അളകനന്ദ
രചന: Athira Athi
മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു. നാളുകൾക്ക് ശേഷം വീണ്ടും ഒരു തിരിച്ചുപോക്ക്.വർഷങ്ങൾ പലതു കഴിഞ്ഞു നാട്ടിലേക്ക് പോയിട്ട്.പലപ്പോഴും മനസ്സ് നാട്ടിൻപുറത്തെ പ്രണയിച്ചപ്പോഴും , നാട്ടിലേക്ക് പോകാൻ കൊതിച്ചപ്പോഴും സ്വയം കാരണങ്ങൾ ഉണ്ടാക്കി മനസ്സിനെ ബന്ധിച്ചതായിരുന്നൂ. പക്ഷേ,ഇന്ന് പോകാതെ പറ്റില്ല,ഇന്ന് തൻ്റെ പ്രാണൻ മറ്റൊരാളിൽ അലിയാൻ പോകുകയാണ്. ഓർക്കുമ്പോൾ തന്നെ മനസ്സിലെ നെരിപ്പോട് വീണ്ടും ആളികത്തി.നീറുന്ന മനസ്സോടെ അളകനന്ദ സന്തോഷത്തിൻ്റെ ആവരണം മുഖത്തേക്ക് അണിയാനുള്ള ശ്രമം നടത്തി.ഒരു പാഴ് ശ്രമം…
നാട്ടിലേക്ക് ഉള്ള വഴിയാണ്.ഇപ്പൊൾ കാർ പോകുന്നത് ഇടുക്കിയിലൂടെ ആണ്.ഇവിടെ ഒരിക്കൽ മാത്രം വന്നിടുള്ളൂ.അതിൻ്റെ ഓർമകൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇടുക്കിയിലെ, ദേവികുളം താലൂക്കിലെ മീശപുലിമല അതാണ് ഞാൻ ആദ്യമായി കണ്ട ഒരു വിനോദസഞ്ചാര കേന്ദ്രം.വീട്ടിലെ എല്ലാവരും കൂടെ പോകുമ്പോൾ ഈ അനാഥയ്ക് കിട്ടിയ ഒരു ഔദ്ധാര്യം….ഒട്ടും സന്തോഷം ഇല്ലാത്ത ജീവിതത്തിൽ വിധി അന്ന് മുതൽ ഒരു മാറ്റം വരുത്തി തന്നു.ഈ സ്ഥലത്തെ സൗന്ദര്യം എന്നെ ഒരുപാട് സ്വാധീനിച്ചു.
ഇടുക്കി എന്ന സൗന്ദര്യാധാമത്തിന് മാറ്റ് കൂട്ടാൻ ദൈവം ചൂടി കൊടുത്ത മയിൽപ്പീലി – അതാണ് മീശപുലിമല. പച്ചപ്പ് നിറഞ്ഞ പാടങ്ങളും കുളിർകാറ്റും കളകളമൊഴുകുന്ന പുഴകളും നിറഞ്ഞ നാട്. മീശപുലിമലയുടെ അഗ്രഭാഗത്തെക്ക് ഉള്ള യാത്ര എന്നെ കോരിത്തരിപ്പിച്ചു. ആ നാടിൻ്റെ ഭംഗി എന്നും വിനോദയാത്രകൾ നടത്തുന്നവരെ മാടിവിളിക്കുന്ന ഒന്നായിരുന്നു.അവിടെ പോയപ്പോൾ ഞാനും മേഘ ശകലങ്ങളെ പോൽ പറന്നുയരാൻ ആഗ്രഹിച്ചിരുന്നു.അനാഥത്വത്തിൻ്റെ നോവുകൾ നിറഞ്ഞ ഈ ജീവിതം മതിയാക്കി,മരണത്തെ പുൽകാൻ.
തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ഇടയ്ക്ക് കിടക്കുന്ന നാട്,എന്നും മഞ്ഞിൻ നേർത്ത പുതപ്പിനാൽ മൂടിയിരിക്കും. മീശപുലിമലയെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവില്ല.തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ മലയും,
മരങ്ങളാൽ തിങ്ങി നിറഞ്ഞ എട്ട് കുന്നുകളും താഴ്‌വരകളും…അവയെ എല്ലാം കൂടെ നോക്കുമ്പോൾ ഒരു മീശ പോലെ ഉണ്ടാവുമെന്ന് ഉള്ളത് കൊണ്ടാണ് അതിന് ആ പേര് വീണത്.മലമുകളിൽ നിന്നും നോക്കുമ്പോൾ,എന്ത് രസമാണെന്നോ? മേഘങ്ങളിൽ ചേക്കേറാൻ തോന്നിപ്പോവും.. മേഘങ്ങൾ കാൽക്കീഴിൽ പറന്നു നടക്കുന്ന പോലെ തോന്നും.സ്വർഗ്ഗത്തിൽ നിന്നു ഭൂമിയെ വീക്ഷിക്കുന്ന പോലെയുള്ള ആ അനുഭവം മറക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്.ഇന്ന് വരെ എന്നിലെ മായാത്ത ഓർമകളിൽ ഒന്ന്….
അന്നാണ് എന്നിൽ ആദ്യമായി പ്രണയത്തിൻ്റെ വിത്തുകൾ പാകിയത്. സച്ചിയെട്ടൻ ആരും കാണാതെ,എൻ്റെ കാതോരത്ത് പ്രണയം പറഞ്ഞപ്പോൾ,കണ്ണുകൾ നിറഞ്ഞു തുളുമ്പി.സ്നേഹപൂർവം പ്രണയം നിരസിച്ച എന്നെ കൈകളിൽ ബലമായി പിടിച്ച് കൊണ്ടുപോയി എന്നിലെ പ്രണയത്തെ കുറിച്ച് എന്നോട് തന്നെ പറഞ്ഞപ്പോൾ,ഞാൻ തളർന്നു പോയിരുന്നു.ആരും അറിയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിൻ്റെ മയിൽപീലി ,എൻ്റെ കണ്ണുകളിൽ കൂടി തെളിഞ്ഞത് ഞാൻ അറിഞ്ഞില്ല.പക്ഷേ ,അത് എൻ്റെ സച്ചിയേട്ടൻ അറിഞ്ഞിരുന്നു.
അതൊക്കെ ഓർത്തപ്പോൾ അളകനന്ദ കരഞ്ഞു പോയി.ദൂരങ്ങൾ ഇനിയും താണ്ടാൻ ഉണ്ട്.പതിയെ കണ്ണുകളടച്ച് സീറ്റിൽ ചാരി അവളിരുന്നൂ.കാറിൻ്റെ വിൻഡോയിലൂടെ വരുന്ന കാറ്റ് ,അവളുടെ ചുരുണ്ടമുടികളെ തഴുകി തലോടി കൊണ്ടിരുന്നു.കാറ്റിൻ്റെ ചിറകിലേറി ഓർമകൾ ഭൂതകാലത്തേക്ക് യാത്രയായി…
***********************
പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമം.നെൽപ്പാടങ്ങളും വയലും വരമ്പുകളും നിറഞ്ഞ വഴികൾ.അമ്പലങ്ങളും പള്ളികളും മദ്രസകളും എല്ലാമുള്ള ഒരു കൊച്ച് ഗ്രാമo. മുളങ്കാടുകളും കളകളം ഒഴുകുന്ന നദികളും ,പുഴകളും തോടുകളും കുളങ്ങളും നിറഞ്ഞ്,പുലരുമ്പോൾ തന്നെ പുൽനാമ്പുകളിൽ മുത്തമിട്ട് നിൽക്കുന്ന മഞ്ഞുതുള്ളികൾ,സൂര്യനെ കാത്തിരുന്നു വിരിയാൻ വെമ്പി നിൽക്കുന്ന താമരപ്പൂക്കൾ നിറഞ്ഞ പൊയ്ക്കകൾ.. രാത്രിയിൽ ചന്ദ്രികയെ കാത്ത് വിരിയുന്ന ആമ്പൽ പൂവുകൾ,എല്ലാം ഗ്രാമത്തിൻ്റെ മനോഹാരിത …
