ഇമ്മാതിരി ആയിരക്കണക്കിന് ആഗ്രഹങ്ങൾക്കിടയിൽ ഈ ഒരെണ്ണം സാധിച്ചു കൊടുത്തില്ലേല് എന്താണിഷ്ടാ സംഭവിക്കുക?

ഗർഭിണിയും പച്ചമാങ്ങയും ~ രചന: ഷിജു കല്ലുങ്കൻ

അല്ല ചങ്ങായിമാരേ…..ഈ ഭാര്യ ഗർഭിണിയായിട്ടിരിക്കുമ്പോ എന്തേലും ആഗ്രഹങ്ങള് പറഞ്ഞാൽ സാധിച്ചു കൊടുക്കണോന്ന് നിർബന്ധം ഉണ്ടോ…?

പെണ്ണല്ലേ സാധനം..ആഗ്രഹങ്ങൾ ഇല്ലാത്ത സമയം ഉണ്ടോ?

മരിച്ചു മണ്ണിൽക്കിടക്കുമ്പോഴും വേണമെങ്കിൽ എഴുന്നേറ്റു വന്നിട്ട് ‘ചേട്ടാ എന്റെ ചങ്കത്തൊരു റോസാപ്പൂ വയ്ക്കാമോ?’ എന്നു ചോദിച്ചെന്നിരിക്കും…. അല്ലേ?

ഇമ്മാതിരി ആയിരക്കണക്കിന് ആഗ്രഹങ്ങൾക്കിടയിൽ ഈ ഒരെണ്ണം സാധിച്ചു കൊടുത്തില്ലേല് എന്താണിഷ്ടാ സംഭവിക്കുക?

എന്താണേലും സാധിച്ചു കൊടുക്കാത്തോര് ഇതൊരുവട്ടം വായിച്ചോളൂ…..ഇനിയിപ്പോ സാധിച്ചു കൊടുത്തോരാണെങ്കിലും ഭാവിയിൽ സാധിച്ചു കൊടുക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷ്യനിൽ ഇരിക്കുന്നവർ ആണെങ്കിലും വായിക്കാം ട്ടോ…

ഈയുള്ളവൻ പ്രവാസജീവിതം ഒക്കെ മതിയാക്കി നാട്ടിൽ കൂടിയേക്കാം എന്നു തീരുമാനം എടുത്തപ്പോൾ മ്മടെ പൊണ്ടാട്ടിക്ക് ഒരു നിർദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൗണിൽ വേണ്ട, നമുക്ക് അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഒരു നാട്ടിൻപുറം മതി. എനിക്കും അതായിരുന്നു ഇഷ്ടം.

ഈ വീടും ചെറിയ പുരയിടവും വാങ്ങി ഇവിടെ താമസം തുടങ്ങിയിട്ട് കഷ്ടി ഒരാഴ്ച മാത്രം. ടി വി ക്കു മുന്നിൽ പൊരുന്നയിരുന്നു മടുത്തിട്ട് അന്തിക്കോളിന് വീടിനുള്ളിൽ നിന്ന് വെറുതേ ഒന്ന് പുറത്തേക്കിറങ്ങിയതാണ്.

അപ്പോ ദേ വീടിന്റെ മുൻവശത്തെ തൊടിയിൽ നിന്ന് എന്തോ ഒന്ന് താഴേക്കു വീഴുന്ന ശബ്ദം. ഞാൻ ഒന്നു നടുങ്ങി. പറമ്പിൽ മൂന്നുനാലു തെങ്ങുകൾ ഉണ്ട് അതിന്റെ മടല് വല്ലതും ആണ് താഴെ വീഴാൻ സാധ്യതതയുള്ള ഏക സാധനം. പക്ഷേ ഇത് അങ്ങനെയൊരു ശബ്ദമല്ല… ചക്ക വെട്ടിയിടുമ്പോലെ ഒരൊച്ച!

എന്നാൽപ്പിന്നെ ഇതൊന്നു നോക്കീട്ടു തന്നെ കാര്യം.പയ്യെ കയ്യെത്തിച്ചു മുൻവശത്തെ ലൈറ്റ് ഓൺ ചെയ്തു. ഇപ്പൊ ശബ്ദം കേട്ട ഭാഗത്തു നിന്ന് ഒരനക്കം!

