രചന: മഹാ ദേവൻ
വീട്ടിലേക്കുള്ള വഴി കയറുമ്പോൾ തന്നെ കേൾക്കാമായിരുന്നു അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം. പടി കടന്ന് മുറ്റത്തെത്തുമ്പോൾ മനസ്സിലായി വഴക്കിനേക്കാൾ കൂടുതൽ പ്രാക്ക് ആണ് പുലമ്പുന്നതെന്ന്.
അത് കേട്ടതായിപോലും ഭാവിക്കാതെ കാലു കഴുകി അകത്തേക്ക് കടക്കുമ്പോൾ കലിതുള്ളി നിൽക്കുന്ന അമ്മ തുടങ്ങി പതം പറച്ചിൽ.
” രാവിലെ ഉടുത്തൊരുങ്ങി ഇറങ്ങുന്നത് കണ്ടാൽ തോന്നും വല്യ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന്. പോകുന്നത് കണ്ടവന്റെ മുന്നിൽ തുണിയഴിക്കാൻ അല്ലെ. എന്നിട്ടിപ്പോ ഒള്ള ജോലിയും കളഞ്ഞ് വന്നേക്കുവാ അഭിമാനി. “
ഈ വാർത്ത ഇത്ര പെട്ടന്ന് അമ്മയുടെ കാതിലും എത്തിയതിൽ അത്ഭുതമായിരുന്നപ്പോൾ മീരയുടെ മുഖത്ത്. ഇതുപോലെ ഉള്ള കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ ആവശ്യത്തിന് മേമ്പൊടി ചേർത്ത് ഇതുപോലെ എത്തിക്കാൻ കൂടെ ജോലി ചെയ്യുന്ന സീതക്കെ കഴിയൂ എന്ന് അറിയാമെങ്കിലും ഇത്ര പെട്ടന്നത് ഇവിടെ എത്തിക്കുമെന്നത് അവൾ നിരീച്ചില്ല.
” എന്താടി, നിന്റ നാവ് ഇറങ്ങിപോയോ. തന്ത ഇട്ടെറിഞ്ഞു പോയപ്പോൾ മുതൽ തുടങ്ങിയതാ എന്റെ കഷ്ടകാലം. നീ ഒന്ന് വലുതായപ്പോൾ കുറച്ച് ഭാരം കുറയുമല്ലോ എന്ന് കരുതി.
എന്റെ കയ്യിൽ ഒന്നും ഇല്ലാത്തത് കൊണ്ടാണ് പഠിപ്പ് നിർത്തി എന്തേലും ജോലി ചെയ്ത് പത്തു കാശുണ്ടാക്കാൻ വിട്ടത്. അപ്പൊ അവൾക്ക് അഭിമാനം . ആണുങ്ങൾ പലതും പറയും, ചിരിച്ചു കാണിക്കേം ചെയ്യും. എന്ന് വെച്ച് മുതലാളിയാണെന്ന ബോധം ഇല്ലാത്തെ മുഖത്തടിച്ചു ഇറങ്ങിപ്പോരുകയാണോ വേണ്ടത്? കണ്ടില്ല, കേട്ടില്ല എന്ന് വെച്ചങ് നിന്നാൽ പോരെ. നിന്നെ പോലെ തന്നെ പല പെൺകുട്ടികളും അങ്ങനെ ഒക്കെ ആണ് ജീവിക്കുന്നത്.. അല്ലാതെ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് മുഖത്തടിക്കുകയും ഇറങ്ങിപ്പോരുകയും ചെയ്താൽ നിന്നെ കാത്ത് ആരും ജോലിയുമായി കാത്തുനിൽക്കുന്നൊന്നും ഇല്ലല്ലോ… “
അമ്മ രോഷത്തോടെ അവൾക്ക് നേരെ ചാടുമ്പോൾ മീരയ്ക്ക് എന്തൊ അമ്മയോട് പുച്ഛമാണ് തോന്നിയത്. ഒരു മകളോട് അമ്മ ഇങ്ങനെ ഒക്കെ പറയുകയോ ചിന്തിക്കുകയോ ചെയ്യുമോ എന്ന് ആലോചിക്കുകയായിരുന്നു അവൾ.
