രചന: സുമയ്യ ബീഗം TA
തീരുമാനം നിന്റേതാണ് നയനാ . നീ എടുക്കുന്ന നിലപാടുകൾ ഇനിയുള്ള ജീവിതത്തിലെ നിർണായകമായ വഴിത്തിരിവാകും. ഒരു ആവേശത്തിൽ പെട്ടെന്നുള്ള രോഷത്തിൽ എടുക്കപെടുന്ന ഒന്നിൽ മാറിമറയുക രണ്ടു ജീവനുകളുടെ നിലനിൽപ്പാണ്. കണ്ണാടിയിലെ നയന തന്നോട് തന്നെ വീണ്ടും വീണ്ടും മന്ത്രിച്ചു. ആദ്യം ആലോചിച്ചത് എന്നെനേക്കുമായുള്ള രക്ഷപെടലായിരുന്നു. ഒരു ഷാളിലോ ഒരു തുള്ളി മരുന്നിലോ അവസാനിപ്പിച്ചു മാഞ്ഞുപോകാൻ കൊതിച്ചതാണ്. പക്ഷേ ഒരു ഐസ് ക്രീമിലോ ഏറ്റവും പ്രിയപ്പെട്ട പലഹാരത്തിലോ വിഷം ചേർത്തു ആ നാവിൽ വെച്ചു മാമൂട്ടിച്ചു അവസാനിപ്പിക്കാൻ ധൈര്യം പോരാ. ആ ഓർമയിൽ പോലും നെഞ്ചു വിങ്ങുന്നു ശ്വാസം മുട്ടിക്കുന്നു. അവൾ മകൾ മാത്രമല്ല ഈശ്വരൻ അധികം ആർക്കും കൊടുക്കാത്ത അമൂല്യ നിധിയാണവൾ.
ഒരുനാൾ ഈശ്വരൻ തന്റെ പൂന്തോട്ടത്തിലെ പൂക്കളുമായി സല്ലപിക്കുമ്പോൾ ഭൂമിയിലെ ഒരു പെണ്ണ് ഒരു കുഞ്ഞിനായി കേഴുന്നതു ശ്രെദ്ധയിൽ പെട്ടു. അവളുടെ കണ്ണീരിലെ ദുഖത്തിന്റെ ആഴം അളന്നെടുത്തു തന്റെ മാലാഖമാരിലൊന്നിനെ അവക്കായി നൽകി. ചിറകുകൾ നഷ്ടപ്പെട്ടു ഭൂമിയിൽ പതിച്ച കുഞ്ഞുമാലാഖ വ്യത്യസ്തയായിരുന്നു. സാധാരണ മനുഷ്യ കുഞ്ഞിനെപ്പോലെ ചിരിക്കാനോ പെരുമാറാനോ അവക്കറിഞ്ഞുകൂടാരുന്നു. ദിവസങ്ങൾ ചെല്ലുന്തോറും അവൾ വെറുക്കപെട്ടു കാപട്യം നിറഞ്ഞ മനുഷ്യമുഖങ്ങളാൽ. അവർ അവളെ പരിഹസിച്ചു കൂക്കിവിളിച്ചു . മന്ദബുദ്ധിയെന്നൊരു ചെല്ലപ്പേരുമിട്ടു.
വയറ്റിലൊരു ജീവൻ തുടിച്ചപ്പോൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ കുറച്ചൊന്നുമല്ല. ആദ്യത്തെ കണ്മണി അവളോ അവനോ ആരായാലും ആ മുഖം കാണാനും ഒന്ന് തൊട്ടു തലോടാനും ഉള്ള അടങ്ങാത്ത ആവേശത്തിൽ മാസങ്ങൾ ഒമ്പതെണ്ണം.