അവിടെ പ്രതാപത്തിൻ്റെ അഹങ്കാരം വിളിച്ചോതി ഉയർന്നു നിൽക്കുന്ന നാലുകെട്ട്.അതിനടുത്തായി നാഗക്കാവും ഒരു കുളവും.പാലപൂവിൻ്റെ ഗന്ധം നിറഞ്ഞ ഇളംകാറ്റിൽ പുളകിതയായി ആ കെട്ടിട സമുച്ചയം നിന്നു.കുട്ടികളുടെ കളികൾ കൊണ്ട് നിറഞ്ഞ ആ വീടിൻ്റെ അകത്തളം…
അളകനന്ദയും സച്ചിയും കളികൂട്ടുക്കാരും അതിലുപരി അവൾ അവൻ്റെ മുറപെണ്ണും ആയിരുന്നു.ചെറുപ്രായത്തിൽ അതൊന്നും അവർക് ഒരു കാര്യം ആയിരുന്നില്ല.മഞ്ചാടി പെറുക്കി , മുങ്ങാകുഴിയിട്ട് കളിക്കുന്ന പ്രായം.അവളെ കൂടാതെ വർഷയും അവൻ്റെ മുറപെണ്ണ് ആയിരുന്നു.മൂന്നുപേരും ഒരുമിച്ചാണ് കളിച്ച് വളർന്നത്.
ബിസിനസ്സിൽ നഷ്ടം വന്ന് സ്വത്ത് മുഴുവൻ അന്യാധീനപെട്ടപ്പോൾ ,
അളകനന്ദയുടെ അച്ഛൻ ഒരു മുഴം കയറിൽ തൻ്റെ ജീവിതം അവസാനിപ്പിച്ചു. അവളുടെ അമ്മ അച്ഛൻ്റെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നത് കൊണ്ട് മുത്തശ്ശനും മുത്തശ്ശിയും അവരെ തിരിഞ്ഞ് നോക്കാൻ പോലും വിസ്സമതിച്ചു. അമ്മയുടെ അനിയൻ ആരുമറിയാതെ ഇടയ്ക്ക് വന്ന് കാണുമായിരുന്നു. അവരുടെ ജീവിതം പിന്നെ സച്ചിയുടെ വീട്ടിലെ അടുക്കളയിൽ ആയിരുന്നു.
സർക്കാർ സ്കൂളിൽ ആയത്കൊണ്ട് അളക പഠനം തുടർന്നു.മികച്ച മാർക്കോടെ പത്താം ക്ലാസ്സ് പാസായി.അവൾക് വാശി ആയിരുന്നു.അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്ന അമ്മയെ എങ്ങിനെയെങ്കിലും അവിടെ നിന്നും രക്ഷപെടുത്താൻ അവൾക് ആഗ്രഹം ഉണ്ടായിരുന്നു.
പിന്നീട് ആരുടെയോ സ്പോൺസർഷിപ് വഴി അവൾക് വീണ്ടും പഠിക്കാനുള്ള അവസരം കൈവന്നപ്പോഴും ,പലതും പറഞ്ഞ് അതിനെ മുടക്കാൻ സച്ചിയുടെ അമ്മ മുൻകൈയെടുത്ത് തുടങ്ങിയിരുന്നു.അത് സച്ചിയുടെ അച്ഛൻ കാര്യമായി എടുത്തില്ല.അത് കൊണ്ട് അവൾക് കോളേജിൽ പോകാൻ കഴിഞ്ഞു.എങ്കിലും അവരുടെ ദേഷ്യം കാണിക്കാൻ പല വഴികളും കണ്ടുപിടിച്ച് കൊണ്ടിരുന്നു. കോളേജിൽ നിന്ന് വീട്ടിലേക്ക് എത്തുമ്പോഴേക്കും ഓരോ പണി പറഞ്ഞ് കൊണ്ടിരിക്കും.അത് കഴിയുമ്പോഴേക്കും സമയം ഒരുപാട് ആവും.രാത്രി കുറേനേരം ഉറങ്ങാതെ ഇരുന്നാണ് അവൾ പഠിച്ചിരുന്നത്.
