അച്ഛന്റെ ആ ഗേൾ ഫ്രണ്ടിനെയാണോ.ഒരു പ്രത്യേക നോട്ടത്തോടെ അവളത് ചോദിക്കുമ്പോൾ അറിയാതൊന്നു ഞെട്ടി.

മനമുരുകുമ്പോൾ (ഭാഗം II) – ശാലിനി മുരളി

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

കോളേജിൽ നിന്ന് വന്ന ശ്രുതി അമ്മയെ നീട്ടി വിളിച്ചു കൊണ്ടാണ് വീടിനുള്ളിലേക്ക് കയറിയത്. പതിവു പോലെ അമ്മ അടുക്കളയിൽ ഉണ്ടാവുമെന്ന് കരുതി അവൾ അങ്ങോട്ട്‌ നടന്നു.

പക്ഷേ അവിടെയും ആളനക്കമില്ല. ഈ സമയത്ത് ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും അമ്മ. ഇന്ന് പക്ഷേ ഉച്ചക്ക് ശേഷം അടുക്കളയിൽ കയറിയ ലക്ഷണം ഇല്ല. പാത്രങ്ങളൊക്കെ കഴുകി കമഴ്ത്തി വെച്ച പടിതി ഇരിപ്പുണ്ട്.

അമ്മേ…അച്ഛന്റെ മുറിയിലേക്ക് നടന്നുകൊണ്ടാണ് വിളിച്ചത്. കോളേജ് വിട്ടു വരുമ്പോൾ വീട്ടിൽ അമ്മയെ കണ്ടില്ലെങ്കിൽ മനസ്സിന് ഒരു ഉഷാറുമില്ല…പോരെങ്കിൽ നല്ല വിശപ്പും..!

ഓഹോ, അമ്മ ഇവിടെ കിടപ്പുണ്ടല്ലോ. എന്നിട്ടാണോ താനിത്രയും വിളി വിളിച്ചിട്ട് ഒരക്ഷരം മിണ്ടാഞ്ഞത്. അമ്മേ…ലേശം ഉറക്കെയാണ് വിളിച്ചത്. അമ്മ ഒന്ന് ഞരങ്ങി…അവൾ ചരിഞ്ഞു കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കൈത്തലം അമർത്തി..ചെറിയ ചൂടുണ്ട്.

പനിപിടിച്ചോ പാവം ന്റെ അമ്മയ്ക്ക്. അമ്മയ്‌ക്കെന്താ സുഖമില്ലേ…ഒന്നെഴുന്നേറ്റെ…ഞാനെത്ര നേരായി വിളിക്കുന്നു…

തല വല്ലാതെ വേദനിച്ചിട്ടു വയ്യ മോളൂ…ഇന്ന് ന്റെ കുഞ്ഞ് ഇത്തിരി ചായ ഇട്ടു കുടിക്ക്…അമ്മ കുറച്ചു നേരം കൂടിയൊന്നു കിടക്കട്ടെ…അമ്മയുടെ കണ്ണും മുഖവും ഒക്കെ വല്ലാതെ വീങ്ങിയിരുന്നു…

ഇത്ര പെട്ടന്ന് എന്ത് പറ്റിയോ ആവോ…കുഴപ്പമില്ല..കിടന്നോ ഞാൻ ചായ ഇട്ടുകൊണ്ട് വരാം. മകൾ പോയതും അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പാൻ തുടങ്ങി. മക്കളോട് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

അല്ലെങ്കിലും അവരുടെ അച്ഛനെക്കുറിച്ച് മോശമായൊരു ചിത്രം മനസ്സിൽ പതിയുന്നത് തനിക്ക് ഒട്ടും സഹിക്കാൻ പറ്റില്ല. ജീവനേക്കാളേറെ ശ്രീയേട്ടനെ സ്നേഹിച്ചു പോയത് കൊണ്ട് മാത്രമാണ് മറ്റാരോടും ഇതുവരെയും ഒന്നും പറയാൻ തോന്നാതിരുന്നതും.

