അയാൾ ഓർക്കുകയായിരുന്നു…മൂന്നു പരന്ന അലുമിനിയും പിഞ്ഞാണങ്ങളിൽ അമ്മ കഞ്ഞി വിളമ്പും. ആ ചിരട്ടത്തവി ഇപ്പോഴും ഓർമ്മയിൽ തുളുമ്പി നിൽക്കുന്നു…

ബാല്യം ഒരു കൂരക്കു കീഴിൽ, പിന്നെ…

രചന: Muraleedharan Pillai

അമ്മക്കെങ്ങനെയുണ്ട്?

അയൽവാസി തോമസ് ചോദിച്ചു. തോമസ് വല്ലപ്പോഴുമെങ്കിലും കയറിവന്ന് അമ്മയെ അന്വേഷിക്കും. പണ്ടത്തെപ്പോലെ, ആ അമ്മയുടെ മക്കടെകൂടെ കളിച്ചും ചിരിച്ചും, ചോണൻ ഉറുമ്പുപോലെ തിരക്കുസൃഷ്ടിക്കുന്നവനല്ല തോമസ് ഇന്ന്. മധ്യവയസ്കനായി. മറിയയെയും, ലിസിയെയും കെട്ടിച്ചുവിട്ടതിനു ശേഷം സാമ്പത്തികമായി പാവം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. കൊടുത്ത പണം തിരിയെ എത്തിക്കാൻ ഒരു മകനും ഇല്ല. ഒരു വശത്തേക്കുമാത്രം ഒഴുക്ക്! രണ്ടു പെണ്മക്കൾ മാത്രമേയുള്ളൂ തോമസിനും റാഹേലിനും. എത്ര ബുദ്ധിമുട്ടിയാലും പെൺമക്കളും കുഞ്ഞുങ്ങളും വീട്ടിൽ വരുമ്പോ അവർക്കെല്ലാർക്കും ഡ്രെസ്സും വാങ്ങിക്കൊടുത്തേ തോമസ് തിരിയെ അയക്കുള്ളൂ…മനുഷ്യസ്നേഹവും, സഹവർത്തിത്വവും കൂടെപ്പിറപ്പാണ് തോമസ്സിന്. നാല്പത്തിനാലായപ്പോഴേ തല നരച്ചു. കുട്ടിക്കാലത്തു സുന്ദരനായിരുന്നു. അതിന് ഇപ്പൊ പ്രായത്തിന്റെ മങ്ങലേ സംഭവിച്ചിട്ടുള്ളൂ. പക്ഷേ തോമസ് മുടി കറുപ്പിക്കില്ല. പക്വത കുറച്ചു കൂടുതലാണ്. ഗ്രാൻഡ്‌ഫാദറായ ഒരു ഗർവാണ് അയാളുടെ മുഖത്ത് എപ്പോഴും.

തോമസ് ആട്ടംപിടിക്കുന്ന തടിക്കസേരയിൽ ഇരുന്ന്, കയറ്റുകട്ടിലിൽ പുൽപ്പായ വിരിച്ചു കിടക്കുന്ന ആ അമ്മയുടെ മുഖത്ത് നോക്കി ഇരുന്നു. ഒരുകാലത്തു എത്ര പരിശ്രമിയായിരുന്നു ഈ കിടക്കുന്ന അമ്മ? സരസ്വതിയമ്മ! മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തിയെടുക്കുക അന്നത്തെക്കാലത്തു നിസ്സാര പണിയല്ല. പിന്നെ മണിയൻചേട്ടൻ! സരസ്വതി അമ്മയുടെ ഭർത്താവ്… ഹൊ സ്നേഹം മാത്രം കൈമുതലായ മനുഷ്യൻ! ജോലിചെയ്തു പോറ്റില്ല, സ്നേഹിച്ചു കൊല്ലുകയേയുള്ളൂ…നാട്ടുകാർക്ക് പ്രിയമുള്ളവൻ, സംസാരപ്രിയൻ. പക്ഷേ ശരീരം വിയർപ്പിക്കില്ല. വസ്ത്രം എപ്പോഴും നന്നായി വെളുത്തതായിരിക്കണം. പഞ്ചായത്ത് ഇലക്ഷന് നിൽക്കാൻ നാട്ടുകാർ പറഞ്ഞതാണ്. പക്ഷേ വോട്ടുചോദിച്ചു കയറിയിറങ്ങാൻ മടി. മടിയില്ലാത്ത ഒരു കാര്യമേയുള്ളൂ. സംസാരം.

