വിടുവിച്ചു ഞാൻ കരഞ്ഞോണ്ട് ഓടി.വീട്ടിൽ ചെന്നും സങ്കടം കരഞ്ഞു തീർത്തു. അത്രക്ക് പേടിച്ചു. ആരോടും പറയാൻ വയ്യ.ഒരിക്കൽ അമ്പലത്തിൽ എന്നെ നോക്കി ആരോ ചിരിച്ചപ്പോ തിരിച്ചൊന്ന് ചിരിച്ചേന് ഞാൻ കേക്കാൻ ബാക്കിയില്ല. അപ്പോ ഇതോ.
അയ്യേ….നമ്മൾ നല്ല ബോൾഡ് ആവണമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന അമ്മ തന്നാണോ അത്….
സുചി പുഞ്ചിരിച്ചു. അന്നാദ്യമായി അച്ഛൻ വന്നെന്നെ കഴിക്കാൻ വിളിച്ചു. ചോറിൽ കയ്യിട്ടു ഇളക്കി കൊണ്ടിരുന്ന എൻ്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ചോറുരുട്ടി തന്നു.അമ്മേം ഏട്ടനും എന്തിന് ഞാൻ വരെ ഞെട്ടി ഇരുന്നു.
അതിലെന്താണ് ഇത്ര ഞെട്ടാൻ. അച്ചായി എനിക്കും ചോറുരുട്ടി തരുമല്ലോ.
ചാക്കോ മാഷിനെ പോലെ നടക്കുന്ന ഞങ്ങടെ അച്ഛൻ പെട്ടെന്നൊരു ദിവസം ഇങ്ങനൊക്കെ പെരുമാറിയാൽ ഞെട്ടാതെ പിന്നെ. എന്നിട്ടച്ഛൻ എന്നോട് ചോദിച്ചു ” ഞാനൊരു തോറ്റ അച്ഛനാ അല്ലേ വാവേന്ന്”. വാവ എന്ന് അച്ഛൻ വിളിച്ചു കേക്കുന്നത് തന്നെ കൊല്ലങ്ങൾക്ക് ശേഷമാ.അറിയാതെ കണ്ണ് നിറഞ്ഞു.
” എൻ്റെ കുഞ്ഞിന് വിഷമം തുറന്നു പറയാൻ പോലും പറ്റാത്ത മാതാപിതാക്കൾ. അച്ഛനോട് ക്ഷമിക്കണം എൻ്റെ വാവ.എൻ്റെ മോൾക്കെന്തിനും അച്ഛൻ ഒപ്പമുണ്ടാകും”. ഇടർച്ചയോടെ അതും പറഞ്ഞു അച്ഛൻ എഴുന്നേറ്റു. ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾ മൂന്നുപേരുടെയും കണ്ണുനിറഞ്ഞു.
പിറ്റേന്ന് അമ്മ പറഞ്ഞറിഞ്ഞു അയാളെൻ്റെ കയ്യിൽ പിടിക്കുന്നതും ഞാൻ കരഞ്ഞതും ഒക്കെ അച്ഛൻ കണ്ടത്രെ. ഞാനായി അച്ഛനോട് പറയാഞ്ഞത് അച്ഛൻ വിഷമമായി. അതോർത്ത് ഇന്നലെ ഉറങ്ങിയില്ലത്രേ.
പിന്നമ്മ പറഞ്ഞു : “പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതാണ് പ്രധാനം. പ്രേമിക്കുന്നത് തെറ്റല്ല പക്ഷേ ഒരിക്കലും അതൊരു തെറ്റായി എന്ന് തോന്നരുത്.
