ഒരു അമ്മക്കിളിയുടെ താരാട്ട് – രചന: NKR മട്ടന്നൂർ
നാളെയാണ് എന്‍റെ വിവാഹം…
ഇന്ന് വൈകിട്ട് വരാമെന്നു പറഞ്ഞിരുന്നു അമ്മ. കാത്തിരിക്കുകയാണ് ഞാന്‍. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൂരേന്ന് അമ്മ നടന്നു വരുന്നതു കണ്ടു. അമ്മയ്ക്ക് ഒരുപാട് പ്രായമായതു പോലെ തോന്നിപ്പിച്ചു.
പാവം നാല്‍പതു വയസ്സാവണേ ഉള്ളൂ…ഈ മകള്‍ക്കു വേണ്ടി അഹോരാത്രം ചെയ്തു തീര്‍ത്ത ജോലികള്‍ അമ്മയെ ഒരു വൃദ്ധയേ പോലാക്കിയിരിക്കുന്നു. പതിവില്ലാത്തൊരു പുഞ്ചിരി അമ്മയുടെ മുഖത്ത് കണ്ടു..ഞാനും അതുകണ്ടപ്പോള്‍ മനസ്സറിഞ്ഞ് ചിരിച്ചു.
മോള്‍ക്കു കാത്തിരുന്ന് വിഷമമമായോ…? അമ്മയെന്‍റെ കൈ പിടിച്ചു. ഞങ്ങള്‍ പുറത്തേക്ക് നടന്നു. ഞാന്‍ ഹോസ്റ്റലില്‍ നിന്നും മുന്നേ അനുവാദം വാങ്ങി ഗേറ്റില്‍ കാത്തു നില്‍ക്കുകയായിരുന്നു. നേരേ ടൗണിലെത്തി.
ആദ്യം അമ്മയെന്നെ കൊണ്ടു പോയത് ബ്യൂട്ടി പാര്‍ലറിലേക്കായിരുന്നു. ഞാനത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി…ഒന്നു കണ്ണടച്ചു കാട്ടി…എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്തോളൂ.
എന്നോട് അങ്ങനെ പറഞ്ഞിട്ട് അവിടത്തെ ഒരു പെണ്ണിനോട് പറഞ്ഞു…നാളെ ഇവളുടെ കല്യാണമാ…ഒന്നൊരുക്കണം നന്നായിട്ട്…ആ സ്ത്രീ എന്നെ കൂട്ടി അകത്തേക്ക് കൊണ്ടു പോയി…
ഇതൊന്നും പതിവുള്ളതല്ല…എന്നോ ഒരുവട്ടം ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇതിനുവേണ്ടി…അന്ന് അമ്മയുടെ മറുപടി സമയമായില്ല എന്നായിരുന്നു…ഇപ്പോഴുള്ള സൗന്ദര്യം മതി എന്‍റെ മോള്‍ക്ക്…പിന്നെ ആ കാര്യം ചോദിച്ചിട്ടില്ല…
തലയില്‍ തേക്കാന്‍ കാച്ചിയ എണ്ണ കൊണ്ടുതരും…പൗഡറോ, പൊട്ടോ, ചാന്തോ ഒന്നും വേണ്ടാ എന്‍റെ മോള്‍ക്ക്…അങ്ങനേയാ പറയുക…അനുസരിച്ചു…മതി അമ്മയുടെ ഇഷ്ടങ്ങളാ ഇന്നും എന്‍റെ ഇഷ്ടങ്ങൾ…
ആരേയും മോഹിക്കരുതെന്നും…ആരേയും മോഹിപ്പിക്കരുതെന്നും..പറഞ്ഞു തന്നിട്ടുണ്ട്. അത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ കേട്ടു തുടങ്ങിയതാ. വില കുറഞ്ഞ വസ്ത്രങ്ങളാ എന്നും കൊണ്ടു തന്നിരുന്നത്…
പ്ലസ് വൺ മുതല്‍ ഈ ഹോസ്റ്റലിലാ താമസം…ബി ടെക് കഴിഞ്ഞു പിന്നെ ബാങ്ക് കോച്ചിംഗിന് പോയി ആറു മാസം..ബാങ്ക് ടെസ്റ്റെഴുതി ജോലിയും നേടിയിരിക്കുന്നു…ആറുമാസമായ് ജോലി കിട്ടി പോവാന്‍ തുടങ്ങിയിട്ട്.
