ഇത്തിരി വെട്ടം ~ രചന: Nisha L
ആ പൂച്ച കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. ഞാൻ ജോലി സംബന്ധമായി കോഴഞ്ചേരി വഴി പോകുന്ന സമയം അവിടുത്തെ ബസ് സ്റ്റാൻഡിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. വെളുത്തു തുടുത്തു പൂച്ച കണ്ണുള്ള ഒരു സുന്ദരി. പതിനഞ്ചോ പതിനാറോ വയസ്സ് പ്രായം കാണും. അടുത്തു വന്ന് കൈ നീട്ടിയപ്പോഴാണ് അവൾ ഭിക്ഷ യാചിക്കാൻ വന്നതാണെന്ന് മനസിലായത്. പിന്നീട് ഞാൻ നോട്ടം താഴേക്കു മാറ്റിയപ്പോഴാണ് അവളുടെ മുഷിഞ്ഞ തുണി കാണുന്നത്. മുഖത്ത് നിർവികാര ഭാവം.
ഞാൻ ഒന്നുകൂടി ചുറ്റും കണ്ണോടിച്ചു നോക്കി. അവളുടെ പ്രായത്തിലുള്ള രണ്ടു കുട്ടികൾ കൂടിയുണ്ട്. കൂടാതെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ആ ഭിക്ഷാടന കൂട്ടത്തിൽ ഉണ്ട്. യാത്രക്കാർക്ക് അരോചകമാകും വിധം ദേഹത്ത് തൊട്ടും പിടിച്ചും ഒരു അധികാരഭാവത്തോടെയാണ് അവർ ഭിക്ഷ ചോദിക്കുന്നത്.
ചിലർ ശല്യം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നിൽക്കുന്നു. ചിലർ ദൂരേക്ക് നോക്കി നിക്കുന്നു. ചിലർ അവരുടെ കൈകൾ തട്ടി മാറ്റുന്നു…. എനിക്ക് പോകാനുള്ള ബസ് വന്നപ്പോൾ ഞാൻ അതിൽ കയറി ഇരുന്നു.
—————————–
നാലു ദിവസങ്ങൾക്ക് ശേഷം ഒരു ഉച്ച സമയം നേരത്തെ വീട്ടിലേക്ക് പോകേണ്ട ആവശ്യം വന്നപ്പോൾ ഞാൻ ജോലിയിൽ നിന്നിറങ്ങി,, ബസിൽ ഇരിക്കുന്ന സമയം അടുത്തുള്ള ബസിൽ ആ പൂച്ച കണ്ണുള്ള കുട്ടിയെ കണ്ടു. അവൾ ഒരു കാർഡ് എല്ലാരുടെയും കൈയിൽ ഇട്ടു കൊടുക്കുന്നു. ചിലർ അത് വായിച്ചു നോക്കുന്നു, ചിലർ നോക്കാതെ തന്നെ തിരിച്ചു ഏൽപ്പിക്കാൻ പാകത്തിൽ പിടിച്ചു കൊണ്ടിരിക്കുന്നു.
പിറകിൽ പുരുഷൻമാരുടെ സീറ്റിൽ അവൾ ഒരുപാട് നേരം ചുറ്റി തിരിയുന്നു. ചിലരൊക്കെ അവളോട് എന്തൊക്കെയോ സംസാരിക്കുന്നു. അവളുടെ മുഖം അതേ നിർവികാരതയിൽ തന്നെ. എങ്കിലും അവർ ചോദിക്കുന്നത്തിനു മറുപടി കൊടുക്കുന്നുണ്ട്..
എന്റെ നോട്ടം കണ്ടിട്ട് ആകും അടുത്തിരുന്ന ആൾ എന്നോട് പറഞ്ഞു.” രാത്രിയിലേക്കുള്ള ബുക്കിംഗ് ആണ് സാറെ.. കാർഡ് ചുമ്മാ ആൾക്കാരെ കാണിക്കാൻ കൊടുക്കുന്നതാണ്. പ്രധാന ഉദ്ദേശം രാത്രി ബിസിനസ് ആണ്… “!!
