കാത്തിരിക്കാം, അവള്‍ക്കും അങ്ങനെ എന്നെങ്കിലും തോന്നുന്നുവെങ്കില്‍ അന്നു വരെ

പൂമൊട്ട് – രചന: NKR മട്ടന്നൂർ

ആ വലിയ വീടിനകത്ത് അമ്മയുടെ അഭാവം ഒത്തിരി നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പെങ്ങളും അളിയനും രണ്ടു മക്കളും കൂടി ഒരു പുതിയ ലോകം മെനഞ്ഞിട്ടുണ്ട്….

അതിനിടയില്‍ അന്യനേ പോലായി ഞാനിപ്പോള്‍…ഞാനിവിടുന്ന് ഇറങ്ങി പോയെങ്കില്‍ നന്നായേനേ…എന്നാണ് എന്‍റെ കുഞ്ഞനുജത്തിയുടെ ചിന്ത.

അതവള്‍ പല വാക്കുകളാല്‍ എന്നെ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുന്നുമുണ്ട്…അത് മുന്നേ ഞാന്‍ പറഞ്ഞതാണല്ലോ അവളോട്…വീടും പുരയിടവും നീ എടുത്തോളൂന്ന്. അത് പക്ഷേ ”അമ്മ പോയ” ഉടന്‍ തന്നെ അവളിങ്ങനെ വന്നു സ്വന്തമാക്കുമെന്ന് സ്വപ്നേവി ചിന്തിച്ചിരുന്നില്ല.

അമ്മ വയ്യാതെ കിടക്കുമ്പോള്‍ ഒരു നാള്‍ തികച്ചു വന്നു നില്‍ക്കാന്‍ സമയം തികയാത്തവളാ….!അമ്മ പോയെന്നറിഞ്ഞപ്പോള്‍ ഭാണ്ഡക്കെട്ടു മുഴുവന്‍ ചുമന്നോണ്ട് വന്നിരിക്കുന്നു…ഇനിയിപ്പോള്‍ ഇവിടത്തെ അധികപ്പറ്റ് ഞാനാണല്ലോ…?അവള്‍ക്കറിയാം എന്‍റെ ചിന്തകള്‍ക്കുമേല്‍ എങ്ങനേയാ കടന്നു കയറേണ്ടതെന്ന്.

ഇപ്പോള്‍ അഞ്ചു ദിവസമായ് എഴുത്തും വായനയും അസ്തമിച്ചതു പോലേയാ…അമ്മയുള്ളപ്പോള്‍ എത്ര ശാന്തമായിരുന്നു ഇവിടം. എന്നെയറിയാമായിരുന്നു ആ മനസ്സിന്…! എന്‍റെ ചിന്തകളറിയാമായിരുന്നു…എന്‍റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും മോഹങ്ങളും അറിയാമായിരുന്നു…

ഞാനെപ്പോഴും അമ്മയുടെ കുഞ്ഞു മകനായിരുന്നു. അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ എല്ലാം മറന്ന് ആ പഴയ ബാല്യത്തിലേക്ക് പോവുമായിരുന്നു…ആ വിരലുകളുടെ തലോടലേറ്റ് എന്തുമാത്രം ഉറങ്ങിയിരിക്കുന്നു ആ മടിത്തട്ടില്‍…

പൊയ്പ്പോയിരിക്കുന്നു ആ സൗഭാഗ്യങ്ങളെല്ലാം…വീടിപ്പോള്‍ പൂരപ്പറമ്പു പോലെയാ..!! ആരോടും ഒന്നും പറയാതെ ഒരു പെട്ടി ഓട്ടോയില്‍ വേണ്ടത് മുഴുവന്‍ എടുത്തുവെച്ചു…അമ്മയുടെ ഒരു ഫോട്ടോ ഉണ്ട്…അതു മതി ഇനിയുള്ള കാലം ഈ മകന്…

പടിക്കെട്ടുകള്‍ കയറുമ്പോള്‍ രാമേട്ടന്‍ നിന്നു തല ചൊറിയണതു കണ്ടപ്പോള്‍‍ തന്നെ ഒരു പന്തികേട് തോന്നിയതാണ്…എന്നാലും അതെന്തിനാണെന്നറിയാനാ അയാളെ മാറ്റി ആ മുറ്റത്തേക്ക് പ്രവേശിച്ചത്…പറഞ്ഞ അവധി കഴിഞ്ഞു…പിന്നെ ഇരുപത് ദിവസങ്ങളും കഴിഞ്ഞു.