കയറ്റുകട്ടിലിൽ ചാരി നിന്ന് അമ്മയുടെ മുടി തഴുകിക്കൊണ്ടു മൂത്ത മകൻ ശങ്കരന്റെ ഭാര്യ, ലതാകുമാരി പറഞ്ഞു…’വല്ല്യ കുഴപ്പമില്ലാതെ പോന്നു. എന്നാലും അമ്മ ശരിക്കും അസ്വസ്ഥത അനുഭവിക്കുന്നുണ്ട്. വയസ്സ് തൊണ്ണൂറ്റിമൂന്നായില്ലേ? പണ്ട് പശുവിന്റെ കയറു കാലിൽച്ചുറ്റി മറിഞ്ഞു വീണതല്ലേ. അന്നു സംഭവിച്ച ഇടതുകാലിലെ പരിക്ക് ഇപ്പൊ അമ്മേ കൂടുതൽ പ്രശ്നത്തിലാക്കിയിരിക്കയാണ്.’ ‘എനിക്ക് ഓർമ്മയുണ്ട് ആ സംഭവം. പശുവിന്റെ ഓട്ടവും അമ്മയുടെ വീഴ്ചയും. കൊഴുത്ത പശുവിൻ പാലിൽ എത്ര ചായ എനിക്ക് തന്നിരിക്കുന്നൂ? ഞാനും, ശങ്കരനും, രവിയും, ബിജുവും ഒക്കെകൂടായിരുന്നല്ലോ സായാഹ്നത്തിലെ കളി…അടിച്ചോട്ടം, പാത്തിരിപ്പ്, അങ്ങനെ എന്തെല്ലാം കളികൾ! അല്ലാ, രവി വീട്ടിലുണ്ടോ അതോ ദൂബായിക്ക് തിരിച്ചുപോയോ?’

വീട്ടിലുണ്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഇവിടെ വന്നിരുന്നു. ഇപ്രാവശ്യം ഇതുവരെ വന്നില്ല. വരുമായിരിക്കിക്കും.’

അമ്മയുടെ കൺപോളകൾ ചെറുതായി അനങ്ങി. പാതി വിടർന്ന മിഴികളിൽ കൃഷ്ണമണിയുടെ കറുപ്പ് മാത്രം കാണാം. രവി വന്നതായി അമ്മക്ക് തോന്നി യിരിക്കും. അത് അങ്ങനെയാണല്ലോ?!!!

കട്ടിലിന്റെ മറുവശത്തെ ഭിത്തിയിലെ ജനാല അഴികളിൽകൂടി തോമസ് കുറച്ചകലെ ആകാശം ചുംബിച്ചു നിൽക്കുന്ന മാളികയിലേക്കു നോക്കി. മൂക്കള ഒലിപ്പിച്ചു, മൂക്കിന് താഴെയും ചുണ്ടും ചുവപ്പിച്ചു, ശ്വാസംപിടിച്ചുകേറ്റി, നാക്കുകടിച്ചോടുന്ന രവിയുടെ വീട്. ഈ അമ്മയുടെ മടിയിൽ തലവച്ചു ഉരച്ചു പതിവായി നിർബന്ധം പിടിക്കുന്ന രവി. അമ്മ വാരിക്കൊടുക്കണം. ആ പരന്ന അലുമിനിയം പ്ലേറ്റിൽ ചോറും കൂട്ടാനും ഇട്ട് ഇളക്കി വായിലേക്ക് വച്ച് കൊടുക്കണം. അത് പതിവായി.

പത്തൊൻപതാം വയസ്സിൽ രവി എങ്ങനെയോ ദൂബായിലെത്തി. താമസിയാതെ പണം അവനെ എതിരേറ്റു. കോടികൾവന്ന് അവന്റെ പെട്ടി നിറഞ്ഞു. അടുത്തുള്ള ക്ഷയിച്ച നമ്പൂതിരി മന പണംകൊടുത്തു വാങ്ങി പൊളിച്ചു. അവിടെയാണ് ആ ഉയർന്നു നിൽക്കുന്ന രവിയുടെ വീട്. അയ്യായിരത്തി ഇരുനൂറു ചതുരശ്ര അടി വരുന്ന വീട്. കല്യാണം കഴിച്ചത് സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്ന്. നിഷാറാണി. ഭാര്യ!

സായംസന്ധ്യയിൽ എത്ര വാഹനങ്ങളാണ് രവിയുടെ മതിൽക്കെട്ടിനുള്ളിൽ കയറി മറയുന്നത്?! കനം കുറഞ്ഞ, പൂവിന്റെ ഭാരംവരുന്ന ചായക്കപ്പുകൾ തട്ടുന്ന ശബ്ദം ഒരുദിവസം തോമസും കേട്ടു. ചായസൽക്കാരം കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ രവി കൂടെ ഇറങ്ങി ബൈ പറഞ്ഞു. മാനേഴ്സിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പക്ഷേ അവിടേക്കു പോകാൻ തോന്നില്ല. അവിടെ വരുന്ന അതിഥികൾ വിയർപ്പിക്കും.