എത്രയൊക്ക കഷ്ടപ്പാട് ഉണ്ടായാലും മക്കളുടെ മാനം അഭിമാനമായി ചേർത്തുപിടിക്കേണ്ട അമ്മ…… !!
” അമ്മ എന്തറിഞ്ഞിട്ടാണീ പറയുന്നത്. ഒരാളുടെ കീഴിൽ പണിയെടുക്കുന്നു എന്ന് വെച്ച് അയാൾ പറയുന്നത് കേൾക്കാനും അയാളുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കാനും ആണോ അമ്മ പറയുന്നത്. ഈ സാരിയും ചുറ്റി മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചുകൊണ്ട് നില്കുന്നത് എന്നെ ഇത്രേം വളർത്തി വലുതാക്കിയ അമ്മ ഇനി കഷ്ട്ടപ്പെടരുതെന്ന് കരുതിയാണ്. എന്നും പറഞ്ഞ്കൂടുതൽ കാശ് തന്നാൽ അവന്റ മുന്നിൽ ചുറ്റിയ സാരിക്കുള്ളിൽ ചേർത്തുപിടിക്കുന്ന പവിത്രത കൂടി ഉഴിഞ്ഞിവെക്കാൻ മാത്രം ഒരുമ്പട്ടിറങ്ങിയവൾ അല്ല ഞാൻ. ഞാൻ അയാൾ തരുന്ന കൂലിക്കുള്ള പണിഎടുക്കുന്നുണ്ട്, അല്ലെങ്കിൽ കൂലിയെക്കാൾ കൂടുതൽ. അതിൽ കൂടുതൽ തരാൻ കൂടെ കിടക്കാൻ പറയുന്നവന്റെ മുഖത്തടിക്കാതെ കേട്ട് ഇറങ്ങിപോന്നാൽ നാളെ അയാൾ ഇതുപോലെ ഇനീം കാണിക്കും നാളെ എന്നെപോലെ ഗതിയില്ലാതെ കേറിവരുന്ന പെണ്ണുങ്ങളോട്. സ്വന്തം മകളെ മനസ്സിലാക്കാൻ കഴിയാത്ത അമ്മയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം… എന്ത് പറയാൻ…. “
അതിൽ നെഞ്ചിൽ പിടഞ്ഞുനിൽകുന്ന സങ്കടം കടിച്ചമർത്തി ദയനീയമായൊന്നു പുഞ്ചിരിച്ച് അകത്തേക്ക് പോകുമ്പോൾ അമ്മക്കും തോന്നി താൻ പറഞ്ഞത് അല്പം കൂടിപ്പോയെന്ന്. അപ്പോഴത്തെ വിഷമം കൊണ്ട് പറഞ്ഞതാണെങ്കിലും അത് അവളെ വല്ലാതെ വിഷമിപ്പിചെന്ന് തോന്നി അമ്മയ്ക്ക്.
പിറ്റേ ദിവസം കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി തിരികെ വരുമ്പോൾ വീടിനുമുന്നിൽ കിടക്കുന്ന കാർ കണ്ട് അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ എന്തും നേരിടാമെന്ന ധൈര്യത്തോടെ അകത്തേക്ക് കയറുമ്പോൾ അകത്ത് അമ്മയുമായി സംസാരിച്ചിരുന്ന സ്ത്രീയെയും അടുത്ത് നിഷ്ക്കളങ്കതയോടെ ഇരിക്കുന്ന കൊച്ചുമുതലാളിയെയും കണ്ടപ്പോൾ വല്ലാത്ത അമർഷം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അകത്തേക്ക് കയറുമ്പോൾ കൂടെ ഉള്ള സ്ത്രി അവളെ കണ്ടപാടെ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” മോള് വന്നല്ലോ…. മോൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാകില്ല അല്ലെ.. ഞാൻ നളിനി….നവീന്റെ അമ്മയാണ്… മോളെ ഒന്ന് കാണാൻ വേണ്ടി വന്നതാ ” എന്ന്.
