ഒരു അടചുറപ്പും ഇല്ലാതെ സാരി കൊണ്ട് മറിച്ചിട്ട ഒരു ടെൻഡിൽ താമസിക്കുന്ന പെൺകുട്ടി ആയിരിക്കും അവൾ…

തണൽ ~ രചന: റിൻസി പ്രിൻസ്

നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ കണ്ണോടിച്ചപ്പോഴാണ് ഒരു ചെമ്പൻമുടികാരി പെൺകുട്ടി ഒരു സെൽഫി സ്റ്റിക്ക് ആയി മരിയയുടെ കാറിന്റെ ഗ്ലാസിൽ കൊട്ടിയത്…….

“നൂറു രൂപയേ ഉള്ളൂ ചേച്ചി ഒരെണ്ണം വാങ്ങുമോ……

അവളുടെ മുഖത്തേക്ക് നോക്കി വേണ്ടെന്ന് പറയാൻ തോന്നിയില്ല…..

” വാങ്ങാം

ഒരു കച്ചവടം നടന്ന സന്തോഷത്തിൽ അവൾ നടന്നു അകന്നു….

“ഈ കൂട്ടങ്ങളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല മേഡം…..

ഡ്രൈവറുടെ മറുപടി…..

അല്ലെങ്കിലും ഇവരെ ആളുകൾ എന്നും പുച്ഛത്തോടെ അല്ലേ നോക്കിയിട്ടുള്ളു…..അത്‌ അവരുടെ സാഹചര്യം കൊണ്ടാണ്……അവർക്കും ആത്മാഭിമാനം ഉണ്ടെന്ന് ആരും ഓർക്കാറില്ല….

വീണ്ടും മരിയയുടെ കണ്ണുകളിൽ ഉടക്കി നിന്നത് അവളുടെ മുഖം ആണ്. നാടോടി പെൺകുട്ടി ആണ്….ഏകദേശം ഒരു അഞ്ചാറു വയസ്സ് പ്രായം വരും അവൾക്ക്……അവളുടെ മെലിഞ്ഞ ശരീരം വിളിച്ചോതുന്നുണ്ട് അവൾ അനുഭവിക്കുന്ന വേദനകളെയും തിക്ത അനുഭവങ്ങളും പറ്റി……പ്രസരിപ്പോടെ സന്തോഷത്തോടെ കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ ആണ് സ്വന്തം ആയി തൊഴിൽ കണ്ടെത്തി അന്നത്തിനു വേണ്ടി നടക്കുന്നത്……ഒരുവേള മരിയയുടെ ഹൃദയത്തിൽ ഒരു വേദന പടർന്നു………

ഒരു അടചുറപ്പും ഇല്ലാതെ സാരി കൊണ്ട് മറിച്ചിട്ട ഒരു ടെൻഡിൽ താമസിക്കുന്ന പെൺകുട്ടി ആയിരിക്കും അവൾ. അല്ലെങ്കിൽ രാവേറെ കഴിയുമ്പോൾ ഏതേലും കടത്തിണ്ണയിൽ അഭയം പ്രാപിക്കും….തെരുവിലലയുന്ന പാവങ്ങൾക്ക് ചോദിക്കാനും പറയാനും ആരുണ്ട്………? സാമൂഹിക വിരുദ്ധർക്ക് ആവിശ്യം ഉള്ള ഒരു മാംസക്കഷണം…….അത് കുഞ്ഞാണെങ്കിൽ എന്ത് വൃദ്ധ ആണെങ്കിൽ എന്ത്…….അവൾ സ്ത്രീ ആയാൽ മതി……….അവർക്ക് അവൾ ഒരു ഭോഗവസ്തു……..അതിനപ്പുറം മറ്റൊന്നും ആരും ചിന്തിക്കില്ല……….രാത്രിയുടെ മറവിൽ ആണല്ലോ മാന്യന്മാർ ഇര തേടാൻ വരുന്നത്……..ചിലപ്പോൾ ബോധം കെടുത്തി കാറിൽ കയറ്റി കൊണ്ടുപോകും……ആവിശ്യം കഴിഞ്ഞു റെയിൽവേ ട്രാക്കിലോ കായലിലോ തള്ളും……ആര് ചോദിക്കാൻ……? ഇനി ഒരു രണ്ടു വർഷം കൂടി ചിലപ്പോൾ അവൾ സുരക്ഷിത ആയിരിക്കും……..പക്ഷേ പിന്നീട് അവളുടെ മെലിഞ്ഞുണങ്ങിയ ശരീരം കുറച്ചുകൂടി വളരും…….അതിന് നേരെ കഴുകൻ കണ്ണുകൾ പാഞ്ഞടുക്കും……..