അയാൾ പറഞ്ഞത് കേട്ട് എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നി. കൊച്ചു പെൺകുട്ടികൾ. ഓടി ചാടി കൂട്ടുകാരൊന്നിച്ചു കളിച്ചു നടക്കേണ്ട പ്രായം. ഈ പ്രായത്തിൽ ശ രീരം വി റ്റു ജീ വിക്കേണ്ടി വരുന്നു.
അന്നു മുതൽ ആ കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങി. എനിക്ക് എങ്ങനെയെങ്കിലും ആ കുട്ടികളെ രക്ഷിക്കണമെന്നു തോന്നി.
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ആ പെൺകുട്ടി സാരിയുടുത്ത് സുന്ദരിയായി ബസ്സിൽ കയറി പോകുന്നത് ഞാൻ കണ്ടു. ഞാനും ആ ബസ്സിൽ തന്നെ അവളെ പിന്തുടർന്നു. അവൾ ഇറങ്ങിയ സ്റ്റോപ്പിൽ തന്നെ അവൾ അറിയാതെ ഞാനും ഇറങ്ങി അവളുടെ പിറകെ നടന്നു.. ഒരു ചെറിയ ലോഡ്ജിലേക്ക് ആണ് അവൾ പോകുന്നത്.
ലോഡ്ജിനു മുന്നിൽ അവളെ കാത്ത് ഒരു മധ്യവയസ്കൻ നിൽപ്പുണ്ടായിരുന്നു. അവൾ അവിടെ നിത്യസന്ദർശകയായിരുന്നു എന്ന് അവരുടെ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
—————————-
എന്റെ കൂട്ടുകാരൻ സത്യ പ്രതാപ് പോലീസിലാണ്. ഇപ്പോൾ സ്ഥലം മാറ്റം കിട്ടി അവൻ ഇവിടെ എത്തിയിട്ടുണ്ട്. ഞാൻ അവനെ വിളിക്കാൻ തീരുമാനിച്ചു.
“ഹലോ സത്യ.. “!!
” ആരാണ്..? “
“ഡാ ഞാനാണ്…. മഹി…”!!
“ആഹ്.. മഹി… നീയിത് എവിടെയാ… പറയടാ എന്തുണ്ട് വിശേഷം..? “
” ഞാൻ നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വിളിച്ചത്. എനിക്ക് നിന്നെ ഒന്ന് നേരിൽ കാണാൻ പറ്റുമോ…”??
” അല്ലെങ്കിലും എന്തെങ്കിലും കാരണമില്ലാതെ നീ വിളിക്കില്ലല്ലോ… നാളെ വൈകുന്നേരം കാണാമെടാ… “!!
” ശരിയെട അപ്പോൾ വിശദമായി പറയാം..”!!
അന്ന് വൈകുന്നേരം…
ഞാൻ ആ പെൺകുട്ടിയെ കണ്ടത് മുതൽ ഉള്ള വിവരങ്ങൾ അവനോട് പറഞ്ഞു.
” ആ കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണം സത്യ … “!!
“നമുക്ക് നോക്കാം എന്ത് ചെയ്യാൻ പറ്റും എന്ന്…. നീ ഒരു പരാതി സ്റ്റേഷനിൽ കൊടുത്തേക്ക്… ഞാൻ അന്വേഷിക്കാം.. “!!
അവൻ എന്നോട് നിർദ്ദേശിച്ചു..
എന്റെ പരാതിയിൽ അന്വേഷണം നടത്തിയ അവന് കേരളത്തിൽ അങ്ങോളം ഇങ്ങോളം പടർന്നു കിടക്കുന്ന ഭിക്ഷാടന മാഫിയായിലെ ഒരു പ്രധാന കണ്ണിയാണ് ആ ലോഡ്ജ് ഉടമ എന്ന വിവരം കിട്ടി. തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ലോഡ്ജ് റെയ്ഡ് ചെയ്യാനുള്ള അനുമതി നേടി.
നേരത്തെ പ്ലാൻ ചെയ്തതനുസരിച്ചു സത്യ അവന്റെ പൊലീസ് ഫോഴ്സിനെയും കൊണ്ട് റെ യ്ഡിന് വന്നു. ഞാനും ആ സമയം നോക്കി അവിടെത്തി.
