രചന: സുമയ്യ ബീഗം TA
മാമിടെ മോളുടെ വള ഇടീൽ. ആകാശനീല മസാക്കലി ഇട്ടു മുല്ലപ്പൂ വെച്ചു മൊഞ്ചത്തിയായി ഒരുങ്ങവെ പുറകിൽ കെട്ടിയോൻ. കണ്ണാടിയിലെ പ്രതിബിംബത്തിലേക്കു കണ്ണെടുക്കാതെ നിക്കുന്നു. എങ്ങനെ ഉണ്ട് ഇക്കാക്ക കൊള്ളാവോ ?
കല്യാണപെണ്ണ് മാറിപോവല്ലോ ഐഷൂട്ടി.
എന്നാ ഒരു മൊഞ്ചാ എന്റെ പെണ്ണിന്.
കളിയാക്കുവാണോ ?
അല്ലടി നന്നായിട്ടുണ്ട്. ആരേലും കൊണ്ടുപോയാലോ എന്നൊരു പേടി.
പേടിക്കണ്ടാട്ടൊ ഈ ജന്മം നിങ്ങളെ വിട്ടു ഞാൻ പോകില്ല. അങ്ങനെ ഒന്നും എന്റെ ഇക്കാ രക്ഷപ്പെടില്ല.
വാ നേരമൊത്തിരിയായി. എന്റിക്ക ഇപ്പോൾ അല്ലെ എല്ലാം ഒന്ന് ഒതുങ്ങിയത്. വൈകിട്ട് വരെയുള്ള ഫുഡ് റെഡി. പിന്നെ ക്ലീനിങ്ങും കഴിഞ്ഞു. അല്ലാതെപോയാൽ ഇങ്ങടെ ബീപാത്തു എന്നെ പത്തിരി ചുടുന്നപോലെ ചുട്ടെടുക്കും.
ശെരിയാണ് മൻസൂറിന് അറിയാം ഉമ്മ ഇത്തിരി സ്ട്രിക്ട് ആണ് ഇണങ്ങിയാൽ നക്കി കൊല്ലും പിണങ്ങിയാൽ പറയണ്ട.
ഇക്കാ എന്താ ഓർക്കുന്നത്. ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ ടെൻഷൻ അടിക്കണ്ട. ഇങ്ങളുടെ സമാധാനം കളഞ്ഞൊരു വഴക്കും ഞാൻ ഉണ്ടാക്കില്ല. പോരെ ?
മതി ഐഷു ഉമ്മാടെ കയ്യിൽ നിന്നും മോളെ മേടിക്കു. അവളെ ഒരുക്കണ്ടേ ?
അവൾ ആദ്ധ്യേ ഒരുങ്ങി.
പറഞ്ഞുതീർന്നില്ല ഇളംനീല ഫ്രോക്കിൽ ഒരു സുന്ദരി പാവയായി മിന്നൂസ് ഓടിയെത്തി.
ഓ രണ്ടുപേരും ഒത്തൊണ്ട അല്ലേ ഞാൻ മാത്രം പച്ച.
അതെ പോകുന്ന വഴി ഒരു നീല ഷർട്ട് എടുത്താല്ലോ ? ഒന്നുപൊടി അന്റെ മാമിടെ മോളുടെ വളയിടിലിനു ഇതൊക്കെ ധാരാളം.
എന്ന പോവാം….
ഇറങ്ങാനായി മുറ്റത്തെത്തി കാറിൽ കേറിയതും ഉമ്മാ വിളിക്കുന്നു.
ഉപ്പക്കൊരു അസ്വസ്ഥത. ഉപ്പാക്ക് വയ്യാത്ത കൊണ്ടു ഉമ്മയും വരുന്നില്ല എന്ന് വെച്ചതാ. ഇനി എന്തു ചെയ്യും ?
തിരിച്ചിറങ്ങി ഉപ്പയുടെ റൂമിൽ എത്തിയപ്പോൾ ഉമ്മാ പരിഭ്രമിച്ചു നില്കുന്നു.
മോനെ വണ്ടിയെടുക്കു ആശുപത്രിയിൽ കൊണ്ടുപോകാം..
