രചന: സുമയ്യ ബീഗം TA
അതെ ഞാൻ തന്റേടിയാണ് അഹങ്കാരിയും. ചിലരെന്നെ തന്നിഷ്ടക്കാരി, താന്തോന്നി എന്നും വിളിക്കാറുണ്ട്. വളർത്തു ദോഷമാണ്. കുഞ്ഞു നാളിൽ അത്താഴത്തിനു ഒരുമിച്ചിരിക്കുമ്പോൾ എല്ലാ പാത്രങ്ങളിലും ഒരുപോലെ വിളമ്പി ഏറ്റവും വലിയ മീനിനെ രണ്ടായി പകുത്തു എന്റെയും അനിയന്റെയും പാത്രത്തിൽ വെച്ചു തന്ന എന്റെ അമ്മയിൽ നിന്നാണ് അഹങ്കാരത്തിന്റെ ആദ്യ അക്ഷരങ്ങൾ പഠിച്ചത്. ഒപ്പം കൊണ്ടുനടന്നും ഒരുപോലെ ഉടുപ്പുകൾ, പലഹാരങ്ങൾ വാങ്ങിച്ചു തന്നും അച്ഛനും എന്റെ അഹങ്കാരത്തെ നല്ല രീതിയിൽ പരിപോഷിപ്പിച്ചു.
പഠനകാലത്തു ആണിനേയും പെണ്ണിനേയും വേറെ കാണാതെ സഹപാഠികളും സുഹൃത്തുക്കളും ആയി കാണണമെന്ന് പഠിപ്പിച്ച അദ്ധ്യാപകരും കുറ്റക്കാർ തന്നെ. ഒരുമിച്ചു നടന്നു കൗമാരം ആഘോഷിച്ചപ്പോൾ അഴിഞ്ഞാട്ടക്കാരി എന്നൊരു പേര് വിളിക്കാഞ്ഞ സമൂഹവും എന്നെ നശിപ്പിച്ചു.
അതൊക്കെ കഴിഞ്ഞു കോളേജിലെ ക്ലാസ്റൂമികളിൽ എന്റെ വാദപ്രതിവാദങ്ങൾ മുഴങ്ങി തുടങ്ങിയപ്പോൾ മിടുക്കി എന്ന് തോളത്തു തട്ടി ആ കൂട്ടുകാരും പറ്റിച്ചു..
ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കാനും അന്ധമായ ആചാരങ്ങളെ പുറംതള്ളാനും എന്റെ പുസ്തകങ്ങൾ എന്നോട് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു ഞാൻ വീണ്ടും മണ്ടിയായി. ശാസ്ത്രം ശരി എന്നുപറഞ്ഞതൊക്കെ മനഃപാഠമാക്കി കൺമുമ്പിലുള്ളതിനെയൊക്കെ യുക്തിസഹമായി വിലയിരുത്തി വളർന്നതും തെറ്റായിരുന്നിരിക്കാം.
ഇങ്ങനെയുള്ള എന്നെ ഇതൊന്നും അന്വേഷിക്കാതെ താലി കെട്ടിയ നിങ്ങളെ ഞാൻ പറ്റിച്ചു. അതെന്റെ തെറ്റാണു മനഃപൂർവം അല്ലെങ്കിൽ പോലും എന്റെ വീട്ടുകാരുടെയും.
കല്യാണത്തിന്റെ അന്ന് മോഡേൺ ആയി ഒരുങ്ങിയ ഞാൻ ആദ്യമേ തന്നെ നിങ്ങടെ അമ്മയുടെ കണ്ണിലെ കരടായി. ലിപ്സ്റ്റിക്കിന്റെ ചുവപ്പ് എന്റെ സ്വപ്നങ്ങളുടെ മേലുള്ള രക്തക്കറയാക്കി അവർ മനസ്സിൽ തേച്ചു. അതിന്റെ നിറമോ ഇടേണ്ട വിധമോ നേരത്തെ പഠിച്ചുവെക്കാതിരുന്നത് വല്യ അപരാധങ്ങളിലൊന്ന്.
ഉടുത്ത സാരിയുടെ ഇടയിലൂടെ കണ്ട ശരീരത്തിന്റെ ഇത്തിരി ഭാഗം മറയ്ക്കാതിരുന്നത് മറ്റുള്ളവർ കാണാൻ വേണ്ടി എന്ന വാദത്തിൽ മറുപടി പറയാൻ പോലും പറ്റാത്തവണ്ണം തരിച്ചുനിന്നപ്പോൾ അഴിഞ്ഞാട്ടക്കാരി എന്ന പേര് ചെവിയിൽ തറച്ചു ആദ്യമായി ബന്ധുക്കൾ വക…
ഏറ്റവും നേർമയായ ആഭരണങ്ങൾ അണിഞ്ഞിറങ്ങിയപ്പോൾ, പുതുപ്പെണ്ണു തീരെ നിവർത്തിയില്ലാത്തിടത്തൂന്നു തന്നെ! എന്ന് ഉറപ്പിച്ചു സന്തോഷത്തോടെ സദ്യ ഉണ്ണുന്നവരുടെ കണ്ണുകളെന്നെ ചൂഴ്ന്നിറങ്ങി.
