രചന: മഹാ ദേവൻ
” അപ്പൻ കറുത്തോണ്ടാ നീയും കറുത്തെ. നിന്റ അമ്മേടെ നിറം കിട്ടീത് നിന്റെ അനിയനാ… വെളുത്തു തുടുത്തൊരു സുന്ദരക്കുട്ടൻ “
മുത്തശ്ശി അനിയനെ കൈവെള്ളയിലെടുത്ത് താലോലിക്കുമ്പോൾ അവനെ കൊഞ്ചിക്കാൻ ചെന്ന കണ്മണി കറുപ്പിനോടുള്ള മറ്റുള്ളവരുടെ വെറുപ്പ് കണ്ട് പതിയെ പിന്നോട്ട് തന്നെ നടന്നു.
രാത്രി അപ്പനോടൊപ്പം കിടക്കുമ്പോൾ ഇച്ചിരി വിഷമത്തോടെ അവൾ ചോദിക്കാതിരുന്നില്ല ” അപ്പനെന്താ കറുത്തോയെ… അതോണ്ടല്ലേ കണ്മാണീം കറുത്തോയത് ” എന്ന്.
അത് കെട്ട അപ്പൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” കറുപ്പിന് ഏഴഴക മോളെ.. അത് മറ്റുള്ളോരുടെ കണ്ണിൽ കാണാത്തോണ്ടാ ” എന്ന്.
പക്ഷേ, അവൾക്കറിയാമായിരുന്നു അപ്പൻ സമാധാനിപ്പിക്കാൻ വേണ്ടി പറയണതാണെന്ന്. കറുപ്പിനെപ്പോഴും വെറുപ്പിന്റെ കളറാണെന്ന്.
അടുക്കളയിലെ പിടിപ്പതു പണിക്കിടയിൽ മകൾ ചിണുങ്ങികൊണ്ട് വാതിൽക്കൽ എത്തിനോക്കുമന്നത് കണ്ട അമ്മ കണ്മണിയെ അടുത്തേക്ക് വിളിക്കുമ്പോൾ മിഴിനനച്ചവൾ ചോദിക്കിന്നുണ്ടായിരുന്നു ” ഉണ്ണിക്കുട്ടൻ അമ്മേ പോലെ വെളുത്തപ്പോൾ ഞാൻ ന്താ അമ്മേ അച്ഛനെ പോലെ കറുത്തോയെ ” എന്ന്.
അമ്മ പെട്ടന്നൊരുത്തരം പറയാൻ കഴിയാതെ ആ കുഞ്ഞുമുഖം കൈകുമ്പിളിൽ എടുത്ത് കവിളിൽ ഉമ്മ നൽകുമ്പോൾ വാത്സല്യത്തോടെ പറയുന്നുണ്ടായിരുന്നു
” കറുപ്പ് കരുത്തിന്റെ നിറമാണ് മോളെ.. ” എന്ന്.
സ്കൂൾവരാന്തയിൽ കൂട്ടുകാരുടെ ” കറുമ്പിപെണ്ണെ , കരിക്കട്ടേ ” എന്നൊക്കെയുള്ള കളിയാക്കലിൽ മനസ്സ് പിടച്ചുകൊണ്ട് ടീച്ചർക്ക് മുന്നിൽ കരഞ്ഞു നിൽകുമ്പോൾ ചേർത്ത് പിടിച്ച ടീച്ചർ നിറുകയിൽ തലോടിക്കൊണ്ട് പറയുമായിരുന്നു
” മോളെ, കറുപ്പെന്ന വാക്കിൽ കരഞ്ഞു നിൽക്കാതെ മനസ്സുകൊണ്ടൊന്ന് കത്തിജ്വലിച്ചാൽ കറുപ്പിനോളം വരില്ല വെളുപ്പ് ” എന്ന്.
അന്ന് അസംബ്‌ളിക്കിടയിൽ വരിയിൽ ഒറ്റപ്പെടുത്തിയർക്ക് മുന്നിൽ പിന്നീട് ലീഡറായി മുന്നിൽ നിന്നപ്പോൾ ആയിരുന്നു അവഗണിക്കപ്പെട്ടു പിന്നിൽ നിൽക്കാൻ മാത്രമല്ല, അവഗണിച്ചവരെ അനുസരിപ്പിച്ചുകൊണ്ട് മുന്നിൽ നിൽക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞത്.. !
