ചുവന്ന പൂക്കൾ ~ രചന: അനഘ “പാർവ്വതി”
അപ്പൂസേ…..വാ ചോറുണ്ണാൻ.
വേണ്ടമ്മാ..
ദേ ഇങ്ങോട്ട് വന്നേ. അമ്മ കഷ്ടപ്പെട്ട് എൻ്റപ്പൂസിനായി ഉണ്ടാക്കിയതല്ലേ. അപ്പൂസ് കഴിച്ചില്ലേൽ അമ്മക്കും വാവക്കും സങ്കടമാകും.
വാവ കരയുമോ.
പിന്നില്ലേ. അപ്പൂട്ടൻ്റെ അനിയത്തിക്കുട്ടി ചവിട്ടുന്നെ കണ്ടോ.
അനിയത്തി വേണ്ട. അനിയൻ മതി.
അത് കൊള്ളാല്ലോ. ഇത്രേം നാളും അനിയത്തി മതിയായിരുന്നു.ഇപ്പൊ അനിയനായോ. ഏത് വാവയാണെങ്കിലും അപ്പൂസിൻ്റെ വാവയല്ലെ.
അനിയത്തി വേണ്ട.
അങ്ങനെ പറയരുത് കുഞ്ഞാ. അപ്പൂസ് പൊന്നുപോലെ നോക്കാമെന്ന് ദൈവത്തോട് പറഞ്ഞതുകൊണ്ടല്ലെ നമുക്ക് വാവേ കിട്ടിയത്.
അപ്പോ വാവ ഹാപ്പിയായിരിക്കുമോ.
പിന്നില്ലെ. അമ്മേടെ അപ്പൂസല്ലെ നോക്കുന്നത്.
മം.
നമുക്ക് ചോറുണ്ണാം. അപ്പൂസ് അമ്മക്കും വാവക്കും ചോറ് തരുമ്പോ അമ്മ അപ്പൂസിനു തരും.വന്നേ വന്നേ……
**************************
ദീപ്തി……നിന്നോട് ഞാൻ എത്ര തവണ പറയണം. ഇതിപ്പോ മാസം എട്ടാണ്. ഇങ്ങനെ ഓടി ചാടി നടക്കാതെ.
ഞാൻ ഓടിച്ചാടി നടന്നൊന്നുമില്ല. ഞാൻ അപ്പൂസിനെ നോക്കാൻ പോയതാ.
അത് ചോദിക്കാൻ വിട്ടു. ഇന്നെന്താ അവനു പറ്റിയത്. ആകെ ശോകം.
ഞാനും ആലോചിച്ചു. സാധാരണ സ്കൂളിലെ വിശേഷങ്ങളും ഇന്ന് പഠിപ്പിച്ചതും കളിച്ചതുമെല്ലാം വാവേ വന്നു പറഞ്ഞു കേൾപ്പിക്കും. പക്ഷേ ആളിന്ന് സൈലൻ്റ് ആണ്. അനിയത്തി വേണ്ട എന്നൊക്കെ പറഞ്ഞു.ഇപ്പൊ നോക്കിയപ്പോഴും പഠിക്കാൻ ബുക്കും തുറന്നു വേറേതോ ലോകത്താണ്.
നീ ചോദിച്ചില്ലെ.
എനിക്കൊരു പേടി. ഏട്ടൻ വന്നിട്ടാകാം എന്ന് കരുതി.പതിനൊന്നു കൊല്ലം ഒറ്റക്ക് വളർന്നതല്ലെ. ചില കുട്ടികൾക്ക് ഇങ്ങനെ വിഷമം വരുമെന്ന് കേട്ടിട്ടുണ്ട്.ഇന്ന് സ്കൂളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കാണുമോ.
അങ്ങനെയൊന്നുമില്ല. നീ ഈ സമയത്ത് പ്രെഷർകൂട്ടാതെ. ഇത്രേം മാസം അവൻ തന്നല്ലെ നിനക്ക് വേണ്ടതൊക്കെ കൂടെനിന്ന് ചെയ്തത്. അവൻ്റെ പ്രാർത്ഥന അല്ലേടോ ഈ വാവ.
അതെ. എന്നാലും.അനിയത്തി വേണ്ട അനിയൻ മതിയെന്ന് പറയുന്നു. എനിക്കിതു കാണുമ്പോ ഒരു ടെൻഷൻ. കുഞ്ഞുങ്ങളിലെ ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം.
