ഒറ്റ ഓട്ടത്തിന് മുറ്റത്തേക്കിറങ്ങുമ്പോൾ ഇത്താടെ മോളും കെട്ടിയോനും മക്കളുമൊക്ക കാറിൽ വന്നിറങ്ങി…

രചന: സുമയ്യ ബീഗം TA

സഫിയാത്ത ഇന്നലെ നിങ്ങളുടെ മരുമോടെ ഉപ്പയെ കണ്ടാരുന്നു. നല്ല മനുഷ്യനാണല്ലേ ?

ആ പുറംപൂച്ചു മാത്രമേയുള്ളൂ ഖദീജ. ഒരു കോ പ്പും ഇല്ല. നേരാംവണ്ണം കഞ്ഞി വെക്കുന്നുണ്ടോന്നു പോലും ആർക്കറിയാം.

സഫിയാത്ത നിങ്ങളെല്ലാരും കൂടി പോയി കണ്ടിഷ്ടപ്പെട്ടു കൊണ്ടു വന്ന മരുമോളല്ലേ. അപ്പോൾ മുന്നേ തന്നെ ഇതൊക്കെ തിരക്കണ്ടാരുന്നോ ?

അതൊന്നും ഇനി പറയണ്ട പെണ്ണിന്റെ പഠിപ്പു മാത്രേ നോക്കിയുള്ളൂ. നമ്മുടെ നാത്തൂൻ ഹാജിറ ഈയിടെയും പറഞ്ഞു കുറച്ചൂടി നല്ലൊരു പെണ്ണിനെ അന്റെ ഫൈസലിന് പൊന്നുപോലെ കിട്ടുവാരുന്നെന്നു .

ഇതെന്നാ ഖദീജ, വല്യ കുടുംബക്കാരൊന്നുമല്ല അവറ്റകൾ . മ്മടെ ഫൈസിയെ കണ്ടാൽ മാനത്തു നിലാവ് ഉദിച്ചപോലല്ലേ ഇവളോ എല്ലും തോലും പിടിച്ചൊരു സാധനം.

തുണി അലക്കാൻ ഇറങ്ങിപോയപ്പോൾ ആണ് ടാങ്കിലെ വെള്ളം തീർന്നത് മോട്ടോർ ഓൺ ചെയ്യാൻ വന്ന ഷഹനാസ് കേട്ടത് ഉമ്മയും അയലത്തെ താത്തയും തമ്മിലുള്ള പയ്യാരവും. കേട്ടപ്പോൾ മുഴുവൻ കേക്കാതെ പോകാനും തോന്നിയില്ല വേണ്ടാരുന്നു നേരിട്ട് കേക്കുമ്പോൾ നെഞ്ചിൽ ഒരു കല്ല് എടുത്തു വെച്ചതുപോലെ.

അവരറിയാതെ മുറ്റത്തേക്ക് ഇറങ്ങി തുണി നനക്കൽ തുടരവേ കണ്ണിൽ നിന്നും കണ്ണീരു വീണു നിലക്കാതെ.

ഒറ്റമകൾക്കു നല്ലൊരു ആലോചന വന്നപ്പോൾ ഉപ്പ ഒന്നും നോക്കിയില്ല. ആൾബലം കൊണ്ടും സാമ്പത്തികം കൊണ്ടും നമ്മളെക്കാൾ മെച്ചപ്പെട്ട കുടുംബക്കാർ. മോളെ പറഞ്ഞുറപ്പിച്ച പൊന്നും പൈസയും കൊടുത്തു പറഞ്ഞുവിട്ടു അന്തസ്സോടെ. ഈ പറയുന്ന പോലെ കൊമ്പത്തെ ആൾകാർ ഒന്നും ആയിരുന്നില്ല. കല്യാണം കഴിഞ്ഞു ഇക്കാ തുണിക്കട ഇട്ടു നല്ല കച്ചവടം ആയി. വണ്ടികൾ മൂന്നാലെണ്ണം. വീടും പുതുതായി പണിതു. അപ്പോൾ ഉമ്മാക്ക് നമ്മുടെ വീട്ടുകാരെ കണ്ടുകൂടാ. ദരിദ്രവാസികൾ ആണെന്നാണ് പറച്ചിൽ കേക്കേയും കേക്കാതെയും. ഇക്കാ ഒരു നല്ല മനുഷ്യനായതുകൊണ്ടു ഒത്തിരി പ്രശ്നങ്ങൾ ഇല്ലാതെ അവരുമായുള്ള ബന്ധം തുടരുന്നു. ഇക്കാ കൂടി കൂടിയിരുന്നേൽ എന്നെന്നേക്കുമായി എന്റെ വീട്ടുകാരെ ഈ വീട്ടിൽ പോലും കയറ്റില്ലായിരുന്നു.