ആ കുട്ടികളെ രക്ഷപ്പെടുത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. അതുകൊണ്ട് ആ കുട്ടികൾ അവിടെ എത്തിയതിനു ശേഷം അകത്തു കയറാൻ ഞങ്ങൾ തീരുമാനിച്ചു..
കുറച്ചു കാത്തപ്പോൾ ആ പൂച്ച കണ്ണുള്ള പെൺകുട്ടിയും മുൻപ് കണ്ട മറ്റു രണ്ടു പെൺകുട്ടികളും അവിടേക്ക് എത്തി.
അവർ അകത്തു കടന്നു കുറച്ചു സമയത്തിനുശേഷം സത്യയും പൊലീസുകാരും ലോഡ്ജിലേക്ക് കയറിച്ചെന്നു. അവരെ കണ്ട് മാനേജർ ഭയന്ന് എഴുന്നേറ്റു.
“ഞങ്ങൾ ഈ ലോഡ്ജ് സേർച്ച് ചെയ്യാൻ വന്നതാണ്… “!!
“എന്തിനാണ് സാർ…. “?? അയാൾ ഭയത്തോടെ ചോദിച്ചു.
“ഇവിടെ ഇരുട്ടിന്റെ മറവിൽ മാം സകച്ചവടം നടത്തുന്നുണ്ട് എന്ന് ഒരു വിവരം കിട്ടി. അതും പ്രാ യപൂർത്തി ആകാത്ത കുട്ടികളെ ഉപയോഗിച്ച്.. അതൊന്ന് അന്വേഷിക്കാൻ വന്നതാണ് ആണ്… “!!
“ഇല്ലസർ.. ആരോ തെറ്റായ വിവരം തന്നതാണ് സാർ… ഇവിടെ അങ്ങനെ ഒന്നും ഇല്ല…”!!
“തൽക്കാലം നീ അങ്ങോട്ട് മാറി നിൽക്ക് …”!!
അകത്ത് കയറി നോക്കാൻ സത്യ പോലീസുകാർക്ക് നിർദേശം നൽകി.
സെർച്ചിന് ഒടുവിൽ പെൺകുട്ടികളെയും അവരോടൊപ്പമുള്ള പുരുഷന്മാരെയും പിടികൂടി പോലീസ് പുറത്തേക്ക് പോയി.
ശേഷം…..
ലോഡ്ജ് പൂട്ടിക്കുകയും അതിന്റെ ഓണറെ അറസ്റ്റ് ചെയ്യുകയും ചെയ്തു..അതിനുശേഷം ആ പെൺകുട്ടികളെ ഗവൺമെന്റിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു മാസത്തിനുശേഷം…
ഇന്നു ഞാൻ ആ അഭയകേന്ദ്രത്തിൽ എത്തി. പൂച്ചക്കണ്ണുള്ള കുട്ടി മുഖത്തു നിറഞ്ഞ ചിരിയുമായി മറ്റു കുട്ടികളോടൊപ്പം സംസാരിച്ചു നിൽക്കുന്നു. മുഖത്തെ നിർവികാരഭാവം എവിടെയോ പോയിരിക്കുന്നു. ആ കാഴ്ച കണ്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.
ആ പൂച്ച കണ്ണുകളോട് തോന്നിയ കൗതുകമാണ് എന്നെ കൊണ്ട് ഇത്രയുമെങ്കിലും ചെയ്യിച്ചത്. അകാലത്തിൽ എന്നെ വിട്ടു പോയ എന്റെ കുഞ്ഞനുജത്തിയുടെ ഓർമ്മകളാണ് ആ കണ്ണുകളിലേക്ക് എന്നെ വലിച്ചടുപ്പിച്ചത്…
ഭിക്ഷാടന മാ ഫിയ എന്ന ആ വലിയ ചങ്ങല പൊട്ടിക്കാനായില്ലെങ്കിലും ആ മൂന്നു പെൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. ആ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ ചിരി ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഊർജ്ജം എന്നിൽ നിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.