രചന: രോഹിണി ശിവ
ഇന്ന് തനിക്ക് അനുകൂലമായി വിധി വന്നു…. ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം ഇട്ടു കൊണ്ട് ഡിവോഴ്സ് പേപ്പർ കൈ പറ്റി….. വീണ്ടും ഒരു ബാച്ചിലർ ലൈഫ്…..
” കല്യാണം കഴിഞ്ഞ് വർഷം തികയുമ്പോൾ തന്നെ ഡിവോഴ്സ്…. അതും ഈ ചെറുപ്രായത്തിൽ…. എന്തൊരു കഷ്ടമായി പോയി ” നാട്ടുകാരുടെ കുത്തുവാക്കുകൾ ശക്തമായി തുടങ്ങിയപ്പോൾ ഒന്നും ആലോചിച്ചില്ല… തല്ക്കാലം ഒരു ബ്രേക്ക് എടുക്കാമെന്ന് കരുതി…. അതുപക്ഷെ ജീവിതം പാതിവഴിയിൽ നിന്ന് പോയത് കൊണ്ടല്ല… പകരം ഇതൊന്നും കൊണ്ട് താൻ എവിടെയും തോൽക്കില്ലയെന്ന് സ്വയം വിലയിരുത്തുവാൻ മാത്രം…. ഇന്ന് ഞാൻ അവളെ അവസാനമായി കണ്ടു … കോടതി വളപ്പിൽ വെച്ച്….. ഇനി ഒരിക്കലും കാണരുതേയെന്നു പ്രാർത്ഥിച്ചു പോയി….. ജീവിതത്തിലെ മനോഹരമായ മുഹൂർത്തം ചീഞ്ഞളിഞ്ഞ അവസ്ഥയിൽ … ഒരുപക്ഷെ അവളുടെ മനസ്സ് ഒന്ന് മാറിയിരുന്നെങ്കിൽ എന്ന് താൻ ചിന്തിച്ചിരുന്നുവോ …. ചിന്തിച്ചിട്ടുണ്ടാവും….. ഒരിക്കൽ തന്റെ ഭാര്യ ആയിരുന്നില്ലേ….. എന്നാലും അത് പുറത്ത് കാണിച്ചില്ല…. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നകന്നു…..
ഓർമ്മകൾ പിന്നോട്ട് ഇഴഞ്ഞു ….. ഞങ്ങളുടെ കല്യണ ദിവസത്തിലേക്ക് ….
ആദ്യരാത്രി അതും ഭാര്യയുടെ വീട്ടിൽ…. ഹോ അന്ന് അത് തനിക് ആലോചിക്കാൻ പോലും വയ്യ…… പറഞ്ഞിട്ട് എന്താ കാര്യം ……. കല്യാണവും കഴിഞ്ഞു അവളുടെ വീട്ടിൽ എത്തുകയും ചെയ്തു… സാദാരണ ആദ്യരാത്രി എന്നാലോചിക്കുമ്പോൾ പെൺകുട്ടികൾക്കാണ് ഒരു പേടിയും വെപ്രാളങ്ങളും…. ഇതിപ്പോൾ ഫാൻ ഇട്ടിട്ട് കൂടി വിയർക്കുന്നു…. ഹൃദയം പട പടന്ന് ഇടിക്കുന്ന പോലെ…….