ഇരുട്ടും പുതിയ അന്തരീക്ഷവും എല്ലാംകൂടിച്ചേർന്നപ്പോൾ പണ്ടേ ധീരശൂരപരാക്രമിയായ എനിക്ക് ‘നല്ല ധൈര്യം ‘!! നാട്ടിൻ പ്രദേശമാണ്… യക്ഷി, ചാത്തൻ, മറുത…. അങ്ങനെ ഒത്തിരിയോത്തിരി പേരുകൾ മനസ്സിനെ സെക്കന്റുകൾ കൊണ്ട് വൈഫൈ പോലെ ചുറ്റിപ്പൊതിഞ്ഞു. ഒരു മുൻകരുതലെന്നോണം മുറ്റത്തു നിന്ന് ഒറ്റച്ചാട്ടത്തിന് ഞാൻ വരാന്തയിൽ കയറി.

” റെയിനിയേയ്….” ഭാര്യയെ വിളിച്ചപ്പോൾ എന്റെ പരമ്പരാഗത ശബ്ദം തൊണ്ടയിലെ കുഴലിൽ കിടന്ന് ഒന്നു വിറ കൊണ്ടിട്ട് പഴയ ചൈന ഫോണിന്റെ സ്പീക്കറിൽ നിന്നു വരുമ്പോലെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോളിയത്തിൽ വെളിയിലേക്ക് വന്നു.

“പ്രകാശേട്ടാ….. എന്തോ ഒരു ശബ്ദം കേട്ടല്ലോ… പോത്തു കരയുന്ന പോലെ!!!..” കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് അവൾ അടുക്കളയിൽ നിന്ന് ആമ തല നീട്ടും പോലെ തലമാത്രം വെളിയിലേക്കിട്ടു.

“ആഹ്.. അത്.. അവിടെ തൊടിയിൽ എന്തോ ഒന്ന് വീണിട്ടുണ്ട്…..”

“എവിടെ..?…. നോക്കട്ടെ…” മുറിയിൽ ചാർജിങ്ങിന് കുത്തിയിട്ടിരുന്ന ടോർച്ചും ഊരിക്കൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി.

ടോർച്ചു തെളിച്ചു മുന്നേറുന്ന ഏതൊരു സ്ത്രീയുടെ പിന്നിലും ഒരു പുരുഷനുണ്ടാവും എന്ന് പറഞ്ഞതുപോലെ പിന്നാലെ ഞാനും.

നീട്ടിയടിച്ച ടോർച്ചിന്റെ വെട്ടത്തിൽ തൊടിയിലെ മുവാണ്ടൻ മാവിന്റെ ചുവട്ടിൽ ആരോ ഇരിക്കുന്ന പോലെ….. ടോർച്ചു വെട്ടം ദേഹത്തു വീണതും അത് പതിയെ തലയുയർത്തി!

കൊച്ചുന്നാളിൽ കരണ്ടുണ്ടോ എന്നു നോക്കാൻ ബൾബിന്റെ ഹോൾഡറിനുള്ളിൽ കയ്യുടെ ചെറുവിരൽ തള്ളിക്കയറ്റിയപ്പോൾ ഉണ്ടായ അനുഭവം വീണ്ടും……അതേ വിറയൽ ശരീരത്തിൽ ആകമാനം…!!

ഒരു പെണ്ണ്!!!

“പ്രകാശേട്ടാ… കയ്യേന്നു വിട്… അതാരാന്നു നോക്കട്ടെ… ” റെയിനി എന്റെ കൈ കുടഞ്ഞു വിടുവിച്ചു കൊണ്ട് മുന്നോട്ടു നടന്നു. ഞാൻ എപ്പോഴാണോ ഇവളുടെ കയ്യിൽ പിടിച്ചത്..? ബ്രെയിനിന്റെ പെർമിഷൻ ഇല്ലാതെ ചില കാര്യങ്ങൾ ശരീരം ചെയ്യും എന്ന് പറയുന്നത് ശരിയാണ് എന്നെനിക്ക് മനസ്സിലായി.

