രചന: രോഹിണി ശിവ
ഇന്ന് രാത്രി അവളുടെ വീട്ടിലേക്ക് പോകണമോ……???
ഉത്തരം കിട്ടാത്ത മനസ്സുമായി ഹരി തന്റെ കട്ടിലിലേക്ക് ചാഞ്ഞു….. സമയം 9 മണി പോലും ആയിട്ടില്ല….. ഇന്ന് എന്തോ സമയം ഇഴയുന്ന പോലെ….. പതിവിലും നേരത്തെ ആഹാരം കഴിച്ചപ്പോൾ തന്നെ അമ്മ ഇടം കണ്ണിട്ട് നോക്കുന്നത് താൻ കണ്ടിരുന്നു…. ഒന്നും അറിഞ്ഞില്ലന്നന്നുള്ള മട്ടിൽ കഴിച്ചു എഴുനേറ്റു…… എന്നാലും മനസ്സിൽ ഒരു ഉൽക്കണ്ഠ……
ഇന്ന് പോകണമോ……… !!
ഇല്ല തനിക് പോകാതിരിക്കാൻ കഴിയില്ല…. അവളുടെ മനസ്സ് അറിയാൻ ചോദിച്ചപ്പോൾ മറുപടി തരാതെ അവൾ മൗനം പാലിച്ചു…. മൗനം സമ്മതം എന്നാണല്ലോ…..!
അവൾ എന്നെ തെറ്റുധരിച്ചു കാണുമോ….. ഞാൻ ഒരു മോശപ്പെട്ട ആളാണെന്ന് കരുതുമോ…?? അറിയില്ല…..തന്നെ പറ്റി ആര് എന്ത് വിചാരിച്ചാലും അവൾ വിചാരിക്കാൻ പാടില്ല….. അത് തനിക്ക് സഹിക്കില്ല…
എന്നാൽ തന്റെ മനസ്സിൽ അരുതാത്തതായി ഒന്നുമില്ലെന്ന് അയാൾ ഉറപ്പിച്ചു….സ്വകാര്യമായി അവളെ ഒന്ന് കാണണം…. തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയണം…. താൻ അവളെ ജീവനുതുല്യം സ്നേഹിക്കുന്നുവെന്ന് അവളെ മനസ്സിലാക്കിപ്പിക്കണം….. മനസ്സിൽ ഒരായിരം സംശയങ്ങളുമായി അയാൾ വീണ്ടും ചിന്തകളിൽ മുഴുകി ……..അവളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു മഴ നനഞ്ഞ സുഖം…..
തുളസിക്കതിർ നൈർമല്യം ഉള്ള എന്റെ മീര….. ആദ്യമായി അവളെ കണ്ടത് ഒരു മാസം മുന്നേ ആണ്…. വളരെ അപ്രതീക്ഷിതമായി…. ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോയ രൂപം…. അപ്സരസ്സ് എന്ന് കേട്ടിട്ടേ ഒള്ളു…. അന്ന് നേരിട്ട് കണ്ടു…. വെളുത്തു മെലിഞ്ഞു ആനക്കൊമ്പിൽ തീർത്ത ശില്പം പോലെ….കുളിർ പിന്നൽ കെട്ടിയിട്ട മുടിയിൽ തുളിസി കതിർ ചൂടിയിരിക്കുന്നു…അഴക് കൂട്ടാൻ കുപ്പി വളകളും ജിമിക്കിയും ആ വലിയ മൂക്കുത്തിയും…..മനോഹമായ ചിരിയും അച്ചടക്കത്തോടെയുള്ള പെരുമാറ്റവും…. കണ്ടമാത്ര തന്നെ മനസ്സിൽ തറച്ചു പോയി ആ രൂപം….
എങ്ങനെയും സ്വന്തമാക്കാനുള്ള ആഗ്രഹം അന്നേ മനസ്സിൽ മൊട്ടിട്ടു….