ഏറ്റവും വിഷമം വെല്യമ്മയെ പറ്റി ആലോച്ചിട്ടായിരുന്നു….. പാവം…… തന്റെ കല്യാണം കഴിഞ്ഞതിൽ ഏറ്റവും സന്തോഷിച്ചതും പെൺകുട്ടിയെ കൂട്ടി താൻ തന്റെ വീട്ടിലേക്ക് വരുന്നതും ഒരുപാട് സ്വപ്നം കണ്ടു കാത്തിരുന്നതും വല്യമ്മ ആണ്… . അച്ഛനും അമ്മയും നേരത്തെ പോയതിന് ശേഷം സ്വന്തം മകനെ പോലെ തന്നെ നോക്കി വളർത്തിയത് വല്യമ്മയും വലിയച്ഛനും ആണ്….. അതുകൊണ്ട് തനിക്കൊരു ജോലി കിട്ടാൻ നോക്കി ഇരിക്കുകയായിരുന്നു അവർ…. ഒരു വിവാഹം കഴിപ്പിക്കാൻ….. താനൊരു കുടുംബമായി ജീവിക്കുന്നത് കാണാൻ തന്നെക്കാൾ ആഗ്രഹിച്ചത് അവർ ആവാം ചിലപ്പോൾ….. 25 വയസ്സിൽ ഒരു വിവാഹം താൻ ചിന്തിച്ചിട്ടുകൂടി ഉണ്ടാവില്ല…. പക്ഷെ അവരുടെ വാക്കുകളെ എതിർക്കാൻ ആയില്ല….. ചെറുപ്പത്തിലേ ഒറ്റപ്പെടൽ അനുഭവിച്ച താൻ ഒരു കുടുംബമായി സന്തോഷത്തോടെ കഴിയണമെന്ന് അവർ ആഗ്രഹിച്ചു കാണും…. അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും അവർ വാരി കോരി തന്നിരുന്നെങ്കിലും സ്വന്തം കുടുംബം എന്നെ കൂടുതൽ സന്തോഷിപ്പിക്കും എന്നവർ കരുതിയതിൽ അതിശയം ഇല്ല…. ഒറ്റപ്പെടലിന്റെ വേദന ആവുവോളം അറിഞ്ഞു കഴിഞ്ഞു…. ഇനി എങ്കിലും താൻ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന തന്റെ മീരയോടും കൂടെ സുഖമായി ജീവിക്കണം ….. അതൊക്കെ ആലോചിച്ചപ്പോൾ കണ്ണ് നിറഞ്ഞപോലെ…. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച കല്യാണം… പെണ്ണിനെ ശരിക്ക് ഒന്ന് പരിചയപെട്ടു കൂടിയില്ല…. അതിനുള്ള സാഹചര്യം ഒത്തതുമില്ല…. കല്യാണം കഴിഞ്ഞ് വൈകിട്ട് തന്നെ പെണ്ണിന്റെ വീട്ടിലേക്ക് വരണമെന്നും ആദ്യരാത്രി ഇവിടെ വേണമെന്നും മീരയുടെ വീട്ടുകാർ പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല…. ചിലപ്പോൾ ആ വലിയ വീട്ടിൽ താനും അവളും ഒറ്റക്ക് ആവരുതേയെന്ന് അവർ കരുതി കാണും…. തനിക്ക് സഹായത്തിന് തൊട്ടപ്പുറത് വല്യമ്മ മാത്രമല്ലേ ഒള്ളു…..
രാത്രി ഏറെ ആവാറായി… മീര എത്തിയില്ല… പുറത്ത് ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം… ബന്ധുക്കൾ ആവും…. എല്ലാവരെയും അഭിമുഖിക്കുവാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടന്നുള്ളത് ശരിയാണ്…. എന്തോ…. ആകെ ഒരു അശ്വസ്ഥത…..
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് നോക്കിയത്…. സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി കൈയിൽ പാൽ ഗ്ലാസുംമായി എന്റെ മീര……
” ശ്യാം….. ഇയാൾ എന്താ ഇങ്ങനെ നോക്കുന്നത്…. ” മീരയുടെ ചോദ്യം കേട്ടാണ് താൻ ശരിക്കും ഞെട്ടിയത്…. പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു ഏതോ ഒരു വേഷവും ധരിച്ചു കൂസലില്ലാതെ അവൾ കടന്ന് വന്നു ……
” ഇയാൾ ഇതുവരെ കിടന്നില്ലായിരുന്നോ…. ഞാൻ കരുതി ഇപ്പോൾ ഉറങ്ങി കാണുമെന്ന്……. “
” ഇല്ല …. ഞാൻ……… ” വാക്കുകൾ മുഴുവിക്കാൻ തോന്നിയില്ല …. പ്രതീക്ഷകൾ തകിടം മറിഞ്ഞ വിഷമത്തിൽ ഞാൻ അവളെ ഇറ്റു നോക്കി…..
” ശ്യാം കിടന്നോളു….. എനിക്ക് നല്ല ഉറക്കം വരുന്നു … ആ ലൈറ്റ് കിടക്കട്ടെ. . “
ഒന്ന് സംസാരിക്കാൻ പോലും നിൽക്കാതെ അവൾ കട്ടിലിലേക്ക് ചാഞ്ഞു ….