“പ്രകാശേട്ടാ…. ഇതു മാളുവാ…. ദാ അപ്പുറത്തെ വീട്ടിലെ ഭാഗ്യലക്ഷ്മിച്ചേച്ചിയുടെ മോൾ… “

ഞങ്ങളുടെ രണ്ടുവീട് അപ്പുറത്തെ അയല്പക്കക്കാരാണ് ദിവാകരേട്ടനും ഭാഗ്യലക്ഷ്മിച്ചേച്ചിയും അവരുടെ മോൾ മാളുവും.

“എന്നാ പറ്റി മാളൂ..?”

“വീണതാ ചേച്ചി….”

അവൾക്ക് നടക്കാൻ വയ്യായിരുന്നു. താങ്ങിപ്പിടിച്ചു വരാന്തയിൽ കൊണ്ടിരുത്തിയിട്ട് റെയിനി പറഞ്ഞു.

“പ്രകാശേട്ടാ…. മാളൂന്റെ കാലിന് പൊട്ടലുണ്ടെന്നാ തോന്നുന്നേ…. ദിവാകരേട്ടനെ ഒന്നു വിളിക്ക്.”

രണ്ടു മിനിറ്റു കൊണ്ട് മ്മള് ദിവാകരേട്ടന്റെ വീട്ടിൽ ഹാജർ!

“ദിവാകരേട്ടാ….. ഒന്നിങ്ങട് ഇറങ്ങി വരുവോ..?”

“എന്താണ് പ്രകാശാ ഈ മൂവന്തി നേരത്ത്…?”

എന്റെ ഉച്ചത്തിലുള്ള ചോദ്യത്തിനു ഉത്തരമായി ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് ദിവാകരേട്ടൻ വരാന്തയിലേക്ക് ഇറങ്ങിവരുന്നതിനിടയിൽ ഭാര്യക്ക് ഒരു നിർദ്ദേശം കൂടി കൊടുത്തു.

“ഭാഗ്യം….. മുൻവശത്തെ ലൈറ്റ് ഒന്നിട്ടേയ്… “

” പറയ് പ്രകാശാ….. എന്താണ് കാര്യം?”

” അതേയ്…. ങ്ങടെ മോള് മാളു ഒന്നു വീണു… കാലിന്റെ അസ്ഥിക്ക് ലേശം പൊട്ടാലോണ്ടോന്ന് ഒരു സംശയം… “

“അയ്യോ.. എന്നാപറ്റിയെന്റെ കൊച്ചിന്…..? “

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ ദിവാകരേട്ടന്റെ പിന്നിൽ നിന്ന് ഭാഗ്യലക്ഷ്മിച്ചേച്ചിയുടെ കരച്ചിൽ ഉയർന്നു.

ചോദ്യത്തിനൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങിയ അവർ മൂട്ടിൽ തീ കൊളുത്തിയ റോക്കറ്റ് പോലെ ഒറ്റച്ചാട്ടത്തിന് മുറ്റത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് തൊടിയിലേക്ക് ഓടി. പോകുന്ന പോക്കിൽ സഡൻ ബ്രേക്കിട്ടെങ്കിലും ന്യൂട്ടന്റെ ചലന നിയമ പ്രകാരം മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുവൻ ആവശ്യമുള്ളത്ര ബലം കിട്ടാതെ, മൊത്തത്തിൽ ഒന്ന് ആടിയുലഞ്ഞ്, അടുത്തു നിന്നിരുന്ന ചെറിയ കമുകിൽ കൈകൾ കോർത്തു കൊണ്ട് ഒന്നു വട്ടം കറങ്ങി എന്റെ നേരെ തിരിഞ്ഞു നിന്നു.

“എവിടെയാ അവള്..?”

ഇത്തവണ അവരുടെ ശബ്ദത്തിന് മുമ്പുള്ളത്ര ബാസ്സും ടെറിബിളും ഒന്നുമുണ്ടായിരുന്നില്ല.

“ദാ ഞങ്ങടെ മുറ്റത്ത്…. ” ഞാൻ വീട്ടിലേക്കു വിരൽ ചൂണ്ടി.

