പിന്നെ വിവാഹത്തിന് നിർബന്ധിക്കാൻ ഒന്നും ആരും ഉണ്ടായില്ല.ആകെയുള്ള മാമൻ അപ്പോഴേക്കും ഒരു….

ദക്ഷിണ ~ രചന: സുമയ്യ ബീഗം TA

എന്തൊരു ഭംഗിയാ !സഹിക്കാൻ പറ്റുന്നില്ല കേട്ടോ. രവീന്ദ്രൻ മാഷാണ്. ഓണപരിപാടിക്ക് സെറ്റ് മുണ്ടുടുത്തു ചെന്നപ്പോൾ എന്റെ മുഖത്തൂന്നു കണ്ണെടുക്കാതെ പറഞ്ഞത്. പാവം കുടുംബത്തിലുള്ളവരുടെ ഒക്കെ ആവശ്യങ്ങൾ നടത്തികൊടുത്തപ്പോൾ സ്വന്തം ജീവിതത്തിൽ ഒറ്റക്കായി. മാഷിന്റെ കണ്ണുകളിൽ എന്നും തന്നോടൊരു പ്രണയം പൂത്തു നിന്നു വിടരാൻ മടിച്ചു.

ഒഴുകി പരന്ന രക്തച്ചാലിൽ കുതിർന്നു കിടക്കവേ അവ്യക്തമായ ചില മുഖങ്ങൾ.

പെട്ടന്ന് രവീന്ദ്രൻ മാഷിന് പകരം മറ്റൊരു രൂപം ഓർമയിൽ തെളിഞ്ഞു അത് വല്യമ്മയാണ്. അമ്മിണിയമ്മ.

എന്റെ ജാനകിയെ നീ ചക്കയുടെ കൂടെ ഈ കുരു കൂടി നുറുക്കി ഇടൂ. ഒത്തിരി മക്കളെ പെറ്റിട്ടും ആരും കൂട്ടില്ലല്ലോന്നു ഓർത്തു ചക്ക പ്രാകും. അതുകേട്ടു പൊട്ടിച്ചിരിക്കുന്ന മറ്റൊരു രൂപം അത് എന്റെ അമ്മയാണ്, ജാനകി.

അമ്മയും മക്കളും തമ്മിലുള്ള ആത്മ ബന്ധം സകല വസ്തുക്കളിലും ഉണ്ടെന്നു വിശ്വസിച്ചു ജീവിച്ച വല്യമ്മ അവസാനം വഴിയിൽ കിടന്നു മരിക്കുകയായിരുന്നു.

വല്യമ്മ കരുത്തുറ്റ പെണ്ണായിരുന്നു. താലി കെട്ടിയവന് വേറെ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞപ്പോൾ തളർന്നില്ല മനസിലൊരു ചിത ഒരുക്കി അയാളെ കത്തിച്ചു. ഇത്തിരി പോന്ന രണ്ടുമക്കളെ ഉണ്ണാതെ ഉറങ്ങാതെ കാവലിരുന്നു വളർത്തി.

വിവാഹപ്രായമെത്തിയപ്പോൾ കുഴപ്പമില്ലെന്ന് തോന്നിയ ഒരു ചെക്കന് മൂത്തമകളായ എന്റെ അമ്മയെ വിവാഹം ചെയ്തുകൊടുത്തു. രണ്ടാമത്തെ മകൻ വളർന്നുവന്നപ്പോഴേക്കും ചെറിയ ഒരു വീടും ഒരു തരി മണ്ണും സ്വന്തമായി ഉണ്ടാക്കി. അങ്ങനെ എല്ലാ കടമകളും നിർവഹിച്ചു ജീവചക്രം പൂർത്തീകരിക്കവേ എന്റെ മാമൻ, വല്യമ്മയുടെ മകൻ ഒരു പകലിൽ ഒരു പെണ്ണിന്റെ കൈപിടിച്ച് കേറി വന്നു. അന്നേരവും വല്യമ്മ പരിഭവിച്ചില്ല, നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. എന്നാൽ ഏതോ തെരുവിലെ മണിക്കൂറുകൾക്കു വില പറയുന്ന ഒരു അ ഭിസാരികയുടെ മകളായ മാമി മാമനിൽ ഒതുങ്ങിയില്ല.