ന്റെ പെണ്ണെ നിന്റെ പണികഴിഞ്ഞില്ലേ ?ഞാൻ പറഞ്ഞതല്ലേ ഒരുങ്ങി നിൽക്കണമെന്ന്. വാ ഒന്ന് പുറത്തുപോകാം. ഇക്കാ വന്നു വിളിക്കുന്നു പുറത്തൊന്നു കറങ്ങാൻ.

ഇക്കാടെ കൂടെ പുറത്തുപോയി മക്കളുമായി അടിച്ചുപൊളിച്ചു തിരിച്ചു വരുമ്പോൾ ഉമ്മാ പറഞ്ഞതും കേട്ടതുമൊക്കെ മനസ്സിൽ നിന്നും പാടെ മാഞ്ഞുപോയി. അല്ലേലും ഈ കെട്ടിയോന്മാർ ഒരു സംഭവമാ ശെരിക്കും ഒരു കുടുംബത്തിന്റെ കടിഞ്ഞാൺ ഇവരുടെ കയ്യിലാ. ഇലക്കും മുള്ളിനും കേടില്ലാതെ ഇവരങ്ങു ഡീൽ ചെയ്യും എല്ലാ പരിഭവങ്ങളും. ഉമ്മ പറയുന്നതും ഭാര്യ പറയുന്നതും കേട്ടിട്ടു ഒന്നുംമിണ്ടാതെ ഒരു സേഫ് സോണിൽ പോയി ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നൊരു നിൽപ്പുണ്ട്.

ഉറങ്ങാൻ പോകുന്നതിനു മുന്നേ ഉമ്മാ ഫൈസലിക്കയെ വിളിക്കുന്ന കേട്ടു. ഉമ്മറത്ത് നല്ല തർക്കം കേക്കുന്നുണ്ട് എന്താണാവോ പുതിയ കോള്. ഒരല്പം പരിഭ്രമത്തോടെ ചെന്നപ്പോൾ ഉമ്മാ ഫൈസലിക്കയോട് ഉറക്കെ പറയുന്നു. ഹാജിറടെ മോനെ എനിക്കു നിന്നെക്കാൾ വിശ്വാസമാണ്. അവനിവിടെ കുറച്ചു ദിവസം വന്നു നിന്നാൽ നിനക്കെന്താ ചേതം. നാളെ അവനിങ്ങു വരും. നീ മുഷിച്ചിൽ ഒന്നും കാട്ടണ്ട.

അമ്മായിടെ മോൻ അനസ്. ആളത്ര ശെരിയല്ല. നോട്ടവും സംസാരവും ഒന്നും പന്തിയല്ല. അതോണ്ട് തന്നെ ഇക്കയ്ക്കു അവനെ കണ്ണെടുത്താൽ കണ്ടൂടാ. അവനെ ഇവിടെ കൊണ്ടുനിർത്തുന്നത് എന്തിനാണാവോ എന്തോ ?

