ബണ്ണിയുടെ മുറപ്പെണ്ണ് ~ രചന: ഷിജു കല്ലുങ്കൻ
“ടാ ബണ്ണീ…. ശ്രീനു കൊച്ചച്ചൻ അടിച്ചു ഫിറ്റാണെന്ന്…..”
ജാനു കിതച്ചു കൊണ്ടു പറഞ്ഞു.
“അയ്യോ…. അപ്പോ ഇന്നു രാത്രി മുഴുവൻ കുതിരയോട്ടം ആയിരിക്കുമോ?
“എന്താ സംശയം ..? കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള വീടാണെന്ന് വല്ല ബോധവും ഉണ്ടോ നിന്റെ കൊച്ചച്ചന്….? അതെങ്ങനെ കുടിച്ചു കഴിഞ്ഞാൽപ്പിന്നെ ബോധം തന്നെ ഉണ്ടായിട്ടു വേണ്ടേ..?”
“ആഹാ…കൊള്ളാമല്ലോ, ഇതിപ്പോ എന്റെ മാത്രം കൊച്ചച്ചൻ ആയപോലുണ്ടല്ലോ, അങ്ങേരുടെ കൂടെയുള്ളത് നിന്റെ ചേച്ചിയല്ലേ? പറഞ്ഞൂടെ നിനക്ക്?” ബണ്ണി ചിരിച്ചു.
“കല്യാണം കഴിഞ്ഞിട്ടു കൊല്ലം മൂന്നായി.. ഒരു വീടെടുത്തു എങ്ങോട്ടെങ്കിലും രണ്ടാൾക്കും കൂടി മാറിത്താമസിച്ചു കൂടെന്ന് എത്രവട്ടം ചോദിച്ചിരുന്നു. ങ്ങൂ ഹു…. അനക്കമില്ല രണ്ടിനും. ആയകാലം മുഴുവൻ നാട്ടുകാരുടെ മുന്നിൽ ഇങ്ങനെ തലയും താഴ്ത്തി നടക്കാനവും എന്റെ ചേച്ചീടെ വിധി.” ജാനു പിറുപിറുത്തു.
“എന്താടാ ബണ്ണീ പ്രശ്നം…?” എനിക്കൊന്നും മനസ്സിലായില്ല.
ഹൈദരാബാദിലെ സോഫ്റ്റ്‌വെയർ കമ്പനിയിലെ സഹപ്രവർത്തകരാണ് ഞാനും ബണ്ണിയും. ഒന്നര വർഷം മുൻപ് ഒരുമിച്ചു ജോയിൻ ചെയ്തപ്പോൾ മുതലുള്ള പരിചയം. ഓരേ റൂമിലെ താമസം ഭാഷയും ദേശവും അതിരുകൾ തീർക്കാത്ത ആൽമാർത്ഥ സൗഹൃദമായി വളർന്നിരിക്കുന്നു.
ദസ്സറ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള അവധി വന്നപ്പോൾ ബണ്ണി എന്നത്തേയുംപോലെ എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു.
“എടാ കാർത്തീ,.. ഈ ഉത്സവത്തിന് നിന്റെ കേരളത്തിൽ വല്യ ആഘോഷം ഒന്നുമില്ലല്ലോ… നിനക്ക് എന്റൊപ്പം വന്നൂടെ…?”
അമരവതിക്കടുത്തു കൃഷ്ണാ നദിക്കരയിലുള്ള ബണ്ണിയുടെ കൊച്ചു ഗ്രാമം ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവിടെയുള്ള മിക്കവാറും ആളുകൾ അവന്റെ വാക്കുകളിലൂടെ എനിക്കു ചിരപരിചിതരാണ്.
“എടാ… ബാഗ്ലൂരിൽ നിന്ന് നാനിയും വരും…. നമുക്ക് ഇത്തവണ അടിച്ചു പൊളിക്കാം…” ബണ്ണിയുടെ അനിയനാണ് നാനി, വെറും ഒരു വയസ്സിന് ഇളപ്പം. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോയിൻ ആയിട്ട് ആറു മാസങ്ങൾ ആയതേയുള്ളു.
ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് നാട്ടിലേക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു ബണ്ണിക്കൊപ്പം കൂടിയത് എത്ര നന്നായിയെന്ന്. ഈ ചെറിയ ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും അവന്റെ ബന്ധുക്കൾ. അവന്റെ വീടുപോലും നിറയെ ആളുകളുള്ള ഒരു വലിയ കൂട്ടുകുടുംബമാണ്.
വിശാലമായ കൃഷിയിടത്ത് പരുത്തിയും വറ്റൽമുളകും മാറി മാറി കൃഷിചെയ്യുന്ന കുടുംബത്തിലെ മിക്കവാറും പേർ കൃഷിക്കാർ.
ഒത്തിരി നാളുകളായി കാത്തുകാത്തിരുന്ന ഒരു വിശ്ഷ്ടാഥിതി വന്നതുപോലെയായിരുന്നു അവർ എന്നെ സ്വീകരിച്ചത്.
