മധുരിക്കും ഓർമ്മകളേ…
രചന: Vijay Lalitwilloli Sathya
കുട്ടികളുടെ കൂടെ കളിക്കുമ്പോൾ സ്ഥിരമായി ഒളിച്ചു നിൽക്കുന്ന ആ ബാത്റൂമിലെ മുമ്പിലെത്തിയ അവൾ ആ കാഴ്ച കണ്ട് അമ്പരന്നുപോയി..!
” അയ്യോ അമ്മേ.. “
ഉച്ചത്തിൽ നിലവിളിച്ചു.
പെട്ടെന്ന് ഒരു മനുഷ്യജീവി മുന്നിൽ വന്ന് നിന്ന് അലറുന്നത് കണ്ടപ്പോൾ
ആ യുവാവും ഒച്ചവെച്ചു പോയി.
സജിതയുടെ ജീവിതത്തിൽ ആദ്യമായാണ് പച്ചയ്ക്ക് ഒരു ആണിനെ….
അവൾ കണ്ണുംപൂട്ടി തിരിച്ചോടി.ഏതാണാപ്പാ..സുന്ദരനായ ഈ ഭ്രാന്തൻ…!അവനെങ്ങനെ ഈ വീട്ടിൽ എത്തി. അവൾ ഭയന്ന് ഓടി കിതച്ചു അമ്മയുടെ അടുത്തു ചെന്നു.
കുട്ടികളും കാര്യമറിയാതെ അവളുടെ പിറകെ ഓടിച്ചെന്നു.
“അമ്മ ആരാ അവിടെ….പ്രാന്തൻ ആണോ? “
“എവിടെ? “
അമ്മ ചോദിച്ചു.
“അവിടെ…. അപ്പുറത്തെ പറമ്പിലെ ആ കെട്ടിടത്തിൽ.. “
“ഓ അതോ.. അത് ഒരാൾ അവിടെ വാടകയ്ക്ക് താമസത്തിനു വന്നതാ…!”
“ഒരു കതകു പോലുമില്ലാത്ത വർക്ക് ഫിനിഷ് ആവാത്ത വീട്ടിലോ?”
“ഓ…. കതകുകൾ ഒക്കെ ഇന്ന് വൈകിട്ട് വെച്ചുപിടിപ്പിക്കുമെന്നു കെട്ടിട ഉടമ പറയുന്നത് കേട്ടു….വെള്ളവും മറ്റു സൗകര്യങ്ങൾ ഒക്കെ ഉണ്ടല്ലോ”
“അയ്യോ..”
അവൾക്ക് ആകെ ടെൻഷനായി.
“എന്താ കാര്യം”
അമ്മ ചോദിച്ചു, അതെങ്ങനെ പറയും അവൾ മൗനം ഭജിച്ചു.
ഇരുട്ടത്ത് കിട്ടി അടിയാ, പറയാൻ കൊള്ളില്ല. മകൾ അവിടെ ആളനക്കം കണ്ടു ചോദിച്ചതാണ് എന്നാ അമ്മ കരുതിയത്.
“എന്താ ചേച്ചി” കുട്ടികൾ ഒന്നടങ്കം ചോദിച്ചു.
“ഏയ് ഒന്നുമില്ല..”
ആ കാഴ്ചയുടെ ആഘാതത്തിൽ തരിച്ച് അങ്ങനെ ഇരിക്കുന്ന അവൾ ഓർത്തു…..
ഇത്തിരി മുമ്പാണ് ഈ കുരിപ്പുകൾ തന്റെ പിറകേ കൂടിയത്
കോളേജ് വിട്ടു വന്ന സജിതയ്ക്കു ചുറ്റും അപ്പുവും ഉണ്ണിക്കുട്ടനും മീനുവും കൂടി നിന്ന് ഒരു കാര്യം ഉണർത്തിക്കാൻ വട്ടം കൂട്ടുകയാണ്.
അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലെ മാവിൽ കണ്ണിമാങ്ങ ഉണ്ട്. അത് കണ്ടിട്ട് പറിച്ചു തിന്നാൻ വേണ്ടി കൊതിയൂറി സജിത ചേച്ചിയുടെ ഹെൽപ്പ് തേടിയാണ് നിൽപ്പ്.