നിൻ്റെ പ്രായത്തിൽ ഒള്ള പെൺകുട്ടികളെല്ലാം കല്യാണം കഴിപ്പിച്ച് വിടുമ്പോ അങ്ങനൊന്ന് ഇവിടെ ആലോചിക്കുക പോലും ചെയ്യാത്തത് നിന്നെ കെട്ടിച്ചയക്കാൻ മാർഗം ഇല്ലാത്തതുകൊണ്ടല്ല, പകരം നീ നിൻ്റെ സ്വന്തം കാലിൽ നിന്ന് നാളെ നിൻ്റെ മക്കൾക്കും ഒരു ഉദാഹരണം ആവണം.നിൻറമ്മ പഠിക്കാൻ ശ്രമിച്ചില്ല.അദ്ദേഹം ഒത്തിരി ശ്രമിച്ചതാണ് എന്നെ പഠിപ്പിക്കാൻ. പക്ഷേ ഞാൻ സമ്മതിച്ചില്ല.ഇന്നമ്മ അതിൽ ഖേദിക്കുന്നു. ആ മനുഷ്യൻ ഒറ്റക്ക് കിടന്നു നെട്ടോട്ടം ഓടുന്ന കാണുമ്പോൾ”.
എത്ര സ്വീറ്റ് ഡയലോഗ്.എന്നിട്ട്….
എന്നിട്ടെന്താ അന്ന് ധൈര്യമായി അച്ഛൻ്റെ മുന്നിൽ പോയി നിന്ന് അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു. പക്ഷെ പിന്നീടും അച്ഛൻ ചാക്കോ മാഷ് തന്നാരുന്നു. പക്ഷേ പേടി മാറി സ്നേഹവും ബഹുമാനവും കൂടി.നീ ജനിച്ചു കഴിഞ്ഞു ഞങ്ങളോട് ഒന്നെ പറഞ്ഞൊള്ളു രണ്ടുപേരെയും ഒരു പോലെ വളർത്തണം. നിങ്ങൾക്കെന്തും ഞങ്ങളോട് തുറന്നു പറയാൻ പറ്റണം. അതിന്നും ഞങ്ങൾ പാലിക്കുന്നു.
ആഹാ….അപ്പോ പ്രണയം തെറ്റല്ല.അപ്പോ ഈ ജാതിം മതവും ഒക്കെ പ്രശ്നമാണോ. രണ്ടു പേര് വളർന്നു വന്ന സാഹചര്യം വളരെ ഇമ്പോർട്ടൻ്റ് ആണ്. അത് പരസ്പരം ഉൾകൊള്ളാൻ പറ്റുമെങ്കിൽ അവരുടെ കുടുംബം, വിശ്വാസം ഇതൊക്കെ ഉൾകൊള്ളാൻ പറ്റുമെങ്കിൽ ഒരുവനെ അവൻ്റെ അല്ലെങ്കിൽ അവളുടെ ലക്ഷ്യത്തിൽ എത്താൻ കൂടെ നിക്കാൻ പറ്റുമെങ്കിൽ മാത്രം പ്രണയിക്കുക. അല്ലാതെ ഒരാളെ പ്രണയിച്ചു എന്നതുകൊണ്ട് അയാൾക്ക് അയാളെ നഷ്ടമാവരുത്.
അങ്ങനെയൊക്കയാണ് കാര്യങ്ങൾ. അപ്പോ ഞാനാദ്യം പോയി പഠിക്കാമല്ലെ….
അതന്നെ.. ഇപ്പൊ പഠിക്ക്… പ്രോപോസ് ചെയ്ത ആൾ ഓക്കേ ആണോ എന്നറിയാൻ ടൈം കിടക്കുവല്ലെ.
ചക്കര അമ്മ…
🥀❤️🥀🍃🥀❤️🥀🍃🥀❤️🥀🍃🥀❤️🥀
ഡാ ചെക്കാ ഏതാ പെങ്കൊച്ച്….
ഏതു പെണ്ണ്… അമ്മയെന്തുവാ പറയുന്നത്.
അയ്യടാ.. അവള് പ്രണയത്തെ പറ്റി ചോദിച്ചപ്പോ പൊന്നുമോൻ ഫോണീന്ന് തല പൊക്കി നോക്കുന്നത് ഞാൻ കണ്ടൂ. എന്നാലും എന്നോട് നീ പറഞ്ഞില്ലല്ലോ.
കണ്ടല്ലേ..ഹിഹി… അച്ചായിയോടും സുചിയോടും പറയാതെ എനിക്ക് ഒരു രഹസ്യമുണ്ടോ…പറഞ്ഞൊന്നുമില്ല എന്തോ ഒരിഷ്ടം…അമ്മ പറഞ്ഞപോലെ ഒരാൾ ആണേൽ മുന്നോട്ട് പോവാമല്ലെ..