താൻ വാ. നമുക്ക് അവനോട് സംസാരിക്കാം.
***********************
എടാ കള്ളാ…നീ പഠിക്കുവാണെന്ന് പറഞ്ഞ് സ്വപ്നം കാണുവാണോ.
അച്ഛാ..ഇക്കിളി ആവുന്നു..
ഓക്കേ ഓക്കേ…. ഇന്നെന്ത് പറ്റി അച്ഛൻ ഓഫീസിൽ നിന്ന് വന്നിട്ട് അച്ഛനോട് മിണ്ടാൻ വന്നില്ലല്ലോ.
ഒന്നുമില്ല.
അച്ഛനെ നോക്ക്. ആരാ മോൻ്റെ ബെസ്റ്റ് ഫ്രണ്ട്.
അച്ഛാ…
ആണല്ലോ. അപ്പോ അച്ഛനോട് കള്ളം പറയാമോ.
……..
തല കുനിക്കരുത്. തെറ്റ് ചെയ്തവരാണ് മുഖത്ത് നോക്കാതെ ഇരിക്കുക. അച്ഛൻ്റെ അപ്പൂസ് മിടുക്കനാണല്ലോ. അപ്പൂസ് വിഷമിച്ചിരുന്ന അച്ഛനും അമ്മക്കും വിഷമമാവും. അമ്മ വിഷമിച്ചാൽ നമ്മുടെ വാവച്ചിക്കും ദോഷമല്ലെ.
അച്ഛാ……
എന്താടാ കണ്ണാ..
അച്ഛാ നമുക്ക് അനിയത്തി വാവ വേണ്ട.
അതെന്താ. അപ്പൂട്ടന് അനിയത്തി വാവയാണല്ലോ ഇഷ്ടം.ഇപ്പൊ എന്ത് പറ്റി.
അച്ഛാ.. അനിയത്തി വാവ വന്നാൽ വാവക്ക് ഒത്തിരി വേദനിക്കും. വാവ കരയും. എന്നോട് കൂട്ടും കൂടില്ല.
എന്നാരാ മോനോട് പറഞ്ഞെ.
ഞാൻ കണ്ടല്ലോ.
എന്ത് കണ്ടൂ.
എൻ്റെ ക്ലാസ്സിലെ കൂട്ടുകാരി ഇല്ലേ..
ആര് രേഷ്മയോ…..രേഷ്മക്കെന്ത് പറ്റി.
രേഷ്മ കഴിഞ്ഞ ദിവസം വന്നില്ല. പനിയാണെന്ന് പറഞ്ഞു. ഇന്ന് വന്നിട്ട് എന്നോടൊന്നും മിണ്ടിയുമില്ല. രേഷ്മെൻ്റെ അമ്മ പറഞ്ഞു ബോയിസിനോട് കൂട്ട് കൂടരുതെന്ന്.
എന്നിട്ട്…
ഇന്ന് മലയാളം ക്ലാസ് കഴിഞ്ഞു മാഡം പോയപ്പോ ഞങ്ങള് താങ്ക് യു പറയില്ലേ അപ്പൊ വിഷ്ണു വിളിച്ചു പറഞ്ഞു രേഷ്മയുടെ ഡ്രസിൻ്റെ പുറകിൽ റെഡ് കളറായിന്ന്. അപ്പോ എല്ലാരും നോക്കി. രേഷ്മ കരയാൻ തുടങ്ങി അമ്മാ. എനിക്കും വിഷമമായി. പിന്നെ ടീച്ചർ രേഷ്മേനെ വിളിച്ചു കൊണ്ടുപോയി.
ടീച്ചർ ഒന്നും പറഞ്ഞില്ലേ.
ഇല്ല. അപ്പോഴേക്കും ലാസ്റ്റ് ബെൽ അടിച്ചു.പിന്നെ ബസിൽ ഇരുന്നപ്പോ അഭിജിത്ത് പറഞ്ഞു അവൻ്റെ ചേച്ചിക്കും ഇങ്ങനെ വരും. അപ്പോ ഭയങ്കര വയറു വേദനയാണ്. ചേച്ചിയും കരയുമെന്ന്. എല്ലാ മന്തും വരുമെന്ന് അമ്മ പറഞ്ഞെന്ന്. അപ്പോ എനിക്ക് അനിയത്തി വാവ വന്നാൽ വാവക്കും വേദനിക്കില്ലെ.നമുക്ക് അനിയൻ വാവ മതിയമ്മാ.