പന്ത്രണ്ടു ലക്ഷത്തിന് വാങ്ങിയ വസ്തുവാണ്. പത്തു ലക്ഷം ബാങ്കിലടച്ചു കടം തീര്‍ത്തു ആധാരം തിരികെ എടുത്തു. ബാക്കി രണ്ടു ലക്ഷം കൊടുത്ത് ഇടപാട് മുഴുവന്‍ തീര്‍ത്തു. പിന്നേയും ഒരു പത്തു ദിവസമാ അവര്‍ അവധി ചോദിച്ചത്. അതിന്‍റെ കൂടെ ഒരു പത്തു ദിവസം കൂടി അധികവും കൊടുത്തു.

മുറ്റത്തേക്ക് കയറിയപ്പോള്‍ തന്നെ മനസ്സിലായി ഇവിടുത്തെ താമസക്കാര്‍ ഒഴിഞ്ഞു പോയിട്ടില്ലെന്ന്. പൂമുഖ വാതില്‍ തുറന്നു കിടക്കുന്നു. കാല്‍പെരുമാറ്റം കേട്ടിട്ടാവാം ഒരു പ്രായമായ സ്ത്രീ അകത്തൂന്ന് പുറത്തേക്ക് ഇറങ്ങി വന്നത്…നല്ല ഐശ്വര്യമുള്ള മുഖം…അമ്മയെ ഓര്‍മ്മ വന്നു…എങ്കിലും പറഞ്ഞ വാക്കു പാലിക്കാത്ത അവരോട് ദേഷ്യം തോന്നി…മുറ്റത്ത് ചെന്നു നിന്നു…

രാമേട്ടന്‍ പിറകേ കിതച്ചു കൊണ്ട് ഓടി വന്നു. അരികില്‍ എത്തി…കിതപ്പു മാറിയില്ലെങ്കിലും പറഞ്ഞു തുടങ്ങി…ഹരീ…എന്നോട് ദേഷ്യമൊന്നും തോന്നരുത്…അവര്‍ക്ക് പറ്റിയൊരിടം തേടി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒന്നും ശരിയാവണില്ലാ…ഒരിടം വേഗം കണ്ടെത്തി അവരെ ഞാനിവിടുന്ന് മാറ്റി പാര്‍പ്പിച്ചോളാം…

അതുവരെ അമ്മയും മോളും ആ ഉമ്മറത്തെ മുറിയില്‍ കഴിയട്ടേന്ന് ചോദിച്ചു തന്‍റെ അനുവാദത്തിനായ് കാത്തിരിക്കയാണ്‌. തനിക്കു വിഷമംച്ചാല്‍ വല്ല പീടികത്തിണ്ണയാ അവര്‍ക്കു ശരണം…വേണോ അങ്ങനെ…?

അമ്മയ്ക്ക് പിറകിലേക്ക് വന്നു നിന്നു ഒരു ദാവണി ചുറ്റിയ പെണ്ണ്…ഇരുപത്തേഴ് വയസ്സ് പ്രായം തോന്നും കാഴ്ചയില്‍….അവളുടെ മുഖത്തിന്‍റെ വലതു ഭാഗം വെളുത്തതും ഇടതു ഭാഗം പച്ചകുത്തിയ പോലൊരു നിറവുമായിരുന്നു…കാണാന്‍ നല്ല ഭംഗിയുമുണ്ട്‌…

വേണ്ടാ ആ മുറി മതി എനിക്കു തത്ക്കാലം…അവരുടെ മുഖത്തേക്ക് നോക്കി എനിക്കങ്ങനെ പറയാനാ തോന്നിയത്…കൂടെ ഒന്നു കൂടി രാമേട്ടനോടെന്ന പോലെ പറഞ്ഞു…വിഷമമാവില്ലേല്‍ അവരുടെ കൂടെ എനിക്കു കൂടി ഭക്ഷണം ഉണ്ടാക്കാന്‍ സാധിക്കുമോ…? എങ്കില്‍ വളരെ നന്നാ യിരുന്നു. സാധനങ്ങളെല്ലാം ഞാന്‍ എത്തിച്ചു തരാം.