പ്രസവിച്ച അന്ന് ആ മുഖം കണ്ടപ്പോൾ ഒരു ജന്മം സാഫല്യമായി, അഭിമാന നിമിഷങ്ങളിൽ അതിരു വിട്ടു സന്തോഷവും പക്ഷേ എത്ര പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്. ഒരുവയസായിട്ടും വികാസ ഘട്ടങ്ങളിൽ ഒന്നുപോലും പൂർത്തീകരിക്കാത്ത, തന്നെ ഇരിക്കാൻ പറ്റാത്ത, നടന്നുതുടങ്ങാത്ത ആ കുഞ്ഞു മാലാഖ ആദ്യമായി ഒരു പിടി കനൽ നെഞ്ചിലേക്ക് കോരിയിട്ടു. ആധിയോടെ റിസൾട്ടുകൾക്കായി പ്രസിദ്ധനായ പീഡിയാട്രീഷ്യന്റെ മുമ്പിൽ അക്ഷമയായി ഇരിക്കുമ്പോൾ എന്റെ ചുമലിൽ തട്ടി അദ്ദേഹം പറഞ്ഞു.
നയന , ഷീ ഈസ് സ്പെഷ്യൽ ആൻഡ് diffrent ഫ്രം നോർമൽ child. വിശ്വാസം വരാതെ ആ മുഖത്തേക്ക് തുറിച്ചു നോക്കവേ പറഞ്ഞതിൽ അടിവരയിട്ടു വീണ്ടും അദ്ദേഹം പറഞ്ഞു. നയനാ ദൈവം നിന്നെ ഏറെ ഇഷ്ടപെടുന്നു നിന്നിൽ വിശ്വസിക്കുന്നു മറ്റാരേക്കാളും. അതുകൊണ്ടുമാത്രമാണ് ഇവളെ നിന്റെ കയ്യിൽ ഏല്പിച്ചത് പൊന്നുപോലെ നോക്കാൻ. ഇവൾ സ്വർഗ്ഗപുത്രീ ഇവളെ സാധാരണ മനുഷ്യകുഞ്ഞുമായി താരതമ്യം വേണ്ട. ആലങ്കാരിക ഭാഷയിൽ എന്നിലെ മാതാവിനെ തഴുകാതെ തഴുകി അദ്ദേഹം ഭർത്താവിനോട് പറഞ്ഞു നേരത്തെ കണ്ടുപിടിച്ചത് നന്നായി mr. വരുൺ നമുക്കു ആവുന്നത് ചെയ്യാം. ഓട്ടിസം ഇന്നൊരു സാധാരണ രോഗമോ അവസ്ഥയോ ആയി കാണാൻ സമൂഹവും പേരെന്റ്സും പഠിച്ചിരിക്കുന്നു. പ്രത്യേക ട്രെയിനിങ് ചികിത്സ രീതികൾ ഇതിലൂടൊക്കെ അവരെയും നമുക്ക് മാറ്റിയെടുക്കാം.
പുകമഞ്ഞിലൂടെ അന്ധയായി നടന്നുനീങ്ങിയ ദിനങ്ങളിൽ ഭ്രാന്തിയെപ്പോലെ വാവിട്ടു കരഞ്ഞതും ബധിരയെപോലെ ചുറ്റും നടക്കുന്നത് കേക്കാതിരുന്നതും മാസങ്ങളോളം. പിന്നീടങ്ങോട്ടു തനിയെ ഉയർത്തെണീറ്റു മകൾക്കു വേണ്ടി എന്റെ മാലാഖ കുഞ്ഞിന് വേണ്ടി.
അതുവരെ കൈവരാത്ത ഒരു ശക്തി, ധൈര്യം, ആവേശം എല്ലാം ഒരുമിച്ചു ഞാനും ശക്തിയായി ഭൂമി മാതാവിനെപോലെ സർവംസഹയായി. സമപ്രായക്കാർ പിച്ചവെച്ചപ്പോഴും കിളിക്കൊഞ്ചൽ പോലെ അമ്മ എന്ന് വിളിച്ചപ്പോളും എന്റെ മോൾ ഒന്നും ഉരിയാടാതെ നിർത്താതെ വാശിപിടിച്ചു കരഞ്ഞും വികൃതമായി ശബ്‌ദിച്ചും വളർന്നു.