ചുരുങ്ങിയ നാളുകൊണ്ടുതന്നെ മാമനെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കി, വമ്പൻ ശൃംഖലയുടെ ഏജന്റാക്കി. ഭീഷണിപ്പെടുത്തിയും മർദിച്ചും മാമൻ വല്യമ്മയുടെ വീടും സ്ഥലവും മാമിയുടെ പേരിലാക്കി. അന്നുതൊട്ട് വല്യമ്മ ജീവിച്ചത് നരകത്തിലാണ്. കണ്മുന്നിൽ മരുമകൾ മകന്റെ കൂട്ടുകാർക്കും പായ വിരിച്ചപ്പോൾ ആദ്യായി വല്യമ്മ മാമിയെ അടിച്ചു അതിനു കിട്ടിയ സമ്മാനം മാമിയും കൂട്ടുകാരും ചേർന്ന് വല്യമ്മയെ തല്ലിച്ചതച്ചു റോഡിൽ തള്ളി അവിടെ കിടന്നു മരിക്കുകയാരുന്നു.

എന്റെ അമ്മ ജാനകി ഓടിച്ചെന്നപ്പോഴും എല്ലാം കഴിഞ്ഞിരുന്നു അല്ലേലും അമ്മക്കു വല്യമ്മയെ കൂടി താങ്ങാനുള്ള നിവർത്തി അന്നില്ലായിരുന്നു അതാണ് സത്യം.

……….. ….. … …. ….. …….

ദേഹം മൊത്തം നീറുന്നു. പുകയുന്നു മുളക് അരച്ചു തേച്ച പോലെ. മെല്ലെ തല പൊന്തിക്കാൻ നോക്കി ഇല്ല പറ്റുന്നില്ല. കൈകൾ കാലുകൾ എല്ലാം തളർന്നപോലെ, മഞ്ഞുപോലെ തണുത്തുറഞ്ഞിരിക്കുന്നു. ഉടുത്തിരുന്ന സാരി മേശയിൽ നിന്നും താഴേക്കു വീണു കിടക്കുന്നു എന്റെ പ്രാണനും അതുപോലെ എപ്പോൾ വേണേലും നിലം പതിക്കാം. എല്ലാവരും ഭയക്കുന്ന മരണം ഇന്നിതാ കൺമുമ്പിൽ. ഇപ്പോൾ പേടി തോന്നുന്നില്ല ശരീരം വിറക്കുന്നില്ല നെഞ്ചു പടപടാ മിടിക്കുന്നില്ല ഒരു ശാന്തത മാത്രം.

ആ കിടന്ന കിടപ്പിൽ ഒന്നു തല തിരിക്കാൻ ശ്രെമിച്ചു നോക്കി പതിയെ, ഒരു പാറകല്ലിനേക്കാൾ ഭാരം തോന്നിക്കുന്ന ശിരസ്സു മെല്ലെ നിരക്കിയപ്പോൾ കാണാം ഒരു കൊച്ചുകുഞ്ഞിനെപോലെ ഗാഢമായി ഉറങ്ങുന്ന കിരണിനെ. അവനു ചുറ്റും മറ്റൊരു രക്തപ്പുഴ.

വീണ്ടും ഓർമ അതിൽ എല്ലുംതോലുമായ ഒരു പത്തുവയസ്സുകാരൻ, കിരൺ.

…… …… …… …….