തെറ്റാലിയുടെ റബ്ബർ വലിക്കുംപോലെ അധികം വളർച്ചയെത്താത്ത തൈ കമുകിലേക്ക് വലതുകൈ ചേർത്തു വലിച്ച് അതിൽ നിന്നും കിട്ടിയ ഗതിഗോർജം ഉപയോഗിച്ച് തൊടുത്തു വിട്ട കല്ലു പോലെ ഇത്തവണ അവർ ലക്ഷ്യം തെറ്റാതെ എന്റെ വീടിനു നേരെ പാഞ്ഞു.

പോകുന്ന പോക്കിൽ മുഴക്കിയ ‘ദിവാകരാ ‘ എന്ന അലർച്ചയിൽ സ്ഥലകാലബോധം നഷ്ടപ്പെട്ടു നിന്നിരുന്ന ദിവാകരേട്ടനും ഞെട്ടിയുണർന്ന് അവർക്കു പിന്നാലെ വച്ചു പിടിച്ചു.

രണ്ടാൾക്കും പിന്നാലെ ഓടാൻ ആരുമില്ല എന്ന് ചുറ്റും നോക്കി ഉറപ്പു വരുത്തിയിട്ട് ഞാനും പിന്നാലെ വിട്ടു.

ചെന്നപാടെ വരാന്തയിൽ ഇരുന്ന മാളുവിനെ വലിച്ചു പൊക്കിയെടുത്ത് ഒന്നു വട്ടം ചുറ്റിച്ചു നോക്കിയിട്ട് നിലത്തേക്ക് അതേ പടിയെ കുത്തിയിരുത്തിക്കൊണ്ട് സ്വന്തം നെഞ്ചിനിട്ട് മോശമല്ലാത്ത ഒരു ഇടി ഇടിച്ചു ഭാഗ്യലക്ഷ്മിച്ചേച്ചി.

ഇടിയുടെ ശക്തി ഉദ്ദേശിച്ചതിനേക്കാൾ അല്പം കൂടിപ്പോയതുകൊണ്ട് പെട്ടെന്ന് പുറത്തേക്കു വരാൻ മടിച്ച ശബ്ദത്തെ ഒരു ചുമ കൊണ്ടു വെളിയിലേക്ക് വലിച്ചിട്ടു കൊണ്ട് അർത്ഥരാത്രി പാണ്ടിച്ചെണ്ട കൊട്ടുന്ന പോലെ ഒരു കരച്ചിൽ..അതിന് അകമ്പടിയായി നല്ല കിടിലൻ ഒരു ചോദ്യവും.

“അയ്യോ….. ന്നാലും നീയെന്നതാടാ പ്രകാശാ എന്റെ പെങ്കൊച്ചിനെ ചെയ്തേ….?”

ദിവാകരേട്ടനു പിന്നാലെ സാമാന്യം നല്ല വേഗതയിൽ ഓടി വന്ന് മുറ്റത്തു പുതുതായി വിരിച്ച തരിമണലിനു മുകളിലിൽ ഒരു ലാൻഡിംഗിനു കഠിനപ്രയത്നം ചെയ്തുകൊണ്ടിരുന്ന ഞാൻ, ഇറക്കം ഇറങ്ങി വരുന്ന കെ എസ് ആർ ടി സി അതിന്റെ മൊട്ട ടയറിലെ അവസാനത്തെ കട്ടയിൽ സഡൻ ബ്രേക്കിടും പോലെ ഒരു ചവിട്ടു ചവിട്ടി.

പക്ഷേ, എന്റെ പകുതി തേഞ്ഞ പാരഗൺ ചെരുപ്പും മണൽത്തരികളും തമ്മിലുള്ള ഘർഷണത്തിന്റെ സന്തുലിതാവസ്ഥ താളംതെറ്റുകയാൽ, ശരീരത്തിൽ കാലിനെക്കാൾ കൂടുതൽ വിസ്താരമുള്ള ച ന്തികൾ മണൽത്തരികൾക്ക് സമർപ്പിച്ചു കൊണ്ട് ഞാൻ ഇരിക്കക്കുത്താലെ മലർന്നടിച്ചു വീണു.

