അടിമകളുടെ കണ്ണീർ ~ രചന: ആമി അനാമി
“ഇന്നലെ വരെ ഞാൻ നിങ്ങളുടെ അടിമ ആയിരുന്നു. ഇനി എനിക്ക് അതാകാൻ മനസ്സില്ല”
അതുകേട്ടിട്ടും, അയാൾ മിണ്ടിയില്ല
പല്ലുകൊഴിഞ്ഞ സിംഹത്തിനെ നോക്കുന്നതുപോലെ അയാളെയൊന്നു നോക്കി, അവർ പുറത്തേക്കു പോയി.
ചായപ്പാത്രത്തിലേക്ക് അടുപ്പിലെ ചാമ്പൽ വാരിയിടുമ്പൊഴും, കാലിൽ ഉരുമ്മിയ മിട്ടു പൂച്ചയെ തൊഴിച്ചെറിയുമ്പോഴും, ഉച്ചയൂണിന് എന്തുണ്ടാക്കണം എന്നതായിരുന്നു അവരെ ആശങ്ക പ്പെടുത്തിയത്.
ഈയിടെയായി എന്തുണ്ടാക്കിക്കൊടുത്താലും അങ്ങേരുടെ വർത്തമാനം ചൊറിതണത്തെ പോലെയാണ്. എല്ലാം കൂടി ഇട്ടെറിഞ്ഞിട്ട് ഏതേലും ആശ്രമത്തിൽ പോയി ഇരിക്കാൻ തോന്നിപ്പോകും, ചില നേരത്ത്.
ആശ്രമത്തിൽ പോലും പെണ്ണുങ്ങൾക്ക് ഇപ്പൊ രക്ഷയില്ലല്ലോ എന്നോർക്കുമ്പോൾ ആ തോന്നലും അപ്രത്യക്ഷമാകും.
അരി അടുപ്പത്തിടുമ്പോഴാണ് വടക്കെതിലെ മറിയക്കുട്ടി വിളിച്ചത്.
“എടിയേ…. നിനക്ക് മീൻ വല്ലോം കിട്ടിയോ?”
“ഓ എവ്ടുന്ന്….50 രൂപായ്ക്ക് 4 അയല. മീനൊന്നും ഒരു കോണോം ഇല്ലെന്നെ.”
“അതെയതെ.. പണ്ടത്തെ രുചിയൊന്നും ഇപ്പൊ ഒന്നിനുമില്ല. മനുഷ്യനും മൃഗങ്ങളും ഭൂമിയും ഒക്കെ വിഷമായി മാറി.”
” മറിയേ ലാലീടെ സ്ത്രീധന പ്രശ്നമൊക്കെ ഒതുക്കി തീർത്തോ? “
“ഓ അതിനു മറ്റെ വസ്തു കച്ചോടം ആകണ്ടായോ? “
” ജാനകീ…. “
പരുപരുത്ത മുഴക്കമുള്ള ശബ്ദം, അവരുടെ പേര് ഒരിക്കൽകൂടി നീട്ടി വിളിച്ചു. “ജാനകീ….”
“പോട്ടേഡീ. ഇപ്പ ചെന്നില്ലേൽ ഇനിയത് മതി ഇവിടുത്തെ ദുർവ്വാസാവിന്. “
” ഓ ദാ വരുന്നേ.. “
കൈലിത്തുമ്പിൽ കൈ തുടച്ചുകൊണ്ടു അവർ അകത്തേക്ക് പോയി.
ചാരുകസേരയിൽ നിന്ന് മെല്ലെ എഴുന്നേറ്റു കൊണ്ട് അയാൾ ചോദിച്ചു.
“മതിലിൻകല്ലിൽ കയറി നിന്നൊണ്ട് എത്തി വലിഞ്ഞുള്ള ഈ നാട്ടുവർത്തമാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടല്ലോടിയേ. ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടേ”
“ഓ പിന്നേ … ഇച്ചായൻ പറയണ കേട്ടാ തോന്നുമല്ലോ നമ്മുടെ ആവശ്യത്തിന് നീട്ടിയും ചുരുക്കിയും വരയ്ക്കണ വരകൾ പോലെയാണ് ബന്ധങ്ങൾ എന്ന്.”
“പണ്ട് ഞാൻ ഇച്ഛായൻ പറയണത് കേട്ടിട്ടുണ്ട് പക്ഷെങ്കി ഉണ്ടല്ലോ ഇനി അടിമയാകാൻ എന്നെ കിട്ടില്ല .”
അയാൾ അപ്പോൾ ഓർമ്മകളിൽ മുങ്ങിനിവർന്ന് ചിരിച്ചു
“ഇച്ചായൻ എന്താ എന്നെ കാണാൻ വരാത്തത് ?”
“അടിമ ആകാമോ?”
“അടിമ ആയില്ലെങ്കിൽ?”
“ഞാൻ വരില്ല അത്രതന്നെ. ഇനി പറ, അടിമ ആകാമോ?”