ഒരു ദിവസം തോമസ് രവിയോട് ചോദിച്ചിരുന്നു.’അമ്മയെക്കൂടി ഈ വീട്ടിലേക്കു കൊണ്ടു വന്നുകൂടായോ?’ ഒരു നിമിഷം രവി സ്തബ്ധനായി നിന്നു.

‘അതേ, അമ്മയുടെ ഒരു കാലിനു പരിക്കേറ്റിരുന്നല്ലോ? ഇവിടെ തറയെല്ലാം കണ്ണാടിച്ചില്ലുപോലെ മിനുസ്സമുള്ളതല്ലേ? കാലെങ്ങാനം സ്ലിപ്പ് ആയാൽ വീണൊടിയില്ലേ?’ അത്രയും പറഞ്ഞ് രവി എന്തോ ചിന്തിക്കുന്നപോലെ. പിന്നെ, പറഞ്ഞതിനോട് കൂട്ടിച്ചേർത്തു…

‘അമ്മക്കാണെ വാതത്തിന്റെ അസുഖം കലശലായി ഉണ്ട്. ഈ തണുത്ത തറയിൽ പാദങ്ങൾ വച്ചാൽ വാതം വർധിച്ചാലോ എന്നൊരാശങ്കയുമുണ്ടേ…!?’ ആ കൂട്ടിച്ചേർക്കലിന്റെ അർഥം തോമസിന് നന്നേ മനസ്സിലായി. ആത്മാർത്ഥതയുടെ ഒരു കണികപോലും തൊട്ടു തേച്ചിട്ടില്ലാത്ത പറച്ചിലായിരുന്നു അത്. ഒന്ന് കൊഴുപ്പിക്കാൻ, ഒന്ന് പൊലിപ്പിച്ചു പറയാൻ, അത്രതന്നെ. വെളിയിൽ കാലൊച്ച. ശങ്കരൻ കയറി വന്നു.

‘തോമസ് എപ്പോ വന്നൂ? എനിക്ക് കൃഷിഭവനിൽ ഒന്നു പോണമായിരുന്നു. തൈതെങ്ങുകളെല്ലാം ചെല്ലി കുത്തി നിലംപൊത്തിച്ചു.’

‘എന്റെയും അവസ്ഥ അതു തന്നെ. ഉണ്ടായിരുന്ന തെങ്ങുകളെല്ലാം ചെല്ലി നശിപ്പിച്ചു. ഇപ്പൊ തെങ്ങിൻ തൈകൾ വിൽക്കാൻ കൊണ്ടുവരുന്നവരെ കാണുമ്പോഴേ എനിക്ക് അരിശം കേറും…’ രണ്ടു ചില്ലുഗ്ലാസ്സിൽ ചായയുമായി ലതാകുമാരി വന്നു.

*************************

കാലം പിന്നെയും പിന്നിട്ടു. ഇടവഴിയിൽ വച്ചു കണ്ട ശങ്കരനോട് തോമസ് ചോദിച്ചു.

‘രവി അമ്മയെ കാണാൻ വന്നിരുന്നോ?’

‘ഹാ, അവൻ വന്നു കണ്ടിട്ടു പോയി.’ തോമസിന് ശങ്കരനോട് എന്തും ചോദിക്കാം. മനസ്സ് വിലക്കില്ല.

‘രവി കാശു വല്ലതും തന്നോ?’

‘മൂവായിരം തന്നു.’

‘ഇന്നത്തെ കാലത്തു മൂവായിരം ഒന്നിനും തികയില്ലല്ലോ?’

‘കിട്ടിയതാകട്ടെ. അവൻ അത്രക്കൊക്കെ തരുള്ളൂ… പിന്നെ നേന്ത്രൻ വിറ്റ പൈസയുംകൂടി ചേരുമ്പോൾ ഒരു വിധം ചെലവ് നടന്നുപോകും. ചരൽ തെറിക്കുന്ന കാലൊച്ച. ആരോ ഓടിവരുന്നു.

‘ശങ്കരണ്ണൻ എളുപ്പം വാ…’

‘എന്താടാ രഘുവേ, കാര്യം പറയ്…’

‘അവിടെ അമ്മ…’