ആവശ്യത്തിലേറെ പണവും സൗന്ദര്യവും സ്ത്രികളെ എന്നല്ല പുരുഷന്മാരെ പോലും സംസാരിച്ചു വീഴ്ത്താൻ കഴിവുള്ള തനിക്ക് ഇതൊക്ക എത്രയോ നിസ്സാരം….. ഇതിന് മുൻപും താൻ എത്രയോ പേരേ വീഴ്ത്തിരിക്കുന്നു… എത്ര പേർ തന്റെ ജീവിതത്തിൽ വന്നു പോയി… പക്ഷെ പണ്ടാരോ പറഞ്ഞത് പോലെ വളഞ്ഞു കഴിഞ്ഞാൽ ആ ത്രിൽ അങ്ങ് നഷ്ടപ്പെടും….. ആരൊക്കെ വന്നു പോയിട്ടും തന്റെ വെർജിനിറ്റി ആരുടെയും മുന്നിൽ പണയം വെച്ചില്ല…. അത് എന്റെ ഭാര്യക്ക് മാത്രം സ്വന്തം…… പിന്നെ തന്റെ കൈയിലെ കാശും റോയൽ സ്റ്റാറ്റസും കണ്ടു മയങ്ങുന്ന അവളുമാർക്ക് അതൊന്നും ഒരു വിഷയം അല്ലാത്തത് കൊണ്ട് തനിക്ക് എവിടെയും തോൽക്കണ്ടി വന്നിട്ടില്ല… ആരോടും ഉത്തരവും നൽകേണ്ട….
എന്നാൽ തന്റെ മീര …… ഒരിക്കലും അടുക്കുവാനാവാത്ത തീക്കനൽ പോലെ അവൾ എന്റെ മുന്നിൽ ജ്വലിച്ചു നിന്നു ……
എത്ര ശ്രമിച്ചിട്ടും അവൾ തന്റെ മുന്നിൽ അടിയറവ് പറഞ്ഞില്ല…. ആരെയും വീഴ്ത്താമെന്ന തന്റെ അഹങ്കാരത്തിനു അവൾ തടയിട്ടു…. തന്റെ സ്റ്റാറ്റസും സൗന്ദര്യമൊന്നും അവളെ വിലക്ക് വാങ്ങാൻ മാത്രം വിലമതിക്കുന്നതല്ലന്ന് ഓരോ ദിവസവും അവൾ തെളിയിച്ചു …. തന്റെ ചെറിയ ചെറിയ സമ്മാനങ്ങളോ ആഡംബര ഹോട്ടലിൽ നിന്നുള്ള ഡിന്നറിനുള്ള ക്ഷണമൊന്നും തന്നെ അവൾ സ്വീകരിച്ചില്ല……. ഒന്ന് കണ്ട് സ്വകാര്യമായി സംസാരിക്കാൻ പോലും അവൾ നിന്ന് തന്നില്ല ….