“സജിതേച്ചിയെ എത്ര നേരായി ഞങ്ങൾ കാത്തിരിക്കുന്നത്.!”
“എന്താടാ മക്കളെ കാര്യം.. ഇന്നലത്തെപ്പോലെ ഒളിച്ചു കളിക്കാൻ ആണോ?”
“കളിക്കണം പക്ഷേ….അതേയ്…. ചേച്ചിക്ക് മാങ്ങ ഇഷ്ടമല്ലേ “
“ആണല്ലോ?’ അപ്പോൾ അപ്പു പറഞ്ഞു.
“ചേച്ചി നമ്മൾ കളിക്കുന്ന പറമ്പിലെ മാവിൽ മാങ്ങപരൽ ഉണ്ട്.നമുക്ക് ഇന്ന് അത് പറിച്ചു തിന്നാം ചേച്ചി.”
അയ്യോ എന്നെ കൊണ്ടൊന്നും പറ്റില്ല അതിൽ അപ്പടി ഉറുമ്പാണ് മക്കളെ.. മാങ്ങ പറിക്കുമ്പോൾ അതൊക്കെ കാലിൽ കയറി മേലോട്ടു വന്നാൽ ചേച്ചിക്കു മരത്തിൽ നിന്നും താഴേക്ക് ചാടേണ്ടി വരും.”
” ങേ “
കുട്ടികൾ അത് കേട്ട് അന്തം വിട്ടു.
“ഉറുമ്പ് അത്രയ്ക്കും അപകടകാരിയാണോ.?”
“ചെല്ല് അപ്പോൾ അറിയാം”
സജിത കൈയൊഴിഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു
” ഒളിച്ചുകളിയാണെങ്കിൽ ഫുഡ് കഴിഞ്ഞു ഞാൻ കൂട്ടുകൂടാം”
“എന്നാൽ ഒളിച്ചുകളി എങ്കിൽ ഒളിച്ചു കളി.”
എല്ലാവരും സമ്മതിച്ചു.
അപ്പുകുട്ടൻ ഒന്ന്… രണ്ട്..മൂന്ന്…എന്നിങ്ങനെ എണ്ണുകയാണ്.
സജിതയും ഉണ്ണിക്കുട്ടനും മീനുവും ഒളിച്ചു നിൽക്കാൻ ഓരോരോ സ്ഥലം നോക്കി ഓടുകയായിരുന്നു. ആ കെട്ടിടത്തിനുള്ളിലെക്ക് ഒളിച്ചിരിക്കാൻ….പമ്മിപ്പമ്മി ബാത്റൂമിൽ അരികിലെത്തിയപ്പോളാണ് ആ ദർശന സൗഭഗം അവൾക്ക് നേരിടേണ്ടി വന്നത്.
അന്ന് വൈകിട്ട് അപ്പുറത്തെ വീട്ടിൽ നിന്ന് തട്ടലും മുട്ടലും കേട്ടപ്പോൾ അവൾക്ക് മനസ്സിലായി കാർപെൻഡർ വന്നു ഡോറുകൾ ഫിറ്റ് ചെയ്യുകയാണെന്ന്.
പേടിസ്വപ്നങ്ങളോ പനിയോ ഒന്നുമില്ലാതെ രാത്രി കടന്നുപോയി.
രാവിലെ കോളജിലെക്കൊരുങ്ങി പുറപ്പെട്ടപ്പോൾ.
ദേ നിൽക്കുന്നു ആ യുവാവ് സമ്പൂർണ്ണ വസ്ത്രധാരിയായി മുമ്പിൽ.എന്തിന് ദൈവം തന്നെ ഇങ്ങനെ നാണം കെടുത്തുന്നത് എത്ര സമയം ഉണ്ടായിരുന്നു നേരം വെളുത്തിട്ടു… താൻ കോളേജിൽ പോകാൻ ഇറങ്ങണ ഈ നേരം തന്നെ ഇയാൾ മുമ്പിൽ വരുത്തണമായിരുന്നോ……
“ഹലോ… ഹായ്…കുട്ടി അപ്പുറത്തു വീട്ടിലാ..”
