സങ്കൽപങ്ങളിൽ മെനയും അമളികൾ – രചന: ഷാഹിദ ഉമ്മർകോയ
ഞങ്ങൾ എഴു പേരുടേയും നിലവിളി കേട്ട് ഹോസ്റ്റലിലെ ബൾബുകൾ എല്ലാം തെളിഞ്ഞു. വാതിലിൻ പുറത്ത് എന്താ സംഭവിച്ചത് എന്നറിയാതെ എല്ലാവരും വാതിലിൽ വന്ന് മുട്ടുന്നു.
മഴ കാലമായതിനാൽ ഉണങ്ങാൻ നിവർത്തി വെച്ച കുടകൾക്കിടയിലൂടെ ഇരുട്ടിൽ തപ്പി ഞാൻ വാതിലിനടുത്തേക്ക് നടക്കുന്നതിനടയിൽ കാലിൽ എന്തോ തറച്ചു കയറിയ വേദനയോടെ കരഞ്ഞു കൊണ്ട് എങ്ങനെയൊക്കൊയൊ വാതിൽ തുറന്നു.
ഇരുട്ടിൽ കൂട്ടി വെച്ചിരിക്കുന്ന കറുത്ത കുടകളും, അതിനിടയിൽ കരയുന്ന ഞങ്ങളെയും കണ്ട് വാർഡനും അദ്ധ്യാപകരും ഞെട്ടി…
പ്രിൻസിപ്പൾ ( മദർ ) വന്ന് ‘എന്തു പറ്റി മക്കളെ’എന്നു ചോദിച്ചപ്പോൾ…? കണ്ണിലേക്ക് തമ്മിൽ തമ്മിൽ നോക്കി എന്താ സംഭവം അറിയാത്തത് പോലെ ഞങ്ങൾ !!!
നിഹ പറഞ്ഞു…ഇവർ നിലവിളിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. ഇവരുടെ നിലവിളി കേട്ട് ഞാനും നിലവിളിച്ചു. റൂമീൽ ഇരുട്ടും ആയിരുന്നുന്നു. നിഷയും റെനിയും എല്ലാം അതു തന്നെ പറഞ്ഞു.
ഒടുവിൽ ചോരയൊലിപ്പിച്ചു നിൽക്കുന്ന എന്റെ കാലിലേക്ക് നോക്കി മദർ ചോദിച്ചു…അയ്യോ എന്തു പറ്റി മോളെ കാലീന്ന് ചോര വരുന്നുണ്ടല്ലോ…? അപ്പോഴേക്കും കൂടി നിന്ന കുട്ടികളിൽ ഒരാൾ പറഞ്ഞു…പാമ്പ് കടിച്ചിരിക്കും മദർ. ഇന്നലെ ബാത്ത് റൂമിൽ ഒരു പാമ്പിനെ കണ്ടിരുന്നു.
അത് കേട്ടപാടെ മെയിൽ വാർഡൻ ടേർച്ചും വടിയും എടുത്ത് റൂമിലേക്ക് ഓടി കയറി. ആ എന്നൊരു വിളി വാർഡനും…കാലിൽ ബൾബിൻ ചില്ല് തറച്ചതിൻ രോധനം. വാർഡനേയും കടിച്ചു പാമ്പ്…കുട്ടികളിൽ ആരോക്കെയോ മാറി നിന്ന് പറഞ്ഞു.
മദറിന്റെ മടിയിലുരുന്നു ഞാൻ പറഞ്ഞു…മദർ അത് പാമ്പല്ല…അത് ലൈലത്തുൽ ഖദർ ആണ്. എല്ലാരും ആശ്ചര്യത്തോടെ എന്നെ നോക്കി. മദർ സ്നേഹത്തോടെ എന്നെ തലോടി പറഞ്ഞു.
ഇന്നും ഷാഹി നോമ്പെടുത്തിരുന്നോ..?അതെ മദർ ഇത് റമളാൻ മാസം ആണ്. ഞങ്ങൾക്ക് നോമ്പ് നിർബന്ധം ആണ്.
മദർ ചിരിച്ച് കൊണ്ട് പറഞ്ഞു ‘അതിനു മോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചെറിയ കുട്ടി അല്ലെ ?’ വലുതായിട്ട് നോറ്റാൽ പോരെ? ക്ഷീണം കാരണമാ മോൾ ഉറക്കത്തിൽ പേടിച്ച് കരഞ്ഞത്.
