അടരുന്ന മൊട്ടുകൾ ~ രചന: സുമയ്യ ബീഗം TA
………………………………..
എന്റെ ടീച്ചറെ നിങ്ങൾ ഞങ്ങളെയൊക്കെ ഇങ്ങനാക്കി അവരെങ്കിലും സമാധാനത്തോടെ ലൈൻ അടിക്കട്ടെ!ഇതും പറഞ്ഞു സുട്ടു ജനൽ അടയ്ക്കുമ്പോൾ ഉള്ളിൽ ചിരി പൊട്ടി എങ്കിലും പുറമെ ഗൗരവം നടിച്ചു.
നിന്റെ സീറ്റിൽ പോയി ഇരിക്കെടാ എന്ന് പറഞ്ഞു അവനെ ഓടിച്ചു……
കുട്ടികൾക്ക് ആക്ടിവിറ്റി കൊടുത്തു ജനലിലൂടെ പുറംലോക കാഴ്ചകളിൽ മുഴുകുമ്പോൾ കണ്ണിൽ പെട്ടതായിരുന്നു പ്ലസ് ടുവിലെ ഇണകുരുവികളെ…. ആ കൊക്കുരുമ്മലും ചിലപ്പും ആസ്വദിച്ചിരിക്കുമ്പോളാണ് സുട്ടു ജനാല അടച്ചത്. അതിനു കാരണമുണ്ട് കഴിഞ്ഞ ദിവസം ക്ലാസ്സിൽ ഒരു ലവ് ലെറ്റർ ഞാൻ തപ്പിഎടുത്തിരുന്നു. പോരാത്തതിന് ക്ലാസ്സിലെ ജോഡികളെയൊക്കെ എഴുന്നേൽപ്പിച്ചു ഒരു വാർണിംഗും.. അതിന്റെ മുറുമുറുപ്പാണ്.
മൊട്ടേന്നു വിരിഞ്ഞോന്നു ചോദിച്ചാൽ അവന്മാര് വേറെ വല്ലതും പറയും അതുകൊണ്ട് അതുവേണ്ട. പ്രായം പതിമൂന്നു തികയുന്നേ ഉള്ളൂ എല്ലാത്തിനും കുടുംബം വരെയായി….
ഒരക്ഷരം പോലും ശെരിക്കും എഴുതാൻ അറിയാത്തവനും ലൈൻ. അതും ഏറ്റവും സമർത്ഥയായ ക്ലാസ്സ്‌മേറ്റ്. എന്റെ കൊച്ചേ നിനക്കിവനെ കിട്ടിയുള്ളോ എന്ന് ചോദിച്ചപ്പോൾ സഡൻ റിപ്ലൈ ചെക്കൻ വക, ടീച്ചറേ ലുക്കിലല്ല വർക്കിലാണ് കാര്യം എന്ന്. പകച്ചുപോയി എന്റെ ബാല്യം….. അപ്പോൾ ഗേൾസ് വക… മോശമായിപ്പോയി ടീച്ചറേ അവനെ അങ്ങനെ കളിയാക്കണ്ടാരുന്നു എന്ന്.
ഞാൻ മോശക്കാരി….. കലികാലം !
ഓരോന്നോർക്കവേ സുട്ടുവിന്റെ അടുത്ത ഡയലോഗ്, അതെ ടീച്ചർ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ?
എന്റെ കുഞ്ഞേ ഒരു പ്രായത്തിൽ എല്ലാരും അങ്ങനൊക്കെ തന്നെയാ, എന്നുകരുതി ഇഷ്ടം തോന്നിയവരുടെ ഒക്കെ പിറകെ നടന്നു പഠിത്തവും ജീവിതവും കളയില്ല.സ്വയം നിയന്ത്രിച്ചാൽ വലുതാകുമ്പോൾ അവനവനു ചേരുന്ന ഒരാളെ സ്വന്തമാക്കാം.