പിന്നെ ഒന്നും പറയാൻ തോന്നിയില്ല ഇക്കാ ഉപ്പയുമായി ആശുപത്രിയിലേക്ക്, കൂടെ ഉമ്മയും പോയി. കുഞ്ഞു വഴക്കുണ്ടാകുമെന്നതിനാൽ ഐഷൂട്ടിയെ വീട്ടിൽ നിർത്തി.
ഒത്തിരി വിഷമത്തോടെ പുതിയ ചുരിദാർ മാറവെ ആശുപത്രിയിൽ നിന്നും ഫോൺ. ഐഷു, ഉപ്പാക്ക് കുഴപ്പമില്ല ഗ്യാസിന്റെ പ്രോബ്ലെമാ ഞങ്ങളിപ്പോ തിരിച്ചു വരും. ഉമ്മാടെ കയ്യിൽ കൊടുക്കാം. ഹലോ ഐഷു, ഉപ്പാക്ക് വയ്യെന്നറിഞ്ഞു താഹിറയും പുയാപ്ലയും വരും. ഗൾഫീന്നു വന്നിട്ട് ആദ്യായിട്ട് വരുവല്ലേ പുയാപ്ല. നീ ഇത്തിരി ബിരിയാണി വെക്കാൻ എല്ലാം എടുത്തുവെക്കു ഞാൻ ഇപ്പൊ വരാം.
എന്താ നീ ഒന്നും മിണ്ടാത്തത് ?
ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.ഐഷു ദേഷ്യം കൊണ്ടു കത്തുകയാരുന്നു. ആശിച്ചുമോഹിച്ച ചടങ്ങിനുപോയില്ല അതുപോട്ടെ വിരുന്നൊരുക്കണം പോലും. എന്നെ കൊന്നാലും ചെയ്യില്ല. എന്നെ പറഞ്ഞുവിട്ടോട്ടെ എന്നാലും വേണ്ടില്ല. ഇങ്ങനെ ഉമ്മാടെ എല്ലാ തോന്ന്യാസങ്ങളും അംഗീകരിച്ചു കൊടുക്കാൻ ആയിരം എപ്പിസോഡ് തികച്ച മെഗാസീരിയലിലെ നായിക ഒന്നുമല്ല ഞാൻ. എന്നാലും ഇക്കയും കൂട്ടുനിൽകുന്നല്ലോ ?ഇക്കാക്ക് പറയാൻ ബുദ്ധിമുട്ട് ആയതുകൊണ്ടല്ലേ ഉമ്മയെ കൊണ്ടു പറയിച്ചതു . എല്ലാം ഒരുപോല ഉമ്മാടെ അല്ലേ മോൻ പിന്നെ എങ്ങനെ മോശമാവും.
റൂമിൽ കയറി മിന്നൂസിന് പാല് കൊടുക്കവേ ഫോണിൽ കാൾ വരുന്നുണ്ട് വീട്ടിൽ നിന്നും. എടുത്തില്ല ഇപ്പൊ എടുത്താൽ എല്ലാരും അറിയും. ആങ്ങളക്ക് മാത്രം ഒരു മെസ്സേജ് വിട്ടു കാര്യം ചുരുക്കി എഴുതി. മാമിടെ മകൾ വാട്സ്ആപ്പ്, മെസ്സഞ്ചറിൽ ഒക്കെ മെസ്സേജ് അയക്കുന്നുണ്ട്. കണ്ടില്ലെന്നു വെച്ചു കണ്ണുപൂട്ടി കിടക്കുമ്പോൾ കണ്ണീർ ചാലിട്ടൊഴുകി.
അധികം താമസിച്ചില്ല ഉപ്പയുമായി എല്ലാരും എത്തി. ഉപ്പയോട് അസുഖവിവരങ്ങൾ അന്വേഷിക്കവേ ഉമ്മാ അടുക്കളയിലോട്ടു കേറിയിട്ടു പാഞ്ഞു വന്നു.
എന്തെടുക്കുവാരുന്നടി.? കെട്ടിലമ്മേ.