ഒട്ടുമിക്ക ദിവസവും അവിടുത്തെ സർപ്പകാവിൽ അവൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കും.അതിനുശേഷം അച്ഛൻ്റെ അസ്ഥിത്തറയിൽ കുറച്ച് നേരം പോയിരുന്നു പരിഭവം പറയും.അതിനിടയിൽ തൻ്റെ കോളേജിൽ തന്നെ പഠിക്കുന്ന സച്ചിയേട്ടൻ എന്നോ അവളുടെ മനസ്സ് കവർന്നു.ഇടയ്ക്ക് അവൻ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ അവളുടെ അടുത്ത് വന്നിരുന്ന് ചൊല്ലും ….കഥകളും കവിതകളും ലേഖനങ്ങളും എല്ലാം അവൻ അവൾക്കായി പറയും .
അങ്ങനെ എന്നോ അവൾക് അവനോട് പ്രണയം ആയി.അവൾക് ഭയമായിരുന്നു അത് പറയാൻ.എല്ലാം മനസ്സിൽ ഒളിച്ച് വച്ച്,നിശ്ശബ്ദമായി അവൾ പ്രണയിച്ച് കൊണ്ടിരുന്നു.പക്ഷേ,അവളെ തേടി അവൻ്റെ കണ്ണുകൾ യാത്ര ചെയ്യുന്നത് അവളും അറിഞ്ഞില്ല.
ഒരു ദിവസം നെഞ്ചുവേദനയെ തുടർന്ന് അമ്മയ്ക്ക് വയ്യാതെ ആയപ്പോൾ, ആ രാത്രി വിധി അമ്മയെ അവളിൽ നിന്നും അകറ്റി. പിന്നീടുള്ള ദിവസങ്ങളിൽ ഇരുട്ട് മുറിയ്കുള്ളിൽ അളക കഴിച്ച്കൂട്ടി. സച്ചിയുടെ അമ്മയ്ക്ക് അവളൊരു ഭാരമായി തോന്നി തുടങ്ങി .കാരണങ്ങൾ കണ്ടെത്തി അവളെ വേദനിപ്പിക്കാൻ അവർ സദാ ശ്രമിച്ചു.
അവളുടെ സ്വപ്നങ്ങൾ വിട്ട് കൊടുക്കാതെ പല ദുരിതങ്ങളും സഹിച്ച് അളക പഠിച്ചു. വാശിയോടെ തന്നെ.അങ്ങനെ കുറെനാൾ കഴിഞ്ഞപ്പോഴാണ് ഇടുക്കിയിലെക്ക് യാത്ര പോയത്.പ്രണയം ഇരുവരും തമ്മിൽ പറഞ്ഞതിൽ പിന്നെ അവളുടെ സങ്കടം അവൻ്റെതുമായി.അവളെ ആശ്വസിപ്പിക്കാൻ സച്ചി ആവോളം ശ്രമിച്ചു.
അവർ കണ്ടുമുട്ടിയിരുന്നത് സർപ്പാകാവിൽ വച്ച് ആയിരുന്നു.അവൾക് അവനെയും അവന് അവളെയും പിരിയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു.അല്ലാതെയുള്ള സമയങ്ങളിൽ അവർ മറ്റുള്ളവർക്ക് മുന്നിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞ് പോയി. അളക ഉയർന്ന മാർക്കോടെ ഡിഗ്രീ പഠനം പൂർത്തിയാക്കി.എന്നാൽ , അന്ന് അവളുടെ കണ്ണുനീർ വറ്റാതെ , ആ ദിവസം അവളെ വേട്ടയാടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അന്ന് സന്ധ്യയ്ക്ക് കാവിൽ വിളക്ക് വയ്ക്കാൻ പോയപ്പോൾ, അളക കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു.നന്ദി പറഞ്ഞു.അത് കഴിഞ്ഞ് തിരിഞ്ഞപോഴാണ് തന്നെ നോക്കി നിൽകുന്ന സച്ചിയെട്ടനെ കണ്ടത്.