അപ്പൊ ടീച്ചർ ഭർത്താവിനെ പ്രേമിച്ചു കെട്ടിയതാണ് അല്ലേ ?
അത്രയും ആയപ്പോൾ ദേഷ്യം വന്നു.
സുട്ടു.. നീ എഴുതിയത് കൊണ്ടു വാ.
ചെയ്തില്ല ടീച്ചറേ.
യൂ സ്റ്റാൻഡ് അപ്പ്
എപ്പോ ചെയ്തു കഴിയുന്നോ അന്നേരം ഇരുന്നാൽ മതി.
പ്ലീസ് ടീച്ചറേ…
ഒന്നുമില്ല വാചകത്തിനു ഒരു കുറവും ഇല്ലല്ലോ അപ്പൊ ഇത്തിരി നിൽക്കുന്നതും നല്ലതാ.
എഴുന്നേറ്റു നിന്ന് ചിരിച്ചോണ്ട് എഴുതുന്ന അവനെ കണ്ടപ്പോൾ എനിക്കും ചിരിപൊട്ടി എങ്കിലും മൈൻഡ് ചെയ്തില്ല. ഒന്ന് താഴ്ന്നു കൊടുത്താൽ തലയിൽ കേറും.
ബെൽ അടിച്ചപ്പോൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപോകവേ അവൻ പുറകെ വന്നു..
ശെരിക്കും ടീച്ചർ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ?
സുട്ടു……..
ഒന്നമർത്തി വിളിച്ചതും ചിരിച്ചോണ്ടവൻ ഓടിപ്പോയി.
കാണാൻ സുന്ദരനായ എപ്പോളും തമാശകൾ പറയുന്ന നിഷ്കളങ്കനായ സുട്ടു. ശെരിക്കും അവന്റെ പേര് അതല്ല എങ്കിലും അദ്ധ്യാപകരും കുട്ടികളും അവനെ വീട്ടിലെ പേരാണ് വിളിക്കുന്നത് അത്രത്തോളം അവൻ എല്ലാർക്കും പ്രിയങ്കരൻ.
ഇതൊരു ഫ്ലാഷ് ബാക്ക് ആണ്. B. Ed പഠന കാലത്ത് ട്രൈനിങ്ങിനു ചെന്ന ഗവണ്മെന്റ് സ്കൂളിൽ തന്നെ ഗസ്റ്റായി ഏതാനും മാസം ജോലി കിട്ടി. അതുകഴിഞ്ഞും ഇടയ്ക്കു അവിടെ പഠിപ്പിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം സുട്ടുവുമായി കൂടുതൽ അടുത്തു.
ഒരു മൂന്നു വർഷത്തെ പരിചയം.
ക്രിസ്മസ്, ന്യൂ ഇയർ, വെക്കേഷൻ എന്നൊക്കെ കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒറ്റ ഡയലോഗ് ആണ് പൊളിക്കണം. ഈ ക്രിസ്മസ് എനിക്കും അങ്ങനെ തന്നെ. മക്കളുമായി സ്വന്തം വീട്ടിൽ പോയി അവധി ആഘോഷിച്ചു. ഒന്ന് രണ്ടു ഫോട്ടോ fbyilum ഇട്ടു മറ്റുള്ളവരെയും കാണിച്ചു, അപ്പൊ കിട്ടുന്ന ഒരു റീലാക്സേഷൻ !
