എന്റെ പ്രണയം ~ രചന: നക്ഷത്ര ബിന്ദു
ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച നിക്ക് ഹയർ സെക്കണ്ടറിക്ക് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടിയപ്പോ മടുപ്പോടെയാ പോയെ… പക്ഷേ അവിടത്തെ കൂട്ടും ടീച്ചേഴ്സും എല്ലാം ആയപ്പോ ഞാനും അത് ആസ്വദിച്ചു തുടങ്ങി.പത്താം ക്ലാസ്സ് വരെ കള്ള വയർ വേദനയും പറഞ്ഞു സ്കൂളിൽ പോകാതിരുന്ന ഞാൻ ഇപ്പൊ വയർ വേദന ഉണ്ടെങ്കിൽ പോലും സ്കൂളിൽ പോകുമായിരുന്നു 😂
എല്ലാവരുമായിട്ട് പെട്ടെന്ന് തന്നെ കൂട്ടായി. പിന്നങ്ങോട്ട് ആഘോഷം പോലെ ആയിരുന്നു സ്കൂൾ ജീവിതം. അങ്ങനെ ഇരിക്ക ഒരൂസ്സം സ്കൂളിന്ന് എല്ലാർക്കും വെരഗുളിക തന്നു… എല്ലാരും ഉറപ്പായിട്ടും കഴിക്കണംന്ന് പറഞ്ഞിട്ട് ടീച്ചർ അവിടെ തന്നെ നിന്ന്….അപ്പോ ദേ ബാക്കിൽ ആരോ ബഹളം വെയ്ക്കുന്നു.ആരാന്ന് അറിയാൻ തിരിഞ്ഞ് നോക്കിയപ്പോ മനു ആഷിഖിനെ വഴക്ക് പറയുവാ.. അവൻ മരുന്ന് കഴിക്കുന്നില്ല. എല്ലാരൂടെ അവന്റെ വായിൽ ആക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവൻ ഒരു വിധത്തിൽ കഴിക്കുന്നില്ല. ഞാൻ നോക്കീപ്പോ ചെറുക്കൻ കെടന്ന് കരയുന്നു🤣. അങ്ങനെ കരഞ്ഞു കരഞ്ഞു അവസാനം കഴിച്ചു.
അന്ന് മുതൽ ആണ് ഞാൻ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്. അങ്ങനെ ഒരുപാട് മിണ്ടത്തൊന്നുമില്ല. ഒരു പാവം. ഒരു കൊച്ചു സുന്ദരൻ ആണ്.നോക്കി നോക്കി നിക്ക് പ്രേമം ആവാൻ ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല.
അങ്ങനെ ന്റെ ഉള്ളിലെ പ്രേമം ഞാൻ അവനോട് പറയാതെ ആസ്വദിച്ചു നടന്നു. വാലാകോല മുടി പോലും നന്നായിട്ട് കെട്ടാതെ പോയിരുന്ന ഞാൻ പിന്നെ രാവിലെ ഒത്തിരി നേരം കണ്ണാടിട മുൻപിൽ നിന്ന് നോക്കീട്ടായി പോക്ക് 😂.
പ്ലസ് ടു കഴിഞ്ഞപ്പോ ഇനി അവനെ എങ്ങനെ കാണും എന്നതായിരുന്നു ഏറ്റവും വലിയ വിഷമം.പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അവൻ എനിക്ക് മെസ്സേജ് അയച്ചു.പിന്നെ എപ്പോഴും ചാറ്റ് ആയി.ഇനി അവനും എന്നെ ഇഷ്ടാണോ ന്ന് എനിക്ക് തോന്നിത്തുടങ്ങി. അവസാനം ഞാൻ അവനോട് ന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.അവനും അവന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.അവനും എന്നെ ഇഷ്ടമായിരുന്നല്ലോന്ന് ഓർത്തിട്ട് നിക്ക് ഭയങ്കര സന്തോഷവാരുന്നു 😁
ഒരു മാസം കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തിരുന്നു… അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ നിക്ക് മെസ്സേജ് അയച്ചു ഫോട്ടോ അയച്ച് കൊടുക്കാൻ, ഞാൻ എന്റെ സെൽഫി അയച്ച് കൊടുത്തു.. അപ്പോ അവൻ പറയാ ഇതല്ല മറ്റതെന്ന്..ന്നുവെച്ചാ നിങ്ങക്ക് മനസിലായി കാണുമല്ലോ.ന്റെ അവസ്ഥ.. ഞാൻ നിക്ക് അവനോട് ന്താ പറയേണ്ടെന്ന് നിക്ക് അറിയില്ലാരുന്നു. ഞാൻ പറഞ്ഞു പറ്റില്ല അതൊക്കെ തെറ്റാണു നീ ന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ നിക്ക് ഇതൊന്നും ഇഷ്ടല്ലന്ന് . അപ്പോ അവൻ ആ കോപ്പൻ എനിക്ക് അവന്റെ വൃത്തികെട്ട ഫോട്ടോ അയച്ച് തന്നിട്ട് പറയുവാ നീ ന്റേത് കണ്ടില്ലേ ഇനി നിന്റെ പിക് തരാൻ.. ഒന്നും പറഞ്ഞില്ല. ബ്ലോക്ക് ആക്കി ചാറ്റും ക്ലിയർ ചെയ്തു.. അതിനു ശേഷം അവൻ മിണ്ടാൻ വന്നു. സോറി പറഞ്ഞു.. ഞാൻ എങ്ങെനയാ അവനോട് ക്ഷമിക്കാ!!പറ്റില്ല ഒരിക്കലും.
