പ്രണയം എന്ന മധുരത്തിലുപരി ജീവിതം എന്ന കയ്പ് രുചിക്കാൻ തുടങ്ങിയിരിക്കുന്നു…

തമാശ ~ രചന: നിഹാരിക നീനു

“രേവതി. വാശി പിടിക്കണ്ട, അച്ഛൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ഈ കല്യാണമേ നടക്കൂ.

ഒന്നും ഇല്ലെങ്കിലും നിന്റെ നല്ലതിന് വേണ്ടിയേ ഞങ്ങൾ എന്തെങ്കിലും ചെയ്യൂന്ന് നിനക്ക് ചിന്തിച്ചൂടെ..”

രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

പ്രണവിനെ കുറിച്ച് ഓർക്കമ്പഴൊക്കെയും നെഞ്ചിൽ ഒരു പാറക്കല്ലെടുത്ത് വച്ച പോലെ. ശ്വാസം നിലച്ച പോലെ.

മൂന്ന് വർഷം മുന്നേ പരിചയപ്പെട്ടതാണ്…

കോളേജിൽ താൻ എകണോമിക്സിനും പ്രണവ് ബി കോമിനും…

ഒരേ കോളേജിൽ, പല തവണ കണ്ട പരിചയം..

പിന്നീടെപ്പഴൊക്കെയോ പുറത്ത് വച്ച് കണ്ടു, ഒരോ ചിരിയിൽ ഒതുക്കി.

രണ്ടു പേരും നന്നായി പാടും. കേളേജ് ഡേക്ക് ഒരുമിച്ച് ഒരു പ്രണയ ഗാനം. പിന്നീടങ്ങോട്ട് സൗഹൃദത്തിന്റെ നാളുകൾ ഫോൺ വിളികൾ. പിന്നെ കാണാതെ ഇരിക്കാൻ വയ്യാതെ… ശബ്ദം കേൾക്കാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥ.

ഒടുവിലെന്നോ ഫോണിലൂടെ അവൻ “എനിക്ക് തന്നെ ഇഷ്മാണ് ” എന്നു പറഞ്ഞപ്പോൾ തന്റെ പൊട്ടിക്കരച്ചിൽ…

സുഹൃത്ത് എന്നതിലുപരി ഒരു കാമുകിയായി കണ്ടതിലെ തെറ്റുകൊണ്ടാണതെന്ന് അവൻ കരുതി.പക്ഷെ എന്റെ മനസ്സ് വായിച്ചതു പോലെ എന്റെ ഇഷ്ടം മനസിലായതിന്റെ സന്തോഷം കൊണ്ടായിരുന്നു എന്ന് ഞാൻ തിരുത്തി.

പിന്നങ്ങോട്ട് നിറം മാറിയ ഫോൺ കോളുകൾ.

ഇരുവരുടെയും ഇഷ്ടങ്ങൾ മാനിച്ച് പരസ്പരം സ്വഭാവത്തിൽ വരുത്തിയ മാറ്റങ്ങൾ.

പരസ്പരം നിർദേശിക്കുന്ന വസ്ത്രങ്ങൾ, ഹെയർ സ്‌റ്റൈൽ എന്നു വേണ്ട പരസ്പരം എല്ലാo ഒരാളൊരാളുടെ ഇഷ്ടപ്രകാരമായിരുന്നു…

ഭാവി..

കുഞ്ഞുങ്ങൾ…

അവരുണ്ടാക്കുന്ന വീട്.,

വീടിനടിക്കേണ്ട പെയിന്റ് വരെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

വല്ലാത്ത ഒരു പ്രണയം.

കാറ്റിന് കുളിരു കൂട്ടുന്ന…

പൂക്കൾക്ക് സുഗന്ധം കൂട്ടുന്ന…

വർണ്ണങ്ങൾ നിറഞ്ഞ പ്രണയം.

രാത്രിയിലെ അടക്കിപ്പിടിച്ച ഫോൺകോണുകൾ.

കേളേജിൽ മറ്റു പെൺകുട്ടികളോട് മിണ്ടുന്നത് കാണുമ്പോ ബലൂൺ പോലെ വീർത്ത് വരുന്ന മുഖം,

പിണക്കം,

പിന്നെ കൂടുതൽ ഇഷ്ടത്തോടെയുള്ള ഇണക്കം.

ഇതെല്ലാമാണ് വേണ്ട എന്ന് വക്കേണ്ടത്..

പുതിയ ജീവിതം ആരംഭിക്കേണ്ടത്.