രാത്രി എനിക്കു കിടന്നുറങ്ങാനുള്ള റൂമും സൗകര്യങ്ങളുമെല്ലാം ശരിയാക്കിയിട്ട് റെയിൽവേസ്റ്റേഷനിൽ നാനിയെ കൂട്ടിക്കൊണ്ടുവരാൻ പോകാൻ ബണ്ണി തയ്യാറെടുക്കുമ്പോഴാണ് ശ്രീനു കൊച്ചച്ചന്റെ തണ്ണിക്കാര്യവുമായി ജാനുവിന്റെ ഈ വരവ്.
ബണ്ണിയുടെ മുറപ്പെണ്ണാണ് ജാഹ്‌നവി എന്ന ജാനു. വിജയവാഡയിൽ എഞ്ചിനീയറിങ് പഠിക്കുന്നു. അവന്റെ വീടിന്റെ രണ്ടു വീടുകൾക്കപ്പുറത്താണ് അവളുടെ വീട്.
പക്ഷേ ഞങ്ങൾ വന്നപ്പോൾ മുതൽ കക്ഷി ഇവിടെത്തന്നെയുണ്ട്, എന്റെ മുഴുവൻ ഉത്തരവാദിത്തം ആരും പറയാതെ തന്നെ ജാനു ഏറ്റെടുത്തു. ഇടയ്ക്ക് ബണ്ണിയുടെ പെങ്ങൾ പവിത്ര എന്തൊക്കെയോ സഹായത്തിനു വന്നെങ്കിലും അവളെ രൂക്ഷമായ ഒരു നോട്ടം കൊണ്ട് ജാനു മടക്കിയയക്കുന്നത് ഞാൻ കണ്ടു.
“കാർത്തീ….അത് അത്ര വല്യ പ്രശ്നം ഒന്നുമില്ലടാ.. നമ്മുടെ ശ്രീനു കൊച്ചച്ചൻ അടിച്ചു ഫിറ്റായാൽ രാത്രി ചെറിയൊരു കലാപരിപാടിയുണ്ട്…. “
“അതെന്തു കലാപരിപാടി…?” ഞാൻ വായും പൊളിച്ച് അവനെ നോക്കി.
“കുതിരയോട്ടം…. ” ജാനു പൊട്ടിച്ചിരിച്ചു.
” നീ ഒന്നു പോയേ ജാനൂ…,ടാ.. ഇന്നു രാത്രി നമ്മൾ ജാനുവിന്റെ വീടിന്റെ ടെറസ്സിനു മുകളിൽ കിടന്നുറങ്ങുന്നു… ” എന്റെ മറുപടിക്കു നിൽക്കാതെ അവൻ ജാനുവിനോടു പറഞ്ഞു. “…. കുട്ടികൾക്കൊപ്പം കാർത്തിയെയും കൂട്ടിക്കോ… ഞാൻ നാനിയെയും കൂട്ടി അങ്ങോട്ടു വന്നോളാം..”
“അതൊക്കെ എപ്പഴേ റെഡി….!!! ” പവിത്രയാണ് “……കൊച്ചച്ചന്റെ കുതിരയോട്ടത്തിന്റെ വിവരം കിട്ടിയതേ കുട്ടികളെല്ലാം ജാനുവേച്ചിയുടെ ടെറസ്സിൽ… കാർത്തിയണ്ണനുള്ള ബെഡും ഞാൻ റെഡിയാക്കിയിട്ടുണ്ട് “
ജാനു പവിത്രയെ തറപ്പിച്ചൊന്നു നോക്കി.
റെയിൽവേ കമ്പാർട്ട്മെന്റ് പോലെ നീളമുള്ള വീടിന്റെ ടെറസ്സിൽ നിര നിരയായി വിരിച്ചിട്ടുള്ള പായയിലും ബെഡിലുമായി കുട്ടികൾ ഉറക്കം പിടിച്ചു കഴിഞ്ഞു.
ബണ്ണിക്കും നാനിക്കും വേണ്ടി വിരിച്ചിട്ടിരിക്കുന്ന രണ്ടു പായകൾക്കിപ്പുറം ഒരരുകിലായി വിരിച്ച ബെഡിൽ വെറുതേ മലർന്നു കിടക്കുമ്പോഴും ഞാൻ ആലോചിച്ചത് ശ്രീനു കൊച്ചച്ചന്റെ ആ കുതിരയോട്ടത്തെപ്പറ്റിയായിരുന്നു.
എന്നാലും എന്തായിരിക്കും അടിച്ചു ഫിറ്റായിക്കഴിയുമ്പോൾ കൊച്ചച്ചൻ നടത്തുന്ന, കുട്ടികൾ കാണാൻ കൊള്ളാത്ത ആ കുതിരയോട്ടം?
പകലിന്റെ ചൂടു മുഴുവൻ ആവാഹിച്ചു വച്ചിരുന്ന ടെറസ്സിനൊപ്പം ചൂടുപിടിച്ചു നിന്ന അന്തരീക്ഷവും ശരീരത്തെ ഉഷ്ണത്തിലാഴ്ത്തി.
“ഉറക്കം വരുന്നില്ലേ കാർത്തീ..? “
വളരെ നേരമായിട്ടും ഞാൻ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായിട്ടാവാം കുട്ടികൾക്കിടയിൽ എവിടെയോ കിടന്നിരുന്ന ജാനു എഴുന്നേറ്റു വന്നു.
“നല്ല ചൂടുണ്ട്…. കൊതുകുകളും…” ഞാൻ പതിയെ എഴുന്നേറ്റിരുന്നുകൊണ്ട് ജാനുവിന്റെ മുഖത്തേക്കു നോക്കി.