പൊതിച്ചോറിൽ നിന്നും ഒരു കൈ വാരിയെടുത്ത് ആർത്തിയോടെ അവൻ തിന്നപ്പോൾ സ്റ്റാഫ്‌ റൂമിൽ നിന്നും ഞാൻ ഓടി പുറത്തേക്കു. ഒരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠത്തിൽ കുരുങ്ങി ശ്വാസം മുട്ടിച്ചതിനെ ഞാൻ സ്വതന്ത്രമാക്കി. നെഞ്ച് പൊട്ടിപ്പോയി രണ്ടു ദിവസമായി പച്ചവെള്ളം മാത്രം കുടിച്ചു തള്ളിനീക്കുകയിരുന്നു എന്നവൻ പറഞ്ഞപ്പോൾ.

അഞ്ചാം ക്ലാസ്സിൽ പുതുതായി വന്ന കുട്ടി ആദ്യത്തെ പീരിയഡ് തന്നെ തലകറങ്ങി വീണപ്പോൾ ആദ്യം പരിഭ്രമിച്ചെങ്കിലും മുഖത്തു വെള്ളം തളിച്ച് ഉണർത്തി ചേർത്തു പിടിക്കവേ ഒരു ദുരിതകഥ ചുരുൾ നിവരുകയാരുന്നു. അന്നുതൊട്ട് അച്ഛൻ മരിച്ച അവനു തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്തു കൊടുത്തു ഒരു ദത്തുപുത്രനെപ്പോലെ വളർത്തി.

വല്യമ്മയുടെയും അമ്മയുടെയും മാമന്റെയും ദാമ്പത്യജീവിതത്തിലെ പരാജയങ്ങൾ മാത്രം അറിഞ്ഞും കേട്ടും വളർന്നു വന്നത് കൊണ്ടാവും കുടുംബജീവിതം തനിക്കു വേണ്ടെന്നു ഉറച്ചു തീരുമാനം എടുത്തു. പഠിച്ചു സർക്കാർ ഉദ്യോഗം നേടുന്നതിന് മുന്നേ അച്ഛൻ പോയി അറ്റാക്ക് ആയിരുന്നു. ജോലികിട്ടി രണ്ടുവർഷം കഴിഞ്ഞപ്പോൾ നിലക്കാത്ത ശർദിയുടെ രൂപത്തിൽ ക്യാൻസർ വന്നു അമ്മയെയും കൊണ്ടുപോയി. ചികിൽസിക്കാൻ പോലും സമയം തരാതെ എന്നെ ബുദ്ധിമുട്ടിക്കാതെ ആരെയും ശല്യപ്പെടുത്താതെ എന്റെ ജാനകിയമ്മ ഭൂമിയുടെ മടിത്തട്ടിലേക്ക്.

പിന്നെ വിവാഹത്തിന് നിർബന്ധിക്കാൻ ഒന്നും ആരും ഉണ്ടായില്ല.ആകെയുള്ള മാമൻ അപ്പോഴേക്കും ഒരു ഭ്രാന്തനെപ്പോലെ ആയിത്തീർന്നിരുന്നു.

അങ്ങനെ ഒറ്റക്കായപ്പോഴാണ് ചുറ്റുമുള്ള ലോകത്തെ കാണാനും അർഹതപ്പെട്ടവർക്ക് തണലായി ജീവിക്കാനും തുടങ്ങിയത്. ഈ മുപ്പത്തെട്ട് വയസിൽ എനിക്ക് ചുറ്റും ഒരായിരം ശിഷ്യരേയും പ്രിയപെട്ടവരെയും കണ്ടെത്തി അവർക്കു വേണ്ടി ജീവിച്ചു. കിട്ടുന്ന ശമ്പളം ഭൂരിഭാഗം അനാഥാലയങ്ങളിലും നിര്ധനകുട്ടികളുടെ പഠനചിലവിലേക്കും കൊടുത്തു കൊണ്ടിരുന്നു.

ഇന്ന് സന്ധ്യക്ക്‌ പതിവ് കുളി കഴിഞ്ഞു ഉമ്മറത്ത് മുടി തോർക്കവേ അടുക്കളയിൽ പാത്രം അനങ്ങുന്നപോലെ, കാല്പെരുമാറ്റവും.തൊട്ടടുത്ത പള്ളിയിൽ പെരുന്നാൾ ആയതുകൊണ്ട് അയൽവീടെല്ലാം ആളും അനക്കമില്ലാതെ പൂട്ടികിടക്കുന്നു.

