രചന: രോഹിണി ശിവ
നാളെ എന്റെ അനിയന്റെ കല്യാണം ആണ്…. ഒരുപാട് ആഗ്രഹിച്ച ഒരു ദിവസത്തിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ….. വീട്ടിൽ ആകെ ബഹളം… കല്യാണ വീട് അല്ലേ…. ബന്ധുക്കളും സുഹൃത്തുക്കളും വന്നും പോയും നിൽക്കുന്നു…… എവിടെ നോക്കിയാലും തിരക്ക് മാത്രം…. വരുന്നവർക്ക് ചായയും പലഹാരങ്ങളും കൊടുക്കുവാൻ തയ്യാറായി നിൽക്കുന്ന എന്റെ ഭർത്താവും കൂട്ടുകാരും ചെറുതായി രണ്ട് അടിക്കുന്ന ആളുകൾ ആണെങ്കിൽ വീടിന്റെ പുറകിൽ സ്ത്രീകൾ അധികം ശ്രദ്ധിക്കാത്ത വിധം തയ്യാറാക്കിയിരിക്കുന്ന സജീകരങ്ങൾ വേറെ…. അമ്മായിമാരും അപ്പച്ചിമാരും മാമ്മന്മാരും എല്ലാരും തലേന്നേ എത്തീട്ടുണ്ട്….. അവരും ഓരോ പണികളിൽ ഏർപ്പെട്ടിരിക്കുന്നു…. സ്ത്രികൾ ഭൂരിഭാഗവും നാളത്തേക്ക് ഒരുങ്ങാനുള്ള മുല്ലപ്പൂവും സാരികളും ആഭരങ്ങളും തയ്യാറാക്കുകയാണ്…. അമ്മയും അച്ഛനും ഏറെ സന്തോഷത്തിൽ ആണ്… ഈ വീട്ടിലെ അവസാനത്തെ കല്യാണം ആണല്ലോ .. !! കിച്ചു ആണെങ്കിലോ ക്യാമറയുടെ മുന്നിൽ വടി പോലെ നിൽക്കുന്നു… കൂടെ വരുന്ന ബന്ധുക്കളെ എല്ലാം നോക്കി ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിരി പാസ്സ് ആക്കുന്നുമുണ്ട്….. നാളെ വീട്ടിലേക്ക് വരൻ പോകുന്ന അഥിതിയെ സ്വീകരിക്കാൻ എല്ലാരും തയ്യാറായിരിക്കുന്നു……
പക്ഷെ ആ കല്യാണ വീടിന്റെ സന്തോഷങ്ങളും തിരക്കുകളൊന്നും ഒന്നും എന്നെ ബാധിച്ചിരുന്നില്ല….. എന്തോ നഷ്ടപ്പെട്ട പോലെ ഞാൻ എന്റെ മുറിയിൽ തനിച്ച് ഇരിക്കുകയായിരുന്നു…. ഒരുപക്ഷെ ഈ ദിവസം മറ്റാരേക്കാളും സന്തോഷിക്കണ്ടത് അവന്റെ ഒരേ ഒരു ചേച്ചി ആയ താൻ അല്ലേ…..??വാടിക്കൂമ്പിയ മുഖവും ഉഷാറില്ലാത്ത ചലനങ്ങളും ആരുടെയും മുന്നിൽപ്പെടാത്ത ഒഴിഞ്ഞു മാറ്റവും ആരേലും ശ്രദ്ധിക്കുന്നുണ്ടാവോ…..???
കിച്ചുനെ കാണുമ്പോൾ എന്തോ ഒരു സങ്കടം…. സത്യം പറഞ്ഞാൽ എന്താണന്നു മനസ്സിൽ ആവുന്നില്ല…. താൻ ഏറ്റവും കൊതിച്ച ദിനം ആണ് നാളെ…. അവന് വേണ്ടി പെണ്ണ് കാണാനും പെണ്ണിനുള്ള ആഭരങ്ങളും വസ്ത്രങ്ങളും എടുക്കാനും മുന്നിൽ ഞാൻ തന്നെ ആയിരുന്നു … എന്നാൽ കാര്യത്തോടെ അടുക്കുംതോറും ചെറിയൊരു പേടി…. അവന് നാളെ മുതൽ പുതിയൊരു കുടുംബം, ഭാര്യ, കുട്ടികൾ എന്നൊക്കെ ഓർക്കുമ്പോൾ അവൻ എന്നിൽ നിന്നും അകലുമോ എന്ന ഭയം ആണോ തന്റെ ഈ മാറ്റത്തിനു കാരണം….???