പക്ഷേ എങ്ങനെയോ തന്റെ ചേച്ചി വനജയുടെ വിവരം അറിഞ്ഞിരുന്നു. ചേട്ടന്റെ ഒരു സുഹൃത്ത് ശ്രീയേട്ടന്റെ ബന്ധുവാണത്രേ…നീയെന്തിനാണ് ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത് എന്ന് പലതവണ ചോദിച്ചിരിക്കുന്നു ചേച്ചി.

ഈയൊരു ചോദ്യം തന്നോട് തന്നെ സ്വയം ചോദിച്ചിട്ടുണ്ട്. ഒഴിഞ്ഞു കൊടുത്താൽ ഒരുപക്ഷേ ശ്രീയേട്ടൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചത് നേടിയെടുത്തേനേ എന്ന് വിശാല മനസ്സോടെ ചിന്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പക്ഷേ…അപ്പോഴൊക്കെ ഒഴിഞ്ഞു പോകുന്ന ആ ഇടത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ആവാതെ ഹൃദയം പൊടിഞ്ഞു നുറുങ്ങി.

രണ്ട് നാൾ മുൻപ് വനജയെ വിവാഹസ്ഥലത്തു വെച്ച് കണ്ടതിനു ശേഷം ശ്രീയേട്ടന് തന്നോട് ഒരകൽച്ച പോലെയാണ്. എന്തോ കടുത്ത ആലോചനയും ഉറക്കമില്ലായ്‌മയും ശ്രദ്ധയിൽ പെട്ടിരുന്നു. വനജയുടെ ഓർമ്മകൾ അദ്ദേഹത്തെ ശ്വാസം മുട്ടിക്കുന്നുണ്ടാവുമോ എന്ന് ആശങ്കപ്പെട്ട തന്നോട് പതിവില്ലാതെ കയർക്കുകയും ചെയ്തു.

ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശ്രീയേട്ടനെ ഗാഢമായി ഒന്ന് ആശ്ലേഷിക്കുവാൻ മനസ്സും ശരീരവും വല്ലാതെ കൊതിച്ചു. ഉള്ളിലടക്കുന്ന ചിന്തകളെ തനിക്കു കൂടി പകുത്തു തരൂ എന്ന് ആ ചെവിയിൽ മൃദുവായി മന്ത്രിക്കുവാൻ മോഹിച്ചു.

പക്ഷെ കടുത്ത മുഖവും ചിറകൊതുക്കിയ വാക്കുകളും ഒരഞ്ജാതന്റെ മുൻപിൽ അകപ്പെട്ട പേടമാനെ പോലെതന്നെ ഭയചകിതയാക്കി.

ഇന്ന് പുലർച്ചെ പതിവില്ലാതെ എഴുന്നേറ്റു കുളിച്ച് ഒരുങ്ങുന്ന ശ്രീയേട്ടനോട് എങ്ങോട്ടാണ് ഇത്ര വെളുപ്പിനെ എന്ന് ചോദിക്കാൻ ഒരുങ്ങിയതാണ്. ഇന്ന് ഓഫീസിൽ പോകുന്നില്ലേ എന്നാണ് നാവിൽ വന്ന ചോദ്യം. ചൂട് കാപ്പി മൊത്തിക്കുടിച്ച് തന്നെ ഒന്ന് ചൂഴ്ന്ന് നോക്കിയിട്ട് കപ്പ് തിരികെ തന്നു.

തിരിച്ചു കിട്ടാത്ത മറുപടികളിൽ ഒരായിരം സംശയങ്ങൾ ഉയർന്നു വന്നു. മുറ്റത്തെ ചരലിൽ ഇനിയും പിറന്നു വീഴാത്ത പുലർ വെളിച്ചം ഇരുട്ടിനെ നേർപ്പിച്ചു കൊണ്ടിരുന്നു. പൂവണിഞ്ഞു നിൽക്കുന്ന കുടമുല്ലയും ഗന്ധരാജനും തണുത്ത കാറ്റിൽ മോഹിപ്പിക്കുന്ന സുഗന്ധം കടം തരാനെത്തി.