അതിന് രണ്ടു പേരും ഒന്നിച്ചായിരുന്നു തലയാട്ടി സമ്മതിച്ചത്. അതായിരുന്നു ഏറെ ആശ്വാസവും. രാമേട്ടനും കൂടെ ”പ്രിയ”യും സഹായിച്ചു സാധനങ്ങളെല്ലാം മുറിയിലെത്തിക്കാന്‍. കുറേ പുസ്തകങ്ങള്‍ പിന്നെ നാലഞ്ചു ജോഡി മുണ്ടും ഷര്‍ട്ടും പിന്നെ കുറച്ചു പാത്രങ്ങളും മാത്രം. അതാണെന്‍റെ സ്വത്തു വകകള്‍.

അതീന്ന് പ്രിയ അനുവാദത്തോടെ രണ്ടു പുസ്തകങ്ങള്‍ എടുത്തു കൊണ്ടു പോയി. രാമേട്ടന്‍ ചില്ലറയും വാങ്ങി സ്ഥലം വിട്ടു. അത് നല്ല ഭംഗിയുള്ളൊരു മുറിയായിരുന്നു. എല്ലാം ഒതുക്കി വെച്ചു. മുറ്റത്തിനപ്പുറമായിരുന്നു ആള്‍മറ കെട്ടിയ കിണര്‍. ആകെ ഇരുപത് സെന്‍റ് സ്ഥലവും ഒരു പഴയ വീടും…ആ പറമ്പ് നല്ല ഭംഗിയായ് കാത്തു സൂക്ഷിച്ചിട്ടുണ്ട് അമ്മയും മകളും കൂടി.

പച്ചക്കറിത്തോട്ടങ്ങളും മാവും പ്ലാവും പേരമരവും ചാമ്പയുമൊക്കെ തൊടിയില്‍ വളരുന്നുണ്ട്… മൂന്നു തെങ്ങുകളും കാണാം പറമ്പില്‍…അവര്‍ക്കാവശ്യമുള്ള തേങ്ങ അതീന്ന് കിട്ടുന്നുണ്ടാവും…കിണറ്റിന്‍ കരയില്‍ പോയി ഒന്നു കുളിച്ചപ്പോള്‍ ഒരു പുതിയ ഉന്‍മേഷം തോന്നി. മുറിയില്‍ വന്നിരുന്ന് ഒരു പുസ്തകം തുറന്നു.

കുറേ വായിച്ചിട്ടുണ്ടാവും അറിയാതെ മയങ്ങി പോയി. മാഷേ…വാതിലില്‍ പതിയെ മുട്ടി വിളിക്കുന്നുണ്ട്. കണ്ണുതുറന്നു നോക്കി…പ്രിയയാണ്…വലതു ഭാഗം വെളുത്ത മുഖം കാണാം. ഊണു വിളമ്പി വെച്ചിട്ടുണ്ട്..ഇവിടേക്ക് കൊണ്ടു വരണോ..?അല്ല ഉമ്മറത്തിരുന്നു കഴിക്കാവോ…?

ഉം…ഞാനങ്ങോട്ട് വരാം…എഴുന്നേറ്റ് ചെല്ലുമ്പോള്‍ അമ്മയെ കണ്ടില്ല പ്രിയ വാതില്‍പടിയില്‍ നില്‍പുണ്ടായിരുന്നു. ദാ..അവിടെ വെള്ളമുണ്ട് കൈ കഴുകി വാ…ഞാന്‍ അവളെ അനുസരിച്ചു. നാക്കിലയില്‍ വിളമ്പിയ നല്ല രുചിയുള്ള ഊണ് മതിവരുവോളം കഴിച്ചു…എന്‍റെ അമ്മയുടെ രുചി അതില്‍ ഏതിനൊക്കെയോ തോന്നി.

ഇലയെടുത്ത് പറമ്പില്‍ കളഞ്ഞു. കൈ കഴുകി വരുമ്പോള്‍ പ്രിയ ചോദിച്ചു. വൈകിട്ട് ചായ പതിവുണ്ടോ…? എത്ര മണിക്കാ കൊണ്ടു വരേണ്ടത്…?