ഒന്നും മിണ്ടാതെ ഫോൺ വെച്ചപ്പോ ഞാൻ നിരുവിച്ചതാ നീ ഒന്നും ചെയ്യില്ലെന്ന്. ഡി അന്തസുള്ള കുടുംബത്തിൽ നിന്നും പെണ്ണ് എടുത്തില്ലേൽ ഇതിലപ്പുറവും നടക്കും. അഹങ്കാരി കണ്ടോടാ അച്ചിക്കോന്താ നിന്റെ മറ്റവടെ അഹമതി..ഇക്കാ ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങവേ ഒരു കാർ പോർച്ചിൽ എത്തി. ഡോർ തുറന്ന് താഹിറയും പുയാപ്ലയും.
അവരെ കണ്ടതും ഉമ്മാ പെട്ടന്നങ്ങു മാറിപ്പോയി. നിറഞ്ഞ ചിരിയുമായി മരുമോനെ സ്വീകരിച്ചു.
എന്താ ഐഷു നീ പോയില്ലേ ഇതുവരെ ?താഹിറ ഇത്തയുടെ ചോദ്യത്തിന് ഉമ്മയാണ് മറുപടി പറഞ്ഞത്.എവിടെ പോകാനാ മോളെ ഉപ്പാക്ക് ഇങ്ങനിരിക്കുമ്പോ…
ഉപ്പാക്ക് ഒരു കുഴപ്പവും ഇല്ലാനല്ലേ ഡോക്ടർ പറഞ്ഞത് പിന്നെ എന്താണ് പ്രശ്നം. സമയം കളയണ്ട നീ വേഗം ഒരുങ്ങു.
ഐഷു പരുങ്ങലോടെ ഉമ്മയെ നോക്കി…ഇത്താത്ത അത്..
ഒന്നുമില്ല പോയി ഒരുങ്ങു ഐഷു എന്തേലും ഉണ്ടേൽ ഞാനും ഇക്കയും ഇവിടുണ്ടല്ലോ. ഐഷുവിനെ ഒരുങ്ങാൻ പറഞ്ഞുവിട്ടു എന്തോ പറയാൻ വന്ന ഉമ്മയെ വലിച്ചു അകത്തോട്ടു കൊണ്ടുപോയി താഹിറ. ഉമ്മാ നിങ്ങൾ അവളോട് വഴക്കുണ്ടാക്കിയല്ലേ ?
അവളാകെ കരഞ്ഞു ഒരു പരുവമായല്ലോ. ഉമ്മാ പഠിച്ച പെൺകുട്ടിയാണ് അവൾ എന്നിട്ടും നിങ്ങക്കൊക്കെ വേണ്ടി ഈ വീട്ടിലെ കാര്യങ്ങളും നോക്കി പരാതിയില്ലാതെ ജീവിക്കുന്ന അവളെ ദ്രോഹിച്ചാൽ റബ്ബ് പൊറുക്കൂല. ഇങ്ങടെ ആങ്ങളയുടെ മോളുടെ വളയിടിലിനു ഇങ്ങള് മൂന്നുദിവസം മുന്നേപോയില്ലേ ഞങ്ങളൊക്ക തലേന്നും. പിന്നെ അവക്ക് മാത്രമെന്താ വേറൊരു നിയമം. ഉമ്മാ കാലം മാറി ഈ മൂശേട്ട സ്വഭാവം മാറ്റിയില്ലേൽ ആ പെണ്ണ് അവടെ പാട്ടിനു പോകും ഇപ്പൊ അതൊക്കെയാണ് എല്ലായിടത്തും നടക്കുന്നത് അതോണ്ട് ഇങ്ങള് ഇത്തിരി ഒതുങ്ങുന്നത് നല്ലതാ . ഇല്ലേ ആദ്യം നിങ്ങൾക്കു നേരെ തിരിയുക സ്വന്തം മോൻ തന്നെയാവും. എല്ലാം സമാദാനത്തിന് വേണ്ടി സഹിക്കുകയാണ് മൻസൂർ അത് മുതലെടുക്കരുത്. ഇനി ഇങ്ങള് എന്തേലും പറഞ്ഞാൽ എന്റെ കെട്ടിയോന്റെ മുന്നിൽ ഞാനും നാണം കെടും..
