രചന: മഹാ ദേവൻ
കാറിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോൾ അവൾ മൗനമായിരുന്നു. മുംബയ് തെരുവിലൂടെ പായുന്ന കാറിന്റെ ഡ്രൈവിങ്സീറ്റിൽ മൂകനായി ഇരിക്കുന്ന അവന്റെ മുഖത്തും ഒരു വിഷാദം നിഴലിച്ചിരുന്നു. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതല്ല, പക്ഷേ ഇന്നത്തെ അവസ്ഥയിൽ അവളെ വിൽക്കേണ്ടിവരുന്നതിന്റെ സങ്കടം മുഴുവൻ അവനിലുണ്ട്. ഓരോ തവണ പിന്തിരിഞ്ഞു നോക്കുമ്പോഴും അവളിൽ ഒരു ദയനീയഭാവമായിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇങ്ങനെ ഒരു മാറ്റം.
തന്നിൽ നിന്ന് ഇങ്ങനെ ഒരു വിടപറയൽ. അത്രയേറെ സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ !
പക്ഷേ, ഇപ്പോൾ തന്റെ നിലനിൽപ്പിനു വേണ്ടി മറ്റൊരാൾക്ക് അവളെ വിൽക്കേണ്ടി വരുന്നു. ഇനി മുംബൈ തെരുവിന്റെ മറ്റൊരു കോണിൽ വേറെ ആരുടെയോ കൂടെ…..
നിറഞ്ഞ് വന്ന കണ്ണുകൾ തുടക്കുമ്പോൾ അവന്റെ മനസ്സ് പോലും വല്ലാതെ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. ” ജീവിതത്തിലേക്ക് വന്ന നാൾ മുതൽ അത്രയേറെ സ്നേഹിച്ചതാണ്..അവൾക്ക് കൊടുത്തിട്ടേ എന്തെങ്കിലും കഴിക്കാറുള്ളൂ. താൻ കഴിക്കുന്നതിൽ നിന്നും കുറച്ചു കിട്ടാൻ വേണ്ടി മാത്രം അരികിൽ വന്നിരിക്കുന്നവൾ ! പുറത്തേക്കുള്ള യാത്രകളിൽ തന്നോടൊപ്പം മുൻസീറ്റിൽ തന്നെ സ്ഥാനം പിടിക്കുന്നവൾ !
എന്നാൽ ഇന്നിപ്പോൾ പിൻസീറ്റിൽ ആണ്. എന്നും വാ തോരാത്ത അവളിൽ ഇന്ന് മൗനമാണ്.
പതിയെ മുംബൈ തെരുവിന്റെ ഇടുങ്ങിയ ചേരിയിലേക്ക് വണ്ടി ഞ്ഞെരങ്ങി നീങ്ങുമ്പോൾ
അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ആവസ്ഥയാണ് തന്നെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എങ്കിലും അവൾക്ക് വില പറയണ്ടായിരുന്നു ” എന്ന്.
പക്ഷേ, എന്ത് ചെയ്യാം…. ഇപ്പോൾ പിടിച്ച് നിൽക്കണമെങ്കിൽ ഇവളെ വിൽക്കണം. മോഹിപ്പിക്കുന്ന വിലക്കാണ് പറഞ്ഞ് ഉറപ്പിച്ചത്.
ഇനി വാക്ക് മാറാൻ കഴിയില്ല. ഇത് മുംബൈ നഗരമാണ്. ഇവിടെ വാക്കിനാണ് വില.
ആണ് ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത് കാർ നിർത്തുമ്പോൾ അവനെ പ്രതീക്ഷിച്ച പോലെ ഒരാൾ കാത്ത് നിൽപ്പുണ്ടായിരുന്നു.
കാർ നിർത്തി പുറത്തേക്കിറങ്ങി അയാളുമായി സംസാരിച്ച ശേഷം ക്യാഷ് വാങ്ങി പോക്കറ്റിലേക്ക് തിരുകുമ്പോൾ അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു.
ഇന്ന് മുതൽ അവൾ ഈ തെരുവിന്റെ സ്വന്തം ആണെന്ന് ചിന്തിക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നു.
എല്ലാം ഉള്ളിലൊതുക്കി കാറിന്റെ അടുത്തെത്തി ബാക്ക്ഡോർ തുറക്കുമ്പോൾ ഇറങ്ങാൻ മടിച്ചു നിൽക്കുന്ന അവളെ ഒന്നുകൂടി നോക്കി അവൻ..പിന്നെ പിടിച്ച് വലിച്ചു പുറത്തേക്ക് ഇറക്കി ഒന്നും മിണ്ടാതെ പുതിയ ആളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ തന്നെ മാത്രം നോക്കി നിൽക്കുന്ന അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കി അവൻ.
പിന്നെ അവളെ ഏറ്റെടുത്ത പുതിയ ആളോട് സങ്കടത്തോടെ തന്നെ പറഞ്ഞു,. ” ഇവളെ ഇങ്ങനെ വിട്ട് നൽകാൻ മനസ്സ് ഉണ്ടായിട്ടല്ല, പക്ഷേ……ഞാൻ ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല.നിങ്ങളും അവളെ നന്നായി നോക്കണം..
കൂടുതൽ ആളുകളുമായി ഇടപഴക്കാതെ നോക്കണേ….പിന്നെ അവളുടെ ഭക്ഷണകാര്യം ഒക്കെ അറിയാലോ…ഞാൻ കഴിക്കുമ്പോൾ ഒരു പിടി കൊടുക്കാറുണ്ട്. അതൊരു സ്നേഹം ആണ്.. ഇനി മുതൽ നിങ്ങൾ വേണം അത് നൽകാൻ.ഞാൻ ഇപ്പോൾ അവളുടെ ആരും അല്ലല്ലോ.”
അതും പറഞ്ഞയാൾ അവൾക്ക് മാത്രമായി കാത്തുവെച്ച അവസാന ചുംബനം നൽകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി.അധിക നേരം അവിടെ നിന്നാൽ അവളെയും കൊണ്ടേ തിരികെ പോരൂ എന്നറിയാമായിരുന്ന അവൻ പെട്ടന്ന് കണ്ണുകൾ തുടച്ചു തിരികെ നടക്കുമ്പോൾ കൈവിട്ടു കളയാൻ തോന്നിയ ആ നിമിഷത്തെ ശപിച്ചുകൊണ്ട് അവൾക്ക് വില പറഞ്ഞുവാങ്ങിയവനോടായി ഒന്ന് കൂടി പറഞ്ഞു.
” ചെറിയ പ്രായമാണ്.. സൂക്ഷിക്കണം…. ” എന്ന്
അതും പറഞ്ഞവൻ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ കാറിൽ കേറുമ്പോൾ അവനെ തന്നെ നോക്കി നിൽപ്പായിരുന്നു അവൾ..
അവന്റെ മാത്രം സ്വന്തമായിരുന്ന പ്രിയപ്പെട്ട പട്ടി. !
NB: കഥയും ഫോട്ടോയും ആയി യാതൊരു ബന്ധവും ഇല്ല..🚶🚶🚶