” രാവിലെ തന്നെ നമുക്ക് പുറപ്പെടണം മീര … “
“എങ്ങോട്ട്……??? “
” എന്റെ വീട്ടിലേക്ക് അവർ എല്ലാരും നമ്മളെ കാത്തിരിക്കുകയാവും…. “
” നോക്ക് ശ്യാം …. രാവിലെ തന്നെ ഒന്നും പോകണ്ട കാര്യം ഇല്ല…. ഇവിടെ നമുക്ക് കുറച്ച് വിരുന്ന് ഒക്കെ ഉണ്ട്… അത് കഴിഞ്ഞ് പോകാം…. “
ആദ്യ ദിവസം തന്നെ മുഷിപ്പിക്കണ്ടായെന്നു കരുതി ….. ഒന്നും മിണ്ടിയില്ല ….കാലത്ത് തന്നെ ബന്ധുവീടുകളിലേക്ക് യാത്ര ആയി… കൂടെ അവളുടെ അമ്മയും അച്ഛനും ചേച്ചിയും ഭർത്താവും അവരുടെ മകനും കൂടി ….. പകലെന്നില്ല രാത്രിയെനില്ലാത്ത യാത്രകൾ എന്റെ മനസ്സിനെ തളർത്തി…. സ്വന്തം ഭാര്യയോട് ഒന്ന് സംസാരിക്കാനോ അടുത്ത് ഇരിക്കാനോ തമാശ പറയാനോ ഒന്നും കഴിയാത്ത അവസ്ഥ….. മനസ്സ് തുറന്ന് ഒന്ന് പരിജയപ്പെടാൻ പോലും കഴിഞ്ഞില്ല .. ഒരാഴ്ച കഴിഞ്ഞു….. സ്വന്തം വീട്ടിലേക്ക് പോകാൻ ഞാൻ നിർബന്ധം പിടിച്ചു…. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അവൾ തയ്യാറായി…. പക്ഷെ പോരുമ്പോൾ അവളുടെ ചേച്ചിയുടെ കുട്ടിയും ഒപ്പം കൂടി….. എന്റെ വീട്ടിലേക്ക് വന്നെങ്കിലും അവളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല…. എന്റെ കാര്യങ്ങൾ നോക്കാനോ ഒരു ഭാര്യയുടെ ചുമതലകൾ ഒന്നും തന്നെ ചെയ്യാൻ അവൾ തയ്യാറായില്ല ……. എവിടെ പോയാലും അവളുടെ പുറകെ ആ കുട്ടിയും….
” ശ്യാം …. ഞാൻ ഒരു കാര്യം പറയട്ടെ … എന്റെ കൈകൾ ചേർത്ത് പിടിച്ചു അവൾ ചോദിച്ചു……
” പറയു മീര… “
” ശ്യാം ഓഫീസിൽ പോയി കഴിഞ്ഞ് എനിക്ക് ഈ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ട് … എന്റെ വീട് ഇവിടെ അടുത്താണല്ലോ…. ശ്യാം പോയി കഴിഞ്ഞു ഞാൻ അങ്ങോട്ട് പോകാം… ശ്യാം വൈകിട്ട് വരുമ്പോൾ എന്നെ വിളിച്ചാൽ മതി….. “
സമ്മതമല്ലെങ്കിലും എതിർത്തു പറയാൻ തോന്നിയില്ല … ആരോരും ഇല്ലാത്ത ആ വീട്ടിൽ അവൾക്ക് ഒറ്റക്കിരിക്കാൻ പ്രയാസമുണ്ടായിരിക്കുമെന്നു ഞാനും കരുതി…. ആദ്യം ആദ്യം വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് എത്തിയിരുന്നെങ്കിലും ക്രമേണേ അതിന് മാറ്റങ്ങൾ സംഭവിച്ചു ….. അവൾക്ക് അവളുടെ വീടിനെയും വീട്ടുകാരെയും വിട്ടു നിൽക്കാൻ കഴിയാത്ത പോലെ ….. എന്റെ കൂടെ ഒന്ന് കിടക്കാൻ പോലും അവളെ കിട്ടാത്ത അവസ്ഥ… പല ദിവസങ്ങളിലും ഉറക്കം അവളുടെ അമ്മയോടൊപ്പം… അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൾ എന്റെ വീട്ടിലേക്ക് വരാൻ തയ്യാറായില്ല…. വിട്ടുവീഴ്‍ചകൾ പലതും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഒന്നിനും ഫലം കണ്ടില്ല…. അവളുടെ വീട്ടുകാരോട് സംസാരിച്ചപ്പോൾഉള്ള പ്രതികരണം തന്റെ പ്രതീക്ഷയെ തകർത്തു….