അതും പറഞ്ഞ് അവളുടെ കയ്യിൽ പിടിക്കുമ്പോൾ അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി അമ്മയോട് ” ഇവർക്ക് ചായ കൊടുത്തോ അമ്മേ ” എന്ന് ചോദിക്കുമ്പോൾ അമ്മ ഇല്ലെന്ന് തലയാട്ടി.
” എന്നാ ഞാൻ ചായ എടുക്കാം “എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോകുമ്പോൾ നളിനി അവളുടെ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അതിന്റ അർത്ഥം മനസ്സിലായപ്പോലെ മീരയ്ക്ക് പിറകെ അമ്മയും അകത്തേക്ക് നടന്നു.
ചായക്കുള്ള വെള്ളം അടുപ്പത് വെച്ച് തേയില എടുക്കുമ്പോൾ പിറകിൽ വന്ന് നിന്ന അമ്മ അവളോട് വളരെ സൗമ്യമായി പറയുന്നുണ്ടായിരുന്നു ” മോളെ, അവര് വന്നത് മോളെ ആ മോന് വേണ്ടി ആലോചിക്കാനാ…ഇന്നലെ നടന്നതൊക്കെ അവര് പറഞ്ഞു. അതിൽ ആ അമ്മക്ക് ഒത്തിരി വിഷമം ഉണ്ട്. അതിന്റ ഒരു പ്രായശ്ചിത്തം എന്നോണം അവന് വേണ്ടി മോളെ തരുമോ എന്ന് ചോദിക്കാൻ ആണ് അവർ വന്നത്. അവൻ പറഞ്ഞതിൽ മോൾക്ക് പറ്റിയ തെറ്റിധാരണ ആണ് ഇന്നലെ അത്രേം സംഭവിച്ചതത്രെ. മോള് ഒന്ന് ആലോചിച്ചു മറുപടി പറ. നമ്മുക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം ആണ്. ” എന്ന്.
അത് കേട്ടതായി പോലും ഭാവിക്കാതെ രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർന്നു പുറത്തേക്ക് നടക്കുമ്പോൾ അവളിലെ ഭാവം പാതി സമ്മതത്തെ സൂചിപ്പിക്കുന്നുണ്ടെന്ന് തോന്നി അമ്മയ്ക്ക്. പുറത്ത് അവരെയും പ്രതീക്ഷിച്ചിരിക്കുന്ന അവർക്ക് മുന്നിലേക്ക് ചായയുമായി മീര ചെല്ലുമ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും ചായ എടുത്ത് ചുണ്ടോട് ചേർത്തു.
” മീര, നല്ല ചായ ആണുട്ടോ ” എന്നും പറഞ്ഞ് അവളെ നോക്കി പുഞ്ചിരിക്കുന്ന നവീനെ അവൾ സഹതാപത്തോടെ നോകുമ്പോൾ അടുത്തിരിക്കുന്ന നളിനി കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് ടേബിളിലേക്ക് വെച്ച്കൊണ്ട് അവളോടായി ചോദിക്കുന്നുണ്ടായിരുന്നു
” അമ്മ മോളോട് എല്ലാം പറഞ്ഞല്ലോ അല്ലെ. എന്നിട്ട് മോള് എന്ത് തീരുമാനിച്ചു. ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചത് ഇവന് മോളോടുള്ള ഇഷ്ട്ടം കൊണ്ട് ആയിരുന്നു എന്ന് പിന്നീട് ഇവൻ പറയുമ്പോൾ ആണ് അറിയുന്നത്. അതുകൊണ്ട് ആണ് രാവിലെ തന്നെ ആദ്യം ഇങ്ങോട്ട് വന്നതും. മോൾക്ക് സമ്മതമാണേൽ….. “
എല്ലാവരും അവളുടെ പ്രതികരണത്തിനായി ആകാഷയോടെ അവളെ ഉറ്റുനോക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവൾ ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്ത് കയ്യിൽ പിടിച്ചുകൊണ്ടു ചോദിക്കുന്നുണ്ടായിരുന്നു
” അമ്മയ്ക്ക് ഒരു മോളില്ലേ ? അവളെ ഒരാൾ കൂടെ കിടക്കാൻ വിളിച്ചാൽ നാളെ അവളെ ആ കിടക്ക പങ്കിടാൻ വിളിച്ചവന് കെട്ടിച്ചുകൊടുത്ത് ഇനി ജീവിതകാലം മുഴുവൻ കിടക്ക പങ്കിട്ടോ എന്ന് സന്തോഷത്തോടെ സമ്മതിക്കുമോ? അതോ ആത്മാഭിമാനം ഉള്ളവരെ പോലെ അവന്റെ മുഖത്തു നോക്കി ആട്ടുമോ? “
അവളുടെ ചോദ്യം കേട്ട് പെട്ടന്നൊരു മറുപടി പറയാൻ കഴിയാതെ ഇരിക്കുന്ന ആ അമ്മയെ നോക്കി ചിരിച്ചു അവൾ.