അന്ന് പെണ്ണ് കാണാൻ വന്നവർ പരസ്പരം നോക്കുമ്പോൾ ” നിനക്ക് ഈ പെണ്ണിനെ മാത്രേ കിട്ടിയുള്ളോ ” എന്ന് അമ്മാവന്റെ അടക്കം പറച്ചിൽ കേട്ട് ചിരിച്ചുതള്ളിയ ഭാവിഭർത്താവിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയത് ആ നിമിഷം മുതലായിരുന്നു. !
മണ്ഡപത്തിൽ അയാളുടെ താലിക്ക് മുന്നിൽ തല കുനിയുമ്പോൾ പൂവെറിഞ്ഞ പെണ്ണുങ്ങൾ ” ഈ ചെക്കന്റെ ഒരു യോഗമേ ” എന്നും പറഞ്ഞ് കളിയാക്കി ചിരിക്കുന്നത് കാതിൽ ഈയം ഉരുക്കിയൊഴിക്കുന്ന പിടച്ചിലോടെ കേൾക്കുമ്പോൾ താലി കെട്ടിയവന്റെ മുറിക്കിപിടിച്ച കൈക്കുള്ളിൽ അഭയം തേടിയിരുന്നു അവൾ.
അവനോടൊപ്പം അമ്പലത്തിന്റെ പടികളിറങ്ങുമ്പോഴും ആളുകൾ കൂടുന്നിടത്തു അവനോടൊപ്പം നിൽക്കുമ്പോഴും കേൾക്കുന്ന പുച്ഛം നിറഞ്ഞ വാക്കായിരുന്നു
” കണ്ടില്ലേ, നിലവിളക്കിനടുത്തു കരിവിളക്ക് വെച്ചപോലുണ്ട്. അവന് കണ്ണ് തട്ടാതിരിക്കാൻ കരി പുരട്ടിയ കോലം ” എന്ന്.
അപ്പോഴെല്ലാം കണ്ണിറുക്കി കാണിച്ച് ആവശ്യമില്ലാത്തത് അവഗണിക്കാൻ പറഞ്ഞവൻ അന്ന് കളിയാക്കിചിരിച്ചവളുടെ മുഖത്തു നോക്കി പറയുന്നുണ്ടായിരുന്നു
” അതെ, എന്റെ പെണ്ണ് പുറമെ കറുത്തിട്ടാ.. പക്ഷേ, നിന്റ പോലെ മനസ്സല്ല കറുത്തത്. പുട്ടിയുമിട്ട്റങ്ങിയ കൊച്ചമ്മമാർക്ക് തിന്ന് എല്ലിന്റെ ഇടയിൽ കുത്തുന്ന കഴപ്പ് തീർക്കാൻ ഉടുത്തൊരുങ്ങി ഇറങ്ങി കണ്ടവന്റെ നിറം നോക്കി പുച്ഛിക്കാൻ നിന്നാൽ നല്ല ആണൊരുത്തനുണ്ട് അവൾക്ക് ചോദിക്കാനും പറയാനും.. ” എന്ന്.
അവന്റ വാക്കുകൾ അവൾക്ക് ആത്മധൈര്യം നൽകുമ്പോൾ അവൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു ” ഏട്ടന് പകരം പേടിച്ചു നിൽക്കാതെ പ്രതികരിക്കേണ്ടത് താൻ ആയിരുന്നില്ലേ..നാളെ ഒറ്റക്ക് നിക്കേണ്ടി വന്നാൽ….. “
അന്ന് രാത്രി കിടക്കാൻ നേരം അവൻ പറഞ്ഞതും അതായിരുന്നു.