അമ്മ ഏതൊക്കെയോ വീടുകളിലെ അടുക്കളയില്‍ ജോലി ചെയ്താ എന്നെ പഠിപ്പിച്ചത്. എനിക്കു കിട്ടിയ ശമ്പളം ഒരു രൂപ പോലും എടുക്കാതെ അമ്മയുടെ കൈകളില്‍ കൊടുക്കും. അമ്മ അതീന്ന് കുറച്ചു പണം എനിക്കു തരും. ആര്‍ഭാടങ്ങളൊന്നുമില്ലാതെയാ ഇന്നലെ വരെ ജീവിച്ചത്.
അമ്മയാ എന്‍റെ എല്ലാം…പല ഞായറാഴ്ചകളിലും അമ്മയെന്നെ വന്നു കൊണ്ടു പോവാറുണ്ട്. അന്നാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിട്ടുള്ളത്. ആ കൈ പിടിച്ചു പട്ടണത്തിലൂടെ നടക്കുമ്പോള്‍ ഏതോ ലോകത്താവും നമ്മള്‍…എന്‍റെ വിശേഷങ്ങളെല്ലാം പറയും ഞാന്‍ അമ്മയോട്.
അമ്മ ഒരു കുഞ്ഞിനെ എന്ന പോലെ എന്നെ കൈപിടിച്ചോണ്ടാ നടക്കുക. ഒരു പത്താം ക്ലാസ്സുകാരിയുടെ മനസ്സിലെ ഏറ്റവും നല്ല ചിത്രങ്ങളാ അതൊക്കെ…!! വല്ലപ്പോഴും നല്ല സിനിമകള്‍ക്കും കൊണ്ടുപോവും. വറുത്ത കടല വാങ്ങി കൊറിച്ചോണ്ട് സിനിമ കണ്ടിരിക്കാന്‍ നല്ല രസായിരുന്നു.
പിന്നെ ഹോട്ടലീന്ന് ചോറും തിന്ന് എങ്ങോട്ടെങ്കിലും നടക്കും. കടല്‍ത്തീരത്ത് പോയിരിക്കും അല്ലെങ്കില്‍ വല്ല ക്ഷേത്ര നടയിലോ കുറേ നേരം അങ്ങനെ സംസാരിച്ചോണ്ടിരിക്കും. അമ്മയെ കാണുമ്പോള്‍ എനിക്കെന്തോരം പറയാനുണ്ടാവുമെന്നോ…
ചിലപ്പോള്‍ രണ്ടാഴ്ച ഒക്കെ കഴിഞ്ഞാവും അമ്മ വരിക. അമ്മ പലപ്പോഴും എന്‍റെ കണ്ണില്‍ നോക്കി മിണ്ടാതെ നില്‍ക്കും കുറേ നേരം…ഒടുവില്‍ എന്നോട് ചോദിക്കും. മോള്‍ക്കെന്നെങ്കിലും ഈ അമ്മയോട് വെറുപ്പു തോന്നിയിട്ടുണ്ടോന്ന്…അതെന്തിനാണെന്ന് ചോദിച്ചാല്‍ പിന്നേം മിണ്ടാതിരിക്കും. ചിലപ്പോഴെന്നെ കെട്ടിപ്പിടിക്കും.
അമ്മ കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ആ കണ്ണുകളില്‍ എന്നും ഒരു തീക്ഷ്ണത കാണാം. എന്‍റെ അമ്മ അനാഥയൊന്നുമല്ലായിരുന്നു. അച്ഛനും അമ്മയും ഏട്ടനും കൂടി തറവാട്ടു വീട്ടീന്ന് ഇറക്കി വിട്ടതാ എന്‍റെ അമ്മയെ…അപ്പോള്‍ ഞാനമ്മയുടെ വയറ്റില്‍ വളരുന്നുണ്ടായിരുന്നു. അമ്മയ്ക്ക് ആരോ കൊടുത്തൊരു സമ്മാനമായിരുന്നു ഞാന്‍…
എനിക്ക് അച്ഛനില്ലാന്ന് പറഞ്ഞിട്ടുണ്ട് പലപ്പോഴും…അമ്മയ്ക്ക് സങ്കടമാവാതിരിക്കാന്‍ ഞാനൊന്നും ചോദിക്കാറില്ല. എന്നെ വയറ്റില്‍ വച്ചു തന്നെ നശിപ്പിക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതു കൊണ്ടാ അമ്മയെ ഇറക്കി വിട്ടത്…അന്ന് കണ്ട ഏതോ ബസ്സില്‍ കേറി ഇരുന്നു. ഒടുവില്‍ ഈ നാട്ടിലെത്തി.