കണ്ണിൽ നിന്ന് മാഞ്ഞു പോകുന്ന രൂപത്തെ നോക്കി ഒരു ദീർഘനിശ്വാസത്തോടെ വാതിൽ ചേർത്തടച്ചു. എന്തെങ്കിലും ഒന്ന് പറയായിരുന്നു. കള്ളമായാൽ പോലും ആ ഒരു വാക്കിൽ തൂങ്ങി വരുന്നത് വരെ പ്രതീക്ഷയോടെ കാത്തിരിക്കാമായിരുന്നു.

മോൻ എൻജിനീയറിങ് കോളേജിൽ ചേർന്നതോടെ എന്നും ഇത്രയും ദൂരം പോയി വരുന്ന ബുദ്ധിമുട്ട് കൊണ്ട് കോളേജിനടുത്തു തന്നെയുള്ള ഒരു ഹോസ്റ്റലിൽ ആയിരുന്നു താമസം. ഡിഗ്രിക്ക് പഠിക്കുന്ന മകൾ രാവിലെ കോളേജിൽ പോയ പിറകെ കയറി കിടന്നതാണ്.

മനസ്സിന്റെ വിഷമം ശരീരത്തെ കൂടി തളർത്തി കളഞ്ഞിരുന്നു. ഇടയ്ക്ക് തങ്ങളുടെ വിവാഹ ആൽബം എടുത്തു പൊടി തുടച്ചു വെച്ചു. മറിഞ്ഞുപോകുന്ന ഓരോ താളിലും വനജയുടെ മുഖം തിരഞ്ഞു. പക്ഷേ എങ്ങും കണ്ടെത്താനായില്ല. തിരികെ ആൽബം യഥാസ്ഥാനത്തു വെച്ചിട്ട് ജനൽ പാളിയിൽ മുഖം ചേർത്ത് വെച്ച് അനന്തമായ ആകാശ ചെരുവിലേക്കു നോക്കിയിരുന്നു.

പിന്നെയും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ ഭ്രാന്ത്‌ പിടിക്കുമോ എന്ന് പോലും തോന്നിപ്പോയി. ശരിക്കും ശ്രീയേട്ടന് തന്നോട് ഇഷ്ടമുണ്ടോ…അതോ മനസ്സ് മുഴുവനും വനജ എന്ന സർപ്പ സുന്ദരി മാത്രമായിരിക്കുമോ…സ്വയം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും തല വല്ലാതെ പൊട്ടിപിളർക്കുന്നതു പോലെ…

അമ്മേ ഒന്നെഴുന്നേറ്റെ…ദാ ഈ ചൂട് ചായ
കുടിക്കുമ്പോൾ തലവേദനയെല്ലാം പമ്പ
കടക്കും. മകൾ ഒരുപാട് മുതിർന്നതുപോലെ…അവൾ കയ്യിൽ പിടിപ്പിച്ച ചായ കപ്പ് ചുണ്ടോടടുപ്പിക്കുമ്പോൾ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി.

അമ്മക്കെന്താ വേദന കുറവില്ലേ. ഹോസ്പിറ്റലിൽ പോകണോ…? അസുഖം ശരീരത്തിനല്ല മനസ്സിനാണ് എന്ന് എങ്ങനെ പറയും മോളോട്…അമ്മയൊരു സംശയം ചോദിച്ചാൽ മോള് സത്യം പറയുമോ.

എന്ത്‌ സംശയം ആണ്…അതും എന്നോട്…?

ഈ അമ്മയെ കാണാൻ ഒട്ടും കൊള്ളില്ലേ…?

അവളുടെ മുഖം വല്ലാതെ വിളറുന്നത് നോക്കിയിരുന്നു. ഞാൻ വെറുതെ അമ്മയെ ദേക്ഷ്യം പിടിപ്പിക്കാൻ വേണ്ടിയല്ലേ അങ്ങനെയൊക്കെ പറയുന്നത്. അല്ലെങ്കിലും എനിക്കറിയാം. നിന്റെ സുന്ദരനായ അച്ഛന്റെ കൂടെ നിൽക്കുമ്പോൾ ഈ അമ്മയെ പോരാ എന്ന് തോന്നിയിട്ടില്ലേ…?

