അവള്‍ ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ഫോണില്‍ അമര്‍ത്തി ഒന്നു ചുംബിച്ചു

പാതിയില്‍ കൊഴിഞ്ഞ സ്വപ്നം – രചന: NKR മട്ടന്നൂർ

അച്ഛാ, അമ്മേ പോവ്വ്വാ ട്ടോ…അജിത്തിന്‍റെ വിളി കേട്ട് രണ്ടു പേരും പുറത്തേക്ക് ഇറങ്ങി വന്നു. അമ്മയുടെ കണ്ണുകളില്‍ നനവു കണ്ടപ്പോള്‍ അവനു വിഷമമായി കാണും.

രണ്ടുപേരേയും ചേര്‍ത്തു നിര്‍ത്തി അവരെ ഇരു കൈ കൊണ്ടും പുണര്‍ന്നു രണ്ടുപേര്‍ക്കും കവിളുകളില്‍ ഉമ്മ കൊടുത്തു. ദേ ഇനിയാരും കരയല്ലേ…അവിടെ ഒരു വര്‍ഷം കൂടി മതി…അതു കഴിഞ്ഞാ ഡോക്ടര്‍ അജിത്ത് രാഘവന്‍ വരും ഈ നാട്ടിലേക്ക്…അവന്‍ ചിരിയോടെ പറഞ്ഞു…

അവനും സങ്കടം വന്നെങ്കിലും ആ ചിരിയില്‍ എല്ലാം ഒതുക്കി. രണ്ടു പേര്‍ക്കും റ്റാറ്റ നല്‍കി മുറ്റത്തേക്ക് ഇറങ്ങി. ഓട്ടോ കാത്തിരിപ്പുണ്ടായിരുന്നു.

മംഗലാപുരത്തെ മെഡിക്കല്‍ കോളജില്‍ അവസാനവര്‍ഷ MBBS വിദ്യാര്‍ത്ഥിയാണവന്‍. രാഘവന്‍ മാഷിന്‍റേയും സരസ്വതിയുടേയും ഏകമകന്‍. പഠിക്കാന്‍ മിടുക്കനായിരുന്നു. അച്ഛന്‍റേയും അമ്മയുടേയും ഏറ്റവും വല്യ മോഹായിരുന്നു മകനെനെ ഒരു ഡോക്ടറാ‍ക്കണമെന്നത്.

ഹൈസ്ക്കൂള്‍ അധ്യാപകനായിരുന്നു രാഘവന്‍ മാഷ്. സരസ്വതി ഒരു വീട്ടമ്മമാത്രം. ഉദ്യോഗമുള്ള പെണ്ണിനെ ഭാര്യയായ് വേണ്ടാന്നുള്ള രാഘവന്‍ മാഷിന്‍റെ തീരുമാനമായിരുന്നു. തന്‍റേയും മക്കളുടേയും കാര്യങ്ങള്‍ നോക്കാനായ് അവര്‍ വീട്ടില്‍ വേണം. സരസ്വതി അങ്ങനെത്തന്നേയാ…അച്ഛന്‍റേയും മകന്‍റേയും പ്രിയപ്പെട്ടവള്‍.

കല്യാണം കഴിഞ്ഞു പത്തു വര്‍ഷങ്ങള്‍ക്കപ്പുറമാ ആറ്റു നോറ്റൊരു മകനുണ്ടായത് തന്നെ. പിന്നെ ഒരു കുഞ്ഞിനെ കൂടി കൊതിച്ചെങ്കിലും ഈശ്വരനതിനുള്ള മനസ്സ് കാട്ടിയില്ല. അജിത്ത് പ്ലസ് ടു വിന് പഠിക്കുമ്പോള്‍ തന്നെ മാഷ് പെന്‍ഷനായി. പിന്നേയും വീട്ടിനടുത്തുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസ്സ് എടുക്കുമായിരുന്നു.

എന്‍ട്രന്‍സ് എഴുതി മികച്ച വിജയം നേടിയപ്പോള്‍ മാഷ് പിന്നൊന്നും ഓര്‍ത്തില്ല. അവന്‍റെ കൂട്ടുകാരന്‍റെ കൂടെ മംഗലാപുരത്ത് തന്നെ അജിത്തിനും അഡ്മിഷന്‍ ശരിയാക്കി. ടൗണിനടുത്തുള്ള പത്തുസെന്‍റ് സ്ഥലം കൊടുത്തായിരുന്നു പണം കണ്ടെത്തിയത്. വീടും അതിനോട് ചുറ്റുമുള്ള ഇരുപത് സെന്‍റും മതിയെടാ ഇനി നമുക്ക് എന്നുള്ള അച്ഛന്‍റെ വാക്കും നെഞ്ചിലേറ്റി അജിത്ത് പഠനം തുടങ്ങി.

