എന്നാൽ ഒരിക്കൽ എനിക്കും കുഞ്ഞിനും തരുന്ന ആഹാരത്തിന് പോലും കണക്ക് പറഞ്ഞു തുടങ്ങിയപ്പോൾ…

തിരികെ ~ രചന: Athira Athi

കൗമാരത്തിന്റെ വർണപകിട്ടിൻ ലോകത്ത് ചിത്രശലഭം ആയി പാറി നടക്കുന്ന സമയത്താണ് വീട്ടിലേക്ക് കല്യാണാലോചന വന്ന് തുടങ്ങിയത്.ഇനിയും പഠിക്കണം എന്ന് പറഞ്ഞു നിന്ന എന്നെ അത് കല്യാണം കഴിഞ്ഞു പഠിക്കാമല്ലോ എന്ന വാക്കുകളാൽ തളച്ചിട്ടു.

കൃഷ്ണന്റെ മുന്നിൽ തൊഴുകൈയോടെ നിന്ന എന്റെ കഴുത്തിൽ കെട്ടിയ താലി ,ഒരു കുരുക്ക് ആയിരുന്നു എന്ന് അറിയാൻ വൈകി. എന്നെക്കാൾ പ്രായം കൂടിയതിനാൽ ,ഒരു കുഞ്ഞു വേണം അതിനു ശേഷം നിനക്ക് പഠനം തുടരാം എന്ന് പറഞ്ഞപ്പോൾ ,അതൊരു കെണി ആണെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി.പ്രസവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടി എങ്കിലും ഒരു തങ്കകുടത്തെ ദൈവം എനിക്ക് നൽകി …..

പിന്നീട് പഠനം തുടരാൻ വേണ്ട ഒന്നുംതന്നെ അയാൾ ചെയ്തു തന്നില്ല.ഒരു അടിമയെ പോലെ എന്നോട് ക്രൂരമായി പെരുമാറി.അയാളുടെ അമ്മയുടെയും ശകാരവും മർദ്ദനവും കൂടി വന്നു.സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എങ്കിലും എന്റെ കുഞ്ഞിന് വേണ്ടി എല്ലാം സഹിച്ചു…..

എന്നാല് ഒരിക്കൽ എനിക്കും കുഞ്ഞിനും തരുന്ന ആഹാരത്തിന് പോലും കണക്ക് പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് സഹിച്ചില്ല.എല്ലാം ഇട്ടെറിഞ്ഞു ഞാൻ അയാളുടെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി…..

എന്റെ കുഞ്ഞിനെയും കൊണ്ട് എന്റെ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ഉള്ള് പിടഞ്ഞു.എന്താകും അവരുടെ പ്രതികരണം? പക്ഷേ,അവരെന്നെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു.പഠിക്കാൻ വേണ്ടതൊക്കെ ചെയ്തു തന്നു…..

ഇന്ന് ഞാനൊരു ടീച്ചർ ആണ്.എന്റെ മോനും ഞാനും ഒരുമിച്ച് സ്കൂളിൽ പോകുന്നു.അവന്റെ അച്ഛന്റെ ഓർമകൾ വരുമ്പോൾ ,അവൻ എന്റെ കയ്യിലെ പൊള്ളിയ പാടിലേക്ക്‌ നോക്കും ഒരിക്കൽ അയാൾ എനിക്ക് അയോൺ ബോക്സ് കൊണ്ട് നൽകിയ സമ്മാനത്തിലേക്ക്‌ . അപ്പോൾ അവന്റെ കണ്ണുകളിൽ ഞാൻ കാണുന്നത് പക ആയിരുന്നു, എരിഞ്ഞ് അടങ്ങാത്ത പക…..

ഡിവോഴ്സ് കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ച അയാളെ പിന്നീട് ഞാൻ ഒരിക്കൽ കണ്ടു.എന്റെ മകൻ ഡോക്ടർ ആയിരുന്ന ആശുപത്രിയിൽ വച്ച്.ശരീരം തളർന്ന് ,ആരും നോക്കാനില്ലാതെ , വൃണങ്ങളിൽ പുഴുവരിച്ച അയാളെ എനിക്ക് കണ്ടുനിൽക്കാൻ ആയില്ല.മകനോട് ഇടയ്ക് അയാളെ ഒന്ന് പോയി നോക്കണം എന്ന് പറഞ്ഞപ്പോൾ,അമ്മയ്ക്ക് അത്രേ നിർബന്ധം ആണെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു…..

കാലങ്ങൾ കൊഴിഞ്ഞു. അയാളുടെ അവസ്ഥ മോശമായി തുടർന്നു. പിന്നൊരിക്കൽ ഞാൻ കേട്ടു അയാൾ ഇഹലോക വാസം വെടിഞ്ഞു എന്ന്. അനുഭവിക്കാൻ ഉള്ളതൊക്കെ തീർത്ത് യാത്രയായി എന്ന്.ഒരു തുള്ളി കണ്ണുനീർ നൽകി ഞാൻ അയാൾക് വേണ്ടി.ഇനിയൊരിക്കലും തിരികെ പോകാൻ ആഗ്രഹിക്കാത്ത ആ കാലത്തിനു വേണ്ടി….

അവസാനിച്ചു…