എന്താണേലും എതിർപ്പുകൾ കാര്യമാക്കാതെ ഉമ്മാടെ വാശി ജയിച്ചു. അനസ് പൊറുതി തുടങ്ങി. നെഞ്ചിലും പിൻഭാഗത്തും മാത്രം നോക്കുന്ന തനി വഷളൻ. എന്റെ പേടികൊണ്ടു പകലൊക്കെ ഇക്കാ അവനെ നിർബന്ധിച്ചു കടേൽ കൊണ്ടുപോയി എങ്കിലും കിട്ടുന്ന അവസരമൊന്നും പാഴാക്കാതെ തൊടാനും മുട്ടിയുരുമ്മാനും അവൻ ശ്രെമിച്ചു. ഒരു ഗ്ലാസ്‌ ചായപോലും കയ്യിൽ കൊടുക്കാതെ ടേബിളിൽ വെച്ചും, വരുന്നത് കാണുമ്പോഴേ റൂമിൽ കേറി കതകടച്ചും ഒരുവിധം രക്ഷപെട്ടു.

ഒരുദിവസം പതിവില്ലാതെ അനസ് നേരത്തെ വന്നു ഉമ്മാ ഉറക്കത്തിൽ ആരുന്നു . അതുകൊണ്ട് തന്നെ ചായ ചോദിച്ചപ്പോൾ അടുക്കളയിലേക്കു കേറി. സൈറ മോൾ നഴ്സറിയിൽ നിന്നും വന്നു കാർട്ടൂൺ കാണുന്നുണ്ട്. ചായ മേശമേൽ വെച്ചപ്പോൾ അനസ് കുളിക്കാൻ കയറിയിരുന്നു. മോളെ വിളിച്ചു റൂമിലേക്ക്‌ പോകാമെന്നു പോകാമെന്നു ഓർത്തപ്പോഴാണ് ഖദീജ ഇത്ത വിളിക്കുന്നത്. ഗ്യാസ് തീർന്നു. കുറ്റി ഒന്ന് വെച്ചു തരുവോ അത്യാവശ്യമാണെന്ന്. ഇത്തക്കു കണക്ട് ചെയ്യാൻ അറിയില്ല. സൈറ മോളെ വായോ എന്ന് പറഞ്ഞു നീട്ടിവിളിച്ചു ഖദീജ ഇത്തടെ വീട്ടിൽ ചെന്നു സിലിണ്ടർ കണക്ട് ചെയ്തു കൊടുത്തിട്ടും മോളെ കണ്ടില്ല പുറകെ.

അനസിനെ ഓർത്തപ്പോൾ ഒരു പരവേശം. ഒറ്റ ഓട്ടത്തിന് മുറ്റത്തേക്കിറങ്ങുമ്പോൾ ഇത്താടെ മോളും കെട്ടിയോനും മക്കളുമൊക്ക കാറിൽ വന്നിറങ്ങി. ഒരു നാലുമിനിറ് കുശലാന്വേഷണം. ആ സമയവും നെഞ്ചകം ഉരുകുന്നു ആരോടും പറയാനും വയ്യ.

വീട്ടിൽ ചെന്നു നോക്കുമ്പോൾ ഹാളിൽ സൈറ ഇല്ല t. V ഓഫ്‌ ആണ്. അനസിന്റെ റൂമിലേക്ക്‌ നടക്കുമ്പോൾ ശരീരം കുഴയുന്നു. പടച്ചവൻ അമ്മമാരുടെ നെഞ്ചിൽ ഒരു തീ ആളിച്ചാൽ അതിനു പിന്നിൽ എന്തേലും അരുതാത്തതു കാണും എന്നുറപ്പായി. സൈറ അനസിന്റെ മടിയിൽ അവന്റെ ഫോണിലെ വീഡിയോ കാണുന്നു. ഞാൻ നോക്കുമ്പോൾ ആ പന്നിയുടെ കൈകൾ അവളുടെ പാവടക്കുള്ളിലേക്കു നീളുന്നു. ചുറ്റും പരാതിയപ്പോൾ കണ്ടത് നിലം തുടക്കുന്ന കമ്പ് അതെടുത്തു വിടടാ ന്റെ കുഞ്ഞിനെ എന്നുപറഞ്ഞു കൊടുത്തു ഒരെണ്ണം മുതുകിനു.