എന്റെ തലയ്ക്കു പിന്നിൽ ആകാശത്തു നിന്നിരുന്ന പാതി മുറിഞ്ഞ ചന്ദ്രൻ അവളുടെ രണ്ടു കണ്ണിലും മാറി മാറി നടന്നു കുസൃതി കാട്ടുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.
എന്റെയരുകിൽ ഒഴിഞ്ഞു കിടന്ന രണ്ടു പായകൾക്കുമപ്പുറം കിടന്നിരുന്ന പവിത്ര അല്പം തലയുയർത്തി മുരടനക്കിക്കൊണ്ട് ‘ഞാൻ എല്ലാം കാണുന്നുണ്ട് ‘ എന്നൊരു മുന്നറിയിപ്പു നൽകി.
പെട്ടെന്ന് ജാനു കുനിഞ്ഞ് എന്റെ കയ്യിൽപ്പിടിച്ചുയർത്തിക്കൊണ്ടു പറഞ്ഞു.
“വാ… ” ഞാൻ ഒന്നും ചോദിക്കാതെ എഴുന്നേറ്റ് അവൾക്കൊപ്പം നടന്നു.
സ്റ്റെയർകേസ് ഇറങ്ങി ജാനുവിന്റെയും ബണ്ണിയുടെയും വീടിനെതിരെ റോഡിന്റെ അരികിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു തണൽ മരത്തിന്റെ ചുറ്റും ഇരിക്കാൻ വേണ്ടി കെട്ടിയുയർത്തിയ സിമന്റ് തറയിൽ എന്നെ ഇരുത്തിയിട്ടാണ് അവൾ എന്റെ കയ്യിലെ പിടി വിട്ടത്.
“വേനൽക്കാലത്തെ ഉച്ചതിരിയുന്ന നേരങ്ങളിൽ ഈ ഗ്രാമം മുഴുവൻ ഉണ്ടാകും ഈ മരത്തിന്റെ തണലിൽ…. “
ഞാൻ മുകളിലേക്ക് നോക്കി.
തായ്‌ത്തടിക്ക് അധികം വണ്ണമില്ലെങ്കിലും ഒരു പ്രദേശം മുഴുവൻ പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്നു ആ മരം.
” ശ്രീനു കൊച്ചച്ചൻ ചെറുപ്പത്തിൽ എവിടെ നിന്നോ കൊണ്ടു വന്നു വീടിന്റെ മുറ്റത്തു നട്ടതാണ് ഈ മരം. പക്ഷേ പുള്ളിക്കാരന്റെ അച്ഛൻ അതു പിഴുതു വലിച്ചെറിഞ്ഞു.”
“അയ്യോ… അതെന്താ..?”
“ഞങ്ങളുടെ ജാതിയിലുള്ളവർ ഈ മരം മുറ്റത്തു വളർത്തില്ലത്രേ… “
“ആഹ് ഹാ… മരങ്ങൾക്കുമുണ്ടോ ജാതിയും മതവും…?”
“ഉം… പക്ഷേ വലിച്ചെറിഞ്ഞിട്ടും വീണിടത്തു കിടന്നു തഴച്ചു വളർന്ന ഇതിന്റെ തണലിന് ആർക്കും അയിത്തം ഇല്ലാട്ടോ… ” അവൾ ചിരിച്ചു.
“കാർത്തീ… ബണ്ണിക്ക് എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടോ…? ” എന്റെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് പൊടുന്നനെയായിരുന്നു അവളുടെ ചോദ്യം.
എന്തുത്തരം പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ജാനു മുറപ്പെണ്ണാണ് എന്ന ഒറ്റ വാക്കിനപ്പുറം അവർ തമ്മിലുള്ള ബന്ധത്തേക്കുറിച്ചോ അല്ലെങ്കിൽ വിവാഹത്തെക്കുറിച്ചോ ബണ്ണി ഒന്നും എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നില്ല.
“അല്ല ജാനു…. അത് നിങ്ങളുടെ വീട്ടുകാർ തമ്മിൽ പറഞ്ഞു വച്ചിട്ടുള്ള ബന്ധമല്ലേ..?”
“എല്ലാവരും അങ്ങനെ പറയുന്നു…. ജാനു ബണ്ണിയുടെ പെണ്ണാണ് എന്ന്….പക്ഷേ….. “
“എന്താണ് അതിൽ ഒരു ‘പക്ഷേ ‘?”
“കാർത്തി കേട്ടിട്ടുണ്ടോ പഴയ കാലത്ത് പെണ്ണും ചെറുക്കനും തമ്മിൽ നേരിട്ടു കാണുകപോലും ചെയ്യാതെ കാരണവന്മാർ കല്യാണം പറഞ്ഞുറപ്പിച്ച് ഒടുക്കം താലി കെട്ടാൻ നേരം ചെക്കനും പെണ്ണും തമ്മിൽ കണ്ടിരുന്ന വിവാഹങ്ങളെപ്പറ്റി…?”