അച്ഛൻ്റെ അപ്പൂസിന് വാവയോട് ഒത്തിരി ഇഷ്ടം ഒള്ളതുകൊണ്ടാ അങ്ങനെ തോന്നിയേ.
അപ്പൂസ് അമ്മയെ നോക്കിയേ. അപ്പൂസിനോട് അമ്മ സോറി പറയുവാ. അമ്മ ഇതൊക്കെ നേരത്തെ പറഞ്ഞു തരാഞ്ഞതിൽ. അതുകൊണ്ടാണ് അപ്പൂസ് ഇപ്പൊ വിഷമിക്കുന്നത്. അപ്പൂസെ……അമ്മ എപ്പോഴെങ്കിലും അപ്പൂസിനൊട് കൂട്ട് കൂടാതിരുന്നിട്ടുണ്ടോ.
ഇല്ല.
അത്രേം സിംപിൾ ആണെൻ്റെ അപ്പുകുട്ടാ. അമ്മേം ഗേൾ അല്ലേ. അമ്മക്കും വരാറുണ്ട് എല്ലാ മാസവും.
ശരിക്കും. അപ്പോ അമ്മക്ക് വേദനിക്കുമോ.അമ്മ കരയാറില്ലല്ലോ.
അമ്മക്കും വേദനിക്കും. അപ്പോ അപ്പൂസിൻെറ അച്ഛൻ അമ്മക്ക് വേദനമാറാൻ മരുന്നൊക്കെ തരും. ജോലിയിൽ സഹായിക്കും.പിന്നെ എല്ലാർക്കും ഇങ്ങനെ വരുമെങ്കിലും എല്ലാർക്കും വേദന ഉണ്ടാവണമെന്നില്ല.
എനിക്കും അച്ഛക്കും ഇല്ലല്ലോ.
അപ്പൂസ് നോക്കിക്കേ…..വാവ അമ്മേടെ വയറ്റിൽ അല്ലേ വളരുന്നത്. അപ്പോ വാവയ്ക്ക് വളരാൻ പറ്റുമോ എന്ന് അമ്മേടെ ശരീരം ചെക്ക് ചെയ്യുന്നതാ.
അപ്പോ റെഡ് കളറോ.
അപ്പൂസ് ഇപ്പൊ പഠിച്ചില്ലേ ബ്ലഡ് വെസ്സലുകളെ കുറിച്ച്. അതുപോലെ വാവക്കു വേണ്ടി ബ്ലഡ് വസ്സൽ ഉണ്ടാകും. വാവ വരാൻ സമയം ആയില്ലെങ്കിൽ അതൊക്കെ വെറുതെയായി പോകില്ലേ.അപ്പൊ അതെല്ലാം നമ്മുടെ ശരീരം പുറത്തേക്ക് ബ്ലഡായി കളയുന്നു.അമ്മക്ക് വാവ ഇപ്പൊ ഒള്ളതുകൊണ്ട് അങ്ങനെ വരില്ല.
അപ്പോ വാവ വന്നാൽ ഇത് മാറുമോ അമ്മാ.
വാവ വയറ്റിൽ ഉള്ളപ്പോ വരില്ല കണ്ണാ. അതിനാദ്യം നന്നായി ആഹാരമൊക്കെ കഴിച്ച് ബിഗ് ബോയ്സും ഗേൾസും ആവണം. ഇപ്പൊ അപ്പൂസ് വിഷമിച്ചില്ലെ അപ്പൂൻ്റെ അനിയത്തി വാവയെ ഓർത്ത്,അമ്മയെ ഓർത്ത്. അതുപോലെ എല്ലാവർക്കും വരും. എത്രയൊക്കെ ബുദ്ധിമുട്ട് അവര് അനുഭവിക്കുന്നുണ്ട്. അപ്പോ നമ്മൾ അവരെ നന്നായി ട്രീറ്റ് ചെയ്യണ്ടേ. അപ്പൂനേ പോലെ മിടുക്കന്മാരും മിടുക്കികളുമയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി കൊച്ചു പ്രായം തൊട്ട് അവര് ഒത്തിരി വേദനിക്കുന്നില്ലെ. അപ്പോ അപ്പു എന്ത് ചെയ്യണം.
അവരെ നന്നായി കെയർ ചെയ്യണം.