ഞാൻ അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സോറി. അമ്മയുടെ ചുരുണ്ട മുടിയും വലിയ നീണ്ട കണ്ണുകളും നുണക്കുഴിയുമൊക്കെയാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്നാണ് എന്റെ ഫ്രണ്ട്‌സ് പോലും പറഞ്ഞിട്ടുള്ളത്. വെറുതെ അവളെ സന്തോഷിപ്പിക്കാൻ ചെറുതായ് ഒന്ന് പുഞ്ചിരിച്ചു.

അച്ഛൻ ഇന്ന് വെളുപ്പിനെ എവിടെ പോയതാ അമ്മേ…? ഞാൻ ഇന്ന് കണ്ടതുപോലുമില്ല അച്ഛനെ. ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു. അച്ഛന്റെ ആ ഗേൾ ഫ്രണ്ടിനെയാണോ. ഒരു പ്രത്യേക നോട്ടത്തോടെ അവളത് ചോദിക്കുമ്പോൾ അറിയാതൊന്നു ഞെട്ടി.

അമ്മയുടെ മുഖഭാവം കണ്ട് ശ്രുതി പെട്ടന്ന് അബദ്ധം പിണഞ്ഞത് പോലെ വിരൽ കടിച്ചു. അച്ഛന് അങ്ങനെയൊരു ഗേൾ ഫ്രണ്ട് ഉണ്ടെങ്കിൽ മോൾക്കെന്താണ് തോന്നുക. അമ്മയെക്കാളും നല്ലത് അവരായിരിക്കും എന്നല്ലേ.

എന്റെ പൊന്നമ്മേ…ഞാൻ അങ്ങനെ വിചാരിക്കുമോ…എനിക്ക് നിങ്ങൾ രണ്ടാളും മാത്രം മതി. ഇതിനിടയിലേക്കിനി വേറൊരാളും വേണ്ട. അതുകേട്ടപ്പോൾ ഒരു വല്ലാത്ത ആവേശമാണ് തോന്നിയത്. അവളുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് ഒരു യാചന പോലെയാണ് പറഞ്ഞത്…

എങ്കിൽ ന്റെ പൊന്നുമോള് അച്ഛനോടൊന്ന് പറയാമോ…ആ ബന്ധം ഇനിയും വേണ്ടായെന്ന്…അമ്മയെ സങ്കടപ്പെടുത്തിയത് മതിയെന്ന്. ശ്രുതിയുടെ കണ്ണുകൾ മിഴിഞ്ഞു…

കളി കാര്യമായോ…ഇവർക്കിടയിൽ ഇതൊരു വലിയ പ്രശ്നമായിരുന്നോ ദൈവമേ…ഒന്നും മിണ്ടാതെ അവൾ പെട്ടന്ന് മുറി വിട്ടുപോയി. അച്ഛനെ കുറിച്ച് വെറുതെ പോലും മോശമായി ചിന്തിക്കാൻ തനിക്ക് ആവില്ല. അപ്പോൾ പിന്നെ അമ്മയുടെ ഈ സങ്കടത്തിനു പിന്നിൽ എന്തെങ്കിലും സത്യം ഉണ്ടാവുമോ..?

ഇത്രയും വിദ്യാഭ്യാസമുള്ള അമ്മ ഒരിക്കൽപ്പോലും അച്ഛനെ താഴ്ത്തിക്കെട്ടിയോ അധിക്ഷേപിച്ചോ സംസാരിക്കുന്നത് കേട്ടിട്ടില്ല. അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

എപ്പോഴോ അമ്മ എഴുന്നേറ്റു അടുക്കളയിൽ കയറിയിരുന്നു. എണ്ണയിൽ കിടന്നു തിളയ്ക്കുന്ന മൊരിഞ്ഞ ഏത്തയ്ക്കയുടെ മണം മൂക്കിലേക്ക് തുളച്ചു കയറി. അടുക്കളയിലേക്ക് ഒന്ന് എത്തിനോക്കി. പ്ലേറ്റിലേക്ക് എടുത്ത് വെച്ച പലഹാരം തന്റെ മുന്നിലേക്ക് നീട്ടിക്കൊണ്ടാണ് അമ്മ പറഞ്ഞത്.

വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ നീയ്…കൊള്ളാം അപ്പോൾ അമ്മയുടെ തലവേദന ഒക്കെ മാറിയോ…? ഒന്നും മിണ്ടാതെ അമ്മ ബാക്കിയുള്ള ഏത്തപ്പഴം മാവിലേക്ക് മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു.

അയാൾ അന്ന് വന്നപ്പോൾ ഒരുപാട് വൈകിയിരുന്നു…ചോറ് വിളമ്പി അടച്ചു
വെച്ചിട്ട് അവർ കാത്തിരുന്നു. വന്നപാടെ കുളിക്കാനായി പോയ ശ്രീയേട്ടന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം. ഒന്നും ചോദിക്കാനും അറിയാനും അവകാശമില്ലാത്ത ഒരപരിചിതയാണല്ലോ താനിപ്പോൾ.

കഴിക്കാനെത്തും എന്ന് കരുതി കാത്തിരുന്നത് വെറുതെയായി. അനക്കമൊന്നും കേൾക്കാഞ്ഞിട്ടാണ് മുറിയിലേക്ക് ചെന്നത്. ലൈറ്റും അണച്ചു കിടന്നു കഴിഞ്ഞിരുന്നു ആള്…സഹിക്കാൻ കഴിയുന്നില്ല ഈ അവഗണന. അന്ന് വനജയെ കാണുന്നതിന് മുൻപ് വരെയും എന്തൊരു അടുപ്പമായിരുന്നു. ആ കൂടിക്കാഴ്ച്ചക്കു ശേഷം എന്താണ് സംഭവിച്ചിരിക്കുന്നത്…?

അവൾ ശ്രീയേട്ടനെ നിർബന്ധിക്കുന്നുണ്ടാവുമോ തന്നെ ഒഴിവാക്കാൻ. ഒന്നും കഴിക്കാൻ തോന്നിയില്ല. എല്ലാം എടുത്ത് അടച്ചു വെച്ച് ലൈറ്റും ഓഫാക്കി കട്ടിലിന്റെ ഓരത്തു പോയിരുന്നു കണ്ണുനീർ വാർത്തു. എപ്പോഴോ ആ കാൽച്ചുവട്ടിൽ കിടന്നു മയങ്ങിപ്പോയി…

വല്ലാത്തൊരു ശ്വാസം മുട്ടൽ തോന്നിയപ്പോഴാണ് തന്റെ ശരീരം കരുത്തുറ്റ കൈകൾക്കുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതായി അറിഞ്ഞത്. പരിചിതമായ ഒരു നിശ്വാസം തന്റെ കൺപീലികളെ തലോടുന്നത് പോലെ. സ്വപ്നമായിരിക്കുമോ എന്ന തോന്നലിലാണ് കണ്ണുകൾ വലിച്ചു തുറന്നത്.

മുറിയ്ക്കുള്ളിലെ ഇരുട്ടിലും ഒരു മിന്നൽ വെളിച്ചം തന്നെ മൂടിയിരിക്കുന്നു. പെട്ടെന്നാണ് ഒന്ന് കുതറിയത്. വേണ്ട…ഈ സ്നേഹം തനിക്ക് അവകാശപ്പെട്ടതല്ല…വേറൊരാൾക്ക് പകുത്തു കൊടുത്ത സ്നേഹത്തിന്റെ ബാക്കിപത്രമാവാൻ ഇനിയും ഈ അനുരാധയെ കിട്ടില്ല.

വാശിയോടെ ശ്രീയേട്ടനെ തള്ളി മാറ്റാൻ ശ്രമിച്ചു. പക്ഷേ കൂടുതൽ ശക്തിയോടെ തന്നിലേക്ക് ആഴ്ന്നിറങ്ങാനാണ് ശ്രീയേട്ടൻ ശ്രമിച്ചത്…നിസ്സഹായതയോടെ കരഞ്ഞു…എന്തൊക്കെയോ പുലമ്പി…ഒടുവിൽ അയാൾ എഴുന്നേറ്റു മുറിയിലെ ലൈറ്റ് തെളിച്ചു.