“ഉവ്വ്… ഒരു ജീവിതം ഒരുമിച്ചു ജീവിക്കേണ്ടവർ പരസ്പരം കാണാൻ പോലും അവസരമില്ലാതെ….. ഓരോരോ അനാചാരങ്ങൾ…”
“പക്ഷേ എനിക്കെന്തോ അങ്ങനെ തോന്നിയിട്ടില്ല…. അത് ആണിന്റെയും പെണ്ണിന്റെയും മനശാസ്ത്രം പഠിച്ചവർ എടുത്ത തീരുമാനങ്ങൾ ആയിരുന്നില്ലേ….?”
ഞാൻ നെറ്റി ചുളിച്ചു.
“ഒരു പുതിയ വസ്തുവിനെ അന്വേഷിച്ചു കണ്ടെത്തി അതിനെ ആവോളം ആസ്വദിച്ച് ഇനി അതിൽ ഒന്നും ബാക്കിയില്ല എന്നു തോന്നുന്ന നിമിഷം അതിനെ മാറ്റിവച്ച് മറ്റൊന്നിനുവേണ്ടി തിരയുന്നവരല്ലേ എല്ലാ പുരുഷന്മാരും…?”
അല്ല എന്നു പറയാൻ എനിക്കാവില്ലായിരുന്നു.
“ഒന്നു സ്വന്തമായിക്കഴിഞ്ഞാൽ അതിനെ മറ്റാർക്കും വിട്ടുകൊടുക്കാത്ത മനസ്സാണ് സ്ത്രീയുടേത്…. പക്ഷേ അതിൽ അവൾ എന്നും പുതുമ അന്വേഷിച്ചു കൊണ്ടിരിക്കും.. എണ്ണിയാൽ ഒടുങ്ങാത്ത ആഗ്രഹങ്ങളുമായി.”
ശാന്തമായ ഒരു നിമിഷത്തെ മൗനത്തിലേക്ക് കുറച്ചു പഴുത്ത ഇലകൾ പൊഴിച്ചു വീഴിച്ചുകൊണ്ട് ഒരു കാറ്റ് മരത്തെ തഴുകി കടന്നു പോയി.
“എനിക്ക് ബണ്ണിയെ ഇഷ്ടമാണ്…. പക്ഷേ ജനിച്ചു വളരുമ്പോൾ മുതൽ എന്നും എല്ലാം പരസ്പരം കണ്ടറിഞ്ഞു പോന്ന ഞങ്ങൾക്കിടയിൽ ഇനി എന്തു പുതുമയാണ് ഒരു വിവാഹം കൊണ്ട് ഉണ്ടാവുന്നത്…? അറിയാൻ ബാക്കിയുള്ളത് ഈ രണ്ടു ശരീരങ്ങൾ മാത്രം…കുറച്ചു രാത്രികളുടെ ആലസ്യത്തിൽ അതും ചിരപരിചിതമായിത്തീരും…. പിന്നെ കുറേ ശീലങ്ങളുടെ ആവർത്തനം മാത്രമായി മാറുന്ന ജീവിതം.”
“ഒരിക്കലും കണ്ടുമുട്ടാത്തവർ പെട്ടെന്നൊരു ദിവസം അന്യോന്യം സ്വന്തമാവുക…. അറിയുവാനും ആസ്വദിക്കുവാനും ഒരുപാടുണ്ടാവും…. ശരിയാണ്. ” ഞാൻ പറഞ്ഞു.
“കണ്ടോ…. ഞാൻ ഒരുവട്ടം പറഞ്ഞതേയുള്ളു… നിനക്കുമത് ഇഷ്ടമായി, അല്ലേ..?”
“എന്നാൽപ്പിന്നെ ഞാൻ ബണ്ണിയോട് പറയാം… നിനക്ക് അങ്ങനെയൊരാളെ ഒരു സർപ്രൈസ് ആയിട്ട് കൊണ്ടു വരാൻ…” ഞാൻ ചിരിച്ചു.
“ബണ്ണിയോട് ഞാൻ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു…”
“ആഹാ…. അപ്പോൾ എന്തു പറഞ്ഞു എന്റെ മച്ചാൻ…”
“ഞാൻ വിളിച്ചു ജാനു, പക്ഷേ അവൻ വന്നില്ല എന്ന്…”
“അവന്റെ കാർത്തി… എനിക്കുള്ള സർപ്രൈസ്..”
“ങേ… ഞാനോ…? ഞാൻ നടുങ്ങി.
“നിന്റെ നാട്. നിന്റെ ഭാഷ…. നീയ് … . എല്ലാം എനിക്ക് പുതുമയാണ് കാർത്തി… ഒരു പക്ഷേ ശീലങ്ങളായി മാറി, മനസ്സു മരവിച്ചു പോകാതെ വർഷങ്ങളോളം നുകരാൻ കഴിയുന്ന പുതുമ….”
ജാനു അല്പം കൂടി എന്നോട് ഒട്ടിച്ചേർന്നിരുന്ന് അവളുടെ ശിരസ്സ് പതിയെ എന്റെ തോളിലേക്കു ചായിച്ചു വച്ചു.
ഞെട്ടിപ്പിടഞ്ഞു മാറാനും അരുതെന്ന് അവളോടു പറയാനും മനസ്സു വെമ്പൽ കൊണ്ടു. പക്ഷേ ശരീരം അനുസരിച്ചില്ല. മൗനമായ് നിമിഷങ്ങൾ കടന്നുപോയി.