പിന്നെ ഈ തെരുവിൽ അവളും ഒരു സ്ത്രീയാണ്…….നാളെ ഒരു കൈക്കുഞ്ഞിനെയും കൊണ്ട് വീണ്ടും താൻ അവളെ കണ്ടേക്കാം…….ഒരുപക്ഷേ അപ്പോൾ അവൾക്ക് പ്രായം പതിനഞ്ചോ പതിനറോ ആകാം…….എങ്കിലും അവളുടെ കുഞ്ഞിൻറെ അച്ഛൻറെ പേര് പോലും അവൾക്ക് ഒരു പക്ഷേ അറിയാൻ സാധ്യത ഉണ്ടാവില്ല…….അഥവാ രൂപം പോലും……വിശന്നു തളർന്നു കിടന്നു ഉറങ്ങുന്ന രാത്രിയിൽ ഏതെങ്കിലും ഒരു സാമൂഹിക വിരുദ്ധന്റെ ആക്രമണത്തിനിരയായി അവൾക്ക് ലഭിച്ച സമ്മാനമായി മാറും ആ കുഞ്ഞ്…അല്ലെങ്കിൽ വിശപ്പിൻറെ വില അധികരിച്ചപ്പോൾ ആരെങ്കിലും ആഹാരം നൽകാം എന്ന് പറഞ്ഞു അവൾക്ക് മുന്നിൽവന്നപ്പോൾ അവർക്ക് വഴങ്ങി കൊടുത്തിരിന്നത് ആയിരിക്കാം……..പ്രതീക്ഷ ഇല്ലാത്ത ഒരു ഭാവിക്കുവേണ്ടി ജീവിക്കുന്നവൾ…….ഇന്നുകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരുവൾ…..ഇന്നത്തെ പട്ടിണിയും വിശപ്പും മാത്രമാണ് അവളുടെ അന്താരാഷ്ട്ര പ്രശ്നം……അതിനപ്പുറം ഒന്നും അവളെ അലട്ടുന്നില്ല……

ഒരുവേള ഹൃദയത്തിൽ ഒരു നോവ് പടാരുന്നുണ്ടായിരുന്നു പെട്ടെന്ന് ഡ്രൈവറോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു…..

” എന്താ മാഡം……

അയാൾ വിനയത്തോടെ ചോദിച്ചു…..

” ഞാൻ ഇപ്പോൾ വരാം പെട്ടെന്ന് തന്നെ റോഡ് ക്രോസ് ചെയ്തു കോട്ടൻസാരി ഉയർത്തിപ്പിടിച്ച് അപ്പുറത്തേക്ക് നടന്നു……

അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു……

തന്നെ കണ്ടതും കയ്യിലിരുന്ന സെൽഫി സ്റ്റിക്ക് ആയി അവൾ അരികിലേക്ക് വന്നു….

” എന്താ ചേച്ചി…..ഇനിയും വേണോ…..?

പ്രതീക്ഷയോടെ അവൾ ചോദിച്ചു….

” മോൾക്ക് അച്ഛനും അമ്മയും ഒക്കെ ഉണ്ടോ……?

അതായിരുന്നു ആദ്യം തികട്ടി വന്ന ചോദ്യം…….

“ഇല്ല……അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു…..ഒപ്പം തന്റെ മിഴികളും……

” അമ്മ മരിച്ചിട്ട് മൂന്നുദിവസമായി…….

” എന്തു പറ്റിയതായിരുന്നു……

” അമ്മയെ വണ്ടി ഇടിച്ചത് ആണ്……

അത് പറയുമ്പോഴും അവളുടെ കണ്ണുകൾക്ക് വല്ലാത്ത വിഷാദം തോന്നിയിരുന്നു……അച്ഛൻ ആരാണെന്ന് ഒരു പക്ഷേ അവൾക്ക് അറിയില്ലായിരിക്കും……

” അപ്പോൾ മോൾ എവിടെയാ താമസം……

” ഇവിടെ കുറെ ആളുകൾ ഉണ്ട് ഞങ്ങളുടെ നാട്ടിൽ ഉള്ളത്…..അങ്ങ് താഴെ കോളനിയുടെ അവിടെ……

തൻറെ ഊഹം തെറ്റിയില്ല അവൾ ഒരു നാടോടി പെൺകുട്ടി തന്നെയാണ്………

പക്ഷേ മലയാളം നന്നായി സംസാരിക്കുന്നുണ്ട് ഒരുപക്ഷേ അവളുടെ ചെറുപ്പകാലത്തെ അവളുടെ അമ്മ ഈ നാട്ടിലേക്ക് ചേക്കേറിയത് ആയിരുന്നിരിക്കാം…….

“മോള് ചേച്ചിയുടെ കൂടെ വരുന്നോ…….? സുരക്ഷിതമായ ഒരു സ്ഥലത്ത് ആക്കാം……അവിടെ എന്നും മോൾക്ക് ഭക്ഷണം കിട്ടും……ഇങ്ങനെ വെയിൽ കൊണ്ട് ഒന്നും നടക്കണ്ട………നല്ല വിദ്യാഭ്യാസം കിട്ടും……

” ഭക്ഷണം കിട്ടും എങ്കിൽ ഞാൻ വരാം…..

