ബസിലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടക്കവേ ഇന്നലത്തെ രാത്രി, ആ ഓർമ പോലും ഓരോ രോമകൂപങ്ങളെയും ഉണർത്തുന്നു..

രചന: സുമയ്യ ബീഗം TA

ദേവ് പ്രണയമെന്നാൽ ഇതുപോലെ നുരഞ്ഞു പൊന്തി മത്തുപിടിപ്പിച്ചു ഉന്മാദത്തിൽ ആറാടിച്ചു തളർത്തണം.

അവന്റെ കവിളിലെ പച്ചകലർന്ന കറുപ്പ് കുറ്റിരോമങ്ങളിലൂടെ വിരലോടിച്ചു അധരങ്ങളിൽ മൃദുവായൊന്നു കടിച്ചു അവൾ മന്ത്രിച്ചു.

അവളുടെ വാക്കുകളിലെ ലഹരിയിൽ അവനിലെ ആണത്തം പുളകം കൊള്ളുമ്പോൾ ഒരു രാവ് കൂടി കൊഴിഞ്ഞു.

രാവിലെ, നിലക്കണ്ണാടിയുടെ മുമ്പിൽ അഴിച്ചുവെച്ച താലിമാല മാറിൽ ചാർത്തി ധൃതിയിൽ റൂമിൽ നിന്നിറങ്ങവേ മകളുടെ സ്കൂളിലെ പേരെന്റ്സ് മീറ്റിംഗിന് താമസിക്കുമോ എന്നൊരു ആശങ്ക. ഇപ്പോൾ പുറപ്പെട്ടാൽ നാലുമണിക്കൂറിനുള്ളിൽ സ്കൂളിലെത്താം. 10മണിക്കാണ് മീറ്റിംഗ്.

പലതവണ ചിലച്ച ഫോൺ ശല്യമായപ്പോൾ എടുക്കാതെ നിവർത്തിയില്ല എന്നത് കൊണ്ടു മാത്രം അറ്റൻഡ് ചെയ്തു.

ഹലോ മാളു, നീ ഇറങ്ങിയോ ?

രവിയേട്ട., ഞാൻ ബസിലാണ് ഉടൻ എത്തും മോളുടെ സ്കൂളിൽ.

എങ്ങനുണ്ട് ആശക്കു കുറവുണ്ടോ ?

അത്, അത് കുറവുണ്ട് ഏട്ടാ.

വേറെ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഫോൺ ഓഫാക്കി. ഇനിയും വിളിക്കാതിരിക്കാൻ സ്വിച്ച് ഓഫും.

ഓ, ഈശ്വര! ഇങ്ങേരു കൊണ്ടു തോറ്റു. ചുമ്മാ വിളിച്ചോളും ഒരു ദിവസം പതിനായിരം വട്ടം.

ബസിലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടക്കവേ ഇന്നലത്തെ രാത്രി, ആ ഓർമ പോലും ഓരോ രോമകൂപങ്ങളെയും ഉണർത്തുന്നു. ആ നിർവൃതി ഇപ്പോളും ശരീരത്തിലും മനസിലും.

രവിയേട്ടൻ എന്ന കഷണ്ടിക്കാരന്റെ തണുത്ത രാത്രികളെ ചൂടുപിടിപ്പിക്കാൻ ദേവിന്റെ ഓർമ മാത്രം മതി. ആ കൈകൾ എന്നെ തൊടുമ്പോൾ അനുഭവിക്കുന്നത് ദേവിന്റെ സ്പര്ശമാണ്.

കൃത്യസമയത്തു തന്നെ മീറ്റിംഗിന് എത്തി ടീച്ചേർസ് മകളെ പറ്റി നല്ലത് മാത്രം പറയുമ്പോൾ മറ്റു അമ്മമാർക്കിടയിൽ ഞാൻ താരമായി. അടുത്ത സ്കൂൾ ടോപ്പർ എന്റെ മകൾ.

പ്രോഗ്രാം കഴിഞ്ഞു ഇറങ്ങിയപ്പോൾ ഉച്ചയായി ഇന്നിനി ജോലിക്കു പോകാനുള്ള മൂഡ് ഇല്ല എന്ന് മാത്രമല്ല മനസ്സ് സുഖകരമായൊരു ആലസ്യത്തിൽ. അതിൽ നിന്നും മോചിതയാകാൻ തോന്നുന്നുമില്ല.

വീട്ടിലെത്തി ഷവറിനു ചോട്ടിൽ നിൽകുമ്പോൾ പിന്നെയും പിന്നെയും ദേവ്. അപ്പോഴാണ് ഓർത്തത്‌ ഫോൺ ഓഫ്‌ ആണല്ലോന്ന്. കുളികഴിഞ്ഞു ഫോൺ on ആക്കിയപ്പോൾ ആദ്യം വന്നത് രവിയേട്ടന്റെ കാൾ.