അങ്ങനെ ക്രിസ്മസ് കഴിഞ്ഞു ന്യൂ ഇയർ തലേന്ന് പ്രിയതമൻ വണ്ടിയുമായി വന്നു കൂട്ടികൊണ്ട് പോവാൻ. ഒന്ന് രണ്ടു തവണ ന്യൂ ഇയർ ആലപ്പുഴ ബീച്ചിൽ ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഇളയ കുഞ്ഞ് ഉണ്ടായതിൽ പിന്നെ രാത്രി യാത്ര ഒക്കെ കുറച്ചിരിക്കുകയാണ് കാരണം ലവൻ പുലിയാ. ഒരു മനഃസാക്ഷിയുമില്ലാതെ വഴക്കുണ്ടാക്കി നമ്മളെ ഒരു പരുവം ആക്കും. അതുമാത്രല്ല ഈ ആൾക്കാര് കൂടുന്ന സ്ഥലങ്ങളിൽ ആരെങ്കിലും ബോംബ് വെച്ചാലോ ഒരു സുനാമി വന്നാലോ എന്നൊക്കെ എനിക്കൊരു പേടി. നമ്മുടെ ഓഖി impact. പിന്നെ നമ്മുടെ ആള് കടയിൽ നിന്നിറങ്ങണേൽ രാത്രി 10ആകും പിന്നെ എന്തോന്ന് ആഘോഷിക്കാനാ. എല്ലാം കൊണ്ടും പുറത്ത് പരിപാടി ഒന്നും വേണ്ടാന്ന് വെച്ചു. എങ്കിലും ഒരു സങ്കടം എല്ലാരും ആഘോഷത്തിനുള്ള ഒരുക്കമാ. എന്നാപ്പിന്നെ വൈകിട്ട് കുറച്ചു പടക്കം വാങ്ങി മക്കൾസുമായി പൊട്ടിക്കാം എന്ന് സമാദാനിച്ചു വണ്ടിയിൽ ഇരിക്കവേ ഭർത്താവിന് ഒരു ഫോൺ കാൾ.
വീടിന്റെ അടുത്ത് ആക്‌സിഡന്റ് ഉണ്ടായി, രണ്ടു കൊച്ചുപിള്ളേരെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നിട്ടുണ്ടെന്നു..കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ഇതൊക്കെ പതിവാണ് കാലിനു നീളം വെക്കുന്നതിനു മുന്നേ ഒരു കിണ്ടിയുമായി ഇറങ്ങി വഴിയിൽ നിക്കുന്ന അത്താഴപ്പഷ്ണിക്കാരനെ വരെ ഇടിച്ചു തെറിപ്പിക്കുന്ന ന്യൂ gen.
വീടടുത്തപ്പോൾ മോളുടെ സ്കൂളിന് മുന്നിൽ റോഡിൽ ചോര തളം കെട്ടിക്കിടക്കുന്നു. ഭർത്താവ് വണ്ടി ഒതുക്കി ആ പരിസരം നിരീക്ഷിച്ചു അപകടത്തിന്റെ മൂർദ്ധന്യം കണക്കെടുക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
എനിക്കിതൊന്നും കാണാൻ മേലെ. വീട്ടിൽ എത്തി കാപ്പികുടി ഒക്കെ കഴിഞ്ഞു അമ്മായിഅമ്മയുമായി സൊറ പറഞ്ഞിരിക്കുമ്പോൾ അപകടത്തിന്റെ വിവരങ്ങൾ ഒന്നൊന്നായി കിട്ടി തുടങ്ങി. ഗവണ്മെന്റ് സ്കൂളിലെ പയ്യനാണ്. അതുകേട്ടപ്പോൾ നെഞ്ചിൽ തീയായി. പിന്നെ ഫോൺ എടുത്തു സ്കൂളിലെ കൗൺസിലർ മീര ടീച്ചറേ വിളിച്ചു. അപ്പോഴാണ് അറിയുന്നത് ആക്‌സിഡന്റ് പറ്റിയത് സുട്ടുവിന് ആണെന്ന് തല കറങ്ങുന്ന പോലെ തോന്നി സുട്ടു icu വിൽ.
കടയിലേക്ക് വിളിച്ചു ഭർത്താവിനോട് തിരക്കിയപ്പോൾ നോ ചാൻസ് ആണ്. ബന്ധത്തിലുള്ള ഡോക്ടർ പറഞ്ഞത് ബ്രെയിൻ ഡെത്ത് ആണെന്ന്..പിന്നെ എന്തൊക്കെ സംഭവിച്ചു എന്നറിയില്ല കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്..എന്നേക്കാൾ എന്റെ ഭർത്താവിന് അവനെ ഇഷ്ടമാണ്. ഇത്തവണ പള്ളിയിലെ നബിദിന പരിപാടികളിൽ എല്ലാം അവരൊരുമിച്ചാണ് തകർത്തത്..