സ്വത്തെല്ലാം പകുത്തെടുത്തപ്പോള്‍ ആര്‍ക്കും വേണ്ടാതായ കാര്‍ത്യായനി ചേച്ചിയാ അമ്മയ്ക്ക് അഭയം കൊടുത്തത്. അവരെ സ്വന്തംഅമ്മയെ പോലെ പരിചരിച്ചു…സ്നേഹിച്ചു. അവിടെ വെച്ചാ അമ്മയെന്നെ പെറ്റു പോറ്റി വളര്‍ത്തിയത്.
അവര്‍ മരിക്കുമ്പോള്‍ ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. പിന്നെ അവിടെ ഞങ്ങള്‍ താമസിച്ചില്ല. അമ്മ പകല്‍ നേരങ്ങളില്‍ എന്നേയും കൂട്ടിപോയി ആ വീടും പരിസരവും അടിച്ചു വൃത്തിയാക്കും.
എന്നെ ഹോസ്റ്റലില്‍ ആക്കി പോവുമ്പോള്‍ അമ്മയ്ക്കു വല്യ സങ്കടായിരുന്നു. ഞാന്‍ ഒത്തിരി കരഞ്ഞിട്ടുണ്ട്. അന്നെന്നെ ചേര്‍ത്തമര്‍ത്തി പറയുമായിരുന്നു എല്ലാം മോളുടെ നല്ലതിന് വേണ്ടിയാണെന്ന്. ഏകാന്തതയില്‍ ഞാന്‍ പുസ്തകളെ കൂട്ടുകാരാക്കി. നല്ലപോലെ പഠിച്ചു. ആരോടും കൂട്ടുകൂടിയിരുന്നില്ല.
അങ്ങനെ ബാങ്കില്‍ ജോലിക്കു കയറിയപ്പോഴായിരുന്നു ഒരു ആലോചന വന്നത്. അതും ആ ബാങ്കിലെ എന്‍റെ സഹപ്രവര്‍ത്തകന്‍. ആരോടും അധികം സംസാരിക്കാറുണ്ടായിരുന്നില്ല. അരുണ്‍ ആദ്യം ഹോസ്റ്റലില്‍ വന്ന് കാര്യങ്ങള്‍ തിരക്കി. പിന്നെ അമ്മയെ പോയി കണ്ടു. അവനെന്‍റെ പിറകേ ഉണ്ടായിരുന്നു . പക്ഷേ ഞാനൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു.
ഒരു ഞായറാഴ്ച അമ്മ പതിവു പോലെ വന്നെന്നെ കൊണ്ടു പോയത് അമ്മ താമസിച്ചു ജോലി ചെയ്യുന്ന മാഷിന്‍റെ വീട്ടിലേക്കായിരുന്നു. ആ വൃദ്ധദമ്പതികളും മക്കളെ പഠിപ്പിച്ചു വല്യ ഉദ്യോഗം വാങ്ങിക്കൊടുത്തതുകൊണ്ട് വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോയവരായിരുന്നു…അമ്മയുടെ വാക്കുകളിലൂടെ എനിക്കാ വീടും ചുറ്റുപാടും മനഃപാഠമായിരുന്നു…ആ സ്നേഹമുള്ള മാതാപിതാക്കളേയും.
അവിടുന്നാണ് അരുണ്‍ വന്ന് എന്നെ കണ്ടത്…ഞാനയാളെ കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയിരുന്നു. എന്നെ, എന്നോ മുതല്‍ ഇഷ്ടമായിരുന്നെന്നും…ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു.