അവൻ അലറി എഴുന്നേറ്റപ്പോൾ മോളും ഉറക്കെ കരഞ്ഞു കാര്യം എന്തെന്നറിയാതെ.ബഹളം കേട്ടു ഉമ്മാ എത്തി. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ മോൾ പറഞ്ഞു ഉമ്മി അടിച്ചു അനസ് മാമയെ.

എന്നതിനാടി എന്റെ ചെറുക്കനെ നീ അടിച്ചേ ?

ഒന്നുമില്ല മാമി ഞാനും മോളും കൂടി ഫോണിൽ നോക്കിയിരുന്നപ്പോൾ ചുമ്മാ ഉപദ്രവിക്കുകയാരുന്നു. അനസ് ന്യായീകരിച്ചു.

ഉമ്മാ നിങ്ങൾ ഒരക്ഷരം മിണ്ടരുത് ഇവൻ ഈ ചെറ്റ എന്റെ കുഞ്ഞിനോട് കാണിച്ചത് ഞാൻ കണ്ടതാ.

ഓഹോ അപ്പോൾ അതാണ് കാര്യം. ഡി മട്ടച്ചി, സൈറ മോളു നഴ്സറിയിൽ നിന്നും വരുമ്പോൾ എന്നും നീ അടുത്തിരുത്തി ചോദിക്കുന്നത് ഞാൻ കേക്കാറുണ്ട്.

ഇന്ന് ആരൊക്കെയാ അടുത്തിരുന്നത് ? എന്തെല്ലാം പറഞ്ഞു ? ആരെങ്കിലും മോളുടെ ദേഹത്ത് പിടിച്ചോ ? തുടങ്ങി കേട്ടാൽ തൊലി ഉരിഞ്ഞു പോകുന്ന ചോദ്യങ്ങൾ.

ഇപ്പോൾ കുടുംബത്തുള്ളവരെയും വിശ്വാസമില്ലാണ്ടായി ഒരുമ്പെട്ടോൾക്ക്. അതെങ്ങനാ ഇവടെ ഒക്കെ കുടുംബത്തിങ്ങനാരിക്കും.

ഉമ്മ, ഒരു അക്ഷരം ഇനി നിങ്ങൾ മിണ്ടിയാൽ കൊല്ലും ഞാൻ മടുത്തു ഇനി സഹിക്കില്ല മുന്നും പിന്നും നോക്കാനുമില്ല.

ഇറങ്ങടി സെയ്താനെ എന്റെ വീട്ടിന്നു. സഫിയ ഉമ്മ അലറി.

ഇറങ്ങുക ഇപ്പോൾ തന്നെ. സൈറമോളെയും ഇളയവനേയും എടുത്തു ആ നിമിഷം ഇറങ്ങി ഒരു ഓട്ടോയിൽ കേറി വീട്ടിലേക്കു. പോകുമ്പോൾ അനസിനെ ഒന്നൂടി ഒന്ന് നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു പുന്നാരമോനെ രക്ഷപെട്ടു എന്ന് കരുതണ്ട. വിടില്ല ഞാൻ.

ഓട്ടോയിൽ ഇരിക്കുമ്പോൾ പലതവണ ഓർത്തു ഫൈസലിക്കയെ വിളിക്കാൻ പക്ഷേ അപ്പോൾ അങ്ങേരോടും ദേഷ്യം മാത്രം. ആരോടും ക്ഷമിക്കാൻ തോന്നുന്നില്ല കാരണം അപമാനിക്കപ്പെടാൻ പോയത് മകളാണ്.

വൈകിട്ട് വീട്ടിൽ എത്തിയ ഫൈസൽ ഷഹനാസിനെയും മക്കളെയും തിരക്കിയപ്പോൾ ഉമ്മാ പറഞ്ഞത് അനസിന്റെ പേരിൽ ചുമ്മാ വഴക്കിട്ടു ഇറങ്ങിപ്പോയി എന്നാണ് .