എടുത്തു കുത്തി നിലത്തിരുത്തിയിരുന്ന മാളൂ പോലും എഴുന്നേറ്റു നിന്നു പൊട്ടിച്ചിരിച്ചു. ഭാഗ്യലക്ഷ്മിച്ചേച്ചിമാത്രം ചിരിക്കണോ അതോ നെഞ്ചത്ത് ഒന്നു കൂടി ഇടിക്കണോ എന്നാലോചിച്ചു നിൽക്കുമ്പോഴേക്കും മാളൂ പറഞ്ഞു.

” അമ്മേ ഞാൻ വീണതാ….. ദാ ആ മാവിൽ നിന്ന്…. ” അവൾ തൊടിയിൽ പകുതി ഇരുളിൽ മറഞ്ഞു നിൽക്കുന്ന മുവാണ്ടൻ മാവിലേക്ക് കൈ ചൂണ്ടി.

പണ്ട് പട്ടാളത്തിലേക്ക് റിക്രൂട്മെന്റിനു പോയിട്ട് നെഞ്ചളവു നോക്കാൻ വേണ്ടി മുഴുവൻ ശ്വാസവും ഉള്ളിലേക്കെടുത്തു നെഞ്ച് പരമാവധി വിജ്രംഭിപ്പിച്ചു നിന്ന പോലെ താഴെ വീണിട്ടും ശ്വാസം വിടാൻ പോലും പേടിച്ച്, ഇരുന്ന പടിയെ ഇരുന്ന ഞാൻ മാളുവിന്റെ വാക്കുകൾ കേട്ടതെ കാറ്റുപോയ ബലൂൺ പോലെ പൂർവ്വസ്ഥിതിയിൽ ആയി.

പ്രകാശൻ 34 വയസ്സ്….. ആക്രാന്തം മൂത്തു കിടന്ന പ്രവാസി…. മാളൂ 14 വയസ്സ്…. പീഡനം….. ഹെന്റമ്മോ… ‘നീയെന്നതാടാ പ്രകാശാ എന്റെ പെങ്കൊച്ചിനെ ചെയ്തേ….?’ എന്ന ഒറ്റച്ചോദ്യം ഉണ്ടാക്കിയേക്കാമായിരുന്ന പുകിലുകൾ…

എന്നാലും ഒരു മിനിറ്റു കൊണ്ട് എന്നെ രണ്ടര മണിക്കൂറിന്റെ സിനിമ മൊത്തം കാണിച്ച ഭാഗ്യലക്ഷ്മിച്ചേച്ചീ……..ഞാൻ പല്ലിറുമ്മിക്കൊണ്ട് അവരെ നോക്കി.

സംഗതി കൈവിട്ടു പോയേക്കുമെന്ന് തോന്നിയിട്ടാവണം ദിവാകരേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

“അതേ പ്രകാശാ…. നീ കാറ് ഒന്നിറക്ക് ഇവളെ ആശുപത്രി വരെ കൊണ്ടു പോണം..”

“ശരിയാ…. കാലിനു പൊട്ടലുണ്ടെന്നു തോന്നുന്നു…. ഞാൻ കീ എടുത്തിട്ടു വരാം….” റെയിനിയും അവരോചിതമായി ഒരു അയല്പക്ക കലഹം ഒഴിവാക്കാൻ ഇടപെട്ടു.

ഹോസ്പിറ്റലിൽ മാളുവിനെ അകത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ഡോക്ടറുടെ റൂമിനു വെളിയിലുള്ള കസേരയിൽ ഇരുന്ന എന്റെ അടുത്തേക്ക് ദിവാകരേട്ടൻ വന്നിരുന്നു. അപ്പോഴാണ് അത്രയും നേരം എന്റെ മനസ്സിൽ തങ്ങി നിന്നിരുന്ന ന്യായമായ ഒരു സംശയം മറനീക്കി പുറത്തു വന്നത്.

” അല്ല ദിവാകരേട്ടാ…. ഈ തുലാ മാസത്തിൽ മാവേൽ എന്നാ ഇരുന്നിട്ടാ മാളു മാവിന്റെ മണ്ടേൽ വലിഞ്ഞു കയറിയത്…? “

ദിവാകരേട്ടന്റെ മുഖം മാറി.

പ്രകാശാ…. നീയീ ചോദ്യം മാത്രം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു…. “

ഈശ്വരാ…..!!