മാളു, എന്ത് പറ്റി നിന്റെ ഫോൺ ഓഫ്‌ ആരുന്നല്ലോ ?മീറ്റിംഗ് ആയതു കൊണ്ടാണോ ?എന്ത് പറഞ്ഞു ടീച്ചേർസ് ?ഇന്നൊരു ഷോപ്പിംഗ് ഉണ്ടായിരുന്നു നിനക്കും മോൾക്കും ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട്.

ഒറ്റ ശ്വാസത്തിലുള്ള അയാളുടെ ചോദ്യങ്ങൾക്കു ഒറ്റ വാക്കിലും മൂളലുകളിലും മറുപടി ഒതുക്കി.

മാളു ഞാൻ വീഡിയോ കാൾ ചെയ്യാം നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു.

കോ പ്പ് ഈ കിളവന്റെ അവിഞ്ഞ മോന്ത കാണാത്ത കുറവേ ഉള്ളൂ. എന്ന് മനസ്സിൽ കരുതി ബാറ്ററി ചാർജ് ഇല്ല എന്ന് പറഞ്ഞു കട്ട്‌ ചെയ്തു. ഓരോ മാരണങ്ങളെ !

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാനായി ഒരുങ്ങി ഇറങ്ങവേ അപരിചിത നമ്പറിൽ നിന്നും ഒരു കാൾ.

ഹലോ മാളവിക രവികുമാർ അല്ലേ. മാഡത്തിന്റെ ടെസ്റ്റ് റിസൾട്ട്‌ വന്നിട്ടുണ്ട് നാളെ ഗൈനക് ഒ പി യിൽ 11മണിക്ക് വരണം. പേര് ബുക്ക്‌ ചെയ്തിട്ടുണ്ട്.ഓക്കേ എന്ന് പറഞ്ഞു ഫോൺ വെക്കുമ്പോളാണ് അങ്ങനൊരു ടെസ്റ്റിന്റെ കാര്യം പോലും ഓർമയിൽ വരുന്നത്.

കുറച്ചു നാളായി ഇടതു ബ്രെ സ്റ്റിൽ നിന്നും ഇടയ്ക്കു വരുന്ന ഡിസ്ചാർജ് അതിനെ തുടർന്നുള്ള പരിശോധനകളുടെ റിസൾട്ട്‌ അതാണ് വന്നിരിക്കുന്നത്.

ദേവ് എന്ന അനുഭൂതിയിൽ മറന്നതൊക്കെ നെഞ്ചിൽ ഒരു കത്തലായി. ഇനി എന്തെങ്കിലും പ്രോബ്ലം റിസൾട്ടിൽ ഉണ്ടാവുമോ ?ഇടതു കയ്യുടെ വേദനയും പുകച്ചിലുമൊക്കെ ഇടക്കുണ്ടെങ്കിലും മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നിലവിൽ ഇല്ല. എങ്കിലും ഒരു ആന്തൽ.

പറഞ്ഞ സമയത്തു ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായി സ്വന്തം അമ്മയും അച്ഛനും കടന്നുവരുന്നു. എന്താ ഇവിടെ എന്ന ചോദ്യത്തിന് ആശാലത വരാൻ പറഞ്ഞു മോളെ എന്ന് പറഞ്ഞപ്പോഴേക്കും നേഴ്സ് എന്റെ ടോക്കൺ നമ്പർ വിളിച്ചു.

അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവന്റെ മകനാണ് ആശാലത എന്ന ഈ ഡോക്ടറുടെ ഭർത്താവ്.

ഡോക്ടർ അമ്മയോടും അച്ഛനോടുമുള്ള കുശലാന്വേഷണത്തിനു ശേഷം മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടന്നു. മാളവികയുടെ ഭർത്താവ് ഇവിടെ ഇല്ലാത്തതു കൊണ്ടാണ് നിങ്ങളോടും കൂടി വരാൻ പറഞ്ഞത്. മാളവിക, ടെസ്റ്റ്‌ റിസൾട്ട്‌ പറയുന്നത് ആ ഡിസ്ചാർജ് ഒരു അസുഖത്തിന്റെ തുടക്കം ആണെന്നാണ്. ആദ്യം നമുക്ക് കേടുവന്ന ഓർഗൻ റിമൂവ് ചെയ്യണം then റേഡിയേഷൻ അസുഖം സ്‌പ്രെഡ് ചെയ്യാതിരിക്കാൻ.