ലീവു കിട്ടുമ്പോഴൊക്കെ ട്രെയിന്‍ കേറി നാട്ടിലെത്തുമായിരുന്നു. തിരികേ പോവുമ്പോള്‍ അമ്മയുടെ വക ഒരു മാസത്തേക്കുള്ള അച്ഛാറും പലഹാരങ്ങളും കൊണ്ടു പോവാറുമുണ്ട്.

ചേട്ടാ അമ്പലക്കുളത്തിനടുത്തു കൂടെ ഒന്നു പോവണേ…അവിടൊരാള്‍ കാത്തിരിപ്പുണ്ട്…കൂടെ പത്തുമിനുറ്റ് വെയ്റ്റ് ചെയ്യുക കൂടി വേണം ട്ടോ…ചാര്‍ജ്ജ് തന്നേക്കാം എല്ലാത്തിനും കൂടി. ഓട്ടോ ഡ്രൈവര്‍ തലയാട്ടി.

കുളത്തിനടുത്തെത്തിയപ്പോള്‍ കണ്ടു മഞ്ഞ ചുരീദാറില്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്ന അശ്വതിയെ. ദാ..ഇവിടെ നിര്‍ത്തിക്കോളൂ. വേഗം വരാം. എന്‍റെ ബേഗൊന്നു നോക്കണേ…അശ്വതിതിയുടെ കൈ പിടിച്ചു കുളക്കരയിലേക്ക് ഓടി.ഏട്ടാ എന്തായീ കാട്ടണേ…!

അവള്‍ പരിഭവത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. പതിവു സ്ഥലത്ത് പോയിരുന്നു ആ വാ പൊത്തിപിടിച്ചു. കണ്ണുകളില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചതു പോലെ പ്രകാശമുണ്ട്.

പതിനൊന്നിനാ ട്രെയിന്‍ ഇപ്പോള്‍ സമയം ഒമ്പതര കഴിഞ്ഞു ഒരുമണിക്കൂര്‍ ഓട്ടമുണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക്. എന്താ ഇത്ര വൈകിയേ വീട്ടിന്നിറങ്ങാന്‍. ഞാനിവിടെ ഒമ്പതു മണി മുതല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അജിത്തിന്‍റെ കൈ വിടുവിച്ച് അശ്വതി ഒറ്റശ്വാസത്തില്‍ അത്രയും പറഞ്ഞു.

എന്‍റെ പെണ്ണേ…വീട്ടിലെനിക്കു രണ്ടു മക്കളുണ്ട്. അച്ഛനും അമ്മയും…അവരോട് യാത്ര പറഞ്ഞു വൈകിയതാ…അവനവളുടെ കൈവിരലുകളില്‍ തലോടി. അപ്പോള്‍ ഇവിടെ കാത്തിരിക്കുന്നവള്‍ക്ക് യാതൊരു വിലയുമില്ലാ അല്ലേ…? പെണ്ണിന്‍റെ കണ്ണില്‍ നിറയേ സ്നേഹമാ…നീ എന്‍റേതല്ലേ….എപ്പോഴും. അവനാ വിരലുകളില്‍ ഒന്നു ചുംബിച്ചു.

ദാ ഇനിയും വൈകിയാല്‍ ട്രെയിന്‍ കിട്ടത്തില്ലാ ട്ടോ…ഞാന്‍ പോവട്ടെ…? ഒന്നു കണ്‍നിറയേ കാണാന്‍ കൂടി കിട്ടണില്ലാ ട്ടോ…അവള്‍ക്കു പരിഭവം…അപ്പോള്‍ ഇന്നലെ ഒരു സിനിമ കണ്ടു തീരുന്നതു വരെ നീ എന്നെ കണ്ടോണ്ടിരിക്കയായിരുന്നില്ലേ…? എന്നിട്ടും മതിയായില്ലേ…?