അയാൾ തിരിഞ്ഞുനിന്നു പുഞ്ചിരിച്ചു ചോദിച്ചു.
അവൾ അയാളെ പാളിനോക്കി…..ഉണ്ട് ഉണ്ട് അയാളുടെ ചുണ്ടിൽ ഒരു വളിച്ച പുഞ്ചിരി ഉണ്ട്. അത് അവളെ കൂടുതൽ ദുർബലയാക്കി . ഉള്ളിലെവിടെയോ ഒരു ആന്തൽ. അടിവയറ്റിൽ മഞ്ഞുരുകുന്നു എന്നൊക്കെ പറയുന്നപോലെ…ശോ കഷ്ടം.
അവൾ ഒന്നും മിണ്ടിയില്ല ഇയാളുടെ പിറകെ മുന്നോട്ടു നടക്കണോ… അതോ ഇവിടെ തങ്ങി നിന്ന് അല്പം കഴിഞ്ഞു പോകണോ.. ഉദ്ദേശിച്ചപോലെ ഭ്രാന്തൻ ഒന്നുമല്ലല്ലോ.. അമ്മാതിരി ഭയം കാണിക്കുന്നത് ശരിയല്ല.
ഫാൻസും ഷർട്ടും ധരിച്ച് അടിപൊളി കുട്ടപ്പൻ ആയ ഒരു ഫ്രീക്കൻ പയ്യൻ…ഇവൻ എന്തിനാ ആ കെട്ടിടത്തിൽ താമസത്തിന് വന്നത്.. എന്തായിരിക്കും ജോലി…ഒക്കെ അറിയണമെന്നുണ്ട്.
നാണം കൊണ്ടു വശം കെട്ടു പതുക്കെ പതുക്കെ നടക്കുകയാണ് അവൾ അയാൾക്ക് പിറകിൽ. “ഹലോ…. ഞാൻ പറയാം പല സംശയങ്ങളും ഉണ്ടാവും അല്ലേ…?”
“എന്റെ പേര് രജിത്ത്.കണ്ണൂരിൽ ആണ് സ്ഥലം…ഇവിടുത്തെ എൽപി സ്കൂളിൽ മാഷ് ആയിട്ട് വന്നതാ…ആദ്യ പോസ്റ്റാണ്… എവിടെയും നിന്നിട്ടുള്ള പരിചയമൊന്നുമില്ല.ഈ കെട്ടിട ഉടമയെ വഴിയിൽവെച്ച് ഇന്നലെ ഒരാൾ പരിചയപ്പെടുത്തി തന്നതാണ്…വന്ന് നോക്കിയപ്പോൾ അന്തരീക്ഷം കൊള്ളാം എന്ന് തോന്നി.. കതകുകളൊക്കെ അയാൾ ഇന്നലെ വൈകിട്ട് ഫിറ്റ് ചെയ്തു തന്നു…
ഇന്നലെ ഉച്ചയ്ക്കു അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു.നന്നായി വിയർത്തു അതുകാരണം ഒന്നും മേൽ കഴുകാൻ കയറിയതായിരുന്നു. അപ്പോഴാണ് കുട്ടി കയറിവന്നത്. കുട്ടികളുടെ കൂടെ അവിടെയാണ് കളിക്കാറ്..അല്ലേ?”
അവൻ അവന്റെ കാര്യങ്ങളെല്ലാം എല്ലാം പറഞ്ഞതിന് ശേഷം വീണ്ടും അതിന്റെ കൂടെ അത് ഓർമിപ്പിക്കുന്ന അവന്റെ ഒരു കുസൃതി ചോദ്യം കൂടി…
പക്ഷേ അവൾക്കു വാക്കുകൾ ഒന്നും പുറത്തു വരുന്നില്ല.
താൻ എന്തിനാണ് നാണിച്ചു ഇരിക്കുന്നത്. ഈ കുരിപ്പിനു അത് ഇല്ലല്ലേ.ഇവനല്ലേ നാണം വേണ്ടത്…പിന്നെ പതുക്കെ മുഖത്തുനോക്കി. ഒന്ന് പുഞ്ചിരിച്ചു.
“ഹോ ആശ്വാസമായി” അവൻ പറഞ്ഞു നടന്നു നീങ്ങി. അയ്യേ ഒരു ആശ്വാസം അവൾ മനസ്സിൽ കരുതി.
