എന്റെയാൾ ~ രചന: ദിവ്യ കശ്യപ്
കാറിലിരുന്നായിരുന്നു എഴുത്ത്… വീട്ടിൽ നിന്നും വെളുപ്പിന് നാട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ആദ്യം ഏട്ടൻ ഒരു ഭക്തി ഗാനം പ്ലേ ചെയ്തു… യാത്ര തുടങ്ങുവല്ലേ ആവട്ടെന്നു ഞാനും കരുതി… വേറെ കുറുമ്പോന്നും കാട്ടാതെ നല്ലൂട്ടിയായി അതിൽ ലയിച്ചിരുന്നു… ഒരര മണിക്കൂർ കഴിഞ്ഞപ്പോൾ തുടങ്ങി നമുക്കൊരു മിരുമിരുപ്പ്… ബെർതെ ഇരിക്കണ സമയം കയ്യിൽ മൊബൈൽ ഇല്ലെങ്കിൽ ഒരു വല്ലാത്ത ശോകമാണ്…
ബാക്ക്‌സീറ്റിൽ ആയിരുന്നെങ്കിൽ ബാലുവേട്ടന്റെ കണ്ണ് വെട്ടിച്ചു അല്പം ഫോൺ നോക്കാരുന്നു… ഇതിപ്പോ ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഇടക്കിടക്ക് പാളി നോക്കുന്ന ആ ഉണ്ടക്കണ്ണുകൾ വെട്ടിക്കുന്നതെങ്ങനെ…ഞാൻ തലപുകച്ചു… പുക വന്നതല്ലാതെ ഒന്നും മിന്നിയില്ല….
ഒരു മണിക്കൂർ കടിച്ചുപിടിച്ചിരുന്നു… പിന്നെ രണ്ടും കല്പിച്ചു ഫോണെടുത്തു… കൂട്ടത്തിൽ ഏട്ടനെ നോക്കി ഒന്ന് ഇളിച്ചും കാണിച്ചു..
ഫോണിൽ തൊടുന്നത് കാണുമ്പോൾ ആൾക്ക് കലിപ്പാണ്… പറഞ്ഞു വരുമ്പോൾ.. എഴുതാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഈ അകൗണ്ട് ഒക്കെ എടുത്തു തന്നത് ആളാണെങ്കിലും അന്നിത് ഇത്ര എടങ്ങേറ് ആകുംന്നു കക്ഷി വിചാരിച്ചിട്ടുണ്ടാവില്ല…
നിക്കാണെങ്കിൽ ഇടക്കിടക്ക് ഇത് നോക്കീല്ലെങ്കിൽ സമാധാനോം ഇല്ല… കമന്റിനു റിപ്ലൈ കൊടുക്കലാണ് ഏറ്റവും ഇഷ്ടമുള്ള ജോലി… മറ്റുള്ളവർക്ക് കമന്റ് കൊടുക്കുന്നതും അവരുടെ റിപ്ലൈ നോക്കുന്നതും അതുക്കും മേലെ… ഇതൊക്കെ കണ്ട് കലിപ്പിച്ചു പണ്ടാരമടങ്ങി നടക്കുന്ന എന്റെയാളെ കാണുമ്പോൾ ചെറിയ പേടി ഉണ്ടെങ്കിലും എനിക്ക് ചിരി പൊട്ടും…
പറഞ്ഞ് വന്നത് എന്റെയാളുടെ ഫോൺ വിരോധം… ഞാനുപയോഗിക്കുന്നതിലെ വിരോധമുള്ളൂ……വേറെ ആര് ഉപയോഗിച്ചാലും കുഴപ്പൊന്നും ഇല്ലാട്ടോ…”ഒരെഴുത്തുകാരി വന്നേക്കുന്നു… ന്നു വെച്ചാൽ കെ. ആർ മീരയല്ലേ… “ആളുടെ സ്ഥിരം ഡയലോഗ്.. ഒപ്പം ഒരു ലോഡ് പുച്ഛവും…
നിക്കാണെങ്കിൽ നമ്മളിതെത്ര കണ്ടതാ എന്ന സ്ഥായീഭാവവും…
ഇപ്പൊ കാറിലിരുന്നു ഫോണെടുത്തപ്പോഴും നോക്കി രൂക്ഷമായിട്ട്… ഞാൻ തിരിച്ചും… 😆