അവളുടെ കെട്ടിവെച്ചിരുന്ന മുടിക്കെട്ടിൽ ഒളിക്കാൻ കൂട്ടാക്കാത്ത ചെറിയ മുടിയിഴകൾ എന്റെ ചെവിയെ ഇക്കിളിപ്പെടുത്തി രസിച്ചു കൊണ്ടിരുന്നു.
ദൂരെ നിന്നും ഒരു ബൈക്കിന്റെ വെളിച്ചം ഞങ്ങളുടെ മേൽ പതിച്ചപ്പോൾ അവൾ പിടഞ്ഞു മാറി.
“ബണ്ണിയും നാനിയും എത്തി…. ” അവൾ പറഞ്ഞു.
“ആഹാ…. ഇതെന്താ ഇവിടാർക്കും ഉറക്കമൊന്നുമില്ലേ…?”
ജാനുവിന്റെ വീട്ടുമുറ്റത്തു പാർക്കു ചെയ്ത ബൈക്കിന്റെ പിന്നിൽ നിന്നിറങ്ങിയ നാനി ഞങ്ങൾക്കു നേരെ നടന്നു വന്നു.
“ചൂടും കൊതുകും…. പിന്നെ ടെറസ്സിലുള്ള ഉറക്കവും നിന്റെയണ്ണന്റെ കൂട്ടുകാരന് ശീലമായി വരുന്നതേയുള്ളൂ ..” ജാനു ചിരിച്ചുകൊണ്ടു പറഞ്ഞു.
ഞാനും നാനിയും ആദ്യമായി നേരിൽ കാണുകയായിരുന്നു.
ബണ്ണി ബൈക്ക് നിർത്തി ഇറങ്ങുമ്പോഴേക്കും ഇരുട്ടിൽ നിന്ന് പവിത്ര മുന്നോട്ടുവന്ന് അവനുമായി എന്തൊക്കെയോ സംസാരിച്ചു. അവൾ ഇത്രയും നേരം ആ ഇരുളിൽ മറഞ്ഞു നിന്ന് എന്നെയും ജാനുവിനെയും ശ്രദ്ധിക്കുകയായിരുന്നു എന്നെനിക്കു തോന്നി.
ബണ്ണി ഒരു ചെറിയ കവറും തൂക്കിപ്പിടിച്ചു കൊണ്ട് ഞങ്ങൾക്കു നേരെ നടന്നു വന്നു.
“അല്പം തണുപ്പു കുറവാണ് മച്ചാ…” ചിരിച്ചു കൊണ്ട് അവൻ കവറിൽ നിന്ന് ബിയർ ബോട്ടിലുകൾ പുറത്തെടുത്തു.
“അല്ല…ഇപ്പൊ ഇതു മേടിച്ചു കൊണ്ടു വരാൻ ഞങ്ങൾ ഉറങ്ങിയിട്ടില്ലെന്ന് നിനക്കെങ്ങനെ മനസ്സിലായി..?” ജാനു ചോദിച്ചു.
“ഹ് ഹ ഹ് ഹ…” നാനി ചിരിച്ചു, കൂടെ ബണ്ണിയും.
“ദാ.. അങ്ങോട്ട് നോക്ക്… ഇരുട്ടത്ത് ഒരു കുരുപ്പ് ഒളിച്ചു നിന്ന് നിങ്ങളെ വാച്ച് ചെയ്യുകയല്ലായിരുന്നോ… രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെപ്പോലെ മുട്ടിയിരുമ്മിയിരിക്കുന്നു കാർത്തിക്കും ജാനുവും…. ഫോൺ താഴെ വച്ചിട്ടില്ല ഞങ്ങടെ പെങ്ങൾ. “
ഇത്തവണ ജാനുവും ചിരിച്ചു. പക്ഷേ എന്തോ വലിയൊരു തെറ്റു ചെയ്തപോലെ എന്റെ തല താഴ്ന്നു.
ബണ്ണി പതിയെ സിമന്റ് തറയിലേക്കു ചാടിക്കയറി എന്റെ പിന്നിലൂടെ വന്ന് എന്റെ പുറത്തേക്കു ചാരി ഇരുന്നു. പല്ലു കൊണ്ട് ബിയർ ബോട്ടിൽ കടിച്ചു തുറന്ന് ഒരു സിപ് കുടിച്ചിട്ട് കൈ പിന്നിലേക്കു നീട്ടി ബോട്ടിൽ എനിക്കു തന്നു.
തണുത്ത ബിയർ തൊണ്ടയെ ഇക്കിളി കൂട്ടിക്കൊണ്ട് ഇറങ്ങിപ്പോയി.
ഞങ്ങളിരുവരുടെയും ശരീരത്തിന്റെ ഒരു വശത്തേക്ക് ചാരിയിരുന്നുകൊണ്ട് നാനി എന്റെ കയ്യിൽ നിന്ന് ബോട്ടിൽ വാങ്ങി വായിലേക്ക് കമിഴ്ത്തി.