അവള്‍ മുന്നേ കണ്ടു നല്ല പരിചയമുള്ള ആരെയോ പോലെ എന്നോട് അടുത്ത് ഇടപഴകി…അപ്പോള്‍ എനിക്കങ്ങനെ ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല…എന്നെ മുന്നേ തന്നെ പരിചയമുണ്ടായിരുന്നോ ഇയാള്‍ക്ക്…? അവളൊന്നു ചിരിച്ചു…

മാഷെന്താ അങ്ങനെ ചോദിച്ചത്…? എല്ലാം രാമേട്ടന്‍ പറഞ്ഞിട്ടുണ്ട്…അവള്‍, അകത്തേക്ക് കയറി പോവുന്നതും നോക്കി നിന്നു പോയി…അവളുടെ അഴിച്ചിട്ട മുടിയില്‍ ആയിരുന്നു എന്‍റെ നോട്ടം. അന്നു രാത്രി ചപ്പാത്തിയായിരുന്നു. അതും കഴിച്ചു നന്നായ് ഉറങ്ങി.

രാവിലെ ഉണര്‍ന്നു കുളിച്ചു പോകാനിറങ്ങുമ്പോള്‍ പ്രിയയും കൂടെ വരുന്നെന്‌ പറഞ്ഞു. പാടത്തിനക്കരെ ക്ഷേത്രമുണ്ട്…ഒന്നു തൊഴണം പ്രിയയുടെ കൂടെ നടക്കുമ്പോള്‍ മനസ്സിനൊരാനന്ദം തോന്നി. അമ്മയ്ക്ക് പ്രിയ മാത്രേ ഉള്ളോ…? ഞാന്‍ ചോദിച്ചു. ഉം..അവളൊന്നു മൂളി…പിന്നെങ്ങെനാ വീടിനിത്രേം കടം വന്നത്…?

അവളെന്നെയൊന്ന് നോക്കി…കണ്ണുകളില്‍ വേദന നിറച്ച്…അച്ചന്‍റെ ചികിത്സയ്ക്ക് വേണ്ടി ബേങ്കീന്ന് ലോണെടുത്തതാ മൂന്നു ലക്ഷം രൂപ…അത് പെരുകി ഇത്രേം ആയി…അച്ഛനെ ഞങ്ങള്‍ക്ക് തിരികേ കിട്ടിയതുമില്ല…വീട് ബാങ്കുകാര്‍ ലേലത്തിനും വെച്ചു…എനിക്കും അമ്മയ്ക്കും തലചായ്ക്കാനിനി വേറൊരിടമില്ല.

രാമേട്ടനാ പറഞ്ഞത് വീടും പുരയിടവും വിറ്റാല്‍ വല്ലതും ബാക്കി കാണുമെന്ന്…വീട് റോഡിനരികില്‍ അല്ലാത്തതിനാല്‍ എടുക്കാന്‍ ആരും വന്നില്ലാ…ഒടുവിലാ മാഷ് വന്നത്…അതുകൊണ്ട് ഞങ്ങള്‍ പെരുവഴിയിലായില്ല…അമ്മ പറഞ്ഞതാ മാഷിനോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ലാന്ന്.

ഒന്നര ലക്ഷം രൂപ അതിലിനി മിച്ചമുണ്ട്. അതുകൊണ്ട് എന്താ ചെയ്യേണ്ടെന്നറിയാതിരിക്കുകയാ ഞാനും അമ്മയും…മാഷിന്‍റെ നല്ല മനസ്സിന് പുണ്യം കിട്ടും. അതിന് നന്ദി പറയാനാ ക്ഷേത്രത്തിലൊന്ന് പോയി തൊഴാമെന്ന് വച്ചത്. പിന്നെ കുറച്ചു പച്ചക്കറിയും വാങ്ങണം…കൂടെ നടന്നു വരുന്ന അവളോട് അനുകമ്പ തോന്നി.

ഈ ഭൂമിയില്‍ എന്നെ പോലെ ആരുമില്ലാത്തവരുണ്ടാവില്ലെന്നാ കരുതിയത്…ഇവിടെ ദാ…ഒരമ്മയും മകളും അനാഥരായ് കഴിയുന്നു…ആര്‍ക്കും വേണ്ടാതെ, ആരേയും അറിയിക്കാതെ ഒരു ജന്മം ജീവിച്ചു തീര്‍ക്കുന്നു.