കടയിലേക്ക് ചരക്കെടുക്കാൻ ദൂരയാത്ര കഴിഞ്ഞുവന്ന ഫൈസൽ പലതവണ വിളിച്ചിട്ടും ഷഹനാസ് ഫോൺ എടുക്കാതിരുന്നപ്പോൾ എന്തോ ഒരു സംശയം തോന്നി അവടെ വീട്ടിലേക്കു പോകാനിറങ്ങിയെങ്കിലും ഉമ്മ തടഞ്ഞു.

അനക്ക് നാണമില്ലെടാ അവൾ ഒരുകാര്യവുമില്ലാതെ ഇറങ്ങിപോയതല്ലേ ?ഇങ്ങു വന്നോളും. ഈ രാത്രി അത്രേം ദൂരെ നിന്നെ ഞാൻ വിടൂല്ല. ഇനി തോന്നിവാസം കാണിച്ചാൽ നീ കാണുക ഞമ്മടെ മയ്യത്തായിരിക്കും.

ഫോൺ വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ചായവെ ഷഹനാസിനോട് ദേഷ്യം തോന്നി അഹമ്മതി പെണ്ണിന് കൂടുന്നുണ്ട് ഇറങ്ങിപ്പോകാൻ വരെ ചങ്കൂറ്റമായി. എല്ലാരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയിട്ടെ ഉമ്മയും മരുമോളും അടങ്ങു. നാളെ ആവട്ടെ അവടെ ഉപ്പയോട്‌ സംസാരിച്ചു രണ്ടെണ്ണം ശെരിക്കും പറഞ്ഞു കൂട്ടികൊണ്ടുവരാം.

രാവിലെ എഴുന്നേറ്റു ചായ കുടിക്കവേ ആരോ കാളിങ് ബെൽ അടിച്ചു. ഉമ്മ ചെന്നു വാതിൽ തുറന്നതും അഞ്ചാറു പോലീസ് കാരന്മാർ വീട്ടിലോട്ടു കേറി. എവിടെ അനസ് ?പോലീസ് ചോദിച്ചു. എന്റെ സാറെ അവനൊരു പാവമാ.ഉമ്മ ഭീതിയോടെ പറഞ്ഞു.

അത് ഞങ്ങൾ തീരുമാനിച്ചോളാം. വിളിക്കവനെ.

അടുക്കള വഴി ഓടിയ അനസിനെ പോലീസ് മതിലിനടത്തു വെച്ചു പിടികൂടി രണ്ടെണ്ണം പൊട്ടിച്ചു. എന്റെ റബ്ബേ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ ഇവന്റ ഭാര്യ കള്ളക്കേസ് ഉണ്ടാക്കിയതാ.

ആരുടെ ഭാര്യ ?നിങ്ങൾ എന്തറിഞ്ഞ ഉമ്മാ ഈ പറയുന്നേ ? പതിനാലു വയസുള്ള ഒരു പെങ്കൊച്ചിനെ കയ്യും കണ്ണും കാണിച്ചു സ്കൂളിൽ പോകുന്ന വഴി തട്ടിക്കൊണ്ടുപോയി കാര്യം നടത്തി പൊന്തക്കാട്ടിൽ തള്ളി മുങ്ങിയവനാ ഈ നാറി. ഇന്നാണ് ആ കൊച്ചു ബോധം തിരിച്ചു കിട്ടി ഇവന്റെ പേര് പറഞ്ഞത്.

ഒരു സിനിമയിലെ പോലുള്ള നാടകീയ രംഗങ്ങളിലൂടെ അനസിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. പോകുന്നതിനു മുമ്പ് സഫിയ ഉമ്മാ അവന്റെ കരണത്തൊന്നു പൊട്ടിച്ചു. ഇത് എന്റെ പേരക്കുട്ടിയെ ദ്രോഹിക്കാൻ നോക്കിയതിനു.

ഉമ്മാ പറഞ്ഞത് മനസിലാകാതെ നിന്ന ഫൈസൽ തലേന്ന് നടന്നതൊക്കെ അറിഞ്ഞതും വണ്ടിയുമായി പാഞ്ഞു ഷഹനാസിന്റെ വീട്ടിലേക്കു.