പിറ്റേന്ന് വിരുന്നിനുപോകാൻ വിലകുറഞ്ഞ ചുരിദാറും താലിമാലയും മാത്രം ധരിച്ചപ്പോൾ വരവിന്റെ നെറ്റിപ്പട്ടം പോലൊരു നെക്‌ലേസുമായി വന്ന നാത്തൂനോട് പറ്റില്ല എന്ന് പറഞ്ഞപ്പോൾ തന്നിഷ്ടക്കാരിയും.
കുടുംബക്കാരുടെ മുമ്പിൽ നാണം കെടുത്തിയ മരുമകൾ ആജന്മ ശത്രുവും മാതാപിതാക്കൾ പീറകളും ആയപ്പോൾ മുറിഞ്ഞത് വിവാഹം എന്ന ഉടമ്പടിയിലൂടെ ഉടലെടുത്ത രണ്ടു കുടുംബബന്ധങ്ങൾ .
ആദ്യത്തെ കണ്മണി രാത്രിയിൽ ഉറങ്ങാതെ കരഞ്ഞപ്പോൾ കണ്ണുദോഷം എന്ന് പറഞ്ഞു ഉപ്പും മുളകും ഉഴിയാൻ മടിച്ചപ്പോൾ വീണ്ടും തെറ്റുകാരി. പാൽമണം തേടിയെത്തിയ അരിയുറുമ്പുകൾ ബെഡ്ഷീറ്റോടെ വെളിയിലേക്കു എറിയപെട്ടപ്പോൾ സുഖമായി ഉറങ്ങിയ മകൾക്കരികിൽ ഞാനും നെടുവീർപ്പുകളും വിശദീകരണം കൊടുക്കാതെ.
തീർന്നില്ല ഇഷ്ടമുള്ള വസ്ത്രങ്ങൾ ഭർത്താവിനെകൊണ്ട് വാങ്ങിപ്പിച്ചപ്പോളും ഇടക്കൊക്കെ പിറന്നാൾ സമ്മാനം എന്ന പേരിൽ കുറച്ചു പൊന്ന് എടുത്തപ്പോളും ആർഭാടക്കാരിയായി…
മക്കളുമായി വല്ലപ്പോഴും കറങ്ങാൻ പോയപ്പോളും കൊതിയുള്ള ഭക്ഷണം വീട്ടിൽ ഉണ്ടാക്കാൻ പഠിച്ചപ്പോളും നിർവചനങ്ങൾ ഏറി.
ഭർത്താവിന്റെ കാൺകെ തന്നെ പോക്കറ്റിൽ നിന്നും പൈസ എടുത്തു ചിട്ടി കൂടിയപ്പോൾ, ഡ്രൈവിംഗ് പഠിച്ചപ്പോൾ, എന്തുകാര്യത്തിലും ചോദിക്കാതെ തന്നെ അഭിപ്രായം പറഞ്ഞപ്പോൾ ഒക്കെ മോശക്കാരിയായി.
അതൊക്കെ സഹിച്ചപ്പോളും നിങ്ങടെ തണൽ, സ്വാന്തനം അതെനിക്ക് കരുത്തായി. പക്ഷേ ഇന്ന് ആശിച്ചു മോഹിച്ചു സ്വന്തമാക്കിയ ജോലിക്കു ജോയിൻ ചെയ്യാനുള്ള ഉത്തരവ് വന്നപ്പോൾ ഞാൻ ഒറ്റപെട്ടു. പേരുകേട്ട കുടുംബത്തിലെ മരുമകൾ നക്കാപ്പിച്ച ശമ്പളത്തിന് അങ്ങേ അറ്റത്തുള്ള ഓണം കേറാമൂലയിൽ ചെരക്കണ്ടെന്ന പൊതു തീരുമാനത്തിൽ നിങ്ങളും മൂകനായപ്പോൾ ഒറ്റക്കായിപ്പോയി ഞാൻ. സ്വകാര്യതയിൽ കാലുപിടിച്ചു കേണപ്പോൾ ഇനിയും പെൺകോന്തനായി ജീവിക്കാൻ വയ്യെന്ന മറുപടി എന്നെ ഭ്രാന്തിയാക്കി. അപ്പോൾ ഈ കാലമത്രയും എനിക്ക് മുന്നിൽ അഭിനയിച്ച നിങ്ങളെ ഞാൻ വെറുക്കാൻ ശ്രെമിച്ചു.
പോകുകയാണ് മക്കളുമായി ഞാൻ . നിങ്ങൾ ചാർത്തിയ താലിയുമായി… എല്ലാ അപവാദങ്ങളും ശരിയെന്നു തെളിയിച്ചുകൊണ്ട്. മാപ്പ്…