എല്ലാവരും ഒരുപോലെ അല്ലെന്നു അറിയാം. എങ്കിലും പിന്നങ്ങോട്ട് വെറുപ്പാരുന്നു ആണുങ്ങളെ എല്ലാം.കൂടെ പഠിക്കുന്നവരോട് പോലും ഞാൻ മിണ്ടില്ലാരുന്നു… ആകെ മിണ്ടുന്നതു അച്ഛനോട് മാത്രം.
ആ എന്നിലേക്ക് ഇടിച്ചു കേറി വന്നതാണ് ഹരിയേട്ടൻ… ന്റെ സീനിയർ ആണ്. ഇങ്ങോട്ട് വന്നു മിണ്ടുമ്പോഴൊക്കെ ഞാൻ അവോയ്ഡ് ചെയ്തിട്ടും ഹരിയേട്ടൻ ഇടിച്ചിട്ട് മിണ്ടാൻ വന്നു.. പക്ഷേ ഞാൻ മിണ്ടില്ലാരുന്നു. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളത്തിൽ വീണാലും പേടിക്കും എന്നാണല്ലോ!
ഒരു ദിവസം ന്നോട് കോളേജിലെ ഒരു ഒഴപ്പൻ മോശമായി പെരുമാറിയപ്പോ ഹരിയേട്ടൻ അവനെ ഇഞ്ചിപരുവം ആക്കിയപ്പോ ഴാണ് ഞാൻ അയാളിലെ സുഹൃത്തിനെ അറിഞ്ഞത്. അങ്ങനെ എല്ലാരുടേം ദേവൻ നിക്ക് മാത്രം ഹരിയേട്ടൻ ആയി❣️
ന്റെ വിഷമങ്ങളിലും സന്തോഷങ്ങളിലും എല്ലാം ന്റെ കൂടെ നിന്നു.ഹരിയേട്ടനോട് കൂട്ടായതിനു ശേഷം നിക്ക് അങ്ങനെ രഹസ്യങ്ങളൊന്നും ഇണ്ടായിരുന്നില്ലന്ന് തന്നെ പറയാം. കാരണം മിക്ക ഉള്ളതും ഞാൻ ഹരിയേട്ടനോട് പറയുമായിരുന്നു…ആഷിഖിന്റെ കാര്യം പറഞ്ഞു കരഞ്ഞപ്പോ ന്നോട് തിരിച്ചു ഒന്നും പറയാതെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്.
കോളേജിൽ നിക്ക് ഒരുപാട് കൂട്ടൊന്നും ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ മിക്കപ്പോഴും ഞാൻ ഹരിയേട്ടന്റെ കൂടെ ആയിരുന്നു.
ഒരു അവധി ദിവസം അമ്പലത്തിൽ വെച്ച് ഹരിയേട്ടനെയും അമ്മയെയും കണ്ടു.ന്നോട് കുറെ നേരം സംസാരിച്ചിട്ടൊക്കെയാ പോയത്.ആ അമ്മേടെ സംസാരത്തിൽ നിന്ന് ന്നെ നന്നായിട്ട് അറിയാവുന്ന പോലെ തോന്നി.ഹരിയേട്ടന്റെ കുറുമ്പും വാശീം എല്ലാം വാ തോരാതെ പറയുന്നുണ്ടാരുന്നു.ഒരു പാവം അമ്മ❤️..
ഒരൂസം ഉച്ചക്ക് ക്ലാസ്സില്ലന്ന് അറിഞ്ഞു ഗ്രൗണ്ടിൽ പിള്ളേർടെ കളി കണ്ട് ഇരിക്കുവാരുന്നു.കുറച്ചു കഴിഞ്ഞ് ഹരിയേട്ടൻ ന്റടുത്ത് വന്നിരുന്നു..സംസാരിച്ചിരിക്കെ ന്നോട് ചോയ്ച്ചു
“നീ വരുന്നോടീ “
“എവിടേക്ക്?? “
“എന്റെ വീട്ടിലേക്ക്.. അവിടെ ഒരാളുടെ കുറവുണ്ട്.. “
ഞാൻ ഒന്നും മിണ്ടിയില്ല.