ഗുഡ് ബോയ്. ഗേൾസിന് മൂഡ് മാറും. ചിലപ്പോ ദേഷ്യം വരും. ചിലപ്പോ സങ്കടം വരും. അവർക്ക് എപ്പോഴും സപ്പോർട്ട് ആയി ഉണ്ടാവണം. അവർക്ക് വേണ്ട. സഹായങ്ങൾ പറ്റും പോലെ ചെയ്തു കൊടുക്കണം.അമ്മക്ക് പനി വരുമ്പോ അപ്പൂം അച്ഛനും അമ്മേ നോക്കാറില്ലെ.അതുപോലെ. പിന്നെ അവരുടെ അനുവാദമില്ലാതെ ബാഗിലൊന്നും തപ്പരുത്. അതാരുടെം അങ്ങനെ ചെയ്യരുത്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും. അവരും അപ്പൂനെ കെയർ ചെയ്യും. Give respect and…
Take respect.
മിടുക്കൻ.
അപ്പോ രേഷ്മ മിണ്ടുമോ അമ്മാ.
പിന്നെ മിണ്ടാതെ…..എൻ്റെ അപ്പൂട്ടനോട് എല്ലാരും മിണ്ടും. അപ്പോ നമുക്ക് അനിയത്തി വാവയായാലും അനിയൻ വാവയായാലും അപ്പൂസ് പൊന്നു പോലെ നോക്കില്ലെ.
നോക്കും.
മിടുക്കൻ. അപ്പോ ഉറങ്ങിക്കോ. രാവിലെ സ്കൂളിൽ പോവാൻ റെഡി ആകണ്ടതല്ലെ. ഗുഡ് നൈറ്റ്.
ഗുഡ് നൈറ്റ് അച്ഛാ. ഗുഡ് നൈറ്റ് അമ്മാ.
********************
അവന് മനസിലാവും എന്ന് വിശ്വസിക്കാം അല്ലേ ഏട്ടാ..
മം. പാരൻ്റിങ് എത്ര പാടാണെ.ഇനി അകത്തുള്ള ആൾക്ക് എന്തൊക്കെ സംശയം തീർത്തു കൊടുക്കേണ്ടി വരും. വാവേ….. അച്ഛനെയും അമ്മയെയും കുഴപ്പിക്കുന്ന ചോദ്യം ചോദിക്കരുതേ പ്ലീസ്.
ദേ ചവിട്ടുന്നു.
അപ്പോ ചോദിക്കുമെന്ന്.
ഹഹഹ.
ശുഭം
***************
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതൊരു നിത്യ സംഭവമായിരുന്നു. ബുധനാഴ്ച വെള്ള യൂണിഫോമിൽ…….ക്ലാസ്സിലെ ആൺകുട്ടികൾക്ക് അതൊരു ചർച്ചാവിഷയമാണ്. ഉയർന്നു കേൾക്കുന്ന മുറുമുറുപ്പ് അവരുടെ ആകാംക്ഷയും തെറ്റിദ്ധാരണയും ആണെന്ന് മനസ്സിലാക്കാൻ അന്ന് സാധിച്ചില്ല. എന്തിന് പന്ത്രണ്ടാം ക്ലാസിൽ പോലും അവിടേം തൊടാതെ ഇവിടേം തൊടാതെ പഠിപ്പിച്ചു. അന്ന് ഞങ്ങൾ പറയുമാരുന്നു ക്ലാസ്സ് കേട്ടാൽ പെൺകുട്ടികൾക്ക് തന്നെ മനസ്സിലാവില്ല പിന്നെയാണ് ആൺകുട്ടികൾക്ക്.
ആണായാലും പെണ്ണായാലും സ്വന്തം ശരീരത്തിൽ വളർച്ചയുടെ ഭാഗമായി ഉണ്ടാകുന്ന മാറ്റങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ മതിയോ🤔🤔🤔
എത്ര ആൺകുട്ടികൾക്ക് കുട്ടിക്കാലത്ത് തന്നെ ധാരണയുണ്ട് കൂടെയുള്ള കൂട്ടുകാരി അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ. എത്ര അച്ഛനമ്മമാർ സംവദിക്കുന്നുണ്ട് മക്കളോട്.
പക്ഷേ ഒന്നുപറയട്ടെ ഇന്നത്തെ ചെറുപ്പകാരിൽ നല്ലൊരു ശതമാനവും ബോധവാന്മാരണ്. സമൂഹ മാധ്യമങ്ങൾക്ക് നന്ദി.