ഫൈസലിനോട് സംസാരിക്കാൻ പോലും അവൾ തയ്യാറായില്ല. അവസാനം ഫൈസൽ മാപ്പ് പറഞ്ഞപ്പോഴും ഷഹനാസ് കത്തുകയാരുന്നു.

നിങ്ങളോട് എനിക്കിപ്പോൾ പുച്ഛമാണ്. ഒരുകാലത്തും നിങ്ങൾ നട്ടെല്ലുള്ള ഒരാണായി നിന്നിട്ടില്ല. ഓരോ പ്രശ്നങ്ങൾ വരുമ്പോളും ഒന്നും മിണ്ടാതെ നിങ്ങടെ റോൾ ഭംഗിയാക്കി. അവസാനം അതുപോലൊരുത്തനെ വീട്ടിൽ വരെ താമസിപ്പിച്ചു എന്റേം സ്വന്തം കുഞ്ഞിന്റെയും മാനം വരെ തുലാസിലാക്കി. എന്നെ അംഗീകരിക്കാത്ത നിങ്ങളുടെ ഉമ്മാ ഭരിക്കുന്ന വീട്ടിൽ ഇനി ഞാനില്ല. ഫൈസലിക്ക ഇപ്പോൾ പോകു.

അവസാനം ഷഹനാസിന്റെ ഉപ്പ ഇടപെട്ടു മോൻ തത്കാലം ചെല്ല് രണ്ടുദിവസം കഴിഞ്ഞു ഞാൻ അവരെ കൊണ്ടു വന്നു വിടാം.

അവസാനം തനിച്ചു വീട്ടിലേക്കു യാത്ര തിരിക്കുമ്പോൾ മനസൊരു അലകടൽ.
പ്രഷുബ്ധമായ മനസോടെ ഡ്രൈവ് ചെയ്യുമ്പോൾ വണ്ടി കയ്യിൽ നില്കുന്നില്ല. കണ്ണിൽ ഇരുട്ടുകേറുന്ന പോലെ പോസ്റ്റിനു നേർക്കു കാർ പാഞ്ഞു.

കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലെ റൂമിലാണ്. അടുത്ത് എല്ലാരുമുണ്ട് ഷഹനാസ് ഒഴിച്ചു . ഉമ്മാ വല്യ വായിൽ കരഞ്ഞു മോനെ എന്നുവിളിച്ചു.

വേണ്ടുമ്മ എന്നെ അങ്ങനെ വിളിക്കണ്ട. ഇങ്ങള് കാരണമാണ് എല്ലാം. കണ്ടോ അവളു വന്നില്ല അവളു മാത്രം.

മക്കളെ ചേർത്തു കെട്ടിപിടിക്കവേ സൈറ മോള് പറഞ്ഞു.

വാപ്പി, ഉമ്മി ആശുപത്രിയിൽ വന്നതാ വാപ്പി icu വിൽ ആണെന്ന് കണ്ടപ്പോൾ കുഴഞ്ഞു വീണു. അടുത്ത റൂമിൽ ഡ്രിപ്പിട്ടു കിടത്തിയിരിക്കുക.

ആ സമയം വാതിൽ തുറന്ന് വാപ്പയുടെ കൈപിടിച്ച് ഷഹനാസ് വന്നു ഫൈസലിനെ കണ്ടതും ഓടിവന്നു ചേർത്തണച്ചു.

എന്റെ ഇക്കാ എന്നോട് പൊറുക്കു.ഫൈസൽ അവളുടെ നെറുകയിൽ മുത്തി.

ഇല്ല മക്കളെ തെറ്റ് ചെയ്തത് ഞാനാ ഇനി ഉമ്മാ എന്റെ മോളെ ഉപദ്രവിക്കില്ല ഒരു വാക്കുകൊണ്ട് പോലും.

ഷഹനാസിന്റെ മുടിയിൽ തലോടി ഉമ്മാ അതുപറയുമ്പോൾ എല്ലാരുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞു. സ്നേഹത്തിന്റെ നന്മയുടെ….