ചുണ്ടിൽ കുസൃതി നിറഞ്ഞ പുഞ്ചിരി വിടർന്നു നിൽക്കുന്നത് അവളും കണ്ടൂ.അവനെ കടന്നു പോകാൻ നിൽക്കവേ,അവൻ്റെ കൈകൾ അവളുടെ കൈയിൽ പിടുത്തമിട്ടു.പെട്ടന്ന് അവളെ സച്ചി അവൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. അവളും അത് കൊതിച്ച പോലെ തോന്നി.അവൻ്റെ നെഞ്ചിലെ ചൂട് പറ്റി കുറച്ച് നേരം നിന്നു.പതുക്കെ അവൻ അവളുടെ മുഖം അവന് നേർക്ക് പിടിച്ചുയർത്തി.
അവൻ്റെ കണ്ണുകൾ അവളിൽ പ്രണയം നിറച്ചു.പതിയെ അവൻ അവളുടെ ചുണ്ടുകൾ തൻ്റെ ചുണ്ടുകൾ കൊണ്ട് കവർന്നെടുത്തു. പെട്ടന്നാണ് അവളെ അവനിൽ നിന്നും അകറ്റി ഒരു അടി കവിളിൽ കൊണ്ടത്.വേദന കൊണ്ട് പുളഞ്ഞു, അളക നോക്കുമ്പോൾ ,സച്ചിയുടെ അമ്മയും അച്ഛനും വർഷയും നിൽക്കുന്നത് കണ്ടു. അവൾ വേഗം അടുക്കളയിലേക്ക് ഓടി.
പിന്നീട് അവിടെ നടന്നത് ഓർക്കാൻ കൂടി അവൾക് ആവുമായിരുന്നില്ല.തൻ്റെ മകനെ അവൾക് കൊടുക്കില്ല എന്നും ഇനി അവൾക് ഈ വീട്ടിൽ സ്ഥാനമില്ല എന്നും പറഞ്ഞ് വഴക്കിടുന്ന സച്ചിയുടെ അമ്മയെ ആണ് കണ്ടത്.തലങ്ങും വിലങ്ങുമായി അവളെ അടിച്ച് അവർ ഒരു മൂലയിൽ ഇരുത്തി.മുഖവും ശരീരവും ഒക്കെ നീറിപുകഞ്ഞ് അവൾ എപ്പോഴോ തളർന്ന് ഉറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ അമ്മയുടെ അനിയൻ അവളെ കൂട്ടി യാത്രയായി. ആരോടും ഒന്നും പറയാതെ,നിറഞ്ഞ കണ്ണുകളുമായി ആ പടിയിറങ്ങി.
പിന്നെ ,ആരും അവളെ അന്വേഷിച്ചില്ല. അമ്മായി അവളെ സ്വന്തം മകളെ പോലെ നോക്കി.സന്തോഷം വീണ്ടും അവളിൽ നിറഞ്ഞു. പി എസ് സി പരീക്ഷ എഴുതി നല്ലൊരു ജോലി അവൾക് കിട്ടി. അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ആണ് അമ്മാവൻ കല്യാണത്തിൽ പങ്കെടുക്കാൻ പോകണം എന്ന് പറഞ്ഞത്.തീരെ താല്പര്യം ഉണ്ടായിരുന്നില്ല.എങ്കിലും അവരുടെ കൂടെ പോകണം എന്ന വാശിയ്ക് , അളക അമ്മാവനും അമ്മായിയ്‌കും ഒപ്പം വന്നു.