പച്ചക്കറികള്‍ ഞാന്‍ കൊണ്ടു വരാം. പ്രിയ തൊഴുതിട്ട് വീട്ടിലേക്ക് പൊയ്ക്കോളൂ…ഞാനങ്ങനെ പറഞ്ഞപ്പോള്‍ അവളെന്‍റെ മുഖത്ത് നോക്കി.‍ ഞാന്‍ വിഷയം മാറ്റാനായ് ചോദിച്ചു.

പ്രിയയ്ക്ക് കല്യാണം വേണ്ടാഞ്ഞിട്ടായിരുന്നോ…? അതിനും ഒരു ചിരിയോടെ ഉത്തരം തന്നു…അമ്മയെ തനിച്ചാക്കി ഞാനെങ്ങോട്ടും പോവില്ല ഈ ജന്മം. മാഷ് വരുന്നോ തൊഴാന്‍…?നിഷ്ക്കളങ്കമായ അവള്‍ ചോദ‍ിച്ചപ്പോള്‍ ഒന്നും പറയാതെ ഞാനും അവളുടെ പിറകേ ആ അമ്പലത്തിലേക്ക് കയറി.

പതിഞ്ഞ ശബ്ദത്തില്‍ പ്രിയ പിന്നേയും പറഞ്ഞു…നന്ദി പറയുമ്പോള്‍ ദേവിക്ക് ആളെ കാട്ടിക്കൊടുക്കയും ചെയ്യാല്ലോ…അതാ വിളിച്ചത്. കൈ കൂപ്പി നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന അവളെ നോക്കി നിന്നു. ദൈവത്തോട് എനിക്കൊന്നും പറയാനില്ലേന്ന് ചോദിച്ചു നോക്കി മനസ്സിനോട്…

എന്നോ നടത്തിയ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അന്നൊരു ദൈവവും ഉണ്ടായിരുന്നില്ല ല്ലോ…ഇനിയൊരു പ്രാര്‍ത്ഥനയില്ലെനിക്ക്. ആരുമില്ലാത്തെനിക്ക് ഇപ്പോള്‍ ഒരമ്മയുണ്ട്, കൂടെ ആ അമ്മയുടെ മകളുമുണ്ട്…നല്ല കൈപുണ്യമാ അവള്‍ക്ക്…കൂടെ നിറഞ്ഞ സ്നേഹവും…

എന്താണാ മനസ്സിലെന്നറിയാനായ് ഒരിക്കല്‍ ഞാന്‍ ചോദിച്ചു…എവിടേയോ ജനിച്ചു വളര്‍ന്ന ഒരു രക്തബന്ധവുമില്ലാത്ത അന്യനായ എന്നെ എന്തിനാണിങ്ങനെ വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും…?

മാഷിന്‍റെ മനസ്സ് നല്ലതാ…ആരോരുമില്ലാത്ത ഒരമ്മയേയും മകളേയും പെരുവഴിയിലേക്ക് ഇറക്കി വിട്ടില്ല ല്ലോ…? പിന്നെ…സ്വന്തം അമ്മയ്ക്ക് മാഷ് കൊടുത്ത സ്നേഹമൊന്നും ലോകത്ത് ഒരമ്മയ്ക്കും ഇതു വരെ കിട്ടിയിട്ടുണ്ടാവില്ലെന്നാ രാമേട്ടന്‍ പറഞ്ഞത്…അവളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു…

ഒന്നും പറയാനാവാതെ ഞാനങ്ങനെ നില്‍ക്കുമ്പോള്‍…എന്‍റെ കൈകള്‍ വെറുതേ കൊതിച്ചു അവളെയൊന്ന് ചേര്‍ത്തു പിടിക്കാന്‍…പ്രിയ മെല്ലെ അകത്തേക്ക് നടന്നു…

കാത്തിരിക്കാം, അവള്‍ക്കും അങ്ങനെ എന്നെങ്കിലും തോന്നുന്നുവെങ്കില്‍ അന്നു വരെ…ഒരിക്കലും ഈ സ്നേഹം നഷ്ടമാക്കില്ല ഞാന്‍…!