എല്ലാം താറുമാറായ ആ നശിച്ച ദിവസം…

തന്നെയും പ്രണയിനെയും അപ്പച്ചിയുടെ മകൻ.., ബിജോയ്, റെസ്റ്റോറണ്ടിൽ നിന്ന് കണ്ട ദിവസം…

വീട്ടിൽ അറിയിച്ച് വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചിരുന്നു കാര്യങ്ങൾ.

‘ഡിഗ്രി കഴിയട്ടെ പി ജിക്ക് ചേരട്ടെ’ എന്നൊക്കെ താൻ പറയുമ്പോ കൂടെ നിന്ന അച്ഛനും അമ്മയും ഇന്ന് തന്റെ അഭിപ്രായം പോലും ചോദിക്കാതെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.

പ്രണയം എന്ന മധുരത്തിലുപരി ജീവിതം എന്ന കയ്പ് രുചിക്കാൻ തുടങ്ങിയിരിക്കുന്നു..

പ്രണവ് പറഞ്ഞതും അതുതന്നെ വീട്ടുകാർ പറയണത് അനുസരിക്കാൻ…

“ഞാൻ എല്ലാം ഇട്ടെറിഞ്ഞ് കൂടെ വരാം…” എന്ന് പല തവണ വിളിച്ച് പറഞ്ഞതാ…

പൊട്ടിച്ചിരിച്ച് “ഇതൊക്കെ കാമുകിമാരുടെ ടിപ്പിക്കൽ സയലോഗാ ടോ… ഇറങ്ങി വന്നിട്ട്.. ജോലിയും കൂലിയും ഇല്ലാത്ത ഞാൻ എന്ത് ചെയ്യും… രണ്ട് നേരം വയറ് വിശന്നാൽ പോവുന്നതാടോ പ്രണയവും മണാങ്കട്ടയും ഒക്കെ..”

ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ അപ്പുറത്തു നിന്നും കരയുന്ന ശബ്ദം കേട്ടു…

ഫോൺ കട്ടാവുന്നതും അറിഞ്ഞു…

ജീവിതം അവസാനിപ്പിച്ചാലോ?

പക്ഷെ..

അച്ഛനും… അമ്മയും?

അവർ തന്ന സ്നേഹം ഇത് വരെ അല്ലലില്ലാതെ വളർത്തിയത്.

തന്റെ മരണം അവർക്ക് ഉണ്ടാക്കുന്ന ആഘാതം. ചീത്തപ്പേര്… അനിയത്തിയുടെ ഭാവി…

ആകെ കൂടി കരയിലേക്കിട്ട മീനിനെ പോലെ താൻ…ശ്വാസം കിട്ടാതെ പിടയുന്നു.

ഒത്തിരി നാൾ കുളിയില്ല… ജപമില്ല..

കണ്ണിരുപ്പു മാത്രം രുചിച്ച നാളുകൾ.

ഒടുവിൽ അച്ഛൻ്റെ മരണഭീഷണിക്ക് മുന്നിൽ മൗനം ഭുജിച്ചു…..

ശുഭ മുഹൂർത്തത്തിന് അച്ഛൻ കൈ പിടിച്ചു കൊടുത്തവന്റെ കൂടെ മരപ്പാവ കണക്കെ പടിയിറങ്ങേണ്ടി വന്നു…

മൂന്നു മാസത്തെ ലീവിന് നാട്ടിലെത്തി പെണ്ണു തെരഞ്ഞ് മടുത്തു , മനസ് ചത്ത് തിരിച്ചു പോവാൻ നിന്നതാ.. വിപിൻ,

അപ്പഴാണ് വിചാരിക്കാതെ ഈ കല്യാണം റെഡിയായത്…

തന്റെ സങ്കൽപ്പത്തിനൊത്തൊരു പെൺകുട്ടി..

സുന്ദരി..

ലോകം കീഴടക്കിയ സന്തോഷമായിരുന്നു വിപിന് ‘.

പക്ഷെ ഇനി അവളുടെ കൂടെ കഷ്ടി ഒരു മാസം…അതോർക്കുമ്പഴാ ഒരു വിഷമം,

ഉള്ള സമയം, അവളെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു വിപിൻ…

ക്രമേണ രേവതിയും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു വന്നു.

അല്ലെങ്കിലും കറയില്ലാത്ത സ്നേഹം മാറ്റാത്ത മനസ്സുകളുണ്ടോ?

അവൾ മാറി ഒരുപാട്, ഉത്തമയായ ഭാര്യയാവാൻ ശ്രമിച്ചു….

ഏറെക്കുറേ വിജയിച്ചു….