ഓ..അത് ഇന്നലെയല്ലേ….? ഇനി എത്രനാള്‍, കഴിയണം ഒന്നു കാണാന്‍…? നനഞ്ഞ കണ്‍പീലികളില്‍ ഒന്നു കുടി ചുംബിച്ചു. അടുത്ത വര്‍ഷം വരും ഞാന്‍ ഒരു ഡോക്ടര്‍ ആയിട്ട്…അപ്പോള്‍ ഞാന്‍ രണ്ടു നാള്‍ ലീവെടുത്ത് നിന്‍റെ കൂടെ നില്‍ക്കാം ട്ടോ…കണ്ടു കണ്ടു കൊതി തീരും വരേ…

അവനെഴുന്നേറ്റു, അവള്‍ക്കു നേരെ കൈകള്‍ നീട്ടി…അവളും ആ കൈ പിടിച്ചെഴുന്നേറ്റു. എന്‍റെ അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായ് നിള്‍ക്കേണ്ടവള്‍…ഒരു ഡോക്ടറുടെ ഭാര്യയായ് ഒരു കുടുംബം ഭരിക്കേണ്ടവള്‍ നിന്നു ചിണുങ്ങുന്നോ..? അവന്‍ സ്നേഹത്തോടെ ശകാരിച്ചു.

പെണ്ണിന്‍റെ കണ്ണില്‍ പൂത്തിരി കത്തി…ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു…ഹോ….സമാധാനമായി…വാ…ഞാന്‍ വീട്ടിലിറക്കിത്തരാം…വേണ്ടാ ഏട്ടന്‍ വൈകിക്കേണ്ടാ പൊയ്ക്കോളൂ…ഞാന്‍ നടന്നു പൊയ്ക്കൊള്ളാം. അവനാ കൈകളില്‍ ഒന്നു കൂടി ചുംബിച്ചിട്ട് ടാറ്റാ പറഞ്ഞു ഓടിപോയ് ഓട്ടോയില്‍ കയറി. തല വെളിയിലിട്ട് അവള്‍ക്കൊരു പുഞ്ചിരി കൂടി സമ്മാനിച്ച് അകന്നു പോയി.

രാഘവന്‍ മാഷിന്‍റെ സഹപ്രവത്തകനും കൂട്ടുകാരനുമായിരുന്ന വിജയന്‍ മാഷിന്‍റെ രണ്ടു മക്കളില്‍ ഇളയവളാ അശ്വതി. രാഘവന്‍ മാഷിനോടും അജിത്തിനോടും ആ കുടുംബത്തോടുമുള്ള സ്നേഹവും ബഹുമാനവും കൊണ്ട് വിജന്‍മാഷ് കണ്ടെത്തിയ വഴിയായിരുന്നു അജിത്തിനേയും അശ്വതിയേയും ഒരുമിപ്പിച്ചത്…

അജിത്തും, അച്ഛനേ പോലെ തന്നേയാ ചിന്തിച്ചത്…അശ്വതി ഒരു വീട്ടമ്മയായാല്‍ മതീന്ന്. പക്ഷേ അശ്വതി ഒരു ജോലിക്കു ശ്രമിക്കുന്നുണ്ട്…അജിത്തിന്‍റെ പഠിപ്പു കഴിഞ്ഞു മതി വിവാഹം എന്ന തീരുമാനത്തിലാ ഇരു വീട്ടുകാരും…

അജിത്ത് ലീവിനു വരുമ്പോള്‍ ഒരു ദിവസം അശ്വതിക്കുള്ളതാണ്…എത്ര കണ്ടാലും, ഒരുപാട് നേരം കൂടെ ഇരുന്നാലും…എന്തോരം വിളിച്ചാലും മതിയാവത്തില്ല പെണ്ണിന്…അവളുടെ ജീവന്‍റെ സ്പന്ദനം അവനെ ഓര്‍ത്തു മാത്രമാവും നിലകൊള്ളുന്നത്. അശ്വതി വീട്ടിലേക്ക് നടക്കുമ്പോള്‍ അജിത്തിന്‍റെ കോള്‍ വന്നു…

വീട്ടിലെത്തിയോ നീ…

ഇല്ല എന്താ ഏട്ടാ…

അല്ല ഒരു ഉമ്മ തരാറുള്ളതല്ലേ നീ…അത് ഇന്ന് തന്നില്ലല്ലോ…? അടക്കിയൊരു ചിരി കേട്ടു…വേഗം താ…

അവള്‍ ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ഫോണില്‍ അമര്‍ത്തി ഒന്നു ചുംബിച്ചു…കിട്ടിയോ…?