ഞാനൊന്നു ചിരിച്ചു…ബാക്കി കാര്യങ്ങള്‍ അമ്മ പറഞ്ഞതാ…ഈ വീട്ടിലെ മാഷിന്‍റെ ഒരു ബന്ധുവാ അരുണ്‍…നല്ല പയ്യനാ…എന്‍റെ മോളെ നന്നായി നോക്കും…അതു പറയുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ ഒരു തിളക്കം കാണാമായിരുന്നു. അങ്ങനെ ആ വിവാഹം തീരുമാനിക്കപ്പെട്ടു…
ഗായത്രി കഴിഞ്ഞൂട്ടോ…ആ ചേച്ചിയുടെ ശബ്ദം…ഞാന്‍ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി…പുരികം ത്രെഡ് ചെയ്തിട്ടുണ്ട്…മറ്റെന്തൊക്കെയോ ചെയ്തു ആളാകെ മാറിയിരിക്കുന്നു…പുറത്തെ കസേരയില്‍ ഇരിക്കുന്ന അമ്മയ്ക്കരികിലേക്ക് ഞാന്‍ പോയി…
അമ്മ എന്നെ അടിമുടി ഒന്നു നോക്കി. ആ മുഖത്ത് അഭിമാനം നിറഞ്ഞൊരു ചിരി തെളിഞ്ഞു…ഇപ്പോള്‍ നിന്നെ കണ്ടാല്‍ ആരും മോഹിച്ചു പോവും. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു…
അകത്തിരിക്കുമ്പോള്‍ ആ ചേച്ചി പറഞ്ഞിരുന്നു വല്ലപ്പോഴും ഒന്നു കണ്ണെഴുതണം…ഒരു പൊട്ടു തൊടണം…മുഖത്തല്‍പം പൗഡറും ഉപയോഗിക്കണം…അതെല്ലാം എനിക്കന്യമായ ശീലങ്ങളായിരുന്നു…
വെളുത്ത നിറമുണ്ടെങ്കിലും ഒരു മൊട്ടു കാതിലും ഒരു മുത്തുമാലയും മാത്രായിരുന്നു എന്‍റെ ആഭരണങ്ങള്‍…പിന്നെ ഈറന്‍ മുടിയിലൊരു തുളസിക്കതിരും…അതാണ് ഗായത്രി…ഒടുവില്‍ ആ ഗായത്രിയേയും കൊണ്ടു പോവാന്‍ ആളു വന്നിരിക്കുന്നു.
പണമടച്ച് അമ്മയുടെ കൈപിടിച്ച് അവിടുന്നിറങ്ങി. ഇന്നേവരേയുള്ള എന്‍റെ ശമ്പളവും സഹകരണ ബാങ്കിലെ രാധേച്ചിയുടെ പാസ്ബുക്കില്‍ സ്വരുക്കൂട്ടിയതെല്ലാം കൂടി അമ്മ എണ്ണി ആ മേശമേല്‍ വച്ചു.
നാലു വളയും ഒരു മോതിരവും ഒരു മാലയും വാങ്ങി എന്‍റെ ദേഹത്തണിയിച്ചപ്പോള്‍ അമ്മയുടെ കണ്ണുകളില്‍ ആ തിളക്കം പിന്നേയും കണ്ടു. അമ്മ എനിക്കു മുഖം തരാതെ ദൂരേക്ക് നോക്കി.
അമ്മയെ ഒന്നിനും കാത്തു നില്‍ക്കേണ്ടാ ട്ടോ…ആരെങ്കിലും അവന്‍റെ കൈകളില്‍ കൈ ചേര്‍ത്തു തരും. പിന്നെ ആ കൈകളില്‍ എന്നും നിലകൊള്ളുക. ആ വീട്ടിലെ എല്ലാവരേയും സ്നേഹിക്കുക. ആരോടും വഴക്കിനൊന്നും പോവരുത്. പിണങ്ങി വന്നാല്‍ താമസിക്കാന്‍ സ്വന്തമായൊരു വീടുപോലുമില്ല.