‘അമ്മ?!’ വെപ്രാളംപിടിച്ചു നടന്നുംകൊണ്ടു ശങ്കരൻ ആരാഞ്ഞു. വൈകിട്ടോടെ സരസ്വതിയമ്മയുടെ പുക ആകാശത്തേക്ക് ഉയരുകയായിരുന്നു. എന്തായാലും കിടന്നു നരകിക്കാതെ അവർ മരിച്ചു. ദിനങ്ങൾ പിന്നെയും പിന്നിട്ടു. ഒരു ദിവസം ശങ്കരൻ ഉമ്മറത്തെ പഴയ തൂണു ചാരി ഇരുന്നു. ആ തൂണിന് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. രവി ആ തൂണു പിടിച്ച്, എത്ര വട്ടം കറങ്ങിയിരിക്കുന്നു? വീടിന് കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പൊ ചാണകം മെഴുകുന്നില്ലന്നേയുള്ളൂ…അതിനു പകരം സിമെന്റിട്ടു. ഒരു കിടപ്പുമുറിയും, ചേർന്നൊരു മുറിയും പിന്നെ ഇറയവും. മാറ്റം വന്നത് അതിൽ താമസിച്ചവർക്കു മാത്രം. അയാൾ ഓർക്കുകയായിരുന്നു… മൂന്നു പരന്ന അലുമിനിയും പിഞ്ഞാണങ്ങളിൽ അമ്മ കഞ്ഞി വിളമ്പും. ആ ചിരട്ടത്തവി ഇപ്പോഴും ഓർമ്മയിൽ തുളുമ്പി നിൽക്കുന്നു. തുണ്ടു വാഴയിലകളിൽ കൂട്ടാനും. മൂന്നുപേരും വയറുനിറയെ കഴിച്ചിട്ട് അവിടൊക്കെകിടന്നു ഓടും. അമ്മയുടെ മുഖത്തെ ആ ഭാവം വാത്സല്യമായിരുന്നു.അച്ഛൻ നേരുത്തെ മരിച്ചു. ഇപ്പൊ അമ്മയും. അനുജൻ രവി ദുബായിലേക്ക് പുറപ്പെട്ടു. പണക്കാരനായി. വലിയ വീടുവച്ചു. ജീവിത രീതി മാറി.

അവന്റെ വീടിന്റെ പാലുകാച്ച്! എത്ര അഥിതികളാ വന്നുപോയത്? അമ്മയ്ക്കും ഗൃഹപ്രവേശം കാണാൻ ആഗ്രഹമുണ്ടായിരുന്നു. അമ്മയെ കൊണ്ടുപോയില്ല. ആ ബഹളത്തിൽ അമ്മയെ നോക്കാനും കാണാനും ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. കാര്യം ശരിയുമാണ്. പക്ഷേ പ്രായം ചെന്നവർക്ക് ഓടാനും ചാടാനും ഒക്കില്ലല്ലോ? അവരെ ആരെങ്കിലും നോക്കിയല്ലേ പറ്റൂ? സത്യത്തിൽ അമ്മ ആ മതിൽകെട്ടിനകത്തു കാലു കുത്തിയിട്ടില്ല. ഗൃഹപ്രവേശദിവസം അമ്മക്ക് സദ്യ വീട്ടിലേക്ക് കൊടുത്തയച്ചു. ഈ തൂണിൽ ചാരിയിരുന്ന് ‘അമ്മ അതു കഴിച്ചു. സത്യത്തിൽ മക്കൾക്ക് പുരോഗതി ഉണ്ടാകുമ്പോൾ അതിന്റെ ഒരു അംശം മാതാപിതാക്കളും അനുഭവിക്കേണ്ടേ? ജീവിതം ഒന്നല്ലേയുള്ളൂ? നിമിഷങ്ങൾ ടിക്ക് ചെയ്തു കടന്നുപോകുവല്ലേ? രവി മുഖം കാണാവുന്ന തറയിൽനോക്കി വെളിച്ചം ആർഭാടമായൊഴുകുന്ന മാളികക്കകത്തു ജീവിക്കുമ്പോൾ അമ്മക്ക് ആ പഴയ വീടും മുറികളും മാത്രം. അതിൽ ജീവിച്ചു അതിൽത്തന്നെ മരിക്കണം. മക്കൾക്കുണ്ടാകുന്ന പുരോഗതിയിൽ മതയപിതാക്കളെക്കൂടി പങ്കുകൊള്ളിക്കണ്ടേ? ശങ്കരൻ എണീറ്റു.

‘എടി ലതേ? ഞാൻ മുക്കുവരെ ഒന്നു പോയിവരട്ട്…’

ലത ഉമ്മറത്തുവന്നു തൂണു പിടിച്ചു, നടന്നുപോന്ന ശങ്കരനെ നോക്കി നിന്നു. അവൾ ഓർക്കുകയായിരുന്നു…കുട്ടികളായി ഒരു കൂരക്കുള്ളിൽ കളിച്ചും, ചിരിച്ചും, കഥപറഞ്ഞും ജീവിക്കും. കാലം കഴിയുമ്പോൾ കൂടു വിടും. പിന്നെ വിഭിന്ന സാഹചര്യങ്ങളിൽ ജീവിക്കും. സമ്പന്നനും ദരിദ്രനും. ആരും ആരെയും ഓർക്കാൻ നിക്കുന്നില്ല. അങ്ങനെ മരണവും വന്നു കൂട്ടിക്കൊണ്ടു പോകും…