രചന: സുമയ്യ ബീഗം TA
എന്റെ ഇച്ചുട്ടോ….സെറ്റിയിൽ വലിഞ്ഞുകേറിയവനെ പിടിച്ചിറക്കി തിരിഞ്ഞതെ ഉള്ളൂ ദാണ്ടെ tv സ്റ്റാൻഡിൽ തൂങ്ങി കിടക്കുന്നു. അവിടുന്നും വലിച്ചെടുത്തു അമ്മച്ചിയുടെ കയ്യിൽ കൊടുത്തു ഓടിപ്പോയി ഡ്രസ്സ് മാറിവന്നപ്പോൾ ട്രോഫി വീണ്ടും കയ്യിൽ, അമ്മ മീൻ വാങ്ങാൻ പോയി. ക്ലോക്കിൽ സമയം 8. 10 ഇനി ടൈം ഇല്ല. അമ്മോ ഇവനെ പിടിക്കോ എന്നുപറഞ്ഞപ്പോൾ ദാണ്ടെ ഒരു മുട്ടൻ മീന്തല എന്നെ തുറിച്ചുനോക്കുന്നു. അതൊന്നു ഫ്രിഡ്ജിൽ വെക്കാനുള്ള സമയം കൂടി കൊടുത്തപ്പോൾ എന്റെ 5മിനിറ്റ് പോയിക്കിട്ടി.
ഒന്നും പറയാൻ പറ്റില്ല കാരണം അതെനിക്ക് അമ്മേടെ സ്പെഷ്യൽ ആണ്. രാവിലെ വന്ന മീൻകാരന്റെ കയ്യിൽ നിന്നും അച്ഛനും മീൻ കൂടാതെ ഒരു തല വാങ്ങി അപ്പോൾ അമ്മ കുറയ്ക്കരുതല്ലോ . അതെ ഞാൻ ഒരു തലഭ്രാന്തിയ. ഈ തല ക്ലീനാക്കി ഒരു ചീനിച്ചട്ടി അടുപ്പത്തുവെച്ചു കടുകും ഉലുവയും പൊട്ടിച്ചു നമ്മടെ തക്കാളി വെളുത്തുള്ളി ഇഞ്ചി ഒക്കെ വഴറ്റി കുടംപുളിയിട്ടു ഇവനെ റോസ്റ്റ് ചെയ്യണം ഒന്നോടെ എന്നിട്ട് ഒരു പ്ലേറ്റിൽ എടുത്തു കപ്പയുമായി ഒരു കഴിപ്പുണ്ട്. Wow എന്താ രുചി. അതോർത്തു മാത്രം ക്ഷെമിച്ചു ഞാൻ ബസ് സ്റ്റോപ്പിലോട്ടു ഓടി…
അരമണിക്കൂർ കഴിഞ്ഞിട്ടും ബസ് കിട്ടിയില്ല. ആ പറയാൻ മറന്നു ഇന്ന് എക്സാം ഉണ്ട്. K TET. ക്രിസ്മസ് അവധി പ്രമാണിച്ചു സ്വന്തം വീട്ടിലായതിനാൽ രാവിലത്തെ സാധാരണ ബഹളങ്ങൾ ഇന്നില്ലായിരുന്നു. എങ്കിലും കാലിനു തീരെ വയ്യാത്ത അമ്മച്ചിയെ ഇന്നവൻ ക്ഷ, മ്മ വരപ്പികുമല്ലോ എന്ന ടെൻഷനിൽ മനസൊരു കനലായി. ഇപ്പോൾ ഒരു ഫുൾ ചിക്കൻ വെച്ചാൽ ഒറ്റ മിനുട്ടിൽ തന്തൂരിയാവും.
പുതിയ സർക്കുലർ പ്രകാരം tet ഇല്ലാത്തവരെ ഇനി ഡെയിലി വേജസ് ആയിട്ടുപോലും സ്കൂളിൽ എടുക്കണ്ട എന്ന ഉത്തരവ് എനിക്കിട്ടു കിട്ടിയ ഒരൊന്നര പണിയായി പോയി. മടികാരണം ഇതുവരെ അതൊന്നും എഴുതിയെടുക്കാത്ത എനിക്കിതു വരണം എന്നാലേ ഞാൻ നന്നാവൂ.