“ഇച്ചായ പ്ലീസ് ..”
“നോ പ്ലീസ്…. അടിമ ആകാമോ പറ”
“ശരി , ആകാം”
“ജീവിതം മുഴുവനും?”
“ഉം.. ജീവിതം മുഴുവനും ഞാൻ അടിമയാകാം .”
കാലങ്ങൾക്ക് പിറകിൽ, പ്രണയം തലയ്ക്കു പിടിച്ച രണ്ടുപേർ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി ചിരിച്ചു.
നഷ്ടമായ ചിലതുകളുടെ കണക്കെടുപ്പിൽ പ്രണയം ഒരു ആനമണ്ടത്തരം ആണെന്ന് ഈ നീണ്ട 45 വർഷങ്ങൾക്കിടയിൽ, പലപ്പോഴും തോന്നിയിട്ടുണ്ട്.
പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ പുരുഷൻ, യുദ്ധം ജയിച്ച സിദ്ധാർത്ഥനെ പോലെയാണ്. ഗൗതമബുദ്ധൻ ആകാതെ പോയ ചിലർ…
ആഹാ ഇവിടെ നിൽക്കയാണോ … ഞാൻ എവിടെല്ലാം നോക്കി? ചെരിപ്പ് ഇട്ടോണ്ട് നടന്നൂടെ ? അതിനല്ലേ റോസ് മോള് രണ്ടു ജോഡി ഷൂ വാങ്ങിത്തന്നത്? ഷുഗർ ഉള്ളതല്ലേ..സൂക്ഷിക്കാൻ പറഞ്ഞാ കേക്കില്ല.
നീ പത്ത് പറയുമ്പോ ഞാൻ ഒന്ന് പറയും…എന്ന് പതിയെ പറഞ്ഞിട്ട് അയാൾ ഞാവൽച്ചെടിക്ക് വെള്ളം ഒഴിച്ചു.
അയാൾ നട്ട മരങ്ങളാണ് പറമ്പ് നിറയെ. അത്തി, ചാമ്പക്ക, ജാതി , എന്നുവേണ്ട സകലതും അവിടെ ഉണ്ട്.
“ഊണ് സമയമാകുമ്പോൾ അങ്ങ് വന്നേക്കണം എനിക്കിനി ഇങ്ങു വരെ നടക്കാൻ വയ്യാ കേട്ടോ”
തിരിഞ്ഞു നടന്ന അവരെ നോക്കി അയാൾ വിളിച്ചു ” അടിമേ”
“പോ ഇച്ചായാ. അടിമ നിങ്ങടെ….” പാതിക്ക് നിർത്തി കള്ളപരിഭവത്തോടെ അവർ വീട്ടിലേക്ക് പോയീ.
അവരുടെ ഏന്തി വലിഞ്ഞുള്ള നടപ്പ് കണ്ടപ്പോൾ അയാൾക്ക് മക്കളെ ഓർമ്മ വന്നു. രണ്ടു പെൺമക്കൾ ജനിച്ചപ്പോ പലരും പറഞ്ഞു ” അമ്മക്കൊരു തണൽ ആണല്ലോന്ന്”
സ്വന്തം ജീവിതം ജീവിച്ചു തീർക്കുന്ന അവർ അവൾക്ക് തണൽ ആയില്ലേലും വേണ്ടില്ല…ഒന്ന് വന്നു കണ്ടേച്ച് പോയാൽ മതിയാരുന്നു.
ഒരു നിശ്വാസത്തോടെ തോളിൽ കിടന്ന തോർത്ത് കൊണ്ട് മുഖം അമർത്തി തുടച്ചു. ചെറിയ ബക്കറ്റും കപ്പും പ്ലാവിൻ ചോട്ടിൽ വെച്ചിട്ട് അയാൾ പതിയെ നടന്നു. .
അകത്തേക്ക് കയറുമ്പോൾ തന്നെ അയാൾ കണ്ടു് ചോറും കറികളും വിളമ്പി വേച്ചേക്കുന്നത്..
” ഒന്നിനും ഒരു രുചിയുമില്ല “.
“ഓ തുടങ്ങി കുറ്റം പറച്ചിൽ ” അവർ പിറുപിറുത്തു.
“എന്താടി പിറുപിറുക്കുന്നേ?”
“ഓ ഞാൻ ഒന്നും പറഞ്ഞില്ലേ”
“ആ പറയാതിരുന്നാ നിനക്ക് കൊള്ളാം”
ഉച്ചയൂണിന് ശേഷമുള്ള ഗുളികകൾ അയാൾക്ക് നേരെ നീട്ടുമ്പോഴും അവരുടെ മുഖം കടുത്തിരുന്നു
രാത്രി, കിടക്കാൻ നേരം അടിമ അല്ലെന്ന് പറയുന്നവളുടെ അനുസരണയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവർ പറഞ്ഞു
“ഞാൻ നിങ്ങടെ അടിമയല്ല പക്ഷേ സ്നേഹത്തിന്റെ അടിമയാണ് . നിങ്ങള് എന്നോട് കാണിക്കുന്ന കരുതലിന്റെ അടിമയാണ്.”