” ഞാൻ ഒരു പാവമാണ് സർ…. വീട്ടിൽ അമ്മയും മൂന്ന് സഹോദരിമാരും മാത്രമേ ഒള്ളു …. സർ ഇങ്ങനെ പുറകെ നടക്കുന്നത് ആരേലും അറിഞ്ഞാൽ പിന്നെ ……. ” നിർബന്ധിച്ചു പിടിച്ചു നിർത്തിയ ആ ദിവസം വാക്കുകൾ മുഴുവിപ്പിക്കാൻ നിൽക്കാതെ അവൾ ഓടി……
അതോടെ ഇനി അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്ന് താൻ ഉറപ്പിച്ചു …. ഇത്രയും നാളും കണ്ട സ്ത്രികളിൽ നിന്നും എന്തോ ഒരു വെത്യസം അവളിൽ കാണുന്ന പോലെ ….. കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ തന്റേതു മാത്രം ആക്കാൻ അയാൾ മനസ്സിൽ ഉറപ്പിച്ചു ….. എത്രയോ പേരേ താൻ സ്നേഹിച്ചിരുന്നു…. സമയം പോക്ക് മാത്രമായി ….. എന്നാൽ മീരയെ താൻ ആത്മാർഥമായി സ്നേഹിക്കുന്നു….. ഇനി ആരും തന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ അനുവദിക്കാത്ത വിധം ആ സ്നേഹം തന്റെ മനസ്സിൽ വളർന്നു കഴിഞ്ഞു … തന്റെ വീട്ടിൽ പറഞ്ഞു എല്ലാവരെയും കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത് ഈ രാത്രിയിൽ തന്നെ അവളെ അറിയിക്കാൻ താൻ കൊതിക്കുന്നത് ഒരു തെറ്റാണോ.. ഈ വരുന്ന ഞായറാഴ്ച തന്നെ അവളെ പോയി കണ്ടു കാര്യങ്ങൾ ഉറപ്പിക്കണം എന്ന നിർബന്ധത്തിന് വീട്ടുകാർ സമ്മതിച്ചന്ന് പറയുമ്പോൾ അവൾക്കുണ്ടാവുന്ന സന്തോഷം നേരിട്ട് കാണാൻ എനിക്ക് അവകാശമില്ലേ .. ആശ്വര്യത്തോടെയുള്ള ആ കണ്ണുകളിലെ പ്രകാശം തനിക്ക് മാത്രം ഉള്ളതല്ലേ…..
ചിന്തകളിലിൽ നിന്നു ഞെട്ടി ഉണർന്നു നോക്കുമ്പോൾ സമയം 11 കഴിഞ്ഞിരുന്നു…..
അയാൾ ചാടി എഴുനേറ്റു….. പോകുവാൻ മനസ്സിനെ തയ്യാറാക്കി……തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷർട്ട് എടുത്ത് ധരിച്ചു …. മുടി ചീകി ഒതുക്കി….. പേഴ്സിൽ നിന്നും പതിനായിരം രൂപ എടുത്ത് പോക്കറ്റിൽ വെച്ചു…. അവൾക്ക് കൊടുക്കുവാൻ…. ഞാറാഴ്ചത്തേക്ക് സാരിയോ ആഭരങ്ങളോ എന്താണന്നു വെച്ചാൽ വാങ്ങിക്കോട്ടെ ….
തന്റെ തുടിക്കുന്ന ഹൃദയം അവളെ തുറന്നു കാട്ടാൻ സ്വകാര്യതയിൽ അവളെ തന്റെ മുന്നിൽ കിട്ടാൻ പോകുകയാണ്…. അയാൾ സന്തോഷം കൊണ്ട് മതി മറന്നു ….
അവൾ പറഞ്ഞത് അനുസരിച്ച് കുറ്റാകൂരിരുട്ടിൽ അവളുടെ വീട് തേടി പിടിച്ചു ചെന്നെത്തി…. രാത്രിയുടെ അരണ്ട യാമങ്ങൾ അയാളെ തളച്ചിട്ടില്ല…. നായ്ക്കൾ ഓരിയിടുന്ന ശബ്‌ദവും ചീവിടിന്റെ നിർത്താതെയുള്ള അലയും അയാൾ കാര്യമാക്കിയില്ല…. വീടിനെ ലക്ഷ്യമാക്കി നടന്നു…. തുറന്നിട്ട പിൻവാതിലിലൂടെ അകത്തേക്ക് കയറി….. എവിടെക്കെയോ തട്ടി തടഞ്ഞു ശബ്ദം ഉണ്ടാക്കാതെ അയാൾ മുന്നോട്ട് നീങ്ങി… ഒടുവിൽ ഇരുട്ടു നിറഞ്ഞ മുറിയിൽ എത്തി ചേർന്നു…. നിലാവിന്റെ നേരിയ വെളിച്ചത്തിൽ അയാൾ കണ്ടു……
തുളസിക്കതിർ നൈർമല്യമുള്ള തന്റെ മീര…. പൂർണ്ണതയിൽ നിൽക്കുന്ന ചന്ദ്രൻ പോലും അവളുടെ മുന്നിൽ ഒന്നുമല്ലെന്ന് അയാൾക്ക് തോന്നി …… കഞ്ഞി പിഴിഞ്ഞ് ഉണക്കിയ കരമുണ്ടും വേഷ്ടിയുമാണ് വേഷം…. കുളിച്ചു തോർത്തിയ മുടിയിൽ സുഗന്ധമേറിയ മുല്ലപ്പൂ ചൂടിയിരുന്നു….. നെറ്റിയിൽ ചുമന്ന പൊട്ടും ചന്ദന കുറിയും…. എന്ത് ഭംഗി….. ആ സൗന്ദര്യത്തിനു മുന്നിൽ തനിക്ക് പറയാനുള്ള സന്തോഷവാർത്ത പറയുവാൻ മറന്ന് പോകുമൊന്നുപോലും അയാൾ പേടിച്ചു…..