അറിയില്ല….. കിച്ചു എന്ന് പറഞ്ഞാൽ എനിക്ക് ജീവൻ ആണ് … ഒരു ചേച്ചിയേക്കാളും ഒരു അമ്മയെ പോലെ ഞാൻ അവനെ സ്നേഹിച്ചു…. ഓർമ വെച്ച കാലം മുതൽ കാണുന്ന മുഖം അല്ലേ…. ” അമ്മുട്ടിക്ക് കൂട്ടായി ഒരാളുടെ വരുന്നുണ്ടന്ന് അമ്മ പറഞ്ഞപ്പോൾ തൊട്ട് മനസ്സിൽ വളർന്നു വന്ന മുഖം….. ഒരു നോക്ക് കാണുക പോലും ചെയ്യാതെ പിഞ്ചു മനസ്സിൽ ഇടം നേടിയ മുഖം… അമ്മയുടെ വയറ്റിൽ കെട്ടി പിടിച്ചു അവനോട് സംസാരിക്കുമ്പോൾ എല്ലാം എനിക്ക് ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു ….. ” വാവ എന്നാ അമ്മേ പുറത്തേക്ക് വരുക…. “
കാത്തിരിപ്പിന് ശേഷം അവൻ വന്നു ….. കുഞ്ഞ് കാലുകളും ഇറുക്കി പിടിച്ച വിരലുകളും തലയിൽ മുടി ഒന്നും ഇല്ലാത്ത ഒരു മൊട്ട കുഞ്ഞ് …. ആദ്യമായി അവനെ കണ്ടപ്പോൾ തന്നെ എടുക്കാൻ തോന്നിയെങ്കിലും അവനെ ആരും തന്റെ കയ്യിൽ തന്നില്ല…. ” അമ്മുസേ ഈ വാവനെ ഞങ്ങൾ എടുത്തോട്ടെ…?? “
കാണാൻ വരുന്നവർ ഒക്കെ തന്നോട് ഇങ്ങനെ ചോദിക്കുമ്പോൾ തനിക് ദേഷ്യവും സങ്കടവും വന്നു…. ” എന്റെ വാവയാ ” എന്ന് പറഞ്ഞു ഞാൻ കരയുമ്പോൾ അമ്മ പറഞ്ഞു ” അമ്മുസിന്റെ വാവയാ ആർക്കും കൊണ്ടുക്കേണ്ട കെട്ടോ ” അവനെ തോട്ടിൽ ആട്ടാനും നെറ്റിയിൽ ഉമ്മ കൊടുക്കാനുമൊക്കെ താൻ തന്നെ ആയിരുന്നു മുന്നിൽ…. കുഞ്ഞ് പല്ലുകളും മോണ കാട്ടിയുള്ള ചിരിയും എന്നെ ഏറെ സന്തോഷിപ്പിച്ചു … ” ചേച്ചി ചേച്ചി ” എന്നുള്ള വിളി എനിക്ക് കേൾക്കാൻ കഴിയാതെ ആയി…. വളരും തോറും അവന്റെ വികൃതികൾ കൂടി കൂടി വന്നു…. എന്നോട് വഴക്കിടാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കിയില്ല…എന്നാലും അവനെ കുളിപ്പിക്കാനും ഒരുക്കാനും സ്കൂളിൽ കൈ പിടിച്ചു കൊണ്ടു പോകാനും എനിക്ക് ഏറെ താല്പര്യം ആയിരുന്നു… വഴക്കാളി ആയിരുന്നെങ്കിലും കഥ പറഞ്ഞു ചോറ് വാരി കൊടുക്കുമ്പോൾ കഴിക്കാനും എന്നെ കെട്ടി പിടിച്ചു ഉറങ്ങാനും അവൻ എന്നും കൂടെ ഉണ്ടായിരുന്നു… അവന്റെ മുടിയിഴകളിൽ മെല്ലെ തലോടി അവനെ മടിയിൽ കിടത്തി ഉറക്കുമ്പോൾ താൻ ഒരു രണ്ടാനമ്മയായി മാറുകയായിരുന്നു….
എന്നാലും മുടിയെ പിടിച്ചു വലിക്കാനും വഴക്കിടുമ്പോൾ നല്ല ഇടി തരാനും പഠിക്കുമ്പോൾ പഠിക്കാൻ സമ്മതിക്കാതിരിക്കാനൊന്നും അവൻ മടിച്ചില്ല…. മനസ്സിലുള്ള സ്നേഹം വഴക്കിലൂടെ പുറത്ത് വരുന്നത് ഞാൻ തിരിച്ചറിഞ്ഞു… അടിയും പിടിയും കളി ചിരിയുമായി ബാല്യം അതി വേഗം പോയത് പോലെ…. വളരും തോറും ഒരു അനിയനെക്കാൾ കൂടുതൽ ഒരു ചേട്ടന്റെ കരുതലും സ്നേഹവും അവൻ നൽകി കൊണ്ടിരുന്നു… എന്നെ പഠിപ്പിക്കാനും തന്റെ കല്യാണം നടത്താനും അച്ഛനെക്കാളും ഉത്സാഹവും അവനുണ്ടായിരുന്നു… വീട് പുതുക്കി പണിയാനും അച്ഛനെയും അമ്മയെയും നല്ല രീതിയിൽ നോക്കാനും അവൻ മറന്നില്ല…. കല്യാണം കഴിഞ്ഞു തനിക് വേറെ കുടുംബം ഉണ്ടായിട്ടും അവൻ എനിക്ക് പഴയ കിച്ചു തന്നെ ആയിരുന്നു…. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോൾ ഞാൻ എന്നും അവന്റെ അമ്മു മാത്രം ആയിരുന്നു… അവനോ എനിക്കോ ഒരു മാറ്റവും വന്നിട്ടില്ല എന്നതായിരുന്നു സത്യം … അവന്റെ അരികിൽ ഇരിക്കുമ്പോൾ ഞാൻ ആ പഴയ ബാല്യത്തിലേക്ക് തിരികെ നടന്നു….