കുറേനേരത്തെ കാത്തിരിപ്പിന് ശേഷം വന്ന ബസിനു കേറി യാത്ര തുടങ്ങി. സ്ഥിരമായി കോളേജിലും മറ്റുമായി ഏഴുകൊല്ലം പോയവഴിയാണ്. സ്ഥലത്തിനും വീടുകൾക്കും വന്ന മാറ്റമൊക്കെ ആസ്വദിച്ചു അങ്ങ് ഇരുന്നു. പഠിച്ച കോളേജിന്റെ മുന്നിലെ സ്റ്റോപ്പ് എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത നൊസ്റ്റു. അതൊക്കെ കടന്നു മെഡിക്കൽ കോളേജിൽ സ്റ്റാൻഡിൽ നമ്മുടെ ബസ് ചേട്ടൻ 5മിനിറ്റ് റെസ്റ് എടുത്തു.ഒരുകാലത്തു എന്തോരം വായിനോക്കി നിന്ന സ്റ്റാൻഡാ ഒരു നെടുവീർപ്പ്. എല്ലാം കഴിഞ്ഞില്ലേ…..
അവിടവും കഴിഞ്ഞു കുമാരനല്ലൂർ എത്തിയപ്പോൾ അൽപ്പം ബോധോദയം ഉണ്ടായി, പരീക്ഷ ആണല്ലോന്ന് ചുമ്മാ ഒന്ന് സമയം നോക്കിയതാ 9. 20. ഇതുവരെ വണ്ടി കോട്ടയം എത്തിയില്ല. അവിടുന്നും 5മിനിറ്റ് നടക്കണം പരീക്ഷ സെന്റർ. ഇപ്പോൾ പേടി ആവാൻ തുടങ്ങി. ഇത്രേം കഷ്ടപ്പെട്ട് ഇറങ്ങിയിട്ട് പരീക്ഷാപേപ്പർ കാണാൻ പോലും അവസരം ഉണ്ടാവാൻ വഴിയില്ല. ഹാൾ ടിക്കറ്റിൽ പരീക്ഷാർത്ഥികൾ ഹാളിൽ കയറേണ്ട സമയം ഇപ്പോൾ തന്നെ അഞ്ചുമിനുട് ലേറ്റ്.
പടച്ചോനെ ആധിയാവാൻ തുടങ്ങി ഡ്രൈവിംഗ് ഇപ്പോളാണ് ശ്രെദ്ധിച്ചതു ബസിൽ ഇരിക്കുന്നതിലും സ്പീഡിൽ എത്താം ഇറങ്ങിനടന്നാൽ. വീണ്ടും ഹാൾ ടിക്കറ്റ് എടുത്തു നോക്കിയപ്പോൾ എക്സാം തുടങ്ങി അരമണിക്കൂർ കഴിഞ്ഞു വരുന്നവരെ പരീക്ഷ എഴുതിക്കില്ല എന്നാണ്. അപ്പോൾഒരു അവസാന വട്ട പരിശ്രമം ആവാം
. ആ കറക്റ്റ് ടൈമിൽ ആണ് ഇടിത്തീ പോലെ അടുത്ത തിരിച്ചറിവ് എക്സാം എഴുതാൻ പേന വാങ്ങണം. പേന ഇല്ലെന്നത് ഇന്നലെ രാത്രി ചർച്ച ചെയ്തു രാവിലെ വാങ്ങാം എന്നൊരു തീരുമാനത്തിൽ എത്തിയപ്പോൾ ഇതെല്ലാം കേട്ടുനിന്ന പിതാശ്രീ ഒരു പേന കയ്യിൽ തന്നായിരുന്നു. അതപ്പോൾ ബാഗിൽ ഇടുകയും ചെയ്തു . വേറെ രണ്ടെണ്ണം രാവിലെ വാങ്ങാം എന്നോർത്തു ഇരുന്നതാ ഇനി എല്ലാം നടക്കും. വെപ്രാളപ്പെട്ട് ബാഗ് മൊത്തം തപ്പി ഇല്ല ഇന്നലെ വെച്ചതുമില്ല. തപ്പിയിട്ടു കാര്യമില്ല മകൾ എടുത്തതാ എവിടെ പേന കണ്ടാലും അവൾക്കു വേണം