ഉം…എന്നാല്‍ വേഗം പൊയ്ക്കോളൂ വീട്ടിലേക്ക്…ഞാന്‍ ട്രെയിന്‍ കേറിയിട്ട് വിളിക്കാം. കോള്‍ കട്ടായി…

അടുത്ത മാസം ഏട്ടന്‍റെ കൂട്ടുകാരന്‍റെ പെങ്ങളുടെ വിവാഹത്തിന് വരും…ഇനി മുപ്പത് ദിവസം കൂടി…അവള്‍ നാളുകളെണ്ണി…ഈ കാത്തിരിപ്പ് സഹിക്കാന്‍ വയ്യെന്നവള്‍ക്കു തോന്നി…

ഏട്ടന്‍ ദൂരേക്ക് പോവുമ്പോള്‍ അച്ഛനും അമ്മയ്ക്കുമെന്ന പോലെ അശ്വതിക്കും പേടിയാ…അത് ട്രെയിനില്‍ കേറുമ്പോള്‍ വീഴുമോ എന്നു തുടങ്ങി ട്രെയിന്‍ പാളം തെറ്റുമോ എന്നുള്ള സകല ആധികളും അവളിലുണ്ട്. അങ്ങനെ മനസ്സമാധാനം നഷ്ടപ്പെടുമ്പോഴൊക്കെ അവളിലൊരു വഴിയേ ഉള്ളൂ. അടുത്തുള്ള ശിവക്ഷേത്രം…ആ നടയ്ക്കല്‍ അശ്വതിയുടെ കണ്ണുനീര്‍ത്തുള്ളികളെത്ര വീണു ചിതറിയിരിക്കുന്നു…

രാഘവന്‍ മാഷും സരസ്വതിയും അശ്വതിയും ഒരാള്‍ക്കു വേണ്ടി എന്നും ആ ദൈവത്തോട് കെഞ്ചുന്നുണ്ടായിരുന്നു…അവരുടെ ശക്തി അജിത്ത് ഡ്രൈവ് ചെയ്യാത്തതായിരുന്നു…അച്ഛനും അമ്മയും അതിന് മാത്രാ അവനോട് ഇതുവരേ തടസ്സം നിന്നിട്ടുള്ളൂ…അവരുടെ ഇഷ്ടം അജിത്ത് എന്നും പാലിച്ചിരുന്നു…

ഒടുവില്‍ കൂട്ടുകാരന്‍റെ അനിയത്തി ജ്യോതിയുടെ കല്യാണ രാത്രി. ഇന്നു രാവിലെയേ അജിത്തിന് എത്താന്‍ കഴിഞ്ഞുള്ളൂ. നാളെ കല്യാണം കഴിഞ്ഞ് രാത്രി ട്രെയിന്‍ കേറണം…അടുത്ത ദിവസം ക്ലാസുള്ളതാ…രാഘവന്‍ മാഷും ഭാര്യയും അശ്വതിയും അച്ഛനുമമ്മയും രാത്രി വേഗം കല്യാണ വീട്ടീന്ന് സ്വന്തം വീട്ടിലേക്ക് പോയി…അജിത്ത് രാവിലെ വന്നോളാമെന്നും പറഞ്ഞ് രാത്രി അവിടെ തങ്ങി…

ജ്യോതിക്കൊരു സമ്മാനം വാങ്ങീല്ലല്ലോ എന്നുള്ള കാര്യം ഓര്‍മ്മ വരുമ്പോള്‍ രാത്രി പത്തു മണിയാവാറായിരുന്നു…രാവിലെ അമ്പലത്തില്‍ പോവുന്നതിന് മുന്നേ അണിയാനായ് വല്ലതും വാങ്ങണേല്‍ ഇപ്പോള്‍ തന്നെ പോവണം. രാവിലെ കടകള്‍ തുറക്കുമ്പോള്‍ ഒമ്പതു മണി കഴിയും.

അജിത്ത് വിനുവിനോട് ഇപ്പോള്‍ വരാമെന്നും പറഞ്ഞ് ഇറങ്ങി. വിനു എന്തു വാങ്ങാനാ പോവുന്നതെന്‌ എത്ര നിര്‍ബന്ധിച്ചിട്ടും അജിത് പറഞ്ഞില്ല. വേഗംവരാമെന്ന് പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി. കാറെടുത്ത് പൊയ്ക്കോളൂന്ന് പറഞ്ഞെങ്കിലും നടന്നു പോയ് വരാമെന്നു പറഞ്ഞു. അല്ലേല്‍ ഒരു ഓട്ടോ പിടിച്ചു വന്നോളാമെന്നും.