അല്ല മദർ, ഞാൻ കണ്ടു ജനലിലൂടെ ലൈലത്തുൽ ഖദർ വരുന്നത്. അപ്പോഴെക്കും വാർഡൻ അവിടെത്തെ ബൾബ് എല്ലാം ശരിയാക്കി. റൂമിലെ ലൈറ്റ് തെളിഞ്ഞപ്പോൾ ഉള്ളിലെ പേടിയും മാറി.
മദർ എന്റെ കൈപിടിച്ച് ജനലിൻ അരികിൽ കൊണ്ടു പോയി, പുറത്തേക്ക് കാണിച്ചു ചോദിച്ചു…ഇവിടെ എന്താ മോളെ ഉള്ളത്…? നിനക്ക് തോന്നിയതാ. മദറിന്റെ ലോഹക്കിടയിലുടെ പതുക്കെ ജനലിലൂടെ പേടിയോടെ പുറത്തേക്ക് നോക്കി. ഒന്നുമില്ല. പുറത്തെല്ലാം ലൈറ്റ് തെളിഞ്ഞപ്പോൾ ലൈലത്തുൽ ഖദർ പോയി കാണും, മനസിൽ കരുതി.
മുറ്റത്ത് മരത്തിൽ ഉണങ്ങാനിട്ടിരിക്കുന്ന വെള്ളലോഹകൾ നിലത്ത് ചാടി കിടക്കുന്നത് കണ്ട് ദേഷ്യത്തോടെ മദർ വാർഡനോട് പറഞ്ഞു. കാറ്റും മഴയും ഉണ്ടാവാറുള്ള കാലത്ത് ആ ഡ്രെസ്സ് എടുത്തു വെക്കാം മറന്നു അല്ലെ…മര്യാദക്ക് ബൾബ് ഇടാത്തത് കൊണ്ടല്ലെ അത് വീണ് പൊട്ടിയത്…മദർ ഉറക്കം പോയ ദേഷ്യം വാർഡനോട് തീർത്തു.
പിന്നെ ഞങ്ങളെ നോക്കി സ്നേഹത്തോടെ പറഞ്ഞു…മക്കളെ വേണ്ടത്തെ ചിന്തിച്ചു കിടന്നിട്ടാ ഉറക്കത്തിൽ പേടിച്ചത്. നല്ലത് പോലെ പ്രർത്ഥിച്ച് കിടക്കൂ…മദർ പോയതോടെ നിഹയും റെനിയും എല്ലാം എന്റെരികിലേക്ക് ഓടി വന്നു.
സത്യം പറ ഷാഹി നീ ആരെയാ കണ്ടത്. കന്യസ്ത്രികൾക്ക് എന്ത് ലൈലത്തുൽ ഖദർ…നിഹ പറയുന്നത് കേട്ട് റെനി പറഞ്ഞു…അങ്ങിനെ പറയല്ലേ നിഹ നമ്മുടെ മദറും നിങ്ങളുടെ നോമ്പ് എടുക്കാറുള്ളതായി എനിക്കറിയാം.
പ്രർത്ഥനക്ക് ശക്തി കിട്ടുന്ന ഏത് നിഷ്ടയും അനുഷ്ടിക്കണം എന്ന അതിനു മദർ അന്ന് മീറ്റിങ്ങിൽ വിശദീകരണം തന്നത്…റെനി ഞങ്ങൾക്ക് ഇടയിലെ ജീനിയസ് ആണ്. റാങ്കുകാരി!ഞാൻ എല്ലാം കേട്ട് വിട്ടു മാറാത്ത ഭയത്തെ ഉള്ളിലോതുക്കി ഉമ്മ എനിക്ക് പറഞ്ഞു തന്ന കഥ അവർക്ക് പറഞ്ഞു കൊടുത്തു…
റമളാൻ അവസാന പത്ത് ദിനങ്ങൾ ലൈലത്തുൽ ഖദർ എന്നറിയപെടുന്ന രാവുകളിൽ, നല്ല മനുഷ്യർ നല്ല ജിന്നുകളെ കാണുവാനുള്ള ഭാഗ്യം ഉണ്ടായേക്കാം…ഭൂമിയിൽ ചുരുക്കം ചിലർക്കെ ആ ഭാഗ്യം ഉണ്ടാവുക…അത് അനുഗ്രഹം ആണെത്ര…
ഇന്നു ഞാൻ അതു തന്നെ അലോചിച്ച് കിടന്നപ്പോ ഉറക്കം വന്നില്ല. ജനൽ തുറന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ ഇരുട്ടിൽ ഉമ്മയുടെ കഥയിലെ വെള്ളപുതച്ച രൂപം. അത് കാറ്റടിച്ചപ്പോൾ അടുത്തേക്ക് വരുന്ന പോലെ തോന്നി. പെട്ടെന്നു റൂമിലെ ബൾബ് വീണ് പൊട്ടി…അപ്പോഴാ ഞാൻ നിലവിളിച്ചത്.
