രചന: ജിഷ്ണു രമേശൻ
ഒരു വെളുപ്പാൻ കാലത്ത് അടുക്കളയിൽ പാത്രങ്ങള് താഴെ വീഴുന്ന ശബ്ദം കേട്ട് അവൻ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു,
“അമ്മാ, രാവിലെ ഉറങ്ങാനും സമ്മതിക്കില്ല…രാവിലെ തുടങ്ങും അടുക്കളയിൽ തട്ടലും മുട്ടലും…ഒരു ദിവസമെങ്കിലും സമാധാനം തായൊ…”
അടുക്കളയിൽ നിന്ന് ശബ്ദം ഉയർന്നില്ല…അമ്മ മറുപടി മൊഴിഞ്ഞില്ല… വീണ്ടും കേട്ടു, പാത്രങ്ങൾ പതിയെ ശബ്ദമില്ലാതെ വെയ്ക്കുന്ന പരുക്കൻ പെരുമാറ്റം…
ചില രാവിലെകളിൽ വീണ്ടും പാത്രങ്ങളുടെ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടു… അവൻ വീണ്ടും ഒച്ച കനപ്പിച്ച് അമ്മയെ ശകാരിച്ചു…
കാലം പതിയെ മുന്നോട്ട് നീങ്ങി… വേറൊരു കാലത്തെ ഒരു വെളുപ്പാൻ കാലത്ത് അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ട് അവൻ ഉണർന്നു…
പക്ഷേ അവൻ നിശബ്ദനായിരുന്നു…ആരെയും ശകാരിക്കാൻ നാവ് പൊന്തിയില്ല…അവൻ എണീറ്റ് അടുക്കളയിലേക്ക് ചെന്നു…എന്നിട്ട് അവൻ്റെ ഭാര്യയോടായി പറഞ്ഞു,
” അതിങ്ങ് താ ഞാൻ എടുത്ത് വെയ്ക്കാം…”
അവൻ ചെറു ജോലികളിൽ മുഴുകി…
ശേഷം ജനലിൽ കൂടി പുറത്തേക്ക് നോക്കി… അവിടെ അമ്മയുടെ കുഴിമാടത്തില് നോക്കി വെറുതെ വിതുമ്പി… കണ്ണീര് ഊറി…
കാലം മാറിയപ്പോ മനസ്സിലായ സുന്ദരമായൊരു സത്യം, “അടുക്കളയിലെ വെളുപ്പാൻ കാലത്തെ പാത്രങ്ങളുടെ തട്ടലും മുട്ടലും ഒരു ഊർജമായിരുന്നു…അടുക്കളയിലേക്ക് ഒന്നെത്തി നോക്കാൻ പ്രേരിപ്പിച്ച ഊർജം… അമ്മയുടെ ശ്വാസമുള്ള അടുക്കള, അമ്മ തൊട്ടാൽ ജീവൻ വെയ്ക്കുന്ന പാത്രങ്ങൾ…”
അവൻ്റെ ഭാര്യയും അവനൊരു അമ്മയായിരുന്നു… ജീവനായിരുന്നു…ഏറെ ഇഷ്ടമാണ്…ബഹുമാനം…സ്നേഹം മാത്രം…
ഫോട്ടോ കടപ്പാട്