എന്നും കൂട്ട് വരുന്ന നാണിത്തള്ള ഇന്ന് വരില്ല എന്ന് പറഞ്ഞപ്പോൾ കിരൺ പറഞ്ഞിരുന്നു അവന്റെ അമ്മയെ ഇന്ന് കൂട്ടുവിടാമെന്നു. കിരണിപ്പോൾ പൊടിമീശ ഒക്കെ കിളുന്തു മുതിർന്ന ഒരു ആണ്കുട്ടിയായി. പഠിക്കാൻ മോശമായതുകൊണ്ടു ചെറിയ പണിക്കു പോകുന്നു. പുതിയ കൂട്ടുകെട്ട് ഒക്കെ തുടങ്ങിയിട്ടുണ്ട്.

അവൻ അമ്മയോട് പറയാൻ മറന്നോ ?ഓരോന്നോർത്തു അടുക്കളയിൽ ചെല്ലവേ രണ്ടുപേർ കതകിന്റെ മറവിൽ നിന്നും ചാടിവീണു. കുതറി മാറാൻ ശ്രെമിക്കവേ അവർ ബലമായി വട്ടം പിടിച്ചു. മൂന്നാമതൊരുത്തൻ വായിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചു. രൂപയാണ് അവരാവശ്യപ്പെട്ടത്. വിറച്ചുകൊണ്ട് അലമാര ചൂണ്ടികാണിച്ചു.രണ്ടുലക്ഷം രൂപ ചിട്ടി കിട്ടിയത് ബാങ്കിൽ ഇട്ടിരുന്നത് ഇന്ന് എടുത്തു വെച്ചിരുന്നു. നാളെ സ്നേഹാലയത്തിലെ കുട്ടിയുടെ കരൾ മാറ്റ ശാസ്ത്രക്രിയക്കുള്ള സഹായമായി കൊടുക്കാൻ.

മൂന്നാമത്തവൻ അലമാരയിൽ നിന്നും പൈസ എടുക്കവേ ആ രൂപം നല്ല പരിചയമുള്ളതുപോലെ. അതെ അത് കിരണാണ്. ഇന്ന് ഉച്ചക്ക് രൂപ എടുത്തു വരുന്ന വഴിയാണ് കിരണിനെ കണ്ടതും സംസാരിച്ചതും ആ കൂട്ടത്തിൽ നാളെ രൂപ കൊടുക്കുന്ന കാര്യവും പറഞ്ഞിരുന്നു. അപ്പോൾ ഈശ്വര ഇതിലൊരാൾ അവനാണോ.?രൂപ കയ്യിൽ കിട്ടിയതും മറ്റവർ എന്റെ ദേഹത്ത് നിന്നും പിടുത്തം അയച്ചു, പ്ലാസ്റ്റർ വലിച്ചുപറിച്ചു ഞാൻ അലറി കിരൺ…

മുഖം മൂടിവച്ച ആ ഒരു മുഖം ഞെട്ടി തിരിഞ്ഞു മറ്റവരോട് പൊക്കോളാൻ ആംഗ്യം കാട്ടി ഇരുളിൽ വാതിൽ തുറന്നവർ ഓടിമറയവെ അയാൾ കതകിനു കുറ്റിയിട്ടു എന്റെ നേരെ തിരിഞ്ഞു മുഖം മൂടി വലിച്ചൂരി അതെ അത് കിരൺ തന്നെ.