” വായിൽ നാക്ക് തന്നത് വേണ്ടിടത്തു സംസാരിക്കാനും വേണ്ടപ്പോൾ വേണ്ടപോലെ ഉപയോഗിക്കാനും ആണ്. കറുപ്പ് ഒരു കുറ്റമല്ല, അത് അഴകാണ്..അതിനെ കുറ്റമായി കാണുന്നവന്റെ കണ്ണിൽ നോക്കി സംസാരിക്കുന്നിടത്തെ നമ്മൾ ജയിക്കൂ…അതിപ്പോ ആണായാലും പെണ്ണായാലും പ്രതികരിക്കണം… എല്ലാവർക്കും ഒരുപോലെ സ്വതന്ത്രമായി സഞ്ചരിക്കാൻ കൂടി അവകാശപ്പെട്ടതാണ് ഭൂമി. അവിടെ വേർതിരിവിന്റെ കറുപ്പും വെളുപ്പുമില്ല. അതുകൊണ്ടു ഇനി ആര് നിന്നെ പറഞ്ഞാലും അതിനുള്ള മറുപടി കൊടുത്തിരിക്കണം. “
അതൊരു ഉണർവ്വായിരുന്നു. ചേർത്തുപിടിക്കാൻ ആളുള്ളപ്പോ പിന്നെയും തോറ്റിരിക്കുന്നത് എന്തിനാണ്…….
അന്ന് ഗർഭിണി ആയപ്പോൾ കെട്ടിയവന്റെ അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ടായിരുന്നു അവൾ അടുക്കളയിലേക്കു കയറിയത്.
” ഇനീപ്പോ ഉണ്ടാകുന്ന കുട്ടി കറുത്തു പോവോ ആവോ.. അവനെ പോലെ ആയാൽ മതിയെന്റെ ഈശ്വരാ ” എന്ന്.
അത് കേട്ട് ചിരിച്ചു ചെന്നവൾ അമ്മയോടായി പറയുന്നുണ്ടായിരുന്നു “കറുത്തുപോയാൽ ന്താ അമ്മേ, വെറുപ്പ് കാണിക്കുന്ന കറുത്ത മനസ്സിനേക്കാൾ നല്ലതല്ലേ ” എന്ന്.
വീർത്ത വയറും വെച്ച് ടൗണിലെ കടയിലേക്ക് കയറുമ്പോൾ മുന്നിലെ ഓട്ടോസ്റ്റാൻഡിൽ നിന്നും ഒരു വളിഞ്ഞ ചിരിയോടെ പറയുന്നുണ്ടായിരുന്നു
” മുഖത്തു മുണ്ടിട്ടു കേറിക്കൂടിയതാകും അല്ലെ വയറ്റിൽ. ന്തായാലും ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ” എന്ന്.
പിന്നെ അടുത്തുള്ളവരെ നോക്കി പൊട്ടിച്ചിരിക്കുന്ന അവന് നേരെ തിരിയുമ്പോൾ അവന്റ കളിയാക്കൽ കേട്ട് കരയാൻ തോന്നിയില്ല. പതിയെ പൊട്ടിച്ചിരിക്കുന്നവ്വന്റെ അടുത്ത് ചെന്ന് കൂടി നിൽക്കുന്ന എല്ലാവരെയും നോക്കികൊണ്ട് അവൾ ഒറ്റ വാക്കിൽ മറുപടിയൊതുക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കളിയാക്കിയവന്റ മുഖം ഇഞ്ചി കടിച്ച പോലെ ആയിരുന്നു…
” അതെ ചേട്ടാ…. ഇത് ആണ് കേറി കളിച്ചതല്ല.. ആണിനെ കൊണ്ട് കളിപ്പിച്ചതാ… ന്തേ…? കളി കണ്ട് നിൽക്കാൻ മാത്രമല്ല, കളിപ്പിക്കാനും അറിയാം .. കേട്ടല്ലോ…..വെറുതെ വഴിയിൽ പോകുന്ന പെണുങ്ങളെ കളി പഠിപ്പിക്കാൻ നിൽക്കാതെ ഇടക്ക് വീട്ടിലൊന്നു ചെല്ല്…അല്ലെങ്കിൽ വീട്ടിലുള്ളവരെ കളി പഠിപ്പിക്കാൻ നാട്ടിലുള്ളവർ മുഖത്തു മുണ്ടിട്ടിറങ്ങും… ! !!