” നിനക്ക് എന്റെ മകളുടെ കൂടെ താമസിക്കണം എന്നുണ്ടങ്കിൽ നീ ഈ വീട്ടിൽ വന്നു താമസിക്കണം…. അതിന് വേണ്ടി മാത്രം ആണ് ആരോരും ഇല്ലാത്ത ഒരാളെ ഞങ്ങൾ തെരഞ്ഞെടുത്തത്…. ” അവളുടെ അമ്മയുടെ മനോഭാവത്തിൽ നിന്നും അവർക്ക് ആവിശ്യം ഒരു ഭർത്താവ് ഉദ്യോഗസ്ഥനെ മാത്രമാണെന്ന് മനസ്സിലായി …. അവളുടെ വീട്ടിൽ ഒരു അടിമയെ പോലെ താമസിക്കാൻ മനസ്സ് സമ്മതിച്ചില്ല…… ഇറങ്ങി … പക്ഷെ അത് എന്നെന്നേക്കുമായി ഇറങ്ങുകയാണന്ന് ഒരിക്കലും തോന്നിയിരുന്നില്ല…….
ഒരു ഭർത്താവ് ഉദ്യോഗസ്ഥന് ഇത്രയും വില ഉണ്ടന്ന് ഡിവോഴ്സ് പേപ്പർ കൈയിൽ കിട്ടിയപ്പോൾ ആണ് അറിഞ്ഞത്…. ഒത്തുതീർപ്പിനായി ഒരുപാട് അലഞ്ഞു…..അവളുടെ മനസ്സ് മാറിയില്ല…… ഞാൻ അവളുടെ വീട്ടിൽ ജീവിതകാലം മുഴുവൻ താമസിക്കണമെന്നുള്ള ആവിശ്യം എനിക്കും അംഗീകരിക്കാൻ സാധിച്ചില്ല…..
ഒടുവിൽ കോടതിയിൽ തനിക് ഒരിക്കലും ഇതുപോലെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും തനിക് ഇയാളെ ഇഷ്ടമല്ലെന്നും അവൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ എതിർക്കാൻ നിന്നില്ല …. മ്യൂച്ചൽ ആൻഡേർസ്റ്റാൻഡിങ്ങിൽ ഡിവോഴ്സ് അനുവദിച്ചു…..
ഒരച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും തരാൻ കഴിഞ്ഞില്ലെങ്കിലും ഭാര്യയുടെ കടമകൾ പോലും ചെയ്യാൻ വയ്യാത്ത അവളെ മറക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി……
” നീ എങ്ങോട്ടാ ഈ ബാഗ് ഒക്കെ ആയി….??? ” വല്യമ്മയുടെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്……
മറുപടി പറയാതെ പടികൾ ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു…..
” തിരികെ വരും ഓർമകളിൽ നിന്നും മോചിതനായ പുതിയൊരു ശ്യാം ആയി……..””
NB: ഒരു സുഹൃത്തിന്റെ യഥാർത്ഥ ജീവിത കഥ…. ഭർത്താവിനെ സ്വന്തം വീട്ടിൽ പിടിച്ചു നിർത്തുന്ന ഭാര്യമാരെ നാം ഒരുപാട് കണ്ടിട്ടുണ്ട്….. അവരുടെ അഭിമാനത്തിന് എന്തേലും വില കല്പിക്കുന്നുണ്ടങ്കിൽ അത് ചെയ്യാതിരിക്കുക…. എത്ര കഷ്ടപ്പാട് ഉണ്ടന്ന് പറഞ്ഞാലും ഭർത്താവിന്റെ വീട് ആവണം നമ്മുടെ സ്വർഗം…….