അത്രയും പറഞ്ഞ് അവർ അയാളെ നോക്കി ചിരിച്ചു. അയാൾക്ക് അവരുടെ നെറുകയിൽ തലോടാൻ തോന്നി.
പുലർച്ചെ പതിവുള്ള ചായ കിട്ടാതായപ്പോഴാണ് അവർ ഉറക്കം ഉണർന്നിട്ടില്ല എന്ന് അയാൾ ശ്രദ്ധിക്കുന്നത്.
“എടിയേ ചായ കിട്ടിയില്ല..”
പതുക്കെ തട്ടിവിളിച്ചു, അവർ അനങ്ങിയില്ല. അയാൾ ശബ്ദം ഉയർത്തി വിളിച്ചു ; അവർ കേട്ടില്ല, കണ്ണ് തുറന്നതുമില്ല.
വിശ്വാസത്തിന് കോട്ടം തട്ടിയത് പോൽ അയാൾ അവരെ മിഴിച്ചു നോക്കി. അവരിലൂടെ മരണത്തിന്റെ തണുപ്പ് അയാളിലേക്ക് അരിച്ച് കയറി.
പെണ്മക്കളും അവരുടെ മക്കളും വന്നു. പിന്നെയും ആരൊക്കെയോ വന്നും പോയും നിന്നു. കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധങ്ങൾ, പതം പറച്ചിലുകൾ, ആശ്വാസവാക്കുകൾ, നിറഞ്ഞ കണ്ണുകൾ, ദീർഘനിശ്വാസങ്ങൾ, ഒരു മരണവീടിന് വേണ്ടുന്നതെല്ലാം അയാളുടെ വീട് കൈവശമാക്കി.
ഒന്നിലേറെ കടവാവലുകളെ കൺമുന്നിലൂടെ പറത്തി വിട്ടുകൊണ്ട് മരണം അയാളെ വരിഞ്ഞുകെട്ടി.
അവർ തീവലയങ്ങളിൽ ഇല്ലാതാകുകയും, അയാൾക്ക് ചുറ്റും ഇരുട്ട് നിറഞ്ഞ ഗർത്തങ്ങൾ ഉണ്ടാകുകയും ചെയ്തു.
ഓരോരുത്തരും അവരവരുടെ തിരക്കുകളിലേക്ക് ഇറങ്ങിപ്പോയത്, മൗനത്തിന്റെ പടിക്കെട്ടുകളിലൂടെ ആയിരുന്നു
മക്കളും കൊച്ചുമക്കളും മാത്രം ബാക്കി ആയ ഇടങ്ങളിൽ ഒരു വിങ്ങൽ, ഇലതുമ്പിലെ വെള്ളത്തുള്ളിയെപ്പോലെ, ഇടറി നിന്നു.
മരണത്തിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. മക്കളാണ് മരുന്നും ആഹാരവും ഒക്കെ എടുത്തു കൊടുക്കുന്നത്.
“എന്ത് സ്നേഹം ആണ് എന്റെ മക്കൾക്ക് . ” അയാളോർത്തു
അപ്പുറത്ത് മക്കളുടെ സംസാരം കേൾക്കാം അയാൾ കാതോർത്തു.
“റോസ് നീ അച്ഛനെ കൂടെ കൊണ്ട് പോ . എനിക്ക് നൈറ്റ് ഷിഫ്റ്റ് വരുമ്പോ പാടാണ് അച്ഛനെ നോക്കാൻ.”
“ഷെറിൻ നീ എന്താ ഈ പറയുന്നെ? ഫ്ലാറ്റിലെ ലൈഫൊന്നും അച്ഛന് പിടിക്കില്ല.
അതുമല്ല ഞങ്ങൾ രണ്ടു പേരും ജോലിക്ക് പോയ്ക്കഴിയുമ്പോൾ അച്ഛൻ അവിടെ തനിച്ചാകും”
” ഒരു കാര്യം ചെയ്താലോ? ഒരു ഹോം നേഴ്സ്സിനെ വെച്ചാലോ നമുക്ക്? ഈക്വൽ ഷേയർ ഇട്ടാൽ മതിയല്ലോ.”
പാതിശൂന്യം ആയ കിടക്കയുടെ ഓരം പറ്റിക്കിടന്നു കൊണ്ട് അന്നാദ്യമായി അയാൾ പറഞ്ഞു
“എടിയെ… ഞാൻ ആയിരുന്നു നിന്റെ അടിമ. അത് തിരിച്ചറിയാൻ വൈകിപ്പോയലല്ലോഡീ.”. വീണ്ടെടുക്കാൻ പറ്റാത്ത നഷ്ടത്തെ ഓർത്തു അയാളുടെ കണ്ണ് നിറഞ്ഞ് ഒഴുകി