വീണ്ടും പുലിവാല് പിടിച്ചോ…? വീണു എന്ന് വീട്ടിൽച്ചെന്നു പറഞ്ഞപ്പോൾ പീ ഡനം ആക്കിയ തള്ള….. മാങ്ങ ഇല്ലാത്ത ഈ സമയത്ത് മാവിൽ കയറിയത് എന്തിനാണ് എന്ന എന്റെ ചോദ്യത്തിന് തന്ത ഇനി ഏതറ്റം വരെ പോകും എന്നാലോചിച്ചുകൊണ്ട് പുറത്തേക്ക് ഓടാനുള്ള വഴി ഞാൻ കണ്ടു വച്ചു.

“പണ്ട് ഇതേ ചോദ്യം എന്റെ അച്ഛൻ എന്നോട് ചോദിച്ചതാ…… അന്ന് ഒരു നിമിഷം ആലോചിച്ചതിന്റെയാടാ പ്രകാശാ ഇന്ന് ഞാനീ അനുഭവിക്കുന്നതു മുഴുവൻ…..”

അങ്ങേരു പറഞ്ഞതിൽ ഒരക്ഷരം പോലും മനസ്സിലാകാതെ പത്തിനെട്ടു കപ്പയുടെ ഇല തിന്ന ആട് നോക്കും പോലെ കണ്ണുകൾ കറക്കിക്കൊണ്ട് ഞാൻ അങ്ങേരെത്തന്നെ നോക്കി.

ഭാഗ്യം മാളൂനെ ഗർഭിണിയായിരിക്കണ സമയം. ഇതു പോലൊരു തുലാ മാസക്കാലം. ഒരു ദിവസം അവൾക്ക് വല്ലാത്തൊരു പൂതി, പച്ചമാങ്ങ തിന്നണം. ഗർഭിണിയുടെ കൊതിയല്ലിയോ, പോരാത്തതിന് രണ്ടു പച്ച മാങ്ങ….. ദേ ഇപ്പൊ കൊണ്ടത്തരാം എന്നും പറഞ്ഞു കൈലിയും മടക്കിക്കുത്തി ഞാൻ ചാടിയെറങ്ങി.

വരാന്തയിലെ ചാരു കസേരയിൽ ഒടിഞ്ഞു മടങ്ങി ആകാശത്തേക്ക് നോക്കിക്കിടന്ന എന്റച്ഛൻ കേശവൻ, ദേ ഇപ്പൊ നീ ചോദിച്ച ചോദ്യം എന്റെ മൊകത്തു നോക്കി ഒറ്റ ചോദ്യമായിരുന്നു.

‘അല്ല ദിവാകരാ…. ഈ തുലാ മാസക്കാലത്ത് നെനക്ക് പച്ച മാങ്ങ എവിടെക്കിട്ടാനാ..?’ എന്ന്.

‘ഹല്ല…. ഇപ്പറഞ്ഞ പോലെ അതും ശരിയാണല്ലോ ‘ എന്നും പറഞ്ഞ് മടക്കിക്കുത്തിയ കൈലി താഴ്ത്തിയിട്ട് ഞാൻ കയറു കട്ടിലിൽ ചുരുണ്ടു കൂടി… “

“എന്നിട്ട്….? “

എനിക്ക് ആകാംഷ അടക്കാനായില്ല.

” എന്നിട്ടിപ്പോ എന്താ…. ” അയാൾ പറയാൻ തുടങ്ങിയത് പൂർത്തിയാക്കും മുൻപേ ഡോക്ടറുടെ മുറിയുടെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്കു വന്നു.

” എന്റെ കൊച്ചിന് എങ്ങനെയുണ്ട് സാലി സിസ്റ്ററേ…..? ” ഭാഗ്യലക്ഷ്മിച്ചേച്ചി ഓടിയെത്തി.

” കാലിന്റെ എല്ലിന് ഒരു പൊട്ടലുണ്ടോ എന്നു സംശയം…. എക്സ്റേ എടുക്കണം….” പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് അവർ ദിവാകരേട്ടന്റെ അടുത്തേക്ക് വന്നു.