ഒരു രാത്രി മൊത്തം ഞങ്ങൾ എല്ലാരും അവനായി പ്രാർത്ഥിച്ചു ഉറങ്ങാതിരുന്നു. പന്ത്രണ്ടുമണിക്ക് ന്യൂ ഇയർ പടക്കങ്ങൾപൊട്ടുമ്പോൾ ആശംസകൾ ഇൻബോക്സിൽ നിറയുമ്പോൾ ഞങ്ങൾ ഉള്ളുരുകി നീറുകയായിരുന്നു.
ഇത്രയും ശപിക്കപ്പെട്ട ഒരു പുതുവത്സരപ്പിറവി ജീവിതത്തിൽ ആദ്യം. പുലർച്ചെ അവൻ പോയി എന്ന വാർത്തയോട് പൊരുത്തപെടാനാവാതെ വിറങ്ങലിച്ചു. കുറച്ചു മാസങ്ങൾ അവനെ പഠിപ്പിച്ച എനിക്ക് താങ്ങാൻ പറ്റുന്നില്ലെങ്കിൽ അവന്റെ ടീച്ചർമാർ, കൂട്ടുകാർ, സഹപാഠികൾ. എത്രയും വേഗം സ്കൂളിൽ ചെല്ലണമെന്നും എല്ലാരേയും കാണാമെന്നും മനസ്സ് വെമ്പി.
സ്കൂളിൽ ചെന്നപ്പോൾ നിറയുന്ന മിഴികളുമായി അധ്യാപകർ ഇത്തിരി നേരം അവരുടെ അടുത്തിരുന്നതിനു ശേഷം അവധി ആയിട്ടും ക്ലാസ്സിൽ വന്നിരിക്കുന്ന സഹപാഠികളുടെ അടുത്തേക്ക് ചെന്നു.. കരയുന്ന കുഞ്ഞുങ്ങളോട് എന്ത് സമാദാനം പറഞ്ഞാണ് ആശ്വസിപ്പിക്കുക…. വാക്കുകളില്ലാതെ അവരുടെ അടുത്തിരുന്നതിനു ശേഷം ഒരു മണി കഴിയുമ്പോൾ സുട്ടുവിനെ കൊണ്ടുവരും നിങ്ങളുടെ അടുത്തേക്ക് എന്ന് മാത്രം പറഞ്ഞു.
കുഞ്ഞ് വഴക്കുണ്ടാക്കുമെന്നതിനാൽ അവനെ സ്കൂളിൽ കൊണ്ടുവരുന്നതിന് കാക്കാതെ കുഞ്ഞുമായി അവന്റെ വീട്ടിലോട്ടു പോയി. അവിടെ കരഞ്ഞു തളർന്നവന്റെ അമ്മ, അച്ഛൻ, വല്യച്ഛൻ, വല്യമ്മ തുടങ്ങി ഒരു നാട് മൊത്തം.
ആ തിരക്കിലും എന്നെ കണ്ടപ്പോൾ അവന്റെ അമ്മ, ടീച്ചറെ.. എപ്പോളും എന്നോട് തിരക്കുമായിരുന്നില്ലേ അവനെ, അവൻ പോയി. വികൃതിയാണേലും അവൻ പഠിക്കുമെന്നല്ലേ എന്നോട് പറഞ്ഞത്….എന്നൊക്കെ പറഞ്ഞു ഉറക്കെ കരയുമ്പോൾ ചങ്കുപൊട്ടി ആ കവിളിൽ തലോടവേ ഒരു ജന്മ വേദന മൊത്തത്തിൽ അനുഭവിച്ചറിഞ്ഞു.