നീയോ എന്ന് ചോദിച്ചു ഞെട്ടിത്തരിച്ചു നിൽക്കവേ അവൻ എന്റെ മുഖം കൈകുമ്പിളിൽ എടുത്തു. എന്തായാലും ടീച്ചർ എന്നെ തിരിച്ചറിഞ്ഞു ഇനിയിപ്പോ കൊല്ലാതെ വിട്ടാൽ ഞാൻ പെട്ടുപോകും. പക്ഷേ അതിനുമുമ്പ് എനിക്ക് ഒന്നറിയണം ഈ സൗന്ദര്യം പൂർണമായി ഒന്നും ഇല്ലാതെ. വസ്ത്രങ്ങൾ വലിച്ചുപറിക്കവേ പ്രാണരക്ഷാർത്ഥം ഓടി അടുക്കളയിൽ എത്തി, വെട്ടരുവ വലിച്ചെടുത്തു.

മുമ്പിൽ നിൽക്കുന്ന കിരൺ മൂക്കട്ട ഒലിപ്പിച്ചു എന്റെ പൊതിച്ചോർ എനിക്കൊപ്പം ആർത്തിയോടെ വിഴുങ്ങുന്ന ട്രൗസർകാരനല്ല കാ മവെറിപൂണ്ട മൃഗമാണ്. ആഞ്ഞു വെട്ടരുവ വീശുമ്പോൾ കൈവിറച്ചു. വെട്ടരുവ അവൻ പിടിച്ചെടുത്തു. അതു കൊണ്ടുതലയിൽ ശക്തിയായി ഇടിച്ചതും ഞാൻ നിലത്തു വീണു. എന്റെ ദേഹത്ത് അവനെന്തൊക്കെയോ കാട്ടിക്കൂട്ടുന്നതു നേർത്ത ബോധത്തിൽ ഞാൻ അറിയുന്നുണ്ടായിരുന്നു. പണ്ടു അവനെ ചോറ് ഊട്ടുമ്പോൾ അനുഭവിച്ചത്‌ പിറക്കാതെ പോയ മകന്റെ സാമിപ്യമാണ്, അന്ന് ചുരന്ന മാറിടങ്ങൾ ഇന്നവന്റെ കാ മഭ്രാന്തിൽ നീറിപുകഞ്ഞു.

എല്ലാം കഴിഞ്ഞു അവൻ തളർന്നുപോയൊരു സെക്കന്റ്‌ സർവ കരുത്തോടെയും അടുത്തുകിടന്ന വെട്ടരുവ കൈനീട്ടിയെടുത്തു വെട്ടി ഞാൻ അവനെ ഒന്നല്ല പല തവണ. ഭ്രാന്തമായ ഒരു ശക്തി എന്നിൽ ആവാഹിച്ചുവന്നത് ഈ ജന്മം കൊണ്ടു ഞാൻ ചെയ്ത പുണ്യകർമ സുകൃതം.

ദേഹത്ത് നിന്നവനെ തള്ളിമാറ്റുമ്പോൾ ഭാരമില്ലാ പഴന്തുണി പോലവൻ…

….. ……. …. ….

ഓർമ്മകൾ നിലക്കുന്നു. കാഴ്ച പൂർണമായി മങ്ങുന്നു. പോകുകയാണ് അമ്മയെ ഭോഗിച്ച കാ മവെറിയന്മാരുടെ ഈ ലോകത്തുനിന്നും. മുലപ്പാൽ നുണഞ്ഞ ദേഹത്ത് കാ മം ഒഴുക്കിയ ആണ്മക്കളിൽ നിന്നും രെക്ഷപെടുകയാണ് മാതൃത്വം എന്തെന്നറിയാത്ത ലോകമേ അവസാനമായി വിട…

പിറ്റേന്നും ഒരു സ്കൂൾ വരാന്തയിൽ വേറൊരു അദ്ധ്യാപിക ഉറക്കെ ചൊല്ലിക്കൊടുക്കുന്നു മാതാ പിതാ ഗുരു ദൈവം…

അതുകേൾക്കേ മോക്ഷം കിട്ടാത്തൊരാത്മാവ് ഒരു കാറ്റായി ചിരിച്ചു, കൊടുംകാറ്റായി അട്ടഹസിച്ചു.