“കാർത്തീ… ബാംഗ്ലൂരിൽ നാനിയുടെ ഓഫീസിൽ ഒരു പെൺകുട്ടിയുണ്ടത്രേ… അനിയന്റെ വക ചേട്ടനൊരു പ്രൊപോസൽ..” ബണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ആഹ് കാർത്തി… നല്ല കുട്ടിയാ.. പേരു വൈഷ്ണവി, ബണ്ണിക്കു നന്നായി ചേരും… പക്ഷേ ജാനൂ, നീയാണ് ഇതിൽ അഭിപ്രായം പറയേണ്ടത്…”
“ഞാനിപ്പോ എന്താ പറയേണ്ടത്…?” ജാനുവിന്റെ സ്വരത്തിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
“ജാനുവിനോട് എന്തു പറയും എന്നായിരുന്നു ബണ്ണിയുടെ വേവലാതി…. ദാ ആ കുരുപ്പ് ഫോൺ വിളിക്കുന്നതു വരെ..”
നാനി ചിരിച്ചു കൊണ്ട് പവിത്ര നിന്നിരുന്ന ഇരുളിനു നേരെ വീണ്ടും വിരൽ ചൂണ്ടി.
“അതവിടെ നിക്കട്ടെ, നാനി….ഇപ്പൊ എന്റെ കാർത്തിയെ കണ്ടില്ലേ നീയ്…ഇനിപ്പറയ് … ഇവൻ നമ്മുടെ ജാനുവിന് ചേരുമോ?”
നാണം കൊണ്ട് ജാനു മുഖം കുനിച്ചു. ഇരുളിൽ ആയതു നന്നായി അല്ലെങ്കിൽ എന്റെ മുഖത്തെ വികാരങ്ങൾ ബണ്ണി കണ്ടിരുന്നെങ്കിൽ അവന് എന്നും പറഞ്ഞു കളിയാക്കാനുള്ള വകയായേനെ.
“നദിയിൽ നിന്നു ചൂണ്ടയിട്ടു പിടിച്ചെടുത്ത വരാൽ മീനിനെ പൊരിച്ചെടുത്തു കൊണ്ട് കാർന്നോന്മാരുടെ കണ്ണു വെട്ടിച്ച്, ഏതെങ്കിലും മരത്തിന്റെ ചോട്ടിൽ ഇങ്ങനെ വെടിപറഞ്ഞിരുന്ന് തണുപ്പുള്ള ഒരു ബിയർ മോന്താൻ ഇതിലും നല്ലൊരു കമ്പനി എവിടെക്കിട്ടാൻ…. കാർത്തി ഇഷ്ടം..!!” നാനി തല തിരിച്ച് എന്റെ തലയിൽ ഉമ്മ വച്ചു.
“അല്ല കാർത്തീ നീയൊന്നും പറഞ്ഞില്ല… നിനക്കു വേണോ എന്റെ മുറപ്പെണ്ണിനെ..? സോറി ഞങ്ങളുടെ മുറപ്പെണ്ണിനെ?… ഫ്രീയായിട്ട് തന്നേക്കാമെടാ.. നീയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ..” ചേട്ടനും അനിയനും വഴിക്ക് രണ്ടെണ്ണം അടിച്ചിട്ടാണ് വരവെന്ന് എനിക്ക് മനസ്സിലായി.
“പറയ് കാർത്തി… ദേ അവള് ചെവിയോർത്തു നിൽക്കുന്നു… ഇവിടെ വാടി…” നാനി ജാനുവിന്റെ കയ്യിൽ പിടിച്ച് ഞങ്ങൾക്കടുത്തേക്കിരുത്തി.
എന്താണ് പെട്ടന്ന് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ജാനുവിനെ ഇഷ്ടമായോ എന്നു ചോദിച്ചാൽ ജാനുവിനെക്കാൾ ഇഷ്ടമായതൊന്നും ഇതുവരെ ജീവിതത്തിൽ കണ്ടു മുട്ടിയിട്ടില്ല എന്നു പറയേണ്ടി വരും.
“പറയടാ മച്ചാ… നീ വേണ്ടെങ്കിൽ വേണ്ട എന്നു പറഞ്ഞോ…അപ്പോൾ ഞാൻ ബാംഗ്ലൂർകാരിയെ കണ്ടിട്ടേയില്ല.. നിനക്കു ജാനുവിനെ വേണ്ടെങ്കിൽ ഇനിയൊട്ടു കാണുകയുമില്ല.”
ബണ്ണി തല വലിച്ചെടുത്തു കൊണ്ട് എന്റെ നേരെ തിരിഞ്ഞിരുന്നു.
“ചുട്ടുപൊള്ളുന്ന വേനൽക്കാറ്റ് കൃഷ്ണാനദിയുടെ ഓളങ്ങൾക്കുമേൽ മണൽക്കൂനകൾ തീർക്കുമ്പോൾ, ബാംഗ്ലൂരുകാരിയുടെ കയ്യും പിടിച്ചു കുന്നും മലയും കയറി മൂന്നാറിലെ തണുപ്പന്വേഷിച്ചു വരുന്ന നിന്നെ, രണ്ടു കുപ്പി ചിൽഡ് ബിയറും, തേങ്ങയരച്ചു വച്ച നാടൻ കോഴിക്കറിയുമായ് കാത്തിരിക്കുമ്പോൾ എനിക്ക് കൂട്ടിരിക്കാൻ ഇവൾക്ക് മനസ്സുണ്ടോ എന്നു ചോദിക്ക്….” ഞാൻ ജാനുവിനെ നോക്കി.