” അപ്പോൾ സ്വന്തം മകൾ ആണെങ്കിൽ അങ്ങനെ ഒന്നും സമ്മതിക്കില്ല അല്ലെ. അപ്പൊ പണക്കാരന്റെ വീട്ടിലെ പെണ്ണിന്റ മാനത്തിനും ആത്മാഭിമാനത്തിനും വിലയുണ്ട്.. ഞങ്ങളെ പോലെ ജീവിതം മുന്നോട് കൊണ്ട് കഷ്ടപ്പെട്ട് നിങ്ങളെ പോലെ ഉള്ള മുതലാളിമാരുടെ കീഴിൽ ജോലിക്ക് വരുന്ന ഞങ്ങൾക്ക് ഈ പറഞ്ഞതൊന്നും ഇല്ലേ. ? ഒരു പെണ്ണിനെ കൂടെ കിടക്കാൻ ക്ഷണിച്ചു കൂടുതൽ കാശ് ഓഫർ ചെയ്തവന്റെ കൂടെ ജീവിതകാലം കിടക്കേണ്ടത് ഞാൻ എങ്ങനെ ആണെന്ന് കൂടി പറഞ്ഞുതന്നാൽ കൊള്ളാം… വെപ്പാട്ടിയായിട്ടാണോ അതോ……
ആദ്യം ഇവനെ പോലെ ഉള്ളവർ പഠിക്കേണ്ടത് സ്ത്രീകളെ ബഹുമാനിക്കാൻ ആണ്. നിങ്ങടെ കീഴിൽ ജോലിക്ക് വരുന്നവരെല്ലാം എന്തിനും മുതിർന്നാണ് വരുന്നതെന്ന ധാരണയുണ്ടല്ലോ.. ഇന്നലെ അങ്ങനെ അല്ല എല്ലാ പെണ്ണുങ്ങളും എന്ന് ഞാൻ അറിയിച്ചുകൊടുത്ത പാട് മോന്റെ മുഖത്ത് ഇപ്പോഴും ഉണ്ട്.
അത് മായും മുന്നേ മകന്റെ വൃത്തികേടിനു കുടയും പിടിച്ചു വന്ന നിങ്ങളോട് എന്ത് പറയാൻ..
വീട്ടിൽ കേറി വന്നവരെ ചായ തന്ന് സ്വീകരിച്ചത് എന്റെ മര്യാദ.. ഇനി നിങ്ങൾ ആ മാര്യാദ തിരികെ കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇതുപോലെ കണ്ട പെണ്ണുങ്ങളുടെ ഒക്കെ അടിപാവാടയുടെ അളവെടുക്കാൻ നടക്കുന്നവന് കുട പിടിക്കാതെ പോവാം….
അല്ലാതെ ഒരു പെണ്ണിന്റ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ഇനി ഈ വഴി വരരുത്. “
അതും പറഞ്ഞ് രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ കൈ കെട്ടി നിൽക്കുമ്പോൾ ഒന്നും പറയാൻ കഴിയാതെ തലതാഴ്ത്തി പുറത്തേക്ക് നടന്നിരുന്നു നളിനിയും നവീനും.
പെണ്ണിന്റ ആത്മാഭിമാനത്തെ ചേർത്തുപിടിച്ച് അവൾ അകത്തേക്കും !!!