“രജിത് സർ എനിക്കും വേണം മാങ്ങാ ” അപ്പു പറഞ്ഞു.
“ഉണ്ണിക്കുട്ടനും വേണം മാഷേ.”. ഉണ്ണിക്കുട്ടനും പറഞ്ഞു.
“എനിച്ചും വേണം”
മീനു മോളും ചിണുങ്ങി കൊണ്ട് പറഞ്ഞു.
കണ്ണിമാങ്ങ കുലകൾ സഞ്ചിയിലാക്കി രജിത്ത് മാവിൽനിന്നും പതുക്കെ താഴെ ഇറങ്ങി. ആവശ്യപ്പെട്ട എല്ലാവർക്കും നൽകി.
“ഈക്കൂല നിങ്ങളുടെ സജിത ചേച്ചിക്ക് കൊടുക്കണം കേട്ടോ”
രജിത്ത് കുട്ടികളുടെ കൈവശം സജിതയ്ക്കും ഒരുകുല മാങ്ങ നൽകി പറഞ്ഞു.
സജിതയുടെ അമ്മ ആ മാങ്ങാ നല്ലൊരു ഭരണിയിൽ ഇട്ടു വച്ചു ഒടുവിൽ മാങ്ങ അച്ചാർ ഉണ്ടാക്കി. ഓരോ മാങ്ങാകഷ്ണം ഭക്ഷണം കഴിക്കാൻ എടുക്കുമ്പോൾ സജിതയെ ചില സ്മരണകൾ വേട്ടയാടും
കുറച്ചു നാളുകൾക്കുള്ളിൽ രജിത് സാർ ആ നാട്ടിലെ കുട്ടികൾക്ക് പ്രിയങ്കരനായി മാറി.
പിന്നെയും കുറെ നാൾ വരെ രജിത്തിനെ കാണുമ്പോൾ ഷാജി കൈലാസ് പടം പോലെ ആ ഷോട്ട് കേറി വരുമായിരുന്നു സജിതയുടെ മനസ്സിൽ. പക്ഷേ അവൾ വളരെ കഷ്ടപ്പെട്ടു ആ ഷോട്ട് എഡിറ്റ് ചെയ്തു മാറ്റി.
ധൈര്യത്തോടെ ഫേസ് ചെയ്യാം.
പിന്നെ അവൻ അവൾക്ക് രജിത്തേട്ടൻ ആയി മാറി.
ക്രമേണ രജിത്തേട്ടൻ കാമുകനായി മാറി അവൾക്ക്. ആ പ്രേമബന്ധം വളർന്നു…മാഞ്ചുവട്ടിലും ഇടവഴിയിലും അവർ പരസ്പരം മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു.
❤❤❤❤❤❤❤
“ഇത്തിരി കൂടി താ” രജിത്ത് ചോദിച്ചതാണ്. അവളത് കേട്ടില്ല. അവള് മാഞ്ചുവട്ടിൽ ആണെന്നു തോന്നുന്നു. ഭരണി കയ്യിലെടുത്തു ആലോചിക്കുന്ന സജിത എന്ന തന്റെ പ്രിയതമയെ നോക്കി രജിത്ത് ചോദിച്ചു.
“എന്താ മാഡം ഈ മാങ്ങ ഭരണി ഭവതിയെ എവിടെക്കൊ കൂട്ടികൊണ്ട് പോയെന്ന് തോന്നുന്നല്ലോ…”
“സത്യമാണ് രജിത്തേട്ടാ…മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടു വരൂ കൊണ്ടുപോകൂ ഞങ്ങളെയാ.. മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽ…..”
പിന്നെ ആ അമ്മയും അച്ഛനും മക്കളും ഒന്നിച്ചു പാടി….രജിത്ത് അവളുടെ കുട്ടികളുടെ അച്ഛൻ ആയി മാറാൻ ഉണ്ടായ മധുരസ്മരണകളെ അവളാ പാട്ടിൽ ലയിപ്പിച്ചു
❤❤
ശുഭം
വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്ക് പറഞ്ഞിട്ട് പോകാൻ മറക്കല്ലേ.