വിനു ഓടിച്ചെന്നു ബൈക്കിന്‍റെ ചാവി കൊണ്ടു കൊടുത്തു. അജിത്ത് അതു വാങ്ങാനൊന്നു മടിച്ചു നിന്നു. ഓ…നിന്‍റെ അച്ഛന്‍ മാഷൊക്കെ ഉറക്കം പിടിച്ചു കാണും. ഈ നൂറ്റാണ്ടില്‍ ഇരുചക്രവാഹനം ഉപയോഗിക്കാത്തൊരാള്‍ ഉണ്ടെങ്കില്‍ അതു അജിത്ത് ഡോക്ടര്‍ മാത്രമായിരിക്കും. വിനു കളിയാക്കുക കൂടി ചെയ്തപ്പോള്‍ ആ ചാവി വാങ്ങി വേഗം ബൈക്കിനടുത്തേക്ക് പോയി.

ഇതോടിക്കാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല…വേണ്ടാന്ന് വെച്ചതാ…അച്ഛനുമമ്മയും അശ്വതിയും എപ്പോഴും പറയാറുണ്ട്…ഒരിക്കലും ഞങ്ങളെ മറക്കരുതേന്ന്. അവരെല്ലാം എപ്പോഴും എന്‍റെ വരവും കാത്തിരിക്കുന്നുണ്ട് എന്നുള്ള ചിന്തകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നു.

ഒരു തവണ കേറിയെന്നു കരുതി ഒന്നും സംഭവിക്കാനൊന്നും പോണില്ല…പ്ലസ് ടു കഴിഞ്ഞപ്പോഴേ ഇതെനിക്ക് വഴങ്ങിയതാ. അതില്‍ യാത്ര ചെയ്യുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ട്. എന്നാലും വേണ്ടാ…അങ്ങനെ അകറ്റി നിര്‍ത്തിയതാ ബൈക്ക്…പതിയേ ഓടിച്ചു പോയി…

നാട്ടിലെത്തിയാല്‍ മനസ്സില്‍ നിറയേ അശ്വതിയാ…ഒരു വല്ലാത്തൊരിഷ്ടമാ പെണ്ണിന്…എന്നും എന്നോട് ചേര്‍ന്നു നില്‍ക്കും എവിടേക്കു കൊണ്ടു പോയാലും. ഒട്ടുമിക്ക പരിപാടികളിലും പോവുമ്പോള്‍ കൂടെ വരും. ഒരു താലി കെട്ടി വീട്ടിലേക്ക് കൊണ്ടു വരികയേ വേണ്ടൂ ഇനി.

അവളായിട്ട് അറിയിച്ചു കഴിഞ്ഞു ലോകം മുഴുവന്‍ ഞാനാ അജിത്തിന്‍റെ പെണ്ണെന്ന്. സുന്ദരികളായ പെണ്‍കുട്ടികളെ നോക്കുമ്പോള്‍ പെണ്ണ് ആള്‍ക്കൂട്ടത്തീനും കൂടുതല്‍ ദേഹത്തൊട്ടി നില്‍ക്കും…അവളുടെ കുസൃതികള്‍ ഓര്‍ത്തപ്പോള്‍ ചുണ്ടില്‍ ചിരിയൂറി.

ആര്‍ക്കുമറിയില്ല എങ്ങനേയാ ആ മുറ്റത്തേക്ക് പോവേണ്ടതെന്ന്…ആരാണതൊന്ന് അറിയിക്കുക മാഷിനോടും ഭാര്യയോടും…എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…

അച്ഛന്‍റേയോ അമ്മയുടേയോ മറ്റു ബന്ധുക്കളുടേയോ സമ്മതം കിട്ടിയാലേ മറ്റു കാര്യങ്ങള്‍ ചെയ്യാനാവൂ….വിജയന്‍ മാഷെ തള്ളി വിട്ടു കുറേ പേര്‍ ചേര്‍ന്ന് രാഘവന്‍ മാഷിന്‍റെ മുറ്റത്തേക്ക്…ആരും വീടിനു മുന്നിലെ റോഡിലേക്ക് വരാതെ മാറി നിന്നു.