ഞങ്ങൾ തമ്മിൽ അങ്ങനെ വഴക്കൊന്നുമില്ല.. വഴക്ക് ഫോണുപയോഗത്തിന് മാത്രം… ആൾ അധികം ഉപയോഗിക്കാറില്ല… വൈകിട്ട് ഒരേഴു മണി മുതൽ ഒൻപതു മണി വരെ.. അത്രേയുള്ളൂ… ഈ സമയം കൊണ്ട് fb, watsapp, insta, youtube ഒക്കെ ഒന്ന് കയറിയിറങ്ങി ഇങ്ങ് പോരും…
അത് പറഞ്ഞപ്പോഴാണ് ഈയിടെ ഞങ്ങൾ തമ്മിൽ ഉണ്ടായ ഒരു വഴക്ക് ഓർമ വന്നത്… സന്ധ്യ ആയാൽ ഞങ്ങളുടെ വീടിന്റെ അടുത്ത് bsnl നെറ്റ് കിട്ടാൻ വല്യ പാടാണ്… airtel കണക്ഷനുമായി രാജാവായി ഇരിക്കുന്ന എന്നെ കാണുമ്പോൾ ഞാൻ ഫോൺ നോക്കുന്നതിന്റെ കലിപ്പിന് പുറമെ വേറെ ചില കലിപ്പുകളും കൂടി ഇരച്ചു വരും എന്റെയാൾക്ക് …
ചെറിയ അലമ്പ് തുടങ്ങുമ്പോഴേ ഞാൻ ചോദിക്കും “അല്പം വൈഫൈ hotspot തരട്ടുമാ എന്ന്.. “
അപ്പൊ ഒരു ചെറിയ ചിരി വിരിയും ആൾടെ മുഖത്ത്… “ന്നാ ഇത്തിരി പോരട്ടെ എനിക്കും.. ന്റെ കാശൂട്ടനും… “പിന്നെ അച്ഛയും മോനും കൂടി എത്ര മണിക്കൂർ വേണെങ്കിലും കിടന്നു ഏതെങ്കിലുമൊക്കെ വീഡിയോസ് കണ്ടോളും…
എനിക്ക് സ്വസ്ഥമായിരുന്നു കമന്റ് നോക്കുവോ… ലൈക്ക് നോക്കുവോ… റിപ്ലൈ കൊടുക്കുവോ എന്താന്നു വെച്ചാൽ ആവാം….. “”””ആഹ് പൊളി … ഒറ്റത്തടി.. പരമസുഖം… ബഹുകേമം… അതിലോലം… ന്താ ഒരു രസം.. “”””
ഈയിടെ അടുത്ത് താമസിക്കുന്ന എന്റെ ഏട്ടത്തിയോട് ഞാനിതിനെ പറ്റി പറഞ്ഞു..പറഞ്ഞത് മേമ്പൊടിക്ക് അല്പം നർമം ചേർത്താണ്…
“കൊച്ചു കുഞ്ഞുങ്ങൾക്ക് പാൽകുപ്പിയും കൊടുത്ത് ഉറക്കാനായി മാറ്റി കിടത്തുന്ന പോലെ ഇച്ചിരി വൈഫൈ ഹോട്ട്സ്പോട്ടും കൊടുത്ത് ആ ദിവാൻ കോട്ടിലേക്ക് ബാലുവേട്ടനെ കിടത്തിയാൽ പിന്നെ എനിക്കൊരു ശല്യോമില്ല ഏട്ടത്തിന്നു…..””കൂട്ടത്തിൽ ഒരു ആക്കിച്ചിരിയും പാസാക്കി….. 😜
രണ്ടീസം കഴിഞ്ഞപ്പോൾ എന്റെയാൾക്കൊരു മിണ്ടാട്ടം… കാര്യം ന്താന്ന് നിക്കൊരു പിടീം കിട്ടീല്ല… അല്ലെങ്കിലും ആൾ മിണ്ടാതെ നടക്കുമ്പോൾ പലപ്പോഴും എനിക്ക് കാര്യം മനസിലാവാറില്ല… ഇക്കുറിയും പുറകെ നടന്നും കാല് പിടിച്ചുമൊക്കെ മിണ്ടാട്ടത്തിന് കാര്യം തിരക്കി…
അപ്പൊ പറയുവാ… “എന്നാലും നീ ഏട്ടത്തിയോട് എനിക്ക് വൈഫൈ ഹോട്ട്സ്പോട്ടും തന്നു കിടത്തിയാൽ മതീന്ന് പറഞ്ഞില്ലെന്നു…. “🤣🤣
…………….ദേ ആളുടെ നോട്ടത്തിന് വശപിശക് തുടങ്ങീരിക്കുന്നു… കാറിലിരുന്നാ എഴുത്ത്… ഞാൻ ഫോൺ ഓഫ് ചെയ്യുവാണേ…. എന്റെയാളുടെ വേറെ ചില കുറുമ്പുകളുമായി പിന്നെയൊരിക്കൽ വരാം….