എന്നാൽ നാളെ മുതൽ അവൻ മറ്റാരുടേതോ ആകുന്ന പോലെ ….. പഴയ പോലെ അവനോട് സ്നേഹവും സ്വാതന്ത്ര്യവും കാണിക്കാൻ കഴിയുമോ എന്നൊരു ഉൾഭയം…. ഭാര്യയും കുട്ടികളുമായി വേറെ ഒരു ജീവിതത്തിലേക്ക് അവൻ ഒതുങ്ങി പോകുമോ….????
” അമ്മുസേ….. ” കിച്ചുവിന്റെ വിളി കേട്ടാണ് ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നത്….
” നിനക്ക് ഇത് എന്താ പറ്റിയത്…?? എന്താ നീ ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കുന്നേ….. “
” എയ്…. ഒന്നുമില്ല കിച്ചു…. “
” കൊച്ച് ഉറങ്ങിയോടി….???
” പിന്നെ ഉറങ്ങാനോ…. മാമന്റെ കല്യാണം പ്രമാണിച്ചു ഭയകര തിരക്കിലാ…..വിളിച്ചിട്ട് പോലും വന്നില്ല…. എവിടെയോ ഓടി നടക്കുന്നുണ്ട്….. “
കിച്ചു പതിയെ എന്റെ അരികിൽ ഇരുന്നു …. എന്റെ മടിയിൽ തല ചായ്ച്ചു കിടന്നു….. ഞാൻ അവന്റെ മുടിയിൽ പതിയെ തലോടി…. കുറച്ചു നേരം ഞാൻ ഞങ്ങളുടെ മധുരമായ ബാല്യത്തിലേക്ക് തിരികെ സഞ്ചരിച്ച പോലെ….. ഇനി ഒരിക്കലും ആ പഴയ കാലം തിരികെ കിട്ടില്ലെന്ന് ഓർക്കുമ്പോൾ ഉള്ളിൽ ഒരു വേദന……
” എന്ത് പറ്റി കിച്ചു ?? നീ എന്താ ഇങ്ങോട്ട് വന്നത്….?? ഞാൻ ചോദിച്ചു……
” എയ് ഒന്നുല്ല…. വെറുതെ….. നിന്നെ കണ്ടപ്പോൾ വെറുതെ ഇങ്ങനെ കിടക്കാൻ തോന്നി “
” ഡാ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. “
” മം … “
” ഇനി ഇതുപോലെ എന്റെ മടിയിൽ കിടക്കാനും വഴക്കിടാനും പഴയപോലെ സ്നേഹവും കരുതലുമൊക്കെ കാണിക്കാൻ നിനക്ക് ആകുമോ… …?? അല്ല കല്യാണം ഒക്കെ കഴിഞ്ഞ് എല്ലാരും മാറുമല്ലോ…. നിന്റെ മാത്രമായ ഒരു ലോകത്തേക്ക് നീ ഒതുങ്ങി പോകുമെന്നൊരു തോന്നൽ…. “
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ചെറു പുഞ്ചിരിയോട് കൂടി
എന്റെ മുഖത്ത് നല്ലൊരു കിഴുക്ക് തന്ന് അവൻ തുടരുന്നു ….
” അയ്യടി നല്ല അസൂയ ഉണ്ടല്ലേ…. കാര്യം നാളെ മുതൽ ഞാൻ ഒരു ഭർത്താവ് മാത്രം അല്ല… ഒരു മകനും, അനിയനും, സുഹൃത്തും, ചേട്ടനും എല്ലാം എല്ലാം ആണ്…. ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ ആയിരിക്കും…. എല്ലാരും എനിക്ക് ഒരുപോലെ ആയിരിക്കും….. ഒരു കല്യാണം കൊണ്ടെന്നും ആരും മാറില്ല മോളെ…. “
കണ്ണടച്ചു അവൻ എന്റെ മടിയിൽ തന്നെ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ഓർത്തു എന്റെ കിച്ചു എന്നും എന്റെ കിച്ചു തന്നെ….. “
( ഭാവിയിൽ നടക്കാൻ സാധ്യത ഉള്ള ഒരു ദിനം ഭാവനയിൽ…. )
Spl Dedication : സഹോദരന്മാരുള്ള എല്ലാ പെൺകുട്ടികൾക്കും കല്യാണപ്രായം പോലും ആവാത്ത എന്റെ അനിയനും . 😘