നനഞ്ഞു കുതിർന്ന അവളുടെ മുഖം കൈക്കുള്ളിൽ ഒതുക്കി ഒരു മന്ത്രണം പോലെയാണ് അയാൾ പറഞ്ഞത്…കരഞ്ഞോ…മതിവരുവോളം…പക്ഷേ ഇന്നത്തേക്ക് മാത്രം…ഇനിയീ കണ്ണുകൾ ഒരിക്കലും നിറയിപ്പിക്കില്ല ഞാൻ…ഇത് സത്യം…അത് പറഞ്ഞുകൊണ്ടയാൾ അവളുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു…

താനീ കേട്ടത് സ്വപ്നമോ മിഥ്യയോ എന്നറിയാതെ അവൾ അമ്പരന്നു. ഭർത്താവിന്റെ പതിഞ്ഞു പോയ സ്വരം അവൾ ദൂരെയെന്ന പോലെ കേട്ടു. ഇന്ന് വനജയുടെ വിവാഹമായിരുന്നു. ഇനി നമുക്കിടയിൽ ആ പേരില്ല…അവളുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് നോക്കി അയാൾ തുടർന്നു…

അന്ന് അവൾ വിവാഹക്കാര്യം പറയാനാണ് എന്നെ കണ്ടത്. ഒരു രണ്ടാം കെട്ടുകാരനുമായി അവളുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇന്ന് വിവാഹത്തിന് ചെല്ലാൻ എന്നെ മാത്രമേ അവൾ ക്ഷണിച്ചുള്ളൂ മറ്റാരോടും ഈ കാര്യം പറയരുത് എന്ന് അവളുടെ നിർബന്ധമായിരുന്നു. ഒന്നും പറയാനും ചോദിക്കാനുമില്ലായിരുന്നു.

ഇതായിരുന്നോ രണ്ട് ദിവസത്തെ മൗനവ്രതത്തിനു കാരണം. മൂടി കെട്ടി നടന്നതിന് പിന്നിൽ ഈയൊരു വിഷമമായിരുന്നോ…?

ശ്രീയേട്ടന് എന്നോട് ദേഷ്യമില്ലെ. ഞാൻ കാരണമാണോ ഇങ്ങനെയൊക്കെ സംഭവിച്ചു പോയത് എന്നുള്ള തോന്നലുണ്ടോ…?

നിന്നെ ഞാനായി തിരഞ്ഞെടുത്തതാണ്. പക്ഷേ വനജയോട് നീതി പുലർത്താനായില്ല എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അവളെ മറക്കാനാകാഞ്ഞത്. ഇനി നമ്മൾ മാത്രമേയുള്ളൂ…എന്റെ സ്നേഹം നീ തിരിച്ചറിയുമെങ്കിൽ…

ഇത് എത്രയോ നാൾ മുൻപേ സംഭവിച്ചിരുന്നെങ്കിൽ കൂടുതൽ മനോഹരവും ദൃഢവുമായേനെ തങ്ങളുടെ ജീവിതം…അന്ന് നടക്കാതെ പോയ അവളുടെ വിവാഹത്തിൽ ഏറ്റവും കൂടുതൽ ദുഃഖം തോന്നുന്നതും ശ്രീയേട്ടന്റെ കണ്ണുകളിലെ ഇന്നത്തെ സ്നേഹം കാണുമ്പോഴാണ്. അതേ എല്ലാത്തിനും ഒരു സമയമുണ്ട്…അവൾ ഒന്ന് നിശ്വസിച്ചു.

തെറ്റ് ചെയ്ത കുട്ടിയെ പോലെ മുഖം കുനിച്ചിരിക്കുന്ന അയാളുടെ കൈകൾ കവർന്നെടുത്തു തന്റെ അലയൊഴിഞ്ഞ ഹൃദയത്തോട് ചേർത്ത് വെയ്ക്കുമ്പോൾ…ഒരു നവവധുവിന്റെ ലജ്ജയും ചാരുതയും അവളുടെ മുഖത്തെ വല്ലാതെ ചുവപ്പിച്ചു കളഞ്ഞു..