ഉമ്മറത്ത് നിൽക്കുന്ന മൻസൂറിന്റെ തോളിൽ തട്ടി താഹിറയുടെ കെട്ടിയോൻ. അളിയോ മാതാപിതാക്കൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നുകരുതി പ്രായമായ അവരുടെ എല്ലാ പിടിവാശിയും അതേപടി അനുവദിച്ചുകൊടുക്കാതെ തിരുത്താനും ആൺമക്കൾ തയ്യാറാവണം ഇല്ലേൽ ചിലപ്പോൾ തകരുക സ്വന്തം ജീവിതമാകും.
ഒരുങ്ങി യാത്ര പറയവേ താഹിറ പറഞ്ഞു അതെ ഐഷു, ഉമ്മാ പറയുന്നു ഇന്നിപ്പോ ഇത്രേം നേരമായില്ലേ നീ വീട്ടിലും കേറി നാളെ വന്നാൽ മതിയെന്ന്. ഇല്ലേ ഉമ്മാ ?
അതെ മോളെ നാളെ വന്നാൽ മതി…
കേട്ടത് വിശ്വസിക്കാനാവാതെ ഐഷു കുഞ്ഞുമായി വണ്ടിയിൽ കയറി പോവുമ്പോൾ ഉമ്മാ മുഖം വീർപ്പിച്ചു അടുക്കളയിലോട്ടും പോയി..
ചിരിച്ചോണ്ട് നിൽക്കുന്ന കെട്ടിയോനെ കസേരയിൽ പിടിച്ചിരുത്തി പത്രമെടുത്തു കൊടുത്തു താഹിറ. ഇങ്ങള് ഇത് വായികുമ്പോഴേക്കും ബിരിയാണി റെഡി.
പോകാൻ തുടങ്ങിയ താഹിറയുടെ കയ്യിൽ പിടുത്തമിട്ടു തന്നിലേക്ക് അടുപ്പിച്ചു അയാൾ ചോദിച്ചു ഡി നീ കൊള്ളാലോ ? എന്റെ ഇക്കാ ഒരു സഹോദരിയില്ലാത്ത അവൾ ഈ വീട്ടിൽ വന്നതുമുതൽ എന്നെ കാണുന്നത് നാത്തൂൻ ആയല്ല അവളുടെ ഇത്താത്ത ആയിട്ടാണ്. കാർക്കശ്യവും പിടിവാശിയുമുള്ള ഉമ്മയോടൊപ്പം ഞാനും കൂടി നിന്നാൽ ആ പെണ്ണ് തകർന്നു പോകും. ഉമ്മാക്ക് അവളുമായി പൊരുത്തപ്പെടാൻ ഇനിയും സമയം വേണ്ടിവരും അതിനിടക്ക് പാരയുമായി ചെന്നാൽ ഉമ്മാ അവളെ കുറേക്കൂടി വെറുക്കും . അങ്ങനെ സംഭവിക്കുമ്പോൾ എന്റെ ആങ്ങള എന്നെ പിന്നെ കൂടപ്പിറപ്പായി കാണുമോ. ഒരു ആങ്ങളമാരും കെട്ടിയോടെ കുറവ് നിരത്തുന്ന പെങ്ങമാരേ സ്നേഹിക്കില്ല വെറുക്കുകയെ ഉള്ളൂ. ഇക്കാ ആകെ ഒരു കൊച്ചു ജീവിതം അതിങ്ങനെ പോരടിച്ചു തീർക്കാതെ സന്തോഷിക്കട്ടെ എല്ലാരും അവളും ഇവിടെ ജീവിക്കാൻ വന്ന കുട്ടിയല്ലേ അവടെ കണ്ണീരു വീണാൽ ഈ കുടുംബം നശിക്കും.
അതും പറഞ്ഞു അകത്തേക്ക് പോകുന്ന താഹിറയെ നോക്കിനിൽക്കവേ അയാൾ ഓർത്തു പെണ്ണിനെ ഏറ്റവും മനസിലാവുന്നതും ഒട്ടും മനസിലാക്കാത്തതും പെണ്ണിന് തന്നെ…..
ശുഭം