*******************
“” സർ ,സ്ഥലമെത്തി..” ഡ്രൈവർ അത് പറയുന്നത് കേട്ടാണ് ഓർമകളിൽ നിന്നും അളക മുക്തയായത്.താൻ പണ്ട് വന്നിരുന്ന കൃഷ്ണൻ്റെ അമ്പലം ആണ്.കാറിൽ നിന്നും ഇറങ്ങി അളക നടന്നു.കല്യാണത്തിൻ്റെ ഒരു അലങ്കാരവും കണ്ടില്ല. അമ്മാവനോട് മൗനാനുവാദം വാങ്ങി,നേരെ നടയിലേക്ക് നടന്നു. അവിടെ നിന്ന് കണ്ണുകൾ അടച്ച് മനമുരുകി പ്രാർത്ഥിച്ചു.കണ്ണുകൾ തുറക്കുമ്പോൾ കാണുന്നത് സച്ചിയേട്ടനെ ആണ്.
കല്യാണചെറുക്കൻ്റെ വേഷത്തിൽ അവനെ കാണാൻ നല്ല ഭംഗിയുണ്ട്. അവൻ അവളോട് പറഞ്ഞു ” ഇത്രയും കാലം ഞാൻ നിനക്കായി കാത്തിരുന്നു.ഒരു വാക്ക് മിണ്ടാതെ നീ എന്നെ വിട്ടിട്ട് പോകുമ്പോൾ,എന്നെ കുറിച്ച് ഒരു വേള നീ ചിന്തിച്ചില്ല..അതിനു നിനക്ക് ഉള്ള ശിക്ഷ ആണ് ഇത്..”
അതും പറഞ്ഞ് അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ,അനങ്ങാൻ ആവാതെ അളക നിന്നു.ചുറ്റും നോക്കുമ്പോൾ അമ്മാവനും സച്ചിയുടെ അമ്മയും അച്ഛനും വർഷയും ഒക്കെ നിൽക്കുന്നുണ്ട്. സച്ചിയുടെ അമ്മ അവളെ ചേർത്ത് പിടിച്ചു മാപ്പ് പറഞ്ഞു.
” എല്ലാം എൻ്റെ തെറ്റാണ് മോളെ,നിന്നെ ചേർത്ത് പിടിക്കുന്നതിനു പകരം ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചു.ഇവന് നിന്നെ ഇത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. പണത്തിൽ മാത്രം ആയിരുന്നു എനിക്ക് കണ്ണ്.ഒന്നും ഇല്ലാത്തവളെ സ്വീകരിക്കാൻ ഞാൻ ഇഷ്ടപെട്ടില്ല… ഇവൻ നിന്നെ സ്നേഹിച്ചത് നിൻ്റെ മനസ്സ് കണ്ടിട്ട് ആണെന്ന് അറിയാൻ ഒരുപാട് വൈകി.മറ്റൊരു കല്യാണത്തിന് ഇവനെ ഞാൻ നിർബന്ധിച്ചപ്പോൾ മരിച്ചാലും നിൻ്റെ കഴുത്തിൽ മാത്രമേ താലി കെട്ടുകയുള്ളു എന്നവൻ ശഠിച്ചു.പിന്നെയും അഹങ്കാരം വെടിയാതെ നിന്ന എന്നെ ദൈവം ശിക്ഷിച്ചു.അമ്പലത്തിൽ നിന്നും തിരികെ വരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് വന്ന് എന്നെ ഇടിച്ചു.അന്നത്തെ എൻ്റെ അവസ്ഥയിൽ നീ എൻ്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആശിച്ചു മോളെ…ഇനിയും നിന്നെ പിരിയാൻ അമ്മയ്ക്ക് വയ്യ..എന്നോട് ക്ഷമിക്കില്ലെ നീ….”” ഇതും പറഞ്ഞ് കരയുന്ന അവരെ അവളും ചേർത്ത് പിടിച്ചു..
ഇരുവരും കെട്ടിപിടിച്ച് കരഞ്ഞു.അവളെയും കൂട്ടി സച്ചി അവൻ്റെ ജീവിതത്തിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി..ഇനി അവരുടെ സന്തോഷമാണ്..അവരുടെ ജീവിതവും…ഇനിയുള്ള ജീവിതം അവൾക് സന്തോഷം നൽകുന്നതാവട്ടെ…..
അവസാനിച്ചു.