സന്തോഷത്തോടെ അവളത് പറഞ്ഞപ്പോൾ അത്രയും നാൾ അവൾ അനുഭവിച്ച പട്ടിണിയുടെ ആഴം മനസ്സിലാക്കുകയായിരുന്നു താൻ……….അവളെയും കൂട്ടി കാറിലേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവറുടെ മുഖമൊന്നു ചുളുങ്ങിയിരുന്നു……എങ്കിലും അത് കാര്യമാക്കാതെ കാറിലേക്ക് കയറി……

“എവിടേക്കാണ് മാഡം…..

അയാൾ ചോദിച്ചു……

“തണൽ……

അത് പറഞ്ഞപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായിരുന്നു……

വണ്ടി ചവിട്ടിയത് ശാന്തസുന്ദരമായ ഒരു സ്ഥലത്തേക്ക് ആയിരുന്നു……അവിടെ പച്ചപ്പുനിറഞ്ഞ ഒരു അന്തരീക്ഷം ആണ്….. പൂത്തു നിൽക്കുന്ന ബോഗൻ വില്ലയ്ക്ക് ഒപ്പം തടിയിൽ വെള്ളി നിറത്തിൽ അലേഖനം ചെയ്ത പേര് ” തണൽ”

ശരിക്കും ഇത് ഒരു തണലാണ്……പല പക്ഷികൾക്കും ചേക്കേറാനുള്ള ഒരു തണൽ…….ഒരിക്കൽ താനും ഇതുപോലെ ഒരു തെരുവിൽ വലിച്ചെറിയപ്പെട്ട ബാല്യമായിരുന്നു……..അവിടെനിന്നും തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത് ബെന്നി അചനായിരുന്നു…….13 വയസ്സ് തികഞ്ഞ ഉടനെ ഏതോ ഒരുത്തൻ ഉറങ്ങിക്കിടന്ന തന്റെ ശരീരത്തിൽ ബലംപ്രയോഗിച്ചപ്പോൾ ഞെട്ടി ഉണർന്നു സർവ്വ ശക്തിയും എടുത്തു ഓടി …….ഓടി ചെന്ന് നിന്നത് ഇവിടെയായിരുന്നു…തൻറെ കരച്ചിൽ കേട്ട് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ആണ് അചനെ പോയി വിളിച്ചു കൊണ്ടു വന്നത്……..

അവിടുന്ന് ഈ തണൽ തനിക്ക് ഒരു തണലായിരുന്നു…….അക്ഷരം പോലും വായിക്കാനറിയാത്ത തനിക്ക് അവർ മികച്ച വിദ്യാഭ്യാസം നൽകി…..ഒരുപക്ഷെ തനിക്ക് മുന്നിൽ കനിവ് കാണിക്കാൻ ഈ തണൽ ഇല്ലാരുന്നു എങ്കിൽ താനും തെരുവിന്റെ ഏതേലും മൂലയിൽ ഒതുങ്ങി പോയേനെ………ഇപ്പോൾ ഈ ജില്ലയുടെ അസിസ്റ്റൻറ് കളക്ടർ എന്ന പദവിയിലേക്ക് താൻ ഉയരാൻ കാരണമായതും ഈ ഒരു തണൽ കാരണമാണ്……തന്നെക്കാൾ മികച്ച മാണിക്യങ്ങൾ ആ കുപ്പയിൽ ഉണ്ട്…….അവരിൽ ചിലരെ എങ്കിലും കണ്ടെത്താൻ തനിക്ക് കഴിഞ്ഞാൽ തന്റെ ഏറ്റവും വലിയ ഭാഗ്യം അതായിരിക്കും….

ഈ തണൽ അവൾക്കും ഒരു തണൽ ആവട്ടെ……നാളത്തെ ഒരു മികച്ച വ്യക്തിത്വമായി അവളും ഉയരട്ടെ…..ഒരുപക്ഷേ അവൾക്കും ഭാവിയിൽ പലതും ചെയ്യാൻ ഉണ്ടാകും തന്നെപ്പോലെ……തന്നെക്കാൾ……ഇനിയും ഉണ്ടാകും പലരും കഴിവുള്ളവർ തേരിവിന്റെ ഓരോ മുക്കിലും…….എല്ലാരേയും രക്ഷിക്കാൻ കഴിയില്ല എങ്കിലും കണ്മുന്നിൽ കണ്ടവരെ എങ്കിലും തനിക്ക് രക്ഷിക്കാൻ സാധിക്കുന്നല്ലോ …..

അവളും ഉയരങ്ങളുടെ പടികൾ കയറട്ടെ……