തന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കും മുന്നേ അവൾ അയാളിലേക്ക് ചാഞ്ഞു…. അവളുടെ ശ്വാസത്തിൽ അയാളുടെ ഉടൽ ചുട്ടു പൊള്ളി…..മുല്ലപ്പൂവിന്റെ ഗന്ധം സിരകളിൽ മത്ത് പിടിപ്പിക്കുന്ന പോലെ…. ഒന്നും പറയാൻ ആവാതെ അയാൾ മതി മറന്നു……. രക്തം ഊറ്റി കുടിക്കുന്ന യക്ഷിയെ പോലെ അവളിൽ അയാളിലേക്ക് ആഴ്ന്നിറങ്ങി…. കഴുത്തിൽ നെരിഞ്ഞിറങ്ങിയ യക്ഷിയുടെ മുഖം തടയുവാൻ അയാൾക്കും ആയില്ല….
നനുത്ത വെളുപ്പാൻ കാലത്ത് അവൾ തട്ടി വിളിക്കുന്നത് കേട്ട് അയാൾ ഞെട്ടി ഉണർന്നു……
കൈനീട്ടി വില പേശുകയാണ് അവൾ…… ” ദേ സാറേ പതിനായിരം ഒന്നും പോരാട്ടോ….. ഇത് തീരെ കുറഞ്ഞു പോയി .. സാരമില്ല….. ഇനി വരുമ്പോൾ ബാക്കി തന്നാൽ മതി…..
ഞെട്ടൽ മാറാതെ കണ്ണ് തിരുമി അയാൾ ഒന്ന് കൂടി അവളെ സൂക്ഷിച്ചു നോക്കി .
തുളസി കതിർ നൈർമല്യമുള്ള തന്റെ മീര…
‘ഇനി വരില്ലേ സാറേ…. ഒന്ന് നേരത്തെ പറഞ്ഞിട്ട് വേണം കെട്ടോ.. ” ചെറു പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു ….. പേഴ്സിൽ നിന്നും എടുത്ത പൈസ ബ്ലൗസിനുള്ളിൽ തിരുകി വെച്ചുകൊണ്ട് അവൾ തുടരുന്നു…..” വേഗം വിട്ടോ.. ആരേലും അറിഞ്ഞാൽ….”
ഒന്നും മിണ്ടാതെ ഞെട്ടലു പോലും മാറാതെ ഊരിയിട്ടിരുന്ന ഷർട്ടും എടുത്ത് അരണ്ട വെളിച്ചത്തിൽ അയാൾ തപ്പി തടഞ്ഞു വേഗം നടന്നു….. അയാളുടെ ദേഹത്തു പറ്റി പിടിച്ച ചീഞ്ഞളിഞ്ഞ മുല്ലപ്പൂക്കൾ അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാരുന്നു…