“ന്താന്ന് അറിയില്ല പെണ്ണെ.. വിട്ട് കളയാൻ തോന്നുന്നില്ല..ഇഷ്ടമാണ് “
ഉള്ളിൽ ഒരു സ്ഭോടനം തന്നെ നടക്കുന്നുണ്ട്.. ന്താ ഇപ്പോ പറയാ..ഞാൻ..ഹരിയേട്ടൻ.. ഒന്നും പറയാൻ പറ്റുന്നില്ല….ഞാൻ തലവേദനയാണ് ന്ന് പറഞ്ഞു ഹോസ്റ്റലിലേക്ക് നടന്നു..
അവസരങ്ങൾ ഒരുപാടുണ്ടായിട്ടും ഹരിയേട്ടൻ ന്നോട് ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ മോശമായിട്ട് പെരുമാറിയിട്ടില്ല..അയാളെ ഞാൻ ന്ത് കാരണം പറഞ്ഞു വേണ്ടന്ന് വെയ്ക്കും.. പെണ്ണിന്റെ മനസ്സിനെ സ്നേഹിക്കുന്ന ആണുങ്ങളും ലോകത്ത് ഉണ്ടെന്ന് ന്നെ ഓർമപ്പെടുത്തിയത് ഹരിയേട്ടൻ ആയിരുന്നു.
പഠിത്തം കഴിഞ്ഞ് ഒരു കൊല്ലം ജോലിക്ക് വേണ്ടി ഹരിയേട്ടൻ മാറിനിന്നപ്പോഴാണ് ഞാൻ പോലും അറിയാതെ ഹരിയേട്ടനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു ന്ന് നിക്ക് മനസിലായത്🥰.
ദിവസം ചെല്ലുന്തോറും ഹരിയേട്ടന്റെ അഭാവം ന്നെ അലട്ടാൻ തുടങ്ങി .. ന്തോ വല്യൊരു കുറവ് ഉള്ള പോലെ. കാണാതെ ഇരിക്കുന്തോറും കണ്ടോളാൻ വയ്യാത്ത അവസ്ഥ.. ഇനിയും നിക്ക് ന്റെ ഇഷ്ടം അടക്കി വെയ്ക്കാൻ പറ്റില്ലാന്ന് മനസിലായി..
അമ്മയോടും അച്ഛനോടും തുറന്നു പറഞ്ഞപ്പോ ന്നോട് നിനക്ക് ശരി ആണെന്ന് തോന്നുന്നത് ചെയ്തോളുന്നേ പറഞ്ഞുള്ളു..പിറ്റേന്ന് തന്നെ ഞാൻ ചെന്നൈക്ക് പോയി.ഓഫീസിൽ ന്നെ കണ്ടപ്പോ ഹരിയേട്ടന് അത്ഭുതം ആരുന്നു.വൈകിട്ട് ഒന്ന് കാണണമെന്ന് പറഞ്ഞിട്ട് ഇറങ്ങി..
വൈകിട്ട് കടൽത്തീരത്തു വെച്ച് കാണുമ്പോഴും ഞാൻ ഇത്രയേ പറഞ്ഞുള്ളു.
“നിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല”
ന്റെ നെറ്റിത്തടത്തിൽ സ്നേഹമുദ്ര പതിപ്പിച്ച് കൊണ്ടാണ് ഹരിയേട്ടൻ നിക്ക് മറുപടി തന്നത്. ആ കൈകളിൽ ഒതുങ്ങി കൂടുമ്പോൾ അച്ഛനെ കഴിഞ്ഞ് ഞാൻ ഏറ്റവും സുരക്ഷിതമായി ഇരിക്കുന്നത് അവിടെയാണ് ന്ന് നിക്ക് തോന്നി.
അന്ന് മുതൽ ഇന്ന് വരെ ഹരിയേട്ടൻ ന്റെ കൂടെ ഇണ്ട്…. ന്റെ അമ്മയ്ക്കും അച്ഛനും ഒരു നല്ല മകനായി, ന്റെ ചേച്ചിക്ക് ഒരു സഹോദരനായി, ന്റെ കുഞ്ഞിന് ഒരു നല്ല അച്ഛനായി, ന്റെ ഹരിയേട്ടൻ, അന്നും ഇന്നും എന്നും ന്റെ പ്രണയം ♥️