എല്ലാം ഓര്‍മ്മ വേണംട്ടോ…അന്നു രാത്രിയില്‍…ആറുവര്‍ഷത്തിനു ശേഷം ഞാന്‍ എന്‍റെ അമ്മയെ കെട്ടിപ്പിടിച്ചു മാഷിന്‍റെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മ പറഞ്ഞു കൊണ്ടിരുന്നതാണ്…
അമ്മയോട് ചേര്‍ന്നു കിടക്കുമ്പോള്‍ അന്നാദ്യമായ് ഞാന്‍ സുരക്ഷിതയാണെന്ന് തോന്നി…തനിച്ചു കിടക്കുമ്പോള്‍ പേടിച്ചു കരഞ്ഞ എത്രയോ രാത്രികള്‍ പുതപ്പിനുള്ളില്‍ തീര്‍ന്നിരിക്കുന്നു.
ഇന്ന് ഈ അരികില്‍ കിടക്കുമ്പോള്‍ കിട്ടുന്ന ആശ്വാസവും ആഹ്ളാദവും ഒരിക്കലും മറക്കാതെ കിടക്കുമീ നെഞ്ചില്‍…അമ്മയോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു…വാക്കുകള്‍ കിട്ടാതെ ഞാനാ ചൂടേറ്റ് ശാന്തമായ് ഉറങ്ങി…
രാവിലെ ഉണര്‍ന്നു കുളിച്ചിട്ടു അമ്മയോടൊപ്പം അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു…അമ്മയ്ക്ക് പ്രായം ഇത്തിരി കുറഞ്ഞതു പോല തോന്നി…ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഞാന്‍ അരുണിന്‍റെ വധുവായ് സ്നേഹം നിറഞ്ഞ ആ വീട്ടിലേക്ക് വലതുകാല്‍ വെച്ചു കയറിചെന്നു.
അച്ഛനും അമ്മയും അരുണും ഞാനും മാത്രം…രാത്രിയില്‍ അരുണിനോട് എന്‍റേയും അമ്മയുടേയും ജീവിതകഥ പറഞ്ഞു തീരുമ്പോഴേക്കും നേരം പുലരാറായിരുന്നു…ഇത്തിരി ഉറങ്ങി. രാവിലെ ഉണര്‍ന്നു കുളിച്ചിട്ടു അടുക്കളയില്‍ കയറി. എല്ലാവര്‍ക്കും കാപ്പി കൊണ്ടു കൊടുത്ത് വെറുതേ ഉമ്മറത്ത് പോയപ്പോള്‍ അതാ ഗേറ്റു തുറന്നു അമ്മ കയറി വരുന്നു…
സന്തോഷം സഹിക്കാന്‍ വയ്യാതെ ഓടിപ്പോയ് അമ്മയെ കെട്ടിപ്പിടിച്ചു. അരുണ്‍ അതു കണ്ടുകൊണ്ടായിരുന്നു ഉമ്മറത്ത് വന്നത്…അമ്മയെ കണ്ടപ്പോള്‍ അരുണിനും സന്തോഷമായി. ഒരു ഗ്ലാസ്സ് കാപ്പി മാത്രം കുടിച്ചു പോവാനിറങ്ങിയ അമ്മയുടെ കൂടെ ഞാന്‍ ഗേറ്റു വരെ പോയി…
മോള്‍ക്കു വിഷമമൊന്നുമില്ലാല്ലോ..? അമ്മയെന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…ഇല്ലെന്നു തലയാട്ടി. അമ്മ വരാം സമയം കിട്ടുമ്പോഴൊക്കെ…അമ്മ കണ്ണില്‍ നിന്നും മറയും വരേ നോക്കി നിന്നു…ഒടുവില്‍ നിറമഴികളോടെ വരാന്തയിലെത്തിയ എന്നെ അരുണ്‍ അകത്തേക്ക് കൊണ്ടുപോയി…
ആ നെഞ്ചില്‍ വീണു കരയുമ്പോള്‍ അവന്‍റെ വാക്കുകള്‍ കേട്ടു…അമ്മയെ നമുക്ക് ഇവിടെ താമസിപ്പിക്കാമെന്ന് എന്‍റെ അച്ഛനുമമ്മയും പറയുന്നുണ്ടായിരുന്നു…നിനക്കും സമ്മതമാണെങ്കില്‍…
പിന്നേയും ആ മാറോടു ചേര്‍ന്നു നിന്നു കരഞ്ഞു…സങ്കടം തീരും വരെ..