നിഹാ കുറച്ച് അടുത്തേക്ക് നീങ്ങിയിരുന്നു ആശ്ചര്യത്തോടെ ചോദിച്ചു..? അപ്പോ ഉസ്താദ് പറഞ്ഞു തന്ന ലൈലത്തുൽ ഖദറിനെ കണ്ടു നീ അല്ലെ…എന്തോ വലിയത് സംഭവിച്ചത് പോലെ അതെ എന്നു ഞാൻ തലയാട്ടി. എല്ലാരും മദറിനെ നോക്കുന്നതു പോലെ പേടിയോടെയും ബഹുമാനത്തോടെയും എന്നെ
നോക്കുന്നതു പോലെ തോന്നി എനിക്ക്.
പിറ്റെ ദിവസം ഞാൻ വലിയ കാര്യം ചെയ്തു എന്ന ഒരു ഭാവത്തോടെ മെസ്സിലേക്ക് പ്രതൽ കഴിക്കാൻ ചെന്നപ്പോൾ മെസ്സിലെ ഭക്ഷണം ഉണ്ടാക്കുന്ന വായാടി മറിയാമാ ഉറക്കെ എന്നെ നോക്കി വിളിച്ചു പറഞ്ഞു. ഇന്നലെ മദറിന്റെ ഉണങ്ങാനിട്ട ലോഹകളിൽ ലൈലത്തുൽ ഖദറിനെ കണ്ടവരെ കാണണോ..?
തല താഴ്ത്തിയിരുന്നു ചായ കുടിച്ച് പോവുമ്പോൾ മനസിൽ നൂറു ചിന്തകൾ ഉദിച്ചു. സത്യത്തിൽ ആ ലോഹ കാറ്റത്ത് ആടിയപ്പോ തനിക്ക് തോന്നിയതാണോ…?പക്ഷെങ്കിൽ ഇരുട്ടിൽ അതിന് ഒരു രൂപം പോലെ തോന്നിയല്ലോ. അത് കാറ്റുപോലെ എന്നരികിലേക്ക് വന്നപ്പോ ബൾബ് പൊട്ടിതെറിച്ചു…
പിന്നെ സീനിയേഴ്സിനിടയിൽ തനിക്ക് ലൈലത്തുൽ ഖദർ എന്ന പേരു വീണതു കോണ്ട് മനസിലെ ചോദിങ്ങൾക്ക് ഉത്തരം കണ്ടത്താൻ ശ്രമിക്കാതെ മൗനമായ് ചിരിച്ചു അവരോട് ഞാൻ…
ഇന്നു അഞ്ചാംക്ലസിൽ പഠിക്കുന്ന മോൻ എന്താണ് മമ്മ ലൈലത്തു ഖദർ എന്ന ചോദ്യം ചോദിച്ചപ്പോൾ…തന്റെ ചിന്തകൾ 25 വർഷം താണ്ടി തിരിച്ചു വന്നു. എന്റെ ഉമ്മ പറഞ്ഞ പോലെത്തെ കഥകൾ അവനു പറഞ്ഞു കൊടുത്താൽ എന്റെ ചിന്തകൾ പോലെ ഉത്തരം കിട്ടാതെ അവൻ വളരും…
ആ രാവിന്റ പ്രധാന്യത്തേയും പ്രർത്ഥനയേയും പറ്റി വിശദീകരിച്ചപ്പോൾ അതിൽ അന്തവിശ്വസങ്ങൾ കടന്നു കൂടാതിരിക്കാൻ ശ്രമിച്ചു ഞാൻ.
NB: (കളിയിലും, കാര്യത്തിലും ചെറിയ മക്കൾക്ക് കഥ പറഞ്ഞു കൊടുക്കുമ്പോൾ അതിൽ പേടി പേടുത്തുന്ന കാര്യങ്ങൾ കടന്നു വരാതിരിക്കാൻ ശ്രമിക്കുക. അത് അവരുടെ ചിന്തകളെ ബാധിക്കും)