ഒരു ദിവസം രേവതിയുടെ അപ്പച്ചീടെ മകൻ വിപിന്റെ വീടിനടുത്ത് വരെ വന്നപ്പോ വെറുതെ ഒന്ന് കയറിയതാ…

“അളിയാ എങ്ങനെ ഉണ്ട് ഇവൾ? നല്ലോണം ഒക്കെ നിൽക്കുന്നുണ്ടോ? വല്ലതും ഒക്കെ വച്ചുണ്ടാക്കുമോ?”

“പിന്നെ ബിജോയ്ക്കറിയാത്തോണ്ടാ രേവതി അസ്സലായി പാചകം ചെയ്യും. എന്റെ ഭാഗ്യമല്ലേ അവളെ കിട്ടീത്…”

“അന്ന് മറ്റവന്റെ കൂടെ റെസ്റ്റോറണ്ടിൽ നിന്ന് ഞാൻ പൊക്കിയില്ലായിരുന്നെങ്കിൽ… ഇപ്പ പെണ്ണ് അവൻ്റെ കൂടെ ഇരുന്നേനേ, അളിയന്റ ഭാഗ്യം പ്രവീൺ കൊണ്ടു പോയേനേ.”

വല്യ തമാശ പൊട്ടിച്ച പോലെ ബിജോയ് ആർത്ത് ചിരിച്ചു.

അതൊരു വല്യ തമാശയായിരുന്നു.

അവളുടെ ജീവിതം കശക്കിയുടയ്ക്കാൻ പോന്ന തമാശ.

പിന്നെയാ വീട്ടിൽ തമാശകൾ ഉണ്ടായിട്ടില്ല …എപ്പഴും ശോകം മാത്രമേ ഉണ്ടായിരുന്നുള്ളൂ.’

ഒരു മാസം തികയാതിരുന്നവൻ ടിക്കറ്റ് റെഡിയാക്കി അതിനു മുമ്പേ പോയി ….

അമ്മായി അമ്മക്ക് അവൾ ഒരു നികൃഷ്ടജീവിയായി’ …..

തൊട്ടതെല്ലാം കുറ്റം ….

കലണ്ടറിൽ കണക്കു സൂക്ഷിച്ച ചുവന്ന നാളുകൾ വരാതായപ്പഴാ പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കിയത്…

തിളങ്ങുന്ന രണ്ട് ചുവപ്പ് വരകൾ കണ്ട് ഒത്തിരി സന്തോഷിച്ചു രേവതി,

വിപിനിനോട് പറയാനായി ഉള്ളം തുടിച്ചു….. തങ്ങളുടെ സ്നേഹം അവളുടെ ഉള്ളിൽ മൊട്ടിട്ടതായി ….

“ഏട്ടാ എനിക്ക് വിശേഷം ഉണ്ട് “

എന്ന് പറഞ്ഞപ്പോൾ തിരിച്ച് കിട്ടിയ മറുപടി

“ആരുടെതാ “

എന്നായിരുന്നു…..

ഉള്ളിലെ സന്തോഷമെല്ലാം ചോർന്ന് മരവിപ്പ് വന്ന് നിറയുന്നതവൾ അറിഞ്ഞു…..

ബിജോയിയുടെ തമാശക്ക് പകരമായി അത്രയും മരവിപ്പോടെ അവൾ കഴുത്തിലൊരു കുരുക്കിട്ടു…അതിനറ്റം ഫാനിലും….

സ്റ്റൂൾ തട്ടി മറിച്ചിടുക കൂടിയേ വേണ്ടു…എല്ലാം തീരാൻ….

എവിടെ നിന്നോ ഒരു കുഞ്ഞി പൈതലിൻ്റെ കരച്ചിൽ കേട്ടതു പോലെ….

കഴുത്തിലെ കുരുക്ക് അഴിച്ചവൾ നിലത്തേക്ക് തളർന്നിരുന്നു….

വയറിൽ മെല്ലെ തലോടി അവൾ തൻ്റെ കുഞ്ഞിനോട് മാപ്പ് ചോദിച്ചു….

മെല്ലെയാ പടിയിറങ്ങി….

ചെറിയതെങ്കിലും കഴിഞ്ഞുകൂടാൻ വരുമാനമുളള ഒരു ചെറിയ ജോലി സമ്പാദിച്ചു…തിരികെ വിളികൾക്ക് കാത് കൊടുത്തില്ല,

ഇന്നവൾ ചിരിക്കുന്നുണ്ട് തമാശകൾ കേട്ട് …മനസ് തുറന്ന് ….

കൂടെ ആ കുഞ്ഞു വികൃതി ചെക്കനും….

Scroll to Top