“അല്ല ദിവാകരേട്ടാ….. ഈ കൊച്ച് ഇതെന്നാ ഭാവിച്ചോണ്ടാ…. ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാ ഈ മാവേൽക്കേറി വീഴുന്നത്..?”

“എന്നാ ചെയ്യാനാ…. ആ പെണ്ണു കണ്ണു തെറ്റിയാൽ മാവേൽ വലിഞ്ഞു കേറും…. വായിൽ വച്ചു വല്ലോം തിന്നാൻ തൊടങ്ങിയപ്പോ തൊടങ്ങിയതാ മാങ്ങയോടുള്ള ഈ ഒടുക്കത്തെ ആക്രാന്തം…!!” ഭാഗ്യലക്ഷ്മിച്ചേച്ചി മൂക്കു പിഴിഞ്ഞു.

“മാങ്ങയേൽ വല്ല കൈവെഷോം കിട്ടീതാരിക്കും.” ചിരിച്ചു കൊണ്ട് നേഴ്സ് അകത്തേക്ക് പോയി.

“കൈവെഷം ഒന്നുമല്ലെന്റെ പ്രകാശാ…..എനിക്കറിയാം…അന്ന് ഇവളു ഗർഭിണിയായിരുന്നപ്പോ തിന്നാൻ പറ്റാതെ പോയ പച്ചമാങ്ങയുടെ ആക്രാന്തമാ എന്റെ കൊച്ചിന്….. അതീ ജീവിതകാലം മാറൂല്ല…” ഞാൻ ദിവാകരേട്ടനെ ദയനീയമായി നോക്കി.

“അത്…… ദിവാകരേട്ടാ…. ഇവിടെ അടുത്ത് എവിടേലും പോട്ടിക്കറി കിട്ടണ തട്ടുകട വല്ലതും ഉണ്ടോ…?”

അസമയത്ത് അവസരോചിതമല്ലാത്ത എന്റെ ചോദ്യം ദിവാകരേട്ടന് അത്രയ്ക്കങ്ങു ദഹിച്ചില്ല.

“നീ കുറച്ചു നേരത്തേക്ക് ഒന്നടങ്ങു പ്രകാശാ…… കൊച്ചിന്റെ കാര്യം കഴിയട്ടെ, ഞാനും വരാം…. നിനക്ക് ഗർഭിണി പെണ്ണുങ്ങളേക്കാൾ ആക്രാന്തമാണല്ലോ…അവിടിരി….” അയാൾ എന്റെ തോളത്തു പിടിച്ചു.

“ഹേയ്….. എനിക്ക് പോണം…” ഞാൻ പതിയെ ആ കൈ എടുത്തു മാറ്റി.

“എന്താ പ്രകാശാ…. എന്തു പറ്റി പെട്ടെന്ന്….?”

“എന്റെ ഭാര്യ റെയിനി ഗർഭിണിയാ…..”

അതിന്…?

” രണ്ടു ദിവസമായി അവൾ പോട്ടിക്കറി വേണം, പോത്തിന്റെ പോട്ടി ഒലത്തിയത് വേണം എന്ന് പറയാൻ തുടങ്ങിയിട്ട്….. ഞാൻ നാണക്കേട് വിചാരിച്ചു മേടിക്കാതെ ഇരിക്കുവാരുന്നു..!!!”

“ഈശ്വരാ…!! മാളു മാവേലെ കേറിയൊള്ളൂ…. പ്രകാശാ…. നിന്റെ കൊച്ച്…..? “

“ദിവാകരേട്ടാ…..”

“ഞങ്ങള് ഓട്ടോ വിളിച്ചോ, നടന്നോ എങ്ങനെ വേണമെങ്കിലും വന്നോളാം….. നീയ്യ് ഒരു മിനിറ്റ് പോലും കളയാതെ വിട്ടോ വണ്ടി….”

ഒറ്റയോട്ടത്തിന് പുറത്തെത്തി കാർ സ്റ്റാർട്ട്‌ ചെയ്ത എനിക്ക്, ദാ ഇപ്പൊ ഒരേയൊരോർമ്മയേയുള്ളൂ…..

ഈശ്വരാ… കവലയിലെ തട്ടുകടയിൽ പോട്ടിക്കറി ഉണ്ടായിരിക്കണേ….!!!