എന്റെ കയ്യിലിരുന്ന ബിയർ ബോട്ടിൽ പിടിച്ചു വാങ്ങി എന്റെ വലതു കയ്യെടുത്തു തോളത്തുകൂടിയിട്ട് ജാനു എന്റെ അരികിലേക്കു ചേർന്നിരുന്ന് ഒരിറുക്കു ബിയർ കുടിച്ചു.
പരസ്പരം പുറം ചാരി നാലുവശത്തേക്കും നോക്കിയിരുന്ന് ഞങ്ങൾ നാലുപേരും ചിരിച്ചു. ചിരിയിലൂടെ തുളുമ്പിയ ജാനുവിന്റെ കണ്ണിൽ നിന്ന് പൊഴിഞ്ഞ മുത്തു മണികൾ എന്റെ കൈത്തണ്ടയിൽ വീണു ചിതറി.
“ഇത്രയും നാൾ മറ്റൊരു പെണ്ണിന്റെയും കണ്ണേറു വീഴാതെ നിന്നെയൊക്കെ കാത്തു സൂക്ഷിച്ചതിനു പ്രതിഫലമായി എന്റെ രണ്ടു മുറച്ചെറുക്കന്മാരും കൂടി വാങ്ങിത്തരുന്ന പുത്തൻ ബുള്ളറ്റിൽ, കൃഷ്ണാനദിയുടെ തീരം തൊട്ട് തമിഴ്നാടിന്റെ അതിർത്തികൾ കടന്ന് മൂന്നാറിലെ തേയിലചെടികൾക്കുമപ്പുറം കായ്ച്ചു പഴുത്തു നിൽക്കുന്ന നിന്റെ സ്ട്രോബറിത്തോട്ടത്തിലേക്ക് എന്നെ ഒരു റൈഡ് കൊണ്ടുപോണം… നിന്നെക്കൊണ്ടു പറ്റുമോ കാർത്തീ…?”
” ഇടയ്ക്ക് എൻ എച് ന്റെ സൈഡിൽ നിർത്തി ഒരു തണുത്ത ബിയറടിക്കുന്നതിന് നിനക്കു വിരോധം വല്ലതുമുണ്ടോ…? ” നാനി ചോദിച്ചു.
“നിർത്തിയില്ലെങ്കിലേ അവൾക്കു വിരോധമുള്ളൂ…” ബണ്ണി ആർത്തു ചിരിച്ചു.
“അപ്പോഴേ…നേരം വെളുക്കാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ കാണും… ട്രെയിൻ യാത്ര നല്ല ക്ഷീണം… എനിക്കൊന്നുറങ്ങണം..” നാനി എഴുന്നേറ്റു.
“ഞാനും വരുന്നെടാ… ” ബണ്ണിയും കൂടെ എഴുന്നേറ്റു.
എന്റെ കൈ തോളിലൂടെ ചേർത്തുവച്ച് എന്നോടു ചേർന്നിരിക്കുന്ന ജാനുവിന്റെ മുഖത്തേക്കു ഞാൻ നോക്കി. പാതി മുറിഞ്ഞ ചന്ദ്രന്റെ നിഴൽപാടിൽ പറന്നു കളിക്കുന്ന മുടിയിഴകൾക്കിടയിലൂടെ അവളുടെ ഒരു കണ്ണിലെ തിളക്കം മാത്രമേ ഞാൻ കണ്ടുള്ളൂ.
“ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം കൊണ്ട് നീയെന്റെ സ്വന്തമായി കാർത്തീ…”
” നിനക്കായ് പുതുമയുടെ വിസ്മയങ്ങൾ തീർക്കാനുള്ളതാണ് അപ്പോൾ ഇനിയെന്റെ ജന്മം…. അല്ലേ ജാനൂ…? “
“സമയമെന്തായിക്കാണും…?”
“നാലുമണിയാകുന്നു…”
“നിനക്കു ശ്രീനു കൊച്ചച്ചന്റെ കുതിരയോട്ടം കാണണോ…?” പൊടുന്നനെ അവൾ ചോദിച്ചു.
“നീ കണ്ടിട്ടുണ്ടോ…? ” ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.
” വാ.. ” അവൾ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
റോഡ് മുറിച്ചു കടന്ന് ബണ്ണിയുടെ വീടിന്റെ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്ന് വീടിന്റെ ഇടതു വശത്തേക്ക് അവൾ എന്നെ കൊണ്ടുപോയി.
സ്റ്റെയർ കേസ് കയറി വീടിന്റെ മുകളിലെത്തിയിട്ട് ടെറസ്സിന്റെ പിൻഭാഗത്തു നിന്നും ജനലിനു മുകളിലുള്ള ചെറിയ പാരപ്പറ്റിനു മുകളിലേക്ക് അവൾക്കൊപ്പം ഞാനും വലിഞ്ഞിറങ്ങി.
“എവിടെ….? ” ഞാൻ ശബ്ദം താഴ്ത്തിച്ചോദിച്ചു.
ഞങ്ങളുടെ വലതു വശത്ത് ഭിത്തിയിലെ ചെറിയ വെന്റിലേഷൻ ചൂണ്ടി അവൾ പറഞ്ഞു.
