നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി.ഇത് വരെ നിങ്ങൾ ഞാൻ ഉറങ്ങാതെ റൂമിൽ വന്നിട്ടുണ്ടോ.

രചന: നീതു രാകേഷ്

എന്താ വിളിക്കാന്നു പറഞ്ഞിട്ട് വിളിക്കാഞ്ഞേ ഏട്ടാ…?

നീ വേറെ എവിടേം അല്ലല്ലോ നിന്റെ വീട്ടിൽ അല്ലായിരുന്നോ…?

ഹാ അവിടെ കൊണ്ട് വിട്ടിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടല്ലേ ഞാൻ വരുന്നേ. ഞാൻ വിളിച്ചപ്പോ തിരിച്ചു വിളിക്കാന്നു പറഞ്ഞിട്ട്…

നീ ഒന്ന് സ്വൈര്യം തരൂ എപ്പോ നോക്കിയാലും പിന്നാലെ നടന്ന് പരാതി.

പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ തന്നെ കുടുങ്ങി. അനുസരണയില്ലാത്ത കണ്ണുകൾ നിറയാൻ തുടങ്ങി…പതിയെ തിരിഞ്ഞു നടന്ന്…

അമ്മാ, ചായ…ഏട്ടനാണ്.

വിളി കേൾക്കാൻ പാകത്തിന് തന്നെയല്ലേ ഞാനും നിന്നിരുന്നേ…ഇനി എന്റെ കയ്യിനു ന്തെങ്കിലും…ആത്മഗതം കുറച്ചു ഉറക്കെ ആയി പോയി…

അല്ല നിനക്ക് ബുദ്ധിമുട്ടയെങ്കിലോ എന്ന് വിചാരിച്ചിട്ട…എന്നിട്ട് മുപ്പത്തിരണ്ട് പല്ലും കാണിച്ചിട്ടൊരു ചിരിയും. ഒന്നും പറഞ്ഞില്ല, അല്ലെങ്കിലും വിവാഹം കഴിഞ്ഞ നാൾ മുതൽ കാണുന്നതല്ലേ, എല്ലാത്തിനും അമ്മ.

സ്വന്തം ഭർത്താവിന് ഭക്ഷണം വിളമ്പി കൊടുക്കാനോ, ഒരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് കൊടുക്കാനോ പോലും അനുവാദം ഇല്ലാത്തവൾ. ആദ്യമൊക്കെ തോന്നിയിരുന്നു ഇവർ ന്തിനാണ് മകനെ വിവാഹം കഴിപ്പിച്ചതെന്ന്…? എന്നാൽ ഇന്ന് മനസിലാകുന്നു ശമ്പളം കൊടുക്കാതെ നിർത്താവുന്ന ഒരു ജോലിക്കാരി ആണ് താനെന്നു.

അത് ശരി വെക്കും പോലെ തന്നെയാണ് ഏട്ടനും…ആലോചിക്കും തോറും തല പെരുത്ത് വരുന്നു…ഇനിയും വയ്യ. ഏട്ടാ, എനിക്ക് സംസാരിക്കണം…

പിന്നെയാവട്ടെ…പ്രതീക്ഷിച്ച മറുപടി തന്നെ. എനിക്ക് വയ്യ മടുത്തു…അതിന് മാത്രം നിനക്ക് ന്താ ഇവിടെ ഒരു കുറവ്…?

ഒരു കുറവും ഇല്ലേ, നിങ്ങള്ടെ എന്തെങ്കിലും ഒരു കാര്യം ഞാൻ അറിയാറുണ്ടോ? പോട്ടെ, അമ്മ തന്നെയാണ് ഇത്ര നാളും നോക്കിയത്, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി. ഇത് വരെ നിങ്ങൾ ഞാൻ ഉറങ്ങാതെ റൂമിൽ വന്നിട്ടുണ്ടോ…ഒരു ഭാര്യയുടെ ഒരു ആവശ്യവും ഇല്ലെങ്കിൽ പിന്നെ ഞാൻ ന്തിനാണ് ഇവിടെ, നാട്ടുകാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിട്ടോ…?

പതുക്കെ പറയ്…അമ്മ കേൾക്കും…അമ്മക്ക് വിഷമം ആവും.

അതെ നിങ്ങള്ടെ അമ്മക്ക് വിഷമവും, അത് പോലെ തന്നെ എനിക്കും ഉണ്ട് ഒരു അമ്മ…കഷ്ടപ്പാടിലും ഒരു മകളെയെങ്കിലും കൈ പിടിച്ചു കൊടുത്തല്ലോ എന്ന് ആശ്വസിക്കുന്ന അമ്മ…ഇനിയെങ്കിലും എല്ലാവരും അറിയട്ടെ…നമുക്ക് പിരിയാം. അതെ അതാവും നിന്റെ സന്തോഷം..

ഇനിയെങ്കിലും ഞാനും ഒന്ന് ജീവിക്കട്ടെ…ഞാനും മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യ ജീവി തന്നെയാണ്…ഇനിയെങ്കിലും എനിക്ക് എന്റെ സ്വപ്നങ്ങൾ നേടിയെടുക്കണം…അതിന് വേണ്ടി പ്രയത്നിക്കണം…

പ്രതികരിക്കാൻ പോലും സാധിക്കാതെ ജീവിതം തീർക്കുന്ന സഹോദരിമാരും നമുക്കിടയിൽ ഉണ്ടെന്ന തിരിച്ചറിവോടെ…നീതു രാകേഷ്