പിന്നെയും കുറേനേരത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഉൾപ്പടെ അലറിക്കരയുന്ന ജനസമുദ്രത്തിലേക്കു ചിരിച്ചോണ്ടവൻ വന്നു ശാന്തനായി ഉറക്കത്തിലെന്ന പോലെ. ഇതെഴുതുമ്പോൾ കണ്ണീരു വീണു കീപാഡ് മങ്ങുമ്പോൾ അറിയുന്നു ഞാൻ അവൻ ഒരിക്കലും പോവില്ല എങ്ങോട്ടും.
ഞാൻ അറിയുകയാരുന്നു രണ്ടു സത്യങ്ങൾ ഒന്ന് ഏതൊരു ആഘോഷത്തിന് പുറകിലും ആരുടെയൊക്കെയോ കണ്ണീർ ഉണ്ട്. ആഘോഷപേകൂത്തിൽ ആ നിലവിളികൾ ഞാൻ എന്നല്ല ആരും അറിയാറില്ല..മറ്റൊന്ന് ഇതിവിടം കൊണ്ടു തീരുന്നില്ല. ഇളംപ്രായത്തിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങി ജീവനും ജീവിതവും ഹോമിക്കാൻ ഇളംതലമുറ ചാവേറായി നിൽക്കുന്നു. സുട്ടു ലിഫ്റ്റ് ചോദിച്ചു ഒരു പതിനെട്ടു വയസു തികയാത്ത പയ്യന്റെ പുറകിൽ കേറി വളവിൽ വെച്ചു ഒരു വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചു കേറുകയാരുന്നു…. ആ പയ്യൻ ആ സമയം വണ്ടിയുമായി വന്നതും ഇവൻ ലിഫ്റ്റ് ചോദിച്ചതും അവൻ കയറ്റിയതും യാദൃശ്ചികം എങ്കിലും അവിടെയും വില്ലൻ കൗമാരക്കാരുടെ അമിത വേഗം, അശ്രദ്ധ ഇത് മാത്രമാണ്..
മക്കളെ പേടിച്ചു മാതാപിതാക്കൾ ജീവിക്കുമ്പോൾ ഇതൊക്കെ അനുദിന സംഭവങ്ങളും പത്രത്തിലെ സാധരണ വാർത്തകളും.
ഇരുട്ടുപരക്കുമ്പോൾ എന്റെ കുഞ്ഞിന് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് എന്നുപറഞ്ഞു ബഹളമുണ്ടാക്കുന്ന അമ്മയോട് എന്ത് സമാദാനം പറയണമെന്നറിയാതെ ഒരച്ഛൻ.ഇനിയുള്ള പുതുവത്സരങ്ങൾ ആഘോഷങ്ങളല്ല എന്റെ സുട്ടുവിന്റെ ഓർമ ദിവസമാണ്… എന്തുപെട്ടെന്നാണ് ജീവിതത്തിൽ നിന്നും ഒരു പൂമൊട്ട് വിടരും മുമ്പേ കൊഴിഞ്ഞത്.
കാലം എല്ലാ വേദനകളും മറവിച്ചുഴിയിൽ താഴ്ത്തും എങ്കിലും ആത്യന്തികമായി നഷ്ടം അതവന് മാത്രമാണ്. സർവ പ്രഭയോടും വാണ്, വിടർന്നു പരിമളം പടർത്തേണ്ട പൂമൊട്ട് മൈലാഞ്ചി തണലിൽ പള്ളി കാട്ടിൽ മയങ്ങുന്നു.
അർധരാത്രി ജനലിലൂടെ മുറ്റത്തേക്ക് നോക്കവേ പകൽപോലെ നിലാവ്. എന്റെ സുട്ടു പേടിക്കാതിരിക്കാനാവാം………….. മറക്കില്ല നിന്നെ ഇപ്പോളും കൺമുമ്പിൽ നീ മാത്രമാണ്………..