ഇനി എന്ത് ചെയ്യും എന്നോർക്കാൻ നേരമില്ല ബസ് മനോരമ ജംഗ്ഷൻ എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങി ഒരു ഓട്ടോക്ക് കേറി. ഏതു ട്രാഫിക്കിലും പുഷ്പം പോലെ വണ്ടിയുമായി പറക്കാൻ ഇവര് പുലിയാ 5mnt പോലും എടുത്തില്ല സ്കൂൾ എത്തി. പോയ വഴിയിൽ ഒക്കെ ഒരു പെട്ടിക്കട എങ്കിലും പേനക്കായി തിരഞ്ഞെങ്കിലും ഒന്നും തുറന്നിട്ടില്ല അവധിയുടെ ആലസ്യമോ ഒഴിവുകാല ആഘോഷമോ അറിയില്ല.
സ്കൂളിലേക്ക് കയറവെ വാതിൽക്കൽ കണ്ട ചേച്ചിമാരോട് ഇത് തന്നെ സെന്റർ എന്ന് ഉറപ്പുവരുത്തുമ്പോൾ അവർ എന്നേക്കാൾ ടെൻഷനോട് പറഞ്ഞു ബെൽ അടിച്ചു എല്ലാരും കേറിയല്ലോ വേഗം ചെല്ലെന്നു എന്നിട്ട് റോൾ നമ്പർ ബോർഡും കാണിച്ചു തന്നു അതിനിടയിൽ ഒരു പേനയും കിട്ടി.
അങ്ങനെ റൂം കണ്ടുപിടിച്ചു ചെന്നപ്പോൾ exam omr ഷീറ്റ് കൊടുത്തു തുടങ്ങി. കറക്റ്റ് ടൈം ആയതുകൊണ്ട് അകത്തു കേറി. ആദ്യം ബബിൾ കറുപ്പിക്കുമ്പോൾ കയ്യൊക്കെ വിറക്കുന്നു ടെൻഷനും ഓട്ടവും എല്ലാം കൂടി ഒരു പരുവമാക്കി. ഫസ്റ്റ് പാർട്ട് 40മാർക്കിന്റെ സൈക്കോളജി ചോദ്യങ്ങൾ ഓരോരുത്തരായി എന്നെ ചീത്തവിളിക്കുന്നപോലെ. T.T.Cക്കും B.Edനും കുത്തിയിരുന്ന് കാണാപ്പാഠമാക്കിയതൊക്കെ കണ്മുന്നിൽ.ഒരുവട്ടം ടെക്സ്റ്റ് എടുത്തു വായിച്ചിരുന്നേൽ 40മാർക്ക് ഉള്ളം കയ്യിലിരുന്നേനെ. പാർട്ട് 3പിന്നെ പറയണ്ട അത് പിജി ലെവലാ ഒന്നും അറിയില്ലായിരുന്നു. ഈ എക്സാം കൊണ്ടു ജസ്റ്റ് ഒരു ട്രയൽ അടുത്ത എക്സാം തകർക്കാം എന്നൊരു മൈൻഡുമായി വണ്ടി കേറിയ എനിക്ക് ഒരു കുറ്റബോധമൊക്കെ തോന്നി തുടങ്ങി. ഒന്ന് ആഞ്ഞു പിടിച്ചിരുന്നേൽ ഒരു വട്ടം കൂടി വരണ്ടായിരുന്നു…
എല്ലാം കഴിഞ്ഞു മക്കൾസിനുള്ള ഫ്രൂട്സും സ്വീറ്റ്സുമായി വണ്ടിയിൽ ഇരിക്കുമ്പോൾ ഓർക്കുകയായിരുന്നു ഞാൻ എങ്ങനെ ഇങ്ങനൊക്കെ ആയിപോയെന്നു. ഒന്നും നേടിയെടുക്കണമെന്ന വാശിയോ ലക്ഷ്യബോധമോ ഇല്ലെന്നത് പോട്ടെ ഒരു പരീക്ഷക്ക് ഒരു പേന പോലും മുൻകൂട്ടി എടുത്തു വെക്കാനോ കൃത്യസമയം പാലിക്കാനോ കഴിയാത്തവണ്ണം അലസയും ഉത്തരവാദിത്തമില്ലാത്തവളുമായി മാറിക്കഴിഞ്ഞു.
