ചെലചാട്ടി
രചന: Lakshmika Anand
ചെലചാട്ടിയുടെ ചെല കേട്ടാണ് ഞാൻ ഉണരു ന്നത്, എപ്പോ ചെലചാട്ടി മുറ്റത്ത് വന്ന് ചെലച്ചാലും അപ്പോഴെല്ലാം കലഹം ഉണ്ടായിട്ടുണ്ട്, ഒരു ദുശകു ന പക്ഷി ആയിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്,ഈയിടെ ആയി ഇതിനെ കാണുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടും, അത്രയും ഈ ജന്തുവിനെ ഭയപ്പെട്ടു കഴിയുബോളാണ് എന്റെ ജനാലക്കരികിൽ വന്ന് ഇന്നത്തെ കണിയായത്,എത്രയോ ജന്തുകൾക്കും പക്ഷികൾക്കും വംശനാശം സംഭവിക്കുന്നു, ഇതിനു മാത്രം ഒരു കുഴപ്പോം ഇല്ലാലോ എന്ന് പുലമ്പി കൊണ്ടാണ് ഞാൻ കട്ടിലിൽ നിന്നും എണീറ്റത്.
ഒരു കലഹം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്നൊരു ദിവസം വീട്ടിൽ നിന്നു പുറത്തിറങ്ങാതെ, പറ്റുമെങ്കിൽ മുറിയിൽ തന്നെ ഒത്തുങ്ങി കൂടാം എന്ന് തീരുമാനിച്ചു. വീട്ടുകാർ ചോദിച്ചാൽ പനിയോ മറ്റോ ആണെന്ന് പറയാം. ഒരു തരാം ക്വാറന്റൈൻ ജീവിതം ഞാൻ എന്റെ മുറിയിൽ ആരംഭിച്ചു, നേരമ്പോക്കിനുള്ള വകകളെല്ലാം ഒരുക്കിവെച്ചു. സോഷ്യൽ മീഡിയയിലെ ചർച്ചകൾ, കമന്റിടൽ എന്നിവയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി, അങ്ങനെ എന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പെടുത്തി അതിനുള്ളിൽ സമാധാനപൂർവം കഴിയുമ്പോഴാണ് ISRO പുതിയ റോക്കറ്റ് വിക്ഷേപണം നടത്തിയ കാര്യം ന്യൂസ് പേപ്പറിൽ കാണുന്നത്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി, ചൊവ്വായിലേക്ക് വരെ മനുഷ്യൻ പോകാൻ തുടങ്ങിയിരിക്കുന്നു, ഞാൻ എന്ത് തേങ്ങയ്ക്കാണ് ഈ ഇരുകാലീനേം പേടിച്ച് ഇരിയ്ക്കുന്നത്. പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു.
വരുന്നത് വരുന്നിടത്തു വെച്ച കാണാൻ തീരുമാനിച്ചു, യുക്തിക്കു നിരക്കാത്ത കാര്യങ്ങൾക്കൊന്നും നിന്നു കൊടുക്കില്ലാന്ന് ഉറപ്പിച്ചു.മുറിയിൽ നിന്നും പുറത്തിറങ്ങിയതും വീട്ടുകാരെല്ലാം കൂടി എന്റെ നേർക്കു ഒരു ചാട്ടം ” നീയല്ലേ പനിയാണെന്ന് കുറച്ചു മുൻപ് പറഞ്ഞേ, ഇനി വല്ല കൊറോണ ആണെങ്കിലോ?3-4 ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ മതി, അത് വരെ മുറിയിൽ അടങ്ങിയിരിക്ക് ” വീട്ടുകാർ പറഞ്ഞു നിർത്തി. ചൊവ്വയിൽ പോയി മനുഷ്യൻ കുടിൽ കെട്ടി താമസിക്കാൻ തുടങ്ങിയാലും, ഞാൻ ഈ ജന്തുവിനെ പേടിച്ചേ മതിയാവൂ..!!!!!