ഡോക്ടർ പറഞ്ഞതൊക്കെ കേട്ടിരുന്നതും അധികം താമസിയാതെ ഓപ്പറേഷൻ നടത്തിയതും റേഡിയേഷൻ തുടങ്ങിയതുമൊക്ക വലിയ ഇടവേളകൾ ഇല്ലാതെ നടന്നു.

അസുഖവിവരം അറിയുമ്പോൾ എല്ലാം ഇട്ടെറിഞ്ഞു രവിയേട്ടൻ ഓടിവരുമെന്നു കരുതി എങ്കിലും സത്യത്തിൽ എനിക്കൊരു കാൾ പോലും അദ്ദേഹത്തിൻറെ വന്നില്ല. നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്നു ആശ്വസിപ്പിച്ചു അമ്മ.

എങ്കിലും മുടങ്ങാതെ അച്ഛനെ വിളിച്ചു കാര്യങ്ങൾ തിരക്കുകയും പൈസ അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

റേഡിയേഷൻ കാരണം ഇടതൂർന്ന മുടിയെല്ലാം കൊഴിഞ്ഞു നിറവും ഓജസും മങ്ങി ഒരു പെണ്ണെന്ന പൂർണത പോലും മുറിച്ചു മാറ്റപ്പെട്ടപ്പോൾ ദേവ് എന്ന കാമുകനെ ഓർക്കാനേ മിനക്കെട്ടില്ല.

ഒരു സന്ധ്യയിൽ മരുന്നു തളർത്തിയ ശരീരവും മുറിവേറ്റ മനസുമായി ജനലിൽ കൂടി ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോൾ രവിയേട്ടൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ കൊതിച്ചു ആദ്യമായി. ഒരു തവണ ആ സ്വരം കേക്കാനും ആ മുഖം ഒരു നോക്കു കാണാനും മനസ്സ് വെമ്പുന്നു.

പെട്ടന്നാണ് മോൾ റൂമിലേക്ക്‌ കയറി വന്നത്. പെട്ടന്നുണ്ടായ ആഘാതങ്ങളിൽ അവൾ പതറി പബ്ലിക് എക്സാം ഒക്കെ ഒരു വഴിക്കാകും എന്നോർത്തു എങ്കിലും സംയമനത്തോടെ എല്ലാം അവൾ തരണം ചെയ്തു ഒരു വേള പോലും അവൾ എനിക്കു മുമ്പിൽ കരഞ്ഞില്ല. സഹതാപത്തോടെ നോക്കിയില്ല.

അല്ലെങ്കിലും അവൾ പ്രായത്തിൽ കവിഞ്ഞ പക്വത എന്നും കാണിച്ചിരുന്നു.

തൊട്ടടുത്ത കസേരയിൽ വന്നിരുന്നു ഉറച്ച ശബ്ദത്തിൽ അവൾ മാളവിക എന്ന് വിളിച്ചു തുടർന്നു.. ഞാൻ നല്ല രീതിയിൽ പ്ലസ് ടു പാസ്സാവുകയും അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറാവാൻ എൻട്രൻസ് കോച്ചിങ്ങിനു പോകാനും തീരുമാനിച്ചു. നാളെ ജോയിൻ ചെയ്യാൻ കോച്ചിങ് സെന്ററിൽ നിന്നും വിളിച്ചു. ഹോസ്റ്റലിൽ ആണ് താമസിക്കുക പോകുന്നതിനു മുമ്പ് നിങ്ങളോട് ഒരു കാര്യം പറയാൻ വന്നതാണ്.

ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. എന്റെ അച്ഛനെ വഞ്ചിച്ച നിങ്ങൾ എന്നെ എന്റെ ഉള്ളിൽ മരിച്ചു അതുകൊണ്ട് മരണാന്തര കർമങ്ങൾ ചെയ്യാനും ഞാൻ തയ്യാറാവില്ല.

ഈ ഒരു ദിവസത്തിന് വേണ്ടിയാണു ഞാൻ കാത്തിരുന്നത്. അന്ന് ആഷാന്റി ഹോസ്പിറ്റലിൽ എന്നുപറഞ്ഞു നിങ്ങൾ കൂട്ടുപോയ ദിവസം രാവിലെ നിങ്ങളുടെ ഫോൺ എന്റെ കയ്യിൽ കിട്ടിയിരുന്നു. നോട്സ് തയ്യാറാക്കാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ വന്ന ചാറ്റ് ഹെഡ് നിങ്ങളുടെ കാമുകൻ ആയിരുന്നു. ആ സംശയം കൊണ്ടാണ് അമ്മവീട്ടിൽ എന്നെ ആക്കി കൂട്ടുകാരിയെ കാണാൻ നിങ്ങൾ ദൂരെയുള്ള ഹോസ്പിറ്റലിൽ പോയപ്പോൾ ഞാൻ ആ യാത്രയെ പറ്റി കൂടുതൽ അന്വേഷിച്ചത്.