കല്യാണത്തിനുശേഷം ആദ്യമായി ഈ അസുഖം തുടങ്ങിയപ്പോൾ ഹൗ ഓൾഡ് ആർ യുവിലൂടെ നിരുപമ റാവു ചില ചോദ്യങ്ങൾ ചോദിച്ചു നമ്മളെ ഒന്ന് മാറ്റിയെടുത്തതാ. ആ ഒറ്റ സിനിമയുടെ സ്വാധീനം കൊണ്ടാണ് നമ്മൾ b.Ed എടുത്തതും യാദൃഷികമെന്നവണ്ണം റൺ കേരള റണിനു ഓടുന്നതുമൊക്കെ. വാശിക്ക് പഠിച്ചു മികച്ചരീതിയിൽ കോളേജിൽ നിന്നും ഒരു കൊച്ചു സമ്മാനമൊക്കെ വാങ്ങി ഇറങ്ങിയപ്പോൾ വീണ്ടും പഴയ പോലായി. പിറ്റേ വർഷം ഒരു മോനുമായി വീണ്ടും സുഖവാസം.
ഇനി ഒരു നിരുപമ വരില്ല എന്നെ നന്നാക്കാൻ ആ തിരിച്ചറിവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. ഭർത്താവെന്ന സ്നേഹത്തണലിൽ എല്ലാം മറന്നുള്ള ജീവിതം ഒന്ന് മാറ്റിപിടിക്കുക. എല്ലാർക്കും കുട്ടികളും കുടുംബവും ഉണ്ട് അവരൊക്കെ ഒന്നും ആകാതിരിന്നിട്ടുമില്ല. നമ്മൾക്ക് നമ്മോടു തന്നെ ഒരു മതിപ്പു തോന്നണമെങ്കിൽ നേടിയെടുക്കാവുന്നതെല്ലാം ഇനി സ്വന്തമാക്കണം. എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുമ്പോളും ഇടക്ക് പലപ്പോഴും തോന്നുന്ന ഒരു അസ്വസ്ഥത ഇല്ലേ ഇത്രയും ഒക്കെ പഠിച്ചിട്ടും ഒരിടത്തും എത്തിയില്ല എന്നൊരു പൂർണതക്കുറവ് അത് ഒന്ന് മാറ്റിയെടുക്കണ്ടേ. അടുത്ത തവണ കൂടുതൽ കരുത്തോടെ ഞാൻ ഈ എക്സാം എഴുതും അതൊരു പ്രതിജ്ഞയാണ്.
മനസ്സിൽ തോന്നുന്നതെല്ലാം വാരി വിളമ്പാനുള്ള ഒരിടമല്ല ഇതെന്നറിയാം എന്നിട്ടും ഇതൊക്കെ കുത്തികുറിച്ചതു എന്നെപോലെ പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ നീങ്ങുന്ന ഏതേലുമൊരു വീട്ടമ്മക്ക് ഒരു പുനർചിന്തനം ഉണ്ടാകും എന്നൊരു പ്രതീക്ഷ വെച്ചു മാത്രമാണ്… ഈ മുപ്പതുകളിലും നേടാനും സഞ്ചരിക്കാനും ഒത്തിരി ഉണ്ട്. ശുഭ പ്രതീക്ഷകളുമായി പുതുവർഷ ആശംസകൾ