എടാ കള്ളാ… ഞാനൊന്ന് എറിഞ്ഞു നോക്കിയതാ..ഹിഹി…തെറ്റായ തീരുമാനങ്ങൾ എൻ്റെ മക്കളെടുക്കില്ലന്നു അമ്മക്കറിയാട. എന്നുകരുതി നീയാ കുട്ടിക്കൊരു ബുദ്ധിമുട്ടായി മാറരുത്. തിരിച്ചു അങ്ങനൊന്നില്ല എന്ന കുട്ടി പറഞ്ഞാലും മോൻ വിഷമിക്കുകയോ അതിനെ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
ഡാ ചേട്ടാ ..നീ മാത്രം അമ്മേ അങ്ങനെ കെട്ടിപ്പിടിക്കണ്ടാ.. ഞാനുമൊണ്ട്.
എന്നാ ഞാനും…..
അതേതാ സീനിൽ ഇല്ലാത്ത സൗണ്ട്…..അച്ചായി…. എപ്പൊ വന്നു. കണ്ടില്ലല്ലോ.
നിൻ്റെ ചോദ്യം കേട്ട് ഹാളിൽ ഇരുന്നു. കതകും തുറന്നിട്ടാണല്ലോ ഇവിടെ എല്ലാം ഇരിക്കുന്നെ.ആരേലും കേറിയാ അറിയില്ലാ.പോയി പഠിക്ക് പിള്ളാരെ.എൻ്റെ ഭാര്യക്കിത്തിരി ശ്വാസം കൊടുക്ക്.
ഓഹ് അതുപറ പിള്ളാര് പഠിക്കാനല്ല ഭാര്യോട് കൊഞ്ചാനാ. നമ്മള് കട്ടുറുമ്പാവുന്നില്ല.
എന്തുവാ ആമി പിറുപിറുക്കുന്നെ.
ഒന്നുമില്ല ചേട്ടനെ വിളിച്ചതാ…
🥀❤️🥀🍃🥀❤️🥀🍃🥀🍃🥀❤️🥀
അല്ല ഭാര്യേ… ആരാ കയ്യിൽ കേറി പിടിച്ചേ…എന്നോട് പറഞ്ഞില്ലല്ലോ….ഞാനൊന്ന് പെരുമാറണോ…
അയ്യട…. ഒരു വല്യ ഗുസ്തിക്കാരൻ. എന്നോട് ഇഷ്ടമാന്ന് പറയാൻ പേടിച്ചു വിഷമിച്ചു അവസാനം നിങ്ങടെ അമ്മ വന്നു പെണ്ണ് ചോദിച്ചതൊന്നും ഞാൻ മറന്നിട്ടില്ല.
അത് പിന്നെ…ഇഷ്ടം തോന്നിയ പെണ്ണ് കറങ്ങിത്തിരിഞ്ഞ് എൻ്റെ വിദ്യാർഥിനി ആയി വന്നു. ആ കുട്ടിയെ ഇഷ്ടമാന്നു പറഞ്ഞാൽ ഒരു അധ്യാപകനെന്ന നിലയിൽ തെറ്റാകുമോ എന്നൊരു ഭയം.
മം..ഇനി അങ്ങനെ പറയാം…. വാ വന്നു ഫ്രെഷാവ്…..
ഓൾഡ് പീപ്പിൾ ..ഒന്നു മിണ്ടാതിരിക്കുമോ എൻ്റെ കോൺസെൻ്ററേഷൻ പോവുന്നു.
അടിയൻ…….കുറുമ്പി പെണ്ണ്…….നമുക്ക് അകത്തു പോയി കത്തിയടിക്കാം….
🥀❤️🥀🍃🥀❤️🥀🍃🥀❤️🥀🍃🥀❤️🥀
നിങ്ങളിനി എന്തു നോക്കുവാ….അവരായി അവർടെ പാടായി..
🥀❤️🥀🍃🥀❤️🥀🍃🥀❤️🥀🍃🥀❤️🥀
ശുഭം