“ധൃതി വയ്ക്കല്ലേ കാർത്തീ … ഇതാണ് കൊച്ചച്ചന്റെയും ചേച്ചിയുടെയും മുറി.. നമുക്ക് കാത്തിരിക്കാം. “
കഷ്ടി രണ്ടാൾക്ക് നിൽക്കാൻ കഴിയുന്ന പാരപ്പറ്റിനു മുകളിൽ നെഞ്ചോടു നെഞ്ചുരുമി ഞങ്ങൾ കാത്തു നിന്നു. അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ കഴുത്തിൽ വീണു. എന്റെ നിശ്വാസങ്ങൾ അവളുടെ കണ്ണിണകളെ വിറകൊള്ളിക്കുന്നത് എന്റെ നെഞ്ചിലമരുന്ന അവളുടെ ഹൃദയസ്പന്ദനത്തിലൂടെ ഞാനറിഞ്ഞു.
കോർത്തുപിടിച്ച കൈകൾ വിടർത്തിയെടുത്ത് ഞാൻ ജാനുവിനെ ചേർത്തു വരിഞ്ഞു മുറുക്കി. നിശ്വാസങ്ങൾ തമ്മിലുള്ള അകലം ശൂന്യമായി. ചുണ്ടു ചുണ്ടോടുരുമിയ നിമിഷം വന്യമായ ഒരു ശബ്ദം വീടിനെ പിടിച്ചു കുലുക്കി.
” എന്താദ്…..? ” ഞാൻ വിറച്ചു പോയി.
ചിരിക്കാതിരിക്കാൻ പാടുപെട്ടുകൊണ്ട് ജാനു എന്റെ വായ പൊത്തി. പെട്ടെന്നു മുറിക്കുള്ളിൽ ലൈറ്റ് തെളിഞ്ഞു.
ഞങ്ങൾ വെന്റിലേഷനിൽ കൂടി അകത്തേക്ക് നോക്കി.
ബെഡിൽ കമിഴ്ന്നു വില്ലുപോലെ വളഞ്ഞു നിൽക്കുന്നു കൊച്ചച്ചൻ!!
അയാളെ നേരെയാക്കാൻ പുറത്തു വലിഞ്ഞു കയറുന്ന ജാനുവിന്റെ ചേച്ചി.
പെട്ടെന്ന് കുതിര ചിനയ്ക്കുന്ന പോലെ വലിയ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അയാൾ ബെഡിലേക്കു വീണു, അയാളുടെ പുറത്തേക്കു ചേച്ചിയും. അര മിനിറ്റിനുള്ളിൽ വീണ്ടും ഭീകരശബ്ദത്തോടെ അയാൾ വില്ലു പോലെ വളഞ്ഞു. പിന്നെ ഒരു താളത്തിൽ കുതിര ഓടും പോലെ ഉയർന്നും താഴ്ന്നും അവസാനം നിശ്ചലനായി കിടന്നു. അയാളുടെ കൂർക്കം വലി മുഴങ്ങാൻ തുടങ്ങിയതോടെ ലൈറ്റ് കെടുത്തി ചേച്ചി. വലിയൊരു ഭൂകമ്പം കഴിഞ്ഞു പോയതുപോലെ എല്ലാം നിശബ്ദമായി.
“എന്തായിത്…? “എന്റെ ശബ്ദത്തിന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല.
“പണ്ട് ഞങ്ങടെ മുത്തച്ഛന്മാരിൽ ഒരാൾ മഹാരാജാവായിരുന്നത്രെ… കുതിരപ്പുറത്തു യുദ്ധഭൂമിയിൽ മരിച്ചു വീണ അങ്ങേരുടെ പ്രേതം കൊച്ചച്ചന്റെ ദേഹത്തു കയറുന്നതാണെന്ന് എല്ലാരും പറയുന്നത് . മദ്യപിച്ചു വരുന്ന രാത്രികളിൽ പുലരുവോളമുണ്ടാകും ഈ കുതിരയോട്ടം. ചേച്ചി പിടിച്ചില്ലെങ്കിൽ വാതിൽ തകർത്തുകൊണ്ട് പുറത്തേക്കോടും കുതിരയെപ്പോലെ…”
ജാനു എന്റെ കാതിൽ പറഞ്ഞു.
“ഡോക്ടറെ കാണിച്ചില്ലേ…?”
“ഉവ്വ്…. മദ്യപിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടലിൽനിന്നുള്ള പരാക്രമം എന്ന് ഡോക്ടർ പറയുന്നു..”
“ഉം…. എന്തായാലും കുതിര വീടു നടുക്കി..”
“കാർത്തീ… നിന്നെയെന്തിനാ ഞാൻ കുതിരയോട്ടം കാണിക്കാൻ കൊണ്ടുവന്നതെന്നറിയുമോ?”
“ഞാനും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു…”
“പക്ഷേ ഇത് കാണാൻ തുടങ്ങിയ നാൾ മുതൽ എന്റെയാഗ്രഹം മറ്റൊന്നായിരുന്നു…”
“എന്താദ്…?”
“എന്റെ ചേച്ചിയെപ്പോലെ കുതിരപ്പുറത്തൊന്നു കയറണമെന്ന്..”
“അതിന്…”
“അതിനിപ്പോ… നീ കുതിര……” അവൾ പറഞ്ഞു പൂരിപ്പിക്കാതെ…..എന്റെ മറുപടി പുറത്തേക്കു വരാതെ….. എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾ കൊണ്ട് പൂട്ടി മുദ്രവച്ചു കളഞ്ഞു.