എന്താ വിജയാ പതിവില്ലാതെ രാവിലെ…?രാഘവന്‍ മാഷിന്‍റെ ചോദ്യത്തിന് മുന്നില്‍ നിന്ന് വിജയന്‍മാഷ് വിയര്‍ത്തു…അത്…വിക്കി വിക്കി പറഞ്ഞു ഒടുവില്‍…

എന്നിട്ട്…ഞങ്ങളെ വിട്ടു പോയോ എന്‍റെ കുഞ്ഞ്…മാഷിന്‍റെ ചുണ്ടുകള്‍ വിറച്ചു…

തല കുനിച്ചു നിന്ന വിജയന്‍മാഷിന്‍റെ മുഖത്തു നിന്നും എല്ലാം വായിക്കാം…ഉമ്മറത്തെ കസേരയിലേക്ക്‍ വീണു മാഷ്…

വിജയേട്ടന്‍ വിനുവിന്‍റെ വീടിനടുത്തെങ്ങാനും പോയിരുന്നോ…അജിത്ത് രാവിലെ വന്നില്ലല്ലോ. കുളിച്ചു വേഷം മാറാനായ് ഞാന്‍ കസവു മുണ്ടും ജുബ്ബയും ഇസ്തിരി ചെയ്തു വെച്ചിട്ടുണ്ട്…ഒന്നു കണ്ടെങ്കില്‍ വേഗം വരാന്‍ പറയണേ…സമയം ഒമ്പതു കഴിഞ്ഞല്ലോ…പത്തരയ്ക്കും പതിനൊന്നിനും മദ്ധ്യേയാ മുഹൂര്‍ത്തമെന്നല്ലേ പറഞ്ഞത്…?

ഒന്നും മിണ്ടാതെ വിജയന്‍മാഷ് റോഡിലേക്കിറങ്ങി. സരസ്വതി അത്ഭുതത്തോടെ ഈ വിജയേട്ടനിതെന്തു പറ്റിയതാന്നും ചോദിച്ചു രാഘവന്‍ മാഷിന്‍റെ അടുത്തെത്തി. വാടിത്തളര്‍ന്നു കസേരയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കണ്ടവര്‍ നിലവിളിച്ചു.

തണുത്തുറഞ്ഞ ആ റൂമിലേക്ക് ആ വൃദ്ധ ദമ്പതികള്‍ കയറിച്ചെന്നു. മാഷ് താങ്ങിയുട്ടുണ്ടായിരുന്നു ഭാര്യയെ…കണ്ണുനീര്‍ വറ്റിയ ആ നാലു മിഴികളും കണ്ടു വെള്ളപുതപ്പിച്ചു മേശമേല്‍ കിടത്തിയ ആ രൂപം.

അച്ചന്‍ ആ തണുത്ത കവിളില്‍ ഒരു ചുടുചുംബനം നല്‍കിയപ്പോള്‍…ഒരാര്‍ത്ത നാദത്തോടെ ആ സാധു സ്ത്രീ ആ ദേഹത്തേക്ക് വീണു…അവരുടെ ”എന്‍റെ മകനേ ” എന്നുള്ള നിലവിളി ആ നാലു ചുവരുകള്‍ക്കുള്ളില്‍ മാറ്റ്വൊലി കൊണ്ടു…ആര്‍ക്കും ആശ്വസിപ്പിക്കാനാവാത്തതിനാലാവും ആരും അവരുടെ കൂടെ ആ മുറിയിലേക്ക് കയറാതിരുന്നത്…

മാഷിന്‍റെ കൈകളില്‍ തളര്‍ന്നു വീണ സരസ്വതിയെ ആരൊക്കെയോ ചേര്‍ന്ന് കാറില്‍ കൊണ്ടു കിടത്തി…മൃതദേഹം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദാനം ചെയ്യുന്ന പേപ്പറില്‍ രാഘവന്‍ മാഷിന്‍റെ വിറയ്ക്കുന്ന കൈകള്‍ ഒപ്പു വെച്ചു…

ഞങ്ങള്‍ വീട്ടിലെത്തിക്കോളാമെന്നും പറഞ്ഞ് രാഘവന്‍ മാഷ് സരസ്വതിയേയും കൂട്ടി സ്വയം കാറോടിച്ചു പോയി…ഒടുവില്‍ ഒരു നാള്‍ കഴിഞ്ഞ് പുഴക്കരയില്‍ ആ കാറു കണ്ടെത്തി…വിഷം അകത്തു ചെന്ന് മരിച്ച മാഷും സരസ്വതിയും കാറിനകത്തുണ്ടായിരുന്നു അപ്പോഴും.