അഷാന്റിയിൽ നിന്നും അന്ന് രാത്രി നിങ്ങൾ അവിടെ അല്ലായിരുന്നു എന്ന് മനസിലാക്കിയപ്പോൾ നിങ്ങൾ എന്ന വൃത്തികെട്ട ജന്മത്തെ ഞാൻ വെറുക്കാൻ തുടങ്ങി. പിറ്റേന്ന് തന്നെ നിങ്ങൾ മഹാരോഗത്തിനു അടിമയാണ് എന്നറിഞ്ഞപ്പോൾ ഈ ലോകത്തു ഏറ്റവും സന്തോഷിച്ചതും ഈ മകൾ തന്നെ. പിന്നെ ധൈര്യപൂർവം അച്ഛനെ അറിയിച്ചു.

എന്റെ തീരുമാനമാണ് നിങ്ങളുടെ വിധി ഇന്നത്തേക്ക് മാറ്റിയത്. തീരെ നിവർത്തിയില്ലാത്ത കുടുംബത്തിൽ നിന്നും അതിസുന്ദരിയായ നിങ്ങളെ വിവാഹം കഴിച്ചപ്പോൾ നിങ്ങളുടെ മനസ്സ് കാണാൻ ആ പാവത്തിന് കഴിഞ്ഞില്ല. ഇന്നോളം നിങ്ങൾ അച്ഛനെ ബഹുമാനിക്കുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല എന്നുമാത്രമല്ല ഒരു ഉളുപ്പും ഇല്ലാതെ വഞ്ചിച്ചു.

എല്ലാവരെയും കബളിപ്പിച്ചപ്പോൾ ഈശ്വരന്റെ കണ്ണുമൂടാൻ സാധിക്കില്ല എന്നുള്ള ഓർമപ്പെടുത്തലാണ് ഈ രോഗവും നിങ്ങടെ ഇപ്പോളത്തെ പേക്കോലവും. നിങ്ങടെ കാമുകൻ ദേവ് പക്കാ ഫ്രോഡ് ആണ് എന്നുവെച്ചാൽ നിങ്ങളുടെ കഥ ഇവിടം കൊണ്ടും അവസാനിക്കില്ല. നിങ്ങൾ എന്ന എഴുത്തുകാരിയെ വളർത്തിയ fb കൂട്ടുകാരൻ ദേവ് അധികം താമസിയാതെ നിങ്ങളുടെ വീഡിയോ വൈറൽ ആക്കും.പിന്നെ അച്ഛന്റെ രണ്ടാം വിവാഹം ഞാൻ മുൻകൈ എടുത്തു നടത്തും എനിക്കും നിങ്ങൾക്കും വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെട്ട് ജീവിക്കാൻ മറന്ന എന്റെ അച്ഛൻ സന്തോഷത്തോടെ സ്നേഹമുള്ള ഒരു ഭാര്യയുടെ കൂടെ കഴിയുന്നതു എനിക്ക് കാണണം. ഞാൻ പഠിത്തത്തിന്റെ തിരക്കിൽ അകലുമ്പോൾ അച്ഛൻ ഒറ്റക്കാവരുത്.

ഇനി കൂടുതൽ പറയാനില്ല നേരത്തെ പറഞ്ഞിരുന്നേൽ ഒരു മുഴം കയറിൽ നിങ്ങൾ അങ്ങ് രക്ഷപെട്ടേനെ അപ്പോൾ നരകവേദന അനുഭവിക്കുന്ന നിങ്ങളെ കാണാൻ സാധിക്കില്ലായിരുന്നു ഇനി നിങ്ങൾ എന്ത് വേണേലും ചെയ്തോ…? നന്ദിയുണ്ട് ഈശ്വരന് അമ്മയെ വെട്ടിനുറുക്കിയ മകളായി പത്രങ്ങളിൽ നിറയാതെ എന്റെ ജീവിതം തിരിച്ചു തന്നതിന്…

മകൾ മുറിയിൽ നിന്നിറങ്ങവേ മരണത്തേക്കാൾ വലിയൊരു തണുപ്പ്, അവരെ മരവിപ്പിച്ചു.

(സുഖത്തിനു വേണ്ടി കുടുംബത്തെ മറക്കുമ്പോൾ ദൈവത്തിന്റെ കണ്ണ് കെട്ടുക അസാധ്യം അനിവാര്യമായ വിധിയിലേക്ക് നടന്നടുക്കുന്ന ഈയാം പാറ്റകൾക്കു ഒരു മുന്നറിയിപ്പ്…)