അവൾക്കായി ഞാൻ എന്നെ തന്നെ മുഴുവനായി നൽകിയപ്പോൾ ഒരു ഭാര്യ എന്ന രീതിയിലുള്ള ഒരു കടമയും നിറവേറ്റാൻ കഴിയാതെ വന്നത് തിരിച്ചറിഞ്ഞത് ഈയിടെ വരുണുമായി വഴക്കിട്ട ഒരു വൈകുന്നേരമാണ്. വരുണിന്റെ ഷർട്ട് എടത്തിയമ്മയുടെ റൂമിൽ കണ്ടപ്പോൾ. അതിന്റെ പേരിൽ തുടങ്ങിയ മുറുമുറുപ്പിനവസാനം ഒരു വല്യ വഴക്കും.
എല്ലാം നഷ്ടപ്പെട്ടു കരഞ്ഞു തളർന്ന എന്നെ ഉമ്മവെച്ച എന്റെ മാലാഖകുഞ്ഞും കരഞ്ഞു അമ്മ കരഞ്ഞത് എന്തിനെന്നറിയാതെ. അവളുടെ പരിമിതികളെ അതിജീവിക്കാൻ അമ്മേ എന്നൊന്ന് വിളിപ്പിക്കാൻ പ്രാഥമിക കാര്യങ്ങളിൽ എങ്കിലും പര്യാപ്തയാക്കാൻ ഓടിനടന്നപ്പോൾ ഞാൻ നൽകാതിരുന്നത് ഒക്കെയും പൂർണമായി നൽകി ഏടത്തി വരുണിനെ ഏറ്റെടുത്തു. ഗൾഫിലായ ഏട്ടന്റെ അസാന്നിധ്യം വരുണും മുതലാക്കി.
കൂട്ടിചോദ്യങ്ങൾക്കിടയിൽ ഞാൻ സംശയരോഗിയും വയ്യാത്ത കുഞ്ഞിനെ പൊക്കിപ്പിടിച്ചു ഉലകം ചുറ്റുന്ന താന്തോന്നിയും. സമാദാന ചർച്ചയിൽ കുഞ്ഞിനെ എതേലും അനാഥമന്ദിരത്തിലോ, ഇങ്ങനെയുള്ള വെല്ലുവിളികളെ നേരിടുന്നവർക്കുള്ള സ്ഥാപനങ്ങളിലോ നൽകി വരുണിനെ പ്രീതിപിച്ചു അടങ്ങി കഴിയാനുള്ള അന്ത്യ ശാസനം.
ഏറ്റവും വെറുക്കുന്ന ഒരാൾക്കൊപ്പം എന്റെ ജീവനെ പറിച്ചെറിഞ്ഞുള്ള നാളുകൾ. ഇല്ല ബുദ്ധിയുണ്ടെന്നു അഹങ്കരിക്കുന്ന എന്ത് വൃത്തികേടും കാണിക്കാനും വിശ്വാസ വഞ്ചന കാണിക്കാൻ ഒരുളുപ്പും തോന്നാത്ത മനുഷ്യർക്കുവേണ്ടി എന്റെ മാലാഖ കുഞ്ഞിനെ ഞാൻ എങ്ങും കൊണ്ടു കളയില്ല.
കണ്ണാടിയിൽ നോക്കി നിറഞ്ഞ മിഴികൾ തുടച്ചു.ഇനി കരയരുത്. ഞാൻ പടിയിറങ്ങുന്നു എന്റെ പൊന്നുമോളെ രണ്ടു കയ്യിലും കോരിയെടുത്തു ഇനിയുള്ള കാലം ഇവൾ മതി ഇവൾ മാത്രം…